Aksharathalukal

COUNTDOWN - Part 15

അദ്ധ്യായം – 15


     
 
       “അപ്പോൾ അഞ്ച് പേർ തമ്മിലുള്ള കണക്ഷൻ  നമുക്ക് കിട്ടി. ഇനി മറ്റ് നാല് ആൺകൂട്ടികൾ കൂടി ആ സംഘത്തിലുണ്ടായിരുന്നു. അവരെ കണ്ടെത്തണം. അവർക്ക് ഇതുപോലെ കിരൺ മാത്യുവുമായോ കാണാതായ മറ്റ് പോലീസുകാരുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തണം. രാവണൻ പത്തംഗ സംഘമാണെങ്കിൽ അവർ , അന്നത്തെ ആ 8 കൂട്ടികളും, പിന്നെ ജെറാൾഡും പത്താമത്തെയാളായി ഉമ കല്ല്യാണിയുമാണ് എല്ലാത്തിൻറെയും തിരക്കഥ മെനയുന്നതെങ്കിൽ ഇവിടെ എന്തും സംഭവിക്കാം. നിങ്ങൾക്ക് ഒരോരുത്തർക്കുമുള്ള ഡ്യൂട്ടി നാളെ മനോജ് തരും. അത് കൃത്യമായി ചെയ്യുക. മാഡത്തിനോട് ഞാൻ സംസാരിച്ചോളാം. നിങ്ങൾ ഇപ്പോൾ മാഡത്തിൻറെ അടുത്തേക്ക് പൊയ്ക്കോളു.” ഹരീഷ് പറഞ്ഞവസാനിപ്പിച്ചു.

 

      ഉമകല്ല്യാണിയും ഡിജിപിയും കൂടി ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിന് മുന്നിൽ ഹാജരായി.

 

  “അപ്പോൾ സ്ഥിതിഗതികൾ സങ്കീർണ്ണമാണ്.  നാളെ കഴിഞ്ഞാൽ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. ഈ സഭയുടെ അവസാന സമ്മേളനം, പിന്നെ തിരഞ്ഞെടുപ്പാണ്. പോലീസുകാരുടെ തിരോധാനം മുഖ്യ വിഷയമായി ഉയർത്തി പ്രതിപക്ഷം ആഞ്ഞടിക്കും. മീഡിയ അതേറ്റുപിടിക്കും പൊതുജനത്തിന് മുന്നിൽ വ്യക്തമായ ഒരു ന്യായീകരണവും നൽകാനാവാതെ സർക്കാർ ഉത്തരം മുട്ടി നിൽക്കും. ഇലക്ഷനിൽ വമ്പൻ മാർജിനിൽ ഞങ്ങൾ പരാജയപ്പെടും.”

 

     യാതൊരു ഭാവഭേദങ്ങളുമില്ലാതെയാണ് മന്ത്രി അത് പറഞ്ഞത്. ഡിജിപി ക്ക് മറുപടിയില്ലായിരുന്നു.

 

       “ നിങ്ങൾ രണ്ടാളും പറയാൻ പോകുന്ന ന്യായവാദങ്ങളെന്തൊക്കെയാണെന്ന് എനിക്ക് അനുമാനിക്കാവുന്നതേയുള്ളു. പക്ഷേ ഇലക്ഷനെന്ന അഗ്നി പരീക്ഷയിൽ തോൽക്കാതിരിക്കാൻ പര്യാപ്തമാകുന്നതല്ല അത്തരം ന്യായീകരണങ്ങളൊന്നും. അവിടെ വലിയ കളികൾ തന്നെ കളിക്കണം. വീണ്ടുമൊരിക്കൽ കൂടി അധികാരത്തിലെത്താൻ കഴിഞ്ഞാൽ എന്നെ കാത്തിരിക്കുന്നത് മുഖ്യമന്ത്രിക്കസേരയാണ്. അതുകൊണ്ട് തന്നെ വ്യക്തിപരമായി ഇതെനിക്ക് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. ചില സുപ്രധാന തീരുമാനങ്ങൾ അറിയിക്കാനാണ്  മന്ത്രിസഭായോഗം കഴിഞ്ഞ ഉടനേ നിങ്ങളെ രണ്ടാളെയും വിളിപ്പിച്ചത്.    ഏറ്റവും പുതിയ ഇൻറലിജൻസ് റിപ്പോർട്ട് രണ്ടാളും കണ്ട് കാണുമല്ലോ? സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളും ഏതോ തീവ്രവാദ സംഘവും കൈകോർത്ത് എന്തൊക്കെയോ വലിയ അട്ടിമറികൾ പ്ലാൻ ചെയ്യുന്നു. അതിൻറെ ഇടനിലക്കാരനും കോ ഓർഡിനേറ്ററുമൊക്കെയാണ് ഷൺമുഖൻ. അതു മാത്രമല്ല,  പല വി വി ഐ പികളേയും അവർ ടാർഗറ്റ് ചെയ്തിട്ടുള്ളതായി ഒരു ഊമക്കത്തും കിട്ടിയിട്ടുണ്ട്. സർക്കാർ ഇതൊക്കെ വളരെ ഗൗരവതരമായി തന്നെ കാണുന്നു. അതുകൊണ്ട് നിങ്ങൾ പോലീസിന് വലിയ അധികാരങ്ങൾ തരുന്ന ഗുണ്ടാ ആക്ട് മറ്റന്നാൾ നിയമസഭയിൽ പാസാക്കും. മുൻപ് പലതവണ നടക്കാതെ പോയതാണ്, പക്ഷേ ഇത്തവണ ഐക്യകണ്ഠേന അത് പാസാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ പന്ത് നിങ്ങളുടെ കോർട്ടിലാണ്. ഗുണ്ടാപ്പട്ടികയെടുക്കുക. ഒരോരുത്തരുടെയും കേസുകൾക്കനുസരിച്ച് കാറ്റഗറൈസ് ചെയ്യുക. ഏറ്റവും വലിയ പ്രശ്നക്കാരൻ A കാറ്റഗറി, അങ്ങനെ താഴോട്ട്. ലിസ്റ്റിൻറെ മുകൾ തട്ടിലുള്ളവൻ വീണ്ടും പുതിയ പ്രശ്നവുമായി വന്നാൽ നിങ്ങൾക്ക് ഷൂട്ട് ചെയ്യാം, മുട്ടിന് താഴെയല്ല, നെഞ്ചിന് നേരേ. ആ പട്ടിക താഴോട്ട് വരും തോറും തോക്കിൻ കുഴലും താഴേക്ക് വരാം. മനസിലായല്ലോ?”

