Aksharathalukal

അവളും അവനും തമ്മിൽ

### അവളും അവനും തമ്മിൽ

ഐ.സി.യൂ വിന്റെ മുന്നിൽ തളർന്നിരുന്ന രേഷ്മയെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് അവർ അഭിയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നത്..

നിർവ്വികാരതയോടെ തനിക്ക് ചുറ്റും നടക്കുന്നത് ഉൾക്കൊള്ളാനാകാതെ അവൾ ആ ചുമരിനോട് ചാരിയിരുന്നു..ആരെങ്കിലും തന്നെയൊന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചിരു ന്നു.. അവന്റെ ജീവന് ഒരാപത്തും വരുത്തരുതേ യെന്ന് ഒരോ നിമിഷവും പ്രാർത്ഥിച്ചുകൊണ്ടിരു ന്ന അവൾക്ക് അവരുടെ പെരുമാറ്റം വേദനയായി..

ഇരു വീട്ടുകാരുടേയും എതിർപ്പിനെ അവഗണിച്ച് ഒന്നായവരായിരുന്നു അവർ.. കഴിഞ്ഞ ആറ് മാസകാകാലമായി അവരുടെ ഒരു കാര്യവും ഇരുവീട്ടുകാരും അന്വേഷിച്ചിരുന്നുമില്ല..

ഇന്ന് അഭി അപകടത്തിൽ പെട്ട് ഇവിടെ എത്തുന്നത് വരെ...

അഭിയുടെ വീട്ടുകാർ മാത്രമാണ് ഹോസ്പിറ്റലിൽ വന്നിരുന്നത്.. അവളോട് ഒരു വാക്ക് പോലും ചോദിക്കാതെ അവർ കാര്യങ്ങൾ തിരുമാനിച്ചു കൊണ്ടിരുന്നു...

ഇത്രയും നാളും തന്റെ മാത്രമെന്ന് വിശ്വസിച്ച അഭിക്ക് ഇപ്പോൾ അവകാശികളായെന്ന് അവൾക്ക് ബോധ്യമായി..

ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഭാര്യയ്ക്ക് ഒരു അവകാശവുമില്ല എന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു..

മകന്റെ ഭാര്യയെന്ന പരിഗണന പോയിട്ട് ഒരു മനുഷ്യജീവിയെന്ന പരിഗണനപോലും അവരിൽ നിന്ന് അവൾക്ക് കിട്ടിയില്ല.. എന്തെങ്കിലും കഴിച്ചോ എന്ന് പോലും ആരും ചോദിച്ചതുമില്ല..

അവരുടെ ഒന്ന് രണ്ട് സുഹൃത്തുക്കൾ കൂടെ ഉള്ളത് കൊണ്ട് മാത്രമാണ് അവൾക്ക് ഒന്നും സംഭവിക്കാതിരുന്നത്.. പക്ഷെ അവരേയും അവന്റെ കുടുംബം അകറ്റി നിർത്തി...

ഒന്ന് രണ്ട് ദിവസങ്ങൾ അങ്ങനെ തന്നെ കടന്നുപോയി.. അവരുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല..

"അഭിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.. ഹി ഈസ് ഓൾ റൈറ്റ് നൗ.. കാലിന് ഒര ഫ്രാക്ചറുണ്ട്.. രണ്ട് മൂന്ന് മാസം ബെഡ്ഡ് റെസ്റ്റ് വേണ്ടിവരും.. രണ്ട് ദിവസം കഴിഞ്ഞാ റൂമിലേക്ക് മാറ്റാവുന്നതാണ്.. " ഡോക്ടർ പറഞ്ഞത് കേട്ട് അവൾക്ക് അല്പം ആശ്വാസത്തോടെ അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി...

അവൾ നോക്കുന്നുണ്ടെന്ന് അറിഞ്ഞതും അദ്ദേഹം മുഖം വെട്ടിച്ചു..

