കൊതിച്ചതും വിധിച്ചതും
📝 Jazyaan
ഭാഗം : 4
ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾക്ക് നാടുവിലാണവൾ. എവിടുന്ന് തേടിയാലും പൂർണത നൽകാത്ത ചില ഉത്തരങ്ങളായിരുന്നു അവൾക്ക് ചുറ്റും.
കുടുംബക്കാർ ഉള്ളതുകൊണ്ട് ഒന്നിൽ നിന്നും മാറി തനിച്ചിരിക്കാൻ സാധിച്ചിരുന്നില്ല . തനിക്ക് കിട്ടിയ ജീവിതം ഭാഗ്യം നിറഞ്ഞതാണെന്നും, കുടുംബമഹിമയും മറ്റുമായി ചർച്ചകൾ മുറക്ക് നടന്നു. ഓരോന്നും കേട്ട് നിൽക്കെ അവൾ കൂടുതൽ തളരുന്നതായി തോന്നി.
" നാജി മോളും ജുനൈദും നല്ല ചേർച്ച ആണല്ലേ." എളേമാ ആയിരുന്നു പറഞ്ഞതെങ്കിലും എല്ലാവരും ഒരുപോലെ അഭിപ്രായത്തോട് യോജിച്ചു.
നാജിയുടെ മനസ്സിൽ ചിന്ത മറ്റൊന്നായിരുന്നു. ജുനൈദ് എന്ന പേര് മാത്രമായിരുന്നു അവൾ ശ്രദ്ധിച്ചത്. തന്റെ ഭർത്താവ് ആകാൻ പോകുന്ന ആളുടെ പേര് ഇങ്ങനെ ഒരു സാഹചര്യത്തിൽ അറിഞ്ഞെന്നു ഓർക്കേ അവൾക് സ്വയം പുച്ഛം തോന്നി.
. നാജിയുടെ ഭാവങ്ങൾ ഓരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന വെല്ലുമ്മ അത് മനസ്സിലാക്കുകയും ചെയ്ത്. അവർ പതിയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പുറത്തേക്ക് നടന്നു. അല്പം മുന്നോട്ടു നീങ്ങിയ ശേഷം തിരിഞ്ഞു നിന്ന് നാജിയെ വിളിച്ച് ഒപ്പം കൂട്ടി.
കൂടുതൽ ഒന്നും ആലോചിക്കാതെ അവൾ വെല്ലുമ്മയ്ക്ക് പിന്നാലെ നടന്നു.
മുറ്റത്തെ കുറ്റിമുല്ലയ്ക്ക് സമീപം അവർ നാജിക്ക് വേണ്ടി കാത്തുനിന്നു.
************************************
പൂവിട്ടു നിൽക്കുന്ന കുറ്റിമുല്ല നാജിക്ക് മുന്നിൽ തന്റെ പ്രണയകാല ഓർമയ്ക്ക് വഴിതെളിച്ചു. കാലുകൾ ഒരടി ചലിപ്പിക്കാതെ അവൾ ഒരുപാട് പിന്നിലേക്ക് സഞ്ചരിച്ചു.
വൈകുന്നേരം മുറ്റത്തെ മാവിൽ ഊഞ്ഞാലാടി കൊണ്ടിരുന്ന 8 വയസ്സുകാരിയെ ഓർമകളിൽ അവൾ തേടി. പന്തുകളി കഴിഞ്ഞു തനിക്കരികിലേക്ക് ഓടിയെത്തിയ ഒരു 14 വയസ്സുകാരൻ, അന്നവന്റെ കയ്യിൽ സ്കൂളിൽ പോകും നേരം എന്നും താൻ കൊതിയോടെ നോക്കുന്ന കുറ്റിമുല്ല ചെടിയുടെ ഒരു കമ്പുകൂടി ഉണ്ടായിരുന്നു. തന്നിൽ ഏറെ മോഹം സൃഷ്ട്ടിച്ച ആ സമ്മാനം അവളുടെ കയ്യിലായി നൽകുമ്പോൾ അവന്റെ കവിളിൽ നനുത്ത ഒരു ചുംബനമായിരുന്നു അവൾ നൽകിയത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറം മാത്രമേ ആ ചുംബനത്തിന് അന്ന് ഉണ്ടായിരുന്നുള്ളു, പ്രണയത്തിന്റെ ഭാവങ്ങൾ പിന്നെ എപ്പോഴാണ ചെടിയിൽ മൊട്ടിട്ടത്. ഓർമകളിൽ കണ്ണുനീർ കവിൾത്തടത്തെ നനയിച്ചു കടന്നു പോയി.
*******************************
" മോളെ നാജി.... " വെല്ലുമ്മയുടെ വിളിയിൽ അവൾ ഓർമകളിൽ നിന്ന് സ്വതന്ത്രയായി. അവിടേക്ക് നടക്കുമ്പോൾ തന്നിൽ നിന്ന് നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടുന്ന നിർവൃതി അവളിൽ ഉടലെടുത്തു. കാലുകൾക്ക് വേഗത കൂടിയതുപോലെ, താൻ ഓടുകയാണോ എന്നവൾ ഒരുമാത്രേ ശങ്കിച്ചു. അവളുടെ ശരീരത്തിനായിരുന്നില്ല ആ വേഗത മനസ്സിനായിരുന്നു.
