പട്ടം പോലെ....
📝 🔥 അഗ്നി 🔥
" ഡീ.... നോക്കിയേ എന്ത് ഉയരത്തിൽ ആണ് പട്ടം പറക്കുന്നതെന്ന്. " പട്ടത്തിന്റെ നൂൽ തന്റെ കൈക്കുള്ളിൽ ഒന്നുകൂടി ഭദ്രമാക്കിക്കൊണ്ടവൻ അവളോടായി പറഞ്ഞു.
ഉയരത്തിൽ പാറിപ്പറക്കുന്ന പട്ടത്തെ നോക്കികാണുകയായിരുന്നവൾ. ഒരേനിമിഷം അത്ഭുതവും കുസൃതിയും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു.
. തനിക്ക് മറുപടി ഒന്നും ലഭിക്കാതായപ്പോൾ അവൻ അവളെ പാളിനോക്കി. അസ്തമയ സൂര്യന്റെ ചുവപ്പുരാശി അവളുടെ കവിൾ തടങ്ങൾക്ക് ഭംഗി കൂടുന്നതായി തോന്നി, അതു കാൺകെ അവന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി.
" എന്താണ് പട്ടത്തെ കുറിച്ച് ഗവേഷണം നടത്തുവാണോ." തന്റെ ഇടത് തോളുകൊണ്ട് അവളുടെ വലതുതോളിൽ ചെറുതായി തട്ടിച്ചുകൊണ്ട് ചോദിച്ചു.
തന്റെ ചിന്തകൾക്ക് ഭംഗം സംഭവിച്ചതിൽ പരിഭവിച്ചുകൊണ്ടാവൾ അവനെ കൂർപ്പിച്ചു നോക്കി.
ചൊടിയിൽ വിരിഞ്ഞ പുഞ്ചിരി മറച്ചുവെച്ചുകൊണ്ട് അവനും ഗൗരവത്തിന്റെ മുഖമൂടി എടുത്തണിഞ്ഞു.
" എന്താടി തുറിച്ചു നോക്കുന്നെ. നിന്റെ ഉണ്ടക്കണ്ണുരുണ്ട് താഴെ വീഴും. "
" മ്മ്ഹ്ഹ്... " കെറുവുകാട്ടി അവൾ മുഖം തിരിച്ചു.
" അയ്യയ്യേ എന്റെ വഴക്കാളി പിണങ്ങിയോ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീ നോക്കിക്കോടി, എന്നെ അല്ലെ എങ്ങനെ വേണേലും നോക്കിക്കോ. നിന്റെ കണ്ണുകളിൽ വിരിയുന്ന ഈ കുറുമ്പിലും പരിഭവത്തിലും അല്ലേ ഞാൻ എന്റെ പ്രണയത്തെ തേടുന്നത്. "
അതുകേൾക്കേ അവൾ എടുത്തണിഞ്ഞ പിണക്കത്തിന്റെ മുഖമറ അവളിൽ നിന്നഴിഞ്ഞുവീണ് കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് പടർന്നു. അവന്റെ അധരങ്ങളിൽ പുഞ്ചിരി സ്ഥാനംപിടിച്ചു.
. " എന്തായിരുന്നു പട്ടത്തെ കുറിച്ച് ഒരു ഗവേഷണം നടത്തുകയായിരുന്നല്ലോ. എന്തൊക്കെ കണ്ടെത്തി. "
" അതോ... അതുണ്ടല്ലോ.... അതില്ലേ... "
" നീ എന്തെങ്കിലും ഉറപ്പിക്ക് എന്നിട്ട് കാര്യം പറ."
