എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 6
ഒരുപക്ഷെ തനിക്കു ഈ വീടൊരു ഇടക്കാല ആശ്വാസം മാത്രമായിരിക്കും... ഇവിടെ നിന്നൊരു മടക്കവും അനിവാര്യമാണ്... പലചിന്തകളിൽ നിന്നുകൊണ്ടവൾ പടികൾ കയറി...
ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും പാറു നന്നേ ക്ഷീണിച്ചിരുന്നു... അടിവയറ്റിൽ കൊളുത്തിപിടിക്കുന്ന പോലെ തോന്നി അവൾക്ക്, തുടർച്ചയായുള്ള യാത്രയും... ഒരുപാട് നേരത്തെ നിൽപ്പും കാലുകൾക്കും കടച്ചിൽ അനുഭവപെട്ടു... അല്പനേരം കിടക്കണം എന്ന് തോന്നി... ആശ്രയത്തിനായി അവൾ അമ്മയെ നോക്കി... പക്ഷെ അവർ വീടിന്റെ മുക്കുംമൂലയും നോക്കി കുറ്റം കണ്ടെത്തുന്ന തിരക്കിലാണ്...
" എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ.."
തനിക്കരികിലേക്ക് വന്നുകൊണ്ട് ആദി ചോദിക്കുന്നത് കേട്ടവൾ ഒരുനിമിഷം എന്ത് മറുപടി നൽകും എന്ന് ചിന്തിച്ചു... തന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ ഓർക്കേ അവനോടു എതിർത്ത് ഒന്നും പറയാൻ തോന്നിയില്ല... അവന്റെ സഹായം സ്വീകരിക്കുന്നതിൽ ഒരു അഭിമാനക്കുറവും ഉണ്ടായില്ല...
" ഹ്മ്മ്.... കാൽ വല്ലാതെ കടയുന്നു... എനിക്ക് എവിടെ എങ്കിലും അല്പനേരം ഒന്ന് കിടക്കണം എന്നുണ്ട്... " പുച്ഛഭാവത്തിൽ ഒരു നോട്ടമോ അതുമല്ലെങ്കിൽ തർക്കുത്തരമോ മറുപടി പ്രതീക്ഷിച്ചിരുന്ന ആദിയിൽ അവൾ നൽകിയ മറുപടി നടുക്കം സൃഷ്ട്ടിച്ചു... കൂടുതൽ അതേക്കുറിച്ചു ചിന്തിക്കാൻ അവൻ മുതിർന്നില്ല... കാരണം അവളുടെ ശബ്ദത്തിൽ നിന്നും അവൻ മനസ്സിലായിരുന്നു അവൾ എത്രമാത്രം അസ്വസ്ഥതയിലാണെന്ന്..
" അനു.. ഏട്ടത്തിയെ മുറിയിലേക്ക് കൊണ്ടുപോയ്ക്കോളു... ഇതെല്ലാം അഴിച്ചെടുക്കാൻ ഒന്ന് സഹായിക്കു... " ആദി അനുവിനോടായി അല്പം ഉറക്കെ പറഞ്ഞു.
" അതെന്തിനാ അനു... വാ മോളേ അമ്മ സഹായിക്കാം... " അത്രയും നേരം രംഗത്തെ ഇല്ലാതിരുന്ന സാവിത്രി അവന്റെ ശബ്ദം കേട്ടതും പിന്നാമ്പുറത്ത് നിന്ന് ധൃതിയിൽ ഹാളിലേക്ക് വന്നുകൊണ്ടു പറഞ്ഞു.
സാവിത്രിയുടെ മറുപടിയിൽ അനുവിന്റെ മുഖം വാടുന്നത് ആദിയും അരുണും ശ്രദ്ധിച്ചിരുന്നു...
" അനു തന്നെ സഹായിക്കാൻ കൂടെ വരുന്നതിൽ പാറുവിനു ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ... " അവൾ അമ്മയുടെ ഭാഗമേ നിൽക്കു എന്നറിയാമായിരുന്നിട്ടും ആദി എന്തുകൊണ്ടോ അവളോട് അങ്ങനൊരു ചോദ്യം ചോദിച്ചു.
