Aksharathalukal

The Witch🖤 05 (Last part)

" അരുത് ...."
 
 
 
അവരുടെതല്ലാത്ത വേറെയൊരു ശബ്‌ദം അവിടെ മുഴങ്ങി . അഞ്ചാമത്തെ ഇരയും വന്നതറിഞ്ഞു സയറോറ സന്തോഷിച്ചു . തന്റെ കയ്യിലുള്ള ഉയർത്തിപ്പിടിച്ച വാള് താഴ്ത്തി അയാൾ തല ചെരിച്ചു അവരെ നോക്കി . 
 
 
 
" സയറോറ ദയവ് ചെയ്ത് അയാളെ വിടൂ ..."
 
 
 
ബൈല അപേക്ഷിച്ചു . സയറോറ പുശ്ചിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു . 
 
 
 
" നിന്നോട് ഞാൻ പറഞ്ഞതല്ലേ ബൈല ...ഇത് നടക്കില്ല ...നീ ഇവിടെനിന്നും പോകൂ ..." 
 
 
 
അയാൾ കൽപ്പിച്ചു . അവളത് കേട്ടിട്ട് അയാളുടെ അടുത്തേക്ക് വന്നു , സയറോറയുടെ മുൻപിൽ മുട്ടുകുത്തി . 
 
 
 
" നീ എന്തൊക്കെ പറഞ്ഞാലും പ്രവർത്തിച്ചാലും എന്റെ തീരുമാനം മാറില്ല . എന്റെ ക്ഷമ പരീക്ഷിക്കാതെ നീ ഇവിടുന്നു പോകാൻ നോക്ക് ബൈല ..." സയറോറ ശബ്‌ദമുയർത്തി .
 
 
 
" ഞാൻ പോകില്ല സയറോറ ...അവരെ കൊല്ലുന്നതിനു മുൻപ് അങ്ങ് എന്നെ തോൽപ്പിക്കേണ്ടി വരും . " 
 
 
 
" അത് എനിക്ക് വളരെ നിസ്സാരമായ കാര്യമാണെന്നു എന്റെ മോൾക്ക് അറിയാലോ ? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് . ഇപ്പോൾ നീ ഇവിടെനിന്നു പോ ...നിന്റെ സമയമാകുമ്പോൾ നിന്നെ ഞാൻ വിളിക്കാം .അപ്പോൾ വന്നാൽ മതി . പോ ..." 
 
 
 
സയറോറ കൈകൾ പൊക്കി ആക്രോശിച്ചു . ബൈല എഴുന്നേറ്റു ഫെഡെറിക്കിനെ നോക്കി . ഇതേ സമയം ഇവിടെ എന്താ നടക്കുന്നതെന്നറിയാതെ ആശയകുഴപ്പത്തിലായിരുന്നു ബാക്കി എല്ലാവരും . 
 
 
 
" ബർണോൻ ....എഴുന്നേൽക്ക് ...നിന്നെ രക്ഷപെടാൻ ഞാൻ സഹായിക്കാം ...പണ്ട് ഞാൻ ചെയ്ത തെറ്റെനിക്ക് തിരുത്തണം . നിന്റെ ജീവനാണ് എനിക്ക് മുഖ്യം ..."
 
 
 
ബൈല ബെർണോന്റെ കയ്യിലെ കെട്ടുകൾ അഴിച്ചെടുത്തു കൊണ്ട് പറഞ്ഞു . 
 
 
 
'' അവനെ ഇവിടെനിന്നും രക്ഷപെടാൻ നീ സഹായിക്കുമെന്നോ ? നിന്നെ കൊണ്ടതിനു കഴിയുമോ ബൈല ...? എനിക്ക് തോന്നുന്നില്ല . " 
 
 
 
സയറോറ അവളെ കളിയാക്കിചിരിച്ചു . ബൈല എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് വന്നു .
 
 
 
" അത് നിങ്ങൾ അല്ല സയറോറ തീരുമാനിക്കുന്നത് . എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് . ഇത്രെയും നാളും നിങ്ങൾ പറഞ്ഞത് കേട്ടല്ലേ ഞാൻ ജീവിച്ചത് .ഇനി ഞാനൊന്നു ഒറ്റക്ക് ജീവിക്കട്ടെ ...."  ബൈല വീറോടെ പറഞ്ഞു . 
 
