കലിപ്പ്..
" ഇക്കാ... ഇങ്ങള് അവിടെ എന്തെടുക്കുവാ."
" എന്റെ പൊന്ന് പെണ്ണെ ആകെ കൂടി ഒരു ഞായറാഴ്ചയെ ലീവുള്ളു... നീ കാലത്ത് തന്നെ വെറുപ്പിക്കാതെ പോകാൻ നോക്കിയേ.. "
" ഹോ... ഇങ്ങക്ക് ഒരു ഞായറാഴ്ച എങ്കിലും ഒഴിവുണ്ട്... ദിവസവും ഈ അടുക്കളയിലും വീട്ടിലും പണിയുന്ന ഞങ്ങൾക്ക് എവിടുന്ന് ലീവ്... എഹേ... എന്നാൽ ഓൾ അടുക്കളയിൽ ഒറ്റയ്ക്കല്ലേ ഒന്ന് സഹായിക്കാം... ആ വക ചിന്ത ഒന്നും ഇല്ലല്ലോ... എന്തോരം കെട്ടിയോന്മാര ഭാര്യമാരെ അടുക്കളയിൽ സഹായിക്കുന്നെ... അതിനൊക്കെ ഒരു യോഗം വേണം... എന്റെ ഒരു വിധി.... " അടുക്കളയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയാണവൾ.
" കോപ്പ്.... മനുഷ്യനെ ഉറക്കത്തും ഇല്ല... " അതും പറഞ്ഞു പിറുപിറുത്തുകൊണ്ട് അവൻ എഴുന്നേറ്റു മൂരിനിവർന്നു അടുക്കളയിലേക്ക് നടന്നു.
" എന്താണ് ആമി... നിന്റെ പ്രശ്നം... "
" എനിക്ക് എന്ത് പ്രശ്നം... എനിക്ക് ഒരു പ്രശ്നവും ഇല്ല... സുഖല്ലേ... പരമസുഖം... " പാത്രം കഴുകുന്നത് പാതിയാക്കി അവൾ അടുപ്പത്തു വെച്ച കറിക്ക് വെച്ച കൂട്ട് ഇളക്കാൻ തുടങ്ങി.
" രാവിലെ തന്നെ ചൊറയാണല്ലോ... റബ്ബേ.. " ആത്മഗതം അല്പം ഉച്ചത്തിൽ ആയെന്നറിഞ്ഞത് സിങ്കിലേക്ക് ശക്തിയിൽ സ്റ്റീൽ പാത്രം ചാടിയ ശബ്ദം കേട്ടപ്പോഴാണ്.
" എന്തിനാ... എഴുന്നേറ്റത്... കുറച്ചൂടെ കിടന്നൂടായിരുന്നോ... സുബഹി ഇല്ല ഒന്നുല്ല... ഉറക്കം തന്നെ ഉറക്കം... കല്യാണം ആലോചിക്കുമ്പോൾ നാട്ടുകാർക്ക് എന്ത് അഭിപ്രായം ആയിരുന്നു... അഞ്ച്ക്ക് ആറുവക്കത്തും ആ ചെക്കൻ പള്ളിയിലുണ്ട്... പടച്ചോനെ പേടി ഉള്ള ചെക്കനാ... ഹോ പറഞ്ഞങ് കൊമ്പത്തല്ലേ കെട്ടിവെച്ചത്... " അവൾ ഓരോന്നും പതം പറഞ്ഞു പണിയിലേക്ക് തിരിഞ്ഞു.
.
ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ഒരു കട്ടൻ പതിവുള്ളതാ... അത് ചോദിക്കാൻ നിന്നാൽ ഇപ്പൊ കേൾക്കുന്നതിന് ഇരട്ടി കേൾക്കേണ്ടി വരും... പതിയെ ഉള്ളിലേക്കു വലിയുന്നതാണ് ബുദ്ധി... അവനുള്ളിൽ ഇരുന്നു ആരോ... നിർദ്ദേശം കൊടുത്തു..
അവൻ തിരിഞ്ഞു നടക്കുന്നത് കണ്ടവൾ വീണ്ടും പറഞ്ഞു തുടങ്ങി...
" അടുക്കള വരെ വന്നു... എന്നാൽ ആ ചായ എടുത്തു കുടിച്ചൂടേ.... ഇനി അതും ആറി ആറ്റി ചുണ്ടത്ത് വെച്ചാലേ കുടിക്കു... ഇങ്ങനെ മനുഷ്യനെ എടങ്ങേറ് ആക്കണോ... " അതും പറഞ്ഞു കപ്പിലേക്ക് പകർത്തി ചായയും കൊണ്ടവനടുത്തേക്ക് നീങ്ങി.
അവനിരിക്കുന്ന കസേരയ്ക്ക് അരികെ ചായയും വെച്ചു വീണ്ടും അടുക്കളയിലേക്ക്... വീണ്ടും യുദ്ധം... കൈകൾ കൊണ്ട് അടുക്കളയിൽ പടവെട്ടുന്നതോടൊപ്പം അവൾ വാക്കുകൾ കൊണ്ട് അവനോടും പൊരുതി പോന്നു....