" അതില്ലേ എനിക്കും ഈ പട്ടം പോലെ പറക്കണം. "
" അതാണോ, അതിന് പാരാഗ്ലൈഡിങ് ഒക്കെ ഇല്ലേ നമുക്ക് പറക്കാന്നെ. "
" അതല്ല... ഈ പട്ടത്തെ പോലെ ഒരുപാട് ഉയരത്തിൽ എത്തണം എന്ന്. "
" ഹ അങ്ങനെ ഏത് കൊടുമുടി കീഴക്കാൻ ആണ് ഉദ്ദേശം നമുക്ക് ഒരുമിച്ചു തന്നെ കേറിക്കളയാം. "
" പുല്ല് ഞാൻ ഒന്നും പറഞ്ഞില്ല, അല്ലേലും ഇതൊന്നും പറഞ്ഞാൽ മനസ്സിൽ ആക്കാനുള്ള ബോധം ഒന്നും ഇല്ലല്ലോ. അല്ലെങ്കിൽ ഏതുനേരവും സാഹിത്യവും റൊമാൻസും, ഇപ്പൊ ഇരുന്നു പൊട്ടൻ കളിക്കുവാ " അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
" അല്ല നീ ഇത് എന്ത് തേങാന്നാ ഈ പറയുന്നേ, ആദ്യം പട്ടം പോലെ പറക്കണം പിന്നെ വലിയ ഉയരത്തിൽ എത്തണം എന്താണെന്ന് തെളിച്ചു പറഞ്ഞൂടെ. "
" ഒന്നുല്ല. "
"ഡീ... പെണ്ണെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറ, അല്ലാതെ അവളും അവളുടെ ഒരു പട്ടം പോലെയും... "
"........"
"ഡീ.... "
"...... "
അവൾ മറുപടി നൽകാതെ അധികം ദൂരയല്ലാത്ത ഒരു സിമെന്റ് ബെഞ്ചിൽ പോയിരുന്നു.
അവൻ തന്റെ കയ്യിലിരിക്കുന്ന പട്ടത്തിന്റെ നൂലിലേക്കും അവളെയും മാറിമാറി നോക്കി. പതിയെ പട്ടത്തിന്റെ നൂൽ സ്വാതന്ത്ര്യമാക്കി, നിയന്ത്രണം നഷ്ട്ടപെട്ട പട്ടം കാറ്റിൽ പാറുമ്പോൾ അവൻ അവൽക്കരികിലേക്ക് നടന്നു.
തനിക്ക് അടുത്ത് അവൻ വന്നറിഞ്ഞത് അറിഞ്ഞിട്ടും അവൾ അവനെ നോക്കിയില്ല.
" ഡീ... "
"........ "
" പെണ്ണെ ഒന്ന് നോക്കടി " അവളുടെ കൈകളിൽ അവൻ പിടിച്ചു.
അവന്റെ കൈക്കുള്ളിൽ നിന്ന് കൈകളെ സ്വാതന്ത്ര്യമാക്കി അവൾ തിരകളിലേക്ക് വീണ്ടും കണ്ണയച്ചു.
' ഈ പെണ്ണ്...' പൊന്തിവന്ന ദേഷ്യം പല്ലിൽ കടിച്ചമർത്തി നിയന്ത്രിച്ചു.
" മോളെ ഒന്ന് നോക്കടി... ഞാൻ ഒന്ന് പറയട്ടെ നിനക്ക് എന്തുണ്ടെങ്കിലും എന്നോട് നേരിട്ട് പറഞ്ഞൂടെ, ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ. നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി ഞാൻ നിന്റെ ചുമ്മാ വട്ടാക്കിയത് അല്ലെ. "
" ഓഹോ അങ്ങനെ ആണല്ലേ എന്നാൽ എന്താ ഞാൻ ഉദ്ദേശിച്ചത് ഒന്ന് പറ കേൾക്കട്ടെ. "
" പുല്ല് ഇത് ചോദിക്കാനായിരുന്നേൽ ആ വാ തുറക്കേണ്ടിയിരുന്നില്ല. " അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
" എന്താ പറഞ്ഞത്. "
"ഒന്നുല്ല. "
" എന്തേലും പറയാൻ ഉണ്ടെങ്കിൽ മുഖത്തു നോക്കി തെളിച്ചു പറയാൻ പഠിക്കണം. " അതും പറഞ്ഞവൾ മുഖം തിരിച്ചു.
