" മിയ എനിക്ക് നിന്നെ പിരിയാനാവില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എനിക്ക്.. ഞാൻ അന്ന് പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ .. നിനക്ക് ഇഷ്ടക്കേടില്ലെന്ന് എനിക്കറിയാം എങ്കിലും മറുത്തൊന്നും നീ പറയരുത്.. "
നീമ പറഞ്ഞത് കേട്ട് അവൾ ഒന്ന് അമ്പരന്നെ ങ്കിലും അവൾക്കും അതിനോട് പരിപൂർണ്ണ സമ്മതം ആയിരുന്നു.. കാരണം മിയക്കും അവളെ തിരിച്ചും ജീവനായിരുന്നു..
" പക്ഷെ നിന്റെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ? അവർക്ക് ഈ ബന്ധം അംഗീകരിക്കാനാവുമോ ? "
"എല്ലാവരെക്കൊണ്ടും ഞാൻ സമ്മതിപ്പിക്കും.. എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള ബന്ധത്തെ പറ്റി.. നീ വേറെ ഒരാളെ കല്ല്യാണം കഴിച്ച് എന്നെ വിട്ട് അകന്ന് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.. അത് കൊണ്ടാണ് ഇങ്ങനൊരു കാര്യത്തിന് ഞാനും മുൻകൈ എടുക്കുന്നത്.. "
" നിന്നെ വിട്ട് പിരിയാൻ എനിക്കും ആവില്ല നീമ.. പക്ഷെ ഈ സമുഹം എന്ത് പറയും.. എന്റെ വീട്ടുകാരുടെ കാര്യം പോട്ടെ.. പക്ഷെ ബന്ധുക്കൾ അവർക്ക് എന്തെങ്കിലും കാരണം കിട്ടാനിരിക്കാ... ഇങ്ങനൊരു ബന്ധം അവരംഗീകരിക്കുമോ?" ആശങ്കയോടെയാണ് മിയ അത് പറഞ്ഞത്..
പക്ഷെ നീമയ്ക്ക് യാതൊരു കുസലുമില്ലായി രുന്നു...
"ഹും.. സമുഹം.. അവരെന്ത് വേണേലും പറഞ്ഞോട്ടെ...നമുക്ക് നമ്മൾ തന്നെയെ ഉണ്ടാകുകയുള്ളൂ അവസാനം.. നമ്മൾ നമ്മുടെ സന്തോഷം മാത്രം നോക്കിയാൽ മതി.. പിന്നെ ഇക്കാലത്ത് ഇതൊക്കെ നടക്കാത്തത് ആണോ.. ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്ക ണ്ടത് നമ്മളല്ലേ? നീ വിഷമിക്കണ്ട എല്ലാം ശരിയാവും.. ആദ്യം ഞാനെന്റെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കട്ടെ.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. അതും ഞാനേറ്റു... എല്ലാവരെയും പറഞ്ഞ് സമ്മതിപ്പിച്ച് ഞാനവരേയും കൊണ്ട് നിന്റെ വീട്ടിലേക്ക് വരുന്നുണ്ട് നിന്നെ കൊണ്ട് പോയ്ക്കോട്ടേന്ന് ചോദിക്കാൻ "
നീമ പറഞ്ഞത് കേട്ട് അവൾക്ക് അല്പമൊരാശ്വാ സം തോന്നിയെങ്കിലും അച്ഛന്റെ കാര്യത്തിലായി രുന്നു അവൾക്ക് ആധി മുഴുവനും..
രണ്ട് പേരുടേയും സൗഹൃദം അവർക്ക് നന്നായറി യാമെങ്കിലും അതിനിടയിൽ ഇങ്ങനൊരു ബന്ധ ത്തിന് അഭിമാനിയായ അച്ഛൻ സമ്മതിക്കുമോന്ന് സംശയമാണ്.. എങ്കിലും പ്രതീക്ഷ കൈവിടാൻ അവൾ തയ്യാറായില്ല..
