Aksharathalukal

ശ്രുതി......

വളരെ യാദൃശ്ചികമായാണ്  ബസ്സ്റ്റോപ്പിൽ വച് ശ്രുതിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം......ആദ്യം പെട്ടെന്നു എനിക്ക് ആളെ മനസിലായില്ല. എസ്. എസ്. എൽ. സി എക്സാമിന്റെ റിസൾട്ട്‌ വന്നതിനു ശേഷം സർട്ടിഫിക്കറ്റ് വാങ്ങി വരുമ്പോഴാണ് അവളെ അവസാനമായി കണ്ട ഓർമ.....അവളുടെ ഭർത്താവിനോപ്പം......


ക്ലാസ്മേറ്റ് അല്ലെങ്കിലും ബാച്ച്മേറ്റ് ആയതുകൊണ്ട് മിക്ക ദിവസങ്ങളിലും ഇന്റർവെല്ലിനും ലഞ്ച് ബ്രേക്കിനും ഞങ്ങൾ കാണാണ്ടായിരുന്നു.കാണുമ്പോൾ ഒരു ചെറിയ പുഞ്ചിരി. എങ്ങും തൊടാതെയുള്ള വിരളമായ സംസാരങ്ങൾ, എന്നിരുന്നാലും ഞാൻ അവളെ ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കിലും കലപില സംസാരിച്ചു കൊണ്ട് നടക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ ഉൾവലിഞ്ഞു പതിയെ സംസാരിക്കുന്നവർ എന്നും അത്ഭുതം ആണ്.
അങ്ങിനെയുള്ളവരെ ശല്യപെടുത്താതെ അവരെ ശ്രദ്ധിക്കാൻ എന്തോ എനിക്കിഷ്ട്ടമാണ്. അങ്ങിനെയാണ് ശ്രുതിയെയും ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്.


സ്കൂളിലേക്ക് പോകുന്ന വഴിയാണ് ശ്രുതിയുടെ വീട്. താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ അംഗമായിരുന്നു അവൾ.

അമ്മ, മുത്തശ്ശി, ചിറ്റ,രണ്ടു സഹോദരന്മാർ ഒരു അനിയത്തി,ഇതായിരുന്നു അവളുടെ കുടുംബം.

നിറം നന്നേ കറുപ്പാണെങ്കിലും അതിലേറെ ചേലായിരുന്നു അവളെ കാണാൻ.അഞ്ചടി ഉയരം, തീരെ മെലിഞ്ഞതല്ലാത്ത ശരീര പ്രകൃതം, കൈമുട്ടുവരെയുള്ള അവളുടെ മുടി കണ്ടു ഞാൻ തന്നെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. എന്തുഭംഗിയിലാണ്  അവ ഒഴുക്കും കട്ടിയുമോടെ അവൾ നോക്കുന്നതെന്നോർത്ത്.....

അവളുടെ ഒറ്റക്കൽ മൂക്കുത്തി, നെറ്റിയിൽ സാധാരണയായി അവൾ തൊടുന്ന ചുവന്ന പൊട്ട്, മിതമായ സംസാരശൈലി, കാലിൽ   ഒരുപാട് മണികളുള്ള വെള്ളികൊലുസ്,പൊതുവെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നതുകൊണ്ട് നല്ല ഒരു സുഹൃത് ശ്രുതിക്കുണ്ടായിരുന്നോ എന്നുപോലും എനിക്ക് സംശയം ആണ്.



വർഷങ്ങൾക്കു ശേഷം കൂടെ പഠിച്ചിരുന്ന കുട്ടികളെ കാണുമ്പോൾ എല്ലാവർക്കും സംശയം ആണ്...

