Aksharathalukal

അയ്യോ പിടി പോയി

എന്റെ ചെറുപ്പകാലത് സംഭവിച്ച ഒരു കുഞ്ഞു രസകരമായ അനുഭവമുണ്ട്. നാലാംക്ലസ്സിലോ മറ്റോ ആണെന്ന് തോന്നുന്നു. എന്റെ ഡാഡിക്ക് ഒരു ഹെർകുലീസ് സൈക്കിൾ ഉണ്ടാരുന്നു. ദിവസവും ആള് ജോലിക്കു പോകുന്നത് അതിലാണ്. വൈകുന്നേരം ഞങ്ങളുടെ പണി അത് നല്ലോണം കഴുകി തുടച്ച് വൃത്തിയായി വയ്ക്കുക ആണ്. ഞാനും ജ്യേഷ്ഠനും അത് മാറി മാറി ചെയ്യാറുണ്ട്. കൂടുതലും അത് ഞാൻ തന്നെയാണ് ചെയ്യാറ്.

അങ്ങിനെ ഒരു ദിവസം സൈക്കിൾ ഒക്കെ കഴുകി തുടച്ചു വൃത്തിയാക്കി, അകത്തു കയറ്റി വച്ചു. വീട്ടിൽ എല്ലാവരും അന്നത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരിക്കുകയാണ്. ഞാൻ ആണേൽ സൈക്കിൾ സ്റ്റാൻഡിൽ വച്ചു ചവുട്ടിയുംമറ്റും കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന്, സൈക്കിളിന്റെ സ്റ്റാൻഡ് തട്ടി, ഞാൻ പേടിച്ചു പോയി. സൈക്കിൾ മറിയതിരിക്കാൻ ഞാൻ രണ്ടുകൈ കൊണ്ടും സൈക്കിൾ പിടിച്ചു. അതു മാത്രമല്ല അത് ഉയർത്തി പിടിക്കുകയും ചെയ്തു. എന്നിട്ട് ഒരേ കരച്ചിൽ " അയ്യോ, പിടി, പോയി" ഇത് മാത്രമേ പുറത്ത് വരുന്നുണ്ടാരുന്നുള്ളൂ.

എന്റെ ഈ വെപ്രാളം കണ്ടു അവർ ഇരുന്നു ചിരിക്കുവാണ്. ഞാൻ ആണേൽ സൈക്കിളും പൊക്കി പിടിച്ചോണ്ട് നിൽക്കുന്നു. എനിക് വെപ്രാളം അവർക്ക് ചിരി. അവിടുന്നു മമ്മി പറയുന്നുണ്ടാരുന്നു "എടാ അത് താഴെ വെയ്ക്കട "എന്നു. ഉവ്വ നമ്മളുണ്ടോ വയ്ക്കുന്നു. താഴെ വച്ചാൽ മറിഞ്ഞു വീഴുമോ എന്ന പേടി. എങ്ങാനും വീണാൽ തല്ല് ഉറപ്പ്. അതോണ്ട് നുമ്മ താഴെവച്ചില്ല. അവസാനം ഡാഡി തന്നെ വന്നു സൈക്കിൾ എടുത്തു താഴെ വച്ചു, സ്റ്റാൻഡിൽ കേറ്റി വച്ചപ്പോൾ ആണ് ഒന്നു ആശ്വാസം ആയത്.

രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ നമ്മുടെ ജ്യേഷ്ഠന്റെ വക കളിയാക്കൽ തുടങ്ങി. അവനാണെങ്കിൽ അവസരം കിട്ടാൻ നോക്കി നടക്കുകയല്ലേ. 'ആയോ പോയി പിടി' എന്നു പറഞ്ഞു കളിയാക്കാൻ തുടങ്ങി. എനിക് ചമ്മലും ദേഷ്യവും സങ്കടവും എല്ലാം കൂടെ വന്നു.  എന്റെ സങ്കടത്തിൽ കൂട്ടു നിൽക്കാത്തക്രൂരന്മാരായ എന്റെ മാതാപിതാക്കളോട് ചോദിച്ചു.

