✍🏻SANDRA C.A.#Gulmohar❤️
ചൂടു ചോറിലേക്ക് തലെന്നത്തെ എണ്ണപാട കെട്ടിയ രസം ഒഴിച്ചതും എണ്ണ ഉരുകിയ രസത്തിന്റെ സുഖമുളള നറുമണം മുറിയാകെ നിറഞ്ഞു..
സ്റ്റീൽ പാത്രത്തിനരുകിലേക്ക് ചെറുപയർ തോരനും വത്തൽ മുളക് കടുക് പൊട്ടിച്ച് താളിച്ച് അരച്ചതും,രണ്ട് നല്ല പപ്പടവും കൂട്ടിയ പ്ലേറ്റ് എനിക്ക് നേരെ നീട്ടുമ്പോൾ ഒരു വേള അജിത്തിൽ ഞാൻ എന്റെ അച്ഛനെ കണ്ടു..!!
നിറഞ്ഞ കണ്ണുകളോടെ ആ സ്റ്റീൽ പാത്രം ഞാൻ വാങ്ങിയതും അജിത്ത് സ്വയം കഴിക്കാനായി ഒരു പാത്രത്തിലേക്ക് ചോറു വിളമ്പി...
വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒറ്റമുറിയിൽ അജിത്തിനൊപ്പം ഇരിക്കുമ്പോൾ എന്തുക്കൊണ്ടോ എനിക്ക് അല്പം പോലും ഭയം തോന്നിയില്ല എന്നതാണ് സത്യം..
ഒന്നും മിണ്ടാതെ ഞങ്ങൾ ആസ്വദിച്ച് ആഹാരം കഴിച്ചു.ഞാൻ കഴിച്ചെഴുന്നേറ്റതും കുടിക്കാനായി ഒരു ഗ്ലാസ് ചൂടു വെളളം അജിത്ത് എനിക്ക് നേരെ നീട്ടി...
അത് കുടിച്ചുക്കൊണ്ട് തന്നെ ഞാൻ ഒന്നും കൂടി ആ മുറിയിലാകെ കണ്ണോടിച്ചു...
ഇടത് വശത്ത് ഒരു മൂന്നടി കട്ടിൽ വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു..
അതിന്റെ അരികിൽ തന്നെ ചെറിയൊരു അലമാരയും ഒരു ചെറിയ റൗണ്ട് ടേബിളും ഒരു സ്റ്റൂളും മാത്രം,ടേബിളിൽ അടുക്കി വെച്ചിരിക്കുന്ന ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങൾ,കുറെ പേനകൾ,നോട്ട് പാഡ്സ്..പിന്നെ ഒരു ചെറിയ ബോട്ടിൽ പാരച്യുട്ടിന്റെ എണ്ണയും..
എല്ലാം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു...
മറുഭാഗത്ത് കുറച്ചു പാത്രങ്ങൾ,ഒരു വലിയ കന്നാസിൽ നിറച്ച് വെളളം നിറച്ചു വെച്ചിരിക്കുന്നു..
പിന്നെ ഒരു ഗ്യാസ് സ്റ്റൗവ്വ്..പച്ചക്കറികൾ,കുറച്ചു മസാല ടിന്നുകൾ..അവിടെയും വൃത്തി മാത്രം..!!
എനിക്ക് അജിത്തിനോട് ബഹുമാനം തോന്നി..
ഡേവിഡ് എന്റെ തൊട്ടടുത്തെത്തിയിരിക്കുവെന്ന് തിരിച്ചറിഞ്ഞതും എവിടേക്ക് പോകണമെന്നോർത്ത് തരിച്ചു പോയിരുന്നു..
മാനസികനില തെറ്റിയവരെ പോലെ കരഞ്ഞു കൊണ്ട് ഒാടാൻ തുടങ്ങിയപ്പോൾ കൂടുതൽ പരിഭ്രമിച്ചത് അജിത്തായിരുന്നു..
അയാൾ എന്നെ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു,അയാൾ പറഞ്ഞതനുസരിച്ച് കസ്തൂരിയെ വിളിച്ചപ്പോൾ അവളാണ് പറഞ്ഞത് തൽക്കാലം അജിത്തിനൊപ്പം പോകാൻ..കൃത്യം രണ്ട് മണിക്കൂറിനകം അവൾ അങ്ങോട്ടേക്ക് എത്തിക്കൊളളാമെന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചതിന് ശേഷം അജിത്തിനോട് എന്തോക്കെയോ ചോദിക്കുകയും ചെയ്തു...
അയാൾക്കൊപ്പം ഇവിടേക്ക് വരുമ്പോൾ അയാൾ
നല്ലവനാണോ എന്ന ചിന്തയെക്കാൾ എന്നെ മഥിച്ചത് ഡേവിഡ് എന്ന ഭീതിയായിരുന്നൂ....
"മേഡം......!!!"
അജിത്തിന്റെ വിളിയിലൂടെയാണ് ഞാൻ ചിന്തകളിൽ നിന്നും മുക്തയായത്..
ഞാൻ എന്താണെന്നർത്ഥത്തിൽ അജിത്തിനെ നോക്കി, ഉടനെ തന്നെ ഒരു ചിരിയോടെ അയാൾ എന്നോട് ചോദിച്ചു,
"ഒരു കഥ സൊല്ലട്ടുമാ മേഡം..??"
സംശയഭാവത്തിൽ ഞാൻ നോക്കിയതും അയാൾ പറഞ്ഞു,
"ഞാൻ എന്റെ കഥ പറയാം മേഡം,മാഡത്തിന് ഇപ്പോൾ ഒന്നും പറയാനുളള ഒരു മൂഡില്ലെന്ന് അറിയാം..സമയം പോകാൻ ഇവിടെ വെറൊരു മാർഗ്ഗവുമില്ല താനും..
അപ്പോൾ എന്റെ കഥ കേൾക്കുന്നതിൽ വിരോധമില്ലെന്ന് തോന്നുന്നു..
പറയട്ടെ..??"..
ഒരു കുസൃതിയോടെ അജിത്ത് പറഞ്ഞതും ഞാൻ ഒരു ചെറു ചിരിയോടെ തലക്കുലുക്കി...
" ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു എന്റെ അമ്മ..
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപ്പെടുന്ന ആ കുടുംബത്തിന് ഒരു വിവാഹമെന്നതൊക്കെ വലിയൊരു വെല്ലുവിളിയായിരുന്നു...
പറയത്തക്ക സൗന്ദര്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത എന്റെ അമ്മയ്ക്ക് എന്തുക്കൊണ്ടോ ആദ്യം വന്ന ഒരു കൂലിപണിക്കാരന്റെ ആലോചന തന്നെ ഉറച്ചു..
എല്ലാവരും അമ്മയുടെ മംഗല്യഭാഗ്യത്തെ പ്രശംസിച്ചപ്പോൾ അതൊക്കെ വരുന്ന കാലത്തിന്റെ ഇരുട്ടാണെന്ന് പാവം എന്റെ അമ്മ തിരിച്ചറിഞ്ഞിരുന്നില്ല..
താലിക്കെട്ടിന്റെ അന്ന് തനിക്ക് ചുറ്റും അനുഭവപ്പെട്ട മദ്യത്തിന്റെ രൂക്ഷഗന്ധം തന്റെ തന്നെ ഗന്ധമായി മാറുമെന്ന് അമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല..
