നാജി...........!!!!
അവൾ എനിക്ക് മുന്നിലും ഉത്തരം കിട്ടാതെ ഞാൻ തേടിയലയുന്ന കടംങ്കഥയാണെന്ന് എനിക്ക് മുന്നിലിരിക്കുന്ന ഈ മനുഷ്യനെ എങ്ങനെ അറിയിക്കും...!!!
മുന്നിലിരിക്കുന്ന ഹസൂട്ടിക്കയെ നോക്കിയിരിക്കെ വീണ്ടും കണ്മുന്നിൽ ആ തെങ്ങിൻ തോപ്പും അതിന് ഒത്ത നടുവിലായി തലയുയർത്തി നിൽക്കുന്ന വാണിയേക്കാടൻ മാളികയും തെളിഞ്ഞു വന്നു.
ആ വീടിന് പിന്നിലെ പറമ്പിൽ ചങ്ക് പൊട്ടി തന്റെ പെണ്ണിനെ വിളിക്കുന്ന ഒരു പൊടി മീശക്കാരൻ.
'""ഇങ്ങള് കരയാ.......
കരയല്ലേ...... എനക്കും പെരുത്ത് സങ്കടം വരും..... കരയല്ലേ......ദേവാ....!!!"""
മുത്ത് പൊഴിയും പോലെ അവളുടെ വാക്കുകൾ അവന്റെ കാതിൽ ചിന്നി ചിതറി....
"""നീ ന്നെ കണ്ട ഇപ്പൊ ഒന്ന് നോക്ക പോലും ഇല്ലല്ലോ നാജി......"""
പരിഭവം നിറഞ്ഞ ദേവന്റെ ശബ്ദം ശ്രെവിച്ച ഒരു വേള കണ്ണുകൾ പരസ്പരം ഇടഞ്ഞുവോ???
നാജിയുടെ മിഴികളിൽ നീർ തിളക്കം.
ഉരുൾപൊട്ടലിനായി കാത്തുകെട്ടികിടന്ന മലയുടെ കടുത്ത ഭിത്തികളിൽ ആഞ്ഞടിച്ച പേമാരി പോലെ അവളുടെ കണ്ണുകൾ പിന്നെയെന്നും അവനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. ആ നനഞ്ഞ മിഴികളുടെ ഉള്ളിലെ കനത്ത നിശബ്ദത കാറ്റിൽ വീണു കിടക്കുന്ന ഗുൽമോഹർ പൂവ് പോലെ അവനെ മോഹിപ്പിച്ച് കൊണ്ടുമിരുന്നു.
"""ഞ പ്പളും നോക്കും ദേവാ..... ഇയ്യ്.... ഇയ്യ് കാണില്ല എന്നെ ഉള്ളൂ....!!"""
നാജിയുടെ സ്വരം അരുതാത്തതെന്തോ കേട്ടപോൽ വിറച്ചു.
അരികലൂടെ കടന്ന് പോകുന്ന വേളകളിൽ സംസാരിക്കാൻ കഴിയാതെ അകലെ നിന്നുകൊണ്ട് നോക്കുമ്പോൾ നിന്റെ കണ്ണുകൾ കാണാനാകാതെ ഞാൻ കുഴങ്ങിയിരുന്നു. മുറ്റത്തു വീണു കിടന്ന ചെമ്പകപ്പൂ പോലെ തുടുത്ത ഹൃദയം അപ്പോഴൊക്കെയും ഉറക്കെ മിടിച്ചതു പോലെ. എത്രയോ മുഖങ്ങൾക്കു മുന്നിലും കണ്ണുകൾ ചാഞ്ഞു ചാഞ്ഞോടുവിൽ
നിന്നിലേക്കെത്തുമ്പോൾ തറഞ്ഞു പോകുന്ന രണ്ടു കണ്ണുകൾ എന്നെ വിഭ്രിപ്പിക്കുന്നു ദേവാ...... അടുത്തിരുന്നു കഥകൾ പറയുമ്പോഴും ആരും കാണാതെ നിന്റെ കണ്ണുകൾ എന്റെ ആത്മാവിലേക്കാഴ്ന്നിറങ്ങിയത് ഞാൻ കണ്ടില്ലെന്ന് നീ കരുതിയോ? നിനക്ക് തെറ്റി.......
