Aksharathalukal

പ്രണയവർണ്ണങ്ങൾ - 17

"ഓക്കെ സാർ. അപ്പോ നമ്മുക്ക് കാണേണ്ടതു പോലെ കാണാം " അയാൾ എബിയെ നോക്കി പറഞ്ഞു. ശേഷം അവർ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോയി.
 
അവർ പോയതും കൃതി നേരെ എബിയുടെ അരികിലേക്ക് വന്നു.
 
 
"ഇതൊക്കെ അവരുടെ അഭിനയം ആണ്. അല്ലാതെ... ഞാൻ ... " അവർ പറഞ്ഞത് എബി വിശ്വാസിച്ചു എന്ന് കരുതിയാണ് അവൾ അങ്ങനെ പറയുന്നത്.
 
 
"എന്താണ് സത്യം എന്താണ് കള്ളം എന്നോക്കെ എനിക്ക് അറിയാം. ഇനി അതൊന്നും നീ എന്നേ പഠിപ്പിക്കാൻ നോക്കണ്ട " എബി അത് പറഞ്ഞ് പുറത്തേക്ക് നടന്നു. 
 
 
അവന് പിന്നാലെ ക്യതിയും പുറത്തേക്ക് നടന്നു.
 
 
***
 
 
വീട്ടിൽ എത്തിയതും അമ്മ മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു.
 
 
എബി ജീപ്പിൽ നിന്നും ഇറങ്ങി ഒപ്പം കൃതിയും .
 
 
"അമ്മേ...അവർ പറയുന്നതൊന്നും " കൃതി അമ്മയുടെ അരികിൽ വന്നു നിന്നു കൊണ്ട് പറയാൻ നിന്നതും അമ്മ തടഞ്ഞു.
 
 
" മോള് മുറിയിൽ പോയി ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആയി വാ.എന്നിട്ട് നമ്മുക്ക് സംസാരിക്കാം"
 
 
" ഉം " കൃതി മൂളി കൊണ്ട് നേരെ മുറിയിലേക്ക് പോയി.
 
 
എബിയും അമ്മയും ആദിയും നേരെ ഹാളിലേക്ക് നടന്നു.
 
 
സ്റ്റേഷനിൽ വച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം എബി അമ്മയോട് പറഞ്ഞു.
 
 
"ഇവരൊക്കെ മനുഷ്യരാണോ. സ്വന്തം അനിയത്തിയുടെ മകളെ സ്വത്തിനു വേണ്ടി കൊല്ലാൻ നടക്കുന്നു." ആദി പുഛത്തോടെ പറഞ്ഞു.
 
 
" അതിനു സ്വന്തം അനിയത്തി ആണെങ്കിൽ അല്ലേ " അമ്മ പറയുന്നത് കേട്ട് എബിയും ആദിയും ഒരു പോലെ ഞെട്ടി.
 
 
"കൃതി മോളുടെ അമ്മ ജാനകി എൻ്റെ സ്വന്തം അനിയത്തി അല്ല."
 
 
"അമ്മ ഇത് എന്തൊക്കെയാ പറയുന്നേ. അമ്മയല്ലെ ഇന്നലെ പറഞ്ഞെ എട്ടത്തിടെ അമ്മ ,അമ്മയുടെ അനിയത്തി ആണ് എന്ന് "
 
 
" ജാനകിയുടെ ജനനത്തോടെ അവളുടെ അമ്മ മരിച്ചു. അവളുടെ മൂന്നാമത്തെ വയസിൽ അച്ഛനും മരിച്ചു.അതോടെ നാഗമഠം തറവാട്ടിലെ കാര്യസ്ഥൻ്റെ മകളെ എൻ്റെ അച്ഛൻ എറ്റെടുക്കുകയായിരുന്നു.
 
