Aksharathalukal

കൊതിച്ചതും വിധിച്ചതും - 9

കൊതിച്ചതും വിധിച്ചതും 
ഭാഗം : 9

 

" അത്....  മാനുക്കാന്റെ കാര്യങ്ങൾ അറിഞ്ഞത് എങ്ങനാ. "  
 
 
     "  അത് ഞാൻ ഈ കല്യാണം മുടക്കാൻ വേണ്ടി നടന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ ആണ്. "
 
      
     " എന്താ...  കല്യാണം മുടക്കാനോ... "  അവന്റെ വാക്കുകളിൽ നാജി നന്നേ ഞെട്ടിയിരുന്നു.  
 
 
    " എന്തെ കല്യാണം മുടക്കൽ എന്നു കേട്ടിട്ടില്ലേ."   
 
   
      " കേട്ടിട്ടുണ്ട്....  അല്ല എന്തിനാ കല്യാണം മുടക്കാൻ നോക്കിയേ... "
 
 
     "   അതിനുള്ള കാരണം നിന്റെ പ്രായം ആയിരുന്നു. പതിനെട്ടു വയസ്സ് പോലും ആകാത്ത കുട്ടി,  എന്റെ പെങ്ങളുടെ കല്യാണം അവരുടെ ഡിഗ്രി പഠനം കഴിഞ്ഞശേഷം ആയിരുന്നു. ഉപ്പാപ്പന്റെ സ്നേഹിതന്റെ പേരക്കുട്ടി ആയതുകൊണ്ട് ആണ് ഈ വിവാഹാലോചന വന്നത് തന്നെ, ഉപ്പയും അറിയുന്ന കൂട്ടർ ആയോണ്ട് ഉപ്പാക്കും സമ്മദം, പിന്നെ ആകെ ഉള്ള പ്രതീക്ഷ ഉമ്മയും ഉമ്മാമയും ആയിരുന്നു. പെൺകുട്ടി മതപഠനം ഉള്ള കുട്ടിയാണ്, ദീനിബോധം ഉണ്ട് ഒക്കെ കേട്ടപ്പോൾ അവരും കൂറുമാറി. അങ്ങനെ കല്യാണം മുടക്കാൻ കാരണം നോക്കി നടന്നപ്പോൾ ആണ് മാനുന്റെ കാര്യം അറിഞ്ഞത്. "
 
     
     " പിന്നെ എന്താ മുടക്കാഞ്ഞത്. " 
 
 
     " അത് ഞാനായിട്ട് ഈ കല്യാണം മുടക്കിയാൽ വീട്ടുകാർ എനിക്ക് എതിരാകും, അതുകൊണ്ട് മാനു ആയിട്ട് മുടക്കാണെങ്കിൽ അതല്ലേ നല്ലത് എന്നു ചിന്തിച്ചു. അതുകൊണ്ടാണ്  ഫോൺ വിളിക്കുമ്പോൾ ഒന്നും നിനക്ക് മാനുവിനെ കുറിച്ച് സംസാരിക്കാൻ ഒരു അവസരം നൽകാതിരുന്നത്, എല്ലാം അറിഞ്ഞിട്ടും ഞാൻ ഒന്നും ചോദിച്ചതും ഇല്ല. " 
 
 
     " പിന്നെ അന്ന് ഹോസ്റ്റലിൽ കാണാൻ വന്നത്,  മാനുക്കാനെ കുറിച്ച്  സംസാരിക്കാൻ ശ്രമിച്ചപ്പോ അറിയാം എന്ന് പറഞ്ഞു. എനിക്ക് ഒന്നും വ്യക്തമാകുന്നില്ല. " 
 
 
     " അതിന് ഞാൻ കഥയുടെ കാൽഭാഗം മാത്രമല്ലേ പറഞ്ഞിട്ടുള്ളു, ബാക്കി കൂടി  കേൾക്ക്. " 
 
     
   " ഹ്മ്മ്... പറയു.... " 
     
 
    " ഫോണിൽ സംസാരിക്കുമ്പോൾ ഒക്കെയും നിനക്കുള്ള താല്പര്യ കുറവ് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു, പിന്നെ ഹോസ്റ്റലിൽ ആയതോട് കൂടി ഫോൺ കോളുകളും  അവസാനിച്ചു, പിന്നെ അങ്ങോട്ട് ആകെ ഒരു സ്വസ്ഥതകേട്, എങ്ങേനെയും ഇതിനൊരു പരിഹാരം കണ്ടെത്തണം എന്ന് തോന്നി അങ്ങനെ ആണ് മാനവുമായി സംസാരിക്കുന്നത്.  "
 
