Aksharathalukal

പ്രണയയോന്മാദികളുടെ പുരാവൃത്തം

"""എന്തിനായിരുന്നെടി ഒരുമ്പെട്ടോളെ..........................
കെട്ടാൻ മുട്ടി നില്കുവാണെങ്കിൽ അനക്കൊരു  വാക്ക് പറഞ്ഞാൽ പോരായിരുന്നോ???
അവനെ തന്നെ വേണമായിരുന്നോ???? "" 

മുടിയിൽ കുത്തിപ്പിടിച്ച് മതിൽചേർത്ത് ഭിത്തിയിൽ ആഞ്ഞിടിച്ചു കൊണ്ടാണ്  ഉപ്പയുടെ ആ ചോദ്യം...
ചോദ്യമായിരുന്നില്ല ആക്രോശമായിരുന്നു...
തലയിൽ പൊടിഞ്ഞ കേവലം പാടല വർണ്ണത്തെക്കാൾ നെഞ്ചിനെ പൊള്ളിച്ചത് ആ വാക്കാണ്... 

"അവനെ തന്നെ വേണമായിരുന്നോ??? " 

എന്റുപ്പ ഇങ്ങനെ ജാതി പറഞ്ഞു ജീവിക്കുന്ന ഒരാളായിരുന്നില്ല ഒരിക്കലും...
ഒരു പക്ഷെ മകളെ നഷ്ടപ്പെടും എന്ന തോന്നലാകാം...
കുറച്ച് മുന്നേയുള്ള നിമിഷങ്ങൾ എനിക്കുള്ളിലൂടെ ചിതറി തെറിച്ചു പോയി...
അർദ്ധരാത്രിയിൽ മകളെ ഒരു  ചെറുപ്പക്കാരന്റെ അതും അന്യ ജാതിക്കാരന്റെ നെഞ്ചോട് ചേർന്നു കാണുമ്പോൾ ഇരുപത് വർഷം ചോരനീരാക്കി മകളെ വളർത്തി വലുതാക്കിയ പിതാവിന്റെ പ്രാണൻ പൊടിയുന്ന വേദന തന്നെയായിരുന്നു അത്‌....
ഒരിക്കലും എനിക്ക് തെറ്റ് പറയാൻ കഴിയാത്ത വലിയൊരു ശരിയായിരുന്നു  എനിക്ക് മുന്നിൽ അന്ന് മാത്രം എന്റെ ഉപ്പ. 

ദേവദത്തൻ എന്നായിരുന്നു അവന്റെ പേര്....
ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നവരായിരുന്നു...
ആണ്ടിൽ വരുന്ന റമളാനും, ചെറിയ പെരുന്നാളിനും,ബലിപ്പെരുന്നാളിനും കുട്ട്യോൾക്കെല്ലാം ന്റെ പുരയിൽ ആയിരുന്നു ഊട്ട്...
കൂട്ടത്തില് ഓനും...
അതുപോലെ ഓണത്തിനും വിഷുവിനും അങ്ങനെ ഏതൊരാഘോഷത്തിനും ദത്തന്റെ പുരയിലും.
അന്നൊക്കെ മനുഷ്യനെന്ന ഒരു ജാതിയുടെ കാര്യമേ ഞങ്ങളെ ചൊല്ലി പഠിപ്പിച്ചിട്ടുള്ളു...
അത്‌ കൊണ്ട് തന്നെയാകണം തമ്മില് മുഹബ്ബത്ത്  തോന്നിയപ്പോ 
ഞങ്ങള് ജാതി നോക്കി പോകാതിരുന്നത്..
ആണെന്നും പെണ്ണെന്നും വർഗ്ഗം പടയ്ക്കപ്പെട്ടു...
അതിലിന്നാൾക്ക് ഇന്നാൾ...
അതല്ലാതെ അന്ന് മറ്റൊന്നും കരുതിയില്ല.... 