കല്യാണത്തിന്റെ അന്ന് തന്നെ അച്ഛൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കി കെെയ്യിലണിയിച്ച ഒരു നുളള് പൊന്ന് ഭർത്താവ് ഊരിയെടുത്ത് ആ കാശിന് കുടിച്ച് ആർമാദിക്കുന്നത് കാണുമ്പോൾ എന്റെ അമ്മയ്ക്ക് പതിനെട്ട് തികഞ്ഞിരുന്നില്ല..
പിന്നീടുളള 16 വർഷങ്ങൾ..പീഡനത്തിന്റെ ഒാരോ യുഗങ്ങളായിരുന്നു..!!
ഇതിനിടയിൽ അച്ഛൻ അമ്മയ്ക്ക് കൊടുത്ത രണ്ട് സമ്പാദ്യങ്ങളായിരുന്നു ഞാനും ചേച്ചിയും..
കളളു കുടിച്ചിട്ട് വരുക,വീടിന്റെ മുന്നിൽ കിടക്കുന്ന കരിയിലയുടെ പേരിൽ വരെ അമ്മയെയും ഞങ്ങളെയും ഉപദ്രവിക്കുക എന്നതൊക്കെയായിരുന്നു അച്ഛന്റെ പണി..
കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന കാശ് കൊണ്ട് വയർ നിറച്ച് കുടിക്കുക,നല്ല ഭക്ഷണം കഴിക്കുക എന്നതായിരുന്നു അച്ഛന്റെ രീതി,ഇതിനിടയിൽ അച്ഛൻ വരുമ്പോൾ മൂക്കിലേക്ക് തുളച്ചു കയറുന്ന മദ്യത്തിന്റെ ചൂരിനൊപ്പം ഉയരുന്ന പേരറിയാത്ത ഭക്ഷണത്തിന്റെ മണമടിച്ച് കൊതിയോടെ വിശക്കുന്ന മൂന്ന് ആത്മാക്കളെ അച്ഛൻ പാടെ മറന്നിരുന്നു..
ഞങ്ങളുടെ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനായി അമ്മ അടുത്ത വീടുകളിലൊക്കെ വീട്ടൂ പണിക്ക് പോകുമായിരുന്നു..
ആ പ്രദേശത്തുളള ഏകദ്ദേശം എല്ലാവരും തന്നെ പാവപ്പെട്ടവരായതിനാൽ അമ്മയ്ക്ക് കിട്ടിയിരുന്ന കൂലി ഒരു നേരത്തെ ഭക്ഷണമോ ഒരു പിടി അരിയോ തലന്നെത്തെ വെളളം വിട്ട പുളിച്ച ചോറോ മറ്റോ ആയിരിക്കും..
എന്തു കിട്ടിയാലും ഒരു വറ്റ് പോലും കുറയാതെ അമ്മ വീട്ടിൽ എത്തിക്കും,അച്ഛൻ വരുന്നതിന് മുൻപ് ഉളളത് കൊണ്ട് ഞങ്ങൾ പശിയടക്കും..
അങ്ങനെ അമ്മ കൊണ്ട് വരുന്ന ഇത്തിരി ആഹാരത്തിലായിരുന്നു ഞങ്ങളുടെ ജീവൻ നിലനിന്നിരുന്നത്..!!
കുറച്ചു കൂടെ മുതിർന്നപ്പോൾ അമ്മ എന്നെയും ചേച്ചിയും അടുത്തുളള പളളിക്കൂടത്തിൽ ചേർത്തു..
വിദ്യയെക്കാളും ഞങ്ങളെ ആകർഷിച്ചത് ഉച്ചയ്ക്കത്തെ കഞ്ഞിയും പയറുമായിരുന്നു..!!
ഒരിക്കൽ ചേച്ചിയും അമ്മയും കൂടി ടാർപ്പൊളിൻ വലിച്ചു കെട്ടിയ ഞങ്ങളുടെ കൂരയ്ക്ക് മുന്നിൽ ഒരു ചെറിയ പച്ചക്കറിത്തോട്ടം ഒരുക്കി,വെളളത്തിനായി നാല് വാരയെങ്കിലും നടക്കണം,എന്നീട്ടും അവരുടെ അദ്ധ്വാനം പൂവിട്ടു..
അന്ന് രാത്രിയിൽ ചേച്ചിയെന്നെ പച്ചക്കറി കൂട്ടിയുണ്ടാക്കി കഴിക്കുന്ന കറിയുടെ സ്വാദ് പറഞ്ഞു കൊതിപ്പിച്ചു,എത്രയും പെട്ടെന്ന് ഒാരോ ചെടിയിലും കായ് ഉണ്ടാകാൻ ഞാൻ ദെെവത്തോട് കെഞ്ചി..
പക്ഷേ, ആ പ്രാർത്ഥനയ്ക്ക് ആയുസ്സ് വളരെ കുറവായിരുന്നു...
പിറ്റേന്ന് കണ്ണു തുറക്കുമ്പോൾ എല്ലാം അച്ഛൻ വലിച്ചു പറിച്ച് നശിപ്പിച്ചിരുന്നു..
ഞങ്ങളുടെ വിഷമം കണ്ട് സഹിക്കാൻ വയ്യാതെ അന്ന് അമ്മ അച്ഛനെ രണ്ട് കയ്യും തലയിൽ വെച്ചു പ്രാകി..;!!!
അത് കേട്ടതും ദേഷ്യം മൂത്ത അച്ഛൻ അമ്മയുടെ തലമുടിയിൽ പിടിച്ച് മുറ്റം മുഴുവൻ വലിച്ചിഴച്ചു...!!
ദേഹം മുഴുവൻ മുറിവുമായി കരയുന്ന അമ്മയുടെ മുഖം ഇന്നും എന്റെ നെഞ്ചിലുണ്ട്...!!"
ഒരു നിമിഷം അജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,അത് സാരമാക്കാതെ അവൻ വീണ്ടും പറഞ്ഞു തുടങ്ങി...
"വർഷങ്ങൾ പിന്നെയും യാതനകൾ നിറഞ്ഞു കടന്നു പോയി..
മാറി മാറി വന്ന ഏതോ സർക്കാരിന്റെ കാരുണ്യം,EMS ഭവനപദ്ധതി പ്രകാരം ഞങ്ങൾക്ക് അടച്ചുറപ്പുളള ഒരു വീടും മുറ്റത്ത് വെളളവുമെത്തി..
പക്ഷേ, അന്നും അച്ഛന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലായിരുന്നു..
ഞാനും കൂടി ചേർന്ന് ഞങ്ങളുടെ കൃഷി അടുക്കള മുറ്റത്തേക്ക് മാറ്റിയിരുന്നു..
പൂവിട്ട പാവലും ഇളം കോവയ്ക്കയുമൊക്കെ കാണുന്നത് തന്നെ ഞങ്ങളുടെ വയർ നിറച്ചിരുന്നു...
മേഡത്തിനറിയുമോ..?
എന്റെ അച്ഛന്റെ കുടിയുടെ പേരും പറഞ്ഞു എന്റെ ഒരു കൂട്ടുക്കാരും എന്നെ കളിയാക്കിയിട്ടില്ല..
കാരണം എന്താണെന്നോ..??
അവരുടെ അച്ഛന്മാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല എന്നത് തന്നെ..!!.."
ഒരു ചിരിയോടെ അയാൾ അത് പറഞ്ഞതും ഞാൻ സ്നേഹമെന്നതിന്റെ പര്യായമായ എന്റെ അച്ഛനെ ഒാർത്തു പോയി..
"ദിവസവും ഞങ്ങളെ ഉപദ്രവിച്ചിട്ടും ഒരിക്കലും ഞങ്ങൾക്കോ അമ്മയ്ക്കോ അച്ഛനെ വെറുക്കാനായില്ല എന്നതാണ് ഒരു സത്യം..