" മോളെ നിന്നെ നിക്കാഹ് കഴിക്കാൻ പോകുന്ന പയ്യന്റെ പേര് ജുനൈദ്, കംപ്യൂട്ടർ ന്റെ ജോലി എന്തോ ആണ്, ഏതോ ഒരു പാർക്കിൽ. പേര് ഓർമ കിട്ടണില്ല. നല്ല പഠിപ്പും.... "
" ഇതൊക്കെ ഇനി എന്നോട് പറയുന്നത് എന്തിനാ, അറക്കാൻ കൊടുക്കണ പോത്തിനെ അതിനെ ഏൽപ്പിച്ചു കൊടുക്കുന്ന ആളുടെ പേരും നാളൊന്നും പറഞ്ഞു കൊടുക്കാറില്ലല്ലോ."
" മോളെ... ഞങ്ങൾ നിന്റെ നല്ലതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഇന്നല്ലെങ്കിൽ നാളെ എന്റെ കുട്ടിക്കതു മനസ്സിലാകും. മാനുവിനെക്കാൾ എന്തുകൊണ്ടും നിന്നെ സ്വന്തമാക്കാൻ യോഗ്യത ഉള്ളത് ജുനുവിനാണ്. " അവളുടെ അവഗണന അവരിലും വേദന നിറച്ചിരുന്നു.
" വെല്ലുമ്മ പറഞ്ഞത് ശരിയാ ഉമ്മയും ഉപ്പയും ആരെന്ന് അറിയാത്തവനേക്കാൾ യോഗ്യത നിങ്ങൾ കണ്ടുപിടിച്ച വ്യക്തിക്ക് തന്നെയാണ്. " വെല്ലുമ്മയിൽ നിന്നുള്ള പ്രതികരണം അറിയാനായിട്ടായിരുന്നു നാജി അങ്ങനൊരു മറുപടി നൽകിയത്. എന്നാൽ അവൾ പ്രതീക്ഷിച്ചത് പോലൊരു ഞെട്ടൽ ഒന്നും അവരുടെ മുഖത്ത് അവൾക്ക് കാണാൻ കഴിഞ്ഞില്ല.
. നിറഞ്ഞൊരു പുഞ്ചിരിയോടെ ആയിരുന്നു വല്ലുമ്മയുടെ മറുപടി.
" ആമിന ഇങ്ങനൊരു കാര്യം നീ കേൾക്കെ പറഞ്ഞത് കൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു ഇന്നല്ലെങ്കിൽ നാളെ ഇതേക്കുറിച്ചു നമുക്കിടയിൽ ഒരു സംസാരം ഉടലെടുക്കും എന്ന്.
എന്റെ മകളുടെയോ മരുമകന്റെയോ രക്തമല്ലവൻ. ഈ കുടുംബവുമായി അവനു യാതൊരു ബന്ധവും ഇല്ല. ആരെന്നോ ഏതൊന്നോ അറിയാത്തൊരു അനാഥൻ, ആർക്കോ പറ്റിയൊരു അബദ്ധം ആയിരുന്നിരിക്കണം അവൻ. " വാക്കുകൾ അത്ര മൂർച്ഛയേറിയതായിരുന്നു, അവരുടെ വെറുപ്പിനെ പ്രകടമാക്കും വിധം.
" ഇങ്ങനെ ക്രൂരമായി ചിന്തിക്കാൻ എങ്ങനെ കഴിയുന്നു നിങ്ങൾക്ക്. ഞാൻ അറിഞ്ഞതും സ്നേഹിച്ചിരുന്നതുമായ എന്റെ വെല്ലുമ്മക്ക് ഇങ്ങനെ ഒന്നും പറയുവാനോ പ്രവർത്തിക്കുവാനോ കഴിയുമായിരുന്നില്ല. " വെല്ലുമ്മയുടെ സംസാരം നാജിയെ കുപിതയാക്കിയിരുന്നു.
" നീ പറഞ്ഞത് ശരി തന്നെയാണ്, നീ അറിയുന്ന നിന്റെ വെല്ലുമ്മയ്ക്ക് ഇങ്ങനെ പറയാനോ സംസാരിക്കാനോ കഴിയുമായിരിക്കില്ല, എന്നാൽ ഞാറങ്ങോട്ട് റഹിം ഹാജിയുടെ ഭാര്യക്ക് ഇങ്ങനെ പെരുമാറാനെ അറിയൂ. എവിടുന്നോ എടുത്തുകൊണ്ടു വന്നു വളർത്തി വലുതാക്കിയവൻ എന്റെ കുടുംബത്തിലെ കുട്ടിയെ മോഹിക്കാനും മാത്രം വളർന്നിട്ടില്ല. അങ്ങനെ ഉള്ളൊരുവന്റെ കയ്യിൽ നിന്നെ ഏൽപ്പിക്കാൻ എനിക്കോ നിന്റെ ഉപ്പയ്ക്കോ ഇഷ്ട്ടമില്ല. "
" ആരെന്നോ ഏതെന്നോ അറിയാത്തവന്റെ ചിലവിൽ അല്ലെ ഇന്ന് സ്വന്തം മോൾ കഴിയുന്നത്, ആരുമല്ലെന്നറിഞ്ഞിട്ടും ഇവിടുള്ള ആരെയും അന്യനായി കാണാത്ത ആ മനസ്സിനോളം മഹത്വം ഒന്ന് നിങ്ങൾ കണ്ടുപിടിച്ചവനിൽ ഉണ്ടായിരിക്കണം എന്നില്ല. "
മറുപടിയായി മുഖമടച്ചൊരു അടിയായിരുന്നു. ഒരിക്കൽ താൻ തെറ്റുചെയ്തിട്ടും ഉപ്പ ശിക്ഷിച്ചത് മാനുക്കാനേ ആയിരുന്നു, ഇന്ന് സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് കവിളിൽ ഊക്കോടെ ആ കൈകൾ പതിഞ്ഞു.