 
മൂന്നാമത്തെ വയസിൽ അച്ഛൻ്റെ കൈയ്യും പിടിച്ച നാഗമഠം തറവാട്ടിലേക്ക് കയറി വന്ന ജാനകിയുടെ മുഖം ഇപ്പോഴും എൻ്റെ മനസിൽ ഉണ്ട്.
 
 
പിന്നീട് അവളും ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി മാറുകയായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും കുഞ്ഞനിയത്തിയായി മാറുകയായിരുന്നു.
 
 
പക്ഷേ എൻ്റെ എട്ടൻമാർ സ്വത്തിനു വേണ്ടി ജാനകിയുടെ മകളെ ഇല്ലാതാക്കും എന്ന് എനിക്ക് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല."
 
 
" ഇപ്പോൾ ആണ് എനിക്ക് റൂട്ട് എല്ലാം ക്ലിയർ ആയത്.ഇനി എന്ത് വേണം എന്ന് എനിക്ക് അറിയാം" അത് പറഞ്ഞ് എബി സോഫയിൽ നിന്നും എഴുന്നേറ്റു.
 
 
 
" എബി എന്താ നിൻ്റെ തിരുമാനം.ഇനിയും ആ പാവം കുട്ടിയെ സങ്കടപ്പെടുത്താനാണെങ്കിൽ ഞാൻ അത് സമ്മതിച്ചു തരില്ല." അമ്മ ഉറച്ച തിരുമാനത്തോടെ പറഞ്ഞു.
 
 
'' മറ്റന്നാൾ രാവിലെ ഞങ്ങൾ നാഗമഠം തറവാട്ടിലേക്ക് യാത്ര  തിരിക്കുന്നു." അത് പറഞ്ഞ് എബി നേരെ വീടിൻ്റെ പുറകു വശത്തേക്ക് നടന്നു.
 
 
ശേഷം അവൻ്റെ ബാത്ത്  റൂമിലേക്ക് ഉള്ള പൈപ്പിൻ്റെ വാൽവ് ഓഫ് ചെയ്യ്ത് ഇട്ട് മുറിയിലേക്ക് നടന്നു.
 
 
"രാവിലെ നീ എന്നോട് കാണിച്ചത് ഞാൻ മറന്നിട്ടില്ല. നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി''
 
 
എബി മനസിൽ ഓരോന്ന് കണക്ക് കൂട്ടി കൊണ്ട് മുറിയിലേക്ക് നടന്നു.
 
 
**
 
കുളിച്ച് ഫ്രഷായി ബാൽക്കണിയിൽ വന്ന് നിൽക്കുകയാണ് കൃതി.മനസിൽ എന്തോ വല്ലാത്ത ഒരു പേടി വന്ന് നിറയുന്ന പോലെ.
 
 
അവർ പറഞ്ഞതെല്ലാം അദേഹം വിശ്വാസിച്ചു കാണുമോ.ഇനിയും ആ വീട്ടിലേക്ക് തിരിച്ചു പോവുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്.
 
 
അവൾ ഓരോന്ന് ആലോചിച്ച് കൊണ്ട് ബാൽക്കണിയിലെ റീലിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു.
 
 
റൂമിലേക്ക് വന്ന എബി ബാൽക്കണിയിൽ എന്തോ ആലോചിച്ച് നിൽക്കുന്ന കൃതിയെ ആണ് കണ്ടത്.
 
 
"ഡീ " എബി ബാൽക്കണിയിലേക്കുള്ള ഡോറിൻ്റെ അരികിൽ വന്ന് നിന്ന് കൊണ്ട് വിളിച്ചു.
 
 
വിളി കേട്ട് കൃതി പെട്ടെന്ന് ഒന്ന് ഞെട്ടി.ശേഷം എന്താ എന്ന രീതിയിൽ അവൾ എബിയെ ഒന്ന് നോക്കി.
 
 
"ഇങ്ങോട്ട് ഒന്ന് വന്നേ " അത് പറഞ്ഞ് എബി അകത്തേക്ക് നടന്നു.
 