എന്നും വരുന്ന സമയം കഴിഞ്ഞിട്ടും അച്ഛൻ വെെകീയാൽ അമ്മ എന്നോട് പഴയ പഞ്ചായത്ത് പെെപ്പിന്റെ അരിക് വരെ ചെന്ന് അച്ഛനെ നോക്കാൻ പറയും..
കാടു പിടിച്ച വഴിയുടെ ഇരുഭാഗത്തും നോക്കി ഒാരോ ഞരക്കങ്ങളും ശ്രദ്ധിച്ച് അച്ഛനെ തെരെയുന്ന ഒരു പത്തു വയസ്സുക്കാരൻ ഇന്നും എന്റെ നെഞ്ചിലുണ്ട്..
പക്ഷേ, "അച്ഛൻ" എന്ന വാക്കിനെ പോലും വെറുത്തത് ഒരു ഒാണക്കാലത്തായിരുന്നു...
അമ്മയ്ക്കൊപ്പം കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുമ്പോൾ വരാൻ പറ്റാത്ത ചേച്ചിക്ക് വേണ്ടി കൂടി ഞാൻ പ്രാർത്ഥിച്ചോളാമെന്ന് പറയുമ്പോൾ അകത്ത് മോൾക്ക് കാവാലായി അവളുടെ അച്ഛൻ ഉണ്ടല്ലോ എന്നൊരു ആശ്വാസമായിരുന്നു പാവം എന്റെ അമ്മയ്ക്ക്..!!
പക്ഷേ, തിരിച്ചു വരുമ്പോൾ ഞങ്ങൾ കാണുന്നത് ഒരു മകനും ഒരിക്കലും കാണാൻ പാടില്ലത്തായിരുന്നു...
സ്വന്തം മകളെ പ്രാപിക്കാൻ നോക്കുന്ന അച്ഛൻ...!!!
ഒരിട നിർത്തി അജിത്ത് ഒന്നു കിതച്ചു,ഒാർക്കാനിഷ്ട്ടപ്പെടാത്ത പോലെ അയാൾ ശ്വാസമെടുക്കാൻ പോലും പാടുപ്പെടുന്നുണ്ടായിരുന്നൂ...
ആ ഒരു സംഭവം അജിത്തിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി, എന്റെ ഉളളിൽ അജിത്തിനോട് പേരറിയാത്തൊരു വികാരം ഇടലെടുത്തു..
എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതിന് ശേഷം അജിത്ത് തുടർന്നു..
"ഭാഗ്യം കൊണ്ട് ചേച്ചി അന്ന് രക്ഷപ്പെട്ടു...
അന്നിറങ്ങി വീട്ടിൽ നിന്നും അയാൾ...
അമ്മയും ചേച്ചിയും ആ ഷോക്കിൽ നിന്ന് റിക്കവറാകാൻ ഒത്തിരി സമയമെടുത്തു..
വളരെ പാടുപ്പെട്ട് വികാരക്ഷോഭമടക്കിയാണ് അജിത്ത് ഒാരോ വാക്കുകളും പറഞ്ഞത്...
" ആത്മഹത്യ" എന്ന വാക്കിലേക്ക് നീങ്ങിക്കൊണ്ടീരുന്ന ജീവിതം..
ഞാനൊരു പാവം ചെറിയ പയ്യൻ..
അടുത്തുളള ചായക്കടയിൽ ഗ്ലാസ് കഴുകാനും വെളളം പിടിച്ചു കൊടുക്കാനും നിന്നു,ഇതിനിടയിൽ ഒാരോ മണിക്കൂർ കൂടുമ്പോൾ വീട്ടിലേക്ക് ഒാടി ചെന്നു നോക്കും..
പേടി കൊണ്ടാ..ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്ക് അവരല്ലേ ഉളളൂ..??
ഒടുവിൽ ഒരിക്കൽ എന്റെ പേടി പോലെ തന്നെ സംഭവിച്ചു..
ചായക്കടയിലെ ചേട്ടൻ എനിക്ക് കഴിക്കാനായി തന്ന പലഹാരം പൊതിഞ്ഞെടുത്ത് ഒാടിയണച്ചു വീട്ടിലേക്ക് എത്തിയപ്പോഴേക്കും, ബോധമില്ലാതെ വായിൽ നിന്നും നുരയും പതയുമൊക്കെ വന്ന നിലയിൽ അവർ രണ്ടു പേരും..!!
അലറി വിളിച്ചു ആൾക്കാരെ കൂട്ടാനെ എനിക്ക് കഴിഞ്ഞോളളൂ..
അവരെ വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ട് പോകുന്ന കൂടെ ആരോ കരഞ്ഞു കൊണ്ടു നിന്ന എന്നെയും പൊക്കിയെടുത്ത് കൊണ്ട് പോയി...
ഭാഗ്യം കൊണ്ട് രണ്ട് പേർക്കും ഒന്നും പറ്റിയില്ല, വിഷമാണെന്നോർത്ത് അവർ എടുത്തു കഴിച്ചത് പച്ചക്കറിക്ക് തളിക്കാനായി ഞാൻ അടുത്ത വീട്ടിൽ നിന്നും വാങ്ങിച്ച വെളളുത്തൂളളി കഷായമായിരുന്നു..!!
ഒന്നു വയറു കഴുകേണ്ടി വന്നു,അത്രമാത്രം..
ബോധം തെളിഞ്ഞപ്പോൾ അവരുടെ കണ്ണിൽ നോക്കി ഞാൻ പറയാതെ പറഞ്ഞു,
"നിങ്ങൾ പോയാൽ എനിക്ക് പിന്നെയാരാ..ഞാനും വന്നെനേ...!!"എന്ന്
കുറ്റബോധം കൊണ്ടാകാം അവരുടെ തലകുനിഞ്ഞു...!!"
വേദന നിറഞ്ഞ ഒരു ചിരിയോടെ അജിത്ത് അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു...
"ആത്മഹത്യ പ്രേരണ കൊണ്ടാകാം അമ്മയ്ക്കും ചേച്ചിയ്ക്കും ആശുപത്രിയിൽ നിന്നും നല്ല കൗൺസലിങ് ലഭിച്ചു..
തിരികെ വീട്ടിലെത്തിയ അവർ അടുത്തുളള സഹകരണസംഘത്തിന്റെ കീഴിൽ നിന്നും തയ്യലും എംബ്രോയ്ഡറിയും പഠിച്ചു...
അവിടെ നിന്നും ഞങ്ങളുടെ ജീവിതത്തിന്റെ അതിജീവന കാലഘട്ടമായിരുന്നു..
പിന്നീട് എത്ര നിർബന്ധിച്ചിട്ടും ചേച്ചി തുടർന്ന് പഠിക്കാൻ തയ്യാറായില്ല..
സഹകരണ സംഘത്തിൽ നിന്നും വായ്പ്പയെടുത്ത് രണ്ട് തയ്യൽ മെഷീനൂകൾ വാങ്ങി വീട്ടിലിരുന്ന് തയ്യ്ക്കാൻ തുടങ്ങി...
ആദ്യമൊക്കെ ഞങ്ങളോടുളള സഹതാപത്തിലായിരുന്നു വർക്ക് കിട്ടിയതെങ്കിൽ പിന്നെ അവരുടെ കഴിവ് കൊണ്ട് വീടാകെ തയ്യ്ക്കാനുളള തുണി കൊണ്ട് നിറഞ്ഞു..
