കല്യാണത്തിനുള്ള തീയതി അടുത്തതോടെ വീട്ടിൽ ആകെ തിരക്കായി. വല്യച്ഛന്മാരും വല്യമ്മമാരും അവരുടെ മക്കളും അപ്പച്ചിയും വിനുവേട്ടനും വാമിയും പിന്നെ അമ്മവഴിയുള്ള ബന്ധുക്കളും എല്ലാരും കൂടെ ആയപ്പോ ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു.
കല്യാണത്തിനുള്ള മന്ത്രകോടിയും പുടവയും എടുക്കാൻ ഞങ്ങൾ രണ്ടുകുടുംബവും ഒരുമിച്ചാണ് പോയത്.
ചുവപ്പ് നിറത്തിൽ ഗോൾഡൻ നൂലുകളാൽ നെയ്ത്ത സാരിയാണ് എനിയ്ക്ക് മന്ത്രകോടിയായി തിരഞ്ഞെടുത്തത് മജന്തനിറത്തിലുള്ള പുടവയും. അഭിയേട്ടന്റെ കൂടെ ഇഷ്ടം നോക്കിയാണ് സാരിയെല്ലാം എടുത്തത്. പിന്നെ വേറെയും കുറെ ഡ്രസ്സ് ഒക്കെ എടുത്തു മഞ്ഞൾ കല്യാണത്തിനും പിന്നെ മെഹന്ധിയ്ക്കും വേണ്ടിയൊക്കെ. രാവിലെ ഇറങ്ങിയ ഞങ്ങൾ സന്ധ്യയാവറായപ്പോഴാണ് തിരിച്ചു പോയത്.
കല്യാണത്തിന് 3ദിവസം മുൻപ് അഭിയേട്ടൻ വന്ന് എന്നെ പ്രീവെഡിങ് ഫോട്ടോ എടുക്കുന്നതിനു വേണ്ടി കൊണ്ടുപോയി.അഭിയേട്ടൻ തന്നെ കൊണ്ടുവന്ന സിൽവർനിറത്തിലെ ലഹങ്ക ആയിരുന്നു എന്റെ വേഷം.അഭിയേട്ടന് അതെനിറത്തിലേ സൽവാർ കമ്മിസും, മൊത്തം ഒരു വടക്കേ ഇന്ത്യൻ വെഡിങ്ങ് സ്റ്റൈൽ ആയിരുന്നു. അപ്പുവിന്റേതായിരുന്നു ഐഡിയ. ഞങ്ങളുടെ തറവാടുവീട് ആയിരുന്നു ലൊക്കേഷൻ ആയി തിരഞ്ഞെടുത്തത്. അപ്പു തന്നെയാണ് ഫോട്ടോ എടുത്തതും പോസ് ഒക്കെ പറഞ്ഞുതന്നതും. രണ്ടുപേരും കണ്ണിൽ നോക്കിയിരിയ്ക്കുന്നതും, നെറ്റിയിൽ മുകരുന്നതും, കെട്ടിപ്പിടിക്കുന്നതുമൊക്കെയായിട് അവന്റെ തലയിൽ ഉദിച്ച എല്ലാ രീതിയിലും അവന് ഞങ്ങളെ നിർത്തി. ഫോട്ടോസ് ഒക്കെ എടുത്ത് സന്ധ്യയോടെ ആണ് എന്നെ അവർ വീട്ടിൽ കൊണ്ട് വിട്ടത്. അവിടെയും തിരക്കായതുകൊണ്ട് കേറാൻ നിന്നില്ല.
