Aksharathalukal

കലിപ്പ് 😡😡

     കലിപ്പ്..


      " ഇക്കാ...  ഇങ്ങള് അവിടെ എന്തെടുക്കുവാ." 


     "  എന്റെ പൊന്ന് പെണ്ണെ ആകെ കൂടി ഒരു ഞായറാഴ്ചയെ ലീവുള്ളു...  നീ കാലത്ത് തന്നെ വെറുപ്പിക്കാതെ പോകാൻ നോക്കിയേ.. " 


    " ഹോ...  ഇങ്ങക്ക് ഒരു ഞായറാഴ്ച എങ്കിലും ഒഴിവുണ്ട്...  ദിവസവും ഈ അടുക്കളയിലും വീട്ടിലും പണിയുന്ന ഞങ്ങൾക്ക് എവിടുന്ന് ലീവ്... എഹേ...  എന്നാൽ ഓൾ അടുക്കളയിൽ ഒറ്റയ്ക്കല്ലേ ഒന്ന് സഹായിക്കാം...  ആ വക ചിന്ത ഒന്നും ഇല്ലല്ലോ...  എന്തോരം കെട്ടിയോന്മാര ഭാര്യമാരെ അടുക്കളയിൽ സഹായിക്കുന്നെ... അതിനൊക്കെ ഒരു യോഗം വേണം...  എന്റെ ഒരു വിധി.... " അടുക്കളയിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയാണവൾ.  


     " കോപ്പ്....  മനുഷ്യനെ ഉറക്കത്തും ഇല്ല... " അതും പറഞ്ഞു പിറുപിറുത്തുകൊണ്ട് അവൻ എഴുന്നേറ്റു മൂരിനിവർന്നു അടുക്കളയിലേക്ക് നടന്നു. 


   " എന്താണ് ആമി...  നിന്റെ പ്രശ്നം...  "  


    " എനിക്ക് എന്ത് പ്രശ്നം...  എനിക്ക് ഒരു പ്രശ്നവും ഇല്ല...  സുഖല്ലേ...  പരമസുഖം...  " പാത്രം കഴുകുന്നത് പാതിയാക്കി അവൾ അടുപ്പത്തു വെച്ച കറിക്ക് വെച്ച കൂട്ട് ഇളക്കാൻ തുടങ്ങി. 


    " രാവിലെ തന്നെ ചൊറയാണല്ലോ... റബ്ബേ.. " ആത്മഗതം അല്പം ഉച്ചത്തിൽ ആയെന്നറിഞ്ഞത് സിങ്കിലേക്ക് ശക്തിയിൽ സ്റ്റീൽ പാത്രം ചാടിയ ശബ്ദം കേട്ടപ്പോഴാണ്.  


    " എന്തിനാ...  എഴുന്നേറ്റത്...  കുറച്ചൂടെ കിടന്നൂടായിരുന്നോ...  സുബഹി ഇല്ല ഒന്നുല്ല... ഉറക്കം തന്നെ ഉറക്കം...  കല്യാണം ആലോചിക്കുമ്പോൾ നാട്ടുകാർക്ക് എന്ത് അഭിപ്രായം ആയിരുന്നു...  അഞ്ച്ക്ക് ആറുവക്കത്തും ആ ചെക്കൻ പള്ളിയിലുണ്ട്...  പടച്ചോനെ പേടി ഉള്ള ചെക്കനാ...  ഹോ പറഞ്ഞങ് കൊമ്പത്തല്ലേ കെട്ടിവെച്ചത്... " അവൾ ഓരോന്നും പതം പറഞ്ഞു പണിയിലേക്ക് തിരിഞ്ഞു.  

.    
     ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ ഒരു കട്ടൻ പതിവുള്ളതാ...  അത് ചോദിക്കാൻ നിന്നാൽ ഇപ്പൊ കേൾക്കുന്നതിന് ഇരട്ടി കേൾക്കേണ്ടി വരും...  പതിയെ ഉള്ളിലേക്കു വലിയുന്നതാണ് ബുദ്ധി...  അവനുള്ളിൽ ഇരുന്നു ആരോ... നിർദ്ദേശം കൊടുത്തു..  


