Aksharathalukal

The Witch🖤 04

ഉറക്കെ ചിരിച്ചുകൊണ്ട് സയറോറ ബർണോനെയും കൊണ്ട് നടന്നു . ഫെഡെറിക്കിനെയും സാമിന്റെ അടുത്തേക്കാക്കിയിട്ട് അഴിയുടെ വാതിലടച്ചു .
 

നിലത്തേക്ക് ഫെഡെറിക്കിനെ തള്ളിയിട്ടുകൊണ്ട് തങ്ങളെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പോകുന്ന വൃദ്ധനെ നോക്കികൊണ്ട് സാം ഫെഡെറിക്കിനെ തട്ടിവിളിച്ചു . ഫെഡെറിക്ക് ഞരങ്ങികൊണ്ട് കണ്ണുകൾ തുറന്നു . തന്റെ മുന്നിൽ നിൽക്കുന്ന സാമിനെ കണ്ടു അവൻ സന്തോഷിച്ചു . സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു .
 

" സാം ..."
 

" ഫെഡറി ...നീ.... നീ ഇത്രെയും നേരം എവിടെയാരുന്നെടാ ....? "
 

സാം ഉദ്ധ്വേഗത്തോടെ ചോദിച്ചു .
 

" അറിയില്ലെടാ ...ഞാൻ കണ്ണ് തുറന്നപ്പോൾ ആ കൊട്ടാരത്തിൽ അകത്തായിരുന്നു . പിന്നീട് അവിടേക്ക് അയോട്ട വന്നു . അയോട്ടയല്ല ആ ദുര്മന്ത്രവാദിനി ....അയോട്ടയുടെ രൂപത്തിലവൾ എന്റെ അടുത്ത് വന്നു . എന്നെ കോട്ടക്ക് വെളിയിലേക്ക് കൊണ്ടുവന്നു . എന്നിട്ട് എന്നെ ഒരു മരച്ചുവട്ടിൽ നിർത്തിയിട്ട് അവൾ എവിടേക്കോ പോയി . പിന്നെ എനിക്കെന്താണ് സംഭവിച്ചതെന്നറിയില്ല . ഇപ്പോൾ നീ തട്ടിവിളിച്ചപ്പോഴാണ് ഞാനുണരുന്നത് . "
 

" നിന്നെ ഇവിടേക്ക് കൊണ്ടുവന്നത് ഒരു വൃദ്ധനാണ് . നമ്മള് കോട്ടമുറ്റത്തു നിന്നില്ലേ അവിടെ വച്ചാണ് നമ്മൾ രണ്ടുപേരും തമ്മിൽ പിരിഞ്ഞത് . അയാൾ എന്നെ എവിടെ തടങ്കലിലാക്കി . എന്നെ അയാൾ ബലി കൊടുക്കും . അതിനൊരു സമയം ഉണ്ട് . അയാൾ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് . നമ്മുക്ക് രക്ഷപ്പെടണം ഫെഡറി ...എത്രയും പെട്ടെന്ന് രക്ഷപ്പെടണം ... "  ഫെഡെറിക്ക് പറഞ്ഞത് കേട്ട് സാം പറഞ്ഞു .
 

" പക്ഷെ എങ്ങനെ രക്ഷപെടും ? അയാൾ വലിയൊരു മന്ത്രവാദിയായിരിക്കാം ...."
 

ഇടക്ക് കയറി ഫെഡെറിക്ക് ചോദിച്ചു . സാം നിരാശയോടെ നിലത്തേക്കിരുന്നു . പെട്ടെന്ന് എന്തോ ഓർത്തപ്പോൾ സാം ഫെഡെറിക്കിനെ നോക്കി .
 