" ആരാ രേഷ്മ.. ? അഭി കാണണമെന്ന് പറയുന്നു "ഐ.സി.യൂവിനകത്ത് നിന്നും നഴ്സ് ആണ് അത് ചോദിച്ചത് ..

അത് കേട്ടതും അവൾ സന്തോഷത്തോടെ അകത്തേക്ക് പോകാൻ നിന്നതാണ്.. പക്ഷെ അവന്റെ ചേട്ടന്മാർ അവളെ തടയുകയായിരുന്നു..

"നിനക്ക് ഇത് കൊണ്ടൊന്നും മതിയായില്ലല്ലേ? ഞങ്ങടെ അനിയനെ കൈ വിഷം കൊടുത്ത് തട്ടിയെടുത്തതും പോരാഞ്ഞ് ഇനിയും അവനെ കൊലക്ക് കൊടുക്കണോ.. ഇനി മേലിൽ അവന്റെ ജീവിതത്തിലേക്ക് വരരുത്.. പൊക്കോണം എങ്കടാന്ന് വച്ചാ.. ഞങ്ങടെ അനിയനെ ഞങ്ങൾക്ക് വേണം... "

അയാൾ പറഞ്ഞത് കേട്ട് അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി..

" നിങ്ങളെന്താണ് ഈ പറയുന്നത്? അവൾ അവന്റെ ഭാര്യയാണ്.. അല്ലാതെ വെപ്പാട്ടി അല്ല.. അവൾക്ക് അവന്റെ മേൽ പൂർണ്ണവകാശമുണ്ട്.. രേഷ്മ നീ പോയി കണ്ടിട്ട് വാ.. അവൻ നിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുണ്ടാവും.. ഇവരൊന്നും ഒരു ചുക്കും ചെയ്യില്ല" അഭിയുടെ സുഹൃത്ത് ആയ രാഹുൽ ആണ് അത് പറഞ്ഞത്..

അത് കേട്ടതും അവന്റെ അച്ഛന്റെ മുഖം രൗദ്രമായി..

" എന്നാ നീയൊന്ന് കയറി നോക്ക്.. അവനേ എന്റെ മോനാ.. അവനെ ഇവൾ കണ്ണും കലാശവും കാണിച്ച് മയക്കി എടുത്തതാ.. ഇനി അവനെ ഇവൾക്ക് കിട്ടില്ല.. ഇനി നിനക്ക് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിലേ നീ കൊണ്ട് പോയ് പൊറുപ്പിച്ചോടാ.."

അത് കേട്ടതും അവൻ ആക്രോശിച്ച് കൊണ്ട് അയാളുടെ നേരെ അടുത്തു..

പക്ഷെ രേഷ്മ അവനെ തടഞ്ഞു..

" വേണ്ട രാഹുൽ.. എന്റെ പേരിൽ ഇവിടെ ഒരു വഴക്ക് വേണ്ട.. ഇതറിഞ്ഞാൽ അഭിയുടെ മനസ്സ് വിഷമിക്കും.. ഞാൻ ഇവിടുന്ന് പോയ്ക്കോളാം. എനിക്ക് എന്റെ ഭർത്താവാണ് വലുത്.. അഭിയെ എനിക്ക് വിശ്വാസമാണ്.. എഴുന്നേറ്റ് നടക്കാനായാൽ അഭി എന്നെ തേടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.. " അത് പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ വരാന്തയിലൂടെ പുറത്തേക്ക് നടന്നു..

രാഹുൽ അവളെ പുറകീന്ന് വിളിച്ചെങ്കിലും അവൾ കേൾക്കാത്തത് പോലെ മുന്നോട്ട് നടന്നു..

അവളുടെ മനസ്സ് ശൂന്യമായിരുന്നു... ചങ്കുപൊട്ടു ന്നത് പോലെ അവൾക്ക് തോന്നി.. റോഡിലിറ ങ്ങിയതും ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ച് അവൾ വീട്ടിലേക്ക് തിരിച്ചു..

