Aksharathalukal

പ്രണയോന്മാദികളുടെ പുരാവൃത്തം 4

ദേവനിൽ നിന്ന് അടർത്തിമാറ്റി അന്ന് വാണിയെക്കാടേക്ക്  ഉണ്ണി സായിബ് പിടിച്ചപിടിയാലേ കൊണ്ട് പോയ നാജിയെ മൂന്ന് നാൾക്കിപ്പുറം അവളുടെ നിക്കാഹ് ദിനത്തിലാണ് അറയിൽ നിന്ന് വെളിയിൽ ഇറക്കിയത്.
കണ്ണീർ വാർത്ത് മുഖമെല്ലാം കരുവാളിച്ച് കണ്ണുകൾ കുഴിഞ്ഞു....
നാജിയെ അല്ലെന്ന് തോന്നുന്ന തരത്തിൽ ആയിരുന്നു അവളുടെ രൂപം.

ഒരുപാട് ക്ഷണമില്ലാതെ എന്നാൽ വിവരം കേട്ടറിഞ്ഞ അന്നാട്ടിലെ വലിയൊരു
ജനകൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ.

നാജിയുടെ വിശേഷങ്ങൾ എല്ലാം അറിയുന്ന അവളുടെ പ്രണയത്തെ പ്രായത്തിന്റെ പൊട്ടത്തരമായി കരുതാൻ തയ്യാറായി ഒരുപാട് പേര് സ്വജാതിയിൽ തന്നെ അന്നാട്ടിൽ ഊഴം കാക്കുന്നുണ്ടായിരുന്നു.
ആ കൂട്ടത്തിൽ തന്നെ ദേവന്റെ ഏറ്റവും അടുത്ത ചങ്ങായി മാളിയേക്കൽ അലിയാരുടെ മൂത്ത പുത്രൻ അബുവായിരുന്നു നാജിയുടെ മാപ്പിള.

സമ്പത്ത് കൊണ്ട് വാണിയേക്കാട്ടെ മാളികയുടെ ഏഴ് അയല്പക്കത്ത് പോലും എത്തില്ല എങ്കിലും മുസൽമാൻ എന്ന ഒറ്റ പരിഗണനയിലും അബുവിന് നാജിയെ പ്രാണനാണ് എന്ന അവന്റെ ഉറപ്പിലും പെണ്ണ് അറിയാതെ വലിയ പള്ളിയിൽ വച്ച് ഖതീബ് ഉസ്താദിന്റെ
സവിധത്തിൽ ഉണ്ണി മഹമൂദ് സാഹിബ്‌ നിക്കാഹ് വചനം ചൊല്ലി ഏല്പിച്ചു കൊടുത്തു.

പള്ളിയിൽ നിന്ന് മഹർ ചാർത്താൻ വരുന്നതിന് മുന്നേ നാജിയെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ച്  മണവാട്ടിയായി ഒരുക്കാൻ വന്ന പെണ്ണുങ്ങളുടെ വരവിലാണ് താൻ മറ്റൊരാളുടെ ഭാര്യയായ വിവരം നാജി അറിയുന്നത്.
ഒന്നിനും സമ്മതിക്കാതെ വിസമ്മതിച്ചു നിന്ന നാജിയെ ഉമ്മയുടെ ജീവൻ മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തി അവളുടെ വല്യമ്മായി.
അങ്ങനെ അവളെക്കാൾ മുതിർന്ന സഹോദരിമാർ നിൽക്കേ നാജി മണവാട്ടിയായി.
സങ്കടം കടിച്ചു പിടിച്ചു നിന്ന നാജി 
വരന്റെ സ്ഥാനത്ത് വരുന്നയാളെ കണ്ട് തറഞ്ഞു നിന്നു.

അണപൊട്ടിയോഴുകിയ കണ്ണുനീർ തുള്ളികൾ അവളുടെ വട്ടമുഖത്തിലൂടെ ചാലുകൾ തീർത്തൊഴുകി...
പുതിയ കൈവഴികളിലൂടെ അവ താഴേക്ക് നിലം പതിച്ചു.

നിക്കാഹ് കഴിഞ്ഞു നാജിയെ വീട്ടിലേക്ക് കൂട്ടാൻ വാണിയേക്കാട് വന്ന് കയറിയ അബുവിന്റെ ശിരസ്സ് നാജിക്ക് നേരെ ഉയർത്താൻ കഴിയാത്ത വിധം താഴ്ന്നു നിന്നു.

