ഹലാക്കിന്റെ അവിലുംകഞ്ഞി...
" നസീബാത്ത.... നസീബത്തോയ്..... "
" എന്തോന്നാ കൈജുമ്മ പിച്ചക്കാർ മോങ്ങുന്നപോലെ ആ ഏഷണി പെണ്ണുമ്പിള്ളേനെ വിളിക്കുന്നെ.... "
" എന്റെ പുന്നാര ഫരീദ... ഇന്നെന്നെ പെണ്ണാണാനും മേണ്ടിട്ട് ഒരു കൂട്ടർ വരുന്നുണ്ടേ.... "
" അയിന് ഇജ്ജ് ഒരേ തിരക്കണ എന്നാത്തിനും മേണ്ടിട്ടാ... കല്യാണാലോചന കലക്കി കയ്യി തരും ഓര്.... "
" അതന്നെ അല്ലെ എനിക്കും മേണ്ടത്... " ശബ്ദം താഴ്ത്തി കൈജുമ്മ എന്ന ഖദീജ പിറുപിറുത്ത്.
" എന്താണ്ടി വായ്ക്കാത്ത് വെച്ചുകൊണ്ട് മുണ്ടണത്... " കൂട്ടുകാരി ഫരീദ ഓളോട് ചോയ്ച്ചു.
" ഒന്നുല്ലെടി നസീബാത്ത ഇവിടെ ഉണ്ടെങ്കിൽ ഒന്നു കരുതി ഇരിക്കാലൊന്ന് കരുതീട്ടാ.... "
" എന്നാ ഇജ്ജ് രക്ഷപെട്ടു മോളേ.... ഓര് ഇന്നേ നമ്മുടെ ബാവാക്കാന്റെ മോന്റെ പെണ്ണിന്റെ വീട് തിരക്കി പോയേക്കാണ്... ആ കല്യാണം മുടക്കാനും മേണ്ടിട്ട്.... "
" എപ്പോ വരൂന്ന് വെല്ല നിച്ഛയം ഉണ്ടോ അനക്ക്.... "
" ഉവ്വെടി ഓര് എന്നോട് പഞ്ഞിട്ടാണല്ലോ എല്ലാടത്തുക്കും പോണത്.... " ഫരീദ ഓളോട് കലിപ്പായി.
" ഹ്മ്മ്.... എങ്കിൽ ശരി... ഞാൻ പോയിട്ടോ... "
" ആടി.... "
രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞു.
============================
" ശേ.... എന്നാലും ഓർക്ക് ഇന്നന്നെ പോവാനും തോന്നിലോ... ഈ കല്യാണം എങ്ങനെ കലക്കും പടച്ചോനെ... ഷാഫിക്കാനേ കിനാവ് കണ്ടു നടക്കണ എന്നെ നീ ഇങ്ങനെ ഒക്കെ പരീക്ഷിക്കല്ലേ നാഥ... ഇക്ക ഗൾഫിന്ന് വന്നു എന്നെ പെണ്ണ് ചോയ്ക്കണേ ബരെ എന്റെ കല്യാണാലോചന ഒക്കെ കലങ്ങി പോണേ... ഇന്ന് വരാനിരിക്കുന്ന കോന്തൻ വല്ല വയറു ധീനോം വരുത്തി വരാൻ പറ്റാണ്ടാക്കണേ തമ്പുരാനെ..... " വീടെത്തും വരെ ഖദീജ ഒരോന്ന് പ്രാർത്ഥിച്ചും കൂട്ടീം കുറച്ചു നടന്നു...
" എവിടെ പോയി കെടക്കായിരുന്നു ദാജ്ജാലെ നീ.... പോയി മെനക്ക് ഒന്നു ഒരിങ്ങിക്കൊണ്ടി... ഒരൊക്കെ എത്താൻ ആയിക്കണ്.... "
" ഓര് എത്തിട്ടെന്ത് കാര്യം ഈ കല്യാണം നടന്നിട്ട് മാണ്ടേ...." പിറുപിറുതോണ്ട് ഓൾ അകത്തേക്ക് കടന്നു.