 
     " അപ്പൊ വിവാഹത്തിന് മുന്നേ മാനുക്കാനേ കണ്ടിരുന്നോ... " 
 
 
     " ഹ്മ്മ്...  രണ്ടു  വട്ടം ഞങ്ങൾ കണ്ടു, ഒന്ന് ഹോസ്റ്റലിൽ  കാണാൻ വരുന്നതിനു മുന്നേ പിന്നെ  കല്യാണത്തിന് ഒരാഴ്ച മുന്നേയും. "
 
    
     " എന്നിട്ട്... " 
 
 
      ജുനു മാനവുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്തു. 
    
     
      ************************************
 
 
       കൂട്ടുകാരൻ വഴി മാനു ജോലി ചെയ്യുന്ന സ്ഥലവും താമസ സ്ഥലവും കണ്ടെത്തുമ്പോഴും മാനുവിനെ കണ്ടു എന്ത് സംസാരിക്കും എന്നതിൽ ഒരു ബോധ്യവും ഇല്ലായിരുന്നു.  
 
 
      ബാംഗ്ലൂർ ചെന്ന് ഫോണിൽ വിളിക്കുമ്പോ ആരെന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തും എന്ന ആശങ്കയും, വന്നിട്ട് കാണാൻ കൂട്ടാക്കിയില്ലെങ്കിലോ  അങ്ങനെ ഒരുപാട് ചിന്തകൾ ആയിരുന്നു അന്നേരം അത്രയും മനസ്സിൽ. 
 
 
      അവസാനം ഒരുവട്ടം എങ്കിലും കണ്ടു സംസാരിക്കണം എന്ന തീരുമാനത്തിൽ ഉറച്ചു, ആ നമ്പർ ഫോണിൽ ഡയൽ ചെയ്യുമ്പോൾ കൈകൾ  എന്തിനോ വേണ്ടി വിറയ്ക്കുന്നുണ്ടായിരുന്നു.  ലാസ്റ്റ് റിങ്ങിൽ കാൾ അറ്റൻഡ് ആയി. 
 
    
       "  ഹലോ.... "
 
     
       " മാഹിൻ അല്ലെ ഇത്... " 
 
 
       " മാഹിൻ ആണ്, ഇതാരാണ്.... " 
 
         
       " മാനു ഇപ്പൊ ഫ്രീയാണോ... ഒന്ന് കാണണമായിരുന്നു... " 
 
 
        " എനിക്ക് ആരാന്ന് മനസ്സിലായില്ല... " 
 
 
        " ഞാൻ ജുനൈദ് ആണ്, നാജിയുമായി കല്യാണം ഉറപ്പിച്ചിരിക്കുന്ന...." 
 
       
        " ഹ്മ്മ്മ്....    മനസ്സിലായി. " 
 
 
        " ഇന്നൊന്നു കാണാൻ ഒഴിവ് ഉണ്ടാകുമോ, ഞാൻ ബാംഗ്ലൂർ ഉണ്ട്... " 
 
 
      " വൈകുന്നേരം ആകും ഞാൻ ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ...  " 
 
 
      " അതിനു ശേഷം മതി...  ഞാൻ ഓഫീസിന്റെ മുന്നിൽ വെയിറ്റ് ചെയ്തോളാം. "
 
    
    " എങ്കിൽ ശരി കുറച്ചു തിരക്കാണ് ഓഫീസിൽ, വൈകിട്ട് കാണാം. "  
 
 
    " ഒക്കെ... " 
 
 
                 ജുനൈദ് തന്നെ കാണണം എന്നു പറഞ്ഞത് എന്തിനായിരിക്കും എന്ന ചിന്തയിൽ ആയിരുന്നു മാനു, ആലോചിച്ചു ഒരു അന്തവും കിട്ടാതായതും അവൻ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.  
 

      ************************************
 
 
 
 
 
        മനുവിനെ ഫോട്ടോയിൽ കണ്ടിട്ടുള്ളത് കൊണ്ട് ജുനൈദിന്  പെട്ടന്ന് ആളെ മനസ്സിലായി. അവൻ മാനുവിനരികിലേക്ക് നടന്നു. 
 