" നിങ്ങൾ എന്ത് മനുഷ്യരാണ് ഹേ. മോൻ സഹായത്തിനു വിളിക്കുമ്പോൾ നിങ്ങൾ നിന്നു ചിരിക്കുന്നോ. "
പക്ഷേ ഞാൻ അത് സങ്കടത്തോടെ പറയുമ്പോഴും അവർ നിന്നു ചിരിക്കുവാരുന്നു. അതുംകൂടെ കണ്ടപ്പോൾ  ശരിക്കും ദേഷ്യം വന്നു. ഞാൻ പിണങ്ങി മാറി ഇരുന്നു.

ഡാഡി പതുക്കെ അടുക്കൽ വന്നിട്ട് പറഞ്ഞു

"എടാ മോനെ , നീ സൈക്കിൾ എന്തിനാ എടുത്തുയർത്തി പിടിച്ചത്. അത് താഴെ വച്ചുകൂടരുന്നോ. നിന്റെ ആ നില്പും ആ പറച്ചിലും ഒക്കെ കണ്ടപ്പോൾ അറിയാതെചിരിച്ചു പോയതാ കേട്ടൊ. അത് ഒന്നു താഴെ വച്ചാൽ തീരവുന്ന പ്രശ്‌നമല്ലേ ഉണ്ടാരുന്നുള്ളൂ."

ഡാഡി അത് പറഞ്ഞപ്പോൾ ആണ് ഞാനും അതോർത്തത്. ശരിയരുന്നു ഒന്നു താഴെ വച്ചാൽ തീരവുന്ന പ്രശ്നമേ ഉള്ളരുന്നൂ. വെറുതെ എടുത്തു താങ്ങി പിടിച്ചോണ്ട് നിന്നു. നാണവും കെട്ടു. പക്ഷേ ചമ്മൽ പുറത്തു കാണിക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് മനപ്പൂർവ്വം പിണക്കം ഭാവിച്ചു, പോയി കിടന്നുറങ്ങി. കൂട്ടത്തിൽ ആശ്വസിപ്പിക്കാൻ ഒരു കാരണവും കണ്ടെത്തി. ഇത്ര ചെറുതായിട്ടും ആ വലിയ ഭാരമുള്ള സൈക്കിൾ ഞാൻ അത്രയും നേരം എടുത്തുയർത്തി ഇല്ലേ. അപ്പോൾ ഞാൻ ഒരു ശക്തിമാൻ ആണെന്ന് സ്വയംആശ്വസിച്ചുകൊണ്ടു വേദനിക്കുന്ന കയ്യും തടവി കിടന്നുറങ്ങി.

നമ്മുടെ ജീവിതത്തിലെ പല അനാവശ്യമായ സങ്കടങ്ങളുടെയും ആശങ്കകളുടെയും ഭാരം നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ്. ആ സൈക്കിൾ ഒന്നു നിലത്തു വച്ചാൽ തീരുന്ന പ്രശ്നമേ എനികുണ്ടരുന്നുള്ളൂ. അതേപോലെ തന്നെയാണ് ഈ ടെന്ഷന്റെ കാര്യവും. വെറുതെ നമ്മൾ അത് എടുത്തു തലയിൽ വച്ചോണ്ട് നില്കുവാണ്. നമുക്ക് എല്ലാർക്കും വ്യക്തമായി അറിയാം ടെൻഷൻ അടിചോണ്ട്‌ ഒരു പ്രയോജനവും ഇല്ലെന്നു. എങ്കിലും നമ്മൾ അത് താങ്ങി പിടിച്ചോണ്ട് നില്കുന്നു. ശരിയല്ലേ....

let's drop our tensions and feel the warmth of the freedom.

✍️ചങ്ങാതീ❣️
      14/01/21'