     അവൻ തിരിഞ്ഞു നടക്കുന്നത് കണ്ടവൾ വീണ്ടും പറഞ്ഞു തുടങ്ങി...  


    " അടുക്കള വരെ വന്നു...  എന്നാൽ ആ ചായ എടുത്തു കുടിച്ചൂടേ.... ഇനി അതും ആറി ആറ്റി ചുണ്ടത്ത് വെച്ചാലേ കുടിക്കു... ഇങ്ങനെ മനുഷ്യനെ എടങ്ങേറ് ആക്കണോ...  " അതും പറഞ്ഞു  കപ്പിലേക്ക് പകർത്തി ചായയും കൊണ്ടവനടുത്തേക്ക് നീങ്ങി. 


     അവനിരിക്കുന്ന കസേരയ്ക്ക് അരികെ ചായയും വെച്ചു വീണ്ടും അടുക്കളയിലേക്ക്...  വീണ്ടും യുദ്ധം...  കൈകൾ കൊണ്ട് അടുക്കളയിൽ  പടവെട്ടുന്നതോടൊപ്പം അവൾ വാക്കുകൾ കൊണ്ട് അവനോടും പൊരുതി പോന്നു....  


      " എടി... ഞാൻ പുറത്തു പോകുവാ...  എന്തേലും വാങ്ങണോ...  "  

     
     " ഇവിടെ എല്ലാം ഉണ്ട്..   ഉച്ചക്ക് ഉണ്ണാൻ വരുമോ..  അതോ അതും കൂട്ടുകാരുടെ കൂടെ പുറത്തു നിന്നാണോ.. "  


      " വരാടി...  ഇജ്ജ് പൊടിക്ക് അടങ്ങു..   "  


      " എനിക്കും ഉണ്ട് കൂട്ടുകാര്...   നേരെ ചൊവ്വേ ഒരേ ഒന്ന് വിളിക്കാനോ... മെസ്സേജിന് മറുപടി കൊടുക്കാനോ കഴിയാറില്ല...  പറഞ്ഞിട്ട് കാര്യമില്ല...  അല്ലേൽ തന്നെ ഞാൻ ഇതാരോടാ ഈ പറയുന്നേ...  വെറുതെ എന്റെ വായിലെ വെള്ളം പറ്റുമെന്നല്ലേ ഉള്ളു... "  അവൻ പോകുന്നത് നോക്കി നിൽക്കും... കണ്ണീന്ന് മറയുവോളം...  


          ഉച്ചക്ക് ഊണും വൈകുന്നേരത്തെ ചായയും രാത്രിയിലെ അത്താഴം വരെയും അവളുടെ പല്ലവി തുടർന്നു കൊണ്ടേ ഇരിക്കും... മറുപടി ഒന്നും പറയാതെ അവനും അത് കേട്ടങ്ങനെ ഇരിക്കും.  


    " കഴിഞ്ഞോ... " രാത്രിയിൽ ജഗും വെള്ളവുമായി വരുന്ന അവളെ നോക്കി അവൻ ചോദിക്കും...  


      മറുപടി ഒന്നും പറയാതെ കട്ടിലിന്റെ ഓരം ചേർന്നു കിടക്കും...   ഒരു പുഞ്ചിരിയോടെ അവളെ പിന്നിൽ നിന്ന് പുണർന്നു അവളോട്‌ ചേർന്നു കിടന്നുകൊണ്ട് അവൻ വീണ്ടും സംസാരിക്കും 


     " വേദന കുറഞ്ഞോ... "  


     " ഹ്മ്മ്... " ചെറിയൊരു മൂളൽ മറുപടിയായി ലഭിക്കും.  


     അവൻ ഒന്നുകൂടി ചേർത്ത് കിടത്തും അവളെ.... കാരണം ആ ചെറിയൊരു മൂളൽ അവളുടെ ഏങ്ങലടികൾ മറച്ചുപിടിക്കുന്നതാണെന്ന് മറ്റാരേക്കാളും അവൻ വ്യക്തമായി അറിയാം...  


