ഹൃദയത്തിൽ സൂക്ഷിക്കാൻ...
✍️ 🔥 അഗ്നി 🔥
" സുഖല്ലേടോ... " അവൻ സംസാരത്തിന് തുടക്കം കുറിച്ചു.
" സുഖം.... തനിക്കോ... "
" ഹ്മ്മ് സുഖം.... ശ്രീഹരി.... " ആ കലാലയത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ തെന്നിയകലുന്ന കൈകൾ കോർത്തു പിടിക്കപെടാതിരിക്കാൻ ഇരുവരും വളരെയേറെ ശ്രദ്ധിച്ചുപോന്നു.
" കൂടെ വരാൻ ഇരുന്നതാണ്... ഇയർ എൻഡിങ് ടൈം അല്ലെ... ഓഡിറ്റും മറ്റുമായി തിരക്കായിപോയി ശ്രീയേട്ടന്.... "
" കുട്ടികൾ.... "
" ഒരാൾ ഡിഗ്രി... ഇളയവൾ പത്തിലാണ്... "
" എങ്ങനെ തന്നെ പോലെ പഠിപ്പികളാണോ അവരും...."
" അനു വേണ്ടാട്ടോ.... പണ്ടും നിനക്ക് എന്നെ കളിയാക്കുന്നത് ഒരു വിനോദം ആയിരുന്നു... ഇപ്പോഴും അത് മാറിയിട്ടില്ല... "
" പണ്ടുള്ള പല ഭ്രാന്തും ഇന്നും അങ്ങനെ തന്നെ എന്നുള്ളിൽ അവശേഷിക്കുന്നു.... " പൂർത്തിയാക്കാതെ വാക്കുകൾ അവൻ ബാക്കിയാക്കി...
അവന്റെ വാക്കുകൾ അവളിൽ ഒരു തിരയിളക്കം സൃഷ്ട്ടിച്ചു. അല്പം അവൾ മൗനം പൂണ്ടു.
" അതൊക്കെ പോട്ടെ നിന്റെ ബീവി എന്ത് പറയുന്നു.... നൂറ അൻവർ ഷാ.... "
" സുഖം... സുഖകരം.... "
ഇനിയെന്ത് സംസാരിക്കുമെന്ന് അറിയാതെ വീണ്ടും മൗനം.
" പണ്ട് നമ്മൾ നടന്ന വഴികൾ... " അവൾ പറഞ്ഞു.
" ഹ്മ്മ്.... ഒരുപാട് മാറിയിരിക്കുന്നു... " അവൻ അവളുടെ വാക്കുകളോട് കൂട്ടിച്ചേർത്തു.
" ഒരുപാട്.... " എന്തിന് വേണ്ടിയോ വീണ്ടും അവളുടെ ഹൃദയം ആ വാക്കുകൾ ആവർത്തിച്ചു ഉച്ചരിച്ചുകൊണ്ടിരുന്നു.
" ലീവ് എത്ര നാൾ.... " വീണ്ടും അവൾ തന്നെ സംസാരിച്ചു.
" ഈ ഒത്തുകൂടലിൽ പങ്കുചേരുക... നടന്ന വഴികളൊക്കെയും ഒരുവട്ടം കൂടി ഒന്നിച്ചു നടക്കുക.... ഓർമകളിൽ കുഴിച്ചുമൂടപെട്ടവയൊക്കെയും വെറുതെ ഒന്നയവിറക്കുക.... അത് മാത്രമാണ് ഈ വരവിനു പിന്നിലുള്ള ഉദ്ദേശം... ഏറിയാൽ ഒരാഴ്ച വീണ്ടും പ്രവാസി..."
" വാക്കുകളിൽ പണ്ടത്തേതിനേക്കാൾ സാഹിത്യം കൂടുന്നല്ലോ.... "
" അക്ഷരങ്ങളോടുള്ള സൗഹൃദം നന്മമാത്രമേ നല്കിയിട്ടുള്ളു... ഇന്നെലെ കളിലെ പ്രണയവും ഇന്നിന്റെ വിരഹവും അറിഞ്ഞതും പകർത്തിയതും ഈ അക്ഷരങ്ങളല്ലേ... " ഹാസ്യം കലർത്തി അവൻ മറുപടി നൽകി.
നനുത്തൊരു പുഞ്ചിരി മാത്രമായിരുന്നു അവനു നൽകാൻ അവളുടെ പക്കലുള്ള മറുപടി.