അമ്മയ്ക്കും ചേച്ചിയ്ക്കും നിന്ന് തിരിയാനുളള സമയമില്ലാതായി..ഒാരോന്നും തയ്യ്ക്കാൻ കിട്ടുന്നതിൽ ആ തുണിയ്ക്കും അതിടുന്നവരുടെ മനസ്സും അറിഞ്ഞു എംബ്രോഡറി വർക്ക് ചെയ്യാൻ ചേച്ചിക്ക് നല്ല കഴിവായിരുന്നു..എന്നാലും ന്യായമായ കൂലിയെ ഈടാക്കിയിരുന്നുളളൂ..
അങ്ങനെ ഞങ്ങളുടെ വീട്ടിലെ പട്ടിണി മാറി കിട്ടി മൂന്ന് നേരം വയറു നിറച്ചു കഴിക്കാനുളളത് കിട്ടി തുടങ്ങി.. അമ്മയും ചേച്ചിയും നല്ല തിരക്കിലായത് കൊണ്ട് പതിയെ അടുക്കള ഭരണവും പച്ചക്കറിത്തോട്ടവും ഞാൻ ഏറ്റെടുത്തു..!!"
ഒരു ചിരിയോടെ അവൻ പറഞ്ഞതും മുൻപ് കഴിച്ച ആഹാരത്തിന്റെ സ്വാദ് എന്റെ രുചിമുകുളങ്ങളെ വീണ്ടും തൊട്ടുണർത്തി,വായിൽ കൊതിയോടെ വെളളം നിറഞ്ഞു...
"എങ്കിലും പഠനക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞാൻ തയ്യാറായില്ല..
എല്ലാവരും കഷ്ട്ടപ്പെട്ട് പഠിക്കുമ്പോൾ ഞാൻ ആർത്തിയോടെയായിരുന്നു പഠിച്ചത്..!!
കുറച്ചു കൂടി മുതിർന്നപ്പോൾ രാവിലെ കൂട്ടുക്കാർക്കൊപ്പം പത്രമിടാൻ പോയി തുടങ്ങി.. എന്റെ കഷ്ട്ടപ്പാട് കണ്ടിട്ട് അമ്മയും ചേച്ചിയും കൂടി എനിക്ക് ഒരു സെെക്കിൾ വാങ്ങി തന്നു..പിന്നീട് അതിലായി യാത്ര..
കൂടാതെ വെെകുന്നേരം അടുത്തുളള പ്രസ്സിൽ ഈ പ്രസീദ്ധികരണങ്ങളൊക്കെ അടുക്കി വെയ്ക്കുന്ന ഒരു ചെറിയ ജോലിയും തരപ്പെട്ടു..മാസാവസാനം 150 രൂപ കിട്ടും,അന്നൊക്കെ അതു വലിയ തുകയാ..!!!
രാവിലെ രണ്ടരയ്ക്കാ ഏൽക്കും,ഒരു ഗ്ലാസ് കാപ്പി ഇട്ടൂ കുടിച്ചിട്ട് പത്രമെടുക്കാൻ പോകും,പത്രമിട്ട് കഴിയുമ്പോൾ ഏകദ്ദേശം ഒരു ഏഴു മണിയാകും..പിന്നെ വീട്ടിൽ വന്ന് ആത്യാവശ്യം കൃഷിപണി കഴിഞ്ഞ് തലേന്ന് പഠിച്ചതൊക്കെ ഒന്നും കൂടി നോക്കും..
രാവിലെത്തെ ആഹാരം അമ്മ അപ്പോഴേക്കും തരും..ഒരു വറ്റ് പോലും കളയാതെ മുഴുവൻ കഴിച്ചിട്ട് കുളിച്ചിട്ട് സ്കൂളിലേക്ക് സെെക്കിളിൽ പായും..
ഉച്ചയ്ക്ക് അവിടെ നിന്നും കഞ്ഞിയും പയറും കിട്ടും..
സ്കൂൾ വിട്ടാൽ നേരെ പ്രസ്സിലേക്ക്, അവിടുത്തെ പ്യൂൺ ചേട്ടൻ എനിക്ക് ഫ്രീയായി ഒരു കാലി ചായ തരും,അത് വലിച്ച് കുടിച്ച് വയറ്റിലെ കാളൽ അടക്കും..
പിന്നെ ഒരു അര മണിക്കൂർ കൊണ്ട് അവിടുത്തെ ഷെൽഫിൽ പ്രസീദ്ധികരണങ്ങൾ ഭംഗിയായി അടുക്കും..
ചെയ്യുന്ന ജോലിയോടുളള ആത്മാർത്ഥത കൊണ്ടാകാം അവിടെ എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു..
അതുക്കൊണ്ട് മാസാവസാനം ശംമ്പളത്തിനൊടൊപ്പം എഴുതി പഠിക്കാൻ നോട്ട് പാഡുകളോ കളർ പെൻസിലുകളോ ചിത്രകഥാ പുസ്തകങ്ങളോ കിംമ്പളമായി കിട്ടിയിരുന്നു...
അവിടുത്തെ പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഏകദ്ദേശം അഞ്ചരയാകും,പിന്നെ ഒാടി പോയി കുളിച്ച് നാമം ചൊല്ലും..അത് കഴിഞ്ഞ് അമ്മയും ചേച്ചിയും തയ്യ്ക്കുന്നതിന്റെ താളത്തിനൊപ്പം അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു അത്താഴത്തിനുളള പച്ചക്കറികളൊക്കെ നുറുക്കി കൊടുക്കും..
പിന്നെ ഒരു മണിക്കൂർ സ്വസ്ഥമായിരുന്ന് പഠിക്കും..അവിടെ നിന്നും ഏൽക്കുന്നതിന് മുൻപ് തന്നെ കഴിക്കാനുളളത് അമ്മ എടുത്തു വെച്ചിരിക്കും...
മൂന്നു പേരും ഒരുമ്മിച്ചിരുന്നു കഴിക്കും..കഴിച്ചാൽ ഉടൻ പായിലേക്ക് ചായും,അമ്മയും ചേച്ചിയും അപ്പോഴും തങ്ങളുടെ ജോലി തുടരുകയായിരിക്കും..,
അവരെയോർത്ത് എനിക്ക് അപ്പോൾ ഒരു പേടിയുമില്ലായിരുന്നു..കാരണം എന്നെ മറന്ന് ഇനിയൊരു ബുദ്ധിമോശം അവർ കാണിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...
നേരം പുലരുവോളം അവരുടെ തയ്യൽ മെഷീനിന്റെ തരാട്ട് കാണും,ശരിക്കും പറഞ്ഞാൽ ആ ശബ്ദം നിലയ്ക്കുമ്പോൾ മാത്രം അണയുന്ന വിളക്കുകളായിരുന്നു ഞങ്ങൾക്ക് ചുറ്റും...,ഒരു പക്ഷേ,
ദെെവത്തിനെക്കാൾ കൂടുതൽ എനിക്ക് നന്ദി പറയുളളത് നല്ലവരായ എന്റെ അയൽക്കാരോടാണ്..
അവരില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ന് ഞങ്ങളില്ലായിരുന്നു...!!
അങ്ങനെ അധികം വെെകാതെ ഞങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു...
അടുത്തുളളവർക്കൊക്കെ ചെറിയ രീതിയിൽ കെെ വായ്പ വരെ കൊടുത്തു തുടങ്ങി..പകുതിയും തിരിച്ചു വാങ്ങാറില്ല..
പണ്ട് ഞങ്ങളെ ഒത്തിരി സഹായിച്ചവരല്ലേ..??"
