ᴡʀɪᴛᴇʀ :ᴀʀʏᴀ
ᴘᴀʀᴛ 2
ആദ്യത്തെ ശമ്പളം ഞാൻ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു. അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളിൽ പലപ്പോഴും മൂക സാക്ഷിയായി കൊലയിൽ അച്ഛനിരിപ്പുണ്ടാവാറുണ്ട്. മെല്ലെ മെല്ലെ അച്ഛന്റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയായിരുന്നു.
കയ്യും കണക്കുമില്ലാതെ ഞാൻ വാങ്ങിക്കൂട്ടിയ പച്ചക്കറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയിൽ കിടക്കുന്നത് പതിവായിരുന്നു.
അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്നു അച്ഛൻ, പിന്നീട് ഒന്നും പറയാതെയായ്. പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബൾബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛൻ പിന്നീടാവഴി വരാതായി, അച്ഛന്റെ ചിറകിൽ നിന്ന് സ്വാതന്ത്രനായ ഞാൻ ശെരിക്കും വീട്ടുഭരണം ആസ്വദിക്കുകയായിരുന്നു, പതിയെ അച്ഛനാ വീട്ടിൽ തീർത്തും മൗനിയായി മാറുകയായിരുന്നു.
ഒരു ദിവസം ഓഫീസിൽ നിന്ന് എന്നെ കാണാൻ വന്ന സഹപ്രവർത്തകരുടെ അരികിലേക്ക് വിയർപ്പ് മണക്കുന്ന ആ പുറം കീറിയ ഷർട്ടുമിട്ട് അച്ഛൻ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു.
രണ്ട് ദിവസം കഴിഞ്ഞ് ജനൽവാതിലിനരികിൽ നിൽക്കും നേരം പറമ്പിൽ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി പോയി നോക്കിയപ്പോൾ കണ്ടത്, തൂമ്പയുമായി ഇരുന്ന് തന്നെ സംസാരിക്കുന്നത്.
പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു, അച്ഛനിപ്പോൾ രാത്രി ഉറക്കമില്ലെന്നും, അലമാരിയിൽ വച്ച പഴയ ആൽബമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും.
എല്ലാം പറഞ്ഞതിനൊടുവിൽ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു, അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന് അന്ന് വായികുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോൾ കേട്ടത് തൂമ്പ നിലത്ത് കൊത്തണ ശബ്ദമാണ്.
ചെന്ന് നോക്കിയപ്പോൾ കണ്ടത്, പറമ്പിൽ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.
തുടരും.........