 
"ഇയാൾക്ക് ഇത് എന്തിൻ്റെ കേടാ.ഇനി രാവിലെ ഞാൻ ചെയ്യ്തതിന് തിരിച്ച് പണി തരാനാണോ എൻ്റെ കൃഷ്ണാ "
 
 
കൃതി ഓരോന്ന് ആലോചിച്ച് അകത്തേക്ക് നടന്നു.
 
 
റൂമിനുള്ളിൽ എത്തിയ അവർ ഒരു ടവൽ ചുറ്റി കൊണ്ട് ബാത്ത് റൂമിൻ്റെ ഡോറിൽ ചാരി നിൽക്കുന്ന എബിയെ ആണ് കാണുന്നത്.
 
 
''എന്താ '' കൃതി എബിയുടെ മുഖത്തേക്ക് നോക്കാതെ തറയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
 
 
" ബാത്ത് റൂമിൽ വെള്ളം വരുന്നില്ല .ടാപ്പ് കംപ്ലയിൻ്റ് ആണ്" എബി കൃതിയോടായി പറഞ്ഞു.
 
 
 
''അയിന്" കൃതി പുഛത്തോടെ ചോദിച്ചു.
 
 
" പോയി താഴേ നിന്നും വെള്ളം പിടിച്ചിട്ട് വാ '' ബക്കറ്റ് കൃതിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
 
 
"അതിനെന്താ ഇയാൾക്ക് പോയി പിടിച്ചു കൂടെ വെള്ളം "
 
 
" ഞാൻ ഈ വേഷത്തിൽ എങ്ങനെ പോയി വെള്ളം പിടിക്കും .നീ പോയിട്ട് കൊണ്ടുവാ "
 
 
"എനിക്ക് ഒന്നും പറ്റില്ല. ഇത്ര വലിയ ബക്കറ്റിൽ ഈ സ്റ്റേപ്പ് ഒക്കെ കയറി വെള്ളം കൊണ്ടുവരാൻ  .അല്ലെങ്കിൽ നിങ്ങൾ താഴേയുള്ള ബാത്ത് റൂമിൽ പോയി കുളിച്ചിട്ട് വാ"
 
 
 
" അത് പറ്റില്ല.ഞാൻ എൻ്റെ ബാത്ത് റൂം മാത്രമേ യൂസ് ചെയ്യുകയുള്ളു.''
 
 
" എന്നാ നിങ്ങൾ ഇന്ന് കുളിക്കണ്ട. രാവിലെ ഒരു വട്ടം കുളിച്ചതല്ലേ.പിന്നെ എന്തിനാ വീണ്ടും കുളിക്കുന്നേ."
 
 
" നീ പോയി വെളളം കൊണ്ടുവരുന്നോ അതോ ഞാൻ " കൃതിയുടെ കൈയ്യിൽ എബി ബലമായി പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
" വേണ്ട. ഞാൻ കൊണ്ടു വരാം." അവൾ ദേഷ്യത്തോടെ ബക്കറ്റ് എടുത്ത് താഴേക്ക് നടന്നു.
 
 
എബി ചിരിയോടെ ബെഡിൽ ഇരുന്നു.
 
 
" എട്ടാ " അപ്പോഴേക്കും ആദി അകത്തേക്ക് കയറി വന്നു.
 
 
''എന്താടാ " എബി അവനോട് ചോദിച്ചു.
 
 
"എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു''
 
 
"എന്താ ആദി .ഇവിടെ വന്ന് ഇരിക്ക് " എബി അവനെ അരികിലേക്ക് വിളിച്ചു.
 
 
"എന്താടാ ഇങ്ങനെ നോക്കുന്നേ " തൻ്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന ആദിയെ നോക്കി എബി ചോദിച്ചു.
 