 
    " അസ്സലാമു അലൈകും." 
 
 
   " വ അലൈകും സലാം, ജുനൈദ്... " സംശയം പോലെ മാനു അവനോടു ചോദിച്ചു.  
 
 
    " ഹ്മ്മ്...  നമുക്ക് കോഫി ഷോപ്പിലേക് ഇരുന്നു സംസാരിക്കാം. " 
 
    
     രണ്ടുപേരും അടുത്ത് കണ്ട കോഫി ഷോപ്പിലേക്ക് കയറി. കോഫി ഓർഡർ ചെയ്ത് കഴിഞ്ഞിട്ടും രണ്ടുപേർക്കും സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി.  
 
 
    " ജോബ് ഒക്കെ എങ്ങനെ ഉണ്ട്... "  ജുനു തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.  
 
 
      " നന്നായി പോകുന്നു, തുടക്കത്തിൽ ഉണ്ടാരുന്ന ബുദ്ധിമുട്ട് ഒക്കെ കുറഞ്ഞുവരുന്നു. ജുനൈദ് എറണാകുളം അല്ലെ വർക്ക്‌ ചെയ്യുന്നത്. "  
 
 
    "  അതെ...  ഐ. ടി.  മേഖലയിൽ ഒരുപാട് ക്യാൻഡിഡേറ്റ്സ് ഉള്ളത് കൊണ്ട് ടഫ് കോമ്പറ്റിഷൻ ആണ്, പിടിച്ചു നിന്നു പോകാൻ നല്ല പ്രയാസം ഉണ്ട്. അല്ല മാനുന് നാട്ടിൽ എവിടേലും നോക്കി കൂടായിരുന്നോ. " 
 
 
      " നല്ലോരു ഓപ്പർച്യൂണിറ്റി കിട്ടിയപ്പോൾ പിന്നെ സ്ഥലം ഒന്നും നോക്കിയില്ല. "
 
 
    " ഉമ്മ അവിടെ തനിച്ചല്ലേ... " 
 
 
    " ഹ്മ്മ്....   ഉമ്മാനെ ഇവിടേക്ക് കൂട്ടണം എന്നാണ്,  നിങ്ങടെ കല്യാണം കഴിഞ്ഞിട്ട്  വേണം. "
 
 
      കുറച്ചു നേരം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി.  
 
 
    " ഇവിടെ വേറെന്തെങ്കിലും ആവിശ്യമായി വന്നതാണോ. "  
 
 
    " അങ്ങനെ ചോദിച്ചാൽ മാനുവിനെ കാണുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ ഈ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളു. " 
 
 
    "  പ്രത്യേകിച്ച് എന്തെങ്കിലും....."  മാനു ചോദ്യം പകുതിയിൽ വെച്ച് നിർത്തി. 
 
     
     " അത്....  മാനുന്റേം നാജിയുടേം കല്യാണം നേരത്തെ പറഞ്ഞു വെച്ചിരുന്നത് ആയിരുന്നോ...."  
 
     
      " ഹേയ്.... അങ്ങനെ ഒന്നും ഇല്ല...  അല്ലാ എന്താപ്പോ അങ്ങനെ ഒക്കെ ചോദിക്കാൻ... " 
 
    
     " നാട്ടിൽ അന്വേഷിച്ചപ്പോ നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നൊക്കെ പറയേണത് കേട്ടു... " 
 
 
         ജുനൈദ് സംസാരിച്ചു തുടങ്ങിയത് ഈ ടോപിക്കിലേക്ക് ആണെന്ന് മനസ്സിലായിരുന്നെങ്കിലും അതിനു നൽകാൻ ഒരു മറുപടി മാനുവിന് ഉണ്ടായിരുന്നില്ല.  
 
 
    " അല്ല രണ്ടു ഉപ്പുപ്പാ മാരുടെയും പഴയ സൗഹൃദത്തിന് മേൽ നേരത്തെ എടുത്ത തീരുമാനം മാറ്റിയത് ആണോ എന്നറിയാൻ ചോദിച്ചതാണ്. " 
 
 
    " ഹ്മ്മ്... " മാനു വെറുതെ ഒന്ന് മൂളി.  
 
