ജീവിതത്തിൽ ഏറെ കൊതിച്ചത് ദേ.. കൺമുൻമ്പിൽ... ക്ഷേത്രനടയിൽ നിന്ന് അവൻ താലി ചാർത്തുമ്പോൾ കണ്ണുകളങ്ങനെ നിറഞ്ഞു തുളുമ്പി കാഴ്ചകളെ മറയ്ക്കുന്നു.. തൻ്റെ മനസറിഞ്ഞപോൽ അവൻ്റെ കണ്ണുകൾ രണ്ടും തൻ്റെ നേർക്ക് നീളുന്നുവോ?? ആശ്വസിപ്പിച്ചു കൊണ്ട്.... ആ കണ്ണുകളും നിറയുന്നത് അവൾക്ക് മാത്രം മനസിലാകും.. ഒരു നുള്ള് സിന്ദൂരം അവളുടെ നിറുകയിലമർന്നപ്പോൾ അതിൻ്റെ ചുവപ്പിൽ തൻ്റെ ശരീരവും ചുവന്ന് ജ്വലിച്ചു... ആ ചൂടേറ്റ് മെയ്യാകെ തളരുന്നുവോ..??
ഇത്രമേൽ ആരെക്കിലും പരസ്പരം സ്നേഹിച്ചിട്ടുണ്ടാവുമോ..?? ഉപാധികളൊന്നും ഇല്ലാതെ.. !!!
കൊടുക്കൽ വാങ്ങലുകളില്ലാതെ..
വാക്കുകളുടെ പിൻബലമില്ലാതെ..
വാഗ്ദാനങ്ങളില്ലാതെ....
വെളുക്കുവോളം സംസാരിച്ച് ഉണരുന്നതും ഉറങ്ങുന്നതുമറിയാതെ.. രാവും പകലും മാറുന്നതറിയാതെ.. ഒരിക്കൽ പോലും വാക്കിലോ നോട്ടത്തിലോ കാമത്തിൻ്റെ ചെറുനാമ്പുകൊണ്ടു പോലും അവളെ നോവിക്കാതെ.. എന്തായിരുന്നാവികാരം?? പ്രണയമായിരുന്നോ..?
അവനെന്ന ഓർമ്മയിൽ പോലും ശ്വാസം നിലയ്ക്കുന്ന പോലെ... അതോ ഹൃദയതാളം കൂടുകയായിരുന്നോ..? എന്നും ഒരേ ചോദ്യം മുറതെറ്റാതവൾ ആവർത്തിച്ചു കൊണ്ടേയിരുന്നു..
"എന്നോട് എത്രയിഷ്ടമുണ്ട് നിനക്ക് " ??
അപ്പോഴൊക്കെ അവൻ്റെ ഭംഗിയേറിയ കണ്ണിൻ്റെ മൂർച്ച കൂട്ടി... ആരേയും മയക്കുന്ന ആ ചിരിയോടെ അവൻ പറയും
" എന്നേക്കാൾ കൂടുതൽ "
അതു കേൾക്കുമ്പോഴൊക്കെയും അവൾ കരയും...
അവളെ ചിരിക്കാൻ പഠിപ്പിച്ചു...
കണ്ണെഴുതാനും പൊട്ടുകുത്താനും ശീലിപ്പിച്ചു...
അവളുടെ അനിഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി മാറ്റിയെടുത്തു...
നിഴലായി മറഞ്ഞു നിന്ന അവളിലെ അഴകിനെ നാണത്തിൻ്റെ മറനീക്കി പുറത്തേക്കെടുത്തു..
ചുംബനത്തിൻ്റെ മാധുര്യം എത്രത്തോളമെന്ന് അവളെ കാട്ടികൊടുത്തു..
ആരും കാണാത്ത അവളിലെ നന്മകൾ അവൻ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ കാലങ്ങളായി മൂടിവച്ച അക്ഷര തുമ്പികൾക്ക് പ്രാണവായു നൽകി ..വാനോളം പറക്കാനായി അവൻ തന്നെ തുറന്നു വിട്ടു...
എന്നാൽ അവളോ.., അവനു ചുറ്റും മാത്രം വലം വച്ച് പാറി നടക്കാൻ കൊതിച്ചു..
പരാതിയും പരിഭവങ്ങളുമില്ലാതെ... അവളുടെ ചിണുക്കങ്ങൾ അവൻ്റെ നെഞ്ചിലെ ചൂടാൽ ഉരുക്കി കളഞ്ഞ് ചേർത്ത് പിടിച്ച് എന്നും... ഒന്നിച്ച്..
വിട്ടുകളയാൻ അവനും വിട്ടുകൊടുക്കാൻ അവൾക്കും ആവില്ലായിരുന്നല്ലോ..
അവസാനം ഇന്നാ ദിവസം വന്നെത്തിയിരിക്കുന്നു...
തൻ്റെ സ്വന്തമായിരുന്നവൻ മറ്റൊരുവൾക്കായി താലിചരട് നീട്ടിയപ്പോൾ നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരി കലർത്തി മംഗളങ്ങൾ നേർന്ന് അവളും... പരാതിയും പരിഭവവുമില്ലാതെ !!!