പെട്ടെന്ന് അവനിൽ നിന്ന് അങ്ങനൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല... അവൾ ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്... അവിടെ താൻ ആദിയുടെ വാക്കുകളെ തള്ളിക്കളയും എന്നുള്ള ഭാവമാണ്... അവളുടെ ഉള്ളിലും അതുതന്നെ ആയിരുന്നു... എന്നാൽ അവളെ പ്രതീക്ഷയോടെ നോക്കുന്ന അനുവിൽ കണ്ണുകൾ ഉടക്കിയതും അവൾ പോലുറിയാതെ അവന്റെ വാക്കുകൾക്ക് സമ്മതം എന്നപോൽ മറുപടിയും വന്നിരുന്നു...
" എനിക്ക് കുഴപ്പമില്ല... അനു കൂടെ വരൂ... " അനുവിനെയും കൂട്ടി അവൾ മുറിയിലേക്ക് നടക്കുമ്പോൾ കേട്ടമറുപടിയിലെ നടുക്കം വിട്ടുമാറിയിരുന്നില്ല സാവിത്രിക്കും ആദിക്കും... അതെ സമയം ഇതൊക്കെ എന്തെന്ന രീതിയിൽ അരുൺ ആദിയോട് കണ്ണുകൾകൊണ്ട് തിരക്കി... അവനിൽ നിന്ന് യാതൊരു പ്രതികരണം ഇല്ലാതായതും അരുൺ അവനരികിലേക്ക് നടന്നുവന്നു തോളിൽ കയ്യിട്ടു പുറത്തേക്ക് കൊണ്ട്പോയി... പോകുംവഴി കിളിപോയി നിൽക്കുന്ന സാവിത്രിയെ പുച്ഛിക്കാനും അവൻ മറന്നില്ല...
=============================
പുറത്തു ഇറങ്ങിയതും ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ അരുൺ അവന്റെ വയറിനു നോക്കി മുഷ്ടിചുരുട്ടി ഇടിച്ചു... പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു ചുറ്റും നോക്കി എന്നിട്ട് അരുണിനോട് ചോദിച്ചു...
" അല്ല... ഞാൻ ഇത് എവിടെയാ... "
" നീ... എവിടെയാണെന്ന് ഞാൻ നിനക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്... അതൊക്കെ അവിടെ നിൽക്കട്ടെ എന്തായിരുന്നു അകത്തു വെച്ചുള്ള പ്രകടനം... ഭർത്താവ് ആവശ്യപെടുന്നു... ഉത്തമയായ ഭാര്യ അനുസരിക്കുന്നു... സത്യം പറ നിങ്ങൾ തനിച്ചു കാറിൽ വന്നപ്പോൾ എന്താ സംഭവിച്ചേ... പെട്ടന്ന് പറ... "
" കാറിൽ വന്നത്.. നീ ഒന്ന് മിണ്ടാതിരുന്നേ... അതല്ലെടാ ഞാൻ പറഞ്ഞത് അവൾ എന്തുകൊണ്ട് ആണ് അനുസരിച്ചത്.. എനിക്ക് ഒന്നും അങ്ങോട്ട് മനസ്സിൽ ആകുന്നില്ല... "
" ടാ... ഇങ്ങനെ ഒരു സാഹചര്യത്തിലും നീ അവളെ സ്വീകരിച്ചത് കൊണ്ട്... ഒരുപക്ഷെ നിന്നെ വിഷമിപ്പിക്കേണ്ട എന്നുള്ള രീതിയിൽ ആയിരിക്കും അവൾ നിനക്ക് ഫേവർ ആയി സംസാരിച്ചത്... "