 
 
" ജീവിച്ചോ ജീവിച്ചോ ...പക്ഷെ ഇവിടെയല്ലെന്നു മാത്രം ...അതും ഒറ്റക്കല്ല ...പോകുമ്പോൾ ഈ നാലെണ്ണത്തെ കൂടെ കൊണ്ടുപോയ്ക്കോ ..."
 
 
 
സയറോറ പറഞ്ഞതിന്റെ അർഥം തേടുകയായിരുന്നു അവളപ്പോൾ . ചിന്തിച്ചുകൊണ്ട് നിൽക്കുന്ന ബൈലയെ കണ്ട ഉടനെ സയറോറ വാളെടുത്തു ബർണോനു നേരെ വീശി . ഫെഡെറിക്ക് അത് അവന്റെ കൈകൊണ്ട് തടഞ്ഞു . 
 
 
 
" എന്നെ തടയാൻ മാത്രം നീയായോ ? "
 
 
 
ക്രുദ്ധനായ സയറോറ തന്റെ മന്ത്രശക്തിയാൽ ഫെഡെറിക്കിനെ പഴയപോലെ ബന്ധിച്ചു . അതെ സമയം തന്നെ ബൈലയും ബർണോൻറെ അടുത്തേക്ക് ഓടിയെത്തി .
 
 
 
" ബർണോൻ ....എഴുന്നേൽക്ക് ...ഇത് പിടിക്ക് ...ഈ ലോക്കറ്റ് കൈയിലുള്ളിടത്തോളം നിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ..." 
 
 
 
നിലത്തേക്ക് വീണ ബർണോനെ എഴുന്നേൽപ്പിച്ചു അവന്റെ കയ്യിലേക്ക് ഒരു കറുത്ത നിറത്തിലുള്ള ലോക്കറ്റ് കെട്ടികൊടുത്തുകൊണ്ട് ബൈല പറഞ്ഞു . സയറോറ അത് നോക്കി നിന്നതെ ഉള്ളൂ .
 
 
 
" എന്റെ ബൈല ...നീയിത്രക്ക് വിഡ്ഢിയാണോ ? ഇതൊന്നു നോക്ക് ...ഞാൻ വിചാരിച്ചാൽ നശിച്ചു പോകാനുള്ള കേൽപ്പെ ആ ലോക്കറ്റിനൊള്ളൂ ..." 
 
 
 
സയറോറ ബർണോന്റെ കൈക്ക് നേരെ തന്റെ മാന്ത്രികവടി ചൂണ്ടി .അതിൽ നിന്നും ഒരു പ്രകാശം പുറത്തേക്ക് വന്നു ഫെഡെറിക്കിന്റെ കയ്യിൽ കെട്ടിയിരുന്ന ലോക്കറ്റിനെ പൊട്ടിത്തെറുപ്പിച്ചു . അത് കണ്ട് ബൈല ഞെട്ടി . ഇനി താൻ എങ്ങനെ ഇവരെ രക്ഷിക്കും ? അവൾ തളർന്നുപോയി . അത് മനസ്സിലാക്കി സയറോറ അവളെ കൗശലത്തോടെ നോക്കി . ബൈലക്ക് എന്തെങ്കിലും ചിന്തിക്കാൻ കഴിയും മുൻപേ അവളെയും തന്റെ ബന്ധനത്തിലേക്കാക്കി .
 
 
 
" സയറോറ ...എന്താ ഈ ചെയ്തത് ? എന്നെ അഴിച്ചു വിട് ..."
 
 
 
കയ്യിൽ കെട്ടിയിരുന്ന ഇരുമ്പ് ചങ്ങലകൾ പിടിച്ചു കുലുക്കികൊണ്ട് ബൈല അലറി .സയറോറ അവൾക്ക് ചുറ്റും വട്ടത്തിൽ നടന്നുകൊണ്ട് പറഞ്ഞു . 
 
