"ജിങ്കി ചക്ക ജിങ്കി ചക്കാ.....എനിക്ക് ഇന്ന് പോകണ്ടല്ലോ...."
"ഉണ്ണി...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...നീയാന്ന് പോയേ....എനിക്ക് റെഡിയാകണം...."
"പിന്നെ ഐശ്വര്യ റായ് അല്ലെ നീ..."
"എനിക്ക് എത്ര ഫാൻസ് ഉള്ളതാണെന്ന് നിനക്കറിയുവോ..."
"ഹേ......അയ്യേ....നിന്നെയോ..."
"സത്യം......"
"നിന്നെ...നിന്നെ...വായ്നോക്കാനും ഗതികേട് പിടിച്ച ചെക്കന്മാരോ....അയ്യേ...അയ്യേ...."
"പോടാ....നിനക്ക് അസൂയയാ....നിനക്ക് എന്റത്ര സൗന്ദര്യം ഇല്ലാത്തത് കൊണ്ട്..."
"ഓ...നിന്റെ സൗന്ദര്യത്തെപറ്റി മഹാകവി വള്ളത്തോൾ വരെ പാട്ട് ഇറക്കിട്ടുണ്ടല്ലോ
"അതാണ്...അല്ലാ...അതെത് പാട്ട്?
"
റണ്ടക്ക റണ്ടക്ക റണ്ടക്ക
റണ്ടക്ക റണ്ടക്ക റണ്ടക്ക
അണ്ടകടാഹ സുന്ദരി നീയേ...
എന്റെ പ്രണയജില്ലയിലെ കളക്ടർ നീയേ...
ആ പനി വരും നേരം പാരസിറ്റാമോളെ
അയല വറുത്തോരു കണ്ണുള്ളോളേ..."
(കടപ്പാട് : instagram)
"പഫാ............"
"ദേ അമ്മേ....നിങ്ങടെ മോള് ശകുന്തള കുഞ്ഞമ്മ രാവിലെ ഇറങ്ങി ഓടുന്നെന് മുന്നേ പിടിച്ചോ...."
"രാവിലെ തന്നെ എന്റെ വായിന്ന് കേൾക്കാൻ നിൽക്കാതെ പോവുന്നുണ്ടോ ഉണ്ണി നീ ...."
"ഹാ....പേടിപ്പിക്കാതെന്റെ ശകുന്തള കുഞ്ഞമ്മേ....."
"പോടാ പട്ടി....."
(ഏത് നേരതാണോ ആവോ ദൈവമേ അന്ന് ആ നാടകത്തിന് തല വയ്ക്കാൻ തോന്നിയത്...
പണ്ട്....പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഒരു ആവേശത്തിന് നാടകത്തിൽ ശകുന്തളയായിട്ട് വേഷമിട്ടത്തിന്റെ ഒറ്റകാരണത്താൽ മീനാക്ഷിയെന്ന ഞാൻ ശകുന്തളയായി....
വഴിയേ പോയ വയ്യാവേലിയെ "അയ്യോ പോകല്ലേന്ന് പറഞ്ഞ് വിളിച്ച് വലിച്ചു കെറ്റിയതെന്ന് പറഞ്ഞാലും തെറ്റില്ല...
ശകുന്തളയുടെ വേഷം ചെയ്യുന്നവർക്ക് മുല്ലപ്പൂ തലയിൽ വയ്ക്കാൻ കിട്ടും എന്ന് സ്‌കൂളിലെ പ്യൂൻ മിനി ചേച്ചി പറഞ്ഞ ഒറ്റകാരണത്താൽ ശകുന്തളേടെ വേഷം ചെയ്യാൻ ഇരുന്ന ആരതിയുടെ മുടിമേൽ പിടിച്ച് വലിച്ചു ഭീഷണിപെടുത്തി പിൻമാറ്റിച്ചു.അത് ചോദിക്കാൻ വന്ന അവളുടെ ആങ്ങളയെ കൊഞ്ഞനം കുത്തി ഓടിച്ചു വിട്ടു...
correct സ്കൂൾ ആനുവൽഡേയുടെ അന്ന് തന്നെ അച്ഛന്റെ കാർ കേടായിട്ട് ശകുന്തളേടെ costume ഉമിട്ട് കവല വരെ നടന്നും ബസില് കേറിയും ഒക്കെയാണ് സ്കൂളിൽ ചെന്നത്....
അന്ന്...ആ നാലാം ക്ലാസിൽ നിന്ന് തുടങ്ങിയ വിളിപ്പേരാണ് ശകുന്തള....സ്കൂൾ മാറിയിട്ടും കോളേജ് മാറിയിട്ടും പ്രായം കൂടിയിട്ടും ഇന്നും ആ പേരിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല....അല്ലെങ്കിലും അത് അങ്ങനെയാണല്ലോ...വരാൻ ഉള്ള ശനി കടം മേടിച്ചു പെട്രോളടിച്ചാണെങ്കിലും നമ്മുടെ അടുത്തേയ്ക്ക് തന്നെ വരുവല്ലോ
അന്ന് ആ വെളിവില്ലാത്ത പ്രായത്തിൽ അങ്ങനെ പോയല്ലോ എന്നോർത്ത് ഞാനിന്നും പശ്ചാത്തപിക്കാറുണ്ട്....)
"ടി മീനു....ആരെ സ്വപ്‌നം കണ്ട് നില്ക്കുവാ....മര്യാദയ്ക്ക് കോളേജിൽ പോകാൻ നോക്ക്..."