"
സംസാരിക്കണോ? അതോ വേണ്ടേ?നമ്മൾ അവരെ തിരിച്ചറിഞ്ഞപോലെ അവർ നമ്മളെ തിരിച്ചറിയുമോ?
പോയി സംസാരിച്ചാൽ അവർക്കു നമ്മളെ ഓർമ കാണുമോ?
അധികം പരിചയമില്ലാത്ത സ്ഥിതിക്ക് പോയി സംസാരിക്കുമ്പോൾ അറിയില്ല എന്നുള്ള മറുപടി കേട്ടു ചമ്മൽ ഏറ്റുവാങ്ങണോ?
എന്നെല്ലാം ഓർത്.....
"

ഏകദേശം ഞാനും ആ അവസ്ഥയിലായിരുന്നതുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചാൽ അങ്ങോട്ടു കേറി സംസാരിക്കാം എന്നുകരുതി ഞാനും അവളെ നോക്കി നിന്നു.
ഒരു സിംപിൾ ചുരിദാറായിരുന്നു അവളുടെ വേഷം.കയ്യിൽ കെട്ടിയിരിക്കുന്ന പഴയ ചൈക മോഡൽ   ബ്ലാക്ക് സ്ട്രാപുള്ള വാചിലേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട് എങ്കിലും മുഖത്തു ബസ് വരാൻ വൈകുന്നതിലെ അക്ഷമയൊന്നും അവളിലുണ്ടായിരുന്നില്ല. വലത്തെ കയ്യിൽ ഒരു പച്ചക്കറികിറ്റ് ഉണ്ടായിരുന്നു. അതിൽ നീളത്തിൽ മടക്കിവച്ചിരുന്ന  കളിക്കുടുക്ക എടുത്ത് തോളിലുള്ള ബാഗിലേക്കു  വക്കുന്നതിനിടയിലാണ് അവൾ മുഖം ചരിച്ചു ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയത്. എന്നെ കണ്ടതും ശ്രുതി  കണ്ണുകൾ കുറുക്കി എന്നെ സംശയത്തോടെ നോക്കി പതിയ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു :


താൻ....?ടെൻത്.... എയിലായിലുണ്ടായിരുന്ന.....അനി...


ഹാവു... അപ്പോൾ ഓർമയുണ്ട് എന്നാശ്വാസത്തോടെ ഞാനും തിരികെ പുഞ്ചിച്ചുകൊണ്ട് പറഞ്ഞു :

ഹാ..അതേ, ഞാൻ തന്നെ നോക്കുകയായിരുന്നു. നിനക്കെന്നെ ഓർമകാണില്ലെങ്കിൽ ഞാൻ ചമ്മില്ലേ എന്നോർത്ത് മിണ്ടാതിരുന്നതാ 😁?

അപ്പോഴാണ് ഞാൻ അവളുടെ മുഖം വ്യക്തമായി കാണുന്നത്.....
നെറുകിലെ സിന്ദൂര രേഖ ഒഴിഞ്ഞു കിടക്കുന്നു .... എന്റെ  കണ്ണുകളറിയാതെ അവളുടെ കാലിലേക്ക് പോയി. ഉപയോഗം മൂലം പഴക്കം ചെന്ന വെള്ളിയുടെ മിഞ്ചി കാലിൽ ഇട്ടിട്ടുണ്ട്.
പെട്ടെന്ന് അവളെന്റെ മുഖത്തേക്ക് നേരെ കൈവീശീ...

ഹാ...  ശ്രുതി...താനെന്താ ചോദിച്ചേ ..?


താനെന്തലോചിച്ചു നിൽക്കുവാ? എവിടെ പോയിട്ട് വരുവാ?


ഒ... അത്.. ഞാൻ ടൗൺ വരെയൊന്നു പോയതാ. ബസ് വരാൻ ഇനിയും ടൈമെടുക്കുമോ?


അറിയില്ല..... ഉച്ചയായില്ലേ? അതുകൊണ്ടാവും.....ഇപ്പോൾ ഒന്നെകാൽ ആയില്ലേ.ഒന്നരക്ക് ടീ. എം ബസ് ഉണ്ട്.