 
 
" ഇല്ല ബൈല ... നിനക്ക് ഇനിയൊരു മോചനമില്ല . നീ ഇത് അനുഭവിക്കണം . ഇത്രെയും നാൾ ഞാൻ കാത്തിരുന്നത് ഇതിനു വേണ്ടിയാണ് . സമയവും സന്ദർഭവും എല്ലാം എനിക്കിപ്പോൾ അനുകൂലമാണ് . " 
 
 
 
" സയറോറ അങ്ങ് എന്തൊക്കെയാ ഈ പറയുന്നത് ? എനിക്കൊന്നും മനസ്സിലാകുന്നില്ല . " ബൈല നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു . 
 
 
 
" നിനക്കൊന്നും മനസ്സിലാകാത്തതാണ് ഇവിടുത്തെ പ്രശ്നം ബൈല ...നീ ഇതുമാത്രം മനസ്സിലാക്കിയെടുത്താൽ മതി നിന്നെ ഞാൻ വളർത്തിയെടുത്തത് വധിക്കാനാണെന്നു ." 
 
 
 
അത്രയും പറഞ്ഞു സയറോറ ഉറക്കെ ചിരിച്ചു . ബൈല ഞെട്ടി അയാളെ നോക്കി . അപ്പോൾ അഞ്ചാമത്തെ ആൾ ...അത് ഞാനായിരുന്നോ ? സയറോറ ഇവരുടെ ഒപ്പം എന്നെയും ബലികൊടുക്കാൻ പോവുകയാണോ ? ഇത്രയും നാൾ എന്നെ വഞ്ചിക്കുകയായിരുന്നു അല്ലെ ...അവൾ തന്നോട് തന്നെ ചോദിച്ചു .
 
 
 
" അതെ ബൈല ...എന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി എന്തിനും തുനിഞ്ഞിറങ്ങുമെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ . ഇന്നത്തെ ദിവസത്തിനു വേണ്ടിയാണ് നിന്നെ ഞാൻ വളർത്തിക്കൊണ്ട് വന്നത് . അബദ്ധവശാൽ ഞാനതു വിസ്മരിച്ചു പോയി . എങ്കിലും നീയത്തെന്നെ ഓർമിപ്പിച്ചു . നല്ല കാര്യം തന്നെ . ബർണോനെ രക്ഷപ്പെടുത്തിയതോടെ ഞാനതു ഓർത്തെടുത്തു . ഇല്ലായിരുന്നെങ്കിൽ ....ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നേനെ ഈ സുദിനം അണയാൻ ...അതുകൊണ്ട് നീയിതുമായി പൊരുത്തപ്പെട്ടേ പറ്റൂ ബൈല ...ആ അഞ്ചാമത്തെയാൾ നീയാണ് . ഇവരുടെയൊപ്പം നിന്റെ ബലികൂടെ ഇന്ന് ഇവിടെ നടക്കും . ഈ മനുഷ്യജീവനൊപ്പം നിന്റെ ശക്തികൾ കൂടെയുണ്ടെങ്കിൽ എന്റെ നിലയെന്താണെന്ന് നിനക്ക് ചിന്തിക്കാൻ കഴിയുമായിരിക്കുമല്ലോ ? നിന്റെ സയറൊറക്ക് വേണ്ടിയല്ലേ ഈ ത്യാഗം . അതിനു നിന്നെക്കൊണ്ട് കഴിയും . ഒന്നും ഇല്ലേലും നിന്നെ വളർത്തി എനിക്ക് നേരെ ശബ്‌ദമുയർത്താൻ മാത്രം ഞാൻ പാകപ്പെടുത്തി എടുത്തതല്ലേ ...." 
 
 
 
സയറോറ കുടിലമായി ചിരിച്ചു . ബൈലയുടെ ഹൃദയം നൊന്തു . അവളുടെ അവസ്ഥ നോക്കി നിൽക്കാനേ അവിടെയുള്ളവർക്ക് കഴിയുമായിരുന്നുള്ളൂ . ബൈലയെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഫെഡെറിക്ക് . 
 
 
 
ബർണോൻ ....ഇവരെന്താ എന്നെ ഇങ്ങനെ വിളിക്കുന്നത് . അതിനർത്ഥം ഇവർക്കെന്നെ നേരെത്തെ അറിയാമായിരുന്നു എന്നല്ലേ . ഇനി ഞാനും ഇവരിൽ ഒരാൾ ആയിരുന്നുവോ ? ഏയ് അല്ലായിരിക്കും ...ആള് മാറി തെറ്റിദ്ധരിച്ചതാവും . അല്ലായെങ്കിൽ ഞങ്ങൾക്കീ ഗതികേട് വരില്ലായിരുന്നു . ഫെഡെറിക്ക് അവന്റെ കൂട്ടുകാരെ നോക്കി . അവർ എല്ലാവരും അവശരാണ് . 
 
