അടിവാരത്തെ ചായക്കടയിൽ നിന്ന് ഒരു ചൂടുകട്ടൻ വാങ്ങി.ചെമ്മലയുടെ ഓരങ്ങളിലൂടെ കോടമഞ്ഞൊഴുകി നീങ്ങുന്നത് കാണാം.പതിയെ ആ ചൂടു കട്ടനൂതിക്കുടിച്ചു.ചായക്കടയിലെ ചേട്ടനോട് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിചോദിച്ച് നടന്നു.തേയിലത്തോട്ടവും സെമിത്തേരിപ്പറമ്പും പിന്നിട്ട് ഞാനവിടെയെത്തി.
വർഷങ്ങൾക്കിപ്പുറം അവളെ കാണുകയാണ്.രണ്ടുവാക്കിനപ്പുറം ഇതുവരെ മിണ്ടാത്ത അവളെ കാണാൻ ഇവിടെ വന്നതെന്തിനാണെന്ന് തോന്നിപ്പോകുന്നു. തുറക്കാത്ത വാതിലിനു മുൻപിൽ കുറെ നേരം കാത്തുനിന്നു.നിരാശയായിരുന്നു ഫലം.തിരിച്ചുനടക്കുമ്പോൾ മനസ് ശൂന്യമായിരുന്നു.
എതിരെ നടന്നുവരുന്ന മരിയയെ കണ്ടതും വാക്കുകൾക്ക് വേണ്ടി പരതി.
"മരിയ എന്നെ ഓർക്കുന്നുണ്ടോ?"
വിക്കിവിക്കി അത്രയും പറഞ്ഞൊപ്പിച്ചു.എന്റെ പരിഭ്രമം ഇല്ലാതാക്കാൻ അവളുടെ പുഞ്ചിരി മാത്രം മതിയായിരുന്നു.
"എബി എന്താ ഇവിടെ?"
അവളുടെ പൂച്ചക്കണ്ണുകളിൽ വിസ്മയം തെളിഞ്ഞുകാണാം.
"ഞാൻ ടൗണിൽ ഒരു ഇന്റർവ്യൂവിനു വന്നതാ.അപ്പോഴാ നിന്നെ ഓർത്തത്.എന്തൊക്കെയുണ്ട് വിശേഷം?"
എന്തോ അവളെ കാണാൻ മാത്രമായി വന്നതാണെന്ന് പറയാൻ മനസ്സനുവദിച്ചില്ല.അവൾ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മറുത്തൊന്നും പറയാതെ കൂടെ നടന്നു.
അപ്പച്ചൻ മരിച്ചതും മനസ്സമ്മതം കഴിഞ്ഞതും അങ്ങനെ ഓരോ വിശേഷങ്ങളും മരിയ പറഞ്ഞു.എനിക്ക് പറയാൻ വിശേഷങ്ങൾ ഒന്നുമില്ലായിരുന്നു. ജോലിയൊന്നും ആവാതെ ഇങ്ങനെ അലയുന്നു.അപ്പച്ചനും അമ്മച്ചനുമൊക്കെ നേരത്തെ പോയതുകൊണ്ട് ആർക്കും പരാതിയില്ല.
മരിയയെ പരിചയപ്പെട്ടത് കോളേജിൽവെച്ചാണ്.പരിചയമെന്നവകാശപ്പെടാൻ മാത്രമൊന്നുമില്ല.ക്ലാസിലെ മുന്നിലെ ബെഞ്ചിലിരിക്കുന്ന ആരോടും സംസാരിക്കാത്ത പയ്യൻ അന്തർമുഖനായിരുന്നു.എപ്പോഴും പുസ്തകങ്ങളിൽ മാത്രം വേരൂന്നിയ ഒരു കണ്ണടക്കാരൻ...ഏകാന്തതയുടെ ലഹരി ക്കിടയിൽ സമ്മാനിച്ച നേർത്ത പുഞ്ചിരി, നീളുന്ന മൗനത്തിനിടവേള സമ്മാനിച്ച സംസാരം...ഒരു സൗഹൃദം പോലും ഉടലെടുക്കാതെ പോയ ഞങ്ങളുടെ ബന്ധം...
