അരവിന്ദം
അലാറം നീട്ടി അടിച്ചപ്പോഴാണ് ശിവദ കണ്ണ് തുറക്കുന്നത്.
" ഓ മൂന്ന് മണി ആയോ ഇത്ര പെട്ടെന്ന്? " അവൾ കട്ടിൽ നിന്നും എണീറ്റു.എല്ലു പോലും കോച്ചുന്ന തണുപ്പ് എന്നാലും അവൾക് എണീക്കാണ്ട് നിവർത്തിയില്ലാരുന്നു. എണീറ്റപാടെ മുറിയുടെ ഓര്ത്തു പാക്ക് ചെയ്ത് വെച്ചിരിക്കുന്ന ബാഗുകളിലേക്കു അവളുടെ കണ്ണുകൾ പോയി.
" ഹം ഇനി ഇതെല്ലാം വാരി കെട്ടി തിരുവനന്തപുരത്തേക്കു ഒരു പറിച്ചു നടില് അതും സെക്രെട്ടറിയേറ്ററിൽ ജൂനിയർ ക്ലർക്ക് ആയിട്ടു "
അച്ഛന്റെ ആഗ്രഹം പോലെ അവൾ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയായി അതും ഇരുപത്തിയഞ്ചാം വയസ്സിൽ. ഇന്നത്തെ കാലത്തു ഈ ചെറു പ്രായത്തിൽ ഗവണ്മെന്റ് ജോലി കിട്ടുക വളരെ ഭാഗ്യം തന്നെയാണ്. ഏറെ കഷ്ടപെട്ടിട്ടു തന്നെയാണ് അവൾക് ആ ജോലി കിട്ടിയത്. എന്നാലും വിവാഹത്തിന് മുൻപ് പി എസ് സി കടാക്ഷിച്ചത് അവൾക്കൊരു ആശ്വാസംതന്നെയായിരുന്നു. കുളി മുറിയിൽ കയറി കുളിച്ചു കുളിച്ചു കുളിച്ചില്ലാന്നു വരുത്തി അവൾ മുറിയിലേക്ക് വരുമ്പോൾ അമ്മ ഒരു ചായ ഗ്ലാസ്സുമായ് നിൽപ്പുണ്ടായിരുന്നു. അമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു തന്നെ വിട്ടു പിരിയുന്നതിലുള്ള സങ്കടം അമ്മ കണ്ണുകളിൽ ഒളിപ്പിക്കുന്നുണ്ടെന്നു അവൾക് മനസിലായി.
" ദ മോളെ ചായ " അമ്മ ചായ ഗ്ലാസ് നീട്ടി കൊണ്ട് പറഞ്ഞു.
" ഞാൻ ഊണ് മുറിയിലേക്ക് വരായിരുന്നല്ലോ അമ്മേ "
" എങ്കിൽ മോളു അങ്ങോട്ട് വാ അമ്മ ദോശയും ചമ്മന്തിയും എടുത്ത് വെച്ചിട്ടുണ്ട് " ഇത്ര വെളുപ്പിനെ എനിക്ക് വേണ്ടമ്മേ " അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു
" അത് പറഞ്ഞാൽ പറ്റില്ല അത്രേം ദൂരം യാത്ര ചെയ്യേണ്ടതാണ് നിനക്കു വിശക്കും പിന്നെ ട്രെയിനിൽ നിന്നു കിട്ടുന്നതൊന്നും കഴിക്കണ്ട നീ വന്നു കഴിക്കാൻ നോക്ക് " അമ്മ ചായ ഗ്ലാസ്സുമായ് ഊണ് മുറിയിലേക്ക് നടന്നു.
അമ്മ പോയി കഴിഞ്ഞപ്പോൾ ശിവദക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി
" പാവം അമ്മ എനിക്ക് വേണ്ടി എന്റെ ഇഷ്ട വിഭവങ്ങൾ കാലത്തു തന്നെ ഉണ്ടാക്കിയിരിക്കുന്നു ഇന്നലെ രാത്രിൽ ഒരു പോള കണ്ണടച്ചിട്ടുണ്ടാകില്ല എന്റെ അമ്മ " അവളുടെ കണ്ണുകൾ നിറഞ്ഞു.