അജിത്ത് അങ്ങനെ ചോദിച്ചതും ഞാൻ യാന്ത്രികമായി തലയാട്ടി...
"അങ്ങനെ ജീവിതം സമാധാനപരമായി മുന്നോട്ട് പോകുന്ന സമയം, അപ്പോഴേക്കും ഞാൻ കോളേജിലെത്തിയിരുന്നു...!!
അന്ന് ഒരു ദിവസം ക്ലാസ്സൊക്കെ കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മറപടിയിലിരിക്കുന്ന ആ മൃഗത്തെ ഞാൻ വീണ്ടും കാണുന്നത്...!!!!
"അയാളെ കണ്ടതും എന്റെ ഞരമ്പിലേക്ക് രക്തം ഇരച്ചു കയറി..
അതുവരെയും ഒാരാളോടു പോലും ദേഷ്യത്തോടെ ഞാൻ ഒന്നു സംസാരിച്ചിട്ട് കൂടിയില്ല..
പക്ഷേ, അയാളെ കണ്ട ആ സെക്കന്റ്..
ആ സെക്കന്റിനുളളിൽ തന്നെ അയാൾ കൊല്ലാനുളള പക എന്റെ ഉളളിലെരിഞ്ഞു..
അയാൾക്ക് നേരെ ഞാൻ പാഞ്ഞടുത്തതും പെട്ടെന്ന് അമ്മയും ചേച്ചിയും വന്നെന്നെ തടഞ്ഞു,അവരുടെ പിടിയിലൊന്നും ഒതുങ്ങാത്തത്ര കരുത്ത് എനിക്ക് അന്നെ ഉണ്ടായിരുന്നു..
അവരെന്നെ ഒരു വിധത്തിൽ തടയാൻ നോക്കുമ്പോഴാണ് ഏഴുന്നേൽക്കാൻ ശ്രമിച്ച അയാൾ നിലത്തേക്ക് മറിഞ്ഞു വീഴുന്നത് ഞാൻ കണ്ടത്..
ഒരു നിമിഷം ഞാൻ ഒന്നു പകച്ചു പോയി..
വീണിടത്തു നിന്നും ഏഴുന്നേൽക്കാനാവാതെ ഇഴയുന്ന അയാളെ ഞാൻ സൂക്ഷിച്ചു നോക്കി..
" ദേ ഇങ്ങോട്ട് നോക്കിക്കേ..എന്റെ ഈ കരിവീട്ടി പോലത്തെ ശരീരമില്ലേ..?
അതിന്റെ രണ്ടിരട്ടിയുണ്ടായിരുന്നു ആയക്കാലത്ത് അയാൾ.
പക്ഷേ,അപ്പോൾ അയാളുടെ ശരീരമാകെ ശോഷിച്ച് ചുക്കി ചുളിഞ്ഞു പോയീരുന്നു...
ഒരു നിമിഷം കൊണ്ട് എന്റെ ദേഷ്യം തണുക്കുന്നത് ഞാൻ അറിഞ്ഞെങ്കിലും അയാളെ പിടിച്ചെഴുന്നേൽപ്പിക്കാൻ എനിക്ക് തോന്നിയില്ല..
അമ്മയും ചേച്ചിയും പക്ഷേ താങ്ങി അയാളെ ഉമ്മറത്തിരുത്തീ..
അമ്മ കരയാൻ കൂടി തുടങ്ങിയിരുന്നു, അമ്മയുടെ കരച്ചിൽ കണ്ടതും എന്റെ ദേഷ്യം പിന്നെയും ഇരട്ടിച്ചു..
പക്ഷേ, കരച്ചിന്റെ ഇടയിൽ അമ്മ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി...
"ക്യാൻസറാ..തീരാറായിന്ന്..!!"
പെട്ടെന്ന് ഉൾനെഞ്ചിലിരുന്ന് ആരോ സൂചി കുത്തിയിറക്കുന്ന ഒരു വേദന തോന്നിയെങ്കിലും ചെയ്തു കൂട്ടിയ പാപത്തിന്റെ ഫലമാണെന്ന് ഞാൻ എന്നോട് തന്നെ വാദിച്ചു..
ഇതിനിടയിൽ നിറഞ്ഞ കണ്ണുകളോടെ അയാൾ എന്റെ കെെയ്യിൽ തൊട്ടു,അവജ്ഞയും അറപ്പും മനസ്സിൽ നിറഞ്ഞെങ്കിലും എന്തുക്കൊണ്ടോ ഞാനാ കെെ തട്ടി മാറ്റിയില്ല..
എന്റെ കെെയ്യിൽ നിന്നും പിടി വിട്ട അയാൾ വേച്ചു വേച്ചു ഏഴുന്നേറ്റു പോയത് ചേച്ചിയുടെ കാൽക്കൽ വീഴാനായിരുന്നു,
ഒരു പിടച്ചിലോടെ ചേച്ചി അകന്നു മാറി കരയാൻ തുടങ്ങിയപ്പോൾ അതിലും ഉച്ചത്തിൽ അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു,
"മദ്യത്തിന്റെ പുറത്ത് പറ്റി പോയതാ കുഞ്ഞേ..ഈ പാപിയോട് പൊറുക്കണം..!!"
രണ്ട് നിമിഷം അങ്ങനെ നിന്ന് കരഞ്ഞ അയാൾ പെട്ടെന്ന് നിലത്തേക്ക് കുഴഞ്ഞു വീണു..
അമ്മയും ചേച്ചിയും ഒാടി ചെന്നു നോക്കിയിട്ടും ഞാൻ നിന്നിടത്ത് നിന്നും അനങ്ങിയില്ല..
അവസാനം മൂക്കിൽ നിന്നും ഒഴുകിയിറങ്ങിയ രക്തത്തുളളികൾ കണ്ട് എന്റെ ഹൃദയം വിങ്ങി..
ദ്രോഹം മാത്രമെ ചെയ്തിട്ടുളളുവെങ്കിലും എനിക്ക് ജന്മം തന്ന വ്യക്തിയാണ്..
ആ ഒാർമ്മയിൽ ഞാൻ അയാളെ കോരിയെടുക്കാൻ നോക്കി,ആ നിമിഷം ഞങ്ങളുടെ മൂന്ന് പേരുടെയും കെെകൾ അയാളുടെ ദേഹത്തുണ്ടായിരുന്നു..
പതിയെ ശരീരം ഒന്നു വെട്ടി വിറച്ചു..നിശ്ചലമായി...!!!!
അമ്മയും ചേച്ചിയും പൊട്ടിക്കരഞ്ഞു..
എന്റെ കണ്ണും എന്തുക്കൊണ്ടോ നിറഞ്ഞൊഴുകി...!!"
പറഞ്ഞു നിർത്തിയതും അജിത്ത് കുറച്ചു നേരത്തേക്ക് മൗനം പാലിച്ചു..
ഇനി പറയാനായി ഒരു തുടക്കം തേടുകയാണ് അയാൾ എന്നോർത്തപ്പോൾ എന്റെ ഹൃദയവും വിങ്ങി...
"പിന്നെയും വർഷം രണ്ട് കടന്ന് പോയി...
ഞാൻ MA യ്ക്ക് പഠിക്കുന്ന സമയം..
പണ്ടത്തെ പത്രമിടൽ നിർത്തിയെങ്കിലും പ്രസ്സിൽ വെെകുന്നേരങ്ങളിൽ ഒരു ക്ലർക്കിന്റെ പണി ചെയ്തിരുന്നു...
അതിനടുത്താണ് അഭിലാഷേട്ടന്റെ വർക്ക്ഷോപ്പ്..
