Part 3
തിര
🌊🌊🌊🌊🌊🌊🌊🌊
ഭീതിയുടെ നിഴലിൽ അഞ്ച് ദിവസങ്ങളാണ് കടലിൽ കഴിച്ചു കൂട്ടിയത്. എന്നിട്ടും ഇവിടെ എത്തിച്ചേരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ...? സത്യമായും ഇതെന്റെ അവസാന യാത്രയാണെന്ന് എനിക്ക് തോന്നിപ്പോയ ദിവസങ്ങൾ ആണ്.
എല്ലാ മുഖങ്ങളിലും പ്രതീക്ഷയുടെ കിരണങ്ങൾ ഇപ്പോൾ എനിക്ക് പ്രതിഫലിച്ചു കാണാൻ കഴിയുന്നുണ്ട്. രാവിലെ ശാന്തമായ കടൽ കണ്ട് എഴുന്നേറ്റപ്പോയും ഇത്രപെട്ടെന്ന് ഒരു ദ്വീപിൽ എത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ആവേശം കൊണ്ട് ക്യാപ്റ്റനെ വിളിച്ച് കൂവുകയായിരുന്നു.
അഞ്ചു ദിവസങ്ങൾ എങ്ങനെയാണ് കടന്നുപോയതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാതിരിക്കുമോ..?
കപ്പലിന്റെ നിയന്ത്രണം പൂർണമായും കൈവിട്ട് പോയപ്പോൾ എല്ലാം വിധിക്ക് വിട്ട് കൊടുക്കാനേ നിർവഹമുണ്ടായിരുന്നുള്ളൂ. ശക്തമായ കാറ്റും തോരാതെ തുടരുന്ന മഴയും കൂടെയുള്ളപ്പോൾ ഞങ്ങളെ അന്വേഷിച്ച് കടലിലേക്ക് ആരെങ്കിലും വരുമെന്ന പ്രതീക്ഷ തീർത്തും അതിമോഹമായിരുന്നു.
പിറ്റേന്ന് രാവിലെ കപ്പൽ സലാലയിൽ എത്താതിരുന്നപ്പോൾ തന്നെ ഞങ്ങളെ അന്വേഷിക്കാൻ തുടങ്ങിയിരിക്കണം. വൈകുന്നേരം ആയിട്ടും ഞങ്ങൾ എവിടെയും എത്തിയിരുന്നില്ല. അത്യാഹിതം ഒന്നും സംഭവിക്കാതെ കപ്പൽ മുന്നോട്ട് പോകുന്നത് തന്നെ വലിയ കാര്യമായി എനിക്ക് തോന്നി.
ഞാൻ തനിച്ചായിരുന്നില്ലല്ലോ..! പത്തോളം യാത്രക്കാരും ഉണ്ടായിരുന്നു. അതിൽ ഒരാൾ രാഹുലിന്റെ അച്ഛൻ ആണ്. രാഹുലിനെ അന്ന് രാത്രി മുതൽ കാണാനില്ല. അവനെ മാത്രമല്ല, ഹോസ്പിറ്റൽ റൂമിൽ ആയിരുന്ന എബിയും പാസ്സഞ്ചർസിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് ക്രൂ മെമ്പർസും ഞാനും ക്യാപ്റ്റനും ഒഴിച്ചാൽ മറ്റൊരു ജീവനക്കാരാരെയും ജീവനോടെ അന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതിന് ഉത്തരമെന്നോണം അന്ന് കടൽ വെള്ളത്തിന് രക്തത്തിന്റെ മണവും നിറവും ഉണ്ടായിരുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.
രാഹുലിനെ പറ്റി അവന്റെ അച്ഛൻ എന്നോട് എന്തെങ്കിലും ചോദിക്കുമെന്ന് ഞാൻ ഭയന്നിരുന്നു. ഞാൻ എന്ത് പറയണം, രാഹുലിനെ കാണാനില്ലെന്നോ..?
സത്യത്തിൽ ബ്രിഡ്ജ് വിങ്ങിൽ നിൽക്കുന്ന രാഹുലിനെ ഞാൻ കണ്ടിരുന്നു. എന്നാൽ അവനെ കാണാതാവുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ...!
