എന്റെ ഇക്കിച്ചിക്ക്....
" എനിക്ക് ഒരു ഇക്കാക്ക ഉണ്ടായിരുന്നെങ്കിൽ... നീ ഒക്കെ എന്ത് ലക്കിയാണ്... " കൂട്ടുകാരിയുടെ സംസാരം കേട്ടതും ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി...
" എനിക്ക് വേണ്ടെടി അതിനെ വേണേൽ നീ എടുത്തോ.... "
" എനിക്ക് തന്നേക്ക് എനിക്ക് നൂറുവട്ടം സമ്മതം... "
" പൊന്നുമോളെ... ഇപ്പൊ പറയുന്ന സുഖം ഒന്നും ഉണ്ടാകൂല.. രാവിലെ തൊട്ട് തുടങ്ങും.. ഡീ... നീ അത് ചെയ്യല്ലേ... ഇത് ചെയ്യല്ലേ... അതെടുക്കല്ലേ.. ഇങ്ങനെ ആണോ ഡ്രസ്സ് ചെയ്യുന്നേ.... ഇതെന്താടി ഇട്ടേക്കുന്നെ അവളുടെ ഒരു കോപ്പിലെ ജീൻസ്... വലിച്ചു കീറണ്ടെങ്കിൽ പോയി മാറ്റടി അസത്തെ... ഓ മൈ ഗോഡ്... ഹൊറിബിൾ ആണ് മോളേ... റ്റെറർ.... " വലിയ നിരാശയോടെ ഞാൻ പറഞ്ഞു.
" അതൊക്കെ ഒരു നല്ലതല്ലേ... ശാസിക്കാനും ശിക്ഷിക്കാനും തല്ലുകൂടാനും സ്നേഹിക്കാനും ഒക്കെ... കഴിഞ്ഞ ദിവസം തന്നെ നീയും നിന്റെ ഇക്കിച്ചിയും തമ്മിൽ ഉള്ള അടിപിടി കണ്ടിട്ട് കൊതിയാവുന്നുണ്ടായിരുന്നു.... "
" പിന്നെ... ആ പിരാന്തൻ എന്റെ തലമുടി പിടിച്ചു വലിച്ചു പറിച്ചു. ആ വേദന ഇപ്പോഴും പോയിട്ടില്ല... രസല്ല... സാമ്പാർ.... "
" നിനക്ക് കിട്ടിയതിന്റെ ഇരട്ടി നീയും തിരിച്ചു കൊടുത്തില്ലേ... പാവത്തിന്റെ കൈ നീ കടിച്ചു പറിചില്ലേടി.... ദുഷ്‌ട്ടെ... "
" പിന്നെ ചുമ്മാതൊന്നും അല്ലല്ലോ... നല്ലോണം എരന്നു മേടിക്കുന്നത് അല്ലെ... "
" എന്തിനായിരുന്നു ആ കണ്ട പുകിൽ ഒക്കെ കാട്ടിയത്... " അവൾ ചിരിയോടെ ചോദിച്ചു.
" ആ കള്ള ബലാൽ മിച്ചറിലെ കപ്പലണ്ടി മുഴുവൻ ഞാൻ തിന്നെന്ന് പറഞ്ഞു എന്നെ തല്ലി... മേൽ നൊന്താൽ എനിക്ക് സഹിക്കുമോ ഞാനും കൊടുത്തു... അവസാനം കൂട്ടത്തല്ല് ആയി... ഉമ്മാന്റെ കയ്യിന്നും വാപ്പാന്റെ വായിന്നും കേട്ടപ്പോൾ പ്രശ്നം അവസാനിപ്പിച്ചു. "
" ഇത്ര നിസ്സാരകാര്യം.... ഞാനൊക്കെ ഒരു പാക്കറ്റ് മിച്ചർ തിന്ന് തീർത്താലും ഇത്താത്ത ഒന്നും പറയൂല... ഓൾ കഴിച്ചോട്ടെ ഉമ്മ എന്ന് പറഞ്ഞു ഉമ്മാന്റെ വഴക്കിന്ന് കൂടി രക്ഷപെടുത്തും... "
" ഭാഗ്യവതി.... " ഞാൻ അവളെ നോക്കി പറഞ്ഞു.