" ഡാ ...നീ അയോട്ടയുടെ കാര്യം പറഞ്ഞില്ലേ ...അവളുടെ രൂപത്തിൽ ആ ദുര്മന്ത്രവാദിനി നിന്റെ അടുത്ത് വന്നിരുന്നെന്നു . നിന്നെ കോട്ടക്ക് പുറത്തേക്ക് കൊണ്ട് വന്നെന്നു . അവൾ നിന്നെ രക്ഷിക്കാനാണോ ശ്രമിച്ചത് ?  "
 

" അറിയില്ല ...എനിക്ക് ഒന്നും മനസിലാകുന്നില്ല .....ഞാനിപ്പോൾ ചിന്തിക്കുന്നത് അവരെ കുറിച്ചാണ് . അവർ ഇരുവരും സുരക്ഷിതരായി കാണുമോ ? "
 

ഫെഡെറിക്ക് ആശങ്കയോടെ മുഖം കുനിച്ചു . അപ്പോൾ തന്നെ അവരുടെ അടുത്തേക്ക് അയോട്ടയെയും റോസിനെയും ബന്ധിച്ചു കൊണ്ട് സയറോറ വന്നു .

 

" ഇന്നാ ...ഇവരെ കുറിച്ചോർത്തു വിഷമിച്ചിരിക്കുകയല്ലായിരുന്നോ രണ്ടും ...ഇനി നാലുംകൂടെ ഒന്നിച്ചു ഇരുന്നു വിഷമിക്ക് ....കൂടുതൽ സമയമൊന്നും ഇല്ല . പെട്ടെന്ന് തന്നെ നിങ്ങളുടെ തല ഉടലിൽ നിന്നും വേർപ്പെടും . "
 

അയാൾ അയോട്ടയെയും റോസിനെയും അവരുടെ അടുത്തേക്ക് ഇട്ട് പടികൾ കയറി പോയി . നിശബ്തമായി നോക്കിനിൽക്കാനേ നാലുപേർക്കും കഴിഞ്ഞൊള്ളൂ .
 

" ഫ്രഡി ...എനിക്ക് പേടിയാകുന്നു ...എല്ലാം ഞാൻ കാരണവ ...ഞാൻ വാശിപിടിച്ചാരുന്നില്ലെങ്കിൽ നമ്മൾ ഇവിടേക്ക് ഒരിക്കലും വരില്ലാരുന്നല്ലോ ..."
 

അയോട്ട ഫെഡെറിക്കിനെ കെട്ടിപിടിച്ചു കരഞ്ഞു .അവൻ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു .
 

" നീ വിഷമിക്കേണ്ട അയോട്ടാ ... എല്ലാം ശരിയാകും ...നമ്മുക്ക് രക്ഷപെടാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ...നീ കരയല്ലേ ...ദൈവം എന്തെങ്കിലും ഒരു വഴികാണിക്കും . "
 

" ഡാ ...ഈ പൂട്ട് തുറക്കാൻ പറ്റുവൊന്നൊന്നു നോക്കിക്കേ ...എത്രയും പെട്ടെന്ന് നമ്മുക്കിവിടുന്നു രക്ഷപ്പെടണം . "
 

സാമിനെ നോക്കി ഫെഡെറിക്ക് പറഞ്ഞു .
 

" ഞാനതൊക്കെ നോക്കിയതാടാ ...പറ്റുന്നില്ല .അയാളെന്തോ മന്ത്രം പ്രയോഗിച്ചിട്ടുണ്ട് . നമ്മളിവിടെ കിടന്നു ചാകും ...ന്റെ മമ്മി ...ഞാനൊന്നു കണ്ടു പോലും ഇല്ല . മമ്മി പറഞ്ഞതാ മമ്മി വന്നിട്ട് പോകാമെന്നു .  ഞാൻ കേട്ടില്ല . "
 

സാം നിലത്തിരുന്നു കരഞ്ഞു .
 

" നീയിങ്ങനെ ഡൌൺ ആകല്ലേ ...നമ്മള് ഇവിടുന്നു രക്ഷപെടും . "
 

" ഇവിടെ ഇരുന്നു ഇങ്ങനെ പറഞ്ഞാൽ എന്തെങ്കിലും നടക്കുമോ ഫെഡെറിക്ക് ? "
 

റോസ് ദേഷ്യത്തോടെ ചോദിച്ചു .
 