എന്റെ മിഴികൾ എല്ലായ്‌പോഴും നിന്നിൽ തന്നെയായിരുന്നു...
നിന്നിൽ മാത്രം......
ഇപ്പൊ എന്നിൽ തിങ്ങി നിറയുന്ന വികാരങ്ങൾ നിനക്ക് എന്നോടും ഇല്ലെങ്കിൽ ആ നിമിഷം ഉച്ചവെയിലിന്റെ കാഠിന്യത്തിൽ കരിഞ്ഞു പോകുന്ന പച്ചിലകണക്കെയാകും ഞാൻ....
നിനക്ക് എന്നോടുള്ള സ്നേഹത്തിന്റെ നിറം രക്തചുവപ്പ് ആകണം ദേവാ....
മൊഴികളാവേണ്ട നാവിനെ ബന്ധിച്ച് ഇരുവരുടെയും കണ്ണുകൾ വാചാലമായ മുഹൂർത്തം....
നമസ്കാരം കഴിഞ്ഞ് കൂടെയുള്ളവർ വരുമ്പോഴും നാജിയും ദേവനും നിന്നിടത്ത് തന്നെ......
മിഴികൾ കൊരുത്തങ്ങനെ....
പകലോൻ മേഘകെട്ടുകൾക്കിടയിൽ പോയ് മറഞ്ഞതോ കുഞ്ഞ് താരകങ്ങൾ തെളിഞ്ഞു വന്നതോ അവരറിയുന്നില്ലായിരുന്നു..
നിന്നെ പ്രണയിക്കുന്നുവെന്ന് ഞാനും
എന്നെ പ്രണയിക്കുന്നുവെന്ന് നീയും
പരസ്പരം പറയാത്ത കാലം വരെ
നമ്മുടെ കണ്ണുകൾ കഥ പറയട്ടെയെന്ന് നിശബ്ദമായി അവരുടെ ഹൃദയം മൊഴിഞ്ഞു...
കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ മനോഹര നിമിഷങ്ങൾ......
ആത്മാവിൽ നിന്നും ആത്മാവിലേക്ക് ഒരു ഗംഗാപ്രവാഹം പോലെ...
പുഴയിൽ നിന്നും കടലിലേയ്ക്കെന്നതു പോലെ ദേവന്റെ ഹൃദയത്തിൽ നിന്നുമൊരു അരുവി ഒഴുകിത്തുടങ്ങുകയും അത് നാജിയുടെ ഹൃദയത്തിൽ വന്നെത്തുകയും ചെയ്തു....
തുറന്നു വച്ച മിഴികളിലൂടെ ജലപ്രവാഹങ്ങളൊന്നിക്കുകയും രണ്ടു ദിശകളിലിരുന്നിട്ടും ഒരേപോലെ ഹൃദയം മിടിക്കുകയും ചെയ്തു.....
"""അന്റെ അമ്മ തെരക്കൂലേ ദത്താ.....???
നേരം പോയിക്കണ്....!!
ഇങ്ങള് പൊയ്ക്കോളീ....!
ഇത് ബെയ്ച്ചോ...!!"""
ദത്തന്റെ കയ്യിലേക്ക് കാശ് എടുത്ത് കൊടുക്കെന്ന പോൽ നാജിയെ മാടി വിളിക്കുന്ന ഉണ്ണി സായ്ബിന്റെ സ്വരമാണ് കൊരുത്ത മിഴികളിലെ കെട്ടിനെ സ്വാതന്ത്ര്യമാക്കിയത്...
ആ നേരമത്രയും എന്ത് പറഞ്ഞെന്നോ എന്ത് ചിന്തിച്ചുവെന്നോ ഇരുവരുടെയും നിനവിലില്ലായിരുന്നു...