. " ഉമ്മയെ എതിർത്തു സംസാരിക്കാൻ ആയോടി ഹറാംമ്പറന്നോളെ. " ചോദ്യത്തോടൊപ്പം ഒരിക്കൽ കൂടി ആ തഴമ്പിച്ച കൈകൾ അവളുടെ കവിളിൽ വീണു.
" എന്റെ പെങ്ങളെ അവൻ സംരക്ഷിക്കുന്നുണ്ടെങ്കിൽ അവനെ ഇത്രയും കാലം തീറ്റിപോറ്റിയതിനുള്ള നന്ദി. പിന്നെ നാലാൾ മുന്നേ ഉമ്മയെന്ന് ചൂണ്ടി കാണിക്കാൻ ഒരാൾ ആയില്ലേ അവൻ, അനാഥൻ എന്ന് വിളിക്കില്ലെന്ന് ആശ്വസിച്ചുകൂടെ. "
" ഇങ്ങനെ ഉള്ളവർക്ക് ചുറ്റും ജീവിച്ചു നാട്ടുകാർക്ക് മുന്നിൽ ഞാൻ സനാഥൻ ആണെന്ന് തെളിയിക്കുന്നതിനേക്കാൾ അന്തസ്സ് അനാഥത്തിന് തന്നെയാണ്. നിങ്ങളോട് രണ്ടുപേരോടും എനിക്ക് തോന്നുന്ന വികാരം എന്തെന്ന് പറയാൻ പോലും എന്റെ നാവ് വഴങ്ങുന്നില്ല, ഇന്നോളം അങ്ങനെ ഒരു ശീലം ഇല്ലാത്തതിനാൽ ആകും. ഇനിയും എന്തെങ്കിലുമൊക്കെ കേട്ട് നിന്നാൽ ഞാനും സ്ഥാനം നോക്കാതെ പലതും പറഞ്ഞു പോകും കാരണം ഒരേ രക്തം അല്ലെ, ചോരയുടെ ഗുണം കാണാതിരിക്കില്ലല്ലോ. "
ഇനിയൊന്നും തന്നെ പറയാനും കേൾക്കാനുമില്ലെന്നുള്ള രീതിയിൽ അവൾ മുന്നോട്ടു നടന്നു. അല്പം നടന്നകന്ന ശേഷം തിരിഞ്ഞു നിന്ന് അവർക്ക് കേൾക്കാൻ പറ്റും വിധം അവൾ പറഞ്ഞു.
" തീരുമാനിച്ച കാര്യങ്ങൾ ഒന്നും ഒരു മാറ്റവും കൂടാതെ നടക്കുക തന്നെ ചെയ്യും, എന്റെ വിധി നിങ്ങൾ ഒക്കെ ചേർന്ന് തീരുമാനിചില്ലേ ഇനി അതിലൊരു മാറ്റവും ഉണ്ടാവില്ല. നിങ്ങളെ ആരെയും ധിക്കരിച്ചു ഇന്നോളം നാജി ഒന്നും ആഗ്രഹിച്ചിട്ടില്ല, ആഗ്രഹിച്ചത് എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്ന് തന്നെയായിരുന്നു. പക്ഷെ പലരുടെയും ആ ഇഷ്ടം പൊള്ളയാണെന്ന് മനസ്സിലാക്കാൻ വൈകി." ഏതോ ഓർമയിൽ ഉള്ളം വിങ്ങി.
"പിന്നെ ഞാൻ മുറിയിലേക്ക് പോകുന്നെ, കാരണം ഈ കോലം വെച്ച് ആർക്കുമുന്നിലും ചെന്ന് നിന്ന് ആരെയും ഒന്നും അറിയിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നെ തിരക്കുന്നവരോട് പറയാൻ നല്ലൊരു കള്ളവും കണ്ടുപിടിച്ചോളൂ. "
അടികൊണ്ടു പാടുവീണ കവിളിൽ തഴുകി കൊണ്ടവൾ പിന്തിരിഞ്ഞു നടന്നു.
നടത്തത്തിന് തീരെ വേഗതയില്ലായിരുന്നെങ്കിലും ചിന്തകൾ അതിവേഗം ആയിരുന്നു. കുറച്ചു നിമിഷങ്ങക്ക് മുൻപ് സംഭവിച്ച ഓരോന്നും ഒരു തിരശീലയിലെന്നപോൽ മനസ്സിൽ മിന്നി മാഞ്ഞു. ഇന്നുവരെ ആരോടും മുഖം കറുത്ത് ഒന്നും പറഞ്ഞിട്ടില്ല, തന്റെ ശബ്ദം വീടിനുവെളിയിലേക്ക് ഉയർന്നുകേട്ടിരുന്നില്ല എന്നിട്ടും താൻ ഇന്ന് ഉപ്പയോടും വെല്ലുമ്മയോടും പറഞ്ഞവാക്കുകൾ ഓർമിക്കവേ ഹൃദയത്തിനൊരു പിടച്ചിൽ. എത്ര ന്യായികരിക്കാൻ ശ്രമിച്ചാലും പറഞ്ഞതും പ്രവർത്തിച്ചതും തെറ്റ് തന്നെ എന്ന് മനസ്സ് പറയുമ്പോളും എവിടെയും ഇനി താഴ്ന്നുകൊടുക്കരുതെന്ന ബുദ്ധിയുടെ ഉപദേശം മാത്രമേ അവൾ കൈക്കൊണ്ടതുള്ളൂ.