ഒടുവിൽ പുതു പെണ്ണിനേയും ചെക്കനെയും അറയിൽ കയറ്റിയ നേരം നാജി തീക്ഷ്ണതയോടെ 
അബുവിനെ നോക്കി...

""ഇയ്യീ ചെയ്ത ചതിക്ക്  ഒരു നാളും അന്നോട് ഞാൻ പൊറുക്കൂല അബു .
ഒക്കെ അറിഞ്ഞു ബെച്ചിട്ട് ഇത്തറെ ഒള്ളു അന്റെ ചങ്ങായിയോട് ഉള്ള സ്നേഗം..!!""

"""ചങ്ങാത്തത്തേക്കാൾ ഒരു പടി മുന്നിലാ ഷഹനാ എന്റെ സ്നേഹം....!!
അതിന് മുന്നിൽ ദത്തനെ ഞാ മറന്നു കളഞ്ഞു.""

""നീയ്യത് മറന്നാലും മറക്കാനും അന്റെ ബീടരായി പൊറുക്കാനും വാണിയേക്കാടെ ഷഹനാജിനെ കിട്ടൂലാ അബു.

അതിന്പ്പോ എന്തൊക്കെ കാട്ടേണ്ടി വന്നാലും അത്‌ നാജി ചെയ്യും ന്റെ ദേവന് വേണ്ടി....

പുദ്ദി ഒറക്കും മുന്നേ ഈ നെഞ്ചിൽ ഞാൻ പാർപ്പിച്ചതാ ഓനെ....
അത്‌ നെന്നെ പോലെ ഒരുത്തൻ വളഞ്ഞ വഴി കേറി വരുമ്പോ തട്ടിയെറിയാൻ അല്ലത് .
ന്റെ സമ്മതം കൂടാതെ നിക്കാഹ് ചെയ്തതല്ലേ....!!""

ഒഴുകിയിറങ്ങിയ കണ്ണീരിനെ വാശിയോടെ തട്ടി കളഞ്ഞു വർധിച്ച ദേഷ്യത്തിൽ പുറത്തേക്കിറങ്ങിയ നാജിയെ അബു മെത്തയിലേക്ക് പിടിച്ചു തള്ളി.

"""ഇന്നീ അറവിട്ട് ഇയ്യ് എങ്ങാടും പോണില്ല.
നിനക്ക് പുറത്തിറങ്ങാം പക്കേങ്കി ഇയ്യ്  എന്റെ ബീടര് ആയതിന്നു ശേഷം.
അതും എല്ലാ രീതിയിലും 
ഇനിമുതൽ നിന്റെ ശരീരത്തിന് ഉടമ ഞാനാണ് .!!!"""

കട്ടിലിന്റെ കാലിൽ നാജിയുടെ കൈകൾ ബന്ധിക്കപ്പെട്ടു.
തടയാൻ ശ്രെമിച്ച കാലുകൾക്കും വിലങ്ങു വീണു.
അന്ന് പകൽ മുതൽ പിന്നീടുള്ള പത്ത് ദിനങ്ങളിലും  നാജിയുമായി അബു വേഴ്ചയിൽ ഏർപ്പെട്ടു.
ബന്ധനസ്ഥയാക്കിയുള്ള വേഴ്ച്ച.
അവൾ തളർന്നു എന്ന് തോന്നുന്ന നേരങ്ങളിൽ മുഖത്തേക്ക് വെള്ളം തളിച്ചും മറ്റും...
അവൾക്കുളിൽ കയറിയ പ്രണയമെന്ന ശൈത്താനെ ഒഴിപ്പിക്കാൻ അബു ശ്രെമിച്ചു കൊണ്ടേയിരുന്നു.
പത്ത് ദിനങ്ങൾ അല്ല പത്ത് സംവത്സരങ്ങൾ തന്നെയെടുത്താലും നാജിയുടെ ഹൃദയത്തിൽ നിന്ന് ദേവനെ എടുത്ത് കളയാൻ കഴിയില്ല എന്ന് അയാൾക്ക് മനസ്സിലായതേ ഇല്ലാ.