അഭിലാഷേട്ടനെ പറ്റി പറയുവാണെൽ നല്ല ഒരു മനുഷ്യൻ, പൊന്നിന്റെ നിറവും അതുപോലത്തെ സ്വഭാവവും,അച്ഛനും അമ്മയും മരിച്ചതിന് ശേഷം ആരുടെയും ആശ്രയത്തിന് നിൽക്കാതെ അച്ഛന്റെ പഴയ വർക്ക്ഷോപ്പ് ഏറ്റെടുത്തു ജീവിതത്തോട് പൊരുതി വിജയിച്ച ആൾ..
നല്ല നിലയിലാണെലും ഒരു ദൂഃശ്ശീലവുമില്ലാത്തയാൾ..നന്മയുളളവൻ..
ഇടയ്ക്ക് കണ്ടൊരു പരിചയം..അത്രമാത്രമെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുളളൂ..
ഒരിക്കൽ ഞാനും അമ്മയും അമ്പലത്തിൽ പോയി വരുന്ന വഴിക്ക് വെച്ച് ഈ അഭിലാഷേട്ടൻ അമ്മയോട് ചേച്ചിയെ തരാമോ എന്ന് ചോദിച്ചു...
സത്യം പറയാല്ലോ..??
സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി...
വീട്ടിൽ ചെന്നു ചേച്ചിയോട് പറഞ്ഞപ്പോൾ എല്ലാ പെണ്ണുങ്ങൾ പറയുന്ന പോലെയും ആദ്യം ഒന്നു എതിർത്തെങ്കിലും അവസാനം സമ്മതിച്ചു..
വലിയ ആർഭാടം ഒന്നും വേണ്ടെന്ന് വിചാരിച്ചെങ്കിലും അയൽക്കാരുടെ നിർബന്ധം മൂലം നല്ല പന്തലൊക്കെ ഇട്ട് വലിയ സദ്യയൊക്കെ ഒരുക്കിയിരുന്നു..
ഞങ്ങളുടെ മൂന്ന് പേരുടെയും അദ്ധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയ 10 പവൻ സ്വർണ്ണം മാത്രമെ ചേച്ചിയ്ക്ക് കൊടുക്കാൻ ഉണ്ടായിരുന്നുളളുവെങ്കിലും അയൽക്കാർ അവർക്ക് പറ്റുന്ന പോലെ ഇത്തിരി പൊന്നും പൊട്ടൂമൊക്കെ തന്നു..
ആഘോഷമായിട്ട് കല്യാണം നടന്നു, ചേച്ചി അഭിലാഷേട്ടന്റെ കൂടെയങ്ങു പോയി..
ഇനി മുതൽ ടിവിയും ഫ്രിഡ്ജുമൊക്കെയുളള ടെെൽസിട്ട വീട്ടിലാണല്ലോ ചേച്ചി താമസിക്കുന്നതെന്നോർത്ത് ഞാനും അമ്മയും ഒത്തിരി സന്തോഷിച്ചു..
ആ സന്തോഷത്തിന് രാത്രി വരെയെ ആയുസ്സ് ഉണ്ടായിരുന്നുളളൂ...
ചേച്ചി കൂടി പോയതോടെ വീട് ഉറങ്ങി പോയി..
ആഘോഷമെല്ലാം കഴിഞ്ഞ് ആളുകളെല്ലാം പോയപ്പോൾ മുതൽ എനിക്കും അമ്മയ്ക്കും എന്തുക്കൊണ്ടോ വല്ലാത്തൊരു സങ്കടം തോന്നി..
കുറെ കറികളും പായസവുമൊക്കെ ഉണ്ടായിട്ടും അന്ന് തൊണ്ടക്കുഴിയിൽ നിന്നും ഒരു വറ്റ് ഇറങ്ങിയില്ല...
ഉറങ്ങാതെ ഞാനും അമ്മയും കൂടി നേരം വെളുപ്പിച്ചൂ...!!"
"എന്നിട്ട്...??"
അജിത്ത് പറഞ്ഞു നിർത്തിയതും ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
എന്നെ നോക്കി ഒന്നു ചിരിച്ചതിന് ശേഷം അജിത്ത് തുടർന്നു..
"പിന്നല്ലേ രസം..
പിറ്റേന്ന് നേരം വെളുക്കുന്നതിന് മുൻപ് തന്നെ പെങ്ങളും അളിയനും വീടിന് മുൻപിൽ ഹാജർ...
കാര്യമെന്താണെന്നറിയാതെ ഒന്ന് പകച്ചെങ്കിലും അളിയന്റെ മുഖത്തെ സന്തോഷം എന്റെ പേടിയകറ്റി..
അവിടം മുതൽ ഞങ്ങളുടെ ജീവിതം മാറുകയായിരുന്നു..
ഒരു ഈഗോയുമില്ലാത്ത ഒരു പാവമായിരുന്നു എന്റെ അളിയൻ..
ചേച്ചിയുടെ സന്തോഷത്തിന് വേണ്ടി ഞങ്ങളുടെ ചെറിയ വീട്ടിൽ താമസിക്കാൻ അളിയൻ തയ്യാറായി..
വീട്ടിൽ ആകെ രണ്ട് മുറിയും ഹാളും ഒരു അടുക്കളയും സിറ്റ് ഔട്ടുമായിരുന്നു ഉളളത്..
സിറ്റൗട്ട് നീട്ടി ഷീറ്റിട്ട് അവിടെയായിരുന്നു അമ്മയും ചേച്ചിയും തയ്യ്ക്കുന്നത്..
അളിയൻ വന്നതോട് കൂടി ഞാൻ കിടപ്പ് ഹാളിലേക്ക് മ്റ്റി..
സന്തോഷം നിറഞ്ഞ നാളുകളായിരുന്നു പീന്നിടങ്ങോട്ട്..
കളിയും ചിരിയും തമാശയുമൊക്കെയായിട്ട് ആ കൊച്ചു വീട്ടിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു...
അളിയൻ എനിക്ക് ഒരു ചേട്ടനെക്കാൾ ശരിക്കുമൊരു അച്ഛന്റെ സ്ഥാനത്തായിരുന്നു..
വാത്സല്യമായിരുന്നു ആ കണ്ണുകളിൽ..
സ്നേഹത്തോടെയുളള ശാസനയും കുറുമ്പുമൊക്കെ നിറഞ്ഞ മനസ്സോടെയാണ് ഞാൻ സ്വീകരിച്ചത്..!!"
"ഒന്നും മനസ്സിലായില്ല അല്ലേ..??"
കണ്ണു മിഴിച്ചിരിക്കുന്ന എന്നെ നോക്കി അജിത്ത് ചോദിച്ചു, മറുപടിക്ക് കാക്കാതെ അജിത്ത് തന്നെ തുടർന്നു..
"ഇപ്പോൾ ഒരു ഉദാഹരണം പറയാം..
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ ദിവസം..
സാധാരണ എന്റെ PTA യ്ക്കൊക്കെ വീട്ടിൽ നിന്നും ആരും വരാറില്ലായിരുന്നു..
സ്കൂളിലും കോളേജിലുമൊക്കെ ചേരാൻ തൊട്ടടുത്തുളള ഒരു മാഷിനെ കൂട്ടിയാ പോകുന്നേ..
എത്ര വിളിച്ചാലും ഈ അമ്മയും ചേച്ചിയും വരില്ല..അതുക്കൊണ്ടാ..
അങ്ങനെ എന്റെ MAയുടെ പ്രോജക്ട് പ്രെസേന്റെഷൻ വന്നു..
