❤️എന്നെന്നും കൂടെ ❤️
രാവിലെ എണീറ്റു അപ്രത്ത് പോയി അവിയെ വിളിച്ചുപണർത്തി ...... എഴുന്നേറ്റു ഇരിക്കുന്ന കണ്ടിട്ടാണ് ഇങ്ങോട്ടേക്കു പോന്നത്. ചെക്കനിനിയും കിടന്നു ഉറങ്ങുവോ ആവോ...?
അവി...അവിനാഷ്...
എന്റെ അയൽവാസി...... അതിലുപരി ദരിദ്രവാസി...... സർവോപരി മരമണ്ടൻ....
സോറി സോറി.... നമ്മൾ ചങ്കുകളെക്കുറിച്ചു പറയുമ്പോൾ ഇങ്ങനെ പൊക്കിയല്ലേ പറയൂ.... അതാട്ടോ..... വേറൊന്നും വിചാരിക്കല്ലേ.....
ഇനി ഞാൻ ശരിക്കും പറയാം.....
അവി,, എന്നേക്കാൾ ഒരു വയസ്സിനു മൂപ്പുണ്ട് ചെക്കന്. പക്ഷേ ഞങ്ങൾ' എടാ പോടാ.'........
സോറി.. 'പോടീ' ബന്ധമാ....
എന്റെ അച്ഛന്റെ ഫ്രണ്ട് ആയിരുന്നു അവന്റെ അച്ഛൻ. പക്ഷേ അവനിപ്പോ അമ്മ മാത്രമേ ഒള്ളൂ...
അങ്ങനല്ല ഞങ്ങളെല്ലാം ഉണ്ട് എന്നാലും....... അവനു സ്വന്തം അച്ഛനെ നഷ്ടമായി....
അവിയും ശോഭമ്മയും ഒരു മതിൽ കൊണ്ട് പോലും തിരിക്കാത്ത തൊട്ടടുത്ത വീട്ടിലാണ് താമസം. ഇവിടെ ഞാനും ഒറ്റ മോളാട്ടോ.... അച്ഛനും അമ്മയും ഞാനും.
അവിയും ഞാനും ചെറുപ്പത്തിലെ തൊട്ടുള്ള കൂട്ടാണ്. എന്നേക്കാൾ ഒരു വയസ്സ് മൂത്തതായതു കൊണ്ട്തന്നെ അവനെ ആദ്യം സ്കൂളിൽ ചേർക്കാൻ ഒരുങ്ങി. പക്ഷേ അവനില്ലാതെ ഞാനും ഞാനില്ലാതെ അവനുമില്ലന്നുള്ള അവസ്ഥയായിരുന്നു അന്നും. അങ്ങനെ ഞങ്ങളുടെ കാറിച്ചയും കൂവിച്ചയും കാരണം പ്രായമായില്ലേലും എന്നെയും സ്കൂളിൽ ചേർത്തു.
എൽ പി, യൂ പി, ഹൈ സ്കൂൾ, ഹയർസെക്കണ്ടറി വരെ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഒരുമിച്ചിരുന്നാണ് പഠിച്ചു വന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ഞങ്ങളെ *സയാമീസ് *എന്ന് ഇരട്ടപേരിട്ടു. ഇപ്പോൾ ഞങ്ങൾ പിജി ചെയ്യുന്നു. ഡിഗ്രിക്ക് കേറിയപ്പോഴാണ് ഞങ്ങൾക്ക് ചെറിയ അകലം വന്നത്..... അവൻ ബി എ ഇംഗ്ലീഷും ഞാൻ നമ്മുടെ മാതൃഭാഷ മലയാളവും.
നിങ്ങളോട് പറഞ്ഞു നിന്ന് സമയം പോയതറിഞ്ഞില്ല... ഇന്നവന്റെ പിറന്നാളാ... രാത്രി പന്ത്രണ്ടു മണിക്ക് ചെന്നു കേക്ക് മുറിപ്പിച്ചു. ഇപ്പോ അമ്പലത്തിൽ പോകാനുള്ള തയ്യാറെടുപ്പിലാ ഞങ്ങൾ .