മെഹന്തിയും മഞ്ഞൾ കല്യാണവുമൊക്കെ വളരെ കെങ്കേമമായി തന്നെ നടത്തി. വിനുവേട്ടനും വാമിയും കാത്തുവും അപ്പുവും കൂടി ഞങ്ങളെ രണ്ടുപേരെയും മഞ്ഞളിൽ കുളിപ്പിച്ചു എന്നുതന്നെ പറയാം. അങ്ങനെ എല്ലാം കഴിഞ്ഞ് ഞാൻ ഉറങ്ങാനായി മുകളിലേയ്ക്ക് പോയി. ഇന്നും കൂടി മാത്രമേ എനിയ്ക്ക് ഇവിടെ എല്ലാം സ്വന്തമായിട്ടുള്ളു നാളെ കഴിഞ്ഞാൽ ഞാൻ ഇവിടുത്തെ അതിഥിയാണ്. ഓർക്കുമ്പോൾ വല്ലാത്ത വിഷമം.
ഉറങ്ങാനായി കിടന്നപ്പോഴേയ്ക്കും അഭിയേട്ടൻ വിളിച്ചു.
"ഹലോ….
"എല്ലാരും ഉറങ്ങിയോ….
"ഇല്ല, ഉറങ്ങാൻ പോവായിരുന്നു…അവിടെ തിരക്കൊക്കെ എങ്ങനെയുണ്ട്..
"എന്റെ ഫ്രണ്ട്സ് ഒക്കെ വന്നു…പിന്നെ ബന്ധുക്കളും…ഞാൻ വെറുതെ വിളിച്ചതാ.. കിടന്നോ എന്നാ.. നാളെ നേരത്തെ എനിയ്ക്കേണ്ടതല്ലേ…
Good nyt
……………….. 🌼❤🌼…………………….
രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. കുളിച്ചു നേരെ അമ്പലത്തിലേയ്ക്കാണ് പോയത്. ശിവനമ്പലത്തിൽ വച്ചാണ് വിവാഹം.
അവിടെത്തന്നെയുള്ള ഗ്രീൻറൂമിൽ ആണ് എന്നെ ഒരുക്കിയത്.
ഒരുങ്ങി കഴിഞ്ഞപ്പോഴേയ്ക്കും അമ്മ അങ്ങോട്ടേക്ക് വന്നു.കണ്ണൊക്കെ നിറഞ്ഞിരുന്നു അമ്മയുടെ..
"എന്നെ കെട്ടിച്ചു വിടാൻ വല്യ തിടുക്കം ആയിരുന്നല്ലോ.. ഇപ്പൊ എന്തിനാ കരയുന്നെ…
"സന്തോഷം കൊണ്ടാടി.. കാന്താരി…
ഞാൻ അമ്മയുടെ കണ്ണൊക്കെ തുടച്ചു സുന്ദരിയാക്കി. പിന്നെ മൊത്തം സെൽഫി എടുപ്പായിരുന്നു. ആതിയും കാത്തുവും വാമിയും തുടങ്ങി പെണ്ണുവീട്ടുകാർക്കെല്ലാം ഗോൾഡൻ നിറമായിരുന്നു ഡ്രസ്സ് കോഡ്.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ആരോ വന്നുപറഞ്ഞു ചെറുക്കനും വീട്ടുകാരും വന്നിട്ടുണ്ടെന്ന്. എനിയ്ക്കാകെ ടെൻഷൻ ആയി.
അപ്പോഴേയ്ക്കും ലതാമ്മയും അപ്പുവും വന്നു. ലതാമ്മ എന്റെ കണ്ണിൽ നിന്നും കുറച്ചു കണ്മഷി എടുത്ത് ചെവിയുടെ പുറകിൽ തൊട്ട് തന്നു.അപ്പു എന്നെ കണക്കിന് കളിയാക്കാൻ തുടങ്ങി.
"നീയെന്താടി, വൈറ്റ് വാഷിൽ കമഴ്ന്നടിച്ചു വീണോ 🤭
പിന്നെ ലതാമ്മ വഴക്കുപറഞ്ഞപ്പോ അവന് നിർത്തി.
അഭിയേട്ടനെ കണ്ടില്ല! ഞാൻ നോക്കുന്ന കണ്ടിട്ട് അപ്പു പറഞ്ഞു,
"ഞാൻ വിളിച്ചതാടി.. അപ്പൊ പറയുവാ 'ഞാൻ എന്റെ പെണ്ണിനെ മണ്ഡപത്തിൽ വച്ചേ കാണുന്നോളെന്ന് '.... വല്യ ജാടയിൽ പോണ കണ്ടു.