ഉപ്പയുടെ വിളിയിൽ ഞെട്ടി തിരിച്ച് അരികിലേക്ക് നടക്കുമ്പോഴും ദേവനായി ഒരു പുഞ്ചിരി അവളിൽ വിരിഞ്ഞിരുന്നു...
അവന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നപോലെ....
ദേവനിൽ നിന്ന് ചാലിട്ടൊഴുകിയ അരുവിയുടെ തണുപ്പിൽ നാജിക്ക് കുളിരും പോലെ തോന്നിച്ചു.
ഉപ്പയിൽ നിന്ന് കൈ നീട്ടി വാങ്ങിയത് ദേവന്റെ മുന്നിലേക്ക് നീട്ടുമ്പോൾ ഒന്നാൻ ആകാശത്ത് സാക്ഷിയായ രണ്ട് പ്രണയനക്ഷത്രങ്ങൾ ഒന്നായ് കണ്ണ് ചിമ്മി....
അവളുടെ മിനുസമാർന്ന കൈകളുടെ തണുപ്പ് കയ്യിൽ പതിയെ ദേവന്റെ നെഞ്ചിലെ കടലിളകി.....
അവ തീരം തൊടാൻ വെമ്പുന്ന അലകളായി ആവിർഭവിച്ചു...
ചെറുതും വലുതുമായ കുഞ്ഞോളങ്ങൾ മനസ്സിൽ താളം തുള്ളുന്നു.
കൺചിമ്മിയ നേരത്തിനുള്ളിൽ നാജി അറയ്ക്കുള്ളിൽ മറഞ്ഞിരുന്നു.
പറമ്പിന്റെ വേലിക്കെട്ടിന് ഇപ്പുറം കാത്തുനിൽക്കുന്ന ചങ്ങാതിമാർക്ക് അരികിലേക്ക് ചെന്ന് സായിബ് കൊടുത്തത് മുഴുവനായും കയ്യിലേക്ക് വച്ച് കൊടുക്കേ
അവരുടെ കണ്ണൊന്ന് മിഴിഞ്ഞു.
അതും പോരാഞ്ഞു സ്വപ്‌നാടകനെ പോലുള്ള ദത്തന്റെ പോക്ക് അവരിലും ആശങ്ക സൃഷ്ടിച്ചു.
ദേവൻ നാജിയുടെ സ്പർശമേറ്റ തന്റെ കരത്തെ താലോലിച്ച് ആ നിലാവെളിച്ചത്തിൽ പാടവരമ്പിലൂടെ നടന്നു.....
എതിർ ദിശയിൽ പാട വരമ്പിലൂടെ ചൂട്ടും തെളിച്ച് അവനെ തേടിവരുന്ന അച്ഛന്റെ രൂപം മനോരാജ്യത്തിൽ പെട്ട് ഉഴറിയ ദേവന്റെ ദൃഷ്ടിയിൽ പെട്ടില്ലെങ്കിലും കൂട്ടുകാരുടെ മിഴികളിൽ പതിഞ്ഞിരുന്നു.
സംശയദൃഷ്ടിയിൽ മൂവരെയും നോക്കിയ അച്ഛൻ രാഘവനെ പോലും ഗൗനിക്കാതെ കടന്നു പോകുന്ന ദേവനെ അവന്റെ കൂടെയുണ്ടായിരുന്ന അബു മെല്ലെ കയ്യിലൊന്ന് തട്ടി കൊടുത്തു.
പൊടുന്നനെ മുന്നിൽ അച്ഛനെ കണ്ടതും ദേവൻ ഒരു ഇളിഭ്യചിരി ചിരിച്ചു.
""ന്റെ ദത്താ... അന്നേ അമ്മ ആട നോക്കിയിരിപ്പ് തുടങ്ങിയിട്ട് നേരം കൊറേ ആയി.....!!