" നീ ഉദ്ദേശിച്ച സാഹചര്യം ഒന്നും അവൾക്ക് ഒരു പ്രശ്നമേ അല്ല... നാട്ടുകാർ അവളെ എങ്ങനെ കണ്ടാലും... അച്ഛൻ മറ്റുള്ളവർക്ക് മുന്നിൽ തലകുനിച്ചു നിന്നാലും അവൾക്ക് ഒരു കുഴപ്പവുമില്ല... പക്ഷെ ഞാൻ കെട്ടിയ താലി ആണ് അവളുടെ ഏറ്റവും വലിയ മാനക്കേട് ആയി അവൾ കാണുന്നത്... പറ്റിയത് തെറ്റെന്നു പോലും ചിന്തയില്ല... "
" ഓ.... നീ ആയി തലയിൽ എടുത്ത് വെച്ചതല്ലേ... ഒരു കാര്യം പറഞ്ഞേക്കാം പണ്ടത്തെ പോലെ ഇനിയും അവൾക്കും അവളുടെ അമ്മയ്ക്കും മുന്നിൽ വായടക്കി നിൽക്കാൻ ആണ് ഉദ്ദേശം എങ്കിൽ.... പിന്നെ ഒരു കാര്യത്തിനും എന്നെ പ്രതീക്ഷിക്കേണ്ട... നിന്നോളം വിലയൊന്നും ഇല്ല ആ രണ്ടെണ്ണത്തിനും... "
" ഡാ... ഞാൻ അമ്മാവനെ ഓർത്തിട്ടാ ഒന്നിനും പോകാതെ... അവരുടെ ഗുണത്തിനും ദോഷത്തിനും പോകാത്തത്... പക്ഷെ എന്നെ ഭരിക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല... ആ ഒരുറപ്പ് പോരെ നിനക്ക്... "
" തത്കാലം അതുമതി... വാ അകത്തോട്ടു പോകാം... പെങ്ങളെ അകത്തേക്ക് കൂടെ കൂട്ടിയത് കൊല്ലാനോ വളർത്താനോ എന്ന് പോയി നോക്കാം ... " അതും പറഞ്ഞു ഇരുവരും അകത്തേക്കു കയറാൻ ഒരുങ്ങി... അപ്പോഴാണ് പുറത്തേക്ക് ഇറങ്ങിവന്ന സാവിത്രിയെ അരുൺ കാണുന്നത്...
" ആദി നീ ഇവിടെ നിന്നെ... "
" എന്താടാ.. "
" നീ ഇങ്ങനെ നിൽക്ക്... " എന്നുപറഞ്ഞു അരുൺ ആദിയെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി. എന്നിട്ട് പതിയെ ഒളികണ്ണിട്ട് സാവിത്രിയെ നോക്കി. അവർ തങ്ങൾ പറയുന്നത് കേൾക്കാനായി ആരും ശ്രദ്ധിക്കാതെ പാത്തു നിൽക്കുന്നത് അവൻ കണ്ടു...
എങ്കിൽ അവരെ ശരിക്കൊന്ന് കേൾപ്പിച്ചു കൊടുക്കണമല്ലോ എന്ന് ചിന്തിച്ചു അരുൺ അഭിനയം തുടങ്ങി.
" എന്താ... ആദി നീ ഇപ്പോൾ പറഞ്ഞത്.... " ആദി എന്തോ പറയാൻ തുനിഞ്ഞതും അരുൺ അവന്റെ കൈകളിൽ അമർത്തി. താൻ സംസാരിക്കരുത് എന്ന സൂചന ആണെന്ന് മനസ്സിലാക്കിയതും അവൻ മൗനം പൂണ്ടു. സാവിത്രിയുടെ ചെവിവട്ടം പിടിച്ചുള്ള നിൽപ്പ് കണ്ടു ചിരി വന്നെങ്കിലും അത് അടക്കിപ്പിടിച്ചുകൊണ്ട് അരുൺ സംസാരം തുടർന്നു.