ഹാ..... പിന്നെ എന്തൊക്കെയുണ്ട് വിശേഷം? സുഖമല്ലേ നിനക്ക്?


സുഖമാണ്😊....


പി എസ് സി ക്ക് പോകുന്നുണ്ടോ നീ?

ഹാ.... ഉണ്ട്... നിനക്കെങ്ങനെ മനസിലായി?


അത് നിന്റെ ബാഗിന്റെ കനം കണ്ടപ്പോൾ മനസിലായി .


നിനക്ക് മോളാണോ? മോനാണോ?

മോൻ ആണ്....


എത്ര വയസായി?എന്താ പേര്‌?മോൻ  സ്കൂളിലേക്ക് പോകുന്നുണ്ടോ  ? 


ജിഷ്ണു, ആറുവയസായി അവനു, ചെറുപുഷ്പ്പത്തിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു.


ആഹാ.. കൊള്ളാലോ... അവനാണോ കളിക്കുടുക്ക 😍.....


മ്മ്... അതേ......


ഹാ... അപ്പോൾ ഹസ്ബന്റ്......

അവളെന്റെ മുഖത്തേക്ക് പെട്ടെന്നു നോക്കി..... ചോദിച്ചു ചോദിച്ചു ഓരോളത്തിന്  ചോദിച്ചു പോയതാ.....
ശ്രുതി  പതിയെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു...


വിഷ്ണുവേട്ടൻ പോയി.....


എങ്ങോട്ടു?


മരിച്ചു പോയി.......


ഹ്????


ഞാൻ അവളെ ഒരു ഞെട്ടലോടെ നോക്കി. പക്ഷേ അവൾ എന്നിൽ നിന്നു മുഖം തിരിച്ചു നിന്നുകൊണ്ട് പറഞ്ഞു.....

ദേ ബസ് വരുന്നുണ്ട്...... വരുന്നില്ലേ നീ?


സോറി... എനിക്കറിയില്ലായിരുന്നു.....


ഏയ്‌... സാരല്ല....


ബസ്സിനുള്ളിലേക്ക് കയറി വലതു വശത്തെ റോയിലുള്ള ഒരു സീറ്റിലിരുന്ന സീറ്റിലിരുന്ന ശേഷം  ഞാൻ ശ്രുതിയെ തിരഞ്ഞു നോക്കി. അവൾ ഡ്രൈവറിന് പുറകെ ഉള്ള സീറ്റിലായി ഇരിക്കുന്നുണ്ട്.
എനിക്ക് ഒരുതരം വീർപ്പുമുട്ടൽ അനുഭവപെട്ടു . ഒരുപക്ഷെ മനുഷ്യ സഹജമായ സഹതാപമായിരിക്കാം ആ വീർപ്പുമുട്ടലിന് പിന്നിൽ.....


അവൾ എങ്ങനെ ആയിരുന്നു ഇത്രയും നാൾ ജീവിച്ചിട്ടുണ്ടാകുക?
... ഒരുപക്ഷെ, അവളുടെ ഭർത്താവിന്റെ വിയോഗം ഇത്രയും ചെറുപ്രായത്തിൽ എങ്ങനെ സഹിച്ചിട്ടുണ്ടാകും?
അവളുടെ കുഞ്ഞ് അവൻ അച്ഛനെ കുറിച് ചോദിക്കില്ലേ  അവളോട്?
ആ ചോദ്യത്തിനെ അവളെങ്ങനെയായിരിക്കും നേരിടുക?
ഇങ്ങനെ ഉള്ള പല ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു......

ആ ചോദ്യങ്ങൾ മനസിന്റെ ഇടവഴികളിലൂടെ സഞ്ചരിച്  ഞാൻ എത്തിനിന്നത് പത്തു വർഷം മുൻപുള്ള സ്കൂൾ ജീവിതത്തിലേക്കാണ്......