" പിന്നെ ഞാൻ എന്തുചെയ്യണം ? ഞാനൊരു സാധാരണ മനുഷ്യനാ . മന്ത്രവും തന്ത്രവും പൂട്ട് പൊട്ടിക്കാനുള്ള കഴിവൊന്നും എനിക്കില്ല .  നീയിവിടെ നിന്നിട്ട് നിന്നെക്കൊണ്ട് രക്ഷപെടാൻ പറ്റുമോന്നു നോക്ക് ...അല്ലാതെ എന്റെ മെക്കിട്ട് അല്ല കേറേണ്ടത് ...."
 

ഫെഡെറിക്ക് ദേഷ്യത്തോടെ അഴിയിൽ പിടിച്ചു കുലുക്കി . അത് കണ്ടു സാം റോസിനോട് കണ്ണ് കാണിച്ചു പറഞ്ഞു മിണ്ടാതെ നില്ക്കാൻ .
 

" ഡാ എനിക്ക് വിശക്കുന്നു ...ഒരു കഷ്ണം ബ്രഡ് കഴിച്ചിട്ടുള്ള നിൽപ്പാ ...അതിന്റെ ഇടപാട്‌ തീർന്നു . "
 

കുറച്ചു കഴിഞ്ഞു സാം പറഞ്ഞു . അയോട്ടയും റോസും അവനെ നോക്കിയിരുന്നു . എല്ലാവരും നല്ലപോലെ ക്ഷീണിച്ചിരുന്നു .
 

" ഞാൻ എവിടെ പോയി കൊണ്ടുവരാനാ നിനക്ക് വേണ്ടുന്നത് ...നിന്നെ ഇവിടെ സുഖവാസത്തിനു കൊണ്ടുവന്നതൊന്നുമല്ല . തോന്നുന്ന നേരം ഓരോന്ന് തിന്നാൻ തരാൻ ..." ഫെഡെറിക്ക് പല്ലുകടിച്ചു ദേഷ്യം നിയന്ത്രിച്ചു .
 

" അത് പിന്നെ ...ഞാൻ വെറുതെ പറഞ്ഞതാ ..." സാം തലകുനിച്ചു .
 

" സയറോറ ..."
 

രക്തത്തിന്റെയും മാംസത്തിന്റെ ദുർഗന്ധം മണക്കുന്ന സയറോറയുടെ ബലിപീഠത്തിന്റെ അടുത്ത് നിൽക്കുകയായിരുന്നു അയാൾ . അവരെ ബലികൊടുക്കാനുള്ള തയാറെടുപ്പിലാവും . ബൈലയുടെ വിളികേട്ടു കൈയിലെടുത്ത മെഴുകുതിരി നിലത്തേക്ക് ഉറപ്പിച്ചുകൊണ്ട് അയാൾ തിരിഞ്ഞുനോക്കി .
 

" എന്താണ് ബൈല ...? "
 

അവളെ ഒന്ന് നോക്കി ഗൗരവത്തോടെ അയാൾ മുഖം തിരിച്ചു .
 

" അത് ...അവരെ ഇന്ന് ബലികൊടുക്കണ്ട . അടുത്ത തവണത്തേക്ക് ഈ കർമം മാറ്റിവച്ചൂടെ . "

അവൾ യാചിച്ചു . അവളുടെ ശബ്ദത്തിലെ അപേക്ഷസ്വരം തിരിച്ചറിഞ്ഞുകൊണ്ട് സയറോറ പറഞ്ഞു .
 

" അപ്പോൾ ഞാനോ ?  അടുത്ത ദിനം തന്നെ ഞാൻ തടവറയിൽ കിടക്കേണ്ടി വരില്ലേ . പിന്നെ ഏതു യുഗത്തിൽ ഞാനവിടുന്നു മോചിതനാകും . "
 

" എന്റെ ശക്തികൾ ഞാൻ അങ്ങേക്ക് തരാം .
പഴയപോലെ ഞാൻ മോചിപ്പിക്കാം അങ്ങയെ ..."
 

"'നടക്കില്ല . " സയറോറ തറപ്പിച്ചുപറഞ്ഞു .
 