======================
കണ്ണാടിയ്ക്ക് മുന്നിൽ നിന്നിട്ട് എങ്ങനെ ഒരുങ്ങും എന്ന ചിന്തയായി....
ചെക്കൻ പിടിക്കാണ്ടിരിക്കാൻ കോലംകെട്ടി ഒരുങ്ങിയാലോ.... ആദ്യം തലയിൽ ഉദിച്ചത് ആ വഴിയാണ്.... അല്ലേൽ മാണ്ട... പുന്നാര ഉമ്മിയും കയ്യിലെ കുറ്റിച്ചൂലും ഓർമ വന്നതും തലയിൽ കത്തിയ ബൾബ് ഓൾ തന്നെ സ്വിച്ച് ഓഫ് ആക്കി...
എന്തായാലും വരുന്നേടത്ത് വെച്ചു കാണാം.... ഓൾ തീരുമാനിച്ചു.
മുറിയിൽ നിന്ന് തലപ്പുറത്ത് ഇട്ട് നോക്കിയപ്പോൾ ഗൾഫ്ക്കാരൻ ചെക്കന്റെ മഹിമ പാറയാണ് ഉമ്മേം ഉപ്പേം താത്തയും അളിയൻകായും കൂടി....
" ഓ... പിന്നെ ഈ വരുന്നോൻ മാത്രം അല്ലെ ഗൾഫ്ക്കാരൻ... എന്റെ ഷാഫിക്കായും ഗൾഫ്ക്കാരൻ തന്നെ ആണ്.... " മനസ്സിൽ അവൾ പുച്ഛിച്ചു.
അങ്ങനെ സമയം മുന്നോട്ടു നീങ്ങി... ചെക്കനും കൂട്ടരും വന്നു.... പെണ്ണിനെ നേരത്തെ ഓര് കണ്ടതാണ്... ഓർക്ക് പെണ്ണിനെ നല്ലോണം പറ്റീക്കണ് ന്നൊക്കെ ഉള്ള ബ്രോക്കറുടെ തള്ള് കേട്ടപ്പോഴേക്കും കൈജ്ജുമ്മാന്റെ കാറ്റ് പോയി...
" ഇത് പിന്നെ വെറും പേരിന് ഒരു ചടങ്ങല്ലേ... "
ബ്രോക്കറുടെ വർത്താനം കേട്ടതും
" അയ്യോ എന്റെ ഷാഫിക്കാ.... " പെണ്ണ് നെഞ്ചത്ത് കൈവെച്ചു ബെഡിലേക്കിരുന്നു...
" ഓഹോ ചെക്കൻ മാത്രം പറ്റിയാൽ മതിയോ... നിക്കും പറ്റണ്ടേ... നിക്ക് ഷാഫിക്ക മതി... " സ്വയം പറഞ്ഞുകൊണ്ടവൾ സമാധാനം കണ്ടെത്തി.
അങ്ങനെ അവസാനം പെണ്ണിനെ വിളിക്കണം എന്ന് പറയുന്നത് കേട്ട്...
അവൾ ചെക്കനും കൂട്ടരുടെ അടുത്തേക്ക് നടന്നു.... ഉള്ളിൽ നല്ലപോലെ ഭയന്നിയിരുന്നു.. എന്ത് പറയാനാ പേടികൊണ്ട് പെണ്ണിന്റെ നടപ്പൊക്കെ വല്ലാണ്ട് താളം തെറ്റി.... എങ്കിലും എങ്ങനൊക്കെയോ ചെക്കന്റടുത്ത് എത്തി....
ഏതായാലും വന്നതല്ലേ... ചെക്കനെ ഒന്ന് കണ്ടളയാം എന്നും വിചാരിച്ചു പെണ്ണ് തല ഉയർത്തി...
ഇരിക്കുന്ന ചെക്കനെ കണ്ടു പെണ്ണിന്റെ കിളി പോയി...