"ശരിക്കും നീ പറഞ്ഞത് സത്യമാണോ... പ്രാർത്ഥന നിന്നോട് അങ്ങനെ പറഞ്ഞോ. അവൾ ഇനി നല്ലൊരു കുടുംബിനി ആയി നിന്റെ അനുസരണ ഉള്ള ഭാര്യ ആയി കഴിഞ്ഞോളാമെന്ന്... ഇതൊന്നും പോരാതെ നീ അവളെ സ്വീകരിചതിന് കാലിൽ വീഴാൻ പോയെന്നോ... എന്റെ ദേവി എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല... " അവൻ പറഞ്ഞു നിർത്തി ആദിയെ നോക്കി. അവന്റെ കിളിപോയ നിൽപ്പ് കണ്ടു കൈക്കൊന്നു തട്ടി... ആദി പറഞ്ഞത് എല്ലാം ശരിവെക്കുമ്പോലെ മൂളി. ഇതൊക്കെ കെട്ട് സാവിത്രി ചവിട്ടികുലുക്കി അകത്തേക്ക് പോയതും അരുൺ പൊട്ടിചിരിച്ചുകൊണ്ട് ആദിയോട് കാര്യം പറഞ്ഞു. അവന്റെ ചിരികാണെ ആദിയുടെ ചുണ്ടിലും ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
" ചിരി കഴിഞ്ഞെങ്കിൽ ഇനി അകത്തേക്ക് പോകാം... " ആദി പറഞ്ഞു.
തലയാട്ടി സമ്മതം അറിയിച്ചു അവനും ആദിക്ക് ഒപ്പം അകത്തേക്ക് കടന്നു.
" എന്നാൽ നമുക്ക് ഇറങ്ങിയാലോ ലളിതേ അമ്മയും കുട്ടികളും അവിടെ തനിച്ചല്ലേ... " സച്ചിദാനന്ദൻ ഭാര്യയോടു ചോദിച്ചു.
" ഹ... പാറുമോൾ മാറ്റി വരട്ടെ... എന്നിട്ട് നമുക്ക് ഇറങ്ങാം... " ലളിതയും സമ്മതം അറിയിച്ചു.
" ഇപ്പോഴേ പോണോ സച്ചി... വീട്ടിൽ കയറിയിട്ട് പോയാൽ പോരെ... നമുക്ക് വൈകുന്നേരം ഇറങ്ങാം... " പ്രകാശൻ പറഞ്ഞു.
" പെങ്ങളുടെ നാവിൽ നിന്ന് ഇതൊന്നും കേൾക്കാൻ ഈ ജന്മം കഴിയില്ല... അളിയൻ എങ്കിലും പറഞ്ഞല്ലോ... നില്കുന്നില്ല അളിയാ വൈകുന്നേരം ജാനിക്ക് ട്യൂഷൻ കുട്ടികൾ വരും പിന്നെ അവൾക്ക് അപ്പുവിന്റെ പിന്നാലെ പായാൻ സമയം കിട്ടില്ല... അമ്മ ഒറ്റക്ക് അവനെ നോക്കിയാൽ എങ്ങും എത്തില്ല..."
" അല്ല... എന്താ ഇവിടെ ചർച്ച... " അകത്തേക്ക് വന്ന അരുണായിരുന്നു ചോദിച്ചത്.
" ഇവിടെ കുടുംബക്കാര് തമ്മിൽ പല ചർച്ചയും നടക്കും അതൊക്കെ നിന്നെ അറിയിക്കണം എന്നുണ്ടോ... " പുറത്തുകെട്ട സംസാരത്തിന്റെ കലിയിൽ സാവിത്രി പറഞ്ഞു
" അമ്മായിയുടെ മോളേ ഈ വീടിന്റെ മരുമകളായി വിളക്ക് നൽകി സ്വീകരിച്ചത് ഇവന്റെ അമ്മയാണ്... എനിക്ക് എന്റെ പോറ്റമ്മയാണ്... അപ്പോൾ ഇവൻ എനിക്ക് സഹോദരനല്ലേ... എന്റെ കുടുംബം ഇവന്റെയും അപ്പൊ ചർച്ചകൾ അറിയാൻ എനിക്കെന്നപോലെ ഇവനും ഉണ്ട് അവകാശം.." ആർക്കുമുന്നിലും ശബ്ദമുയർത്താത്ത ആദിയുടെ ശബ്ദം ഉയരുന്നുവെങ്കിൽ അതവൻ ചങ്കിൽ കൊണ്ടു നടക്കുന്ന അരുണിന് വേണ്ടി മാത്രമായിരിക്കുമെന്ന് ഒരിക്കൽ കൂടി ആദി സാവിത്രിക്ക് തെളിയിച്ചു കൊടുത്തു.