എല്ലാരും പറയുമ്പോലെ ദേവനെ കണ്ടാൽ നാജിയുടെ കണ്ണ് പിടയ്ക്കുകയോ നാജിയെ കാണുമ്പഴേ ചേർത്ത് പിടിക്കാൻ ദേവനിൽ ജ്വരം ഉണരുകയോ ചെയ്തില്ല... 

കണ്ടാൽ പരസ്പരം പുഞ്ചിരിച്ച് പിൻവാങ്ങുന്നവർ...
മൗനത്തിൽ പോലും ഞങ്ങള് വാചാലരായിരുന്നു...
അന്യോന്യം പറഞ്ഞറിയേണ്ടതായി ദേവനോ നാജിക്കോ ഒന്നുമില്ലായിരുന്നു...
നാജിയെ കുറിച്ചെല്ലാം ദേവനും അവനെ കുറിച്ചെല്ലാം അവന്റെ നാജിക്കും അറിയാമായിരുന്നു... 

പരസ്പരം കാണാതിരുന്ന  ഋതുമതിയായ കാലയളവിലാണ് ദേവൻ എനിക്ക് ആരായിരുന്നു എന്ന് ഞാൻ മനസ്സിലായത്...
പിന്നെയും കുറച്ചു നാളുകൾ ഒളിച്ചും പാത്തും മാത്രമുള്ള കൂടിക്കാഴ്ചകൾ ആയിരുന്നു...
അതും ദേവന്റെ കൂട്ടുകാര് തരപ്പെടുത്തുന്നത്..
എനിക്ക് അതിനും പോന്ന ചങ്ങായിച്ചികൾ ഉണ്ടായിരുന്നില്ല...
ഉണ്ടായിരുന്നവരെയൊക്കെ വീട്ടുകാര്  തഴഞ്ഞു...
ഒന്നുകിൽ എന്റെ അല്ലെങ്കിൽ അവരുടെ....
മറ്റൊരു ഭാഷ്യം പറഞ്ഞാൽ ദേവന്റെ ചങ്ങായിമാരെല്ലാം എന്റെത് കൂടെ ആയിരുന്നു..
ഒന്നിച്ചു പള്ളികൂടത്തിൽ പോയവർ കണ്ണാരം പൊത്തിയും കൊച്ചു കഞ്ഞി വച്ചും മംഗലം കഴിച്ചും വളർന്നു വന്നവർ....
ചിലരൊക്കെ ഞാൻ മുസ്‌ല്യാരുടെ അടുക്കെ ഓത്തിന് പോയപ്പോ കണ്ടിട്ടുള്ളവർ...
അങ്ങനെ പോകും ആ നിര...

ആ എട്ടുനാൾക്ക്  പിൻപ് നാട്ടുകാർക്ക് മുന്നിൽ ഞങ്ങൾ തമ്മില് കണ്ടാൽ മിണ്ടാതെ നടിച്ചു....
ഞങ്ങളുടെ സ്നേഹബന്ധം തകർന്നു എന്ന് തന്നെ വീട്ടുകാര് കരുതി കാണണം..
അങ്ങനെ മറവിക്ക് കൊടുക്കോ ഞാനെന്റെ ദേവനെ....????
ഒക്കെ വിഡ്ഢിക്കൂട്ടങ്ങളാണ്...
ചങ്കിൽ പതിഞ്ഞ പ്രണയം പെണ്ണ് മറക്കും എന്ന
മന്നത്തരം വിശ്വസിക്കാൻ മാനവനെ  കഴിയു എന്ന് പറയേണ്ടി വരും...
ആദ്യമായിട്ടും അവസാനമായിട്ടും ഈ നാജിന്റെ മനസ്സില് കുടിൽ കെട്ടി പാർത്തവനാണ് ദേവൻ...
മരണമല്ലാതെ ഒരു ശക്തിക്കും ന്റെ നെഞ്ചിലെ ദേവൻ എന്ന മിടിപ്പിനെ തുടച്ചെറിയാൻ കഴിയില്ല ഈ എനിക്ക് പോലും...