" എന്തുകൊണ്ടാണ് ...ആ രണ്ടു മനുഷ്യരുടെ ജീവനേക്കാൾ ശക്തിശാലിയാണ് ഞാൻ . നമ്മുടെ ശക്തിയുടെ ചെറിയൊരു അംശം മതി അങ്ങേക്ക് ഈ രാത്രി അതിജീവിക്കാൻ ..."
 

" അത് ശരിയാണ് . പക്ഷെ അവർ രണ്ടു ജീവനല്ല . നാലുപേരാണ് . അവന്മാരുടെ കൂടെയുള്ള ആ രണ്ടു പെണ്കുട്ടികളെക്കൂടെ ഞാനങ്ങു പിടികൂടി . നിനക്കറിയാവുന്നതല്ലേ അഞ്ചുപേരെ ഒരേനിമിഷം ബലികൊടുത്താൽ എനിക്ക് ലഭിക്കുന്ന പദവി . അമരത്വം . അതുകൊണ്ട് നീ എന്ത് പറഞ്ഞാലും ഇത് ഞാൻ നടത്തും . "
 

" അഞ്ചുപേരോ ? അവർ നാലുപേരല്ലേ ഉള്ളൂ ...അഞ്ചാമത്തെ ആൾ ആരാണ് ...? "
 

ബൈല സംശയം പ്രകടിപ്പിച്ചു .
 

" ഹും ...നിനക്കുമില്ലേ എന്നോട് പറയാത്ത ഒരുപാട് രഹസ്യങ്ങൾ . അവയെല്ലാം ഞാൻ നിന്നോട് തിരക്കിനടക്കാറുണ്ടോ ? ഇത് എന്റെയൊരു സ്വകാരം . അത് നീയറിയണ്ട .  "
 

ബൈല പിന്നെയൊന്നും ചോദിയ്ക്കാൻ പോയില്ല . സയറോറ എല്ലാം മനസ്സിലാക്കിയിരിക്കുന്നു . താൻ ഫെഡെറിക്കിനെ രക്ഷിക്കാൻ ശ്രമിച്ചത് കണ്ടുകാണും . അതാണ് ആ പെണ്കുട്ടികളെക്കൂടെ ഇതിലേക്ക് കൊണ്ടുവന്നത് . എന്തൊക്കെ വന്നാലും എനിക്കവരെ രക്ഷിക്കണം . ബൈല മനസ്സിൽ പറഞ്ഞുകൊണ്ട് താഴേക്ക് പോയി .
 

വലിയൊരു മുറി . നിറയെ പുസ്തകകെട്ടുകളാണ് . ബൈല അവയിലോരോന്നും എടുത്തു നോക്കി . അവയിലൊന്നും അവരെ രക്ഷിക്കാനുള്ള ഒരു മാർഗവും ഇല്ലായിരുന്നു . എന്തിനു സയറോറ ഉണ്ടാക്കിയ പൂട്ട് തകർക്കാനുള്ള വിദ്യ പോലും അവൾക്കറിയില്ല . അവളുടെ ശക്തികളും വിദ്യകളും സയറോറയെ ആശ്രയിച്ചാണ് ഇരിക്കുന്നത് . തന്റേതായ ലക്ഷ്യങ്ങൾക്ക് വേണ്ടി അവൾക്ക് അത് ഉപയോഗിക്കാൻ കഴിയില്ല . എല്ലാം സയറൊറക്ക് വേണ്ടിമാത്രം . വിഷണ്ണയായി ബൈല പോക്‌സിനെ കെട്ടിപിടിച്ചുകൊണ്ട് നിലത്തേക്കിരുന്നു .
 