ഞാൻ ചിരിച്ചതേയുള്ളൂ.
മൂഹൂർത്തമായപ്പോൾ അമ്മായി കൊണ്ടുതന്ന അഷ്ടമംഗല്യവുമായി ഞാൻ മണ്ഡപത്തിലേയ്ക്ക് നടന്നു.
………….🌼❤🌼……………………..
മണ്ഡപത്തിലിരിക്കുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരുന്നു എനിയ്ക്ക്. ഇതിലും വല്യ സദസ്സിനെ ഫേസ് ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ വല്ലാത്ത ഒരവസ്ഥ. അപ്പോഴാണ് മണ്ഡപത്തിന്റെ അടുത്തേയ്ക്ക് അഷ്ടമംഗല്യവുമായി നടന്നു വരുന്ന വേണിയെ കണ്ടത്.
ചുവന്ന പട്ടുസാരിയിൽ അതിസുന്ദരിയായിരുന്നു അവൾ. മറ്റേതോ ലോകത്തെന്ന പോലെ ഞാൻ അവളെ നോക്കിയിരുന്നു. ഒരു പുഞ്ചിരിയോടെ അവൾ എന്റെ വാമഭാഗത്തു വന്നിരുന്നു. തിരുമേനി പറഞ്ഞതനുസരിച്ച് ശേഖരൻമാമ കന്യാധാനം നടത്തി. ശേഷം അവൾ എനിക്ക് പൂമാല ചാർത്തി. അച്ഛൻ എടുത്ത് നൽകിയ മഞ്ഞചരടിൽ കോർത്ത താലി അവൾക് ചാർത്തുമ്പോൾ എല്ലാവരും ഞങ്ങൾക്ക് മേൽ അരിയും പൂവും വർഷിച്ചു. ഞാനും അവൾക് പൂമാല ചാർത്തി. സിന്ദൂരം അണിയിച്ചപ്പോൾ അവൾ മിഴിരണ്ടും അടച്ചു പ്രാർത്ഥിച്ചു. പുടവയും കൊടുത്ത് മണ്ഡപത്തിൽ മൂന്ന് വട്ടം വലം വച്ച് ഞങ്ങൾ അമ്പലത്തിൽ തൊഴാനായി പോയി.
പിന്നെ ഫോട്ടോഗ്രാഫർ മാരുടെ അഞ്ജയ്ക്കനുസരിച് ഓരോരോ പോസിൽ നിന്നുകൊടുത്തു.
അത്കഴിഞ്ഞു ഭക്ഷണം കഴിയ്ക്കാനായി പോയി.
3-മണിയോടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു, കാത്തുവിനെയും അമ്മയെയും ശേഖരൻമാമയെയും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു വേണി. ഒരു വിധത്തിലാണ് അവളെ കാറിൽ കയറ്റിയത്.
"എന്തിനാ നീ ഇങ്ങനെ കരയുന്നത്.. ഞാൻ നിന്നെ തട്ടികൊണ്ടുപോവുകയൊന്നുമല്ലല്ലോ…
"അച്ഛനേം അമ്മയേം ഒക്കെ പിരിഞ്ഞുപോവുമ്പോ ആർക്കായാലും സങ്കടം വരൂല്ലേ….
"അതിന് ഇങ്ങനെ കരയണം എന്നുണ്ടോ….
പിന്നെ അവൾ ഒന്നും പറഞ്ഞില്ല ഇടയ്ക്കിടയ്ക്ക് ചുണ്ടുകൾ വിറയ്ക്കുന്നത് കണ്ടാൽ മനസിലാവും ആളിപ്പോഴും കരയുകയാണെന്ന്.
പിന്നെ ഞാൻ കൂടുതലൊന്നും സംസാരിച്ചില്ല.
………… 🌼❤🌼……………..