കാരണം അവളിൽ അവന്റെ ഗന്ധമുണ്ട്......

  

അവന്റെ ആത്മവിലാപങ്ങളുണ്ട്... 

  

അവന്റെ സങ്കടങ്ങളും ആനന്ദങ്ങളുമുണ്ട്.... 

  

 ആർത്തിപുരണ്ട ക്രൂരമായ അബുവിന്റെ നോവുകളിൽ... 
ചൂളിപ്പോവുകയായിരുന്നൊ?

അതോ ഭയമോ, അറപ്പോ... എന്തായിരുന്നു... ഏറ്റവും ക്രൂരമായ രണ്ടു കണ്ണുകളുടെ വാൾമൂർച്ചയിൽ വസ്ത്രങ്ങളുടുത്തിട്ടും നഗ്നയാകേണ്ടി വന്നപ്പോൾ തോന്നിയത്? പ്രണയത്തിനും സ്നേഹത്തിനുമപ്പുറം ഒന്നുമില്ലായ്മയുടെ തണലുകൾക്കുമപ്പുറം കാമത്തിന്റെ കരിപുരണ്ട കണ്ണുകൾക്ക് മുന്നിൽ സങ്കടങ്ങൾ പെരുകുന്നു. വസ്ത്രത്തിന്റെ ഇഴകൾ കീറി മുറിഞ്ഞു സ്വന്തം വീടിനുള്ളിൽ മാനഭംഗം ചെയ്യപ്പെട്ടവളായി തനിച്ചിരിക്കുമ്പോൾ ഉറക്കെ കരയാൻ തോന്നുന്നു. 

കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ഉടൽ മറയ്ക്കാൻ പോലും തികയുന്നതേയില്ല. ഒരുവൻ കടിച്ചു മുറിച്ച ശരീരത്തിലേയ്ക്ക് അപരനും ചോരപുരണ്ട കണ്ണുകൾ കൊണ്ട് നോട്ടമെറിയുന്നു. മുറിവില്ലാത്ത ഒരിടം പോലും ഉടലിലിനി ബാക്കിയില്ലെന്ന് തിരിച്ചറിയുമ്പോൾ പകയുടെ നെരിപ്പോടുകൾ എരിഞ്ഞു തുടങ്ങുന്നു. തീക്ഷ്ണമായ നോട്ടങ്ങൾക്കു മുന്നിൽ അയാളുടെ കാമത്തിന്റെ വേലിയേറ്റങ്ങൾ പതറിപ്പോകുമ്പോൾ കീറിപ്പോയ വസ്ത്രങ്ങൾ നിമിഷ നേരം കൊണ്ട് തുന്നിയെടുത്ത് മേലങ്കിയാക്കിയവൾക്കു മുന്നിൽ പിന്നെ ഒറ്റ വഴിയേ ഉള്ളൂ... ഓടുക... തിരിഞ്ഞു നോക്കാതെ ഓടി രക്ഷപ്പെടുക... പതറിപ്പോയവന് തിരിച്ചെത്താൻ നിമിഷനേരങ്ങൾ മതി അതിനു മുൻപ്  അതിരുകൾ കടന്ന് രക്ഷപ്പെടണം....
മിഴിനീരുകൾ വീണു ഓടിയ ഇടങ്ങളെല്ലാം നനയുന്നുണ്ടായിരുന്നു. 

നോവിക്കുന്ന  ഓർമ്മകളെ അടക്കിപിടിച്ചു കൊണ്ട് ഉന്മാദിയേ പോലെ അവളിറങ്ങി ഓടി... 

കണ്ണുനീർ ഉണങ്ങിപ്പിടിച്ച പാടുകളുണ്ട് കവിളുകളിൽ... കരഞ്ഞത് ശരീരം മുറിഞ്ഞിട്ടല്ല....
ഹൃദയം മുറിഞ്ഞിട്ട് ആയിരുന്നു...
അവളോടിയകന്നത് അവളുടെ പ്രണയം തേടിയായിരുന്നില്ല..

പക്ഷെ ഏറ്റവും നിസ്സംഗമായ നോട്ടവുമായി അവൾ വന്ന് പെട്ടത് ഹംസൂട്ടിക്ക് മുന്നിൽ ആയിരുന്നു.