 
 
" അപ്പോൾ തുടങ്ങട്ടെ ഞാൻ ...ആദ്യം എന്റെ ആജന്മശത്രു തന്നെയാവട്ടെ ...ബർണോൻ.... " 
 
 
 
പെട്ടെന്ന് തന്നെ സയറോറയുടെ ശബ്‌ദം അവിടെ മുഴങ്ങി . സയറോറ ഫെഡെറിക്കിനെ പിടിച്ചു കൊണ്ട് ബൈലയുടെ അടുത്ത് മുട്ടുകുത്തി നിർത്തി . 
 
 
 
" ഇവനെ കൊല്ലുന്നതു നീ ശരിക്കും കാണു ..." 
 
 
 
അത്രയും പറഞ്ഞു സയറോറ ഫെഡെറിക്കിന്റെ കഴുത്തിനു മുകളിൽ വാളുവച്ചു ഉന്നംപിടിച്ചു . 
 
 
 
" വൂഹ് ..." 
 
 
 
വാലാട്ടിക്കൊണ്ട് പോക്സ് ബൈലയുടെ അടുത്തേക്കെത്തി . സയറോറ തലതിരിച്ചു പോക്‌സിനെ നോക്കി . 
 
 
 
" നിനക്കെന്താ പോക്സ് ഇവിടെകാര്യം ? അപ്പുറത്തേക്ക് പോ ..." 
 
 
 
അയാൾ അവനെ നോക്കി പറഞ്ഞു . കൈകൊണ്ട്  പോകാൻ നിർദേശിക്കുന്നുമുണ്ട് . പോക്‌സിനെ നോക്കിനിൽക്കുകയായിരുന്നു ബൈല . അവളെ നോക്കികൊണ്ട് തന്നെ പോക്സ് സയറോറയുടെ മന്ത്രികവടിയിൽ ചുറ്റിയിട്ടിരിക്കുന്ന മാന്ത്രികമണിയും കടിച്ചെടുത്തോണ്ട് ഓടി . സയറോറ ഒരു നിമിഷം ഞെട്ടിനോക്കി . തന്റെ കയ്യിൽ പിടിച്ചിരുന്ന വടിയിലേക്ക് നോക്കി . അപ്പോഴാണ് നടന്നത് സ്വപ്നമല്ല സത്യമായിരുന്നുവെന്നു മനസിലാക്കിയത് . അയാൾ പോക്സ് പോയ വഴിയേ തിരിഞ്ഞോടി . 
 
 
 
" പോക്സ് ...നിന്നോട് നിൽക്കാനാ പറഞ്ഞത് ...അവിടെ നിൽക്ക് ..." 
 
 
 
സയറോറ പോക്സിന്റെ പുറകെ ഓടുന്നതിനിടയിൽ വിളിച്ചുപറഞ്ഞു . 
 
 
 
" പോക്സ് ...ഇതിന്റെ ഭവിഷ്യത് നീ അനുഭവിക്കും . അവിടെ നിൽക്ക് ...നില്ക്കാൻ ..." 
 
 
 