"വോ....പോകുവാ....."
"നിക്ക്......"
"ഓ....എനിക്കറിയാം അമ്മാ....പറയണ്ടാ....റോഡ് മര്യാദയ്ക്ക് നോക്ക് ക്രോസ്സ് ചെയ്യണം....ബസ്സിലിരുന്ന് കയ്യും തലയും പുറത്തിടരുത്....ബസ്സിലിരുന്ന് ഉറങ്ങരുത്....ക്ലാസ്സിൽ ഇരുന്ന് പഠിക്കണം....കറങ്ങി നടക്കരുത്....നേരത്തെ വീട്ടിൽ വരണം....ഇതല്ലേ...."
"മ്......എന്നാ ശകുന്തള പൊയ്ക്കോ...."
(അടക്കി പിടിച്ച ചിരിയാണ്)
"ദേ അമ്മേ...വെറുതെ എന്നെ രാവിലെ ദേഷ്യം പിടിപ്പിക്കല്ലേ...."
"ഇറങ്ങി പോടി കോഴി കുഞ്ഞമ്മേ........"
"ആരാടാ കോഴി.....എന്നെ കൊണ്ടോന്നും പറയിക്കല്ലേ....പനി ആണെന്നോന്നും നോക്കില്ല...എടുത്തെറിയും ഞാൻ..."
"എന്താ അവിടെ....."
(അച്ഛന്റെ ശബ്ദം കേട്ടതും ഞാൻ പുറത്തേക്കും അവൻ അകത്തേക്കും ഓടി......ധൈര്യം കൂടിട്ടാ.....
ബസ് കേറണമെങ്കിൽ കുറച്ചു ദൂരം നടക്കാനുമുണ്ട്....ശ്രീകൃഷ്ണ ബസ് പിടിക്കണമെങ്കിൽ രാവിലെ തന്നെ നല്ലൊരു P.T ഉഷ ആകണം...
കൃത്യ നിഷ്ഠ കൂടിയിട്ട് കൃത്യ സമയത്ത് ഇറങ്ങുന്നത് കൊണ്ടും ഓടി ചെന്നാണ് എന്നും ഞാനും ഉണ്ണിം ബസിൽ കേറാറ്...
"ഇന്ന് ശകുന്തള എക്സ്പ്രസ്സ് നേരത്തെയാണല്ലോ...."
"ദേ.....ചേച്ചി ......എന്നെ അങ്ങനെ വിളിക്കരുതെന്ന് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്...."
"ഇതൊക്കെ ഒരു രസല്ലേ മീനാക്ഷി കുട്ടിയെ..."
(ഏഹ്....കഞ്ഞി തള്ള..........
അപ്പൊ കേട്ടല്ലോ ...ഞാൻ മീനാക്ഷി....മീനാക്ഷി പ്രഭാകരൻ....ഇപ്പൊ ഡിഗ്രി ഫൈനൽ year ആണ്...ശരിക്കും നാട്ടുകാരും വീട്ടുകാരും എല്ലാവരും ശകുന്തളന്ന് വിളിച്ച് വിളിച്ച് എന്റെ ഒറിജിനൽ പേര് ഞാൻ പോലും മറന്നു പോയി
എന്റെ അച്ഛൻ പ്രഭാകരൻ കോണ്ട്രാക്ടറാണ്...'അമ്മ ജലജ...നാട്ടിലെ അൽ famous തയ്യൽകാരിയാണ്....പിന്നെ ഉള്ളത് അനിയൻ....മിഥുൻ...വീട്ടിലെ ഉണ്ണി....നാട്ടിലെ കോഴി....ഇപ്പൊ plus one ൽ പഠിക്കുന്നു
എന്നും ഞാനും അവനും ഒരുമിച്ചാണ് ഇറങ്ങാറ്...ചെക്കന് 2 ദിവസായിട്ട് പനി അടുത്തൂടെ നിരങ്ങിന്ന് പറഞ്ഞ് ആ പേരും പറഞ്ഞ് ലീവാണ് അവൻ ....കാര്യം കോളേജിൽ പോകാൻ നല്ല മടിയുണ്ടെങ്കിലും അവന്റെ പട്ടി ഷോ കാണാൻ വയ്യാത്തത് കൊണ്ട് നേരത്തെ ഇറങ്ങിതാണ്.....
എന്നും ഓടി പാഞ്ഞു വന്ന് ബസ്സിൽ കേറുന്ന ഞാൻ ഇന്ന് നടന്ന് വന്നത് കൊണ്ടാകും എല്ലാരും വിചിത്ര ജീവിയെ പോലെ നോക്കുന്നുണ്ട്........
ഇതിനൊന്നും വേറെ ഒരു പണിം ഇല്ലേ...ചലിക്കുന്ന സിസിടിവികൾ...)
(ശ്രീകൃഷ്ണ ബസ് വന്നതും ഒരു വിധം തള്ളിയിടിച്ച് കേറി....ഹോ....ഇഷ്ടപ്പെട്ടില്ല ഇഷ്ടപെട്ടില്ല...വാതിക്കൽ നിന്ന കിളിക്കേ....
സ്കൂൾ പിള്ളേരെ കണ്ടാൽ ചെകുത്താൻ കുരിശ് കണ്ട പോലെയാണ് ഇവറ്റകൾക്ക്....
