പ്രതീക്ഷ അവധിക്കാലം തീർന്നപ്പോൾ തറവാടുറങ്ങി. അവിടെ പിന്നെയും കുടിയേറിയ മൂകതയിൽ, മുറ്റത്തെ ഇരുട്ടിലേക്ക് പകച്ചു നോക്കി രണ്ടു പേർ ഇരുന്നു. മുത്തശ്ശനും മുത്തശ്ശിയും! "അവരൊക്കെ ഇനി എന്നാണാവോ.." ആധിയുടെ ചിലമ്പിച്ച ശബ്ദം മുറുക്കാൻ ചെല്ലത്തിൽ തട്ടി ചിതറി. പാള വിശറിയുടെ കാറ്റ് പൊടുന്നനെ നിന്നു. "സങ്കടപ്പെടണ്ടാ, വരും പാറുട്ടി." മേഘക്കൂട്ടിൽ മറയുന്ന ചന്ദ്രനെ നോക്കി മുത്തശ്ശൻ്റെ ദുർബലമായ സ്വരം.