 
    " നിങ്ങൾക് പരസ്പരം ഇഷ്ട്ടമായിരുന്നിട്ടും വീട്ടുകാർ  എന്താ കല്യാണത്തിന് എതിർത്തത്. "
 
     
      മാനു പതിയെ ചിരിച്ചുകൊണ്ടു കോഫി കുടിക്കാൻ തുടങ്ങി.  
 
 
     " ചുമ്മാ പറയെടോ എനിക്ക് തന്നെ സഹായിക്കാൻ കഴിഞ്ഞാലോ... " 
 
 
    "  അതൊന്നും ഇനി നടക്കില്ല ജുനു, നിങ്ങടെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾ വരെ വീട്ടുകാർ നടത്തി തുടങ്ങി. " 
 
 
    " കല്യാണത്തിന്റെ അന്ന് രാവിലെ കല്യാണങ്ങൾ മുടങ്ങുന്നില്ലേ, അപ്പൊ അതെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. " 
 
 
    "അല്ല  ഇതിന് പിന്നിൽ നിനക്കുള്ള ഗുണം എന്തെന്ന് വ്യക്തമായില്ല. "
 
 
     "  എനിക്ക് ഗുണമോ ദോഷമോ ഈ കല്യാണം കൊണ്ടില്ല, പിന്നെ ഇത്രയും ചെറിയൊരു കുട്ടിയെ കല്യാണം കഴിക്കാൻ എന്തോ ഒരു മടി. ആദ്യം ഈ ആലോചനയെ പറ്റി കേട്ടപ്പോൾ നാജിയുടെ വീട്ടുകാരോട് നല്ല ദേഷ്യം ആണ് തോന്നിയത്, ഉപ്പുപ്പാനെ എതിർത്തു പറയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ ഇരുന്നപ്പോൾ ആണ് തന്നെ കുറിച്ച് അറിയുന്നത്, അങ്ങനെ എങ്കിൽ ഈ കല്യാണം നിങ്ങൾ വഴി ഒഴിയുവാണേൽ നല്ലതല്ലേ എന്ന് തോന്നി. "
 
 
    " ഞാൻ എങ്ങനെ ഇതിൽ ഇടപെടുക... അവർ കല്യാണം തീരുമാനിച്ചു എനിക്ക് ഒരിക്കലും നാജിയെ നിക്കാഹ് ചെയ്ത് തരില്ല, പിന്നെ അതിനെ കുറിച്ച് ഞാൻ ചിന്തിക്കാറുമില്ല. " 
 
 
     " അതെന്താ അങ്ങനെ ഒരു പ്രശ്നം...  സാധാരണ കുടുംബത്തിൽ തന്നെ കെട്ടിക്കുകയാണേൽ ഒരു ധൈര്യം അല്ലെ, പിന്നെ തന്നെ എല്ലാർക്കും ഇഷ്ടവും നല്ല അഭിപ്രായവും ആണ്. " 
 
 
     " അതൊക്കെ ഒരു കഥയാടോ... "   എന്തുകൊണ്ടോ ജനുവിനോട് അവൻ വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു, തന്നെ കുറിച്ച് മുഴുവൻ കാര്യങ്ങളും മാനു തുറന്നു പറഞ്ഞു. 
 
 
       എല്ലാം കേട്ടതും ജുനൈദിന് മാനുവിനെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. കാരണം ചെറുപ്രായത്തിൽ തന്നെ ആസിയുമ്മയിൽ നിന്ന് അവൻ അനുഭവിച്ച അവഗണനയുടെ നോവ് അവന്റെ ഓരോ വാക്കുകളിലും തെളിഞ്ഞു കാണാമായിരുന്നു.  
 
 
.        പിന്നെയും എന്തെല്ലാമോ അവർ സംസാരിച്ചു, നല്ലൊരാത്മ ബന്ധം ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ഇരുവർക്കും കഴിഞ്ഞിരുന്നു.  
 
 
      ആ മടക്കയാത്രയിൽ നാജിയെ മനുവിന്റെ കൈകളിൽ ഏൽപ്പിക്കാൻ തനിക്കു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജുനൈദ് അതിയായി ആഗ്രഹിച്ചു.  
 