അവൾ വീട്ടിലെത്തിയതും പിന്നാലെ തന്നെ രാഹുലും അവന്റെ ഭാര്യ അനുവും കൂടെ ബൈക്കിൽ അവിടേക്ക് വന്നു..

"നീയെന്ത് പണിയാ കാണിച്ചത് രേഷ്മ? അവനെ അവർക്ക് വിട്ട് കൊടുക്കാൻ പാടുണ്ടോ? "അനു ആണ് അത് ചോദിച്ചത്

" സാരമില്ല അനു.. അഭിയെ എനിക്കറിയാം.. അവൻ വരും.. ഇപ്പോൾ അവന് നല്ല ചികിത്സ ആണ് ആവശ്യം.. എന്റെ കയ്യിൽ എവിടുന്നാ പണം.. തന്നെയുമല്ല ഈ സമയത്ത് അവൻ വിഷമിക്കരുത്.. എല്ലാം ഒന്ന് പെയ്തൊഴിയട്ടെ.. "

അവൾ പറഞ്ഞത് കേട്ട് അവർക്കും മറുത്തൊന്നും പറയാനില്ലായിരുന്നു.. കഴിഞ്ഞ രണ്ട് മാസങ്ങളായി ജോലിപോലും ഇല്ലാതിരുന്ന അവർ ഈ വാടക വീട്ടിൽ കഴിഞ്ഞിരുന്നത് എങ്ങനെയാണെന്ന് രാഹുലിനും അനുവിനും അറിയാമായിരുന്നു..

വാടകകുടിശ്ശിക രാഹുൽ ആണ് കൊടുത്തത്.. അവനും ഒരു സാധാരണക്കാരനായതിനാൽ അവരെ സഹായിക്കുന്നതിലും ഒരു പരിധിയുണ്ടാ യിരുന്നു..

രണ്ട് ദിവസങ്ങൾക്ക് ശേഷം.. റൂമിലേക്ക് മാറ്റും നേരം അവന്റെ കണ്ണുകൾ തിരഞ്ഞ്കൊണ്ടിരു ന്നത് അവളെയായിരുന്നു..

" രേഷ്മ എവിടെ അമ്മേ?" അവന്റെ ചോദ്യം കേൾക്കാത്തവണ്ണം ഒഴിഞ്ഞുമാറിയ അവരോട് അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു..

"ആ.. അവളെ ഞങ്ങളൊന്നും കണ്ടില്ല.. എവിടെയാണെന്ന് ആർക്കറിയാം.. നീ ഇങ്ങനെ ഒരവസ്ഥയിലാണെന്നറിഞ്ഞിട്ടും ഇവിടെ വന്ന് നോക്കാൻ പോലും കൂട്ടാക്കാത്തവളെ ഞങ്ങളെവിടെ പോയി അന്വേഷിക്കാനാ?" അച്ഛനാണ് അതിന് മറുപടി പറഞ്ഞത്..

അത് കേട്ടതും അവന്റെ മുഖം ചുളിഞ്ഞു.. അച്ഛൻ ആ പറയുന്നത് പച്ചക്കള്ളമാണെന്ന് ആ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു..

" ചേട്ടാ.. എന്റെ മൊബൈൽ ഒന്ന് തരാമോ?" അവൻ ചേട്ടനോടായ് ചോദിച്ചു..

"മൊബൈൽ ആ ആക്സിഡന്റിൽ കേടായി പോയി..നന്നാക്കാൻ കൊടുത്തിട്ടുണ്ട്.. " അയാൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

"എങ്കിൽ ചേട്ടന്റെ ഫോൺ ഒന്ന് തരാമോ? ഒരു കോൾ വിളിക്കാനാണ്?"

"എന്റെ ഫോണിൽ ചാർജ്ജ് തീർന്നിരിക്കാ.. ആരെ വിളിക്കാനാ ഇത്ര അത്യാവശ്യം? നീ ഇപ്പോ തൽക്കാലം വിശ്രമിക്ക്.. ഡോക്ടർ പറഞ്ഞിട്ടുണ്ട് അധികം സ്ട്രെയിൻ എടുക്കരുതെന്ന്..."