പത്താംക്ലാസ്സിലെ എന്റെ ഓർമ്മകൾകളിലുള്ളത്‌ ട്യൂഷനും സ്കൂളിലുമായി  ബൂമറങ് പോലെ കറങ്ങി തിരിഞ്ഞ നാളുകളാണ്. എഴുതി തീർന്ന നോട്ബുക്കുകൾ,
വെറും നാലു ദിവസം മാത്രം ആയുസവശേഷിക്കുന്ന മൂന്നു രൂപയുടെയോ അല്ലെങ്കിൽ ലെക്സിയുടെയോ പേനകൾ, ട്യൂഷൻ ക്ലാസ്സിൽ പഠിക്കാതെ ചെന്നാലുണ്ടാകുന്ന ഉണ്ണികൃഷ്ണൻ മാഷിന്റെയും ഹരിസാറിന്റെയും സുനിത ടീച്ചറിന്റെയും ചൂരൽ കഷായങ്ങളെ പേടിച്ചുള്ള പഠനങ്ങൾ,
ലഞ്ച് ബ്രേക്കിനു ഫുഡ് കഴിച്ച ശേഷം അജിയുമായി വാങ്ങി ഷെയർ ചെയ്തു കഴിക്കാറുള്ള ഒരു പൊതി പച്ചപ്പട്ടാണികടല, ക്ലാസ് ടെസ്റ്റുകൾ.... അങ്ങിനെ.... അങ്ങിനെ.....

ക്രിസ്മസ് എക്സാം കഴിഞ്ഞുവന്ന വരവിലാണ് ശ്രുതിയുടെ നെറ്റിയിലെ ചുവന്ന സിന്ദൂരവും അവളുടെ യൂണിഫോം ഷർട്ടിനടിയിൽ ഒളിപ്പിച്ചുവച്ച മഞ്ഞ ചരടിന്റെ താലിയും ക്ലാസ്സ്‌മുറികളിൽ സംസാരവിഷയമാകുന്നത്......

"അവൾ എന്തിനാ ഇത്ര ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത്?...."


"എടി.... അവളുടെ പ്രേമ വിവാഹം ആണ്, വിട്ടുകാരറിഞ്ഞു പിടിച്ചു കെട്ടിച്ചതാവും..."


"ജാതക ദോഷം ആണെങ്കിലോ..... "



" പതിനഞ്ചു വയസിൽ തന്നെ കല്യാണം വേണ്ടായിരുന്നു....."

"ഹാ... അവൾക്കു ഇനി ആരെയും പേടിക്കാതെ പ്രേമിക്കാം....."


ഇങ്ങനെപോയിരുന്നു പിള്ളേർക്കിടയിലെ സംസാരവിഷയങ്ങൾ...... പക്ഷേ ശ്രുതിയുടെ ക്ലാസ്സിൽ നിന്നുപോലും അതിനെക്കുറിച്ചു വ്യക്തമായ ഒരു കാരണവും ആർക്കും അറിയില്ലായിരുന്നു. ചോദിച്ചവരോടെല്ലാം മറുപടി  തലതാഴ്ത്തി കൊണ്ടുള്ള ഒരു പുഞ്ചിരിയിൽ അവളൊതുക്കി.....

അത്രയും ചെറുപ്പത്തിലേ അവളുടെ നെറുകയിൽ നിന്നിരുന്ന സിന്ദൂരം എനിക്കൊരത്ഭുതമായിരുന്നു.....


അവസാനമായി അവളെ കണ്ട നിമിഷവും എന്റെ ഓർമകളിൽ മായാതെ ഉണ്ട് .....