അയ്യോ ഷാൾ ഇടാൻ മറന്നു. വന്ന വഴി ഓടി പോയി ഷാൾ എടുത്തിട്ടു. അവിക്ക് ഞാൻ ഷാൾ ഇടാതെ ഇറങ്ങിയാൽ ബാധ കേറും. മുറ്റത്തിറങ്ങി വണ്ടി എടുക്കാൻ വിളിച്ചു പറയുന്നതിനു മുന്നേ ചെക്കൻ ഇങ്ങെത്തി.
"നടന്നാണോ?? "
"അല്ല.. നിന്നെ ഞാൻ എടുക്കാം... നടക്കടി അങ്ങോട്ട്... ""
എനിക്ക് നടക്കാൻ മടിയുള്ള കൂട്ടത്തിലാ. അവന്റെ ബൈക്കിന്റെ പുറകിലിരുന്നാണ് എങ്ങോട്ടും സവാരി.... ഇതിപ്പോ അമ്പലം അടുത്താണ്. പോരാത്തതിന് ഞങ്ങളുടെ നാടിന് ലേശം ഭംഗി കൂടുതലാ... ഒരു ചെറിയ ഗ്രാമം. പിന്നെ അതിരാവിലെ ഇങ്ങനെ മഞ്ഞും കൊണ്ട് വർത്താനം പറഞ്ഞു നടന്നു പോകാൻ അവനു വല്യ താത്പര്യം..
സൂര്യഭഗവാൻ വെളിച്ചം വിതറി ഉയർന്നു വരുന്നുണ്ട്. പുലരിയെ മോടിപിടിപ്പിക്കാൻ തലേന്നത്തെ മഴയുടെ അവശേഷിപ്പായി വെള്ളത്തുള്ളികൾ ഇലപടർപ്പുകളിൽ തങ്ങി നിൽപ്പുണ്ട്. ഇളം വെയിലേറ്റവ രത്നകല്ല് പോലെ വെട്ടിതിളങ്ങുന്നു.
കാഴ്ച്ചയും ആസ്വദിച്ചു നടക്കുമ്പോഴാണ് ഒരു കുടം വെള്ളം കൈവിരലുകൾക്കിടയിലൂടെ തെന്നിതെറിച്ചതുപോൽ എന്റെ മേൽ വന്നു വീണത്.
അവി മരക്കൊമ്പുകൾ കുലുക്കി മഴ പെയ്ത ഓർമത്തുള്ളികളെ വർഷിച്ചതാണ്.
ഒന്ന് നോക്കി നല്ല രീതിയിൽ പല്ലിറുമ്മി കാണിച്ചു.
ശരീരത്തിലും മനസ്സിലും അവ ഒരു കുളിർ പകർന്നു തന്നെങ്കിലും നടത്തിച്ചതിന്റെ ചെറിയൊരു പിണക്കം.
ആൾക്കതു മനസിലായി.... അല്ലേലും എന്റെ അച്ഛനെയും അമ്മയെയുംകാൾ എന്നെ മനസിലാക്കി മനപാഠമാക്കി വച്ചവനാണവൻ .
ഒന്ന് കണ്ണ് ചിമ്മി കാട്ടിയിട്ട് തലയ്ക്കൽ കയറി നടക്കണ കണ്ടു.
അമ്പല മുറ്റത്തെത്തിയപ്പോൾ ഷർട്ടിന്റെ ഒരു വശം അഴിച്ചിടുന്നുണ്ട്. തൊഴുതിറങ്ങുന്ന പെൺപിള്ളേർടെ കണ്ണ് അവന്റെ മേലാണ്..
""ഇവറ്റകൾക്കൊന്നും വേറെ പണി ഇല്ലേ??
പ്രാർത്ഥിക്കാൻ വന്നിട്ടു വായിനോക്കി നിൽക്കുന്നു. ""
പിറുപിറുത്തു കൊണ്ട് നേരെ ചെന്നു നിന്നത് വഴിപാട് കൗണ്ടറിന്റെ മുന്നിലാണ്.