എല്ലാം ഇൻഡിവിച്ച്യുലായിട്ടാണ് അന്നൊക്കെ ചെയ്യുന്നത്..
എല്ലാ ഡിപ്പാർട്ട്മെന്റിലെയും മികച്ച പ്രൊജക്ടിന് സമ്മാനവും ആ പ്രൊജക്ട് ഒരു വിശിഷ്ടാഥിതിയെ വിളിച്ച് അവരുടെ മുന്നിൽ അവതരിപ്പിക്കാനുളള അവസരവുമുണ്ടായിരുന്നു..
എന്റെ ഡിപ്പാർട്ട്മെന്റിൽ
മികച്ച പ്രോജക്ടായി തെരെഞ്ഞടുത്തത് എന്റേതായിരുന്നു..
അതുക്കൊണ്ട് തന്നെ പ്രെസന്റേഷന് നടക്കുന്ന ദിവസം അത് കാണാനായി വീട്ടിൽ നിന്നും എല്ലാവർക്കും വരാനുളള അവസരവുമുണ്ടായിരുന്നു...
ചീഫ് ഗസ്റ്റ് ആയിട്ട് വരുന്നത് മുൻ കളക്ടറായ ഡോ.M.ബാബു പോളായിരുന്നു...
എല്ലാ തവണത്തെ പോലെയും ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അമ്മയും ചേച്ചിയും വരില്ലയെന്ന് തന്നെ പറഞ്ഞു..
അത്രയും പേരുടെ മുന്നിൽ വെച്ച് അങ്ങനെയൊരു അവസരം കിട്ടിയിട്ട് എന്റെ ഭാഗത്ത് നിന്നും അത് കാണാൻ ആരുമില്ലലോ എന്നോർത്തപ്പോൾ ശരിക്കും എനിക്ക് കരച്ചിൽ പൊട്ടി..
അളിയനോട് ഈ കാര്യം പറഞ്ഞപ്പോൾ അളിയൻ എന്നെ സമാധാനിപ്പിച്ചു,
"ആരു വന്നില്ലെങ്കിലും അത് കാണാൻ അളിയൻ മുന്നിൽ തന്നെ ഉണ്ടായിരിക്കുമെന്ന് എനിക്ക് വാക്ക് തന്നു..
ആ വാക്കിന്റെ പുറത്തായിരുന്നു പിറ്റേന്ന് കോളേജിലേക്ക് ചെന്നത് തന്നെ..
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരിപാടി..
അവസാന വട്ട റിഹേഴ്സലും കഴിഞ്ഞ് ഞാൻ ഗേറ്റിന്റെ വാതിൽക്കൽ പോയി നിന്നു..
കുറെ നേരം കഴിഞ്ഞിട്ടും അളിയനെ കാണാതെ വിഷമിച്ച് തിരികെ ഹാളിൽ വന്നപ്പോൾ എനിക്ക് വിശ്വസിക്കാൻ പോലുമായില്ല..
ഫ്രണ്ട് റോയിൽ തന്നെ ചേട്ടനും അമ്മയും ചേച്ചിയും..
മൂന്ന് പേരും നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് നല്ല ഗമയിലാണ് വന്നിരിക്കുന്നത്..
അവരെ കണ്ടതും ഞാൻ ഒാടി പോയി എന്റെ ചേട്ടനെ ഇറുക്കെ കെട്ടിപിടിച്ചു..
ജീവിതത്തിലാദ്യമായി കൂട്ടുക്കാരുടെ മുന്നിൽ ഗമയോടേ പറയാൻ എനിക്ക് ആരൊക്കെയോ ഉളളത് പോലെ തോന്നി..
പെട്ടെന്ന് എന്നെ ചേട്ടൻ പുറത്തേക്ക് കൊണ്ട് പോയി,അവിടെ വെച്ച് കെെയ്യിൽ ഒരു കവർ വെച്ച് തന്നീട്ട് പോയി ഇട്ടോണ്ട് വരാൻ പറഞ്ഞു..
ജീവിതത്തിലാദ്യമായിട്ടാണ് ഒരാൾ എനിക്ക് വേണ്ടി വസ്ത്രം വാങ്ങി തരുന്നത്..
ചേട്ടനോട് ഒരു വാക്ക് പോലും പറയാതെ ഞാൻ ഒാടി പോയി ഡ്രസ്സിങ് റൂമിൽ കയറി..
ആകാംക്ഷയോടെ തുറന്നു നോക്കുമ്പോൾ ഒരു വെളള ഫുൾസ്ലീവ് ഷർട്ട്,പോക്കറ്റിന്റെയും കോളറിന്റെയും സെെഡിൽ ചെറുതായി ബ്ലൂ ഷെയ്ഡ്..
വില നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി..
2300...
ഒരൂ ബ്രാൻഡഡ് ഷർട്ട്..
ഫുട്പാത്തിൽ കിട്ടുന്ന വില കുറഞ്ഞ ടീഷർട്ടുകൾ ഇട്ട് നടന്ന ഞാൻ..,
എനിക്ക് വിശ്വസിക്കാൻ പോലുമായില്ല..
സമ്മാനം കൊച്ചു കുട്ടിയെ പോലെ അതിട്ട് വരുമ്പോൾ എന്നെ കാത്ത് ചേട്ടൻ പുറത്ത് തന്നെയുണ്ടായിരുന്നു..
എന്നെ കണ്ടതും ആ കണ്ണുകൾ ഒന്നു തിളങ്ങി..
എന്നെ ചേർത്തു പിടിച്ചു കെെയ്യിൽ ടെെറ്റന്റെ ഒരു വാച്ചും കൂടി കെട്ടി തന്നു,പോരാത്തതിന് ഞാൻ ഒന്നും കഴിച്ചിട്ടില്ലയെന്ന് പറഞ്ഞു ക്യാന്റീനിൽ നിന്നും ചായയും കടിയും കൂടി വാങ്ങി തന്നിട്ടാ എന്നെ പ്രസന്റേഷന് കയറ്റിയത്..
ശരിക്കും ഒരു അച്ഛന്റെ സംരക്ഷണവും സ്നേഹവുമൊക്കെ അന്നാണ് ഞാൻ ആദ്യമായിട്ട് തിരിച്ചറിയുന്നത്..
തിരിച്ചു ഞങ്ങൾ ഹാളിൽ പ്രവേശിക്കുമ്പോൾ അമ്മയും ചേച്ചിയും നല്ല ബോൾഡായി ഇരിക്കുന്നു കണ്ടു,(ചേട്ടൻ നന്നായി ക്ലാസ് എടുത്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി) എന്നെ കണ്ടതും അവരുടെ കണ്ണുകളും നിറഞ്ഞു..
അന്ന് അതുവരെ ഇല്ലാത്ത ഒരു ആത്മവിശ്വാസത്തോടെയാണ് ഞാൻ എന്റെ പ്രോജക്ട് അവതരിപ്പിച്ചത്..
അതിന് എനിക്ക് സമ്മാനം കിട്ടുമ്പോൾ അത് ആദ്യം ഒാടി കൊണ്ട് പോയി കാണിച്ചത് ചേട്ടനെയായിരുന്നു..
ചേട്ടന്റെ കണ്ണുകളിൽ തെളിഞ്ഞ അഭിമാനം കണ്ട് ചെറിയ കുട്ടികളെ പോലെ തുളളിച്ചാടാനാണ് എനിക്ക് തോന്നിയത്...!!
പിന്നീട് അങ്ങോട്ട് എല്ലാം എനിക്ക് ചേട്ടനായിരുന്നു..