 
      അതെ സമയം തനിക്കു അരികിൽ നിന്ന് നടന്നകലുന്ന ജുനൈദ് തന്നെയാണ് നാജിക്കനുയോജ്യൻ എന്ന് മാനു അവന്റെ മനസ്സിനെയും പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു.  
 
 
    *****************************************
 
 
    "  ചെറുപ്പത്തിൽ തന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നല്ലേ മാനുക്കാനെ.  ഞങ്ങൾക്ക് മുന്നേ  കാണിക്കുന്നതെല്ലാം വെല്ലുമ്മാടെ അഭിനയം ആണെന്നറിയാൻ വൈകി പോയി. "  പറയുന്നതോടൊപ്പം നാജിയുടെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു.  
 
 
    " ഇങ്ങനെ കരയാതെടോ...  ഒന്നില്ലെങ്കിലും മാനു രക്ഷപെട്ടില്ലേ...  "
 
 
    " തമാശയാണ് ഉദ്ദേശിച്ചത് എങ്കിൽ വളരെ ബോർ ആയിട്ട് ഉണ്ട്. "  
 
 
     അവൻ ഒന്നും പറഞ്ഞില്ല അവളെ ആ ഗ്ലൂമി മൂഡിൽ നിന്ന് മാറ്റണം എന്നെ ഉണ്ടായിരുന്നുള്ളു.  
 
 
      " എന്നിട്ട് ബാക്കി പറ.. " 
 
 
      " പിന്നെ പറഞ്ഞാൽ പോരെ... " 
 
 
       " തറവാട്ടിലേക്ക് പോകാൻ ഇനിയും സമയം ഉണ്ടല്ലോ... ബാക്കി പറയെന്നെ... " 
 
 
     " ഹ്മ്മ്...   മാനുവിനെ കണ്ടു വന്നത് മുതൽ ഇനി എന്ത് എന്നൊരു ചോദ്യം ആയിരുന്നു മനസ്സ് നിറയെ. പിന്നീട് ആണ് നിന്നെ കൂടി വന്നു കാണണം എന്നൊരു തോന്നൽ വന്നത്. അങ്ങനെ നിശ്ചയം ഒക്കെ കഴിഞ്ഞു നിന്നെ വന്നു കാണുന്നത്.  
 
 
        നീ മാനുവിനെ കുറിച്ചു പറയാൻ വന്നപ്പോൾ അറിയാം എന്ന് പറഞ്ഞു തടഞ്ഞത് മനഃപൂർവം നിന്നെ വേദനിപ്പിക്കാതിരിക്കാൻ ആണ്, കാരണം മനുവിന്റെ ഓർമകളിൽ നിന്നിൽ നിറയുന്ന വേദന എന്തുകൊണ്ടോ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നില്ല. അതുപോലെ പലപ്പോഴും തമ്മിൽ ഉള്ള സംസാരത്തിൽ നിന്റെ പ്രായത്തിൽ കവിഞ്ഞ പക്വത ഞാൻ തിരിച്ചറിഞ്ഞിരുന്നു.  "
 
 
     അവൻ പറയുന്നതെല്ലാം ഒരു പുഞ്ചിരിയോടെ നാജി കേട്ടിരുന്നു, ഉള്ളിൽ വിങ്ങൽ ഉണ്ടാക്കുന്ന കാര്യങ്ങളെയും പുഞ്ചിരികൊണ്ടവൾ മറച്ചുപിടിച്ചു.  
 
      
      " നിങ്ങളെ രണ്ടു പേരെയും കണ്ടു കഴിഞ്ഞു എനിക്ക് കഴിയുന്നത് പോലെ ഞാൻ നിങ്ങളെ ഒരുമിപ്പിക്കാൻ ശ്രമം നടത്തി.  എനിക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല, അതുകൊണ്ട് അറിയുന്ന പലരെയും കൂടെ നിർത്തി നിന്റെ ഉപ്പയോട് നിനക്കും മാനുവിനും  വേണ്ടി സംസാരിപ്പിച്ചു. പക്ഷെ ഒരു മാറ്റവും സംഭവിച്ചില്ല. പിന്നെ അവസാന തീരുമാനം എടുക്കാൻ ഒരിക്കൽ കൂടി മാനുവിനെ കാണാൻ ഞാൻ ബാൻഗ്ലൂർക്ക് വണ്ടി കയറി. തിരിച്ചു മടങ്ങുമ്പോൾ ഉറച്ചൊരു തീരുമാനവും എടുക്കാൻ സാധിച്ചു. "
 
 
     ****************************************
 
 
      
       അന്ന് മാനുവിനെ കണ്ടു താൻ ചെയ്ത കാര്യങ്ങൾ ഓരോന്നും പറയുമ്പോഴും അവസാന വിധി ഇതൊക്കെ തന്നെ ആകുമായിരുന്നു എന്ന ഭാവമായിരുന്നു മാനുവിൽ.  
 
