മാൽഗുഡി ഡേയ്സ്
ആർ.കെ നാരായണന്റെ 'മാൽഗുഡി ഡേയ്സ്'എന്ന പുസ്‌തകം വായിച്ചു കഴിഞ്ഞു. ഈ ഒരു കഥാകാരന്റെ കഴിവ് എന്താണെന്ന് ചോദിച്ചാൽ യാഥാർത്തിൽ നിലവിൽ ഇല്ലാത്ത ഒരു സ്ഥലത്തെ തന്റെ കഥകളിലൂടെ സൃഷ്ടിക്കുകയും അത് പിന്നെ യഥാർത്ഥത്തിൽ ഉള്ള ഒരു സ്ഥലമായി സമൂഹത്തെ വിശ്വസിപ്പിക്കുകയും ചെയ്തു എന്നാണ്.മാൽഗുഡി എന്നപേരു നമുക്കു സുപരിചിതമാണ്. കർണ്ണാടകയിൽ ഉള്ള സ്ഥലം എന്നൊരു ചിന്തയാണ് നമുക്കും ഉള്ളത്. പക്ഷെ അത് ഒരു കഥാകാരൻ തന്റെ കഥ നടക്കുന്ന ഒരു ഗ്രാമം ആയി സങ്കല്പത്തിൽ സൃഷ്ടിച്ചെടുത്ത ഒരു സ്ഥലം ആണെന്ന് അറിയുമ്പോൾ നമ്മൾ അത്ഭുതപ്പെടും.
ജീവിതഗന്ധിയായ കുറെ കഥകളുടെ സമാഹാരം ആണ് മാൽഗുഡി ഡേയ്സ്. ഒരു ഗ്രാമത്തിലെ കുറെ വ്യക്തികളുടെ ജീവിതങ്ങളെ ആണ് കഥാകാരൻ അവതരിപ്പിക്കുന്നത്. ഒരു വീട്ടിലെ സന്തോഷം കെടുത്തതിരിക്കാൻ അവരുടെ ഗ്രാൻഡ് ഫാദറിന്റെ മരണം മറച്ചു വയ്ക്കുന്ന മനുഷ്യത്വമുള്ള പോസ്റ്റുമാനും സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായി കള്ളം പറയുന്ന ഡോക്ടറും നാല്പതു വർഷം ആത്മാർത്ഥമായി സേവനം അനുഷ്ടിച്ച തന്റെ യജമാനനെ ദൈവത്തെ പോലെ കാണുന്ന ഗേറ്റ്മാനും അന്ധനെ നയിക്കാനായി തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ നായയും രാത്രി മുഴുവനും കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ കഷ്ടപെട്ട എന്ജിനീയറും ഇതുവരെയും ആരും ഉണ്ടാക്കിയിട്ടില്ലാത്ത പൂര്ണതയോടെ ദൈവത്തിന്റെ രൂപം നിർമ്മിച്ച ശിൽപ്പിയും ജീവിതകാലം മുഴുവനും ഒരു വീട്ടിലെ ആയമ്മയായി ജീവിതം ചിലവഴിച്ച ആയയും അബദ്ധത്തിൽ ഹീറോ ആയി മാറിയ ആറ്റ്ലീ എന്ന നായയും....എല്ലാം നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന സൃഷ്ടികളാണ്.
ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ സാധാരണക്കാരായ വ്യക്തികൾ ആണ്. പച്ചയായ ജീവിതങ്ങൾ ആണ് അദ്ദേഹം തന്റെ കഥകളിലൂടെ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്. തന്റെ കഥകളെയും മാൽഗുഡി എന്ന ഗ്രാമത്തെ പറ്റിയും കഥാകാരൻ പറയുന്നത് ഇപ്രകാരമാണ്, ഈ ഗ്രാമവും കഥാപാത്രങ്ങളുമെല്ലാം നമ്മുടെ ഇടയിൽ തന്നെയുണ്ടെന്നാണ്. നമ്മൾ എവിടെയോ കണ്ടുമറന്ന മുഖങ്ങളായി നമുക്ക് തോന്നുന്നു എന്നുള്ളത് തന്നെയാണ് കഥാകാരന്റെ വിജയവും.
1982ൽ എഴുതപ്പെട്ടവയാണ് ഈ കഥകളും മറ്റും. ഇത് അന്നത്തെ കാലത്ത് ദൂരദർശനിൽ 'മാൽഗുഡി ഡേയ്സ്' എന്ന പേരിൽ ഒരു സീരിയൽ ആയി വന്നിരുന്നു. ആ കാലത്തെ ആളുകൾ മനസ്സിൽ കൊണ്ടുനടന്ന ഒരു സീരിയൽ ആയി മാറിയിരുന്നു. തീർച്ചയായും ഒരു നല്ല വായനാനുഭവം ഇത് നല്കും എന്നതിൽ സംശയം തെല്ലുമില്ല. 2017ൽ ഇതിന്റെ ഒരു മലയാളം എഡിഷൻ ഡിസി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.
🖋️ചങ്ങാതീ❣️