ആ നോട്ടം കണ്ടിട്ട്  പിന്നെ അയാൾക്ക് മറ്റൊന്നും ചോദിക്കാനില്ല.
വാക്കുകൾ പതറിപ്പോകുന്നു. ഒരുവൻ തന്റെ കാമം തീർത്ത്  പഴകി കഴിഞ്ഞ ശരീരത്തിൽ ഏറ്റവും നിസ്സംഗമായത് ആ മിഴികളും നോട്ടവും മാത്രമാകുന്നുണ്ടോ? ആർത്തിപുരണ്ട ആണുടലിന്റെ ഭാഗമായി ഉലഞ്ഞു തുടങ്ങുമ്പോഴും മിഴികൾ എപ്പോഴും കാണാമറത്തെങ്ങോ  ഉള്ള ഒരുവനോട് നിശബ്ദമായി വിട ചോദിക്കുകയായിരുന്നിരിക്കണം.

പ്രകാശമില്ലാതെ പ്രാപിച്ചവന്റെ മിഴികളിലേയ്ക്ക് നോക്കാനാകാതെ തണുത്തു കിടക്കുമ്പോൾ ഉള്ളിലെ അഗ്നി മുഴുവൻ എപ്പോഴാവും അവളുടെ കണ്ണുകളിലേയ്ക്ക് അലച്ചെത്തുക? വിശപ്പിന്റെയും സങ്കടത്തിന്റെയും നിസംഗതയ്ക്കു മുന്നിൽ എന്നേ അഗ്നി പെട്ട് പോയ ഒരു ഹൃദയവുമായാണോ അവൾ ജീവിക്കുന്നത്? അതുകൊണ്ടാകുമോ അവളുടെ കണ്ണുകൾക്ക് ഇത്ര നിരാലമ്പത്വം? ലോകത്തിലെ സങ്കടങ്ങളനുഭവിക്കുന്ന എല്ലാ മനുഷ്യന്റെയും നോട്ടമാണവൾക്ക്... ഒരിക്കൽ ഉള്ളിൽ ആഞ്ഞടിച്ചിരുന്ന അഗ്നിയെ മിഴിനീര് കൊണ്ട് കെടുത്തി പിന്നെയവിടെ ഉപ്പില്ലാത്ത കടലിനെ ഒളിപ്പിച്ചവൾ...
അവളുടെ നോട്ടത്തോളം നിസംഗമായ ഒരു നോട്ടവുമെങ്ങും അന്നേ വരെ ഹസൂട്ടി കണ്ടിട്ടേയില്ലായിരുന്നു.
അവളെ വഞ്ചിപ്പുരയിലിരുത്തി അയാൾ ദത്തനെയും തിരക്കിയിറങ്ങി........
ഒരുപാട് അകലേക്ക്‌ പോകേണ്ടി വന്നില്ല അയാൾക്ക്....

പുഴയുടെ തീരത്ത്   നിശബ്ദം കണ്ണീർ വാർക്കുന്ന അവനെയും വലിച്ച് അവൾക്ക് മുന്നിലെത്തി....

""'ചെയ്യന്ത് തെറ്റാ... ഇക്കറിയാം... പക്കെങ്കിൽ ഇന്റെ ശെരിപ്പ തിലാ ദത്താ........
ഒരുവൻ കഴുകൻ കണക്കെ കൊത്തി വലിച്ചതാ ഈ പ്പെണ്ണിനെ......
നിനക്ക് കഴിയോ ഇനി ഓളെ സ്വീകരിക്കാൻ...!!!'"""


അയാളുടെ ചോദ്യത്തിന്  നിറഞ്ഞ സമ്മതത്തിൽ അവളുടെ കയ്യിലേക്ക് കൈ ചേർത്ത ദേവനെ കുടഞ്ഞെറിഞ്ഞവൾ കുതറിയോടാൻ
തുടങ്ങി.....
അതിനിടയിലും അവളുടെ ഹൃദയമിങ്ങനെ മന്ദ്രിച്ചു....

എന്നിലെ നിന്റെ ഓർമ്മകൾക്ക് ഇനിയൊരു ശരീരം ആവശ്യമില്ല ദേവാ....
നനുത്ത മഞ്ഞുതുള്ളിയുടെ ചുബനമേറ്റു തുടിപ്പോടെ വിടർന്നു നിൽക്കുന്ന ചെമ്പകത്തിൻ സുഗന്ധം...