വാണിയേക്കാട് ഉണ്ണി മഹമൂദ് ഹാജിയുടെ പള്ളിക്കൂടത്തിൽ പോകുന്ന ഇളയ കുട്ടിക്ക് ഒരു തീയ്യ ചെക്കനുമായി ലോഹ്യം എന്നറിയുമ്പോഴേ വീട്ടുകാരെക്കാൾ മുൻപ് നാട്ടുകാരുടെ രക്തം ചൂട് പിടിക്കുന്ന കാലമായിരുന്നു അത്‌.
ഉമ്മയുടെ വളർത്തു ദോഷം എന്ന് പറഞ്ഞു കൊണ്ട്  ചുറ്റുമുള്ളവർ ദുഷിക്കുന്നത് കണ്ട് ചങ്ക് പിടഞ്ഞു തന്നെയാണ് ന്റെ ദേവനെ മറക്കണം എന്നുള്ള തീരുമാനം  എടുത്തത്....
ആ കണ്ണീരിനെക്കാൾ ആഴത്തിൽ പ്രണയം എന്നെ അന്ധയാക്കി കളഞ്ഞു.....
അത്രമേൽ ആഴത്തിൽ ചങ്കിൽ പച്ച കുത്തും പോലെ പതിഞ്ഞു പോയൊരു നാമം വിസ്‌മൃതിയിലാഴ്ത്താൻ എനിക്ക് കഴിയുമായിരുന്നില്ല.... ..
ഒത്തിരി ശ്രെമിച്ചു...
കഴിയാതെ വന്നപ്പോൾ അത്‌ മറ്റുള്ളോരറിയാതെ നിർബാധം തുടർന്നു.
കാലത്തിന്റെ കൈവഴിയിലൂടെ ജീവിതം ഒരു  പുഴപോലെ പലവഴിക്കൊഴുകിയ കൂട്ടത്തിൽ
നാജിയുടെ പ്രണയവും എല്ലാരും മറന്നു....
അല്ല അങ്ങനെ നടിച്ചു...
ജീവിതം മാറ്റമില്ലാതെ വീട് പഠനം ഒളിയാന്തരമുള്ള കാഴ്ചകൾ അങ്ങനെ അങ്ങനെ കൊഴിഞ്ഞു പോയത്  എഴെട്ട് വർഷങ്ങൾ ആയിരുന്നു...
ജീവിതത്തിലേക്ക് വസന്തകാലം വിരുന്ന് വന്നു....
യൗവനം.....!!
പള്ളിക്കൂടം കഴിഞ്ഞ്  പഠിപ്പ് നിർത്തി നിക്കാഹ് ചെയ്യും എന്ന് എന്ന് ചെറിയൊരു മുറുമുറുപ്പ് ഉയർന്നതോടെ എന്നിലെ നിശബ്ദ പ്രണയിനി ഉണർന്നിരിക്കണം....
അറിയിക്കണം... അറിയിച്ചേതീരു....ന്റെ ദേവനെ......
സമപ്രായക്കാരാണ് ഞങ്ങൾ... രണ്ട് പേരുടെയും പ്രായം ചോര തിളപ്പിന്റെതും......
അന്ന് പേരില്ലാപുഴയിൽ കുളിച്ചു തിരികെ നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന ആപ്പന്റെ മോള് സാജിയെ പുഴയരികിൽ കളഞ്ഞു പോയ കുപ്പായത്തിന്റെ കാരണം ചൊല്ലി ഒഴിവാക്കിയതും എതിരെ ദേവന്റെ നാജിക്ക് മാത്രം മനസ്സിലാകുന്ന ചെറുചിരി അധരങ്ങളിൽ ഒളിച്ച് വച്ച് വരുന്ന എന്റെ ദേവനെ കണ്ടിട്ട് തന്നെയാണ്. 