വെക്കന്ന് കുടുംബത്ത് കേറാൻ നോക്കി....
സന്ധ്യ കഴിഞ്ഞാ ള്ള ഈ സെർകീറ്റ് ഇന്നത്തോടെ നിർത്തിക്കാ....
മുന്നോരോടും കൂടിയാ....!!!""""
പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കുന്ന അച്ഛന്റെ കയ്യിൽ ദേവൻ കടന്ന് പിടിച്ചു.
""അച്ഛനിയിത് എങ്ങടാ????""
"""വാണിയേക്കാട്ടേക്ക് സന്ധ്യക്ക് ചെല്ലാണോന്ന് പറഞ്ഞേനു സായിബ്...
നാളെ തൊട്ട് എനക്ക് ആട പണി....
ഇനീം ഭ്രമണം നടത്താതെ വീട് പിടിക്കാൻ നോക്കിക്കോളി...
അബുന്റെ ഉപ്പ നോക്കി നിപ്പുണ്ട്...!"""
ചിരിയോടെ അബുവിനോടും പറഞ്ഞു കൊണ്ട് എതിർദിശയിലെ ഇരുട്ടിനെ ചൂട്ട് വെളിച്ചത്താൽ വകഞ്ഞു മാറ്റി മുന്നോട്ട് കാലുകൾ വലിച്ച് വച്ചു.
""""ദത്താ.........!!!"""""
അരികിൽ ശബ്ദം ഉയർന്നു വന്നതും ദേവൻ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു.
ഹംസൂട്ടിയുടെ പുകക്കറ തിങ്ങിയ വായ ആ ചോദ്യം ഒരിക്കൽ കൂടെ ചോദിക്കും മുന്നേ ഓടി ഒളിക്കണം എന്ന് തോന്നി എനിക്ക്....
മുന്നിൽ ഇപ്പോഴും ഇരുട്ടാണ്.....
അന്ന് കണ്ട അതേ ഇരുട്ട്.....!!!
ഓർമ്മകൾക്ക് ഇപ്പോഴും രക്തവർണ്ണമാണ്....
പ്രണയത്തിന്റെ നിറം.
""""നാജി വെരും ഹസൂട്ടിക്കാ...
നാജിടെ ദേവൻ കൊണ്ടോരും ഓളെ ഈടേക്ക് തന്നെ.......!!!
ഞങ്ങടെ ജീവിതം തട്ടി തെറിപ്പിച്ചോരോട് ഇച്ചിരെ ചോയ്ക്കാനുണ്ട് നിക്ക്."""
പൗരുഷത്തോടെയുള്ള അന്നത്തെ ഇരുപത്കാരന്റെ ഇന്നിന്റെ വാക്കുകൾ സൃഷ്‌ടിച്ച പ്രകമ്പനത്തിലാകാം ഒരു ഞെട്ടൽ ഉണ്ടായിരുന്നു വള്ളക്കാരന്റെ കണ്ണിൽ....
ദേവൻ നടന്ന് അങ്ങ് ദൂരെ പൊട്ട് പോൽ മറഞ്ഞതും വീണ്ടും അയാളാ പാലത്തിന് കീഴെ ചുരുണ്ടു കൂടി....
അയാളുടെ നിറമുള്ള പഴ്യെ ഓർമ്മകളിലും ഒരായിരം വർണ്ണ ശലഭങ്ങൾ പാറി നടന്നു.
വഞ്ചിയിലെ ഇരുകോണിൽ ഇടയ്ക്കിടെ ആരെയും അറിയിക്കാതെ ഇടയുന്ന രണ്ട് ജോടി മിഴികൾ
താൻ അറിഞ്ഞപ്പോഴേ വിലക്കിയ കൗമാരക്കാരുടെ മൊഹബത്ത്.
പ്രായത്തിന്റെ കൗതുകം എന്ന ഒറ്റവാക്കിൽ താൻ നിറം കെടുത്തിയ പ്രണയം...!!!
