സഞ്ജീവനി
""ശ്രുതി ആ ഹെയർ പിൻ ഇങ്ങെടുക്ക് ""
""ഇതുവരെ കഴിഞ്ഞില്ലേ..?
മുഹൂർത്തം ആകാറായി. വേഗം ആയിക്കോട്ടെ.... ""
""ദാ ഇപ്പൊ കഴിയും.. ""
കല്യാണപ്പെണ്ണിനെ അണിയിരുക്കുന്ന തത്രപ്പാടിലാണെല്ലാവരും.
ചുറ്റിനുമുള്ള ആളും ബഹളവും തിരക്കുമൊന്നും അവളെ ബാധിച്ചിരുന്നതേ ഇല്ല. ബാധിക്കാനായി അവൾ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം.
പാവ കണക്കെ എല്ലാത്തിനും നിന്ന് കൊടുക്കുമ്പോഴും കല്യാണിയുടെ മനസ് നൂല് പൊട്ടിയ പട്ടം പോലെ പാറി നടന്നിരുന്നു.
*********
""സഞ്ജു വേട്ടൻ ഫസ്റ്റടിച്ചേ.....""
ശങ്കറിന്റെയും ഗൗതമിയുടെയും ഇരട്ട കുട്ടികളായ സഞ്ജുവും ജീവനും തമ്മിലുള്ള ഓട്ട മത്സരത്തിൽ ആദ്യം വന്നെത്തിയ സഞ്ജയെ കണ്ടു തുള്ളിച്ചാടി കൈ കൊട്ടുകയാണ് കുഞ്ഞു കല്യാണി.
ഉമ്മറ തിണ്ണയിൽ അവരുടെ കളി ചിരികൾ നോക്കി ശങ്കറും ഗൗതമിയും കല്യാണിയുടെ അച്ഛൻ മാധവും ഉണ്ടായിരുന്നു.
""മതി കളിച്ചത്. നമുക്ക് വീട്ടിൽ പോകാം.. ""
മാധവൻ എഴുന്നേറ്റു കളിച്ചുകൊണ്ടിരുന്ന കല്ലുവിന്റെ അരികിലേക്ക് നീങ്ങി.
""മേണ്ട.. ഇപ്പൊ പോണ്ട... ""
ചിണുങ്ങി പറയുന്ന അവളുടെ മുഖത്തേക്ക് തന്നെയായിരുന്നു എല്ലാവരുടെയും നോട്ടം.
""അമ്മക്ക് മരുന്നു കൊടുക്കണ്ടേ കണ്ണാ എന്നാലല്ലേ അമ്മേടെ ഉവ്വാവ് മാറൂ...""
അവളെ അനുനയിപ്പിക്കാൻ അവസാനമതും പറഞ്ഞു കല്ലുവിനെ തോളിലേറ്റി മാധവൻ പോകുവാണന്നു തന്റെ സുഹൃത്തായ ശങ്കറിനെ കണ്ണുകൊണ്ട് ആഗ്യം കാട്ടി.
അച്ഛന്റെ തോളിൽ വാടിയ മുഖത്തോടെ കുഞ്ഞി കല്ലു തിരിഞ്ഞു നോക്കിയിരുന്നു. കുഞ്ഞി പെണ്ണിൽ കുഞ്ഞു കുസൃതിയായി ഉടലെടുത്ത ജീവേട്ടനെയായിരുന്നു നോക്കിയിരുന്നത്.
കൗമാരത്തിലും കളിച്ചും ചിരിച്ചും വഴക്കിട്ടും തല്ലുകൂടിയും നടന്നതെല്ലാം സഞ്ജുവിനോടൊപ്പമായിരുന്നെങ്കിലും അവളുടെ മനസ് പാഞ്ഞു നടന്നത് എപ്പോഴും ഗൗരവത്താൽ പക്വത വന്നവനെപ്പോലെ അതികമാരോടും സംസാരിക്കാതെ നടന്ന ജീവേട്ടന്റെ പുറകെയായിരുന്നു.
കോളേജിൽ അലോട്മെന്റ് വന്നപ്പോൾ ജീവേട്ടന്റെ കോളേജിൽ കിട്ടാൻ മുട്ടിപ്പായി പ്രാർത്ഥിച്ച് നടന്നു പെണ്ണ്.
കിട്ടിയത് സഞ്ജുവേട്ടൻ പഠിക്കണ കോളേജിൽ ആണെന്നറിഞ്ഞപ്പോൾ രണ്ടു ദിവസത്തേക്ക് ഭക്ഷണം പോലും വേണ്ടാതായി.