എസ്. എസ്. ൽ.സി. സർട്ടിഫിക്കറ്റ് വാങ്ങി വരികയായിരുന്നു ഞാൻ.അവരുടെ വീട്ടിനുമുൻപിലൂടെ നടന്നുപോകുകയായിരുന്ന എന്റെ കണ്ണുകൾ യാദൃശ്ചികമായാണ് ചിരിയൊച്ച കേട്ട ശ്രുതിയുടെ  വീടിനു പടിവാതിലേക്കു പോയത്....
നടപ്പാതയും  അവരുടെ പുതുതായി പണികഴിച്ച വീടിന്റെ പൂമുഖവും തമ്മിൽ അധികം അകലമൊന്നും ഇല്ല.

ചിരിച്ചുകൊണ്ട് പൂമുഖത്തേക്കോടി വന്ന ശ്രുതിയെയും അവളുടെ പുറകെ പതിയെ ചിരിച്ചുകൊണ്ട് വരുന്ന അവളുടെ വിഷ്ണുവേട്ടനേയും......

എന്നെ കണ്ട മാത്രയിൽ അവളിൽ വിരിഞ്ഞ ചമ്മിയ ചിരിയായിരുന്നുവെങ്കിലും മറുവശത്തുണ്ടായിരുന്ന നാണം മറച്ചുവെക്കുന്നതിൽ അവൾ നന്നേ പരാജയപെട്ടു. അവൾക്കായി ഒരു പുഞ്ചിരി നൽകി കൊണ്ട് ഞാൻ നടന്നകന്നു.


ഇപ്പോൾ ഞാൻ കണ്ട ശ്രുതിക്,  ഞാൻ കണ്ടിരുന്ന ശ്രുതിയുമായി വളരെ ദൂരമുണ്ട്..... എന്നും പുഞ്ചിരിയുമായി നടന്ന അവളുടെ മുഖത്തു വിധി അതിന്റെ വികൃതി കൊണ്ട് അത് മായ്ച്ചു കളഞ്ഞിരിക്കുന്നു..... കണ്ണിലെ പ്രകാശം നശിച്ചു പോലെ..... പുഞ്ചിരിക്കാതെ, ഇരുത്തം വച്ചപോലെയുള്ള മുഖഭാവം....
അന്നു ആ ദിവസം മുഴുവൻ ഞാൻ അവളെ കുറിച്ച് ആലോചിച്ചു....... പിന്നീട്  ദിവസങ്ങളും മാസങ്ങളും കടന്നുപോയി.....
എന്റെ തിരക്കുകളിൽ മുഴുകി ഞാൻ അവളെയും മറന്നു.....

അതിനു ശേഷം ഞാൻ അവളെ വീണ്ടും കാണുന്നത് മൂന്നു വര്ഷങ്ങള്ക്കു ശേഷം മറ്റൊരു ബസ് യാത്രയിലായിരുന്നു .... ആദ്യം കണ്ടതിനേക്കാൾ എല്ലും തോലുമായിരുന്നു ഇപ്പോൾ അവളുടെ രൂപം.കവിളുകൾ കുഴിഞ്ഞു എല്ലുകൾ തള്ളി നിൽക്കുന്നുണ്ടായിരുന്നു.... മുഖത്തിനു ചേരാത്ത ഒരു സിൽവർ ഫ്രെമുള്ള കണ്ണടയുമവൾ ധരിച്ചിരുന്നു..... ആ നിമിഷം ഞാൻ അറിയാതെ പടച്ചോനെ മനസ്സിൽ വിളിച്ചുപോയി. എന്നെ കണ്ടതും അവൾ പതിവ് ചിരി സമ്മാനിച്ചു എന്റെ അരികിലായി വന്നിരുന്നു......മുഖവുരയില്ലാതെ തന്നെ ഞാനവളോട് ചോദിച്ചു:


എന്തു കോലമാ ശ്രുതി ഇത്? ഭക്ഷണവും ഉറക്കവും ഒന്നുമില്ലേ നിനക്കു?


മറുപടിയായി അവളൊന്നു പതിയെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു :

ഉറക്കം കുറവാണ്... അതാവും......