എത്ര വലിയ പ്രശ്നവും സങ്കടവും വന്നാലും സമ്യപനം കൈവെടിയാതെ ശാന്തമായിരുന്നു നാജിയുടെ മാറ്റം നോക്കികാണുകയായിരുന്നു അവരിരുവരും. അവളുടെ വേദന തിരിച്ചറിഞ്ഞെങ്കിലും തോറ്റുകൊടുക്കാൻ അവരും തയ്യാറായിരുന്നില്ല. അവർ ചെയ്യുന്നതിലെ ശരി മാത്രമായിരുന്നു ചിന്തിച്ചിരുന്നത്.
************************************
ഭക്ഷണം കഴിക്കാൻ നാജിയെ വിളിക്കാൻ പലരും പറഞ്ഞെങ്കിലും, രാവിലെ മുതൽ ഉള്ള ക്ഷീണം കാരണം അവൾ നേരത്തെ കിടക്കാൻ പോയി എന്ന് ഒരു കളവ് എല്ലാരോടുമായി പറഞ്ഞു.
രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. നജീബ് പെങ്ങളോട് വീട്ടിൽ നിൽക്കാൻ പറഞ്ഞെങ്കിലും മനുവിന് വിലക്കേർപ്പെടുത്തിയ വീട്ടിൽ ഇനിയും തുടരാൻ അവർ ആഗ്രഹിച്ചില്ല. പ്രസവിച്ചില്ലെങ്കിലും മാനു അവർക്ക് സ്വന്തം ചോര തന്നെ ആയിരുന്നു, അങ്ങനെ വിശ്വസിച്ചിട്ടുള്ളൂ.
******************************
മാനുവിനെ ഉപ്പയും ഉമ്മയും ഇല്ലാത്തവൻ എന്ന് പറയുമ്പോഴും അതിനെ തടഞ്ഞുകൊണ്ട് വല്ലുമ്മ സംസാരിക്കും എന്നൊരു പ്രധീക്ഷ അവൾക്കുണ്ടായിരുന്നു. എന്നാൽ അറുത്തുമുറിച്ച് വെല്ലുമ്മ അവനെ സ്വന്തം ചോരയല്ലെന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. പിന്നീട് പറഞ്ഞ ഓരോ വാക്കുകളും ഉപ്പയുടെ പ്രവർത്തിയും അവളിൽ വല്ലാത്തൊരു നടുക്കം സൃഷ്ട്ടിച്ചിരുന്നു. ഇനി ഒരിക്കലും തന്നിലേക്ക് അടുക്കാൻ കഴിയാത്ര വിദൂരത്തേക്ക് തന്റെ പ്രണയം അകലുന്നത് വേദനയോടെ ഉൾകൊള്ളാൻ തന്റെ മനസ്സിനെ പാകപ്പെടുത്തേണ്ടിയിരിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.
പലപ്പോഴും താൻ പിന്നാലെ ഇഷ്ടം പറഞ്ഞുചെല്ലുമ്പോഴും, തനിക്കതിന് യോഗ്യതയില്ലെന്ന് പറഞ്ഞകറ്റി നിർത്തുന്ന മനുവിന്റെ മുഖം അവളുടെ മനസ്സിൽ വേദന നിറച്ചു. ഒരിക്കലും തമ്മിൽ ചേരില്ലെന്ന് പറഞ്ഞൊഴുവാക്കി വിട്ടിട്ടും വീണ്ടും പിന്നാലെ പോയി പിടിച്ചു വാങ്ങിയതായിരുന്നു ആ സ്നേഹം. എന്നിട്ടും സ്വന്തമാക്കാൻ കഴിയാത്തതിൽ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
ഓരോന്നും ആലോചിച്ചിരുന്നു അവളുടെ കണ്ണുകളിൽ ഉറക്കം വന്നുമൂടി. നിദ്രയിൽ ആഴ്ന്നിറങ്ങുമ്പോളും അവ്യക്തമായൊരു ഫോൺ റിങ് അവളുടെ കാതുകളിൽ പതിച്ചിരുന്നു.
ഓരോന്നും ആലോചിച്ചിരുന്നു അവളുടെ കണ്ണുകളിൽ ഉറക്കം വന്നുമൂടി. നിദ്രയിൽ ആഴ്ന്നിറങ്ങുമ്പോളും അവ്യക്തമായൊരു ഫോൺ റിങ് അവളുടെ കാതുകളിൽ പതിച്ചിരുന്നു.
. രണ്ടുവട്ടം ഫോൺ റിങ് ചെയ്തു നിന്നു. അപ്പോഴേക്കും അവൾ ഗാഢമായ നിദ്രയിൽ ആയി കഴിഞ്ഞിരുന്നു.
******************************
കുടുംബക്കാരെല്ലാം പോയി. വല്ലുമ്മയും ഉപ്പയും കോലായിയിൽ ഇരുന്നു സംസാരത്തിലാണ്, ഒന്നിലും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലെങ്കിലും നല്ലൊരു കേൾവികാരിയായി നാജിയുടെ ഉമ്മയും അവർക്കൊപ്പം ഉണ്ട്.
നജീബിന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് അവർ ചർച്ച അവസാനിപ്പിച്ചത്.
' ഹൈദർ' എന്ന പേര് ഡിസ്പ്ലയിൽ തെളിഞ്ഞത് കണ്ടു. ജുനൈദിന്റെ ഉപ്പയാണ് ഹൈദർ, ഇത്ര വൈകി വിളിക്കുന്നത് എന്തിനായിരിക്കും എന്നോർത്തു ഒരു ആശങ്ക എല്ലാരിലും പ്രകടമായി. നജീബ് കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.