സഞ്ജുവേട്ടന്റെ തോളിൽ തൂങ്ങി കോളേജ് വരാന്തയിൽ കൂടി നടക്കുമ്പോൾ മറ്റുള്ളവർ അവരെ പ്രണയിതാക്കൾ എന്ന് മുദ്ര കുത്തി.
കല്യാണിയുടെ മനസ്സിൽ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകനെന്നും, കളികൂട്ട്കാരനെന്നും, ഒരു സഹോദരനെന്നും....... അതിനുമപ്പുറം മറ്റെന്തോ ഒരു ആത്മ ബന്ധമെന്നും മാത്രമേ സഞ്ജു വിനോട് തോന്നിയിരുന്നുള്ളൂ.
എന്നാൽ ജീവേട്ടനെയവൾ തന്റെ പ്രാണനായി പക്വത ഉറക്കാത്ത കാലത്ത് തന്നെ ഹൃദയത്തിൽ പ്രതിഷ്ടിച്ചിരുന്നു.
*********
അമ്പലത്തിലേക്ക് കുളിച്ചോരുന്നുങ്ങി പോകാനിറഞ്ഞുങ്ങുമ്പോഴും തളർന്നു കിടക്കുന്ന അമ്മയുടെ നെറ്റിയിലും അവളൊരു കറുത്ത കുഞ്ഞി വട്ടപൊട്ട് തൊടുവിച്ചിരുന്നു.
സഞ്ജുവേട്ടനോട് തല്ല് കൂടി തർക്കിച്ചു പാടവരമ്പത്തു കൂടി നടക്കുമ്പോഴും മുന്പേ നടന്നു നീങ്ങുന്ന ജീവേട്ടന്റെ നിശബ്ദത മതിവരാതെ അവളാസ്വദിച്ചു.
അമ്പലത്തിൽ നടയിലെത്തി കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ചതും അവന്റെ മോഹങ്ങളും സ്വപ്‌നങ്ങളും നടത്തി കൊടുത്തു അവനെ തനിക്കു സ്വന്തമായി തരണേ എന്നായിരുന്നു.
തൊഴുതിറങ്ങി ഇലചീന്തിലെ പ്രസാദം സഞ്ജുവേട്ടനു തൊട്ടിട്ടു തിരിഞ്ഞു ജീവേട്ടന്റെ അരികിലേക്ക് നീങ്ങാൻ ഒരുങ്ങിയപ്പോഴേക്കും അവന്റെ നെറ്റിൽയിൽ തൊടുകുറിയുണ്ടായിരുന്നു.
അറിയാതെയെങ്കിലും ആ കണ്ണുകളിൽ മിഴിനീർ ഉരുണ്ടു കൂടി....
സഞ്ജുവിനേക്കാളും ജീവനെക്കാളും മുന്നേ അവരുടെ വീട്ടിലേക്കു ഓടി കയറിയത് അവളായിരുന്നു.
പോയ വഴി കണ്ട ഇലകളിൽ ഒളിച്ചിരുന്ന മഞ്ഞുനീർ കണത്തെ പറ്റിവരെ വാതോരാതെ സംസാരിക്കുന്നവളെ ജീവൻ ഒളി കണ്ണാലെ നോക്കിയിരുന്നു. അവൾ നോക്കുമ്പോൾ മുഖം തിരിക്കും.
""കല്ലൂ..... ""
""ആ അച്ചേ വരണൂ... ""
അപ്പുറത്ത് നിന്നുള്ള മാധവന്റെ വിളിയിൽ കെറുവിച്ചുകൊണ്ടവൾ എഴുന്നേറ്റു.
ഒരു രണ്ടു മിനിറ്റിവിടെ ഇരിക്കാൻ സമ്മയിക്കില്ല.
തന്നെത്താൻ പിറുപിറുത്തു കൊണ്ട് ചെരുപ്പിടുന്നവളെ നോക്കി ശങ്കർ പറഞ്ഞു.
""മോളെ.... നീ ഇവിടെ നിന്നോടി. ജീവിതത്തിൽ കാലം മുഴുവൻ...... ഇവരിൽ ആരെ വേണമെന്ന് കൂടി പറഞ്ഞ മതി. ""
""അതേയതെ... ""
ശങ്കറിനെ ശരിവച്ചു ഗൗതമിയും കളിയാലെ കൂടി.