ഉറങ്ങാറില്ലേ നീ അപ്പോൾ?


മൂന്നോ നാലോ മണിക്കൂർ......നിനക്കറിയാലോ പി എസ് സി ക്ലാസൊക്കെ ഉള്ളതല്ലേ? പിന്നെ മോന്റെ കാര്യവും തയ്യലും ട്യൂഷനും എല്ലാം കൂടെ നടക്കണ്ടേ .....അതിനിടയിൽ ഉറക്കമൊക്കെ കണക്കാണ്...




ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി.
മറ്റുള്ളവരിൽ നിന്നു സ്നേഹം പ്രതീക്ഷിക്കാത്ത സഹതാപം  ആവശ്യമില്ലാത്ത ചില മനുഷ്യരുടെ കണ്ണുകളെ പോലെയായിരുന്നു അത്.... കറുപ്പ് പടർന്ന അവളുടെ കണ്ണുകളിൽ നോക്കി ഇനിയൊരാൾക്കും അവളുടെ മനസ്സ് വായിക്കാൻ ആവാത്തവിധം അവൾ, അവളെതന്നെ ആത്മാഹൂതി ചെയ്തിരിക്കുന്നുവെന്നെനിക്കു തോന്നി....

ശ്രുതി, നിന്നെ വേദനിപ്പിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?


വിഷ്ണുവേട്ടനെ കുറിച്ചാണോ?


ഞാൻ പതിയെ മൂളികൊണ്ട് ചോദിച്ചു :
എങ്ങനെയാ?


ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു.സംഭവസ്ഥലത്തുവച്ചു തന്നെ .... രണ്ടുവർഷേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളു....


അതെന്നിൽ കൂടുതൽ വേദനയുണ്ടാക്കി....... പതിനേഴാമത്തെ വയസിൽ തന്റെ ആയുസ്സിലെ ഏറ്റവും വലിയ നഷ്ടത്തെ അവൾ അഭിമുഖീകരിച്ചിരിക്കുന്നു...അവളെന്നെ തന്നെയാണ് നോക്കുന്നത് എന്നുള്ള ഓർമ എന്തുകൊണ്ടോ സഹതാപത്തെ മറച്ചു പിടിക്കാൻ എന്നെ പ്രേരിപ്പിച്ചു...


വിഷ്ണുവേട്ടന്റെ വീട്ടുകാരൊക്കെ?


ഹാ.. വിളിക്കാറുണ്ട്. മോനെ കാണണം എന്നുപറയുമ്പോൾ വല്ലപ്പോഴും രണ്ടു ദിവസം  അവിടെപ്പോയി നിൽക്കും 


നീ പ്ലസ്ടു എഴുതിയിരുന്നോ പിന്നീട്.....?


അതെല്ലാം ഞാൻ പിന്നീട് എഴുതിയെടുത്തിരുന്നു. ഇല്ലേൽ ഇക്കാലത്തു ജീവിക്കണ്ടേ?


മ്മ്. അതു ശരിയാണ് ... ആരോഗ്യം ശ്രദ്ധിക്കു..... ഒന്നും അല്ലാതെയായിരിക്കുന്നു നീ . നിന്റെയും മോന്റെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ നീയേ ഉള്ളൂ.... വീട്ടിൽ ബ്രദരൊക്കെ ഇല്ലേ? ഇങ്ങനെ ബുദ്ധിമുട്ടാണോടി നിനക്ക്?


നമുക്കു നമ്മൾ മാത്രമേ ഉള്ളൂ എന്നുള്ള ചിന്തയില്ലേ? അത് നമ്മളെ മറ്റുള്ളവർക്ക് ഭാരമാകുന്നതിൽ നിന്നു രക്ഷിക്കും.... ആരുടെ ചുമലുകളിലും തല ചായ്ക്കുന്നതിനുമുൻപ് ഒരുപാട് തവണ ആലോചിക്കണം.....