" ഇതന്നെയാണ് കുറച്ചു മിനുറ്റ് ആയിട്ട് നിന്നോട് പറഞ്ഞോണ്ടിരിക്കുന്നെ. "
" അല്ല, പട്ടം എന്തെ.. "
" അതല്ലല്ലോ ഞാൻ ചോദിച്ചത്. "
. " പട്ടം എവിടെന്നു അറിയാൻ ചോദിച്ചത് ആണ്. "
" അത് നീ ഇങ്ങു പോന്നപ്പോൾ നൂൽ ഞാൻ വിട്ടു. "
" എന്നിട്ട് അതിനു എന്ത് പറ്റി."
" സാധാരണ നിയന്ത്രണം പോയ പട്ടത്തിന് പറ്റുന്നത് പോലെ കാറ്റിൽ പാറി നശിച്ചു. "
" ഒരു ഡയലോഗ് എങ്കിലും പറഞ്ഞല്ലോ. "
" എന്ത് ഡയലോഗ്, നീ ഇത് എന്തൊക്കെ ആണ് പറയുന്നേ കുറെ നേരമായി ക്ഷമിക്കുന്നു. ഇങ്ങനെ പരസ്പരബന്ധം ഇല്ലാതെ ഓരോന്ന് പറയല്ലേ. എന്താ നിന്റെ പ്രശ്നം തെളിച്ചു പറ. "
" അതായത് ഞാൻ പറഞ്ഞില്ലേ എനിക്ക് പട്ടംപോലെ പറക്കണം എന്ന്.... "
. " നീ പിന്നേം അതന്നെ പറയല്ലേ പെണ്ണെ, എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. "
" ഞാൻ പറയുന്നത് ഫുൾ കേൾക്ക്. "
. " ഹ... പറ "
" എനിക്ക് പട്ടംപോലെ പറക്കണം എന്ന് പറഞ്ഞില്ലേ .... " അവൻ അവളെ ഒന്ന് ഇരുത്തി നോക്കി.മറുപടിയായി അവൾ നന്നായി ഇളിച്ചു കാണിചിട്ട് ബാക്കി പറഞ്ഞു തുടങ്ങി
" ഞാൻ അങ്ങനെ പറയുമ്പോ നീ എന്നോട് ചോദിക്കും ' എന്താന്ന് ' , ഞാൻ കുറച്ചുകൂടി വ്യക്തമായി പറയും എനിക്ക് നിന്റെ കയ്യിലിരിക്കുന്ന പട്ടത്തെ പോലെ ഇങ്ങനെ സ്വാതന്ത്ര്യമായി ഉയരത്തിൽ പറക്കണം എന്ന്. "
അവൻ ഇടയ്ക്ക് എന്തോ പറയാൻ വരുന്നതായി ശ്രദ്ധിച്ചതും അവൾ കയ്യെടുത്ത് മിണ്ടരുത് എന്ന് ആംഗ്യത്തിൽ പറഞ്ഞു, ചിരിച്ചു കൊണ്ട് അവൻ തലയാട്ടി സമ്മദം അറിയിച്ചു മിണ്ടാതിരുന്നു.
" അങ്ങനെ ഞാൻ പറയുമ്പോ സ്വാഭാവികമായും നീ പറയും ഈ പട്ടം എത്ര ഉയരത്തിൽ ആണെങ്കിൽ എന്റെ നിയന്ത്രണത്തിൽ ആണെന്ന്, ഒട്ടും താമസിയാതെ ഞാൻ ആ പട്ടത്തിന്റെ നൂൽ പൊട്ടിച്ചിട്ട് നിന്നയോടായി പറയും കണ്ടോ നൂൽ പൊട്ടിയതും പട്ടം ദിശയറിയാതെ പറന്നു നശിക്കും.അതുകൊണ്ട് എനിക്ക് എന്നും നിന്റെ നിയന്ത്രണത്തിൽ പറന്നു ഉയരങ്ങൾ കീഴടക്കാനാണ് ഇഷ്ടം എന്ന്. അതുകേൾക്കുമ്പോൾ നീ എന്നെ കെട്ടിപ്പിടിക്കുന്നു.