ചാടി കേറി കിട്ടിയ side സീറ്റിൽ ഞാൻ ഇരുന്നു....പൊതുവെ ഞങ്ങളുടെ സ്റ്റോപ്പിൽ നിന്ന് തിരക്ക് കുറവാണ്.......
side സീറ്റ്....earphone ഇൽ പാട്ട്...രാവിലെ ആയത് കൊണ്ട് കുഞ്ഞ് തണുപ്പും.....ആഹാ....അന്തസ്സ്......
അങ്ങനെ ആസ്വദിച്ചിരുന്നപ്പോഴാണ് ആരോ earphone വലിച്ചൂരിയത്....ചെ...മൂഡ് പോയി മൂഡ് പൊയി....ഏത് അലവലാതിയാണ് വലിച്ചൂരിയതെന്ന് നോക്കിയതും ദോണ്ടേ നിൽക്കുന്നു ഒരുത്തൻ പല്ലിറുമ്മി.....ഏതാണ് ഈ ജീവി...എവിടെ പോയി കോഴി ബിബിൻ....????...)
"രാവിലെ തന്നെ ഓരോന്ന് കുറ്റിം പറിച്ച് ഇറങ്ങിക്കോളും.....2 കുലുവേം തന്നിട്ട് സീറ്റിൽ കേറി ഞെളിഞ്ഞിരിക്കുവാ...
പ്രായമായവര് വന്നാൽ എണീറ്റ് കൊടുക്കാൻ പോലും സാമാന്യ മര്യാദ ഇല്ലേ നിനക്കോക്കെ.....ഇങ്ങോട്ട് എണീക്കടീ..."
(ബസ്സിൽ എത്ര സീറ്റൊണ്ട്....എന്നാലും ഇയാൾക്ക് ഇങ്ങോട്ട് തന്നെ വന്ന് ഷോ ഇറക്കണം....ചൊറിഞ്ഞു വന്നതാ...പിന്നെ വേണ്ടാന്ന് വച്ചിട്ടാ...ഹും...ചുറ്റും പതിയെ ഒന്ന് നോക്കിയപ്പോൾ എല്ലാരും ഇങ്ങോട്ട് നോക്കിയിരിക്കുന്നു.....ചെ...)
"തമ്പുരാട്ടിടെ സ്വപ്നം കാണൽ കഴിഞ്ഞെങ്കിൽ ഒന്ന് അവിടുന്ന് എഴുനേറ്റെ..."
(ഒരു കഞ്ഞിക്കലം കിട്ടിയിരുന്നെങ്കിൽ
ഇവന്റെ തലമണ്ട തല്ലി പൊട്ടിച്ചേനെ...അലവലാതി....
അവനെ ഒന്ന് ഒന്നര പ്രാക്ക് പ്രാകി ഞാൻ സീറ്റിൽ നിന്ന് എഴുനേറ്റു....രാവിലെ തന്നെ ഇജ്‌ജാതി നാണംകെടൽ.....ഹോ.
ആരുടെയോ ചിരി കേട്ട് നോക്കിപ്പോ ബകോമിലെ സുഷ്മ.....ഓ...ഇനിപ്പോ നാട് മുഴുവൻ അറിഞ്ഞോളും.....പുല്ല്....ആരെ കണി കണ്ടിട്ട് ഇറങ്ങിതാണോ ഇന്ന്....)
"അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളേർക്ക് മര്യാദാന്ന് പറഞ്ഞ സാധനം അറിയുവോ....ബഹുമാനം തീരെ ഇല്ല....മോൻ ചെയ്തത് വളരെ നന്നായി....അത് അത്യാവശ്യമായിരുന്നു..."
(ഏതോ ഒരു കഞ്ഞി പെമ്പറന്നോരാണ്....ഇത്രയ്ക്ക് മര്യാദ ഉണ്ടായിരുന്നെങ്കിൽ ഇവർക്കങ് എഴുനേറ്റ് കൊടുക്കാൻ മേലാരുന്നോ....അതില്ല...
എന്നിട്ട് ബാക്കി ഉള്ളവരെ കുറ്റം പറഞ്ഞോളും....ഒരു ബാഗ് പോലും മേടിച്ചു പിടിക്കില്ല....ഇതിനൊക്കെ വീട്ടിൽ എങ്ങാനും ഇരിക്കരുതോ....
എല്ലാവരുടെയും കണ്ണ് എന്റെ മേലെ തന്നെ ആയിരുന്നു....ദേഷ്യോ സങ്കടോ ഒക്കെ വരുന്നുണ്ടായിരുന്നു...പുറത്തേയ്ക്ക് നോക്കി ദേഷ്യം അടക്കി പിടിച്ച് ഞാൻ നിന്നു....
കാലിൽ ആരോ ചവിട്ടിയ ദേഷ്യത്തിന് ആരാന്ന് നോക്കിയപ്പോ ദോ നിൽക്കുന്നു....ആത്മ മിത്രം...ചിഞ്ചു സെബാസ്റ്റ്യൻ....അടക്കി പിടിച്ച് ചിരിയാണ് പണ്ടാരം....ഞാൻ നോക്കി കൊന്നു അവളെ....
കോളേജ് എത്തിയതും ഞാൻ ചാടി ഇറങ്ങി....പൈസ കൊടുക്കാൻ നേരം കിളിഡി മുഖത്തോട്ട് നോക്കിയപ്പോൾ അവന്റെ വക ആക്കി ചിരി....ഹോ....ഈ തവളെനെ ഇന്ന് ഞാൻ....