" എടി... ഞാൻ പുറത്തു പോകുവാ... എന്തേലും വാങ്ങണോ... "
" ഇവിടെ എല്ലാം ഉണ്ട്.. ഉച്ചക്ക് ഉണ്ണാൻ വരുമോ.. അതോ അതും കൂട്ടുകാരുടെ കൂടെ പുറത്തു നിന്നാണോ.. "
" വരാടി... ഇജ്ജ് പൊടിക്ക് അടങ്ങു.. "
" എനിക്കും ഉണ്ട് കൂട്ടുകാര്... നേരെ ചൊവ്വേ ഒരേ ഒന്ന് വിളിക്കാനോ... മെസ്സേജിന് മറുപടി കൊടുക്കാനോ കഴിയാറില്ല... പറഞ്ഞിട്ട് കാര്യമില്ല... അല്ലേൽ തന്നെ ഞാൻ ഇതാരോടാ ഈ പറയുന്നേ... വെറുതെ എന്റെ വായിലെ വെള്ളം പറ്റുമെന്നല്ലേ ഉള്ളു... " അവൻ പോകുന്നത് നോക്കി നിൽക്കും... കണ്ണീന്ന് മറയുവോളം...
ഉച്ചക്ക് ഊണും വൈകുന്നേരത്തെ ചായയും രാത്രിയിലെ അത്താഴം വരെയും അവളുടെ പല്ലവി തുടർന്നു കൊണ്ടേ ഇരിക്കും... മറുപടി ഒന്നും പറയാതെ അവനും അത് കേട്ടങ്ങനെ ഇരിക്കും.
" കഴിഞ്ഞോ... " രാത്രിയിൽ ജഗും വെള്ളവുമായി വരുന്ന അവളെ നോക്കി അവൻ ചോദിക്കും...
മറുപടി ഒന്നും പറയാതെ കട്ടിലിന്റെ ഓരം ചേർന്നു കിടക്കും... ഒരു പുഞ്ചിരിയോടെ അവളെ പിന്നിൽ നിന്ന് പുണർന്നു അവളോട് ചേർന്നു കിടന്നുകൊണ്ട് അവൻ വീണ്ടും സംസാരിക്കും
" വേദന കുറഞ്ഞോ... "
" ഹ്മ്മ്... " ചെറിയൊരു മൂളൽ മറുപടിയായി ലഭിക്കും.
അവൻ ഒന്നുകൂടി ചേർത്ത് കിടത്തും അവളെ.... കാരണം ആ ചെറിയൊരു മൂളൽ അവളുടെ ഏങ്ങലടികൾ മറച്ചുപിടിക്കുന്നതാണെന്ന് മറ്റാരേക്കാളും അവൻ വ്യക്തമായി അറിയാം...
" രാത്രി... ഇങ്ങനെ കരയാൻ ആണെങ്കിൽ എന്തിനാ പെണ്ണെ... പകൽ മുഴുവൻ ഈ കണ്ട പുകിൽ ഒക്കെ കാട്ടുന്നെ... "
" അത്... ഞാൻ വേണെന്ന് വെച്ചിട്ടെല്ലിക്ക... അങ്ങനെ ഒക്കെ ആയിപോകുന്നു... "
" എന്റെ പൊന്ന് പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാണ്... ഇജ്ജ് അത് വിട്ടേക്ക്.... നീ വായിക്കുന്ന കഥയിലെ നായകന്മാരെ പോലെ.. ഈ സമയം നിന്നെ പരിചരിക്കാനോ... ഉലുവ വെള്ളം തിളപ്പിച്ച് തരാനോ ഒന്നും മ്മളെ കൊണ്ട് കഴിയണില്ല... അങ്ങനെ ഉള്ളപ്പോ ഇജ്ജ് വിളിക്കണ ഈ ചീത്ത എങ്കിലും കെട്ട് നിന്നുകൊണ്ട് ഞാൻ അന്റെ ഹീറോ ആകട്ടേടി. ഇജ്ജന്നെ പറ ഇതൊക്കെ കേട്ടിട്ടും മിണ്ടാണ്ട് നിൽക്കുന്ന ഞാനല്ലേ നിന്റെ കഥയിലെ നായകന്മാരെക്കാളും പൊളി... "
" പിന്നെ... മൊത്തത്തിൽ പൊളിഞ്ഞു... മുണ്ടാണ്ട് കിടക്കവിടെ... "
" പിന്നെ ഈ വേദന ഒരീസം ആയതു നന്നായി... ഏഴീസോം ഇതാ അവസ്ഥേങ്കിൽ എന്നെപോലുള്ള ഭർത്താക്കന്മാരൊക്കേ കുടുങ്ങി പോയേനെ... " അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു... അവളും അവന്റെ ആ ചിരിയിൽ പങ്ക് ചേർന്നു.
=============================
മാസത്തിൽ ചുവപ്പ് പടർത്തുന്ന ആ ദിനങ്ങളിൽ... അമിത സ്നേഹവും പരിഗണയും നൽകുന്നവർക്ക് പുറമെ ഇതുപോലെ ക്ഷമാശീലരായ ഭർത്താക്കന്മാരും ഉണ്ട്...
വെറുതെ തോന്നിയൊരാശയം എഴുതിയെന്നെ ഉള്ളു ഇഷ്ടായാൽ ഒരു വരി അഭിപ്രായം എഴുതിയേക്കണേ...