ആയിരം നക്ഷത്രങ്ങൾക്കൊപ്പം ചന്ദ്രിക പൂനിലാവ് പൊഴിക്കുന്ന രാവ്‌ പോലെ നിന്റെയോർമ്മകൾ എന്നിലുണ്ടാകും.....
നീയിനി നാജിയുടെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിലെ ആദ്യത്തെ ഏടായിരിക്കും...!!!


കാണാമറയത്ത് എവിടെയോ എന്റെ ഓർമ്മകൾക്കുമപ്പുറം നീയിനി ഉണ്ടായിരുന്നാൽ മതി ദേവാ...

ഇന്നലെകളിലേക്ക് മനസ്സ് കടിഞ്ഞാണില്ലാത്ത പായുമ്പോൾ  തോണിയിൽ മിഴികളിലൂടെ കൈമാറിയ  നമ്മുടെ പ്രണയം
ഇന്നെനിക്ക് തീരാ നോവാണ്....


കണ്ണുകൾ തമ്മിലുടക്കുമ്പോൾ എന്റെ കണ്ണിൽ നിറഞ്ഞ പരിഭ്രമം മറക്കാൻ ഞാൻ തത്രപ്പെടുമ്പോൾ നിന്റെ മിഴികളിൽ വിടർന്നിരുന്ന കുസൃതി എന്നിൽ വിരിയിച്ചത് അനുരാഗപൂക്കളായിരുന്നു.
പക്ഷെ ഇന്നെന്നിലെ പൂക്കളെ ഒരുവൻ ചവിട്ടിയരച്ചിരുന്നു...
ഇനിയും പൂ മൊട്ടുകളാകാനോ വിടരാനോ കഴിയാത്ത വിധം.

നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകൾക്ക് മഞ്ഞുപെയ്യും പുലരിയിൽ വിടർന്ന ചെമ്പകപ്പൂമണമായിരുന്നു...
എന്നും അതങ്ങനെ തന്നെയായിരിക്കും.

നിന്റെ ഓർമകളിൽ മാത്രമേ നാജിയുടെ ഹൃദയതാളം തുടി കൊട്ടുകയുള്ളൂ....
അസാന്നിധ്യത്തിൽ പോലും നിന്റെ സാന്നിധ്യം ഞാനറിയാൻ തുടങ്ങിയപ്പോൾ ഞാനറിഞ്ഞു നീ എനിക്ക് പ്രിയമാർന്നതെന്ന്... എന്നിൽ ഞാൻ മറന്നുവെച്ച എന്തെല്ലാമോ നിന്നിലൂടെ ഞാനറിയാൻ തുടങ്ങി... 
എന്റെ പകലുകൾ നിന്നിൽ തുടങ്ങി പകലോൻ പടിഞ്ഞാറ് വിട പറയുമ്പോഴും ഞാൻ നിന്നിൽ തന്നെ അലിഞ്ഞു നിൽക്കുന്നു.....

സ്വന്തമാക്കൽ മാത്രമല്ല പ്രണയം....
ഹൃദയം നുറുങ്ങുന്ന വേദനയാണെങ്കിലും മനസ്സുകൊണ്ട് നീ എന്നുമെന്നെ ചേർത്തു പിടിക്കും..
എനിക്കറിയാമത്...
അതിന് പോലുമെനിക്കിനി അർഹതയില്ല ദേവാ....
പരിശുദ്ധിനഷ്ടപ്പെട്ടു നിനക്ക് മുന്നിൽ നില്കുന്നിടത്തോളം ഞാനെന്ന പെണ്ണിനെ നോവിക്കുന്ന യാതൊന്നും തന്നെയില്ല.

നീ ഒരിക്കലും എന്നിൽ നിന്നകലുന്നില്ല ദേവാ.....
എന്നിൽ നിറഞ്ഞു നിൽക്കുന്നത് നീ തന്നെ...
എന്നിലൂടെ ഞാൻ നിന്നെ കാണുന്നു....

എന്റെ സ്വപ്നങ്ങളിൽ നിലാവ് പെയ്യുന്ന രാവുകളിൽ നിന്റെ മടിത്തട്ടിൽ തലവെച്ചു നിന്നിൽ ഞാൻ അലിഞ്ഞില്ലാതെയാകും...   