"ഡാ....വണ്ടില് കേറടാ......."
മറ്റവനാണ്.....എന്നെ തുറിച്ച് നോക്കുന്നുണ്ട്...ഞാനും ഒന്ന് തുറിച്ചു നോക്കി....)
***********
"എടി അഞ്ചു....ആ ചേട്ടൻ കൊള്ളാം അല്ലെടി....നല്ല ജോറായിട്ട് ചില ശകുന്തളമാരുടെ ടിക്കറ്റ് കീറി കളഞ്ഞു....കാണാനും നല്ല സുന്ദരൻ...എന്താ ഗാംഭീര്യം...ഹോ...കുളിര് വന്ന് പോയി..."
(അവളാണ് അവളാണ്....ബികോമിലെ സുഷമ....മനപ്പൂർവ്വം ചൊറിയാൻ വരുന്നതാണ്...ആർട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചു തോറ്റതിന്റെ ചൊരുക്കാണ്....)
പല്ല് കടിച്ചു ഞാൻ വേഗം ക്ലാസ്സിലോട്ട് പോയി....)
"എടി....ശകു....(ശകുന്തളേടെ short ഫോം ആണ്....ക്ലാസ്സിൽ കൂട്ടുകാരെല്ലാം അങ്ങനെ പലതും വിളിക്കും....)
"ചിഞ്ചു......"
"എടി മീനാമ്മേ.....നീ ചിൽ ആക് മച്ചാ....ഇതൊക്കെ വെറും ഗ്രാസ്...."
"ആർക്ക് ഗ്രാസ്....ആർക്കാന്ന്...."
"ഹി....നിനക്ക് അവനെ തലയ്ക്കടിച്ചു കൊല്ലാൻ തോന്നുന്നുണ്ടല്ലേ...അല്ലെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ആരെയെങ്കിലും തല്ലി കൊല്ലണമെന്ന് തോന്നിട്ടുണ്ടെങ്കിൽ അത് ബസിലെ കണ്ടക്ടറേയായിരിക്കും...."
(ശരിയാണ്....its a fact....)
"നിനക്ക് പ്രതികരിക്കാൻ മേലാരുന്നൊ....ശകു"
"ഞാൻ 2 എണ്ണം പറയാൻ ചെന്നതാ...അവന്റെ കണ്ണൂരുട്ടൽ കണ്ട് വിഴുങ്ങി പോയി....ശ്ശെ....
ഞാൻ കോളേജ് ചെയർമാന് കൊണ്ടുപോയി complaint കൊടുക്കും...."
"പിന്നെ....നീ അങ്ങോട്ട് ചെന്നിപ്പോ കൊറേ ഒലത്തും...."
"പുച്ഛിക്കല്ലേ പുച്ഛിക്കല്ലേ.... "
"നീ നമ്മടെ ചെയർമാനെ കണ്ടിട്ടുണ്ടോ...ഞാഞ്ഞൂലിന് കൊമ്പ് വച്ച പോലെ ഇരിക്കുന്ന അവനാ ഇപ്പൊ അയാളെ തല്ലാൻ പോകുന്നത്...."
"നീ നോക്കിക്കോ.....അവന്റെ തലേൽ മിനിമം ഒരു ഉരുളൻകല്ലേങ്കിലും വീഴും ....എന്റെ പ്രാക്കാ....."
" ഉവ്വെ.....എന്നാണേലും അങ്ങേരെ കാണാൻ മാസ്സാണ്..സൗണ്ട് പ്രിത്വിരാജിന്റെ പോലെ ഇല്ലേടി.....
"😠"
"ഏയ്...ഇല്ല...ഇല്ലന്നെ...
തോന്നിയതായിരിക്കും..."
"ക്ലാസ്സിൽ ആരോടെങ്കിലും ഇത് വിളമ്പിയാൽ ഇന്ന് നിന്റെ 16 നടക്കും...."
"ഇല്ല....പക്ഷെ 2 കട്ട്ലെറ്റ്...."
"ഓ...ശവം....."
"വാങ്ങിച്ചു തരുവോ ഇല്ലേയോ...."
"തരാം...."
അങ്ങനെ 2 കട്ട്ലെറ്റും തിന്ന് മുടിപ്പിച്ച് ക്ലാസ്സിൽ ചെന്നപ്പോഴേയ്ക്കും എന്റെ നല്ല കാലത്തിന് എല്ലാവരുമത് അറിഞ്ഞിട്ടുണ്ടായിരുന്നു....യോഗം വേണം യോഗം....ഇങ്ങനെ 3 ജി ആകാൻ .....
ഇതിനോടകം തന്നെ ശ്രീകൃഷ്ണ ബസിലെ പുതിയ കണ്ടക്ടറും കോളേജിലെ ഒരു തരംഗമായി മാറിയിരുന്നു....എങ്ങനെ മാറാതിരിക്കും....കോളേജ് ആർട്‌സ് ക്ലബ് സെക്രെട്ടറിയെ അല്ലെ നാണം കെടുത്തി വിട്ടത്....
ശകുന്തള എന്ന വിളിപ്പേരിന്റെ കൂടെ ടിക്കറ്റെടുക്കട്ടേ എന്നും കൂടി ആയപ്പോൾ മദം പൊട്ടിയ ആനയെ കയ്യിൽ കിട്ടിയാൽ ചവിട്ടി മെതിച്ച് കൊല്ലുന്ന അവസ്ഥയായി എന്റേത്...