       " രാത്രി...  ഇങ്ങനെ കരയാൻ ആണെങ്കിൽ എന്തിനാ പെണ്ണെ...  പകൽ മുഴുവൻ ഈ കണ്ട പുകിൽ ഒക്കെ കാട്ടുന്നെ... " 


     " അത്...  ഞാൻ വേണെന്ന് വെച്ചിട്ടെല്ലിക്ക...  അങ്ങനെ ഒക്കെ ആയിപോകുന്നു... "  


     " എന്റെ പൊന്ന് പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാണ്...  ഇജ്ജ് അത് വിട്ടേക്ക്....  നീ വായിക്കുന്ന കഥയിലെ നായകന്മാരെ പോലെ..  ഈ സമയം നിന്നെ പരിചരിക്കാനോ...  ഉലുവ വെള്ളം തിളപ്പിച്ച്‌ തരാനോ ഒന്നും മ്മളെ കൊണ്ട് കഴിയണില്ല...  അങ്ങനെ ഉള്ളപ്പോ ഇജ്ജ് വിളിക്കണ ഈ ചീത്ത എങ്കിലും കെട്ട് നിന്നുകൊണ്ട് ഞാൻ അന്റെ ഹീറോ ആകട്ടേടി.  ഇജ്ജന്നെ പറ ഇതൊക്കെ കേട്ടിട്ടും മിണ്ടാണ്ട് നിൽക്കുന്ന ഞാനല്ലേ നിന്റെ കഥയിലെ നായകന്മാരെക്കാളും പൊളി... "  


    " പിന്നെ...  മൊത്തത്തിൽ പൊളിഞ്ഞു...  മുണ്ടാണ്ട് കിടക്കവിടെ... " 

     
     " പിന്നെ ഈ വേദന ഒരീസം ആയതു നന്നായി... ഏഴീസോം ഇതാ അവസ്ഥേങ്കിൽ എന്നെപോലുള്ള ഭർത്താക്കന്മാരൊക്കേ കുടുങ്ങി പോയേനെ... " അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു... അവളും അവന്റെ ആ ചിരിയിൽ പങ്ക് ചേർന്നു. 


      =============================


      മാസത്തിൽ ചുവപ്പ് പടർത്തുന്ന ആ ദിനങ്ങളിൽ...  അമിത സ്നേഹവും പരിഗണയും നൽകുന്നവർക്ക് പുറമെ ഇതുപോലെ ക്ഷമാശീലരായ ഭർത്താക്കന്മാരും ഉണ്ട്...  


         വെറുതെ തോന്നിയൊരാശയം എഴുതിയെന്നെ ഉള്ളു ഇഷ്ടായാൽ ഒരു വരി അഭിപ്രായം എഴുതിയേക്കണേ...  


വിടരാത്തപൂമൊട്ട്...

വിടരാത്തപൂമൊട്ട്...

5
1907

     വിടരാത്ത പൂമൊട്ട്...                   " താഹി...  എന്തിനാ ഇങ്ങനെ ബേജാറാവണത്. ഇല്ലെങ്കിൽ വേണ്ട അത്രല്ലേ ഉള്ളു. നീ ഇങ്ങനെ ടെൻഷൻ അടിച്ചു ഇല്ലാത്ത എടങ്ങേറ് ഒന്നും ഉണ്ടാക്കിവെക്കല്ലെന്റെ പെണ്ണെ... "       " ഇങ്ങള് ഇങ്ങനൊന്നും പാറയല്ലിക്ക... ഇതുകൂടി ഇല്ലേൽ എനിക്ക് മരിച്ചാൽ.... "   മുനീറിന്റെ നോട്ടത്തിനു മുന്നിൽ പതറി പറയാൻ വന്നതവൾ ബാക്കിയാക്കി.       " പടച്ചോൻ വിജാരിച്ച സമയത്തു എല്ലാം ഭംഗിയായി നടക്കും മോളേ...  നീ അതിന് മരിക്കുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞു എന്നെക്കൂടി കുഴപ്പിക്കല്ലേ. "