സയറോറ അലറി . പോക്സ് കോട്ടക്ക് പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിക്കുകയാണ് . ഇതിന്റെയിടയിൽ സയറോറയുടെ ആക്രോശം അവൻ കേൾക്കുന്നുമുണ്ട് . ഈ മണിയിലാണ് സയറോറയുടെ ശക്തികൾ എല്ലാം എന്ന് അവനും ബൈലക്കും അറിയാം . തന്നെയുമല്ല കോട്ടക്ക് അകത്തു നിന്ന് മാത്രമേ സയറൊറക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ . ബർണോൻ പണ്ട് സയറോറക്കായി തടവറ തീർത്തത് കോട്ടക്കകത്താണ് . അതുകൊണ്ട് തന്നെ അയാൾക്ക് കോട്ടക്ക് പുറത്തു ഒന്നും ചെയ്യാൻ കഴിയുകയില്ല .  ഇതൊന്നും ആലോചിക്കാതെ പോക്സിന് പുറകെ ഓടിക്കൊണ്ടിരുന്ന സയറോറ കോട്ടയുടെ അതിർത്തികടന്നു . പോക്സ് നിർത്താതെ ഓടുകയാണ് . അവന്റെയൊപ്പം ഓടിയെത്താൻ സയറൊറക്ക് ആവില്ല . തന്റെ പ്രായാധിക്യത്താൽ അയാൾ കൂടുതൽ തളർന്നു . എങ്കിലും തന്റെ ശക്തികളുടെ മൂല്യം അറിയാവുന്നതുകൊണ്ട് അയാൾ പോക്‌സിനെ പിന്തുടരാൻ തന്നെ തീരുമാനിച്ചു . ആ സമയത്ത് അയാൾ ബൈലയെ മറന്നു ബർണോനെ മറന്നു . തന്റെ ലക്‌ഷ്യം വരെ മറന്നുപോയി . 
 
 
 
" ബർണോൻ ....നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ? "
 
 
 
സയറോറയുടെ കെട്ടുകളിൽ നിന്നും മോചിതയായ ബൈല ബർണോണിന് അടുത്തേക്കെത്തി . അവനെ പിടിച്ചെഴുന്നേല്പിച്ചു തന്റെ ശക്തികൾ കൊണ്ട് കെട്ടുകൾ മോചിപ്പിച്ചു . അവൻ നേരെ നിൽക്കാനുള്ള ഊർജം നൽകി . കൂട്ടത്തിൽ സാമിനെയും അയോട്ടയെയും റോസിനെയും പഴയപോലെ , ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവന്നു . ഫെഡറിക്കും കൂട്ടരും അവളെ തന്നെ നോക്കി നിൽക്കുകയാണ് . അത് അറിഞ്ഞുകൊണ്ട് ബൈല പറഞ്ഞു .
 
 
 
" നിങ്ങൾ ഇവിടെ നിന്നും പൊയ്ക്കൊള്ളൂ ... നിങ്ങൾ വന്ന സ്ഥലത്തേക്ക് എത്താൻ  ഞാൻ നിങ്ങളെ സഹായിക്കാം . ഇനി ഒരിക്കലും ഇവിടേക്ക് വരരുത് . അത് നല്ലതിനാവില്ല . പൊയ്ക്കൊള്ളൂ ...ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടയാവാതിരിക്കട്ടെ ..." ബൈല പറഞ്ഞു . 
 
 
 
" ബൈല ...ബർണോൻ ..." 
 
 
 
ഫെഡെറിക്ക് അവളുടെ അടുത്തേക്ക് വന്നു എന്തോ  ചോദിക്കാനാഞ്ഞു . അത്‌ ശ്രവിക്കാതെ ബൈല തൻറെ കൈകൾ ഉയർത്തി . അവളുടെ മന്ത്രികദണ്ഡ് ആ കൈകളിൽ പ്രത്യക്ഷ്യപെടുന്നത് നോക്കി മറ്റുള്ളവർ നിന്നു . അവളതു അവരുടെ മധ്യത്തിലേക്ക് ചൂണ്ടി . ഫെഡെറിക് അവൾ എന്താണ് ചെയ്യുന്നതെന്നറിയാൻ കഴിയാതെ നിന്നു . കുറച്ചു സമയം കഴിഞ്ഞപ്പോൾ തങ്ങൾ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി നാലുപേർക്കും അനുഭവപ്പെട്ടു . 
 
 
 
അതേ തങ്ങൾ പറക്കുകയാണ് . ബൈല തങ്ങളിൽ നിന്നും അകന്നു പോകുകയാണ് . ഫെഡെറിക് അവളുടെ കണ്ണുകളിലേക്ക് നോക്കി . ആ കണ്ണുകളിൽ തന്നോടുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു ? കരുതലിൽ ഇല്ലായിരുന്നോ സ്നേഹമില്ലായിരുന്നോ ? ഒരിക്കലും കിട്ടില്ലെന്ന്‌ അവൾ കരുതിയ അവളുടെ പ്രണയമില്ലാരുന്നോ ? അറിയില്ല .  വലിയൊരു ആത്മസംതൃപ്തിയോടെ ഫെഡെറിക്ക് അവളെ തന്നെ നോക്കിനിന്നു . കണ്ണുകളിൽ നിന്നും മറയുന്നതു വരെ അവന്റെ കണ്ണുകൾ കറുത്ത കോട്ടയെ പുല്കികൊണ്ടിരുന്നു .
 