*********
ഒരു വിധം ക്ലാസ്സ് കഴിഞ്ഞ് തിരികെ പോകാൻ ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നതും വന്നു...."ശ്രീകൃഷ്ണ ബസ്....."കയറുന്നില്ലെന്ന് പറഞ്ഞ് നിന്നതാണ്...ബകോമിലെ സുഷമ്മടെ ആക്കി ചിരി കണ്ട് കലി കേറിപ്പോ ഞാനും ന്റെ വാലുകളും കൂടി ഓടി ചെന്നങ് കേറി....അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് കേറാതിരിക്കണം....അതിന് ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ....
നല്ല തിരക്കായിരുന്നത് കൊണ്ട് തള്ളിയിടിച്ച് കേറി ഒരു മൂലയ്ക്ക് നിന്നു....
അവളുരൊക്കെ ഏത് ഭൂഗണ്ടത്തിലാണോ ആവോ....
"കൻസെഷൻ കാർഡ് എടുക്ക്....."
ആന അലറുന്ന പോലെയുള്ള അലറിച്ച കേട്ടിട്ടാണ് നോക്കിയത്....ചിഞ്ചുന്റെ ഭിത്തിരാജാണ്....കാല് കുത്താൻ ഇടയില്ലാത്ത ബസിൽ നിന്നാണ് അവന്റെ ഭീക്ഷണി....
ഒരു വിധം ബാഗിൽ നിന്ന് ഏത്തോ പോത്തോന്ന് നോക്കിപ്പോ സാധനം ഇല്ല....ദൈവമേ....തോലഞ്ഞു....ഒന്നൂടെ ഫുൾ തപ്പി...ഇല്ല....സാധനം കയ്യിൽ ഇല്ല....
""കൻസെഷൻ കാർഡ് എടുക്ക്....."
ഇതെന്നോടാണ്....എന്നോട് മാത്രവാണ്....തപ്പുന്നത് പോലെ act ചെയത് നിൽക്കാം തൽകാലം
"അധികം overact ചെയ്യണോന്ന് ഇല്ല....വേഗം കാർഡ് എടുക്കാൻ നോക്ക്..."
"ശകുന്തളെടെ കാലത്ത് ഒക്കെ കൺസെഷൻ കാർഡ് ഉണ്ടായിരുന്നോ ചേട്ടാ"
(ആരോ കമന്റടിച്ചതാണ്....ഏത് അലവലാതിയാണോ ആവോ...അയാളണെങ്കിൽ തുറിച്ചു നോക്കി നിൽപ്പാണ്....ഏഹ്....)
"തപ്പി കഴിഞ്ഞോ....?...ഇനി ഇറങ്ങണ്ട സ്ഥലം പറഞ്ഞാൽ ഫുൾ ടിക്കറ്റ് അടിക്കാരുന്നു...നിന്ന് തത്തി കളിക്കാതെ വേഗം പൈസ എടുത്തോ....
"ഒരു മേലെപ്പാറ....."
"15 അല്ല....19 ആണ് ....."
(ഇന്ന് ഏത് കാലനെ കണി കണ്ടിട്ടിറങ്ങിയതാണോ ദൈവമേ....നുള്ളി പെറുക്കി പൈസ കൊടുത്ത് കഴിഞ്ഞപ്പോൾ അവന്റെ മുഖത്ത് പുച്ഛം....)
"ഇങ്ങോട്ട് മാറി നിക്ക് കൊച്ചേ....ഇവിടെ ഫുഡ്ബോള് കളിക്കാൻ ഉള്ള സ്ഥലവുണ്ടല്ലോ...."
"എന്നാ താൻ ഒന്ന് കളിച്ച് കാണിക്ക്....കാല് കുത്താൻ ഇടയില്ലാത്ത ഒരു ബസും ഉണ്ട്..."
"നോട്ടീസ് അടിച്ച് ആരും വിളിച്ച് കയറ്റിയതോന്നുവല്ലല്ലോ .....ഇടയില്ലാത്ത ബസ് ആണെന്ന് കണ്ടിട്ട് തന്നെ വലിഞ്ഞുകേറിതല്ലേ...
അതുകൊണ്ട് വലിയ ആള് കളിക്കാൻ നിക്കാതെ അങ് ഒതുങ്ങി നിലക്ക്...."
(അപമാനം....പിന്നേം അപമാനം.....ഇതിൽ നിന്ന് വാശി കാണിച്ച് ഇറങ്ങിയാൽ അടുത്ത ബസ് ഇനി 5 മണി കഴിയും....പുല്ല്....
ആരോ ചിരിക്കുന്നത് കേട്ട് നോക്കിയതാണ്...ചങ്കാണെന്ന് പറഞ്ഞിട്ടെന്താ...ആദ്യം ചിരിക്കുന്നത് അവളുമാരായിരിക്കും....തെണ്ടികൾ...)
അടുത്ത സ്റ്റോപ്പ് എത്തിയപ്പോഴേയ്ക്കും സീറ്റ് കിട്ടി...വേറെ ആരെങ്കിലും ഇരിക്കുന്നതിന് മുന്നേ തന്നെ ഞാൻ ചാടി കേറി ഇരുന്നു....ഫുൾ ടിക്കറ്റ് അല്ലെ....ഒന്നാമതെ നാണം കെട്ടു...അതും പോരാഞ്ഞ് പൈസ മുഴുവൻ കൊടുത്തിട്ട് ഇനി എന്റെ പട്ടി നിൽക്കും....അയ്യടി മനമ്മേ....
