Aksharathalukal

നാല്‍ക്കവല

 
 
 നാല്‍ക്കവല ഇപ്പോള്‍ ഇങ്ങനെയാണ്
പലയാളുകളുടെ വര്‍ത്തമാനത്തില്‍ ചിന്തകളില്‍ അത് നവീകരിക്കപ്പെടുന്നു
ഓരോ വാഹനം കടന്നു പോകുമ്പോഴും അത് പുതുക്കി  പണിയുന്നു
ഒാരോ ദിവസവും നാല്‍ക്കവല പുതിയകഥകള്‍ മെനയുന്നു
ചില നേരമ്പോക്കുകള്‍,ചില പ്രണയങ്ങള്‍,ചില കുമ്പസാരങ്ങള്‍,പ്രാര്‍ത്ഥനകള്‍ അങ്ങനെഅങ്ങനെ  അങ്ങനെ 
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു ചലച്ചിത്രമാണ് നാല്‍ക്കവല 
ഒാരോ നിമിഷത്തിലും ഓരോരോ ഫ്രെയ്മുകള്‍
പരിഷ്ക്കാരിയായ പെണ്‍കുട്ടിയാണ് ആദ്യഷോട്ടില്‍ ദാവണിയിട്ട സുന്ദരി രണ്ടാമതില്‍
ഒരു യാത്രക്കെന്നോണം നിരാലംബരായ മാതാക്കള്‍ ദൃഷ്ടികുമ്പിട്ടു വഴിയരികില്‍
ജാഥകള്‍,മുദ്രാവാക്യങ്ങള്‍,പരാതികള്‍ ചില ഏകാകികള്‍ വരെ ഓരോരോ ഫ്രെയ്മില്‍
ഇരുളും വെളീച്ചവും മാറി മാറി അവിടെ പ്രത്യക്ഷപ്പെടുന്നു
പാല്‍ക്കാരന്‍െറ പുഞ്ചിരി  പ്രവാസിയുടെ നടത്തം,മാലിന്യം പേറുന്ന ബംഗാളി,തൊഴിലുറപ്പ്,ചിന്തിച്ചവശനായി നടക്കുന്ന സീനിയര്‍ സിറ്റിസണ്‍ 
ജീവിതത്തിന്‍െറഎത്രയെത്രമുഹൂര്‍ത്തങ്ങളാണ് നാല്‍ക്കവല  ഒപ്പിയെടുക്കുന്നത്.പല
അപ്രമേയപ്രമേയങ്ങളെ മാജിക്കല്‍ റിയലിസത്തിലെന്നപോല്‍ അത് പ്രദര്‍ശ പ്പിക്കുന്നു
ഒന്നും മനസ്സില്‍ സൂക്ഷിച്ചുവക്കാതെ മാറ്റങ്ങളില്‍ നിന്നും മാറ്റങ്ങളിലേക്ക് നവീകരിച്ച് നവീകരിച്ച്  ഒരു നാല്‍ക്കവല 
 
നന്ദകുമാര്‍ ചൂരക്കാട്