നീ എന്താ അങ്ങനെ പറഞ്ഞത്?വീട്ടിൽ പ്രശ്നങ്ങളുണ്ടോ?


ഏയ്‌.. ഒരിക്കലും അല്ല.... സ്നേഹത്തിൽ ഒരു അകലം പാലിക്കുന്നത് നല്ലതാണ് എന്നും..... എന്റെ സഹോദരങ്ങൾ ആണെങ്കിലും അവർക്കും അവരുടെ ഭാവി ഇല്ലേ? എന്റെ ജീവിതത്തിൽ എന്തു തന്നെ നടന്നാലും അവരെ അത് ബാധിക്കരുത്, അതു മാത്രമല്ല എനിക്ക് സ്വന്തമായി ഒരു ജോലി ആവശ്യമാണ്.മോനും വളർന്നു വരികയല്ലേ? വിഷ്ണുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ മോനെ എങ്ങനെ വളർത്തുമോ,അതുപോലെയല്ലെങ്കിലും അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ മുൻപിൽ സഹായത്തിനായി അവൻ കൈനീട്ടിനിൽക്കരുത്.....അത്രയെ ഉള്ളൂ.



വളരെ പതിയെ അതു പറയുമ്പോൾ പോലും അവളിൽ ഒരു പതർച്ചയും ഉണ്ടായിരുന്നില്ല..... സ്വയം ഉരുകികൊണ്ട് മുന്നോട്ടുള്ള ജീവിതത്തെ നേരിടാൻ ഒരു പടച്ചട്ട അവൾ സ്വയം തയ്യാറാക്കി അണിഞ്ഞിരിക്കുന്നു എന്ന് എനിക്ക് തോന്നി......


താങ്ങാനുള്ള കൈകൾ പെട്ടെന്നൊരുദിവസം ഇല്ലാതാകുമ്പോഴുള്ള വേദനയുടെ ആഴം എന്താണെന്നു എനിക്ക് ഈശ്വരൻ ഒരിക്കൽ  അറിയിച്ചു തന്നതാണ്.ഒറ്റയ്ക്ക് നിൽക്കുന്നതും ഒരു സുഖമാണ് അനി, ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കാതിരിക്കുന്നതും... ദൈവത്തിനരികിൽ നിന്നുപോലും......എപ്പോഴാ ആൾക്ക് നമ്മളെ ഒന്ന് പരീക്ഷിക്കാൻ തോന്നുക എന്ന് പറയാൻ പറ്റില്ലല്ലോ....


ബാങ്ക് ജങ്ഷൻ എത്തിയതും വീണ്ടും കാണാം എന്നുപറഞ്ഞു അവൾ ബസ്സിറങ്ങി......റോഡ് ക്രോസ്സ് ചെയ്തു അവൾ നടന്നകലുന്നത് ഞാൻ നോക്കി....ജീവിതം അവളെയും, അവൾ ജീവിതത്തെയും ബാധിക്കാത്തതുപോലെ.....



         ശ്രുതി....... അവളെ ആലോചിക്കുമ്പോൾ വേദനയും അത്ഭുതവും ഒരുമിച്ചാനുഭവപ്പെടാറുണ്ട് എനിക്ക്.
പതിനഞ്ചാമത്തെ വയസ്സിൽ മംഗല്യവും, പതിനാറാമത്തെ വയസിൽ മാതൃത്വവും, പതിനേഴാമത്തെ വയസിൽ വൈധവ്യവും.....

ചിലയിടങ്ങളിൽ ദൈവം എത്ര ക്രൂരമായാണ് ഓരോരുത്തരുടെയും വിധി നടപ്പിലാക്കുന്നത്......


മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ വേദന നൽകുന്നത് ഒരാൾ നമ്മളെ ഉപേക്ഷിച്ചു പോകുമ്പോൾ അല്ല, മറിച് നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്ന വ്യക്തി ഈ ലോകത്തിൽ ജീവിച്ചിരിപ്പില്ല എന്ന തിരിച്ചറിവാണ്.... ജീവിച്ചിരിപ്പുണ്ടെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ആ വ്യക്തി സന്തോഷമായിരിക്കുന്നുണ്ടല്ലോ എന്ന അറിവ് തന്നെ നമുക്കു സമാധാനം നൽകും.... മറിച്ചു ആ വ്യക്തി ഇനിയില്ല എന്നൊരറിവ്... അതാണ് ഏറ്റവും തകർത്തുകളയുന്നത്.... 

അത്രമേൽ പ്രിയപ്പെട്ട  വ്യക്തിയുടെ വിടവുണ്ടാക്കിയ ആ വേദന സഹിച്ചവരെ ,അതിജീവിച്ചവരെ പിന്നീട് ജീവിതത്തിലെ ഒന്നിനും തകർത്തുകളയുക എളുപ്പം അല്ല.....


യഥാർത്ഥത്തിൽ ശ്രുതിയെ പോലെയുള്ളവർ എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആണ്.....

ജീവിതം എത്രതന്നെ ആഴത്തിൽ ഒന്നുമല്ലാതാക്കി തീർത്തിട്ടും അവിടെനിന്നു അവൾ എഴുന്നേറ്റു  ധൈര്യത്തോടെ മുന്നോട്ടുപോകുന്നതിനു ....

ചില സങ്കടങ്ങൾ നേരിടേണ്ടിവരുമ്പോൾ നമ്മൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ദൈവത്തോട് പരാതിപ്പെടാറില്ലേ,

ദൈവമേ... എന്തിനാണ് എനിക്കുമാത്രം ഇത്രയും വിഷമങ്ങൾ തരുന്നത് എന്ന്,
വേറെ ആർക്കും ഇങ്ങനെ ഒന്നും ഇല്ലാലോ എന്ന്...
എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ എന്ന്....
എന്നെ ഈ വേദനയിൽ നിന്നു രക്ഷിക്കൂ എന്ന്....


ഒടുങ്ങാനാവാത്ത സങ്കടഭാരങ്ങൾ കൊടുത്തിട്ടും ഒരു പ്രാർത്ഥനക്കും നികത്താനാവാത്ത വിടവ്‌ നൽകിയിട്ടും വഴികളാവസാനിച്ചിടത്തുനിന്നും ചില മനുഷ്യർ ജീവിതത്തെ തിരിച്ചുപിടിക്കാറുണ്ട്.....ഇടറി വീണ് പ്രാണൻ പോയിട്ടും ചില മനുഷ്യർ ജീവിതത്തിലേക്ക് നടന്നുകയറാറുണ്ട്...
മടുത്തു എന്ന് തോന്നുമ്പോഴും ഒരാശ്വാസം പോലെ ദൈവം ഒരു പ്രതീക്ഷയുടെ കണിക ജീവിതത്തിലേക്ക് നൽകാറില്ലേ.....?
അത് തിരിച്ചറിയാൻ കഴിയുന്നത് തോറ്റു പിന്മാറാൻ മനസ്സില്ലാത്തവർക്കാണ്..


ശ്രുതി അവളുടെ ജീവിതത്തിൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്.... അവളുടെ മകന്റെ കൈയും ഭദ്രമായി പിടിച്ചുകൊണ്ടു........


ജീവിതം അങ്ങിനെയാണ്......
ഒരു പ്രാർത്ഥന അവസാനിക്കുന്നിടത്ത് മറ്റൊരു പ്രാർത്ഥന ആരംഭിക്കുന്നു.....
ഒരു വഴി അവസാനിക്കുന്നിടത്തു നിന്നു വേറൊരു വഴിയും......




..........-Ani💕