 
 
" എട്ടൻ ഇപ്പോ കുറച്ച് ദിവസത്തിനകം ഒരുപാട് മാറി പോയി. എപ്പോഴും മുഖത്ത് ഒരു ഗൗരവം മാത്രം. എട്ടൻ ഒന്ന് ചിരിച്ച് കണ്ടിട്ട് തന്നെ എത്ര നാളായി "ആദി പരാതിയോടെ പറഞ്ഞു.
 
 
അത് കേട്ടതും എബി ഒരു പുഞ്ചിരിയോടെ അവൻ്റെ തോളിൽ കയ്യിട്ടു .
 
 
" ഞാൻ മാറിയിട്ടൊന്നും ഇല്ല എന്നെ ആദി.പിന്നെ കുറച്ച് ദിവസം ആയിട്ട് വിചാരിക്കാത്ത പല കാര്യങ്ങളും അല്ലേ ഇവിടെ നടക്കുന്നത്. അതിൻ്റെ ഓരോ ടെൻഷൻ അത്ര ഉള്ളൂ''
 
 
" എട്ടാ... "
 
 
''എന്താടാ ആദി "
 
 
"നാളെ അല്ലേ അനുചേച്ചിടെ മിന്നുക്കെട്ട്''
 
 
" ഉം " എബി ഒന്ന് മൂളുക മാത്രം ചെയ്യ്തു.
 
 
" എട്ടൻ വരുന്നില്ലെ പള്ളിയിൽ ''
 
 
" ഉം. വരണം "
 
 
''ആ റോയി ചേട്ടായി ആണല്ലേ അനു ചേച്ചിയേ കെട്ടുന്നത്. എട്ടനെ തോൽപ്പിക്കാനാ അയാൾ അങ്ങനെ ചെയ്യുന്നത് "
 
 
"എന്തായാലും അവളെ നന്നായി നോക്കിയാ മതിയായിരുന്നു." എബി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
 
 
" എട്ടന് ഒരുപാട് സങ്കടം ഉണ്ട് ലേ "ആദി ചോദിച്ചതും എബി അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യ്തു
 
 
''ദാ വെള്ളം " ബക്കറ്റ് കൊണ്ട് വന്ന് എബിയുടെ മുന്നിൽ വച്ച് കിതച്ച് കൊണ്ട് പറഞ്ഞു.
 
 
" ഇത് എന്താ എട്ടത്തി" കൃതിയുടെ കിതപ്പ് കണ്ടു കൊണ്ട് ആദി ചോദിച്ചു.
 
 
"ഇച്ചായന് കുളിക്കാൻ വെള്ളം ഇല്ല. അതോണ്ട് താഴേ നിന്ന് വെള്ളം പിടിച്ച് കൊണ്ടു വന്നതാ "ക്യതി കിതപ്പ് മാറാതെ തന്നെ പറഞ്ഞു.
 
 
" ഞാൻ പറഞ്ഞതാ ആദി വേണ്ട എന്ന് .പക്ഷേ ഇവൾക്ക് ഒരേ നിർബന്ധം " എബി ചിരിച്ച് കൊണ്ട് പറഞ്ഞു.
 
 
" ഇതിൻ്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ എട്ടത്തി.ഇനി വെള്ളം വേണം എന്ന് അത്ര നിർബന്ധം ആണെങ്കിൽ തൊട്ട് അപ്പുറത്തല്ലേ എൻ്റെ മുറി.അവിടെ നിന്നും വെള്ളം പിടിച്ചാൽ മതിയായിരുന്നു."
 
 
ആദി പറഞ്ഞപ്പോൾ ആണ് കൃതിയും അത് ഓർത്തത്.
 
 
" ഛേ മണ്ടത്തരം പറ്റി "കൃതി നാവ് കടിച്ചു കൊണ്ട് പറഞ്ഞു.
 
 
" എന്നാ എട്ടൻ പോയി കുളിക്ക് അതും DEAR WIFE കൊണ്ടു വന്ന വെള്ളത്തിൽ " അത് പറഞ്ഞ് ആദി പുറത്തേക്ക് നടന്നു.
 