" ഷാഫിക്കാ.... " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞതും ചെക്കൻ പെണ്ണിനെ നേരെ കണ്ണിറുക്കി. ടെൻഷൻ അടിച്ചു പണ്ടാരടങ്ങി നിന്ന പെണ്ണ് നാണം കൊണ്ട് പൂത്തുലഞ്ഞു...
" എന്റെ പടച്ചോനെ ഈ കല്യാണം മുടക്കാനും വേണ്ടിട്ട് എങ്ങാനും നസീബാത്ത ഇവിടേക്ക് വന്നിരുന്നെങ്കിലോ.... ഹോ പടച്ചോൻ സ്തുതി... ഓർക്ക് വേറെ കല്യാണം മുടക്കാൻ കൊട്ടേഷൻ കിട്ടീത് നന്നായി..... " അതും ചിന്തിച്ചു നെടുവീർപ്പിട്ടു.
പിന്നെ പെണ്ണിനും ചെക്കനും വലിയ റോൾ ഇല്ലാതെ കല്യാണ ചർച്ചകൾ പുരോഗമിച്ചു... വാക്കുറപ്പിക്കലും നിശ്ചയോം ഡേറ്റ് എടുക്കലും ചർച്ചകൊണ്ടു പിടിച്ചു നടന്നു...
നമ്മടെ കൈജ്ജുമ്മായും അവളുടെ ഷാഫിക്കയും കണ്ണുകൾ കൊണ്ട് പരിഭവം പറയലും പ്രണയം പങ്കിടലുമായിരുന്നു...
" പാത്തുമ്മാ.... എടി പാത്തുമ്മ.... മീരനെ... " മുറ്റത്തു നിന്ന് നീട്ടി വിളി ഉയർന്നു.
" പടച്ചോനെ നസീബാത്ത.... " കൈജ്ജുമ്മ നെഞ്ചത്ത് കൈവെച്ചു പടച്ചോനെ വിളിച്ചു.
നസീബാത്തന്റെ വിളിക്ക് ഉത്തരം കൊടുക്കും മുന്നേ പുള്ളിക്കാരി വാതിലും തുറന്നു ഹാളിലെത്തി...
" ആഹാ എല്ലാരും ഇബടെ നിന്നട്ടാണോ... ഞാൻ പുറത്തു വന്നേച് തൊള്ളക്കീറിട്ടും ഒറ്റക്കുട്ടി മിണ്ടാണ്ട് നിന്നത്... "
" അല്ല നസീബ ഇജ്ജ് എന്താ ഇബടെക്ക് ഒക്കെ.... "
" അയെന്താ പാത്തുമ്മ എനിക്ക് ഇബടെ വന്നൂടെ.."
" അങ്ങനെ ഒന്നും അല്ല.. ഒട്ടും പ്രതീക്ഷിക്കാണ്ട് വന്നൊണ്ട് ചോയ്ച്ചതാണേ.... "
" ഹ... അതൊക്കെ പറയാ... ഓരൊക്കെ ആരാ... " ഷാഫിനേം കുടുംബത്തേം നോക്കി അവര് ചോയിച്ചു.
" ഒരൊക്കെ ചെക്കൻ വീട്ട്കാരാണ്... ഇവിടുത്തെ കുട്ടിക്ക് ഒരു കല്യാണക്കാര്യം കൊണ്ട് വന്നതാ... ബ്രോക്കർ ഞാനാ... " ബ്രോക്കർ ഗമയിൽ പറഞ്ഞു.
" ആഹാ അത് നല്ല കാര്യയല്ലോ.... ഇന്ന് കുട്ടി എന്നെ വീട്ടിൽ തിരക്കി വന്നെന്ന് അറിഞ്ഞു വന്നതാണ് ഇവിടേക്ക്... നല്ലനേരത്ത് തന്നെ എത്തി ഞാൻ... "
നസീബാത്ത അത് പറഞ്ഞതും ഉമ്മ ഒരു നോട്ടം... വെറുതെ വേലിക്കെടന്ന പാമ്പാണല്ലോ വിളിച്ചു ഹാളിൽ കസേരയിൽ ഇരുത്തിയേക്കുന്നെ... ഓൾ മനസ്സിൽ കരുതി...