" അസ്സലാമു അലൈകും."
" വ അലൈകും സലാം. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. "
" അൽഹംദുലില്ലാഹ്, എല്ലാം നന്നായി പോണു. യഥാർത്ഥ വിശേഷം കുട്ടികളുടെ നിക്കാഹിന്റെ കാര്യങ്ങൾ അല്ലെ. "
" ഇന്ഷാ അല്ലാഹ് എല്ലാം റാഹത്തായി നടക്കും നജീബെ. അല്ല വീട്ടിൽ എല്ലാരും കിടന്നോ. "
. " ഇല്ലില്ല.... ഉമ്മയും ഞങ്ങളും കൂടി ഇന്നത്തെ പരിപാടിനെ കുറിച്ച് പറയാർന്നു. "
" ഹ. എനിക്ക് ഇന്ന് വരാൻ കഴിഞ്ഞില്ല. കടേൽ ഇന്ന് സ്റ്റോക്ക് വന്ന ദിവസം ആയിരുന്നു , അതിന്റെ തിരക്കിൽ പെട്ട് പോയി. പിന്നെ ഞാൻ വിളിച്ചത് ഇനി ഇങ്ങള് എന്നാണ് ഇങ്ങട്ട് വന്നെന്ന് അറിയാനും വേണ്ടീട്ടാണ്. എത്രയും പെട്ടന്ന് തന്നെ നമുക്ക് കല്യാണത്തിന് ഉള്ള ഡേറ്റ് കാണായിരുന്നു. "
" ഇവിടെ ഇക്കാനോടും ഉമ്മാനോട് ഒക്കെ ചോയിച്ചപ്പോൾ, എല്ലാർക്കും ഒഴിവ് വരുന്നെത് വിഷുന്റെ അന്നാണ്. ഏപ്രിൽ 15 ന്. നിശ്ചയം നമുക്ക് അന്നത്തേക്ക് ആക്കിയാലോ. പിന്നെ അടുത്ത മാസം എല്ലാം നോക്കി നല്ലോരു ദിവസം കല്യാണം നടത്താം. എന്താ ഇങ്ങക്കടെ അഭിപ്രായം. "
" വിഷു പൊതു അവധി ആയോണ്ട് എല്ലാർക്കും വരാനും ബുദ്ധിമുട്ട് ഉണ്ടാവില്ല, എങ്കിലും ഞാൻ എല്ലാരോടും ചോദിച്ചിട്ട് അങ്ങോട്ട് വിളിക്കാം.
ഹ പിന്നെ നജീബെ മോളെന്തെടുക്കാണ്, ഓൾക്ക് കൊടുത്തിക്കണ മൊബൈലിലേക്ക് ഇവിടുന്ന് വിളിച്ചിരുന്നു, കാൾ എടുക്കണിണ്ടായില്ല. എന്തേലും പ്രശ്നം ഉണ്ടോ. ഇന്ന് ആയിശു വന്നു എന്റടുത്തു പറഞ്ഞു ആ കുട്ടിന്റെ മുഖത്ത് ഒരു സന്തോഷം ഇണ്ടായില്ലാന്ന്. "
ചോദ്യം കേട്ടതും നജീബിൽ ഒരു നടുക്കം ഉണ്ടായി. കുട്ടിന്റെ താല്പര്യം നോക്കാതെ ആണ് നിക്കാഹെന്ന് അവരോട് പറയാൻ കഴിയില്ല. ഇത്രയും നല്ലൊരു കുടുംബത്തിൽ നിന്ന് വന്നൊരാലോചന മുടങ്ങിയാൽ നന്നല്ല എന്ന ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് കല്യാണത്തെ പറ്റി ചിന്തിച്ചതും.
" പ്രശ്നം ഒന്നും ഇല്ല, പിന്നെ പഠിക്കുന്ന കുട്ടിയല്ലേ അത് മുടങ്ങി പോകുമോ എന്നൊരു ചിന്ത, 17 വയസ്സാകുന്നതല്ലേ ഉള്ളു അതൊക്കെയാണ്. ഇന്നത്തെ പരിപാടിടെ ക്ഷീണം ഒക്കെ കാരണം നേരത്തെ കിടന്നു. ഞാൻ ഫോൺ ഓൾക് കൊടുക്കാം. "
" ഉറങ്ങിയെങ്കിൽ ഉണർത്തേണ്ട, അവർ നാളെ വിളിച്ചു സംസാരിച്ചോളും. എങ്കിൽ എല്ലാം പറഞ്ഞത് പോലെ ഇവിടെ എല്ലാരോടും ആലോചിച്ചു ഞാൻ വിളിച്ചു പറയാം.
അസ്സലാമു അലൈകും. "
" വ അലൈകും സലാം. "
" ആരാ നജീബെ ഹൈദർ ആണോ. " ഉമ്മ അയാളോട് ചോദിച്ചു.
" അതെ ഉമ്മ, നമ്മൾ എന്ന നിശ്ചയത്തിന് അങ്ങോട്ട് ചെല്ലുന്നേ എന്ന് അറിയാൻ ആയി വിളിച്ചത് ആണ്. പിന്നെ നാജിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്ന്. "
" എങ്ങനെ അഹങ്കാരം തലയലക് പിടിച്ചിരിക്കുവാ പെണ്ണിന്. പെണ്മക്കളുടെ സ്വഭാവഗുണം ഉമ്മമാർ പറഞ്ഞു കൊടുത്തു വളർത്തുന്നത് അനുസരിച്ചിരിക്കും. അതെങ്ങനെ വീട്ടിൽ തന്ത ഇല്ലാത്ത സമയം കണ്ടവന്റെ തോളിൽ തൂങ്ങാൻ അഴിച്ചു വിട്ടീക്കുവല്ലേ മക്കളെ. " മരുമകളെ കുറ്റപ്പെടുത്താൻ ആയിരുന്നു അവർക്ക് തിടുക്കം.