" ഞാൻ എന്ത് ചെയ്യും പോക്സ് ? എനിക്കെങ്ങനെയെങ്കിലും അവരെ രക്ഷിക്കണം . സയറോറ സ്വാർത്ഥനാണ് . നിന്റെ കയ്യിൽ എന്തെങ്കിലും വഴിയുണ്ടോ ? "
 

പോക്സ് അവളുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന ചെന്നായയാണ് . അതിനെ സയറോറ അവൾക്ക് സമ്മാനമായി നല്കിയതായിരുന്നു . സയറോറ തന്റെ മന്ത്രശക്തിയാൽ വളർത്തിയെടുത്തൊരു ചെന്നായ . പോക്സ് ശബ്‌ദമുണ്ടാക്കി അവളുടെ നെഞ്ചിലൂടെ വിരലുകൾ ഓടിച്ചു . അവന്റെ നഖം കൊണ്ട് വരഞ്ഞു അവിടെനിന്നും കറുത്തനിറത്തിൽ രക്തം ഒഴുകാൻ തുടങ്ങി .
 

''എന്താണ് പോക്സ് ഇതിന്റെ അർഥം ? എനിക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുന്നില്ല . എന്റെ ഉള്ളിൽ തന്നെ ഇതിനു പ്രതിവിധിയുണ്ടെന്നാണോ ? "
 

അവൻ മറുപടിയായി ശബ്‌ദമുണ്ടാക്കി . ബൈല അവന്റെ തലയിൽ തലോടി .
 

" ശരി ..ഞാനത് കണ്ടുപിടിച്ചോളാം . "
 

കണ്ണിലേക്ക് വെളിച്ചം അടിച്ചുകയറിയപ്പോൾ ഫെഡെറിക് കണ്ണുകൾ ഇറുക്കിയടച്ചു . ശരീരത്തു ചൂട് തട്ടിയപ്പോൾ അവൻ എഴുന്നേറ്റു . ഒരു തീകുണ്ഡത്തിനു അടുത്താണ് താനിപ്പോൾ ഇരിക്കുന്നത് .ആ തടവറയിൽ കിടന്നതല്ലേ ? പിന്നെ എങ്ങനെ എവിടെയെത്തി ? അവരെല്ലാവരും എവിടെ ? അവൻ ചുറ്റും നോക്കി . സാമും റോസും അയോട്ടയും അവന്റെ  അടുത്ത് തന്നെ തളർന്നു കിടപ്പുണ്ട് .
 

'' സാം ...സാം ...എണീക്ക് ..."
 

കുലുക്കി വിളിച്ചപ്പോൾ സാമെണീറ്റു കണ്ണുകൾ തിരുമ്മി . അയോട്ടയെയും റോസിനെയും വിളിച്ചെഴുന്നേല്പിച്ചു . നാലുപേരും ചുറ്റുപാടും നോക്കിനിൽക്കുകയാണ് . കുറച്ചകലെയായി അവരെ തന്നെ നോക്കി നിൽക്കുന്ന സയറോറയെ കണ്ടപ്പോൾ അവർ നാലുപേരും ഒന്നിച്ചു ഞെട്ടി .
 

" ഇയാള് നമ്മളെ കൊല്ലാൻ പൂവാണോ ? " അയോട്ട ചോദിച്ചു .
 

" അല്ലെടീ സൽക്കരിക്കാൻ കൊണ്ടുവന്നതാ ഇവിടെ ...നീ ചുറ്റുമൊന്നു നോക്കിക്കേ . എന്ത് സ്ഥലമാ ഇത് ...അയാൾ പറഞ്ഞ ആ സമയം അടുത്തെന്നു തോന്നുന്നു . " സാം പേടിച്ചു ചുറ്റും നോക്കികൊണ്ട് പറഞ്ഞു .
 

ഹ്ഹ് ...ഹ്ഹ ...
 

ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വരുന്ന സയറോറയെ കണ്ടു അവർ കൂടുതൽ പേടിച്ചു . അയാളുടെ കയ്യിലൊരു വാളുണ്ടായിരുന്നു . കയ്യിലുള്ള മാന്ത്രികവടി സയറോറ ഫെഡെറിക്കിന്റെ നേരെ തിരിച്ചു . അവനെ പിടിച്ചുകൊണ്ട് ബലിപീഠത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു .
 

