🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഒൻപത് മത്സ്യങ്ങളിങ്ങനെ ആകാശത്തു നിന്നും കൂട്ടത്തോടെ തുരുതുരാ പൊഴിഞ്ഞു വീഴുകയാണ്. പല വലിപ്പങ്ങളിലുള്ള മത്സ്യങ്ങൾ. പല രൂപങ്ങളിൽ. പല നിറങ്ങളിൽ. പേരുകളറിയാത്തത്. എല്ലാം ജീവനുള്ളവ തന്നെ. റോഡിലേക്കും ബസ്സിന് മുകളിലേക്കും ആർത്തലച്ച് പെയ്യുന്ന ഒരു പെരുമഴ പോലെ അവറ്റകൾ വന്നങ്ങനെ വീഴുകയാണ്. ബസ്സിന് മുകളിൽ മത്സ്യങ്ങൾ വന്ന് വീഴുന്ന ശബ്ദവും അവിടെ നിന്നും തെറിച്ച് റോഡോരങ്ങളിലേക്ക് വീണ് ഒരിറ്റ് ശ്വാസത്തിന് വേണ്ടി വായ തുറന്ന് പിടയുന്നതുമൊക്കെ അസഹനീയമായ കാഴ്ച്ചയാകുന്നു. പതിന്നാലാം ചുരമിറ