വീട്ടിൽ എത്തിയപ്പോഴേയ്ക്കും ലതാമ്മ നിലവിളക്കുമായി വന്നു. അതും വാങ്ങി വലതുകാൽ വച്ച് പൂജമുറിയിലേയ്ക്ക് നടന്നു.
പിന്നെ കുറേ ആന്റിമാർ വന്നു പരിയചയപെട്ടു. വല്യ ബഹളമായിരുന്നു പിന്നെ.
എനിയ്ക്ക് ഇതെല്ലാം ഒന്ന് ഊരിവച്ചാല്മതിയെന്നായിരുന്നു. എന്റെ മനസ് മനസിലാക്കിയപോലെ ലതാമ്മ എന്നെ പറഞ്ഞ് മുകളിലേയ്ക്ക് വിട്ടു. അഭിയേട്ടന്റെ അമ്മാവന്റെ മോളായ നിത്യയെ എന്റെ കൂടെ വിട്ടു.
അഭിയേട്ടന്റെ മുറിയിലേക്കാണ് അവൾ എന്നെ കൊണ്ടുപോയത്. പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും അഭിയേട്ടന്റെ മുറിയിൽ കേറിയിട്ടില്ല.
വളരെ വൃത്തിയായി എല്ലാം അടുക്കി വച്ചിരിയ്ക്കുന്നു. ബാൽക്കണിയുടെ സൈഡിൽ കുറെ അകത്തളചെടികൾ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നു. സൈഡ് ടേബിളിലെ ഒട്ടുരുളിയിൽ നിറയെ താമരമോട്ടുകൾ…
ഒരു കോട്ടൻ ചുരിദാറും എടുത്ത് ഞാൻ കുളിച്ചു വന്നു. അപ്പൊ പകുതി ആശ്വാസം ആയ പോലെ.
രാത്രിഭക്ഷണം എല്ലാവരും ഒരുമിച്ചാണ് കഴിച്ചത്.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രങ്ങളുമായി ലതാമ്മയുടെ കൂടെ ഞാനും പോയി. അവിടെയെല്ലാം വൃത്തിയാക്കി, ഞാൻ വീണ്ടും അടുക്കളയിൽ നിന്ന് കയറുന്ന കണ്ടിട്ട് ലതാമ്മ എന്നെ പറഞ്ഞു മുകളിൽ വിട്ടു കൂട്ടത്തിൽ ഒരു ഗ്ലാസ് പാലുംകയ്യിൽ തന്നു.
ഞാൻ മുകളിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോഴേയ്ക്കും അപ്പുവും കൂടെ വന്നു. എന്നെ കണ്ടതും അവനുണ്ട് ആക്കിച്ചിരിയ്ക്കുന്നു.
"Happy firstnight മോളെ 🤗….ചെല്ല് നിന്റെ കെട്ടിയോൻ കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരിയ്ക്കുന്നുണ്ടാവും.. 😜
ഞാൻ അവനെ കൊഞ്ഞനം കുത്തി കാണിച്ചിട്ട് മുറിയിലേയ്ക്ക് നടന്നു.
മുറിയിൽ വന്നപ്പോൾ ആരെയും കാണാനില്ല. ബാത്‌റൂമിൽ വെള്ളംവീഴുന്ന സൗണ്ട് കേട്ടപ്പോൾ മനസിലായി ആൾ കുളിക്കുകയാണ്.
ഞാൻ പാൽഗ്ലാസ് സൈഡ് ടേബിളിൽ വച്ചിട്ട് ബാൽകണിയിലേക്ക് നടന്നു.
കുറച്ചുനേരം കഴിഞ്ഞതും പുറകിൽ ആരുടെയോ നിശ്വാസം തട്ടിയിട്ടാണ് തിരിഞ്ഞ് നോക്കിയത്. എന്റെ തൊട്ട് പുറകിൽ "അഭിയേട്ടൻ "
(തുടരും )
സ്നേഹപൂർവ്വം
നിശാഗന്ധി 🌼🤗