" ഞാൻ എന്ത് ചെയ്‌തെന്ന ഉമ്മ പറയുന്നേ, ന്റെ കുട്ടിന്റെ ഇഷ്ടം കൂടി നോക്കാതെ ഇങ്ങള് കാട്ടിക്കൂട്ടണത്തിന് ഒക്കെ എനിക്ക് പഴികേട്ട് നിൽക്കണ്ട ആവിശ്യം ഒന്നൂല്ല. " കാര്യമില്ലാതെ തന്നെ കുറ്റപെടുത്തിയതിൽ അവർക്കുള്ള രോഷം നാജിയുടെ ഉമ്മ പ്രകടിപ്പിച്ചു.
" വാ അടച്ചു വെക്കടി ദജ്ജാലെ നീ. ഉമ്മാന്റെ നേരെ ഇനി അന്റെ ഒച്ച പൊങ്ങിയാൽ അന്ന് നിന്റെ മയ്യത്തെടുക്കും ഞാൻ. നീ ഒന്നും ചെയ്തില്ല, ഓൾ ഇന്ന് അവരോടൊക്കെ മുഖം തിരിച്ചാണോടി നിന്നത്, ആയിഷാക്ക് മോളെ പെരുമാറ്റത്തിന്ന് തോന്നിയത്രേ നിക്കാഹിനു താല്പര്യം ഇല്ലാത്തപോലെ. ഈ നിക്കാഹ് ഞാൻ വിചാരിച്ചേ പോലെ നടക്കൂ, മോളെ നന്നായി ഒന്ന് പറഞ്ഞു മനസ്സിലാക്കിയേരെ. ഞാൻ പറയാൻ നിന്നാൽ ഇന്നത്തേത് പോലെ ഓൾടെ തടിക്ക് നല്ലതാരിക്കില്ല. " അതും പറഞ്ഞു ഇരുന്നിരുന്ന കസേരയും ചവിട്ടി തെറിപ്പിച്ചു നജീബ് മുറ്റത്തേക്ക് ഇറങ്ങി.
നജീബ് അവസാനം പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ അവർ നജീബ് പോകുന്നതും നോക്കി നിന്നു . മകളുടെ വിധിയോർത്ത് വിലപിക്കാൻ മാത്രമേ ആ ഉമ്മയ്ക്ക് കഴിയുമായിരുന്നുള്ളു, ഒപ്പം മകൾക്ക് ലഭിക്കുന്ന ജീവിതം നല്ലതാക്കണെ എന്നുള്ള ദുആയും.
************************************
കുറച്ചു ദിവസങ്ങളായി കരഞ്ഞു തളർന്നു ഉറങ്ങുന്നത് കൊണ്ട് അസഹ്യമായ തലവേദനയോടെയാണ് നാജി ഉണരുന്നത്. കൺപോളകൾ വലിച്ചു തുറന്നു. ഇരുകവിളുകളും വേദന അനുഭവപ്പെട്ടു. ഫ്രഷ് ആയി പുറത്തുവന്നവൾ സുബഹി നിസ്കരിച്ചു. സലാം വീട്ടി ദുആ ചെയ്യുമ്പോഴും വേദനയുടെ കടുപ്പം കൊണ്ടാവണം തൊണ്ടയിടറുകയും കണ്ണുകൾ പെയ്യുകയും ചെയ്തത്.
അല്പം ചൂട് വായ്ക്കുള്ളിൽ തട്ടിയിരുന്നെങ്കിൽ വേദനയ്ക്ക് അല്പം ശമനം വരുമെന്ന് തോന്നിയതിനാൽ ആവണം മുസല്ല മടക്കിയവൾ എഴുന്നേറ്റു. മുറിവിട്ട് പുറത്തിറങ്ങും മുൻപ് തന്റെ മുഖം അവൾ ഒരുവട്ടം കൂടി കണ്ണാടിയിൽ നോക്കി. തന്റെ പ്രതിബിംബം തന്നെ നോക്കി പരിഹസിക്കുന്നതായ് തോന്നി. വീങ്ങിയ കവിൾ തടങ്ങളിൽ കൈകൊണ്ട് തൊട്ടുനോക്കി. വേദന അധികമായതിനാൽ ആവണം കൈയുടെ സ്പർശനം പോലും അറിഞ്ഞില്ല.
പുറത്തു വന്നവൾ ആദ്യം തിരഞ്ഞത് ഉപ്പയെ ആയിരുന്നു, കാരണം അവളുടെ ഈ കോലം കാണാൻ ഏറ്റവും അനുയോജ്യമായ വ്യക്തി ഉപ്പ തന്നെ ആണെന്നവൾ കരുതി.
അടുക്കളയിലേക്ക് പോകാതെ അവൾ കോലായിയിലേക്ക് നീങ്ങി. ഉപ്പ അവിടെ ആകുമെന്നവൾക്ക് ഉറപ്പായിരുന്നു.
കാര്യമായ പത്രവായനയിൽ ആയിരുന്ന നജീബ് നാജി വന്നത് അറിഞ്ഞില്ല. തനിക്ക് മുന്നിലായി കാൽപ്പെരുമാറ്റം അറിഞ്ഞാണ് അയാൾ തല ഉയർത്തി നോക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണും നീരുവന്നു വീങ്ങിയ കവിളുകളിലും അയ്യാളുടെ കണ്ണുകൾ പതിഞ്ഞു.