പിന്നെയും മുന്നോട്ടു നടന്നു.... പണ്ട് പറഞ്ഞു ബാക്കിയാക്കിയതൊക്കെയും പറഞ്ഞു തീർക്കാൻ... പുതിയത് പലതും പറഞ്ഞു ബോധ്യപ്പെടുത്താൻ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൂർവ്വവിദ്യാർത്ഥി സംഗമം കഴിഞ്ഞു വീണ്ടും ആ കലാലയത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഒരുവേർപിരിയലിന്റെ വേദന അവരെ മൂടപ്പെട്ടു...
ബസ്റ്റോപ്പിൽ കൂട്ട് നിന്ന് അവളെ ബസ് കയറ്റി യാത്രയാകുമ്പോൾ... വർഷങ്ങൾ പിന്നിലുള്ള സായാഹ്ന യാത്രകൾ അവനോർമ്മ വന്നു.... അന്നും അവളെ യാത്രയാക്കിയ ശേഷം മാത്രമേ താൻ മടങ്ങിയിരുന്നുള്ളു....
ബസ് മുന്നോട്ടു ചലിച്ചു തുടങ്ങിയതും.... ആ വളകിലുക്കവും യാത്ര പറയുന്ന കൈകളുടെ ചലനങ്ങളും അവൻ കൗതുകത്തോടെ നോക്കി നിന്നു....
പരസ്പരം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും തുറന്നു പറയാതെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം അവനിൽ നിന്നകലുന്നത് പുഞ്ചിരിയോടെ നോക്കി നിന്നു....
ബസിലെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടയ്ക്കുമ്പോൾ അവൾക്കുള്ളിലും പണ്ടെങ്ങോ വേരൂന്നിയ പറയാൻ മടിച്ച പ്രണയത്തിന്റെ നല്ലോർമകൾ ആയിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തതും അവൻ പ്രതീക്ഷയോടെ കാത്തിരുന്ന കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.
" പറഞ്ഞോ.... " കാൾ അറ്റൻഡ് ആയെന്നറിഞ്ഞതും ഹലോ പോലും പറയാതെ ആകാംഷ നിറഞ്ഞ സ്വരം അവന്റെ കാതിൽ പതിഞ്ഞു.
മറുപടി മൗനമായിരുന്നു.....
" ഇല്ലല്ലേ.... എനിക്കറിയാമായിരുന്നു.. പറയില്ലെന്ന്... ഒരു സൂചന എങ്കിലും നൽകാമായിരുന്നു... " അവളുടെ വാക്കുകളിൽ അല്പം സങ്കടം നിഴലിച്ചിരുന്നു.
" എടി പെണ്ണേ.... നൂറാമോളെ.... ചില കാര്യങ്ങൾ പറയാതെയും മനസ്സിലാക്കിക്കൊടുക്കാൻ കഴിയും... പണ്ട് തുറന്നു പറയാത്ത പ്രണയം ഇനി പറയുന്നതിൽ യാതൊരു അർത്ഥവുമില്ല... എങ്കിലും അതിന്റെ ഒരു ഓർമ്മപുതുക്കൽ നടന്നു... അത്രമാത്രം... "
" ഇങ്ങനെ ഓരോവട്ട് പറഞ്ഞിരുന്നോ.... "
" പരസ്പരം അറിഞ്ഞിട്ടും അത് വീണ്ടും തുറന്നു പറഞ്ഞു ബോറാക്കുന്നതിനേക്കാൾ മനോഹരം...... "
" ഇങ്ങനെ ഈ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാണെന്നല്ലേ.... സമ്മതിച്ചേ.... പക്ഷെ ഇപ്പൊ ആ ഹൃദയം മുഴുവൻ ഞാനല്ലേ... സ്ഥലം കാണുമോ... " അവൻ പറയാൻ വന്നതവൾ പൂർത്തിയാക്കികൊണ്ട് പൊട്ടിച്ചിരിച്ചു... അവനും അവളുടെ ചിരിയിൽ പങ്കുചേർന്നുകൊണ്ട് അകലുന്ന ബസിൽ നിന്നും ദൃഷ്ട്ടിമാറ്റി....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുറന്നു പറയലിന്റെയോ വെളിപ്പെടുത്തലുകളുടെയോ അനിവാര്യമില്ല ചില പ്രണയങ്ങൾ മനസ്സിലാക്കാൻ... അവ മനസ്സിലാക്കിയിട്ടും മൗനം കാട്ടുന്നത് നേടിയെടുക്കുന്നതിനേക്കാൾ മനോഹാരിത ആ പ്രണയം നഷ്ടപ്പെടുമ്പോൾ ആണെന്ന തിരിച്ചറിവിനാലാണ്...
അവസാനിച്ചു...