 
 
പറക്കുന്നതിന്റെ ആഹ്ലാദത്തിൽ അയോട്ടയും റോസും ശബ്‌ദമുണ്ടാക്കി .  അവരുടെ ചിരികൾ കണ്ടു ബൈല തന്റെ കോട്ടക്ക് അകത്തുനിന്നും അവരെ നോക്കി പുഞ്ചിരിച്ചു . ഹൃദയം നിറഞ്ഞൊരു ചിരി . പിന്നീട് എന്തോ ഓർത്തപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു .
 
 
 
" സയറോറ ..." 
 
 
 
ബൈലയുടെ കണ്ണുകൾ ഈറനണിഞ്ഞു . കരയാൻ പാടില്ല . കണ്ണുകളിൽ ചുവപ്പ് പടർത്തികൊണ്ട് അവൾ ഉറക്കെ അലറി . 
 
 
 
" പോക്സ് ...." 
 
 
 
കാട്ടിലൂടെ ഓടിക്കൊണ്ടിരുന്ന പോക്സ് അവളുടെ ശബ്‌ദം കേട്ട് അവിടെ നിന്നു . പുറകെ തന്നെ വളരെ ദൂരത്തിൽ സയറോറ അവനെ പിന്തുടരുന്നുണ്ടായിരുന്നു . അതുകണ്ട് പോക്സ് നിലത്തേക്ക് ചുരുണ്ടുകൂടികിടന്നു . 
 
 
 
തന്റെ മായദൃഷ്ടിയാൽ ഈ രംഗം കണ്ട ബൈല മന്ദഹസിച്ചു . 
 
 
 
" നിങ്ങളുടെ നാശം അടുത്തിരിക്കുന്നു സയറോറ ...നിങ്ങളുടെ ദുർചിന്തകളുടെ പ്രതിഫലം ഉടനെ ഞാൻ നിങ്ങൾക്ക് തരുന്നുണ്ട് . " 
 
 
 
അത്രയും പറഞ്ഞുകൊണ്ട് ബൈല തന്റെ മാന്ത്രികവടി നിലത്തു വച്ചു . തന്റെ വലതുകരം മുന്നോട്ട് നീട്ടി . അവളുടെ കയ്യിലെ  കൂർത്ത നഖങ്ങൾ നീണ്ടുവന്നു . ബൈല അതുകണ്ട് ദീർഘമായി ഒന്ന് നിശ്വസിച്ചു .ശേഷം അവൾ തന്റെ നെഞ്ചിലേക്ക് അത് കുത്തിയിറക്കി . തന്റെ ശരീരത്തിൽ നിന്നും ഹൃദയം പിഴുതെടുത്തു . തന്റെ കയ്യിൽ കിടന്നു പിടയുന്ന സയറോറയുടെ ഹൃദയത്തിന്റെ മിടിപ്പ് പതിയെ പതിയെ  നിൽക്കുന്നത് അവൾ ബോധമറ്റു വീഴുന്നതിനു മുൻപേ അറിഞ്ഞിരുന്നു . 
 
 
 
നിലത്തു കിടന്ന പോക്സ് സയറോറയുടെ അലർച്ചകേട്ട് എഴുന്നേറ്റു . നിലത്തു മരിച്ചുവീണു കിടക്കുന്ന സയറോറ . അതികം താമസിയാതെ അയാൾ ഒരു കറുത്തപുകയായി അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നു . 
 
 
 
" വൂഹ് ...." 
 