*********
അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചു ബാഗും എടുത്ത് പുറത്തിറങ്ങുമ്പോൾ അമ്മയുടെ വക കുറെ ഉപദേശങ്ങളും
" ശരീരം നന്നായിട്ടു നോക്കണം ആഹാരം കഴിക്കണം, എല്ലാ സെക്കന്റ് സാറ്റർഡായും വീട്ടിലേക് എത്തണം " എന്നൊക്കെ. എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പടിക്കൽ തന്നെ അച്ഛൻ നില്പുണ്ടായിരുന്നു അപ്പോഴേക്കും അനിയത്തി ശരണ്യയും അനിയൻ വിഷ്ണുവും മുറ്റത് സ്ഥാനം പിടിച്ചിരുന്നു. ഏതോ അവാർഡ് പടം പോലെ എല്ലാവരും മൂകരായി നില്കുന്നു. എല്ലാവരുടെയും അടുത്ത് ചെന്നു യാത്ര പറഞ്ഞാൽ പിന്നെ ഒരു കൂട്ടക്കരച്ചിൽ അണപൊട്ടും അത് കൊണ്ട് എല്ലാവരെയും നോക്കി പോയിട്ടു വരാം എന്ന് പറഞ്ഞു പടിയിറങ്ങാനായിരുന്നു അവളുടെ വിധി.
പുറത്ത് അച്ഛന്റെ അംബാസ്സഡർ കാർ റെഡി ആയിരുന്നു അച്ഛനും കൂടെ തിരുവനന്തപുരത്തേക്ക് വരുന്നതിനാൽ അവരെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്നു വിടുക എന്നത് അച്ഛന്റെ സുഹൃത്ത് കൃഷ്ണേട്ടന്റെ ദൗത്യം ആയിരുന്നു. കാർ കണ്ടപ്പോൾ അവൾ താൻ അച്ഛനോട് പണ്ട് പറഞ്ഞത് ഓർമ്മ വന്നു. തനിക്കു ജോലി കിട്ടുമ്പോൾ ഈ കാർ മാറ്റി വേറെ ന്യൂ സ്റ്റൈൽ കാർ വാങ്ങാമെന്നു. പക്ഷെ അപ്പോഴൊക്കെ അച്ഛൻ പറയും നീ വാങ്ങിക്കോ പക്ഷെ എനിക്കിതു മതിന്നു. പഴമയെ സ്നേഹിക്കുന്നതുകൊണ്ടാകാം അച്ഛൻ പഴയ തറവാടും പഴയ കാറും എല്ലാം അമൂല്യങ്ങളായ സൂക്ഷിക്കുന്നത്.
" മോളെ വേഗം കയറു സമയം പോകുന്നു " അച്ഛന്റെ വിളി കെട്ട് ചിന്താവിഷ്ടയായ നിന്ന ശിവദ തന്റെ ചിന്തകൾ തല്ക്കാലം മാറ്റി വെച്ചു കാറിന്റെ പിൻസീറ്റിലേക്കു കയറി. അച്ഛൻ കൃഷ്ണേട്ടനോപ്പം മുൻ സീറ്റിൽ സ്ഥാനം പിടിച്ചു.
" മോളെ നീ ഒന്നും എടുക്കാൻ മറന്നിട്ടില്ലല്ലോ അല്ലെ? " അച്ഛൻ ചോദിച്ചു.
" ഇല്ല അച്ഛാ " അവൾ മറുപടിയും കൊടുത്തു
" എന്നാൽ കൃഷ്ണ വണ്ടി എടുത്തോ " അച്ഛൻ പറയേണ്ട താമസം കൃഷ്ണേട്ടൻ കാർ സ്റ്റാർട്ട് ചെയ്തു.
ശിവദയുടെ നെഞ്ച് ഒന്ന് പിടച്ചു അവൾ കാറിന്റെ വിന്ഡോയിലൂടെ പുറത്തേക് തിരിഞ്ഞു നോക്കി അമ്മയും അനിയത്തിയും അനിയനും നിറകണ്ണുകളോടെ അവളുടെ നേരെ കൈ വീശുന്നു. അവൾക് പിടിച്ചു നിൽക്കാനായില്ല ഒളിപ്പിച്ചു വെച്ച കണ്ണുനീർ ധാരധാരയായി ഒഴുകി. ഇതെല്ലാം അച്ഛൻ കാർ മിററിലൂടെ കാണുന്നുണ്ടായിരുന്നു അദ്ദേഹവും കണ്ണുനീർ മറക്കാൻ നന്നേ പാടുപെട്ടു. പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് അവർ റെയിൽവേ സ്റ്റേഷനിൽ എത്തി നാലരക്കാണ് ട്രെയിൻ. കാറിൽ നിന്നിറങ്ങിയ അച്ഛനും കൃഷ്ണേട്ടനും ഡിക്കിയിൽനിന്നും അവളുടെ ബാഗുകൾ എടുത്തു പുറത്തു വെച്ചു.