ആരെയും അറിയിക്കരുത് എന്ന് കരഞ്ഞു കൊണ്ട് സത്യം ചെയ്യിപ്പിച്ച നാജിമോള്....
പലപ്പോഴും അത്താഴപഷ്ണിക്കാരന് അന്നം വച്ചു നീട്ടുന്ന വാണിയേക്കാട്ട്കാരെ അറിയിക്കണോ അതോ കാണുമ്പോഴൊക്കെ പുഞ്ചിരിയോടെ തനിക്ക് സലാം പറയുന്ന ആ കൊച്ചു പെൺകുട്ടിയുടെ കൂടെ നിൽക്കണോ???
അറിയില്ലായിരുന്നു എനിക്ക് എന്ത് വേണമെന്ന്...
മനസ്സ് കുരങ്ങനെ പോലെ ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി മറിയുന്നു.
ഒടുവിൽ അത്താഴം എന്ന തട്ട് താഴ്ന്നു നിന്നപ്പോൾ കണ്ണും കാതും അടച്ച് നിഷ്കളങ്ക പ്രണയത്തെ ഇരു വീട്ടുകാരെയും അറിയിച്ചു.
പ്രണയം എന്നത് എന്തെന്നും അതിന് അർഥം എന്തെന്നും അറിയാത്ത ആ കാലത്ത് ചെറു പുഞ്ചിരിയോടെ സായ്‌വ് അതിനെ എതിർത്തു.
കുഞ്ഞിന്നാൾ മുതൽ ഒരുമിച്ചുള്ള ആ
സൗഹൃദത്തിൽ കാഴ്ചക്കാരായ നമ്മൾ മായം കലർത്തരുത് എന്നൊരു ഉപദേശവും.
വെയിലേറ് ശക്തിയായി മുഖത്തേക്ക് പതിഞ്ഞതും ഹസൂട്ടി അല്പം കൂടെ തണുപ്പുള്ള പാലത്തിന്റെ മറു തീരം തേടി വേച്ച് നടന്നു.
നാജി മോളുടെ നിക്കാഹ് ദിവസം വാണിയേക്കാട്ടെ അഹമ്മദ് ഹാജിയുടെ വക പാരിതോഷികം കിട്ടിയതാണ് വലതുകാൽ മുട്ടിലെ വർഷങ്ങൾക്കിപ്പുറവും കരിയാത്ത
ആഴത്തിലുള്ള മുറിവ്....
ഉണ്ണി സാഹിബിന്റെ മുതിർന്ന സഹോദരൻ ആണ് അയാൾ.
മതത്തിന്റെ ഭ്രാന്തൻ ചിന്തകളിൽ അലയുന്ന ഭ്രാന്തൻ.
അയാൾ രക്തവുംചലവും കിനിയുന്ന വലിയൊരു വടുവിലേക്ക് നോക്കി നിശ്വസിച്ചു.
ആ കാല് തന്നെ അറ്റ് പോകേണ്ടത് അല്ലായിരുന്നോ??..
ദത്തന്റെ ചവിട്ടേറ്റ് അയാൾ വീണു പോയില്ലായിരുന്നു എങ്കിൽ.
കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ആ രാത്രി....
നാജിയുടെ സമ്മതമില്ലാതെ നടന്ന നിക്കാഹ് ഓർമ്മ വന്ന് പോയി
അയാൾക്ക്....
തന്റെ കടത്ത് തോണിയിൽ അവസാനമായി നാജിയെ അക്കരെ എത്തിച്ച നിക്കാഹ് കഴിഞ്ഞ പത്ത് നാൾക്ക് ശേഷമുള്ള ഒരു രാത്രി..
അതിന് പ്രതിഫലം പോലെ ജീവനെടുക്കാൻ വാണിയേക്കാടന്മാർ
കൂരയിലേക്ക് വന്ന് കയറിയ രാത്രി...
(തുടരും....)
✍️❤️ഹഷാര❤️
അഭിപ്രായങ്ങൾ അറിയിക്കണേ... 😍