 
 
പെട്ടെന്ന് എന്തോ ഓർത്ത പോക്സ് കോട്ടക്കകത്തേക്ക് ഓടിയെത്തി .അവൻ ചെന്നപ്പോൾ നിലത്തു കിടക്കുന്ന ബൈലയെ ആണ് കണ്ടത് . പോക്സ് ബൈലയുടെ അടുത്ത് ചെന്ന് മണത്തു നോക്കി . അടുത്ത് കിടക്കുന്ന സയറോറയുടെ ഹൃദയം കണ്ടപ്പോൾ തന്നെ അവനു കാര്യങ്ങൾ മനസ്സിലായി . പോക്സ് തിരിച്ചു ഓടി . താഴേക്ക് പടികൾ ചാടിയിറങ്ങി കുരച്ചുകൊണ്ട് അവനൊരു വാതിൽ തള്ളിത്തുറന്നു . മുറിയുടെ അകത്തിരിക്കുന്ന പെട്ടിയിൽ നിന്നും ബൈലയുടെ ഹൃദയം അടർത്തി എടുത്തു കൊണ്ടുവന്നു ശ്രദ്ധയോടെ അവളുടെ നെഞ്ചിലേക്ക് വച്ചുകൊടുത്തു . ബൈല പതിയെ കണ്ണുകൾ തുറന്നു . അടുത്തിരിക്കുന്ന പോക്‌സിനെക്കണ്ടു അവൾ അവന്റെ രോമങ്ങളിലൂടെ വിരലോടിച്ചു .
 
 
 
"പോക്സ് ...നന്ദിയുണ്ട് ....നീയില്ലായിരുന്നെങ്കിൽ ..." 
 
 
ബൈല എണീറ്റിരുന്നു പോക്‌സിനെ കെട്ടിപിടിച്ചു .പോക്സ് ചുരുണ്ടുകൊണ്ട് അവളിലേക്ക് ഒതുങ്ങിക്കൂടി . കഴിഞ്ഞ കാര്യങ്ങൾ എല്ലാം ബൈലയുടെ മനസ്സിലേക്ക് ഓടിയെത്തി . 
 
 
 
പോക്സ് നൽകിയ സൂചനയുടെ ഫലമായാണ് അവളുടെ ഉള്ളിൽ തുടിക്കുന്നത് സയറോറയുടെ ഹൃദയമാണെന്നു അവൾക്ക് മനസ്സിലായത് . തന്റെ ഉള്ളിലെ സയറോറയുടെ ഹൃദയം നശിപ്പിച്ചാൽ മാത്രേ അയാളെ കൊല്ലാൻ കഴിയൂ .....ഒരിക്കലും താനതിനു ഒരുങ്ങില്ലെന്നു അറിഞ്ഞതിനാലാവാം അയാൾ ബുദ്ധിയുപയോഗിച്ചു അത് തന്റെ ശരീരത്തിലേക്കാക്കിയത് . എല്ലാം അയാളുടെ സ്വാർത്ഥതക്ക് വേണ്ടി . അതെ സമയം ബൈലയുടെ ഹൃദയം അവളറിയാതെ കൊട്ടാരത്തിനകത്തുള്ള ഒരറയിലെ പെട്ടിക്കുള്ളിൽ നിക്ഷേപിച്ചു . പോക്സ് സയറോറയുടെ കൂടെ നേരത്തെ മുതൽ ഉണ്ടായിരുന്നതുകൊണ്ട് അവനിതെല്ലാം അറിയാമായിരുന്നു . അവനില്ലായിരുന്നുവെങ്കിൽ ...മരിക്കാൻ തനിക്ക് ഭയമില്ലായിരുന്നു .പക്ഷെ ജീവിക്കണമെന്ന ആശാ ....
 
 
 
ബൈല നിശ്വസിച്ചുകൊണ്ട് തന്റെ മടിയിൽ കിടക്കുന്ന പോക്‌സിനെ നോക്കി . അകലെ ഉൾക്കാട്ടിൽ നിന്നും ചെന്നായ്ക്കൾ ഓരിയിട്ടു . ആ ശബ്‌ദം കേട്ടുകൊണ്ട് പോക്സ് പെട്ടെന്ന് എണീറ്റു . പോക്സ് വാലാട്ടിക്കൊണ്ട് അവളെ നോക്കി . ബൈല സമ്മതമറിയിച്ചപ്പോൾ അവൻ അവരുടെ അടുത്തേക്ക് ഓടി . അവൻ പോകുന്നത് നോക്കി നിന്ന ബൈല എഴുന്നേറ്റു . ഇനിയീ മന്ത്രകോട്ടയിൽ താൻ തനിച്ചു . എന്നോ വരുമെന്ന് പ്രതീക്ഷിച്ചു ... ഒരിക്കൽ കൂടിയുള്ള കാത്തിരിപ്പ് ...
 