Correct എനിക്ക് സീറ്റ് കിട്ടാൻ കാത്തിരുന്നത് പോലെ അടുത്ത സ്റ്റോപ്പിൽ നിന്ന് ഒരു വല്യമ്മേം ബസില് കേറി....നേരെ വന്നത് എന്റെ സീറ്റിനടുത്തേയ്ക്ക്....ഹോ....കാലക്കേട്....
എഴുനേറ്റ് കൊടുക്കാന്ന് വച്ച് ഇരുന്നതും പാഞ്ഞു വരുന്നു ഭിത്തിരാജ്.....
"ആരെങ്കിലും ഒന്ന് എഴുനേറ്റ് കൊടുത്തേ...."
(എന്നെ നോക്കിയാണ്.....സൗകര്യമില്ല ഹേയ്....ബാക്കി ഉള്ള ആളുകൾടെ നോട്ടവും ഇങ്ങോട്ടേക്കാണ്...നമ്മൾ സ്കൂൾ യൂണിഫോമിൽ ആണല്ലോ....ഞാൻ പുറത്തേയ്ക്ക് നോക്കി ഇരുന്നു...കാണിക്കുന്നത് തെണ്ടിത്തരമാണ്...
എന്നാലും അയാളോടുള്ള വാശിക്ക് എഴുനെറ്റില്ലാ...മറ്റാരോ എഴുനേറ്റ് കൊടുക്കുകേം ചെയ്തു....അയാള് എന്നെ നോക്കി കണ്ണുരുട്ടുന്നു....ഒന്നും പറയാൻ പറ്റില്ലല്ലോ...ഫുൾ ടിക്കറ്റല്ലേ...
എന്തോ ആലോചിച്ചിരുന്നതാ....ബാഗ് കയ്യിന്ന് താഴെ പോയി...അതേടുക്കാൻ കുനിഞ്ഞ ഞാനും...വളവ് ചതിച്ചതാ....
വീണതോ....കറക്റ്റ് അയാളുടെ കാലിന്റെ കീഴെ...കണ്ടകശനിന്ന് പറഞ്ഞാൽ കറക്ട് ഇതാണ്...ഹൂ....
ഭാഗ്യത്തിന് എല്ലാരും കണ്ടു.....ഇനി കാണാൻ ഒരു എട്ടുകാലി പോലുമില്ല....എന്ത് മനുഷ്യരാണ്...എല്ലാം കിടന്ന് ചിരിക്കുന്നു....ഭിത്തിരാജാണെൽ ആക്കി പിടിച്ച ചിരി....കിളിയായിട്ട് നിൽക്കുന്നവൻ അതിലും വലിയ ചിരി.......
അടുത്ത സ്റ്റോപ്പിൽ എനിക്ക് ഇറങ്ങേണ്ടത് കൊണ്ട് ചാടി പിടഞ്ഞ് ഒരു വിധം എഴുനേറ്റു.....ആരോക്കെയോ വന്ന് എഴുന്നേൽപ്പിച്ചുന്ന് പറഞ്ഞാലും തെറ്റില്ല....ഒരുവിധം സീറ്റിലിരുന്നു....
ഉള്ള ജീവനും കൊണ്ട് ചാടി ഇറങ്ങി പോയേക്കാന്ന് വച്ച് ഇറങ്ങിയതും
******
"പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആക്കുവായിരുന്നു...ഇപ്പൊ എല്ലാം അപ്പൊ അപ്പൊ തരും...."
"അതിനിപ്പോ തനിക്കെന്താ....താൻ വല്യ ആളാവാൻ ഒന്നും നോക്കണ്ട....ബസിലെ കണ്ടക്ടർ അല്ലെ...അല്ലാതെ ജില്ലാ കളക്ടർ ഒന്നുവല്ലല്ലോ...."
ദഹിപ്പിച്ച് നോക്കിക്കോണ്ടാണ് അയാള് വണ്ടില് കയറി പോയത്.....ഒരു കഞ്ഞിക്കലം കിട്ടിയാരുന്നേൽ തലയ്ക്കടിച്ചേനെ ഞാൻ......ഒരു വിധം ഏന്തി വലിഞ്ഞു വീട്ടിലെത്തി....
വീണ കാര്യവൊന്നും പറയാൻ നിന്നില്ല....
അഭിമാനപ്രശ്നമാണ്......
"അമ്മേ....ഏതോ.... ഒരു ശകുന്തള ഇന്ന് ശ്രീകൃഷ്ണ ബസില് വീണെന്ന്....ആരാണാവോ...."
വീട്ടിലെത്തി മുഖം കഴുകി ഒരു വായ് വെള്ളം വായിലേക്ക് എടുത്തതും ഉണ്ണി അലറികൂവി അത് പറഞ്ഞതും ഒരുമിച്ചായിരുന്നു....കുടിച്ച വെള്ളം അപ്പാടെ പുറത്തേയ്ക്ക് പോയി....പിന്നാലെ അമ്മയും അച്ഛനും എത്തി....കുറ്റാന്വേഷണം നടത്തി...തെളിവെടുത്തു...വിട്ടു............
മുതിർന്നവരോട് ബഹുമാനക്കുറവ് ഉള്ളതിന്റെയാണ്....കിട്ടിയത് കണക്കായി പോയി എന്ന ലൈൻ ആയി അമ്മയ്ക്ക്....