ചേട്ടൻ പറഞ്ഞത് കേട്ട് അവർ എന്തൊക്കെയോ അവനോട് ഒളിക്കുന്നുണ്ടെന്ന് ബോധ്യമായി.. ഇത്രയും കാലം തിരിഞ്ഞ് നോക്കാത്തവരെയൊ ക്കെ ബോധം തെളിഞ്ഞപ്പോൾ കണ്ടത് വളരെ സന്തോഷം ആയിരുന്നു..

ഇപ്പോൾ മനസ്സിലാവുന്നു ഇത് ഒരവസരം ആയിക്കാണാനാണ് ഇവരുടെ ശ്രമമെന്ന്...

ഈ വിവാഹത്തിനൊട് ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്നത് തന്റെ വീട്ടുകാർക്കാണെ ന്ന് അവനറിയാമായിരുന്നു.. അതിന് കാരണം അവൾ പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലായി രുന്നു.. അച്ഛന് അവനെ അച്ഛന്റെ കൂട്ടുകാരന്റെ മകളെക്കൊണ്ട് കെട്ടിക്കുന്നതിലായിരുന്നു താൽപര്യം.. അവർ തമ്മിൽ വാക്കാലത് ഉറപ്പിച്ച തുമായിരുന്നു..

ആ സമയത്താണ് അവൻ രേഷ്മയേയും കൊണ്ട് ഒളിച്ച് ഓടിയത്.. അതേ പിന്നെ അവരാരും അവനെ തിരിഞ്ഞ് നോക്കിയിട്ടില്ലായിരുന്നു..

ദിവസങ്ങൾ കടന്നു പോകും തോറും അവൾക്കെന്ത് സംഭവിച്ചെന്നോർത്ത് അവന്റെ മനസ്സ് പിടയാൻ തുടങ്ങി..

അവന്റെ സുഹൃത്തുക്കളെയടക്കം ആരേയും അവർ അകത്തേക്ക് കയറ്റി വിടുന്നുമില്ലായി രുന്നു...

കാലിന് ഫ്രാക്ചറുണ്ടായിരുന്നതിനാൽ ആരുടെയെങ്കിലും സഹായമില്ലാതെ അവന് നടക്കാൻ പോലും പറ്റുമായിരുന്നില്ല.. അതല്ലായി രുന്നുവെങ്കിൽ അവൻ അവളെതേടി എന്നേ പോകുമായിരുന്നു..

തന്റെ നിസ്സഹായവസ്ഥയോ ർത്ത് അവന്റെ മനസ്സ് വേദനിച്ചുകൊണ്ടിരുന്നു..

രാഹുലും അനുവും ഉള്ളത് കൊണ്ട് അവന് ഉറപ്പായിരുന്നു അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവുമെന്ന്..

അങ്ങനെ ഒരു ദിവസം അമ്മ ടോയ്ലറ്റിൽ പോയ സമയത്താണ് റൂം ക്ലീൻ ചെയ്യാനായി ഒരു സ്ത്രീ അവന്റെ മുറിയിലേക്ക് വന്നത്..

സ്ഥിരമായി ക്ലീൻ ചെയ്യാനായി ആളു വരുന്നത് കൊണ്ട് കിടന്ന് കൊണ്ട് പേപ്പർ വായിച്ചിരുന്ന അവൻ അത് ശ്രദ്ധിച്ചതുമില്ല...

"ഡാ ചെക്കാ സുഖം അല്ലേടാ നിനക്ക് ?" ആ ശബ്ദം കേട്ട് അവൻ ഞെട്ടിക്കൊണ്ട് പേപ്പർ മാറ്റി...

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാ നായില്ല.. രേഷ്മയായിരുന്നു അത്.. ഹോസ്പിറ്റൽ ക്ലീനറുടെ വേഷത്തിലായിരുന്നു അവൾ..