കാരണം അവൾക്ക് നീമയെ ജീവനായിരുന്നു.. ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ.. ഒരേ ഹോസ്റ്റലിൽ ഒരു മുറിയിൽ മൂന്ന് വർഷത്തോളം പരസ്പരം സ്നേഹം കൈമാറിയവർ.. എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കിട്ടവർ.. അവർ തമ്മിൽ വിട്ട് പിരിയാനാകാത്ത ബന്ധം ഉടലെടുത്തതിൽ അതിശയമില്ലായിരുന്നു.
മറ്റ് കൂട്ടുകാരികൾക്ക് പോലും അസൂയ ഉളവാക്കു ന്നതായിരുന്നു അവർ തമ്മിലുള്ള ബന്ധം..
സമൂഹത്തിന്റെ കാഴ്ച്ചപാടുകൾ തങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്ന് അവർ തീരുമാന മെടുത്തിരുന്നു.. രണ്ട് പേരും പുരോഗമന ചിന്താഗതികൾ ഉള്ളവരായിരുന്നു..
ഒരിക്കൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച തിന് സുഹൃത്തുക്കളുടെ ഇടയിൽ ഒരുപാടു പഴികേട്ടവരായിരുന്നു ഇരുവരും...
പക്ഷെ അതിനെയെല്ലാം അതിജീവിക്കാനുള്ള ഉറച്ച് മനസ്സ് അവർക്ക് ഉണ്ടായിരുന്നത് രണ്ട് പേരടേയും ചിന്താഗതികൾ ഒരുപോലെ ആയിരുന്നത് കൊണ്ടാണ്...
അത്രയ്ക്കധികം പരസ്പരം സ്നേഹിച്ചവർക്ക് വേർപിരിയാനും ബുദ്ധിമുട്ടുണ്ടാവുമല്ലോ..
അങ്ങനെ നീമ സ്വന്തം വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. ആദ്യം എതിർപ്പുണ്ടായെങ്കിലും മകളുടെ ഇഷ്ടത്തിന് വഴങ്ങുകയേ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ..
പക്ഷെ അവൾക്ക് ഏറ്റവും അതിശയമായത് ചേട്ടന്റെ മറുപടിയാണ്.. ആ മറുപടി ആണ് അവൾക്ക് മുന്നോട്ട് പോകാൻ ധൈര്യം പകർന്നത്..
ആ സന്തോഷം അവൾ ആദ്യം വിളിച്ചറിയിച്ചത് മിയയെ ആയിരുന്നു..
അത് കേട്ടപ്പോൾ അവൾക്കും ആശ്വാസമായി.. ഇനി അവളുടെ വീട്ടിലൂടെ സമ്മതിപ്പിക്കണമെന്ന് അവൾ നീമയെ ഓർമ്മപെടുത്തി..
പിറ്റെ ദിവസം തന്നെ വീട്ടുകാരെക്കൂട്ടി മിയയെ കാണാനായി അവർ അവളുടെ വീട്ടിലെത്തി..
മിയയുടെ അച്ഛന് അവരുടെ പെട്ടെന്നുള്ള വരവിൽ അത്ഭുതമായിരുന്നു.. നീമയുടെ വീട്ടുകാരെ അറിയാമായിരുന്നെങ്കിലും എല്ലാവരും കൂടെ ഒന്നിച്ചുള്ളവരവാണ് അദ്ദേഹത്തെ കുഴപ്പിച്ചത്.. എങ്കിലും അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി..
പക്ഷെ കാര്യങ്ങൾ അറിഞ്ഞതും അദ്ദേഹം അവരോട് ദേഷ്യപെടുകയാണ് ചെയ്തത്..
"നിങ്ങൾക്കെങ്ങനെ തോന്നി ഇവിടെ വന്ന് ഇങ്ങനൊരു കാര്യം പറയാൻ.. കാര്യം ഇവർ രണ്ട് പേരും നല്ല സുഹൃത്തുക്കളൊക്കെ തന്നെയാണ് നീമയേയും ഞാൻ മകളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്.. പക്ഷെ ഇങ്ങനൊരു ബന്ധം എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.. കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങൾക്ക് ഒരു കീഴ് വഴക്കങ്ങളൊക്കെ ഉണ്ട്.. അത് അത് പോലെ തന്നെയേ നടക്കാവൂ..."
അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം അവർ പ്രതീക്ഷിച്ചില്ലായിരുന്നു.. നീമയ്ക്ക് അവൾ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നി.. അത്രയധികം കഷ്ടപെട്ടാണ് അവൾ കാര്യങ്ങൾ അവിടം വരെ എത്തിച്ചത്..
അത് കേട്ടതോടെ ചേട്ടൻ പെട്ടെന്ന് അവിടെ നിന്നെഴുന്നേറ്റ് പോകാമെന്ന് അവരോട് പറഞ്ഞു.. അതോടെ നീമയ്ക്കും വേറെ ഒന്നും ചിന്തിക്കാനി ല്ലായിരുന്നു..
മിയയുടെ കണ്ണുകൾ നിറയുന്നത് അവൾക്ക് കാണാമായിരുന്നു..
വളരെയധികം സങ്കടത്തോടെയാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്..
അതിന് ശേഷം നീമ അവളെ ഫോണിൽ വിളിച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.. അവളോട് വിഷമിക്കരുതെന്നും എല്ലാത്തിനും ഒരു പരിഹാരമുണ്ടാവുമെന്നും മിയ നീമയ്ക്ക് ഉറപ്പു നൽകി...
തുടർന്ന് മിയയുടെ കഠിന തപസ്സിന് മുന്നിൽ അവസാനം അച്ഛന്റെ മനസ്സലിയുകയായിരുന്നു..
"നിന്റെ ഇഷ്ടം.. പിന്നീട് നീ ഈ എടുത്ത തീരുമാന ത്തിന്റെ പേരിൽ ദുഃഖിക്കാനിടവരരുത്.. എല്ലാ വരും വരായ്കകളും നീ തന്നെ അനുഭവിക്കേ ണ്ടത്.. " അച്ഛൻ പറഞ്ഞത് അവൾ സമ്മതിച്ചു..
അവൾക്ക് സന്തോഷമായി.. ആ സന്തോഷം നീമയിലേക്കും പടർന്നു...
അങ്ങനെ ആഘോഷമായി തന്നെ ആ കല്ല്യാണം നടന്നു.. തന്റെ കഴുത്തിൽ താലിവീണപ്പോൾ മിയയ്ക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാ ൻ പറ്റാത്തതായിരുന്നു..
നീമയെ നോക്കി അവൾ നാണത്തോടെ ചിരിച്ചു.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു..
അങ്ങനെ മിയ വലതുകാൽ വച്ച് വീട്ടിലേക്ക് കയറി.. നീമ അവളുടെ കൈകളിൽ നിന്ന് പിടി വിടുന്നില്ലായിരുന്നു... അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.... ഇനി എന്നും അവളെ കാണാനും സംസാരിക്കാനും പറ്റുമല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് കാരണം..
ആരവങ്ങളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയതിന് ശേഷം നീമ മണിയറ ഒരുക്കി.. ബെഡ്ഡിൽ മുല്ലപ്പൂവെല്ലാം വിതറിയിട്ട ശേഷം ഒരു ഗ്ലാസ് പാലെടുത്ത് മിയയുടെ കൈകളിൽ കൊടുത്തതും അവളാണ്..
മിയ അകത്തേക്ക് കയറിയതിന് ശേഷം വാതിൽ ചാരിക്കൊണ്ടവൾ പറഞ്ഞു..
"ഡീ എന്റേട്ടൻ പാവാണേ.. ഒരു മയത്തിലൊക്കെ വേണേ... " നീമ പറഞ്ഞത് കേട്ട് അവൾ ചിരിച്ച് കൊണ്ടവളെ തള്ളി മാറ്റി...
" ഡീ അടങ്ങി ഒതുങ്ങി നിന്നോണം.. അല്ലെങ്കിൽ നാളെ മുതൽ നാത്തൂൻ പോരുമായി ഞാൻ വരുമേ..."
"ശരി നമ്മളില്ലേ.. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.. പക്ഷെ ഇത്രയും നാൾ നമ്മൾ ലെസ്ബിയനാണെന്ന് കരുതി പ്രതീക്ഷിച്ചിരുന്ന വരുടെ കാര്യമാ കഷ്ടം.. " നീമ പറഞ്ഞത് കേട്ട് മിയക്കും ചിരിവന്നു..
പ്രവീൺ ചന്ദ്രൻ