മകനെ കാണാതെ മനസ്സിന്റെ നിയന്ത്രണം വിട്ട് പോയത് കൊണ്ടോ അതോ എല്ലാം ക്ഷമിക്കാനുള്ള കഴിവുള്ളത് കൊണ്ടോ അദ്ദേഹം ഒന്നും എന്നോട് തിരക്കാതിരുന്നത്..?
ഞാനും അദ്ദേഹത്തെ പറ്റി തിരക്കിയിട്ടില്ലെന്നതാണ് വാസ്തവം. ദുഖത്തിന്റെയും ഭീതിയുടെയും ഭാവങ്ങൾ മാറി മാറി മിന്നിമറയുന്ന മുഖങ്ങൾക്ക് പഞ്ഞമില്ലാത്തത് കൊണ്ട് എനിക്ക് അദ്ദേഹത്തെ വേർതിരിച്ചു അറിയാനും കഴിഞ്ഞില്ല.
ഇന്നലെ വരെ എബി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവന്റെ കാര്യത്തിൽ എന്റെ പ്രതീക്ഷകൾ എല്ലാം വറ്റിത്തുടങ്ങിയിരുന്നു. അവന്റെ ഉള്ളിലെ ബുള്ളറ്റ് നീക്കം ചെയ്യാൻ എന്നെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കുമായിരുന്നില്ല. ജലീൽ ആണ് അത് ചെയ്തത്. മെഡിസിന് പഠിക്കുകയാണെങ്കിലും അവൻ അത് ധൈര്യപൂർവ്വം ചെയ്തു. എന്നാൽ അത്കൊണ്ടൊന്നും അവന്റെ ജീവനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല!
യാത്രക്കാർ തന്നെയാണ് ഓരോ കാര്യങ്ങളിലും കൂടെ നിന്ന് സഹായിച്ചത്.
അവർ കൂടെ ഇല്ലായിരുന്നെങ്കിൽ..?
ഓഹ്... എനിക്ക് ഓർക്കാൻ വയ്യ.
യാത്രക്കാർ എല്ലാവരും ഇന്ത്യക്കാരാണ്. സലാലയിൽ എത്തി അവിടെ നിന്ന് നേരെ ഗോവയെ ലക്ഷ്യമാക്കി പോകാൻ തയ്യാറായി നിന്നവർ, അവരുടെ കൂട്ടത്തിൽ അഞ്ചു വയസ്സുള്ള കുട്ടി മുതൽ പ്രായമായ ഒരു ബ്രാഹ്മണ പുരുഷനെ വരെ ഞാൻ കണ്ടു.
എല്ലാവരുടെയും ഉത്തരവാദിത്തം ആരുടെ കൈകളിൽ ആണ്..? അപകടം നടക്കുമ്പോയും യാത്രക്കാരെ ഞങ്ങൾ സംരക്ഷിച്ചു. എന്നാൽ പിന്നീട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങളെന്നു പറയാൻ ഞാനും ക്യാപ്റ്റനും മൂന്ന് ക്രൂ മെമ്പറുമാണ് അവശേഷിക്കുന്നത്. സാറ്റ്ലൈറ്റ് ഫോൺ വരെ സിഗ്നൽ കിട്ടാതെ അലഞ്ഞു പോയിരുന്നു.
കടലിന്റെ ഭയാനകമായ ഭാവം കണ്ടപ്പോൾ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ഇപ്പോഴും കരുതുന്നില്ല..!
കഴിഞ്ഞ അഞ്ചു ദിവസങ്ങൾ കടൽ അതേ ഭാവത്തിൽ തന്നെ നില നിന്നു, ദേഷ്യം വിട്ട് മാറാത്ത ഒരു കൊച്ചു കുട്ടിയെ പോലെ...
രാവിലെ കണ്ണ് തുറന്നപ്പോൾ നിഷ്കളങ്കതയോടെ നോക്കി നിൽക്കുന്ന കടലിനെ കണ്ടു. ഒന്നും പറഞ്ഞില്ല... എന്ത് പറയാനാണ്...? കൊണ്ടുപോയ മനുഷ്യ ശരീരങ്ങൾക്ക് വില പേശാൻ കഴിയില്ലല്ലോ...!