 
    " നാജിയെ അത്ര കണ്ടു സ്നേഹിക്കുന്നെങ്കിൽ അവളെയും കൂട്ടി മറ്റെവിടേക്കെങ്കിലും പൊയ്ക്കൂടേ, എന്നാൽ കഴിയുന്ന സഹായം എന്തുവേണമെങ്കിലും ഞാൻ ചെയ്ത് തരാം. " 
 
 
     " ചിലനേരം മനുഷ്യൻ സ്വാർത്ഥനായി ചിന്തിക്കും, അങ്ങനെ എങ്കിൽ അവൻ നേടുന്നത് അവന്റെ ഇഷ്ടം മാത്രമായിരിക്കും ജുനു. ഇവിടെ ഞാൻ എന്റെ പ്രണയത്തിനായി എന്തെങ്കിലും ചെയ്താൽ എനിക്ക് അന്യമാകുന്നത് ഒരു കുടുംബം ആണ്. " 
 
 
    " എടൊ ഇതൊക്കെ ആദ്യത്തെ കുറച്ചു കാലം ഉണ്ടാകും, പിന്നെ പതിയെ എല്ലാം മറന്നു എല്ലാവരും ഒന്നാകും. "  
 
 
    " അതു നമ്മുടെ വിശ്വാസം, അങ്ങനെ ആയാൽ തന്നെ വെല്ലുമ്മ ഒരുവട്ടം പോലും എന്നോട് ക്ഷമിച്ചു തരില്ല. "  
 
 
     " നിന്നെ പരിഗണിക്കാത്തവരുടെ ദേഷ്യം വിധ്വെശവും നിന്നെ എങ്ങനെ ബാധിക്കും. " 
 
 
    " വെല്ലുമ്മ എന്നെ പേരക്കുട്ടി ആയിട്ട് കാണുന്നില്ലായിരിക്കും, പക്ഷെ ഞാൻ ഓർമവെച്ച കാലം മുതൽ എനിക്ക് വെല്ലുമ്മ തന്നെയാണ്. എന്നോട് എങ്ങനെ വേണേലും പെരുമാറിക്കൊള്ളട്ടെ എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലേടാ.. "  
 
     
    " നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. വീട്ടുകാരായി കല്യാണം നടത്തി തരണം എങ്കിൽ കല്യാണത്തിന്റെ അന്ന് ആ ചടങ്ങ് മുടക്കണം. " 
 
 
   " നീ പറഞ്ഞത് മനസ്സിലായില്ല..."   ദേഷ്യം കലർന്നൊരു ചോദ്യമായിരുന്നു അത്. 
 
 
    " ഡാ... നീ ഇങ്ങനെ റൈസാകല്ലേ... ഞാൻ പറയുന്നത് കേൾക്ക്... കല്യാണത്തിന് ചെക്കൻ വരാതെ എത്ര കല്യാണം മുടങ്ങുന്നു.. "   
 
 
    ബാക്കി പൂർത്തിയാക്കാൻ അനുവദിക്കാതെ മാനു പറഞ്ഞു തുടങ്ങി.  
 
 
      " അങ്ങനെ കല്യാണം മുടങ്ങിയാൽ എനിക്ക് നാജിയെ നിക്കാഹ് ചെയ്ത് തരുമെന്നല്ലേ നിന്റെ പ്രതീക്ഷ, അത് നിന്റെ വെറും തോന്നൽ മാത്രമാണ്. മാമ പാതി സമ്മദം പറഞ്ഞാൽ കൂടി വെല്ലുമ്മ അനുവദിക്കില്ല, കാരണം വെല്ലുമ്മയ്ക്ക് സ്വന്തം വാശി മാത്രമേ നോക്കു. അങ്ങനെ ഒരു തീരുമാനം നീ എടുത്താൽ രണ്ടു കുടുംബവും ഒരുപോലെ നാണക്കേട് ഉണ്ടാകുകയേ ഉള്ളു. "
 
     
      " പിന്നെ എന്താ ഒരു വഴി... "  
 
 
      " നിനക്ക് നാജിയെ ഒരിക്കലും ഭാര്യയായി കാണാൻ സാധിക്കില്ലേടാ.... " മനുവിന്റെ കണ്ഡം 
ഇടറിയിരുന്നു.  
 