""അവിനാഷ്.. തിരുവാതിര.. ""ഭാഗ്യസൂക്തത്തിനു എഴുതിപ്പിച്ചു രസീതും വാങ്ങി കൊടിമരത്തിനു മുന്നിലേക്ക് ചെന്നു.അവൻ എന്നെ നോക്കി അവിടെ നിൽപ്പുണ്ടാകുമെന്നറിയാം. എല്ലാ കാര്യത്തിനും എന്നെ മുന്നിൽ വിട്ടാണ് ശീലം. എതിർത്ത് പറഞ്ഞാൽ ""ലേഡീസ് ഫസ്റ്റെന്ന ""ഡയലോഗ് അടിച്ചു ഒറ്റക്കാലിൽ നിൽക്കും ആശാൻ.
""ഭഗവാനെ..... അവന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുത്തേക്കണേ.... ""
അത്ര മാത്രമേ പറയാൻ ഒള്ളൂ...
പൂരത്തിനും ഞങ്ങളുടെ പിറന്നാൾ ദിവസങ്ങളിലും മാത്രമേ ക്ഷേത്ര ദർശനമുള്ളു... അപ്പൊ പറയാനുള്ള ഏക കാര്യവും ഇതു തന്നെയാവും. അവനും എന്താ പ്രാർഥിച്ചിട്ടുണ്ടാവുക എന്നെനിക്കറിയാം.
കണ്ണു തുറന്നപ്പോ പ്രദക്ഷിണം വയ്ക്കാൻ കാണിച്ചു. ഞാൻ മുന്നേയും അവൻ പിറകെയുമായി നടന്നു.
""അവിനാഷ്... തിരുവാതിര.. ""
തിരുമേനി വിളിച്ചു. പ്രസാദം വാങ്ങാൻ അവനെ ഉന്തി തള്ളി വിട്ടു. തിരികെ വന്നു ഇലചീന്ത് എന്റെ നേർക്ക് നീട്ടി. അത് പണ്ട് മുതൽക്ക് ഉള്ളതാ..... ഞാൻ തൊട്ട് കൊടുക്കണം. അവൻ തൊട്ടാൽ അത് അധികനേരം നിൽക്കില്ല. ഞാനാണ് തൊടുന്നതെങ്കിൽ അതിനു ആയുസ്സ് കൂടുതൽ ആണത്രേ...
മോതിരവിരലിൽ തൊട്ട് ഒരു നുള്ള് ചന്ദനം നെറ്റിയിൽ വരച്ചു.
തിരിച്ചു വരുന്ന വഴി മേലേടത്ത് തറവാട് എത്തിയപ്പോഴെ കണ്ടു ചെമ്പരത്തി വേലിക്കെട്ടുകൾക്കടുത്ത് നിൽക്കുന്ന ഗായത്രിയേ... ഞങ്ങൾ പഠിക്കുന്ന കോളേജിൽ തന്നെ സെക്കന്റ് ഇയർ ആണ്. അവിയുടെ ജൂനിയർ. ആൾക്ക് അവിയോടൊരു ഇഷ്ടമുണ്ട്. അവനുമതറിയാം. അതുകൊണ്ട് തന്നെ കാര്യമായി ശ്രദ്ധിക്കാറില്ല. പലതും പറഞ്ഞു അടുത്ത് വരുമ്പോൾത്തന്നെ ഒഴിവാക്കാൻ പോലും നിൽക്കാതെ സ്വയം ഒഴിഞ്ഞു പോവാറാണ് പതിവ്. പിന്നീട് ആ പേരും പറഞ്ഞാണ് അന്ന് മുഴുവൻ ഞാൻ കളിയാക്കാറ്.....
""ആഹാ അമ്പലത്തിൽ പോയതാണോ....?? ""അവിയേ നോക്കിയാണ് ചോദ്യം.
അവൻ തെങ്ങുമ്മേലേ തേങ്ങ എണ്ണി നിൽപ്പാണ്.
""ഹാ... ഇന്ന് സ്പെഷ്യൽ ഡേ അല്ലെ.. അതാ. ""അവിക്കിട്ട് ഒരു പണി ആയിക്കോട്ടെയെന്ന് കരുതി തന്നെ പറഞ്ഞതാണ്.