 

           ഇതൊന്നും നടക്കാൻ പോകുന്നില്ലയെന്നും തൻറെ അമ്മാവൻറെ വെറും ദിവാസ്വപ്നമാണെന്നും ഉമ പിറുപിറുത്തത് ഡിജിപി കേട്ടു.  പക്ഷേ ഡി ജി പി തൻറെ ആശങ്ക ചോദിക്കാതിരുന്നില്ല.

 

              “സർ ഉദ്ദ്യേശിക്കും പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ, ഒന്നാമത് നിയമസഭയിൽ പ്രതിപക്ഷം ഇതിനെ ശക്തിയായി എതിർക്കും, പിന്നെ മനുഷ്യാവകാശ സംഘടനകൾ, മീഡിയ എല്ലാവരും എതിർക്കും. അപ്പോ പിന്നെ... “

 

          “മിസ്റ്റർ ഡിജിപി.... മറ്റ് കാര്യങ്ങളെക്കുറിച്ചോർത്ത് നിങ്ങൾ ബേജാറാകേണ്ട. നിങ്ങളുടെ ജോലി നിയമം അനുസരിക്കുക മാത്രമാണ്. നിയമം നിർമ്മിക്കേണ്ട ജോലി ഞങ്ങൾ ജനപ്രതിനിധികൾക്കാണ്. വെടിവയ്ക്കാൻ പോകുന്നത് പുണ്യാളൻമാരുടെ നേർക്കൊന്നുമല്ലല്ലോ. അതുകൊണ്ട് കൂടുതൽ ചികഞ്ഞ് തലപെരുക്കാൻ നിൽക്കാതെ രണ്ടാളും ഇപ്പോൾ പൊയ്ക്കോളു. എനിക്ക് അഡ്വക്കേറ്റ് ജനറലുമായി ഒരു മീറ്റിംഗ് ഉണ്ട്”

 

         ഇരുവരും സല്യൂട്ട് ചെയ്തിറങ്ങി.

 

 

        അഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിൻറെ ഔദ്യോഗിക വസതി. വഴി തടഞ്ഞുകൊണ്ട് യുവജന സംഘടനകളുടെ സംയുക്ത സമര സമതി ധർണ്ണ നടത്തുകയാണ്. ക്രമസമാധാന പരിപാലനത്തിൽ പരാജയപ്പെട്ട പോലീസ് മന്ത്രി രാജി വയ്ക്കണമെന്നതാണ് ഡിമാൻഡ്.

