Aksharathalukal

വിടരാത്തപൂമൊട്ട്...

     വിടരാത്ത പൂമൊട്ട്... 
     


           " താഹി...  എന്തിനാ ഇങ്ങനെ ബേജാറാവണത്. ഇല്ലെങ്കിൽ വേണ്ട അത്രല്ലേ ഉള്ളു. നീ ഇങ്ങനെ ടെൻഷൻ അടിച്ചു ഇല്ലാത്ത എടങ്ങേറ് ഒന്നും ഉണ്ടാക്കിവെക്കല്ലെന്റെ പെണ്ണെ... " 


     " ഇങ്ങള് ഇങ്ങനൊന്നും പാറയല്ലിക്ക... ഇതുകൂടി ഇല്ലേൽ എനിക്ക് മരിച്ചാൽ.... "   മുനീറിന്റെ നോട്ടത്തിനു മുന്നിൽ പതറി പറയാൻ വന്നതവൾ ബാക്കിയാക്കി. 


     " പടച്ചോൻ വിജാരിച്ച സമയത്തു എല്ലാം ഭംഗിയായി നടക്കും മോളേ...  നീ അതിന് മരിക്കുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞു എന്നെക്കൂടി കുഴപ്പിക്കല്ലേ. "  


      " 6 വർഷങ്ങൾ കഴിഞ്ഞിട്ടും ആ ദിവസം വന്നില്ലല്ലോ. ഇനിയും ഇല്ലാച്ചാൽ എനിക്കൊരു പ്രതീക്ഷയും ഇല്ലാണ്ടാവും. ഇങ്ങള് വേറൊരു കല്യാണം കഴിച്ചോളിൻ. " പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ തൊണ്ട ഇടറിയിരുന്നു.  


    " ഇത്തവണ പടച്ചോൻ നമ്മളെ കൈവിടില്ലെന്ന് മനസ്സ് പറയുന്നു. " നെറ്റിയിൽ മുത്തി, അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.  


       പ്രെഗ്നൻസി ഡിറ്റക്ഷൻ കിട്ടുമായി ബാത്റൂമിൽ കയറും മുൻപ് ഒരുവട്ടം കൂടി അവൾ അവനെ തിരിഞ്ഞു നോക്കി. അവൾക്കുനൽകാനായി മായാത്തൊരു പുഞ്ചിരി അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു.  


       മാസങ്ങളിൽ അസഹ്യമായ നടുവേദനയോടും കാലുകടച്ചിലിനോട് കൂടെയും അതിഥിയായി എത്താറുള്ള ആ ചുവപ്പ് നിറഞ്ഞ ദിനങ്ങൾ വൈകുന്ന വേളകളിൽ ഒരുപാട് പ്രതീക്ഷിക്കുമായിരുന്നു ആ പാവം, തന്റെ ചോര തുടിപ്പ് അവളിൽ ഉടലെടുത്തിരിക്കണേ എന്ന്. അവൾ മാത്രമല്ല താനും ആഗ്രഹിച്ചിരുന്നു. ടെസ്റ്റ് ചെയ്ത് ഒന്നുമില്ലെന്ന് അറിഞ്ഞു കഴിയുമ്പോൾ അവൾ തന്നിൽ നിന്ന് അകലാൻ ശ്രമിക്കും, എങ്കിലും എന്നും ചേർത്ത് പിടിച്ചിട്ടേ ഉള്ളു. ഓർമകളിൽ കണ്ണുകൾ കലങ്ങി.  


       പല ഡോക്ടർമാരെയും കണ്ടു നോക്കി ടെസ്റ്റുകൾ പലതും ചെയ്ത്, ആർക്കും യാതൊരു വിധ കുഴപ്പങ്ങളുമില്ല. അത് കേൾക്കെ മനസ്സ് പറയും വിധിച്ച സമയം ആയിട്ടില്ല.  


          ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് യാഥാർഥ്യത്തിലേക്ക് വന്നത്. വലതുകൈയ്യിൽ ഭദ്രമായി പിടിച്ചിട്ടുണ്ട്. അവൾ നോക്കിയിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം. അല്ലെങ്കിലും കുറെ നാളുകളായി താൻ തന്നെയാണ് നിർബന്ധിച്ചു പരിശോധിപ്പിക്കുന്നത്. നെഗറ്റീവ് റിസൾട്ട്‌ കാണുമ്പോൾ ചിന്തിക്കും ആ പാവത്തിനെ വിഷമിപ്പിക്കാൻ വെറുതെ, ഒന്നും വേണ്ടിയിരുന്നില്ലെന്ന്.  