"രേഷ്മ.. നീ എവിടെയായിരുന്നു.. ?" അവന്റെ ശബ്ദം ഉയരുന്നത് കണ്ട അവൾ അവന്റെ വായ് പൊത്തിപ്പിടിച്ചു..

അവൾ അവനോട് നടന്ന കാര്യങ്ങളൊക്കെ ചെവിയിൽ പറഞ്ഞു.. രാഹുലിന്റെ ബന്ധുവാണ് ഇവിടത്തെ ഹോസ്പിറ്റൽ ക്ലീനിംഗ് ഇൻചാർജ്ജ് എന്നും അത് വഴിയാണ് ഇവിടെ ജോലിക്ക് പ്രവേശിച്ചതെന്നും അവൾ പറഞ്ഞു.. അവനെ റൂമിലേക്ക് മാറ്റിയ അന്ന് മുതൽ ഇവിടെ ഉണ്ടെന്നും പലപ്പോഴും ജനാലയിലൂടെ അവനെ കാണാറുണ്ടെന്നും അച്ഛനും ചേട്ടന്മാരും പോകുന്ന തക്കം നോക്കി കാത്തിരുന്നതാണെന്നും അവൾ പറഞ്ഞപ്പോൾ അവന് സന്തോഷമായി..

" ഞാൻ നിന്നെ കൊണ്ടുപോകാൻ വന്നതാ.. ഇന്ന് ഉച്ചക്ക് ആണ് നിന്റെ ഡിസ്ചാർജ്ജ്.. ബില്ലെല്ലാം രാഹുൽ അടച്ചിട്ടുണ്ട്.. അവർ പുറത്ത് വണ്ടിയു മായി വെയ്റ്റ് ചെയ്യുന്നുണ്ട്.. അമ്മ വരുന്നതിന് മുന്ന് നമുക്ക് പുറത്ത് കടക്കണം" അവൾ പറഞ്ഞത് കേട്ട് ഒന്നും ആശ്ചര്യത്തോടെ അവനവളെ നോക്കി...

ഇവൾക്കെവിടുന്ന് ഇത്ര ധൈര്യം വന്നുവെന്ന് ആലോചിക്കുകയായിരുന്നു അവൻ...

അവൾ അവനെ വീൽച്ചെയറിലേക്ക് പിടിച്ചി രുത്തി.. പതിയെ റൂമിന് പുറത്തേക്ക് കടത്തി..

വരാന്തയിലൂടെ വേഗത്തിൽ അവനേം കൊണ്ട് പായുമ്പോൾ അവൻ ചിരിക്കുകയായിരുന്നു..

"എന്താടാ ചെക്കാ ചിരിക്കുന്നത്?"

" ഒന്നൂല്ലടീ പെണ്ണേ.. ഞാനാലോചിക്കാടന്നേ നിനക്കെവിടുന്നാ ഇതിന് മാത്രം ധൈര്യമെന്ന്.. അന്ന് ഞാൻ നിന്നെ നിന്റെ വീട്ടുകാരെ വെട്ടിച്ച് നിന്നെ കടത്തിക്കൊണ്ട് വന്നപ്പോ എന്ത് പേടിയായിരുന്നു നിനക്ക് .. ഇന്ന് നീയെന്നെ പുഷ്പം പോലെ എന്റെ വീട്ടുകാരെയും വെട്ടിച്ച് കടത്തുന്നു.. സമ്മതിച്ചൂട്ടോ.. "

അത് കേട്ട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

" അയ്യടാ.. അങ്ങനെ നിന്നെ ഞാൻ അവർക്ക് വിട്ടുകൊടുക്കുമെന്ന് കരുതിയോ?.. എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റില്ലെടാ ചെക്കാ.. നീ എവിടെ ആയാലും നിന്നെത്തേടി ഞാൻ വരും.. ഇനി ഞാൻ ചത്താലും യക്ഷിയായ് വരും മോനേ..."

പ്രവീൺ ചന്ദ്രൻ