" അല്ലേലും പെണ്കുട്ടിയോളെ നേരത്തെ കെട്ടിക്കണം.... ഇല്ലേൽ ഏതേലും ഒരുത്തന്റെ കൂടെ ഓടിപോയിന്ന് ഒക്കെ കേക്കണ്ട വരും....
ഇബടത്തെ കുട്ടി ആണേൽ ഇന്ന് ആരാന്റെ നെഞ്ചത്ത് കേറാന്ന് ചിന്തിച്ച നടക്കുന്നെ... കഴിഞ്ഞോസം തന്നെ കാവലേലെ പീടികക്കാരന്റോടെ എന്നാ കച്ചറ ആയിരുന്നു... ഹോ... പിന്നെ ഓൻ അത് ചോയിച്ചു വാങ്ങിതാന്നും പറയാം... "
അങ്ങനെ തുടങ്ങി ഒരുവിധം ഉള്ളതും ഇല്ലാതത്തും ഒക്കെ ഓര് പറഞ്ഞു...
ചെക്കൻ വീട്ടുകാർ ഉള്ളോണ്ട് ഉപ്പാക്കും ഉമ്മാക്കും നസീബാത്താനോട് മുഖം കറുപ്പിച്ചു ഒന്നും പറയാനും പറ്റൂല... പറഞ്ഞാൽ തന്നെ... നാളെ തൊട്ട് അതായിരിക്കും ചായക്ക് കടിയായി എല്ലാ കടകളിലും വിളമ്പുക..
" ഇങ്ങനെ ഒക്കെ ആണേലും മോൾ നല്ല കുട്ടി ആണ് ട്ടോ... നിങ്ങടെ വീടിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു മരോളെ കിട്ടണത്... എനിക്ക് ഒന്ന് രണ്ടു വീട്ടിലൂടെ പോകാൻ ഉണ്ട്... ഞാൻ ഇറങ്ങാണെ.. മോൾ എന്തിനാ വന്നെന്ന് പിന്നെ പറഞ്ഞാലും മതിട്ടോ ഇപ്പൊ ഇച്ചിരി തിരക്ക് ഉണ്ട്... " അവസാന ആണിയും അടിച്ചു അവരിറങ്ങി പോയി...
" എന്നാലും ഇത് ഹലാക്കിന്റെ അവിലും കഞ്ഞി ആയല്ലോ പടച്ചോനേന്ന്... " പറഞ്ഞു കജ്ജുമ്മ ഷാഫിനെ നോക്കി...
മൂപ്പരെ നോട്ടം കണ്ടു ചിരിക്കണോ കരയാണോന്ന് അറിയാതെ ഓളും നിന്നു.
" സ്ഥലത്തെ പ്രധാന കല്യാണം മുടക്കി ആണല്ലേ.... " ഷാഫിക്കാന്റെ ഉപ്പാന്റെ ചോദ്യം ആണ് നസീബാത്ത കൊണ്ടോയ ബോധം തിരികെ കൊണ്ടുവന്നത്...
ഓരൊക്കെ അത് തമാശ ആയി എടുത്തോണ്ട് കല്യാണകാര്യത്തിന് മുടക്കൊന്നും വന്നില്ല... പടച്ചോൻ രക്ഷിച്ചു.
എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം എന്തിനാ ഓരേ കാണാൻ പോയെന്നുള്ള ചോദ്യത്തിന് ഷാഫിക്കയ്ക്ക് സത്യസന്ധമായി മറുപടി കൊടുത്ത്...
" ഒരുമാതിരി ഹലാക്കിന്റെ അവിലും കഞ്ഞി ആയല്ലോടിന്നും പറഞ്ഞു ആൾ വണ്ടീൽ കേറി പോയി.... "
=============================
ബല്യ ആശയമോ ലോജിക്കോ ഒന്നും തന്നെ ഇല്ലാത്ത ഒരു കുഞ്ഞുകഥ.... ഒരു തമാശ അത്രമാത്രം...
അപ്പൊ ലൈക്കും കമന്റും മറക്കല്ലേ