 
എബി നേരെ കുളിക്കാനും കയറി.
 
*** 
 
ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മയും, പപ്പയും, ആദിയും അനുവിൻ്റെ വീട്ടിലേക്ക് പോവാൻ റെഡിയായി.
 
 
കല്യാണ വീട്ടിൽ ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് മറുപടികൾ നൽകേണ്ട കാരണം അമ്മക്ക് പോവാൻ വലിയ താൽപ്പര്യം ഒന്നും ഉണ്ടായിരുന്നില്ല.
 
 
പക്ഷേ അനുവിൻ്റെ കല്യാണത്തിനും തലേന്നും വരും എന്ന് ഉറപ്പ് കൊടുത്തത് കൊണ്ട് പോവാതിരിക്കാനും കഴിയില്ല.
 
 
ആദി വരുന്നില്ല എന്ന് പറഞ്ഞുവെങ്കിലും അമ്മ ഓരോന്ന് പറഞ്ഞ് നിർബന്ധിച്ച് അവനെ കൂടെ കൂട്ടി.
 
 
" എബി മോള് ഇവിടെ ഒറ്റക്കാണ്. ഞങ്ങൾ വരാൻ നേരം ഒരു പാട് ആവും .മോളേ തനിച്ചാക്കി എവിടേയും പോവരുത് ."
 
 
" ഉം ശരി'' എബി തലയാട്ടി കൊണ്ട് പറഞ്ഞു.
 
 
"മോളേ രാത്രിയിലേക്കുള്ള ഭക്ഷണം ഒക്കെ ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്. ചൂടാക്കി കഴിച്ചാൽ മതി. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കണം."
 
 
" ശരി അമ്മേ ''
 
 
അവർ പോയതും കൃതി വാതിൽ അടച്ചു .ശേഷം ഹാളിൽ വന്നിരുന്ന് ടിവി കാണാൻ തുടങ്ങി.
 
എബി നേരെ മുറിയിലേക്ക് നടന്നു.
 
വൈകുന്നേരം വിളക്ക് വച്ച് പ്രർത്ഥിച്ചു. എബി അത്ര നേരം ആയിട്ടും താഴേക്ക് വന്നില്ല.
 
രാത്രിയിലേക്കുള്ള ഭക്ഷണം ചൂടാക്കാൻ കൃതി അടുക്കളയിലേക്ക് വന്നതും പുറത്ത് ആരോ കോണിങ്ങ് ബെൽ അടിച്ചു.
 
കൃതി നേരെ ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഒന്ന് ഞെട്ടി.
 
 
 
(തുടരും)
 
★APARNA ARAVIND★
 
 
 

പ്രണയവർണ്ണങ്ങൾ - 18

പ്രണയവർണ്ണങ്ങൾ - 18

4.6
9509

രാത്രിയിലേക്കുള്ള ഭക്ഷണം ചൂടാക്കാൻ കൃതി അടുക്കളയിലേക്ക് വന്നതും പുറത്ത് ആരോ കോണിങ്ങ് ബെൽ അടിച്ചു.   കൃതി നേരെ ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഒന്ന് ഞെട്ടി.   മുട്ടോളം മാത്രം ഇറക്കമുള്ള ഡ്രസ്സ് ധരിച്ച രണ്ട് പെൺകുട്ടികളും, ഒപ്പം മൂന്ന് ചെറുപ്പക്കാരും. കൃതി അവരെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്.     അപ്പോഴേക്കും കോണിങ്ങ് ബെൽ കേട്ട് എബി താഴേക്ക് വന്നിരുന്നു.     " അമർ " പെൺകുട്ടികളിൽ ഒരാൾ ഓടി വന്ന് എബിയെ കെട്ടി പിടിച്ച് അവൻ്റെ തോളിൽ തൂങ്ങി .     "നിങ്ങൾ എന്താടാ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഒരു വിസിറ്റ് "