കോളേജിൽ പോകാൻ ടു വീലർ എടുത്ത് തരാമെന്ന് പറഞ്ഞപ്പോൾ അത് വേണ്ട എനിക്ക് കിടുക്കാച്ചി ഒരു ഫോൺ മതി എന്ന് പറഞ്ഞത് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് കളിയാക്കിയാണ് ഉണ്ണി പണ്ടാരം പോയത്....അവൻ game കളിക്കാൻ ചോദിച്ചിട്ട് ഫോൺ കൊടുത്തില്ല...അതിന്റെയാണ്...
പല പ്ലിങ്ങിയ അനുഭവങ്ങളും നമ്മള് അങ് മുക്കാം എന്ന് വിചാരിച്ചാലും നാട്ടുകാര് തെണ്ടികൾ സമ്മതിക്കില്ല....ഇന്നത്തെ എന്റെ ദിവസത്തെ പോലെയൊരു ദിവസം ശത്രുവിന് പോലും കൊടുക്കരുതേ....ഹോ....
പിറ്റേന്ന് ഓടി വരുന്ന എന്നെ കണ്ട ഉടനെ അയാള് ബസ് നിർത്താതെ പോയി....അതിന്റെ പിറ്റേന്നും പിറ്റേന്നിന്റെ പിറ്റേന്നും ഒക്കെ അങ്ങനെയായി....
അതിന്റെ വാശിക്ക് വൈകിട്ട് കാല് കുത്താൻ പോലും ഇടയില്ലാതിരുന്ന ബസിൽ ഞാൻ വലിഞ്ഞു കേറി നിന്നു......ഒതുങ്ങി ഞരങ്ങി ഒറ്റകാലിലാണ് നിൽപ്പ്....ഈ കണക്കിന് പോയാൽ കൊക്കിന് വരെ കോമ്പറ്റീഷൻ ആകുമോ എന്ന് സംശയിക്കെണ്ടിരിക്കുന്നു....
അങ്ങനെ കാല് കുത്താൻ തരമില്ലാതെ മൈക്കിൾ ജാക്സൺ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് അയാള് വന്നത്........
"കൺസക്ഷൻ കാർഡ് എടുക്ക്....."
"കിടന്ന് അലറാതടോ....ഒന്ന് എടുക്കട്ടേ...
ഞാനിറങ്ങി ഓടാൻ ഒന്നും പോകുന്നില്ല..."
"ബസിൽ കയറിയാൽ ടിക്കറ്റ് എടുക്കണം എന്നതാണ് മര്യാദ...അല്ലാതെ നിന്റെ ഒരാൾടെ സൗകര്യം നോക്കി ബാക്കി ഉള്ളവരെ ബുദ്ധിമുട്ടിക്കുവല്ല..."
"ചേട്ടാ....വെറുതെ ശകുന്തളയെ ദേഷ്യം പിടിപ്പിക്കാതെ....ദുഷ്യന്ത മഹാരാജാവ് കോപിക്കും...."
(ഓ...കലാബോധമില്ലാത്ത ബസ് യാത്രക്കാർ....എന്തെങ്കിലും കേൾക്കാൻ നോക്കി നിൽക്കും എല്ലാവരും കൂടെ കിടന്ന് ചിരിക്കാൻ....)
അപ്പോഴേയ്ക്കും പിറകിൽ ആരോ ടിക്കറ്റിന് വിളിച്ചത് കൊണ്ട് ഭിത്തിരാജ് അങ്ങോട്ട് പോയി.....
കാർഡും പൈസയും കയ്യിലെടുത്ത് വച്ച് ഇലക്ഷൻ കാത്തു നിൽക്കുന്ന രാഷ്ട്രീയക്കാരനെ പോലെ ഞാൻ ഒരേ നിൽപ്പാരുന്നു.....തിരക്ക് ഒന്ന് ഒഴിഞ്ഞപ്പോഴാണ് പിന്നീടയാൾ വന്നത്...
" ദൂഷ്യന്ത മഹാരാജാവിന്റെ പ്രിയ പത്നി ശകുന്തള ദേവി ദയവായി ആ കാർഡ് ഇങ് എടുത്താട്ടേ...."
എടാ ബിബിനേ....ഇത്രേം ബഹുമാനമൊക്കെ മതിയായിരിക്കുമല്ലേ...."
(കിളിയോടാണ്....)
"എന്റെ പേര് ശകുന്തളാന്ന് അല്ല...."
"എന്ത് കുന്തലത ആയാലും എനിക്ക് വിരോധമില്ല...കാർഡ് കാണിച്ചാൽ ഞാൻ അങ് പൊയ്ക്കോളാം ....."
(പല്ല് കടിച്ച് ഞാൻ വേഗം കാർഡ് കൊടുത്തു.....
അത് കിട്ടിതും അയാളെന്നെ ഒരു നോട്ടം....നല്ല കോലത്തിലാണെ കാർഡ് ഇരിക്കുന്നത്.....ഒരിക്കൽ ഉണ്ണിയും ആയിട്ട് അടിയിട്ടത്തിന്റെ പരിണിത ഫലം....
പിന്നേ...assignment പോലും ഞാൻ ചുക്കി ചുളുക്കിയെ വയ്ക്കാറോള്ളു...അപ്പോഴാ കാർഡ്...)