 
 
മാച്ചുപിച്ചുവിൽ നിന്നും യാത്ര തിരിച്ച ഫെഡെറിക്കും കൂട്ടരും ഒരു കുഴപ്പവും കൂടാതെ അവരുടെ നാട്ടിൽ എത്തിച്ചേർന്നു . ഒരു രാത്രികൊണ്ട് തങ്ങൾ അനുഭവിച്ച വിഷമതകൾ എല്ലാം അവർ മറന്നിരുന്നു . സന്തോഷത്തോടുകൂടി അവരെല്ലാവരും പിരിഞ്ഞു . ഫ്രഷായി ബാൽക്കണിയിൽ വന്നുനിന്ന ഫെഡെറിക്ക് ഒരു കാഴ്ചകണ്ടു അത്ഭുതപ്പെട്ടു പോയി . താൻ ഇന്നലെ കണ്ട  കോട്ട തന്റെ ഫ്ലാറ്റിന്റെ മുന്നിലായിട്ട് .  അകലെയൊരു മലമുകളിൽ ആണത് നില്കുന്നത് . അവിടേക്ക് അത്  എടുത്തു മാറ്റിവച്ചതു പോലെയുണ്ട് . കണ്ണുകൾ ചിമ്മി തുറന്നു ഫെഡെറിക്ക് ഒന്നുകൂടെ അതിലേക്ക് നോക്കി . 
 
 
 
'' ബൈലയുടെ കോട്ട അവിടെയില്ല ...." 
 
 
 
തന്റെ തോന്നലായിരുന്നുവല്ലേ  . ഫെഡെറിക്ക് അവനെ തന്നെ നോക്കി ചിരിച്ചു . പെട്ടെന്ന് എന്തോ ഓർത്തപ്പോൾ ഫെഡെറിക്ക് ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറി . ടേബിളിൽ വച്ചിരുന്ന കാറിന്റെ കീ എടുത്തുകൊണ്ട് മുറിപൂട്ടി താഴേക്കിറങ്ങി . കാറിന്റെ ഫ്രന്റ് മിററിലെ തന്റെ മുഖത്തേക്ക് നോക്കി അവൻ തലയാട്ടി ചിരിച്ചു പറഞ്ഞു . 
 
 
 
" ബർണോൻ ...." 
 
 
 
കാർ സ്റ്റാർട്ട് ചെയ്തു . വണ്ടിയുടെ വേഗതക്ക് അനുസരിച്ചു വീശിയടിക്കുന്ന കാറ്റിൽ അവനുറക്കെ അലറി .
 
 
 
" ബർണോൻ ...ബർണോൻ ...ബർണോൻ ..." 
 
 
 
വര്ഷങ്ങളായി ഇരുട്ടിന്റെ തടവറയിൽ കഴിയുന്ന ഒരു ദുര്മന്ത്രവാദിനിയെ അറിയാനുള്ള ഫെഡെറിക്കിന്റെ യാത്ര ...അതിലൂടെ അവൻ അവനെ തന്നെ തിരിച്ചറിയട്ടെ ...
 
 
 
പുതിയൊരു രാത്രിയിൽ പോക്സുമൊത്തു കോട്ടമുറ്റത്തു  ഇരുന്ന ബൈല ഇരുണ്ട ആകാശത്തേക്ക് നോക്കി വെറുതെ മോഹിച്ചു .
 
 
 
I don't need you to light up my world 
Just sit with me in the dark ...🖤
 
 
 
അവൾ പറയാൻ കൊതിച്ചത് ഇതായിരുന്നോ ? അറിയില്ല . പക്ഷെ ബർണോൻ അവൾക്കടുത്തേക്ക് എത്തിച്ചേർന്നിരുന്നു .  അവളെ നോക്കികൊണ്ട് അവളറിയാതെ അവനുമുണ്ടായിരുന്നു ആ കോട്ടമതിലിനു ഇപ്പുറത്ത് . 
 
 
 
                                    
 
                                അവസാനിച്ചു ....🖤