"ഇന്നെന്താ ചേച്ചി സ്പെഷ്യൽ?? ""
അവളുടെ ചോദ്യത്തേക്കാൾ ശബ്‌ദത്തിൽ അവിയുടെ പല്ലിറുമ്മുന്ന സ്വരം കേട്ടു.
""ഇവന്റെ ബർത്ഡേയ്... ""നല്ലൊരു ഇളി വച്ച് കൊടുത്തു അവനു നേർക്ക്. ഗായത്രിയുടെ മുഖം ആദ്യ സന്തോഷത്താൽ വിടരുന്നതും പിന്നീട് പരിഭവവും നിരാശയും നിഴലിക്കുന്നതും കണ്ടു.
""ശ്ശോ.. ഞാൻ നേരത്തെ അറിഞ്ഞില്ല..... എനിവേ ഹാപ്പി ബർത്ഡേയ് അവിയേട്ടാ... ""
""താങ്ക്സ് ""
ഒരു ചെറു പുഞ്ചിരി അവള്ക്ക് കൊടുത്തുകൊണ്ട് വാച്ചിൽ നോക്കിയവൻ മുന്നോട്ട് നടന്നു. തലയാട്ടി യാത്ര പറഞ്ഞു ഞാനും പുറകെ വച്ചു പിടിച്ചു. ഓടുവാണോ നടക്കുവാണോ എന്നറിയാൻ വയ്യാത്ത രീതിയില പോക്ക്.
""എന്ത് പറ്റി..വാലിനുതീ പിടിച്ചോ .??
തീ പാറുന്ന നോട്ടം കിട്ടിയെങ്കിലും വീടെത്തുന്ന വരെ ചൊറിഞ്ഞു.
സദ്യ ഒക്കെ എന്റെ വീട്ടിലാണ്. അടുക്കളയിലേക്ക് കയറിയപ്പോ കണ്ടു തിരക്കിട്ടു ഓരോന്ന് പണികളിൽ ഏർപ്പെട്ടിരിക്കുന്ന അച്ഛനേം അമ്മയേം ശോഭമ്മ
യെയും.പായസത്തിനു അരിഞ്ഞു വച്ച തേങ്ങക്കൊത്ത് വാരി തിന്നും അല്ലറ ചില്ലറ അലമ്പ് ഉണ്ടാക്കിയും നിന്നു. അവസാനം ചട്ടുകം കൊണ്ടുള്ള അമ്മയുടെ ഭീഷണി വന്നപ്പോ ഞാനും അവിയും ഇറങ്ങി ഓടി.
ഉച്ചക്ക് ഊണിനു എല്ലാരും ഒരുമിച്ചിരുന്നു. അച്ഛനും അമ്മയും ശോഭമ്മയുംമെല്ലാം അവനു വാരിക്കൊടുത്ത് ഊട്ടിയപ്പോ ചുണ്ടും പിളർത്തി പരിഭവം നടിച്ചിരുന്ന എനിക്ക് ആദ്യത്തെ ഉരുള തന്നതും പിറന്നാള്കാരൻ തന്നെയായിരുന്നു.
ദിവസങ്ങളും മാസങ്ങളുമെല്ലാം അടർന്നു വീണുകൊണ്ടിരുന്നു. തല്ലുകൂടിയും വാശിപിടിച്ചും സ്നേഹിച്ചും ഞങ്ങൾ മുന്നോട്ടു പൊയ്ക്കോണ്ടിരുന്നു. എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ അവിയും അവന്റെ ആഗ്രഹങ്ങൾ സ്വന്തമാക്കാൻ ഞാനും പരസ്പരം താങ്ങും തണലുമായി നിന്നു. ഞങ്ങൾ പഠിച്ചിറങ്ങിയ കോളേജിൽ തന്നെ അധ്യാപകരായിരിക്കുന്നു ഞങ്ങളിപ്പോൾ. അങ്ങനെ എല്ലാ കാര്യങ്ങൾക്കും ഒരുമിച്ചുണ്ടായിരുന്ന ഞങ്ങൾ ഇപ്പോഴും ഒന്നിച്ച് തന്നെ......