" ഞങ്ങൾ തിരികെ പോകുന്ന കാര്യങ്ങൾ പറഞ്ഞിരുന്നതാണ് മോനെ... നിങ്ങൾ വന്നിട്ട് പറഞ്ഞിട്ട് ഇറങ്ങാന്ന് കരുതി... " രംഗം ശാന്തമാക്കാൻ സച്ചിദാനന്ദൻ അവർക്ക് മറുപടി നൽകി.
" അതെന്ത് പോക്കാണ്... ഭക്ഷണം പോലും കഴിക്കാതെ.... " ആദി ആരാഞ്ഞു.
" അതിന് ഇവിടെ എന്തെങ്കിലും കാലാക്കിയിട്ടുണ്ടോ... വീട്ടിലേക്ക് പോയിരുന്നേൽ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തന്നെ വിടുമായിരുന്നുള്ളു... " സാവിത്രി ആരോടെന്നില്ലാതെ പറഞ്ഞു.
" ഭക്ഷണം ഒക്കെ പിന്നീട് ഒരിക്കൽ ആകാം... " ലളിത പറഞ്ഞു.
" അതൊന്നും ശരിയാവില്ല... കല്യാണം ആയിട്ട് സദ്യ വേണ്ടേ... ഞാൻ ഇവിടെ അടുത്ത് ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്... അവർ എത്തിക്കാൻ സമയം ആകുന്നു... " അരുൺ പറഞ്ഞു.
" അങ്ങനെ എങ്കിൽ ഇനി കഴിച്ചിട്ട് ഇറങ്ങാം സച്ചി... നിങ്ങൾ അവിടെ എത്തുമ്പോൾ ഊണിനു സമയം കഴിയും... ഇവിടുന്ന് കഴിച്ചിട്ട് പോകുന്നത് തന്നെയാണ് നല്ലത്. "
" എങ്കിൽ അങ്ങനെ ആവട്ടെ... അളിയൻ വാ നമുക്ക് വീടും പരിസരവും ഒക്കെ ഒന്ന് നടന്നു കാണാം.... " സച്ചിയും സമ്മതം അറിയിച്ചുകൊണ്ട് പറഞ്ഞു. ഇരുവരും പുറത്തേക്കിറങ്ങി.
" ലക്ഷിമിയേച്ചി ( അരുണിന്റെ അമ്മ ) അവിടെ അടുക്കളയിൽ തനിചാണ്... നാത്തൂൻ വാ നമുക്ക് അടുക്കളയിലേക്ക് പോകാം... " ലളിത സാവിത്രിയോട് പറഞ്ഞു.
" ഞാൻ ഇല്ല... നാത്തൂൻ പോകുന്നേൽ പൊയ്ക്കോ... പാറുനെ ഒന്ന് നോക്കട്ടെ... "
ലളിത പോയെന്ന് കണ്ടതും അരുൺ സാവിത്രിയെ വിളിച്ചു.
" സാവിത്രി കൊച്ചമ്മ ഒന്ന് നിന്നെ... "
" നിനക്ക് എന്താടാ ചെക്കാ... തള്ളയെയും പെങ്ങളെയും വിളിച്ചു വീട്ടിൽ പോടാ... "
" ഞാൻ പോകുന്നതും വരുന്നതും നിങ്ങൾ തിരക്കേണ്ടാ... പക്ഷെ നിങ്ങടേം നിങ്ങളുടെ മോളുടെയും പോക്കുവരവൊക്കെ ഈ അരുണിന് അറിയാം... അതു മറ്റുള്ളവരെ കൂടി അറിയിക്കാൻ എന്നെ നിർബന്ധിക്കരുത്. " ഒരു താക്കിതിന്റെ സ്വരത്തിൽ അരുൺ പറഞ്ഞു നിർത്തിയതും സാവിത്രി വിളറി വെളുത്തു. പിന്നെ അവിടെ നിൽക്കാതെ അവർ മകളുടെ അടുത്തേക്ക് നീങ്ങി.