ആപ്പന്റെ മോള് പുഴയരികിൽ പോയി തിരികെ എത്തും മുന്നേ ദേവനെ വിവരം ധരിപ്പിക്കണം....
അങ്ങനെയൊരു വ്യഗ്രത മനസ്സിനെ മഥിച്ചത് കൊണ്ടാകണം
കണ്ടമാത്രയിൽ ദേവന്റെ കരം ഞാൻ കവർന്നു പോയത് ...
അപ്പോഴും അവന്റെ ചൊടികളിൽ പുഞ്ചിരി മാത്രമായിരുന്നു.. 

ആ മന്ദഹാസത്തിൽ തരളിതയായി നിന്ന് പോയപ്പോ ചുറ്റുപാടുകൾ മറന്നു...
ഞങ്ങൾക്ക് ചുറ്റുമുള്ള ജാതിയുടെ അതിർ വരമ്പുകൾ മറന്നു...
ഇരവിലും പകലിലും കിനാവുകാണാൻ പഠിപ്പിച്ച ഒരേ ഒരു മുഖം ദേവൻ....
ഒന്നു ചേർന്നു നിൽക്കാൻ കൊതിച്ച നിമിഷങ്ങൾ....
അവ കൈപിടിയിൽ ഒതുങ്ങിയപ്പോൾ മറ്റെല്ലാം മറന്നു.... 

വീടെത്തിയിട്ടും കൂടെയുണ്ടായിരുന്നവളെ കാണാതായതോടെ അവളെ ഒറ്റയ്ക്കാക്കാൻ തോന്നിയ നിമിഷത്തെ പഴിച്ച് കൊണ്ട് സാജിത തിരിഞ്ഞു നടന്നു....
ഒരുൾക്കിടിലം പോലെ എതിരെ നടന്നു വന്ന പണ്ടത്തെ നാജിയുടെ ദേവന്റെ മുഖം ഓർമ്മ വന്നതും അവൾക്ക് പെരുവിരലിൽ നിന്നും ഒരു പെരുപ്പ് കയറി... 

അങ്ങാടിയെത്തുന്നതിന് മുമ്പുള്ള വളവിൽ നിൽക്കുന്ന ഒരു കൂട്ടത്തെ കണ്ടതോടെ സാജിയുടെ കാലുകളുടെ വേഗം വർധിച്ചു....
എന്ത്‌ പിണഞ്ഞെന്നറിയാതെയാ കൂട്ടത്തിനിടയിലേക്ക് അവളുടെ ശാരീരത്തിന് മുന്പേ മിഴികൾ  പാഞ്ഞു..
ദേവന്റെ കയ്യിൽ കരം ചേർത്ത് നാജി....
അവളെ ബലം പ്രയോഗിച്ച്  കൊണ്ടുപോകാൻ ശ്രെമിക്കുന്ന എളാപ്പ...!!
ഒരു നിമിഷം അവളുടെ ചങ്കിടിച്ചു. 

"""ന്റെ കൊക്കില് ജീവനുണ്ടേൽ ഓള് എന്റെ കൂടെയേ പൊറുക്കൂ....!!""
ദേവന്റെ വെല്ലുവിളി കൂടെയായതോടെ ഉണ്ണി മഹ്മൂദിന്റെ  അഭിമാനം വ്രണപ്പെട്ടു...
""ഓള് എന്റെ മോളാടാ ഹമുക്കേ....
ഇക്കറിയാം ഏതാ നല്ലത് ഏതാ കെട്ടത് എന്ന്...
അതിവൾക്ക് ഇനിയും തിരിഞ്ഞില്ലേ വെട്ടി അരിഞ്ഞു വാഴത്തടയിൽ ഇടും ഞാൻ ഇവളെ.....
നിന്റെ കൂടെ പൊറുക്കാൻ ഇവൾക്ക് ജീവൻ വേണ്ടേ.........???""