" ശരിക്കും നിന്റെ ഇക്കാക്ക എന്ത് കെയറിങ് ആണ്... നിനക്ക് വയ്യെന്ന് കേട്ടാൽ ഓടിവരുന്നു... സ്കൂളിൽ നിന്ന് കൂട്ടികൊണ്ട് വീട്ടിൽ ഭദ്രമായി കൊണ്ടാക്കുന്നു..."
" ഉവ്വാ... അത് ഒന്ക്കും ക്ലാസ്സിൽ ഇരിക്കണ്ടല്ലോന്ന് ഓർത്തിട്ട.... അല്ലാണ്ട് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല... പൊട്ടി.... "
" എന്തിനാടി.... നീ മടിപിടിച്ചു നിൽക്കുമ്പോൾ നിന്റെ ബാഗും എല്ലാം സ്വയം ചുമന്നുകൊണ്ട് അല്ലെ സ്കൂളിൽ പോകുന്നെ.. "
" ഓ.... മതി നിർത്തിക്കേ ഒരു ഇക്കാക്ക പുരാണം... "
അവൾ പിന്നീടും ഒരുപാട് വട്ടം ഇതേ കാര്യം പറഞ്ഞു... സ്ഥിരം പറയുന്നപോലെ നീ എടുത്തൊടി എന്നും...
💞💞💞💞💞💞💞💞
" ആഹാ... അങ്ങനെ ഇനി എന്റെ കളികൾ അങ്ങ് തമിഴ്‌നാട്ടിൽ.... "
" ഓ പിന്നെ.... ബല്യ കാര്യായി.... " അസ്സലായി അങ്ങ് പുച്ഛിച്ചു. അല്ല പിന്നെ ആദ്യമായി ദൂരെ പഠിക്കാൻ പോകുന്നതിന്റെ അഹങ്കാരം..
" ഓ... പോടി... പോ... "
" പെട്ടന്ന് ഒന്ന് പോയി തന്നാലും.... എനിക്ക് എന്റെ സ്വാതന്ത്ര്യം ആഘോഷിക്കാൻ... "
അങ്ങനെ ആൾ പോകുന്ന ദിവസം വന്നു... ഉമ്മ കെട്ടിപിടിച്ചു കരയുന്നത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.... ചിരിച്ചാൽ ആരോഗ്യത്തിനു ഹാനികരം ആയോണ്ട് ചിരി കടിച്ചമർത്തി നിന്നു... "
അങ്ങനെ പോയി... ചെന്നൈക്ക് നാടുകടന്നു...
ആദ്യത്തെ രണ്ടീസം വല്യ കുഴപ്പം ഒന്നും തോന്നില്ല... ഇക്കാക്ക വിളിച്ചപ്പോൾ ഒക്കെ ഞാൻ ആളില്ലാത്ത സന്തോഷം നന്നായി പെരുപ്പിച്ചു പറഞ്ഞു.
" ഓ വല്യ കാര്യം എന്നും പറഞ്ഞു അതിനെ ഒക്കെ നിസ്സാരമട്ടിൽ ഓൻ തള്ളിക്കളഞ്ഞു... "
പക്ഷെ പണികിട്ടി.... ആദ്യത്തെ ഒരാഴ്ച ഉണ്ടായിരുന്നു സന്തോഷം ഒക്കെ കെട്ടടങ്ങി.... ആ വഴക്കും അടിപിടി ഒക്കെ വല്ലാണ്ട് മിസ്സിംഗ് ആയി തുടങ്ങി.... പക്ഷെ എങ്ങാനും അത് സമ്മതിക്കേണ്ടി വന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ട് മിണ്ടാതെ ശോകം ആയി നടന്നു...