        ഇത്തവണ സാധാരണയിലും കൂടുതൽ വൈകി. ടെസ്റ്റ്‌ ചെയ്യേണ്ടെന്ന് മനസ്സ് പറയും നെഗറ്റീവ് ആണെങ്കിൽ ഒരിക്കൽ കൂടി ആ പാവത്തിനെ കുത്തിനോവിപ്പിക്കും പോലെ ആണല്ലോ എന്നോർത്തു. പിന്നെയും മനസ്സ് പറയും ഇനി ഒരുപക്ഷെ പോസിറ്റീവ് ആയിരുന്നിട്ട് തങ്ങളുടെ അശ്രദ്ധ കൊണ്ടൊന്നും സംഭവിക്കരുതെന്ന് ഓർത്തുകൊണ്ട് കിറ്റ് വാങ്ങി ചെക്ക് ചെയ്യും.   

     
       അവന്റെ കൈകളിലേക്ക് അത് വെച്ചുകൊടുക്കുമ്പോഴും പ്രതീക്ഷയുടെ ചെറിയ വെളിച്ചം പോലും ആ കണ്ണുകൾ അവനു കാണാൻ സാധിച്ചിരുന്നില്ല. അവന്റെ കൈകളിൽ നല്‌കി പതിവ് പോലെ ജനൽ പാളികൾ തുറന്ന് വിദൂരതയിലേക്ക് നോക്കി നിന്നു.  


        ഒരുനിമിഷം അവളെ നോക്കിനിന്നുപോയി. 
പതിയെ അവൾ കൈകളിലേക്ക് വെച്ച് തന്നത്തിലേക്ക് മിഴുയൂന്നി. ആദ്യം തെളിഞ്ഞ പിങ്ക് ലൈൻ കാൺകെ കണ്ണുകൾ നിറഞ്ഞു. പുറത്തേക്ക് നോക്കി നിൽക്കുന്ന തന്റെ പാതിയോട് ഇനി എന്ത് പറയുമെന്ന് ഒരു നിമിഷം ഭയന്നു. വേണ്ടിയിരുന്നില്ല ഒരിക്കൽ കൂടി ഈ വിഡ്ഢി വേഷം അണിയിക്കേണ്ടിയിരുന്നില്ല. 


          വേസ്റ്റ് ബിനിൽ കളയാൻ ഒരുങ്ങിയ കാർഡ് കാൺകെ അവന്റെ കൈ വിറച്ചു, തെളിമയേറിവരുന്ന രണ്ടാമത്തെ വര അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഒരിക്കൽ കൂടി നോക്കി ഉറപ്പ് വരുത്തി.   

   
      അതെ താൻ പാകിയ വിത്ത് മുളപൊട്ടിയിരിക്കുന്നു. പിന്നിൽ നിന്നവളെ പുണർന്നു, പിന്നീട് ഒരു ഭ്രാന്തനെ പോലെ മുഖം മുഴുവൻ ചുംബിച്ചു. ഞെട്ടി നിൽക്കുന്നവളുടെ വയറിൽ കൈകൾ കൊണ്ടു തഴുകി തെളിഞ്ഞ രണ്ടുവരകൾ അവൾക് കാൺകെ നീട്ടി. 

  
        അവന്റെ നെഞ്ചിലേക്ക് ചേർന്ന് അവൾ അലറി കരഞ്ഞു. ഇത്രയും നാളും കാത്തിരുന്നു നിരാശയായവളുടെ സന്തോഷമായിരുന്നു ആ കണ്ണുനീർ. വലം കൈകൊണ്ടവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.   


         ആറുവർഷങ്ങളിലെ അവളുടെ കണ്ണുനീരിനും ദുആക്കും ഉള്ള മറുപടി ആയിരുന്നു. രഹസ്യമായും പരസ്യമായും തന്നെ മച്ചി എന്നു വിളിച്ച കുടുംബക്കാർക്കുള്ള മറുപടിയായിരുന്നു ആ കണ്ണുനീർ.  


        വീട് എത്രപെട്ടെന്നാണ് ഉണർന്നത്. എല്ലാവരിലും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. ഉമ്മയായിരുന്നു ഹോസ്പിറ്റലിൽ പോകാൻ തിടുക്കം കൂട്ടിയത്.  


        ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അവളെ അവൻ നെഞ്ചോട് ചേർത്ത് നിർത്തി ഡ്രൈവ് ചെയ്തു. ഡോക്ടർനെ കണ്ടു മടങ്ങുമ്പോൾ അവൾക്കായി എന്തെല്ലാമോ അവൻ വാങ്ങികൂട്ടിയിരുന്നു. ലേറ്റ് പ്രെഗ്നൻസി ആയിരുന്നത് കൊണ്ടു ഒരു കൊച്ചുകുട്ടിയെ പോലെ അവന്റെ വീട്ടുകാർ അവളെ പരിചരിച്ചു.  


     രാത്രിയിൽ അവനോടു ചേർന്ന് കിടന്നു ഉള്ളിൽ ഒളിപ്പിച്ച മോഹങ്ങൾ ഓരോന്നും അവൾ പറഞ്ഞു തുടങ്ങി, പണ്ടെങ്ങോ പറഞ്ഞു പൂർത്തിയാക്കാതെ പോയവ... അതിൽ അവൾക്ക് യാതൊരു സ്ഥാനവും ഇല്ലായിരുന്നു. അവളുടെ പാതിയും അവന്റെ ചോരയും മാത്രം.  


              ഒളിപ്പിച്ച സ്വപ്നങ്ങൾ ഏറെയും കുഞ്ഞെന്നത് ആയിരുന്നെന്ന് ഓർക്കേ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. തനിക്കും പറയാതെ ബാക്കിവെച്ച മോഹങ്ങൾ അത്രയും ഒരു കുഞ്ഞു പുഞ്ചിരി തന്നെയായിരുന്നു.  


           ഗർഭകാല അസ്വസ്ഥതകൾ അവളിലും കണ്ടു തുടങ്ങി.  രാത്രിയിൽ തന്റെ നെഞ്ചിൽ കിടന്നു കിന്നാരം പറയുന്ന പെണ്ണിന്റെ മൗനം അവൻ അറിഞ്ഞു... 


      " എന്താ താഹി എന്തുപറ്റി... "  


      "അറിയില്ല, വയറൊക്കെ വേദനിക്കുന്നു. "  


       " കഴിക്കുന്നതൊക്കെയും ഛര്ദിക്കയല്ലേ...  ഗ്യാസ് കയറിയതാവും, ഈ ചൂട് വെള്ളം
കുടിക്ക്. "  

    
      അവൻ പകർന്നു നൽകിയ ചൂടുവെള്ളം കുടിക്കുമ്പോൾ തൊണ്ടയിൽ നിന്നിറങ്ങാത്തത് പോലെ. അവളുടെ കൈകൾ അവന്റെ കൈകളിൽ പിടിമുറുക്കി.  


    " വയ്യായിക കൂടിയോ... " അവന്റെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. 


     " കണ്ണിലൊക്കെ ഇരുട്ട് കയറുന്നു, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ മരിച്ചു പോകുമോ...  നമ്മുടെ കുഞ്ഞു... "   

     
       ബാക്കി പറയാൻ അനുവദിക്കാതെ കയ്യിൽ തടഞ്ഞ ഷർട്ടും എടുത്തിട്ട് അവളെയും വാരിയെടുത്തു  പുറത്തേക്കിറങ്ങി. അവളുടെ കരച്ചിൽ ഉയർന്നിരുന്നു, അത് കേട്ട് ഉണർന്ന് ഉമ്മയും വന്നു. 

   
    "  എന്തു പറ്റി മോനെ. " 


    " അറിയിലുമ്മ... വയർ വേദനിക്കുന്നു പറഞ്ഞു കരയുകയാണ്. "  

     
        തന്റെ കൈകളിൽ കിടക്കുന്ന പെണ്ണിനെ കണ്ടു ഉമ്മയുടെ മുഖം ഭയം വന്നുമൂടുന്നതാവൻ തിരിച്ചറിഞ്ഞു.  

    
    " മോനെ ചോരാ.... " ബാക്കി പറയാതെ ഒരു പൊട്ടിക്കരച്ചിലായിരുന്നു.  

   
       അവളുടെ ദേഹത്തു നിന്ന് ചോര. തന്റെ കൈകളിലും ചോര പടർന്നിട്ടുണ്ട് അന്നേരത്തെ ടെൻഷനിൽ അവൻ ശ്രദ്ധിച്ചിരുന്നില്ല. 