" അരുൺ... നീ എന്താ അങ്ങനെ പറഞ്ഞത്... എന്തോ നീ എന്നിൽ നിന്ന് മറക്കുന്നുണ്ട്... അമ്മായി ഒന്നും മിണ്ടാതെ പോയെങ്കിൽ കാര്യം നിസ്സാരമല്ലെന്ന് തീർച്ച...."
" ഡാ... അതു നിനക്ക് ഗുണമോ ദോഷമോ ഉള്ള ഒന്നല്ല... പിന്നെ അവരെ ഇതുപോലെ അടക്കി നിർത്താൻ ആ രഹസ്യം രഹസ്യമായി തന്നെ തുടരട്ടെ... അവർ അത്രമേൽ അപകടകാരി ആയാൽ തിരിച്ചു പൊരുതാൻ ഒരു വജ്രായുധം പോലെ അതു വേണം... " പിന്നീട് ആദിയെ ഒന്നും പറയാൻ അനുവദിക്കാതെ ഫോൺ എടുത്തു ഹോട്ടലുകാരെ വിളിക്കണമെന്ന് പറഞ്ഞു അരുൺ പുറത്തേക്കിറdങ്ങി.
==================================
" എല്ലാം കഴിഞ്ഞു ഏട്ടത്തി ഇനി വേണേൽ ഒന്ന് കുളിചോളൂ... " ആഭരണങ്ങൾ എല്ലാം അഴിക്കാൻ സഹായിച്ച ശേഷം അനു പാറുവിനോട് പറഞ്ഞു.
" നല്ല ക്ഷീണം ഒന്ന് കിടക്കട്ടെ... എന്നിട്ട് ഞാൻ കുളിച്ചു വന്നോളാം... അനു പോയി ഇത്തിരി കുടിക്കാൻ വെള്ളം എടുത്തു വരുമോ... "
" അതിനെന്താ ഏട്ടത്തി... ഇപ്പോ കൊണ്ടുവരാട്ടോ... " അതും പറഞ്ഞു അനു പുറത്തേക്കിറങ്ങി. ആ കുറച്ചു സമയം കൊണ്ട് അനുവുമായി പാറു ഇണങ്ങിയിരുന്നു.
അനു പോയതും സാവിത്രി മുറിയിലേക്ക് കയറി വാതിൽ അടച്ചു. അനു അവരെ ഒന്ന് തിരിഞ്ഞു നോക്കി നടന്നതും ആദിയെ ചെന്നിടിച്ചു.
" ആഹ മണവാളൻ ഇപ്പോൾ അങ്ങോട്ട് പോകേണ്ട... സാവിത്രി ആന്റി വാലിനു തീപിടിച്ചപോലെ പാഞ്ഞു അകത്തു കയറി... ഇനി എപ്പോ തുറക്കും എന്നറിയില്ല. "
" ഹ്മ്മ്... അല്ല പാറു... " ആദി ചോദ്യം പാതിയിൽ നിർത്തി.
" ക്ഷീണം ആണെന്ന് പറഞ്ഞു കിടന്നു. പെട്ടന്ന് ഉള്ള കല്യാണം അല്ലെ അതിന്റെ പാച്ചിൽ ഒക്കെ കാരണമായിരിക്കും... പിന്നെ ഏട്ടത്തി സൂപ്പർ ആട്ടോ എനിക്ക് ഒത്തിരി ഇഷ്ടായി.. എന്നെയും ഏട്ടത്തിക്ക് ഇഷ്ടായി ഞങ്ങൾ ഒരുപാട് സംസാരിച്ചു... " വലിയ സന്തോഷത്തോടെ അനു പറഞ്ഞു.
അവൾ പറയുന്നത് കേൾക്കെ ആദിയുടെ ചൊടിയിലും ഒരു കുസൃതിചിരി വിരിഞ്ഞു...
തുടരും...
വായിച്ചു നോക്കി അഭിപ്രായം പറയണേ...
അപ്പോ അടുത്ത പാർട്ടുമായി നാളെ കാണാം.