 

            “കുറേയേറെ പോലീസുകാരെ കാണാതായിട്ട് പോലീസിനൊന്നും ചെയ്യാൻ കഴിയുന്നില്ല. ഇപ്പോൾ അന്വേഷണച്ചുമതലയുള്ള എസ്.പി. ഉമ കല്ല്യാണിയെ വരെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയിട്ടും അവരിലൊരാളെപ്പോലും പിടി കൂടാൻ കഴിഞ്ഞില്ല. സംസ്ഥാനത്ത് പോലീസിലെ ഉന്നതരെ വരെ അനായാസം ഗുണ്ടകൾ തട്ടിക്കൊണ്ട് പോവുമ്പോൾ സാധാരണക്കാരനെന്ത് സുരരക്ഷയാണ് ഉള്ളത്. ഗുണ്ടാവിളയാട്ടം നിർത്താൻ നിയമ നിർമ്മാണം നടത്താനുള്ള ചങ്കൂറ്റമെങ്കിലും മന്ത്രി സഭ കാണിക്കണം. അതിനൊന്നും ഒരു ചെറുവിരൽ പോലും അനക്കാതെ ഇരിക്കുന്ന ആഭ്യന്തര മന്ത്രിയുടെ രാജിയല്ലാതെ ഒരു ഒത്തു തീർപ്പിനും തയ്യാറാല്ല. ....”

 

           അണികളെ ആവേശഭരിതരാക്കി നിർത്തി അഭിറാം കത്തിക്കയറുകയാണ്. ജനാലയിലൂടെ ഇതൊക്കെ കണ്ട് യാതൊരു ഭാവഭേദവുമില്ലാതെ തൻറെ താടിയിൽ അവശേഷിച്ച രോമം കൂടി ഷേവ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധാലുവായിരുന്നു മന്ത്രി. മുറിയിലേക്ക് മന്ത്രി പത്നി ചായയുമായി വന്നു. അദ്ദേഹം ഷേവ് ചെയ്യുകയാണെന്ന് കണ്ട് അവർ ചായ മേശപ്പുറത്ത് വച്ചിട്ട് അരികിലേക്ക് വന്നു. കുറച്ച് നേരം ജനാലയിലൂടെ അഭിറാമിൻറെ പ്രസംഗം കേട്ടു നിന്നു. മന്ത്രിക്കെതിരേ ആരോപണങ്ങളുടെ അസ്ത്രങ്ങൾ തുടരെ എയ്തു വിടുകയാണ് അഭിറാം.

 

            “ഈ ചെറുക്കൻ ഈയിടെയായി നിങ്ങളെ വല്ലാതെ കളിയാക്കുന്നുണ്ടല്ലോ?, ഇവൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് തന്നെ ഇന്ന് ആഭ്യന്തര മന്ത്രിയെയും മന്ത്രിസഭയെയും എങ്ങനെ ആക്രമിക്കണമെന്ന് ചിന്തിച്ചാണെന്ന് തോന്നുന്നു. ചെക്കനിപ്പോ ചാനലിലൊക്കെ താരമാണല്ലോ.... അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ നിങ്ങളെ ചെറുക്കൻ തോല്പ്പിച്ചാൽ പോലും അതിശയമില്ല. യുവാക്കളുടെ നല്ല പിന്തുണയുണ്ട് അവന്. “ ഭാര്യ പറഞ്ഞത് കേട്ട് മന്ത്രി പൊട്ടിച്ചിരിച്ചു.

 

     “അതാടീ പറയുന്നത് വിത്തുഗുണം പത്തുഗുണമെന്ന്. ദിനകരൻ പാറക്കുന്നേലിൻറെ മോൻ എവിടെ നിന്നാലും താരമാണെടീ. ഇപ്പോ എതിർ പക്ഷത്താണേലും അവനൊരു യുവനേതാവല്ലേടീ. പതിനായിരങ്ങളുടെയല്ല ലക്ഷങ്ങളുടെ നേതാവ്. പിന്നെ നീ പറഞ്ഞത് ശരിയാ അവൻ മത്സരിച്ചാൽ ഞാൻ തോൽക്കും പക്ഷേ ഒന്നുണ്ട് അവൻ മത്സരിക്കില്ല. അധികാര രാഷ്ട്രീയം അവൻറെ വഴിയല്ല.”

 

“ഇന്ന് സഭയിൽ പുതിയ ഗുണ്ടാനിയമം പാസാകുമോ? പ്രതിപക്ഷ പാർട്ടിക്കാരെല്ലാം ഇന്നലത്തെ സർവ്വകക്ഷിയോഗത്തിൽ അതിനെതിരേ വലിയ പ്രശ്നമുണ്ടാക്കിയെന്നല്ലേ പറഞ്ഞത്.”

 

“അതിപ്പോ നിയമം പാസാക്കാനുള്ള ഭൂരിപക്ഷമൊക്കെ നമുക്കുണ്ട്. എന്നാലും അവരു കൂടി ഇതിനെ സപ്പോർട്ട് ചെയ്യുമെന്ന് വെറുതേയെങ്കിലും ഒന്ന് ആശിക്കുന്നതിൽ തെറ്റില്ലല്ലോ” അത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മന്ത്രിയുടെ ഫോൺ ബെല്ലടിച്ചു. വളരെ വേഗം കോൾ കട്ടായി മന്ത്രി അങ്ങോട്ടേക്ക് ഒന്നും പറയാതെ മൂളുക മാത്രമാണ് ചെയ്തത്. ഫോൺ വച്ച ശേഷം ടി വി ഓൺ ചെയ്യാൻ അദ്ദേഹം ഭാര്യയോട് പറഞ്ഞു. ടി വി ഓണായി മന്ത്രി റിമോട്ട് എടുത്ത് ന്യൂസ് ചാനൽ വച്ചു.