" എന്റെ ആദ്യത്തെ ഇര നീയാവട്ടെ ...എന്റെ വര്ഷങ്ങളിലായുള്ള കാത്തിരിപ്പ് . നിന്നെ വീണ്ടും ഇങ്ങനെ അടുത്ത് കിട്ടുമെന്ന് ഞാൻ കരുതിയതല്ല . നീയിങ്ങനെ ഒന്നും ചെയ്യാനാകാതെ എന്റെ കണ്മുന്നിൽ കിടക്കുമ്പോൾ എനിക്ക് കിട്ടുന്ന ആനന്ദമുണ്ടല്ലോ അത് നിനക്ക് മനസ്സിലാവില്ല . "
 

ഫെഡെറിക്കിനെ പിടിച്ചു നിലത്തേക്കിരുത്തി , അവന്റെ കഴുത്തിലേക്ക് വാള് ചേർത്തുവച്ചുകൊണ്ട് പറഞ്ഞു .കൈയും കാലും പിറകിൽ കെട്ടിയിരിക്കുന്നതുകൊണ്ട് അവനു അനങ്ങാൻ കൂടെ കഴിഞ്ഞില്ല . അതിനിടയിൽ അവനു അയാൾ പറഞ്ഞതൊന്നും മനസ്സിലായില്ല . ഇതൊക്കെക്കണ്ട് പേടിച്ചുവിറച്ചു നിൽക്കുകയാണ് ബാക്കി മൂന്നുപേരും .
 

" നീ ഇവിടേക്ക് വന്നത് വലിയൊരു അബദ്ധമായിപ്പോയി ബർണോൻ  ....എനിക്കറിയാം നിനക്കൊരുപാട് സംശയങ്ങളുണ്ട് . അത് നീയിപ്പോൾ അറിയണമെന്നു  ഞാൻ ആഗ്രഹിക്കുന്നില്ല . അത് അറിയാതെ തന്നെ നീ മരിക്കണം . "
 

വലിയൊരു അട്ടഹാസത്തോടെ സയറോറ തന്റെ വാളുയർത്തി . അത് കാണാൻ കഴിയാതെ സാമും റോസും കണ്ണുകൾ പൊത്തി . അയോട്ട ബോധം മറഞ്ഞു നിലത്തേക്ക് വീണു .
 

" അരുത് ...."
 

അവരുടെതല്ലാത്ത വേറെയൊരു ശബ്‌ദം അവിടെ മുഴങ്ങി . അഞ്ചാമത്തെ ഇരയും വന്നതറിഞ്ഞു സയറോറ സന്തോഷിച്ചു . തന്റെ കയ്യിലുള്ള ഉയർത്തിപ്പിടിച്ച വാള് താഴ്ത്തി അയാൾ തല ചെരിച്ചു അവരെ നോക്കി .
 

        

                                      തുടരും ....🖤

ഒരു part കൂടിയേ കാണുള്ളൂ കേട്ടോ 🙃🙃

The Witch🖤 05 (Last part)

The Witch🖤 05 (Last part)

5
1650

" അരുത് ...."       അവരുടെതല്ലാത്ത വേറെയൊരു ശബ്‌ദം അവിടെ മുഴങ്ങി . അഞ്ചാമത്തെ ഇരയും വന്നതറിഞ്ഞു സയറോറ സന്തോഷിച്ചു . തന്റെ കയ്യിലുള്ള ഉയർത്തിപ്പിടിച്ച വാള് താഴ്ത്തി അയാൾ തല ചെരിച്ചു അവരെ നോക്കി .        " സയറോറ ദയവ് ചെയ്ത് അയാളെ വിടൂ ..."       ബൈല അപേക്ഷിച്ചു . സയറോറ പുശ്ചിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു .        " നിന്നോട് ഞാൻ പറഞ്ഞതല്ലേ ബൈല ...ഇത് നടക്കില്ല ...നീ ഇവിടെനിന്നും പോകൂ ..."        അയാൾ കൽപ്പിച്ചു . അവളത് കേട്ടിട്ട് അയാളുടെ അടുത്തേക്ക് വന്നു , സയറോറയുടെ മുൻപിൽ മുട്ടുകുത്തി .        " നീ എന്തൊക്കെ പറഞ്ഞാല