കൊഞ്ഞനം കുത്തി കാട്ടുന്ന സഞ്ജു വേട്ടനിൽ നിന്നും കണ്ണുടുത്ത് ജീവേട്ടനിൽ പതിപ്പിച്ചപ്പോൾ ഇവിടെ നടക്കുന്നതൊന്നുമറിയാതെ ഫോണിൽ നോക്കിയിരിക്കയാണ്.
അവന്റെ ശ്രദ്ധപിടിച്ചു പറ്റാനായി അല്പം നാണം മുഖത്ത് വരുത്തി
""സഞ്ജുവേട്ടൻ മതിയേ......""
ന്നു പറഞ്ഞു മുറ്റം വിട്ടു ഓടി ഇറങ്ങുമ്പോൾ കുനിഞ്ഞിരുന്ന മുഖത്ത് നിന്നും ഒരിറ്റ് കണ്ണീർ ഫോണിന്റെ സ്ക്രീൻനിൽ പതിച്ചത് ആരും കണ്ടില്ല.
""ഈ പെണ്ണ്...""
അവളെ നോക്കി സ്വയം തലയ്ക്കടിക്കുന്ന സഞ്ജു വിനെയാണ് അവരുടെ അച്ഛനമ്മമാരും ശ്രദ്ധിച്ചത്.
***********
""ഒരുക്കി കഴിഞ്ഞെങ്കിൽ വാ ഇറങ്ങ്.. ""
""അച്ഛൻ വന്നു വിളിച്ച നേരം അവൾ യാന്ത്രികമായി എണിറ്റു നടന്നു. നാലു പാടും ആളും ബഹളവും. മണ്ഡപത്തെ വലം വച്ച് വന്നിരുന്നപ്പോഴും തന്റെ പ്രാണനാഥനെ തിരയാൻ മനസ് പറഞ്ഞുയുന്നത് കണ്ണുകൾ അനുസരിക്കുന്നുണ്ടായിരുന്നില്ല. മുന്നിലുള്ള അഗ്നി പോലെ ഉള്ളം ആളികത്തി.
""ന്തിനാ.....ജീവേട്ട...... ന്നോട്......
എത്ര വട്ടം പറയാൻ വന്നതാ ഞാൻ....... അപ്പോഴോക്കൊ ഒഴിഞ്ഞു മാറി നടന്നില്ലേ......
ന്തിനാ..... ന്തിനാരുന്നു? ""
ഒരായിരം ചോദ്യങ്ങൾ അവളവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.
""മുഹൂർത്തമായി താലി ചാർത്തിക്കോളൂ.... ""ശാന്തിക്കാരൻ പറഞ്ഞപ്പോൾ നെഞ്ചകം പട പടാന്ന് മിടിക്കാൻ തുടങ്ങി.
എഴുന്നേറ്റു ഓടാൻ തോന്നി.
ശരീരത്തിൽ ജീവനില്ലത്തതിനാൽ ഒന്നനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
മഞ്ഞ ചരടിൽ കോർത്ത താലി നെഞ്ചിൽ വന്നു വീണപ്പോ കണ്ണുകൾ ഇറുക്കി മൂടി. വലം വെക്കാൻ പുറകിൽ നിന്നാരൊക്കെയോ പിടിച്ചു എഴുന്നേൽക്കുപ്പിക്കുമ്പോൾ കണ്ടു സ്റ്റേജിനു താഴെ ക്യാമറ കണ്ണുകളിൽ തന്നെ ഒപ്പിയെടുക്കുന്ന സഞ്ജുവേട്ടനെ.
നിറഞ്ഞു നിന്ന കണ്ണുനീരിനെ കൺപോളകൾകൊണ്ട് മൂടി ഒഴുക്കി വിട്ടു വലിച്ചു തുറന്നപ്പോ തന്നെ നോക്കി സൂപ്പർ എന്ന് കൈയ്യിലെ വിരലുകളാൽ കാണിക്കുന്നുണ്ടായിരുന്നു.
സ്വപ്‌ന ലോകത്തു എത്തിയ പോലെ ഞെട്ടിത്തരിച്ചു നിന്നപ്പോഴാണ് കൈകളിൽ പിടുത്തമിട്ടവനെ ഒരു നോക്ക് കാണുന്നത്.
"" ജീവേട്ട""ന്നു പറഞ്ഞു മുറുകെ പുണരുമ്പോൾ ചുറ്റുമുള്ള ആൾക്കൂട്ടത്തേ പോലുമവൾ മറന്നിരുന്നു..
©️: അച്ചൂസ് (അളകനന്ദ💕)
ഇഷ്ടയാലും ഇല്ലെങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് പോണേ....... 😁
.