 

               “പ്രതിപക്ഷ നേതാവിൻറെ മകൻ സാജൻ സ്കറിയയെ ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അയാളോടൊപ്പം ഉണ്ടായിരുന്ന സുപ്രസിദ്ധ ചാനൽ എഡിറ്റർ സിദ്ധാർത്ഥനും കൊല്ലപ്പെട്ടു.”

 

എല്ലാ ചാനലിലും അതായിരുന്നു ഹോട്ട് ന്യൂസ്.

 

സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തെക്കുറിച്ചും ഇൻറലിജൻസ് റിപ്പോർട്ടിനെക്കുറിച്ചും പോലീസിൻറെ ദയനീയമായ പരാജയത്തെക്കുറിച്ചും ചാനലുകൾ മത്സരിച്ചു ചർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. രാത്രിയിൽ ചാനലുകളിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരേയും പോലീസിനെതിരെയും ഗുണ്ടാ വിളയാട്ടത്തിനെതിരേയും ഘോരഘോരം ചർച്ചകൾ നടത്തി.

 

 

            

             നിയമസഭയിൽ ഗുണ്ടാ ആക്റ്റ് ഐകകണ്ഠേന പാസായ വാർത്തയായിരുന്നു അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം എല്ലാ ചാനലുകളിലും നിറഞ്ഞ് നിന്നത്.

 

             നിയമത്തിൽ വ്യവസ്ഥ ചെയ്തതിരുന്നതിൻ പ്രകാരം പിറ്റേദിവസത്തെ പത്രത്തിൽ സംസ്ഥാനത്തെ ഗുണ്ടപ്രവർത്തനം നടത്തുന്നവരുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക എല്ലാ പത്രങ്ങളിലും പോലീസ് പ്രസിദ്ധീകരിച്ചു. എല്ലാമവസാനിച്ച് മാനസാന്തരപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പട്ടികയിൽ നിന്നും ഒഴിവാകാൻ സത്യവാങ്മൂലം നൽകാൻ സമയവും അനുവദിക്കപ്പെട്ടിരുന്നു.

 

                കൈയ്യിലുള്ള തോക്ക് ഉപയോഗിക്കാൻ അനുമതി കിട്ടിയ സന്തോഷത്തിലായിരുന്നു പോലീസ് ഓഫീസർമാർ മുഴുവൻ. ഇത്രകാലവും ഒരു കാഴ്ചവസ്തുപോലെ അരയിലിട്ടിരുന്ന തോക്ക് ഒരു ക്രിമിനലിന് നേരേ ചൂണ്ടി നിറയൊഴിക്കാനാണ് അനുമതി കിട്ടിയിരിക്കുന്നത്.

 

             “ഇനി നോക്കിക്കോ സാറേ ഈ സംസ്ഥാനം ഞങ്ങൾ ക്ലീനാക്കും......”പോലീസ് അസോസിയേഷൻ നേതാവ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പായിരുന്നു അത്.

 

                                                      തുടരും.........

COUNTDOWN - Part 16

COUNTDOWN - Part 16

4.6
1986

അദ്ധ്യായം – 16                  പോലീസ് നടപടി ഭയന്ന് ലിസ്റ്റിൽ ഉൾപ്പെട്ട കുറേയധികം പേർ പോലീസ് സ്റ്റേഷനുകളിലെത്തി എല്ലാമവസാനിപ്പിച്ച് നല്ല വഴിയേ പോകാൻ തയ്യാറായി. അതിലൊരാളായിരുന്നു ബാസ്റ്റിൻ ജോണിൻറെ സംഘാഗമായിരുന്ന നിഷാദ്. സ്റ്റേഷന് മുന്നിൽ വച്ച് അയാൾക്ക് നേരെ അന്നേരമുണ്ടായ കൊലപാതക ശ്രമം, ആ സംഘത്തിലെ ഒരുപാട് രഹസ്യങ്ങളറിയാവുന്ന ആളാണ് നിഷാദെന്ന് പോലീസിനെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഉമാകല്ല്യാണിക്കും സംഘത്തിനും മുന്നിലെത്തിച്ചു.       വലിയൊരു കുമ്പസാരത്തിന് തയ്യാറായിത്തന്നെയാണ് നിഷാദ് പോയതും. അയ