      തന്റെ കുഞ്ഞെന്ന ഓർമ അവനിൽ ഒരു പിടച്ചിൽ അനുഭവപെട്ടു,  പിന്നീട് ഒരു ആലോചനയ്ക്ക് കാത്തു നിൽക്കാതെ അവൻ അവളുമായി ഹോസ്പിറ്റലിലേക്ക് പായുകയായിരുന്നു. 


       ലേബർറൂമിലേക്ക് കയറ്റി സമയം മുന്നോട്ടു നീങ്ങി, എന്തായിരിക്കും സംഭവിച്ചിട്ട് ഉണ്ടാവുക. ഓരോന്നും ഓർക്കേ അവൻ കൂടുതൽ തളർന്നു. ഗർഭിണി ആണെന്നറിഞ്ഞതിന് ശേഷമുള്ള അവളുടെ പുഞ്ചിരിക്ക് ഏറെ ഭംഗിയായിരുന്നു. കൈകാലുകൾക്ക് തളർച്ച തോന്നിയതും അവിടുള്ള ചെയറിൽ ഇരുന്നു.  


      പുഞ്ചിരിക്കുന്ന താഹിയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ. ഡോർ തുറന്നു ഡോക്ടർ വരുന്നത് കണ്ടു അവൻ അവിടേക്ക് നടന്നു.  

   
     " ക്യാബിനിലേക്ക് വരൂ അവിടിരുന്നു സംസാരിക്കാം. " 

  
      ഡോക്ടർക്ക് പിന്നാലെ ഒരു കീ കൊടുത്ത പാവപോലെ ചലിക്കുകയായിരുന്നു.  

    
     മുനീറിന്റെ മുഖം കാൺകെ എന്ത് പറഞ്ഞു തുടങ്ങുമെന്ന ആശങ്ക ഡോക്ടറിലും നിറഞ്ഞു. 3 ആഴ്ച മുന്നേ വന്നു കാണുമ്പോഴും ഈ കണ്ണുകൾ നിറഞ്ഞിരുന്നു, അത് പക്ഷെ സന്തോഷത്തിന്റേത് ആയിരുന്നു . ഇന്ന് കണ്ണുകളിൽ എന്തെന്ന് മനസ്സിലാകുന്നില്ല.  

    
    " ഡോക്ടർ...  താഹി..... എന്റെ കുഞ്ഞു..... " കരച്ചിൽ ചീളുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൻ ഡോക്ടറെ നോക്കി.  


    "  ഐ ആം സോറി ടു സെ...  കുഞ്ഞു അബോർഷൻ ആയി...  " 

  
     പ്രതീക്ഷിച്ചിരുന്നെങ്കിലും നെഞ്ചൊന്ന് വിങ്ങി.  

    
    " പ്ര.... ത്യേകിച്ചു..... ബുദ്ധി.... മുട്ട് ഒന്നും ഉണ്ടായിരുന്നില്ല.... പിന്നെ... "  


    " അത് ട്യൂബിൽ ആയിരുന്നു. വയറുവേദന ഉണ്ടായിരുന്നിരിക്കണം, ഒരുപക്ഷെ സാധാരണ എന്ന് പറഞ്ഞു തള്ളി കളഞ്ഞത് ആയിരുന്നിരിക്കാം. " 

     
     " വയറു വേദന അവൾ പറഞ്ഞിട്ടുണ്ട്, എങ്കിലും അസഹ്യമായ വേദന ഒന്നും ഇല്ലായിരുന്നു. "  


    " മെൻസസ് ആകുന്ന സമയം നല്ല വേദന ആൾക്ക് ഉണ്ടായിരുന്നിരിക്കാം, അതുകൊണ്ട് ഈ വേദന ചെറുതായി കണ്ടത്. "  


   " ഹ്മ്മ്.... "  

   
     " പിന്നെ ട്യൂബ് പൊട്ടിയതാണ്... അതുകൊണ്ട് ഇനി ഒരു പ്രെഗ്നൻസി, ഒരു പ്രതീക്ഷ വേണ്ട. "  


   മനസ്സിലാകാതെ അവൻ ഡോക്ടറേ നോക്കി. 

     
       "പൊതുവെ സ്ത്രീകളിൽ രണ്ട് ട്യൂബ് ആണ് ഉള്ളത്. അതിൽ ഒന്നാണ് പൊട്ടിയത്, അതുകൊണ്ട് ഇനി ഒരു പക്ഷെ പ്രെഗ്നന്റ് ആകാൻ ചാൻസ് കുറവാണ്. പൂർണമായും ആകില്ലെന്ന് പറയുന്നില്ല... ഒരു ട്യൂബ് മാത്രമേ ഇനി പ്രവർത്തിക്കു.... അതുകൊണ്ട്.... പിന്നെ ബാക്കിയൊക്കെ ദൈവം തരുന്നതല്ലേ.  കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും, 6 വർഷത്തെ കാത്തിരിപ്പ് ആയിരുന്നില്ലേ... എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല. "

    
     " ഹ്മ്മ്....."  