എത്ര തെറ്റ് ചെയ്താലും ഒരു ഈർക്കിൽ കൊണ്ടുപോലും നജീബ് നാജിയെ തല്ലിയിരുന്നില്ല. ഇതിനുമുന്പും തല്ലുകൊള്ളേണ്ട അവസരങ്ങളിൽ കണ്ടിട്ടും അവൾക്ക് നേരെ കൈകൾ ഉയർന്നിട്ടില്ല. ഇന്നലെ തല്ലണം എന്ന് അയ്യാൾ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നില്ല, ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ അറിയാതെ കൈ ഉയർന്നുപോയി. എന്നാൽ അവളുടെ വീങ്ങിയ കവിൾത്തടം കാൺകെ ആ പിദ്ർഹൃദയം നൊന്തു.
" ഉപ്പാന്റെ വാവക്ക് നൊന്തോടാ. " നാജിയെ നെഞ്ചോട് അടക്കിപ്പിടിച്ചു ചോദിച്ചു.
അത്രയും നേരം ഉപ്പയോട് തോന്നിയ ദേഷ്യവും പരിഭവവും അവളിൽ നിന്ന് അലിഞ്ഞില്ലാതായി. കൊച്ചുകുഞ്ഞിനെപോലെ ആ കൈക്കുള്ളിൽ അവൾ ഒതുങ്ങി നിന്നു. അന്നേരം അവൾക്കുള്ളിൽ അവളുടെ പ്രണയമോ വേദനയോ ഭാവിയോ ഒന്നുമില്ലായിരുന്നു. ഉപ്പയുടെ കുഞ്ഞു കുറുമ്പിയായ വാവമാത്രമായിരുന്നു അവൾ.
" നല്ല വേദന ഉണ്ടോ മോളെ. "
" ഉപ്പ ചേർത്ത് നിർത്തിയപ്പോ എന്റെ വേദനയെല്ലാം എവിടെയോ പോയി. "
" ഹ്മ്മ്... ഒന്ന് മൂളികൊണ്ടയാൾ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
" ഞാൻ വലുതാവേണ്ടിയിരുന്നില്ല അല്ലെ ഉപ്പ, എന്നും ആ കുഞ്ഞുകുട്ടി ആയിരുന്നാൽ മതിയായിരുന്നു. "
ആ ചോദ്യത്തിന് അവളുടെ ഉപ്പയ്ക്ക് മറുപടി ഇല്ലായിരുന്നു. മൗനമായി അങ്ങനെ നിന്നു.
ഭർത്താവിനുള്ള ചായയുമായി വന്ന റസി കാണുന്നത് മകളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന ഉപ്പയെ ആയിരുന്നു. ആ ലോകത്ത് അവർ ഉപ്പയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നും ഈ സ്നേഹം ഇതുപോലെ നിലനിർത്തണേ എന്ന് റബ്ബിനോട് തേടി.
" ഉപ്പ പറയുന്ന ആളെ മാത്രമേ ഞാൻ എന്റെ പാതിയായി സ്വീകരിക്കു, ഉപ്പാടെ ആഗ്രഹത്തിനോ ഇഷ്ട്ടത്തിനോ എതിരായി ഞാൻ ഒന്നും ചെയ്യില്ല. പറയുന്നത് എല്ലാം അനുസരിച്ചോളാം, എന്റെ പഠനം കഴിഞ്ഞു പോരെ ഉപ്പ കല്യാണം. എനിക്ക് 17 വയസ്സ് ആകുന്നതല്ലേ ഉള്ളു. ഒരു വർഷം കൂടി കാത്തിരുന്നൂടെ, എന്റെ +2 കഴിയുമ്പോഴേക്കും എനിക്ക് 18 വയസ്സാകും എന്നിട്ട് പോരെ ഉപ്പ കല്യാണം. " പറഞ്ഞു നിർത്തി അവൾ പ്രതീക്ഷയോടെ ഉപ്പയെ നോക്കി.
" ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ആഗ്രഹം മക്കളുടെ ജീവിതം ഭദ്രമാക്കുക എന്നാണ്. പെണ്മക്കളുടെ കാര്യത്തിൽ അവളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു പുരുഷൻ കൈപിടിച്ച് കൊടുക്കുക എന്നാണ്. "
" പെൺമക്കൾക്ക് പഠിക്കാനും ജോലി നേടാനും ഉള്ള ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും യാതൊരു വിലയുമില്ലെന്നാണോ ഉപ്പ പറയുന്നത്. "
" കല്യാണം കഴിഞ്ഞെന്ന് വെച്ചു മോളുടെ പഠനത്തെ ബാധിക്കുകയെന്നും ഇല്ല. മോൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്, അവിടെ ആണ് മോൻ താമസിക്കുന്നതും അതുകൊണ്ട് കല്യാണം കഴിഞ്ഞാലും മോൾക്ക് ഹോസ്റ്റലിൽ തന്നെ തുടർന്ന് പഠിക്കാം. അതിനും അവർ സമ്മതം അറിയിച്ചിട്ടുണ്ട്. അവർക്ക് എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്ന് മാത്രമേ ഉള്ളു. മോളുടെ നല്ല ഭാവിക്ക് ഈ തീരുമാനം തന്നെ ആണ് ഉചിതം. മറ്റൊരാളുടെ മഹർ കഴുത്തിൽ അണിഞ്ഞു കഴിഞ്ഞാൽ എന്റെ കുട്ടി കഴിഞ്ഞത് എല്ലാം മറന്നോളും. "
" പെട്ടന്ന് ഉള്ള ഈ വിവാഹം നന്മയിലെ കലാശിക്കു എന്ന് ഉപ്പാക്ക് ഉറപ്പാണോ."