ദ്വീപിനടുത്തേക്ക് കപ്പൽ എത്തിയപ്പോൾ എൻജിൻ ഓഫാക്കി കാത്തിരിക്കുകയായിരുന്നു. ഒരുപാട് പേരുടെ പ്രാർത്ഥനകളുടെ ഫലമെന്നോണം കപ്പൽ ഒഴുകി പാറക്കെട്ടുകളോട് ചേർന്ന് നിന്നു. കപ്പലിൽ നിന്ന് പാറയോട് ബന്ധിപ്പിച്ച പലകയിലൂടെ ഓരോരുത്തരായി നടന്നു പോവുകയാണ്. അല്ല... അവർ ഓടുകയാണ്. നങ്കൂരമിടാൻ കഴിയാത്തത് കൊണ്ട് കപ്പൽ കടലിന്റെ ഒഴുക്കിനനുസരിച്ചു മെല്ലെ ഒഴുകുന്നുണ്ട്. അതിനെ പ്രതിരോധിച്ചു കൊണ്ടാണ് ഓരോരുത്തരും കടന്നു പോവുന്നത്.
മുരുകനെ എടുത്ത് കൊണ്ട് പോവുന്നത് കാണുമ്പോൾ പേടി തോന്നി. കാലൊന്ന് ഇടറിയാൽ...
ഇല്ല... ഒന്നും സംഭവിച്ചില്ല.
തകരാറിലായ എൻജിൻ നന്നാക്കുവാൻ ഒരു ശ്രമം നടത്തിയതിന്റെ ഫലം ആണ് മുരുകന്റെ കാൽ...
പിറകെ മുരുകന്റെ ഭാര്യയുണ്ട്. ക്രൂ മെമ്പർ ആണ് മുരുകൻ. യാത്രക്കാരുടെ കൂടെ അവരുടെ ഭാര്യയും ഉണ്ടായിരുന്നു. മുരുകൻ അപ്പോൾ യാത്രക്കാരുടെ കൂടെ ആയത് കൊണ്ട് തന്നെ അപകടം ഒന്നും പറ്റിയിരുന്നില്ല. എന്നാൽ പിറ്റേന്ന് തന്നെ വന്ന് മുരുകന്റെ ഒരു കാല് കൊണ്ടുപോകാൻ വിധി മറന്നില്ല.
ക്യാപ്റ്റന്റെ കൈകളിലെ മുറിവ് ചികിത്സിച്ച് ഭേദപ്പെട്ടിട്ടുണ്ട്. എങ്കിലും കൈ ഒന്ന് അനങ്ങുമ്പോൾ അദ്ദേഹം വേദനിക്കുന്നത് കാണുന്നുണ്ട്.
പത്തോളം യാത്രക്കാരും മുരുകൻ അടക്കം മൂന്ന് ജീവനക്കാരും ഇറങ്ങിക്കഴിഞ്ഞു. അവരുടെ കണ്ണുകളിലെല്ലാം പ്രതീക്ഷയുമുണ്ട്.
അവസാനമായി ഞാനാണ് ഇറങ്ങിയത്. എന്റെ മുൻപിലായി ക്യാപ്റ്റനും. അദ്ദേഹത്തിന് നടക്കാൻ പ്രയാസമില്ലെങ്കിലും കൈ അനക്കാതെ നടക്കുന്നത് കൊണ്ട് പതിയെ ഓരോ ചുവടും വെച്ചാണ് മുന്നോട്ട് പോകുന്നത്.
"എന്റെ ഊഹം ശെരിയാണെങ്കിൽ ഇത് ദർസാ ദ്വീപ് ആണ് അന്ന...
ജനവാസമില്ലാത്ത ദ്വീപ്."
പിറകിലായി വരുന്ന എനിക്ക് കേൾക്കാനെന്നോണം ക്യാപ്റ്റൻ പറഞ്ഞു.
കടലിന്റെ ഓരോ ഭാഗങ്ങളും നന്നായി വശമുള്ള ക്യാപ്റ്റന്റെ വാക്കുകൾ വിശ്വസിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ഇറങ്ങുകയെന്നല്ലാതെ വേറെ വഴിയുമില്ല. നിയന്ത്രണം നഷ്ടപ്പെട്ട കപ്പലിൽ ഇനിയും സഞ്ചരിക്കുന്നത് അപകടമാണ്.
എത്രപെട്ടെന്നാണ് പ്രതീക്ഷകൾക്ക് വേരുറയ്ക്കുന്നതും അവ അറ്റ് പോകുന്നതും...
ദർസാ...
എന്തിനാണ് നീ ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്നത്..?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.
©
ഒത്തിരി സ്നേഹത്തോടെ
Muhsina ithus