നാജിയെ ചൂണ്ടി പറഞ്ഞു കൊണ്ട് 
നിരത്തിലൂടെ മുഴുവൻ വലിച്ചിഴച്ച് നാജിയേ കൊണ്ട് പോകുമ്പോഴും അവളുടെ മിഴികൾ പറിച്ചെടുക്കാൻ കഴിയാത്ത ദേവന്റെ മിഴിയുടെയാഴങ്ങളിൽ കുരുങ്ങി കിടന്നു... 

വാണിയേക്കാട് വീട്ടിൽ കൊണ്ടിട്ടു തലങ്ങും വിലങ്ങും നാജിയെ തച്ചുടക്കുമ്പോൾ ആരും ഒന്നും തന്നെ എതിർത്തു പറഞ്ഞില്ല. 

"കുറച്ചു നാള് മുറിക്കുള്ളിൽ ആഹാരം കൊടുക്കാതെ പൂട്ടിയിട്ടാൽ താനേ മറന്നോളും ഈ ഇഷ്ടമൊക്കെ...
അപ്പൊ അറിയാം വിശപ്പിന്റെ വിളിയാണോ അവള്ടെ മുടിഞ്ഞ മഹബ്ബത്ത് ആണോ വലുതെന്നു"" 

എന്നുള്ള ഉപ്പാന്റെ വല്ല്യ പെങ്ങടെ വിധിയിൽ ആ പഴയ തറവാട്ടിലെ ഒരു അറയിൽ 
എട്ടുനാള് മാത്രം ആയുസ്സുള്ളൊരു കാരാഗ്രഹവാസവും അതിനാൽ അവൾക്ക് തരപ്പെട്ടു.
പ്രായത്തിന്റെ ചാപല്യം എന്നെല്ലാവരും ഒരേ സ്വരത്തിൽ പറയുമ്പോഴും ആ ഇരുട്ട് മുറിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ നാജി കഴിഞ്ഞത് ദേവനോടുള്ള പ്രണയത്തിൽ അന്ധയായത് കൊണ്ടായിരുന്നു...
അവരുടെ ഓർമ്മകളുടെ ചിറകിലേറി പറന്നപ്പോൾ  വിശപ്പൊന്നും അറിഞ്ഞില്ല തന്നെ....
അവര് പ്രതീക്ഷിച്ചത് പോലെ മൂന്ന് നാളായിട്ട് പോലും നാജി കരഞ്ഞില്ല കൂക്കി വിളിച്ചില്ല....
ഒടുവിൽ അവിടെ കിടന്ന് ജീവൻ പോകാതിരിക്കാൻ ആരുമറിയാതെ അവളുടെ ഉമ്മ വെള്ളവും ആഹാരവും അറയ്ക്കുള്ളിൽ എത്തിച്ചു....
ആരുടെയൊക്കെയോ പ്രാർത്ഥനകളാകാം   ഒൻപതാം നാള് ആ മുറിക്ക് പുറത്തെത്തിച്ചു  ഉടയതമ്പുരാൻ ..!! 

എന്റെ ദേവൻ.....
അവൻ വരും അത്‌ മാത്രമായിരുന്നു നാജിയുടെ മന്ത്രണം....
അത്‌ തീയ്യ ചെക്കന്റെ കൂടോത്രമായി മറ്റുള്ളവർ ഗണിച്ചപ്പോൾ നാജി ദേവനെന്ന മാന്ത്രികനിൽ അലിഞ്ഞു പോയിരുന്നു...
ദേവനെന്ന ഓർമ്മയുടെ മഴയിൽ പലപ്പോഴും നനഞ്ഞു കുളിക്കെ...
നാജി ലൈലയും ദേവൻ എന്നോ അവൾ കേട്ട് മറന്ന കഥയിലെ മജ്‌നുവുമായിരുന്നു... 