ഒഴികിയിറങ്ങുന്ന കണ്ണീരിനെ സ്വാതന്ത്ര്യത്തോടെ വിട്ട്  കുഞ്ഞോളങ്ങൾ തീർക്കുന്നയാ പുഴയിലേക്ക് അവൾ എടുത്തു ചാടി...
ഒട്ടൊരു മാത്ര താമസിക്കാതെ അവനും....

എങ്ങനെയോ വലിച്ച് കരക്കിടുമ്പോഴും അവളുടെ ഉണങ്ങി തുടങ്ങിയ മുറിവുകളിൽ നിന്ന് വീണ്ടും രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു.

പകലോൻ  പിറക്കും മുന്നേ അക്കരെ കടക്കണം എന്നുള്ള തന്റെ നിർബന്ധത്തിൽ മാത്രമാണ് ബോധമില്ലാതിരുന്ന നാജിയെയും കൊണ്ട്  ദത്തൻ ആ രാത്രി  അക്കരയ്ക്ക് പോകാൻ തുനിഞ്ഞത്.
തന്റെ ഭാര്യയുടെ കണ്ണിൽ തെളിഞ്ഞിരുന്ന ഭയം പോലും തനിയെ അലിഞ്ഞില്ലാതെയാകുന്നത് ഹംസൂട്ടി അറിഞ്ഞിരുന്നു.
എന്ത് വന്നാലും ഇവരെ വാണിയേക്കാടൻമാരുടെ മുന്നിലേക്ക് ഇട്ട് കൊടുക്കരുത് എന്ന് തന്നോട് അപേക്ഷിച്ച റംലത്ത്.

പക്ഷെ അക്കരെയെത്തും മുന്നേ വന്നു മൂന്നാല് ആളുകൾ വീട് തേടിയെത്തി......
കാണുകയും ചെയ്തു....
ഉറങ്ങി കിടന്ന മക്കളുടെ കഴുത്തിൽ അമരുന്ന കൊലകത്തിക്ക് മുന്നിൽ പകച്ച് തിരികേ വള്ളം തുഴഞ്ഞെത്തിയതും ആദ്യ വെട്ട് വലത് കാലിൽ വന്നു.

പിന്നെ വന്നവരെ മുഴുവൻ എതിർത്തു നിന്നത് ദത്തൻ ആയിരുന്നു.
അവന്റെ പെണ്ണിനെ പിച്ചിക്കീറാൻ ഇട്ട് കൊടുത്തതിലുള്ള ദേഷ്യം..

ചുരുണ്ടു കൂടി കണ്ണ് പൂട്ടുമ്പോഴും കണ്ണിൽ ഉയർന്നു വരുന്നത് തിളക്കമാർന്ന ഇരുതല മൂർച്ഛയുള്ള വാളിന്റെ തിളക്കം തന്നെയാണ്.

                      *************
മുന്നോട്ട് നടന്ന ദേവൻ മുന്നിലേക്ക്
വന്ന് നിന്ന ഉണ്ണി മഹമൂദ് സാഹിബിനെ നോക്കി...
പഴയ പ്രൗഡിയും പ്രതാപവും ഒന്നും തന്നെയില്ല.
തീരെ അവശനായിരിക്കുന്നു.....
കുഴിഞ്ഞ കണ്ണുകൾ......
കണ്ണിലാളുന്ന പക പ്രതീക്ഷിച്ചിടത്ത്
ദയനീയത മുറ്റിയ ഭാവം..

"""നീ വന്നു എന്നറിഞ്ഞു..!!!!
ന്റെ....... ന്റെ..... നാജി എവടെ?????"""

തൊണ്ടക്കുഴിയിൽ നിന്നും വരുന്ന ശബ്ദം ഗർത്തത്തിൽ നിന്ന് ഉയർന്ന് വരും പോലെ തോന്നിച്ചു ദേവന്.

"""എന്തിനാണ് സാഹിബെ????
മതത്തിന്റെ പേരിൽ തച്ച് കൊല്ലാൻ വേണ്ടിയാണോ???"


(തുടരും....)

✍️❤️ഹഷാര❤️


അഭിപ്രായങ്ങൾ അറിയിക്കണേ... 😍