അപ്പൻ സമ്പാദിച്ച അവസാന സമ്പാദ്യവും നഷ്ടപ്പെടുത്തി.കോടമഞ്ഞിൽ മുങ്ങി മരണത്തെ പുൽകാൻ തീരുമാനിച്ചപ്പോൾ എന്തുകൊണ്ടോ അവളുടെപൂച്ചക്കണ്ണുകൾ അവസാനമായി ഒന്നു കാണണമെന്നുതോന്നി...
"എബീ,നീ കാപ്പി കുടിക്ക് , ഞാൻ കഴിക്കാൻ വല്ലതും എടുക്കാം....."
നല്ല വിശപ്പുള്ളത്കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല.ജനാലക്കപ്പുറത്തുള്ള പേരമരത്തിൽ ബുൾബുൾ പക്ഷികൾ കൂടുകൂട്ടിയിരിക്കുന്നു.ജനാലയിലിരിക്കുന്ന ഡയറികൾ.വെറുതെ താളുകൾ മറിക്കുമ്പോഴാണ് ഒരു താള് കിട്ടിയത്.ഞാൻ എഴുതിയ വരികൾ..ഏറെ വിസ്മയിപ്പിച്ചു.ഡയറിയിൽ ഇങ്ങനെ കുറിച്ചിരുന്നു.
"പറയുവാനാവാത്തൊരിഷ്ടം
വരികളിൽ പിടയുന്നു എന്നും
എന്റെ പ്രണയത്തിനെന്നുമുറങ്ങാൻ
കവിത തൻ കല്ലറ തീർത്തു"
മറുവരികൾക്കായ് ശ്രമം നടത്തിയെങ്കിലും ഒരു നന്ദി മാത്രം കുറിച്ചു...
മരിയ എന്നെ സ്നേഹിച്ചിരുന്നു...വർഷങ്ങൾക്കു മുൻപ്... ഒരുപക്ഷെ,ഇന്നവൾ സ്നേഹിക്കുന്നില്ലായിരിക്കാം...പക്ഷെ, ഞാനത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. യാത്രപോലും പറയാതെ ഞാൻ ഇറങ്ങി... ഒരുപക്ഷെ,മരിയ ആ ഡയറി മാറോടണച്ചിരിക്കാം...ശവംനാറിപ്പൂക്കൾ പൂത്തിറങ്ങിയ സെമിത്തേരിയെ പിന്നിലാക്കി ഞാൻ നടന്നു.കോടമഞ്ഞ് തേടി...ചെമ്മലയുടെ മുനമ്പിൽ മേഘത്തുണ്ടുകളോടൊപ്പം ഞാനെത്തി.
അവളെ ഞാൻ പ്രണയിച്ചിരുന്നോ?അറിയില്ല...പക്ഷെ, ഒരു സുഖകരമായ നോവ് ഞാനറിയുന്നു.അവൾ സുഖമായിരിക്കട്ടെ...ഇനി മരിക്കുന്നില്ല... ലോകം കാണണം...
പോക്കറ്റിൽ നിന്ന് പേനയും പേപ്പറുമെടുത്ത് വാക്കുകൾക്കായി തിരഞ്ഞു.ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മക്കായ്...
"Tonight
I can write the saddest lines.
I loved her,and sometimes
she loved me too..."
നെരൂദയുടെ വരികൾ മനസ്സിൽ നിറഞ്ഞു.
എന്റെ മനസ്സിലെ കോടമഞ്ഞ് അപ്പോഴും യാത്രയിലായിരുന്നു.ഓർമ്മയുടെ താഴ്‌വരകളെ ചുംബിച്ച് പ്രതീക്ഷയുടെ കൊടുമുടികൾ തേടി അങ്ങനെ...
_© Krishnapriya