" മോൾക് അവിടെ ഒരു കുറവും വരില്ല എന്നും സന്തോഷവതിയായിരിക്കും. "
" സന്തോഷം എന്റെ സന്തോഷം ഉപ്പ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ഈ നിമിഷം വരെ തോന്നിയിട്ടില്ല, എന്നെ സമ്പന്നതയിൽ ജീവിക്കാൻ വിടണം അതാണ് ഈ തീരുമാനം കൊണ്ട് ഉപ്പ ആഗ്രഹിക്കുന്നത്. ഞാൻ അതിനു തയ്യാറാണ്, ഉപ്പയെ എതിർത്തു ഞാൻ ഒന്നും ചെയ്യില്ല. അടുത്ത മാസം നിക്കാഹ് തീരുമാനിച്ചാലും എനിക്ക് സമ്മദം ആണ്. "
" മോൾ ഒന്നും ഓർത്തു പേടിക്കേണ്ട, ഉപ്പ എന്ത് ചെയുമ്പോളും നല്ലത് പോലെ ആലോചിച്ചേ തീരുമാനിക്കൂ. ഈ തീരുമാനം കൊണ്ട് മോൾക് ഒരു ദോഷവും സംഭവിക്കില്ല. "
" ഹ്മ്മ്.... ഉപ്പ എന്റെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ചെയ്യുമോ."
അയ്യാൾ സംശയഭാവത്തിൽ അവളെ നോക്കി.
" മാനുക്കയുമായി എന്റെ നിക്കാഹ് നടത്തണം എന്നൊന്നും അല്ല, അതോർത്തു ഉപ്പ ടെൻഷൻ അടിക്കേണ്ട. മാനുക്കയെ പോലൊരാളോ ആഗ്രഹിക്കാനും സ്വന്തമാക്കാനും മാത്രം ഭാഗ്യം എനിക്കില്ലെന്ന് കരുതിക്കോളാം. "
അവളുടെ സംസാരം കേട്ട് നിൽക്കെ നജീബിന് ദേഷ്യം വരുന്നുണ്ടായിരുന്നു, പക്ഷെ അവളോട് എതിർത്തു ഒന്നും പറഞ്ഞു അവളിൽ വാശി ജനിപ്പിക്കുന്നത് നല്ലതല്ലെന്ന ചിന്തയിൽ മൗനം സ്വീകരിച്ചു.
" ഇനിയും ആരോരും ഇല്ലാത്തവൻ ആണെന്നും, ആർക്കണ്ടേക്കോ ജനിച്ചവൻ ആണെന്നും പറഞ്ഞു തള്ളിക്കളയാതെ സ്വന്തം എന്ന് കരുതി സ്വീകരിച്ചൂടെ ആ പാവത്തിനെ. സ്വന്തം പ്രാണനും പ്രണയവും ത്യജിച്ചതിന് അത്രയെങ്കിലും എന്റുപ്പാക്ക് ചെയ്ത് കൂടെ. മനസ്സിലെ വാശി കളഞ്ഞു ആലോചിച്ചു ഒരു തീരുമാനം എടുക്കാൻ കഴിയണേ ഉപ്പ. ഒരു ഫോൺ കാൾ മതി ഓടിയെത്തും എല്ലാ പരിഭവവും മറന്നുകൊണ്ട്, അത്ര പാവമാണുപ്പ
ആ നല്ല മനസ്സ് കാണാതെ പോയാൽ പടച്ചോൻ പോലും പൊറുക്കൂല. "
അത്രയും പറഞ്ഞു അവൾ അകത്തേക്ക് നടന്നു.
""അവനെ ഞാൻ വിളിക്കും നിന്റെ കല്യാണത്തിന്, തീർച്ചയായും വിളിക്കും അവനെ പോലെ ഒരു നെറികെട്ടവൻ എന്റെ മകളെ മോഹിക്കാൻ പോലും അർഹത ഇല്ലെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി കൊടുക്കും ഞാൻ. എന്റെ ചിലവിൽ വളർന്നവൻ എനിക്ക് മുന്നിൽ വന്നു നിന്ന് മകളെ ചോദിച്ചിരിക്കുന്നു, അവൻ ഞാൻ നിക്കാഹ് ചെയ്ത് കൊടുക്കണം പോലും"" അയ്യാൾ കുടിലതയോടെ ചിരിച്ചു.
തുടരും....
nb : 18 വയസ്സ് ആകാതെ കല്യാണം നടക്കുമോ എന്നുള്ള ചോദ്യത്തിന് ഏകദേശം ഒരു ഒമ്പത് വർഷം മുൻപ് പെൺകുട്ടികളുടെ വയസ്സ് 15 ആക്കി കുറച്ചു കൊണ്ട് ഒരു നിയമം വന്നിരുന്നു, ഏതാണ്ട് ആറുമാസം വരെയേ അതിനു നിലനിൽപ്പ് ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ ടൈമിൽ നടന്ന കല്യാണത്തിന് ലീഗൽ വാലിഡിറ്റി ഉള്ളവയാണ്.
പിന്നെ തിരുത്തിയിട്ടില്ല തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കേണേ.
വായിച്ചു കമെന്റ് അറിയിക്കണേ...