ഗായത്രി ഇപ്പോ പി ജി അവസാന വർഷമായി. അവളുടെ അധ്യാപകനായി അവിയും. അവളുടെ ക്ലാസ്സിൽ കയറുമ്പോ തന്നെ അവൻ പതറും. അവളുടെ ഇഷ്ടം വീട്ടിൽ അറിയിച്ചപ്പോൾ തന്നെ മേലേടത്തുനിന്നും കാർന്നോർമാർ വന്നു തിരക്കി.. അവർക്കും ഇഷ്ടായി. വല്യ കുടുംബക്കാർ ആണന്നുള്ള കാരണത്താൽ ഒഴിഞ്ഞു മാറി നടന്ന അവിയും ഹാപ്പി.
ഇതിനിടെ എനിക്കും ഒരു പ്രൊപോസൽ വന്നു. മേലേടത്തു നിന്ന് തന്നെ. ഗായത്രിയുടെ വല്യച്ഛന്റെ മോൻ... ഗൗതം...... എന്റെയും അവിയുടെയും കളിക്കൂട്ടുകാരൻ.......ബല്യകാല സുഹൃത്ത്. കൂട്ട്കുടുംബമായതിനാൽ തറവാട്ടിൽ തന്നെയാണ് ഗൗതമൊക്കെയും.
അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞാലും ദൂരെക്ക് പോകേണ്ടി വരുമെന്നോ ...അവിയെയും അച്ഛനെയും അമ്മയെയും ശോഭമ്മയെയും ഒക്കെ പിരിയേണ്ടി വരുമെന്നോ ഉള്ള വേവലാതിയുമില്ല. ഒരു വിളിപ്പാടകലെ എന്റെ അവിയുണ്ടാകുമെന്നതിനാൽ കണ്ണും പൂട്ടി കല്യാണത്തിന് സമ്മതിച്ചു.
ഇന്ന് ഞങ്ങളുടെ കല്യാണമാണ്. ഒരേ മണ്ഡപത്തിൽ... ഒരേ സമയത്തു.... ഗൗതത്തിന്റെ പേര് പതിച്ച ആലിലതാലി വന്നു നെഞ്ചിൽ വീണപ്പോൾ കണ്ണടച്ചു. ശേഷം ഒളികണ്ണിട്ട് അവി താലി കെട്ടുന്നതും നോക്കി. ഗായത്രി കൈ കൂപ്പി കണ്ണടച്ച് നിൽപ്പുണ്ട്. അവന്റെ തല തിരിഞ്ഞു വരുന്ന കണ്ടപ്പോഴെ ഗൗതത്തിനെ നോക്കി നിന്നു. അവി ഞങ്ങളെ നോക്കി നിൽക്കുവാണെന്ന് മനസിലായി.
എന്റെ മേൽ അധികാരം കാട്ടാനും അവന്റെ മേൽ അവകാശത്തിനുമായി ഞങ്ങൾക്കിടയിൽ രണ്ടു പേർ കൂടി.
""ആരൊക്ക വന്നാലും പോയാലും നീ അല്ലേടി എന്റെ ചങ്ക്.. ""
ഇറങ്ങാറായപ്പോ ഓടി വന്നു തോളിൽ കൈയിട്ടു അവൻ പറയുമ്പോൾ എന്റെ മനസ് എങ്ങനയാ ഇവൻ ഇത്ര വേഗം വായിച്ചേ എന്നായിരുന്നു എന്റെ ചിന്ത.....
കാതങ്ങൾ താണ്ടി ഒരു കവിത ഇന്നെന്റെ കാതിൽ വന്നു പതിയുന്നു..
നീ ഒരു നൂറാവർത്തി നീട്ടിയും കുറുക്കിയും തിരുത്തിയും കുറിച്ചിട്ട സൗഹൃദമെന്ന കവിത ❤️
കടപ്പാട്
ശുഭം....., 😌
©️: അച്ചൂസ് (അളകനന്ദ💕)