എന്ത്‌ കണ്ടിട്ടാ പെണ്ണെ നിയ്യാ ചെക്കനെ വിടാതെ പിടിച്ചിരിക്കുന്നെ????
നെറോം ഗുണോം പോട്ടെ സ്വജാതിയെങ്കിലും ആണോ എന്ന ചോദ്യത്തിന് നാജി പറഞ്ഞ മറുപടി ഒന്നേയുള്ളു....

""ദേവന്റെ സൗന്ദര്യം അറിയണമെങ്കിൽ നാജിയുടെ കണ്ണിലൂടെ നോക്കണം....!!
നാജിയുടേത്  എങ്കിൽ  ദേവന്റെ മിഴിയിലൂടെയേ അറിയാൻ കഴിയൂ......
അതങ്ങനെയേ പറ്റൂ....

ആ സംഭവത്തിന്‌ ശേഷം പുറം കാഴ്ചകൾ  നാജിക്ക് നിഷിദ്ധമായിരുന്നു...
വാണിയേക്കാട്ടെ ആ വീടിന്റെ അകത്തളങ്ങളിൽ അവൾക്ക് കുരുക്ക് വീണു 
                           
                           ❤️❤️❤️

""ദത്താ????""

അല്ല..നാജിയുടെ ദേവൻ ..........!!!
പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നു...
പതിനഞ്ചു വർഷത്തെ കാത്തിരുപ്പിനൊടുവിൽ വീണ്ടും ആ പഴയ ആവേശത്തോടെ ഇറങ്ങി തിരിച്ചിരിക്കുന്നു പഴയ നാട്ടിലേക്ക്.......

ആ വിളിയുടെ ഉടമയ്ക്ക് നേരെയൊന്ന് നോക്കി കൊണ്ട് അവൻ മുന്നോട്ട്  നടന്നു ....

(തുടരും....)

✍️❤️ഹഷാര❤️

പ്രണയമാണ്.....
ഇരു ഹൃദയങ്ങളുടെ കിനാവുകൾ ആണ്...
ഒരു പെണ്ണിന്റെ നിഷ്കളങ്ക പ്രണയമാണ്...
നാജിയുടെയും ദേവന്റെയും പ്രണയം....

അഭിപ്രായങ്ങൾ പറയണേ... 😍

 


പ്രണയോന്മാദികളുടെ പുരാവൃത്തം 2

പ്രണയോന്മാദികളുടെ പുരാവൃത്തം 2

5
1399

ദേവൻ ഉടുത്തിരുന്ന വെളുത്തമുണ്ട് ഒന്ന് മാടി ഒതുക്കി... കയ്യിലെ കറുത്ത ചരടുകൾ ഒന്ന് കയറ്റി വച്ചു.... നടന്നു നീങ്ങുന്ന വഴികളിലെല്ലാം പലരുടെയും മിഴികൾ തന്നിലേക്ക് പാളി വീഴുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... അധികവും പരിചയക്കാരല്ല അടുത്ത് നിൽക്കുന്നവർ ആകാംഷയോടെ അവനെ വീക്ഷിക്കുമ്പോൾ കാരണം തിരക്കി മിഴികൾ പായിക്കുന്നവരാണ്... പരിചമുള്ളവരിൽ ചിലർ അത്ഭുതത്തോടെ നോക്കുന്നു... ചിലർക്ക് ദേഷ്യം.... മറ്റു ചിലരിൽ അവഞ്ജയുടെ മേമ്പൊടിയാണ്.... മുൻപ് വളരെ സ്നേഹിച്ചവരുടെ മിഴികളിൽ ദേഷ്യഭാവമാണ്.... ഇപ്പോഴത്തെ കൗമാരക്കാരിൽ ചിലർക്ക് മാത്രം ആരാധനകലർന്ന ഒരു തരം ദേഷ്യഭാവം.  അല്ല