ഹൗ റൊമാന്റിക് അല്ലെ.... "
" അല്ലേടി പട്ടത്തിന്റെ നൂൽ വിട്ടാൽ നിയന്ത്രണം നഷ്ട്ടപെടും എന്ന് എനിക്ക് അറിയാലോ, അതുകൊണ്ട് ആ പട്ടത്തിന്റെ നൂൽ പൊട്ടിക്കുന്ന ആ ഭാഗം നിനക്ക് സ്കിപ് ചെയ്തൂടായിരുന്നോ. "
" ഹ്ഹ്മ്മ്.... " ചിറികോട്ടി കൊണ്ടവൾ എഴുന്നേറ്റു നടന്നു.
" ഡീ.... നിൽക്ക് നീ പട്ടത്തിന്റെ നൂൽ പൊട്ടിച്ചോ ഞാൻ ചുമ്മാ പറഞ്ഞതാണ്, ആ സീൻ കൂടി ഉണ്ടെങ്കിലേ ഒരു പെർഫെക്ഷൻ കിട്ടു." അതും പറഞ്ഞവൻ പൊട്ടി ചിരിച്ചു.
" കളിയാക്കുന്നോ ദുഷ്ട്ട... "
അവൾ മണൽത്തരി വാരി അവന്റെ മേലേക്ക് എറിഞ്ഞു. നിർത്താതെ എറിഞ്ഞു കൊണ്ടേ ഇരുന്നു.
. " ഡീ മതിയാക്കേടി കണ്ണിൽ പോകും."
"....."
" ഡി.... മുത്തേ നിർത്തെടാ... സോറി സോറി ഇനി ഞാൻ കളിയാക്കില്ല. "
എത്ര പറഞ്ഞിട്ടും നിർത്തുന്നില്ല എന്ന് കണ്ടതും അവൻ ഒറ്റക്കുതിപ്പിന് അവളെ അനങ്ങാൻ വിടാതെ അവന്റെ കൈക്കുള്ളിൽ ആക്കി.
" അതൊക്കെ വെറും പ്രഹസനം ആണ് ഒരുമാതിരി, ഇതൊന്നും പറഞ്ഞില്ലെങ്കിലും എനിക്ക് അറിഞ്ഞൂടെ എന്റെ കൈക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ള നേട്ടങ്ങൾ മാത്രമാണ് നിന്റെ ആഗ്രഹം എന്ന്.
. ആട്ടെ എവിടുന്ന് കിട്ടി ഈ ഐഡിയ. "
" അത് ആരോ എവിടെയോ എഴുതിയത് വായിച്ചതാണ്, എന്തായിരുന്നു ആ വരി. " ആലോചിക്കുന്നത് പോലെ അവൾ നിന്ന്
" മതി ആലോചിച്ചത് ഇനിയും ഇങ്ങനെ ചിന്തിച്ചു കൂട്ടി കുഞ്ഞുതല പോകയ്ക്കല്ലേ. "
" ഹ്മ്മ്മ്... "
" അവളുടെ ഒരു പട്ടം പോലെ...... " മനസ്സിൽ പറഞ്ഞവൻ അവളെയും ചേർത്ത് പിടിച്ചു നടന്നു.
**********************************
വെറുതെ എഴുതിയതാണ്... ഇഷ്ട്ടായാൽ ഒരു വരിയെങ്കിലും കമന്റ് ആയി kurikkane