നീർക്കോലി പോലിരുന്ന എനിക്ക് ചിക്കനും മീനുമൊക്കെ മേടിച്ചു തന്ന് ഇങ്ങനെ കരുത്തുളള ഒരു ശരീരമുണ്ടാക്കി തന്നതും എന്നെ പൊന്നു പോലെ നോക്കിയതും ചേട്ടനായിരുന്നു..
ചേട്ടനും ഞാൻ കഴിഞ്ഞെ ഉളളായിരുന്നു ആരും..
ചേട്ടന്റെ ഒപ്പം വർക്ക്ഷോപ്പിലേക്കിറങ്ങുമ്പോൾ ഒാടിക്കുമെന്നെ..
എന്റെ പ്രസ്സിലെ ജോലിയൊക്കെ നിർത്തിച്ച് കുടുംബം മുഴുവൻ ചേട്ടൻ ഏറ്റെടുത്തു..
ചേട്ടന്റെ മുഖത്ത് ചിരി തെളിയാൻ അതുക്കൊണ്ട് തന്നെ കഷ്ട്ടപ്പെട്ടു പഠിച്ചു..
MA യ്ക്ക് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കായിരുന്നു എനിക്ക്..
ആ കാര്യം പറയുമ്പോൾ ചേട്ടൻ എന്നെ കെട്ടിപിടിച്ചു..
അവിടം തൊട്ടായിരിന്നു അടുത്ത പ്രശ്നങ്ങളുടെ വരവ്..
പഠിച്ചിറങ്ങിയപ്പോൾ തൊട്ട് ഞാൻ ഒരു നല്ല ജോലിക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല..
ചെറിയ പണിക്കൊന്നും ചേട്ടൻ എന്നെ വിടത്തുമില്ല..
അവസാനം ഒരു വർഷം വെറുതെ വീട്ടിലിരിക്കേണ്ടി വന്നു..
പഠിച്ചതിനനുസരിച്ച് ഒരു ജോലി വാങ്ങിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് മനസ്സിലാക്കിയ നാളുകൾ..
അവസാനം എന്റെ വിഷമം കണ്ടിട്ട് എന്റെ സുഹൃത്ത് വഴി ഇവിടെ നല്ലൊരു കമ്പനിയിൽ ജോലി ശരിയായി..
ഇത്രയും ദൂരം ജോലിയ്ക്ക് പോകേണ്ട എന്നവരൊക്കെ പറഞ്ഞെങ്കിലും ഞാൻ ഇങ്ങോട്ട് ഇറങ്ങി തിരിച്ചു..
വരുന്ന വഴിയിൽ വെച്ച് കന്നഡ അറിയുന്ന ഒരു മലയാളി പയ്യനെ കണ്ടു..ശരൺ..
അവനെ കൂട്ടിയായിരുന്ന എന്റെ ഫ്രണ്ട് പറഞ്ഞ കമ്പനിയിൽ ചെന്നത്..
അവിടുത്തെ മുതലാളി എന്തൊക്കൊയോ കന്നഡയിൽ ചോദിച്ചു,അതിനെല്ലാം മറുപടി പറഞ്ഞത് ശരണായിരുന്നു..
അവസാനം അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസന് പറ്റിയത് പോലെ എനിക്ക് തരപ്പെട്ട ജോലിയിൽ ശരൺ കയറി കൂടി..
പിന്നെ നാളുകളോളം അലച്ചിലായിരുന്നു..
അവസാനം കിട്ടിയതാ ഈ ജോലി..
ആദ്യമൊക്കെ വലിയ കഷ്ട്ടപ്പ്ടായിരുന്നു,പറഞ്ഞ സമയത്തിനുളളിൽ ഒാർഡർ എത്തിക്കാനുളള ജീവൻ മരണ ഒാട്ടം,മുതലാളിയുടെ വഴക്ക്..
മാഡത്തിനറിയാമോ?
മിക്കവരും ഞങ്ങളെ കാണുന്നത് ഒരു പ്ലേ ബോയ് ആയിട്ടാണ്..
ഞങ്ങൾക്കും ആത്മാഭിമാനവും വേദനപ്പിക്കുമ്പോൾ നോവുന്ന ഒരു ഹൃദയവുമുണ്ടെന്ന് ആരും കണക്കാക്കില്ല..
ഞങ്ങളുടെ ജോലി ഡെലിവെറി എത്തിക്കുക എന്നത് മാത്രമല്ല,ഒരു റെസ്റ്റോറന്റിലെ സകല പണിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കും..
പിന്നെ പാർട്ട് ടെെമായിട്ട് ചെയ്യാൻ ഇതിൽ കഴിഞ്ഞേ ഒരു ജോലി ഉളളൂ താനും...!!"
ഒട്ടിട നിർത്തിയിട്ട് അയാൾ വീണ്ടും തുടർന്നു..
" വളരെ കഷ്ട്ടപ്പെട്ടാണ് ഈ ജോലി തന്നെ ഞാൻ മേടിച്ചെടുത്തത്..
ചേട്ടൻ ആദ്യം എതിർത്തെങ്കിലും എന്റെ വാശിയ്ക്ക് മുന്നിൽ അവസാനം സമ്മതിച്ചു..
ഇടയ്ക്ക് അവരെ കൂട്ടി ചേട്ടൻ എന്നെ കാണാൻ വരും പോകുമ്പോൾ ആരും കാണാതെ ഒരു ചുരുട്ട് പെെസ കെെയ്യിൽ വെച്ച് തരും..പാവം...
ഇപ്പോൾ ഏതായാലും എനിക്ക് സങ്കടമില്ല..
അബുദാബിയിൽ നല്ലൊരു ജോലി ശരിയായിട്ടുണ്ട്..
മാസം രണ്ട് ലക്ഷം രൂപയോളം കിട്ടും..
അവിടെ പോയി രണ്ട് വർഷം കഷ്ട്ടപ്പെടും,പിന്നെ നാട്ടിൽ പോയി ആ കാശ് കൊണ്ട് ചേട്ടന്റെ വർക്ക്ഷോപ്പ് വീപുലികരിച്ചിട്ട് ചേട്ടന്റെ അനിയനായി ആ തണലിൽ ജീവിക്കും..!!"
ഒരു ചിരിയോടെ അജിത്ത് പറഞ്ഞു നിർത്തിയതും എന്റെ ചുണ്ടിലും മനോഹരമായി ഒരു ചിരി വിരിഞ്ഞു..
"ആഹാ...ഇത്രയെറെ സ്വപ്നങ്ങൾ ഉണ്ടായിട്ടാണോ ഹീറോയെ പോലെ ഒന്നും ആലോചിക്കാതെ ഒരു പെണ്ണിനെ രക്ഷിക്കാൻ ചാടിയിറങ്ങിത്...??"
ഞാൻ ആ കാര്യം എങ്ങനെയറിഞ്ഞെന്ന അദ്ഭൂതത്തോടെ അജിത്ത് പറഞ്ഞു,
"അയ്യോ മേഡം..അത് ഹീറോയിസം കാണിച്ചതൊന്നുമല്ല..
മാനുഷിയെ രക്ഷിക്കാൻ വെറെയൊരു മാർഗ്ഗവും കണ്ടില്ല..അതാ...!!"
അജിത്ത് "മാനുഷി" എന്ന് പറഞ്ഞു നിർത്തിയതും "ആരാണ് മാനുഷി" എന്ന ചോദ്യം എന്റെ നാവിനൊപ്പം ഹൃദയവും ചോദിച്ചു...
"ആരാണ് മാനുഷി..??"
(തുടരും)