അങ്ങനെ ആറ്റുനോറ്റ് മൂന്നാഴ്ച കഴിഞ്ഞു ഇക്കാക്ക ലീവിന് വന്നു... വീണ്ടും അടിച്ചുപൊളി രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോകുന്ന അന്ന് ഉമ്മാനെ കളിയാക്കിയ ഞാൻ കരഞ്ഞു വിളിച്ചു അലമ്പാക്കി... പോയാൽ ഉറപ്പായും അടുത്ത തോട്ടിൽ ഞാൻ ചാടുമെന്ന് ഭീഷണി പോലും മുഴക്കി... പക്ഷെ അതൊന്നും വിലപ്പോയില്ല അങ്ങനെ രണ്ടുവർഷം ആൾ അവിടെയും ഇവിടെയും ആയി കഴിഞ്ഞു പോയി....
പിന്നീട് കല്യാണം കഴിഞ്ഞു പോയതിന് ശേഷവും ഞാൻ ഏറ്റവും മിസ്സ് ചെയ്തത് ആ കുസൃതികൾ ആയിരുന്നു. പക്ഷെ വീട്ടിൽ വന്നു നിൽക്കുമ്പോൾ ഒക്കെ ഞങ്ങൾ പഴയപോലെ അടിയും ഇടിയും ആയി ആസ്വദിച്ചു.
💞💞💞💞💞💞💞💞
ഇന്ന് ഞാൻ എന്റെ വീട്ടിൽ ആണ്.... ഉച്ചക്ക് ശേഷം ഉപ്പാന്റെ വീട്ടിൽ പോയി... തിരികെ വന്നു ഇക്കാക്ക ഉണ്ടായിരുന്നു ഉമ്മറത്തു... ഞായറാഴ്ച അല്ലെ വേറെ എവിടെ പോകാൻ... വല്ലാത്ത ചിരിയോടെ എന്നെ വരവേറ്റത്... അതൊന്നും കാര്യമാക്കിയില്ല.... വൈകിട്ട് ചായകുടിക്കാൻ ഇരുന്നപ്പോൾ ഉമ്മ മിച്ചർ എടുത്തു ചായയ്ക്ക് കൊറിക്കാൻ തന്നു...
പക്ഷെ ആ മിച്ചറിൽ ഒറ്റ കപ്പലണ്ടി എനിക്ക് കാണാൻ കഴിഞ്ഞില്ല....
" പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്.... നീ പ്രതീക്ഷിക്കാതെ തിരിച്ചടിക്കുന്നതാണ് എനിക്ക് ഇഷ്ടം.... " അതും പറഞ്ഞു ചായയും വലിച്ചു കുടിച്ചു എഴുന്നേറ്റു പോകുന്ന ഇക്കിച്ചിയെ നോക്കി ഞാൻ nuts പോയ അണ്ണാനെ പോലെ ഇരുന്നു...
" അന്നേ ആ കുരുപ്പിനോട് ഞാൻ പറഞ്ഞതാ.... വേണേൽ നീ എടുത്തോടി ഈ മൊതലിനെ എന്ന്... അപ്പോഴേ കൊടുത്തു ഒഴിവാക്കിയാൽ മതിയായിരുന്നു... "
💞💞💞💞💞💞💞💞💞💞💞💞💞
ബ്രദർ ഇഷ്ടം.... ഉയിർ.... ഒരുപാട് ഇഷ്ടാണ് ഇക്കിച്ചി.... ഇങ്ങടെ പെങ്ങൾ ആയതിൽ ഞാൻ ഒരുപാട് സന്തോഷവതിയാണ്...
ഇത് എന്തിന് എഴുതി എന്ന് എനിക്ക് അറിയില്ല... എന്തോ ഈ നിമിഷം തന്നെ എഴുതണം എന്ന് തോന്നി...
എന്റെ ഇക്കിച്ചിക്ക് 💞💞💞