"മീനാ എച്ചി...."
"മീനാക്ഷി 😠....."
"ഓ.....മീനാ യക്ഷി....വീട്ടുകാര് അറിഞ്ഞിട്ട പേര് തന്നെ....നല്ല ചേർച്ച...."
ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയത് കൊണ്ട് പല്ലിറുമ്മി ഞാൻ വേഗത്തിൽ ചാടി ഇറങ്ങി.....ഇറങ്ങാൻ നേരം വാതിൽക്കല് നിന്ന ഭിത്തിരാജിന്റെ കാലിൽ അറിയാത്ത പോലെ ഒരു ചവിട്ട് കൊടുത്തിട്ട് ആണ് പോന്നത്....അയാള് തുള്ളിക്കോണ്ട് ഒരു ചാട്ടം.....ചെറുതായിട്ട് പേടിച്ചത് കൊണ്ട് ചവിട്ട് മതിയാക്കി ഞാനോടി....
മീനാ യക്ഷി പോലും...എന്തൊരു ദ്രാവിഡാണ്...ഈ വീട്ടുകാർക്ക് ഒരു നല്ല പേരെങ്കിലും ഇട്ടുടാരുന്നൊ...വല്ല ദേവികയെന്നോ സാമന്തയെന്നോ....ശ്ശേ....
ഇനിപ്പോ 2 ദിവസം അവധിയാണ്...അവധിയായത് കൊണ്ട് വീട്ടിലേയ്ക്ക് പോകുമ്പോഴാണെങ്കിലും ഒരു സന്തോഷമാണ്...
വെള്ളിയാഴ്ച എന്ന് പറയുന്നത് ജനിച്ച കാലം മുതലേ എനിക്ക് rest ഡേ ആണ്...വൻ പ്ലാനിങ്ങോടു കൂടി സ്കൂളിൽ നിന്ന് പോരും..എന്നിട്ട് ബുക്ക് പോലും തിരിഞ്ഞ് നോക്കാതെ ബാഗ് ഒരു മൂലയ്ക്ക് കൊണ്ടിട്ട് വെറുതെ ഇരിക്കും....
കോളേജിൽ പോയിട്ടും അതിന് മാത്രം ഒരുമാറ്റവും വന്നിട്ടില്ല..
ശനിയും ഞായറും...
തിങ്കളാഴ്ച മുതൽ നോക്കി ഇരുന്ന് ആറ്റുനോറ്റ് കിട്ടുന്ന ശനിയും ഞായറും...ഹൗ...
ആ 2 ദിവസത്തിന് ഡയമണ്ടിനെക്കാൾ വിലയാണ് വിദ്യാർത്ഥികളുടെ ജീവിതത്തിൽ...ഇത് വല്ലതും വീട്ടുകാർക്ക് പറഞ്ഞാൽ മനസ്സിലാകുവോ...???
എവിടുന്ന്....
വീട്ടിലെത്തിയത് മാത്രം ബോധമുണ്ട്...കണ്ണൊന്ന് അടച്ചപ്പോഴേയ്ക്കും ശനിയാഴ്‌ചയായി...എന്താല്ലേ.....
നല്ല മഴയൊക്കെയായത് കൊണ്ട് അങ്ങനെ ആസ്വദിച്ചു ഇരുന്നപ്പോഴാണ് 'അമ്മ വന്നത് പറയുന്നത്...
അച്ഛൻ ഫോൺ കൊണ്ടുപോയിട്ടില്ലന്ന്...ഇത് സ്ഥിരമാണ്...എന്നും ഫോൺ എടുക്കാൻ മറക്കും...ഒടുക്കം ഞാനോ ഉണ്ണിയോ അതുമായിട്ട് പിറകെ ഓടിക്കോണം...
ഇതിപ്പോ മറ്റാരുടെയോ ഫോണിൽ നിന്ന് വിളിച്ചു പറഞ്ഞുത്രേ വേഗം അതും കൊണ്ട് ചെല്ലാൻ...ഇവിടെ അടുത്താണ് തന്നെയാണ് work നടക്കുന്നത്...
ഉണ്ണിക്ക് പനിടെ ന യോ പാ യോ അടുത്തൂടെ പോയന്ന് പറഞ്ഞ് അവൻ പോകില്ല...അത് കൊണ്ട് കെട്ടിയോരുങ്ങി ഞാൻ തന്നെ പോകണം...
മഴയുള്ള ദിവസം അല്ലെങ്കിലും പുറത്തേയ്ക്ക് പോകാൻ ഒടുക്കത്തെ മടിയായിരിക്കും...
ഒരു വിധം എന്നെ പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയി...
അല്ലാതിപ്പോ എന്താ ചെയ്കാ...
ഒരു ഓട്ടോ വിളിച്ചാണ് സൈറ്റിൽ എത്തിയത്..
നല്ല കിടിലൻ ഒരു വീടാണ് പണിയുന്നത്...ഹയ്യ...
അച്ഛൻ എവിടെന്ന് വച്ച് തപ്പി നടന്നപ്പോഴാണ് ഒരു അശരീരി കേട്ടത്...
"താരതന്തൻ തപോവനത്തിൽ നിന്നും ഇനിയും മടങ്ങി എത്തിയില്ലേ ശകുന്തളേ...."
..........തുടരും..
ഒരു കുഞ്ഞിക്കഥയാണ്...അടുത്ത പാർട്ടിൽ കഥ അവസാനിക്കും....