 
     " മാനു....   നീ എന്താ പറഞ്ഞുവരുന്നത്. " 
 
 
      " നിനക്ക് അവളെ നിക്കാഹ് ചെയ്തൂടെ...  പാവം ആട ഒരുപാട് കുട്ടിത്തം ഒന്നും ഇല്ലെടാ അവളിൽ.... എല്ലാരേം സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ....  എന്തോ നിന്റെ കൂടെ അവൾ സന്തോഷവതിയായിരിക്കും എന്ന് മനസ്സ് പറയുന്നു. "  
 
 
     അത് പറയുമ്പോഴുള്ള മനുവിന്റെ ഭാവം നോക്കികാണുകയായിരുന്നു ജുനു.ഒരുപാട് സ്നേഹമുള്ള ഒന്ന് മനസ്സറിഞ്ഞു അവനെ ഏൽപ്പിക്കുകയാണ് മാനു എന്ന് അവനും മനസ്സിലായി. 
 
 
    " ജുനു നിന്നെ നിർബന്ധിക്കാൻ ഞാൻ ആളല്ല...  പക്ഷെ ഉപേക്ഷിക്കാനോ നാട്ടുകാരുടെ മുന്നിൽ നാണംകേട്ട് നിൽക്കാനോ ഉള്ള ഇടവരുത്തരുതെടാ... അങ്ങനെ കൂടി ശിക്ഷിക്കല്ലേ ആ പാവത്തിനെ...  നന്നായി ആലോചിച്ചു തീരുമാനം എടുക്ക്.... " 
 
 
      മാനുവിനോട് യാത്ര പറഞ്ഞു മുന്നോട്ടു നടക്കുമ്പോൾ തന്നോട് തന്നെ ചോദിക്കുകയായിരുന്നു ജുനു നാജിയെ ഭാര്യയാക്കാൻ കഴിയുമോ എന്ന്. അല്പം മുന്നോട്ടു നടന്ന ശേഷം തിരികെ നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന മാനുവിനെ തിരികെ നടന്നു.   
 
 
     " കല്യാണത്തിന് ലീവ് വാങ്ങിക്കോ എന്റെ കൂട്ടുകാരനായി നീയും ഉണ്ടാകണം, നാജിയുടെ കഴുത്തിൽ ഞാൻ മഹർ അണിയിക്കുമ്പോൾ. " 
 
 
      സന്തോഷംകൊണ്ടു  രണ്ടുപേരുടെ കണ്ണുകളും നിറഞ്ഞിരുന്നു... 
 
 
                                    തുടരും....  

 

കഴിഞ്ഞ part 8 ആയിരുന്നുട്ടോ.. 


കൊതിച്ചതും വിധിച്ചതും  - 10  (Last part)

കൊതിച്ചതും വിധിച്ചതും - 10 (Last part)

4.9
5081

കൊതിച്ചതും വിധിച്ചതും  ഭാഗം : 10                               മാനുവിനോട് യാത്ര പറഞ്ഞു മുന്നോട്ടു നടക്കുമ്പോൾ തന്നോട് തന്നെ ചോദിക്കുകയായിരുന്നു ജുനു നാജിയെ ഭാര്യയാക്കാൻ കഴിയുമോ എന്ന്. അല്പം മുന്നോട്ടു നടന്ന ശേഷം തിരികെ നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന മാനുവിനെ തിരികെ നടന്നു.             " കല്യാണത്തിന് ലീവ് വാങ്ങിക്കോ എന്റെ കൂട്ടുകാരനായി നീയും ഉണ്ടാകണം, നാജിയുടെ കഴുത്തിൽ ഞാൻ മഹർ അണിയിക്കുമ്പോൾ. "            സന്തോഷംകൊണ്ടു  രണ്ടുപേരുടെ കണ്ണുകളും നിറഞ്ഞിരുന്നു...             ************************************             എല