              സർവ്വതും തകർന്നുള്ള മകന്റെ വരവിൽ നിന്ന് തന്നെ അവർ കാര്യങ്ങൾ ഊഹിച്ചിരുന്നു. കൂടുതൽ ഒന്നും അവനോടു ചോദിച്ചില്ല. താഹി എങ്ങനെ പ്രതികരിക്കും എന്ന ഭയമായിരുന്നു അവരിലും.  


          മണിക്കൂറുകൾക്ക് ശേഷം അവളെ മുറിയിലേക്ക് കൊണ്ട് വന്നു. അവൻ അവളോട് എന്ത് പറയണം എന്നറിയാതെ നിന്നു. അവർ തമ്മിൽ സംസാരിക്കട്ടെ എന്ന് കരുതി ഉമ്മ പുറത്തേക്കു ഇറങ്ങി.  


      അവളുടെ അരികിലായി അവൻ ഇരുന്നു.... പതിയെ കൈകൾ അവന്റെ കൈക്കുള്ളിൽ ആക്കി.... 


     "  പടച്ചോൻ വിധിച്ച സമയം ആയിട്ടുണ്ടാകില്ലല്ലേ ഇക്ക...."  അതും പറഞ്ഞവൾ ഒഴുകിയ കണ്ണുനീർ തുടച്ചു. 


        പറയാൻ വന്നത് തൊണ്ടയിൽ തങ്ങി...  ഉമിനീരുപോലും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല അവൻ.  


       ഓരോ രാത്രികളിലും അവൾ പറഞ്ഞ മോഹങ്ങൾ ഒക്കെയും കുഞ്ഞിനെ കുറിച്ചായിരുന്നു. ഇനി ഒരുപക്ഷെ പടച്ചോൻ അങ്ങനൊരു സമയം വിധിച്ചിട്ടില്ലെങ്കിലോ.... അവന്റെ ഉള്ളം വിങ്ങി...  അവൾക്ക് മുന്നിൽ അവൻ പൊട്ടി കരഞ്ഞു പോയി... 


     " ഇക്ക ഇങ്ങള് കരയല്ലേ..  ഉപ്പ കരയുന്നതറിഞ്ഞാൽ നമ്മുടെ കുട്ടിയും കരയില്ലേ...  ഒന്നും ഇല്ലാട്ടോ.... ഒത്തിരി കാത്തിരുന്നു നിന്നെ കിട്ടിയ സന്തോഷത്തിൽ ആണുപ്പാ.... "  


      സ്വന്തം വയറിൽ കൈചേർത്ത് എന്തൊക്കെയോ പറയുകയാണവൾ... ആ ലോകത്ത് അവൾ എന്ന ഉമ്മയും ആ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു....  വിടരാതെ പോയ ആ പൂമൊട്ട്..... 

      


                    അവസാനിച്ചു....  


     ✍️ 🔥 അഗ്നി 🔥 


ഹൃദയത്തിൽ സൂക്ഷിക്കാൻ...

ഹൃദയത്തിൽ സൂക്ഷിക്കാൻ...

4.7
2277

    ഹൃദയത്തിൽ സൂക്ഷിക്കാൻ...      ✍️ 🔥 അഗ്നി 🔥       " സുഖല്ലേടോ...  "  അവൻ സംസാരത്തിന് തുടക്കം കുറിച്ചു.             " സുഖം....  തനിക്കോ... "             " ഹ്മ്മ്  സുഖം....  ശ്രീഹരി.... "  ആ കലാലയത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ തെന്നിയകലുന്ന കൈകൾ കോർത്തു പിടിക്കപെടാതിരിക്കാൻ ഇരുവരും വളരെയേറെ ശ്രദ്ധിച്ചുപോന്നു.     " കൂടെ വരാൻ ഇരുന്നതാണ്...   ഇയർ എൻഡിങ് ടൈം അല്ലെ...  ഓഡിറ്റും മറ്റുമായി തിരക്കായിപോയി  ശ്രീയേട്ടന്.... "     " കുട്ടികൾ.... "       " ഒരാൾ ഡിഗ