" അഹ് കൃഷ്ണ നീ പൊയ്ക്കോ ഞാൻ തിരിച്ചെത്താറാകുമ്പോൾ വിളിക്കാം അപ്പോൾ വന്നാൽ മതി " അച്ഛൻ കൃഷ്ണേട്ടനോട് പറഞ്ഞു.
" ശെരി ചന്ദ്ര ഞാൻ പോയിട്ടു വരാം പിന്നെ മോളെ ജോലി ഒക്കെ നന്നായിട്ടു വരട്ടെ " ഒരു ആശിർവാദവും തന്ന് കൃഷ്ണേട്ടൻ കാറുമായി പോയി. ബാഗുകളും എടുത്തു ശിവദയും അച്ഛനും പ്ലാറ്റുഫോമിലേക്കു പോയി നേരത്തെ ടിക്കറ്റ് എടുത്തതിനാൽ ടിക്കറ്റിനു വേണ്ടി ക്യൂ നിൽക്കേണ്ടി വന്നില്ല. പ്ലാറ്റ്ഫോമിൽ എത്തിയതും ട്രെയിൻ വന്നതും ഒരുമിച്ചായിരുന്നു.
**********
പത്തു മണിയായപ്പോൾ ട്രെയിൻ തമ്പാനൂരെത്തി . അവർ ഒരു ഓട്ടോ പിടിച്ചു അവൾക്കു താമസിക്കാൻ ഏർപ്പാടാക്കിയ വീട്ടിലേക്കു പോയി. ടൗണിനു കുറച്ചു മാറിയുള്ള വീടായിരുന്നു അത്. അവിടുന്നു സെക്രെട്ടറിയേറ്ററിലേക്ക് കഷ്ടിച്ച് ഒരു കിലോ മീറ്റർ കാണും. അവർ ആ വീടിനു മുൻപിൽ എത്തി.ഓട്ടോക്കാരനോട് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് അച്ഛൻ അവളെയും കൂട്ടി വീട്ടിലേക്കു കയറി ചെന്നു. പെട്ടെന്നാണ് ഒരു യുവതി ഡോർ തുറന്നു വന്നത്. ഏതാണ്ട് മുപ്പതു വയസ്സിനടുത്തു പ്രായം പറയും. അവർ ശിവദയെയും അച്ഛനെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
" ആഹാ നിങ്ങൾ കറക്റ്റ് സമയത്ത് എത്തിയല്ലോ കയറി വാ "
അവർ അകത്തു കയറി.
" ഞാൻ പ്രവീണ നമ്മൾ ഒന്നിച്ചു ഒരു ഡിപ്പാർട്മെന്റിലാണ് വർക്ക് ചെയ്യാൻ പോകുന്നത് "
ശിവദ പുഞ്ചിരിയോടെ അവരെ നോക്കി.
" അന്ന് ഞങ്ങൾ വന്നപ്പോൾ കുട്ടിയെ കണ്ടില്ലല്ലോ ഇവിടെ? " അച്ഛൻ പ്രവീണയോടു ചോദിച്ചു.
" ഞാൻ അന്ന് നാട്ടിൽ പോയിരിക്കുവായിരുന്നു വന്നപ്പോൾ ഓണർ കുമാരേട്ടൻ നിങ്ങൾ വരുന്ന കാര്യം ഒക്കെ പറഞ്ഞു "
" ആഹാ കുട്ടിയുടെ വീട് എവിടാ? എത്ര നാളായി ഇവിടെ? അച്ഛൻ ചോദിച്ചു
" എന്റെ വീട് കായംകുളം അടുത്താണ്.. ഇവിടെ ആറുമാസമായി "
" വീട്ടിൽ ആരൊക്കെ ഉണ്ട്? " അച്ഛൻ വീണ്ടും ചോദിച്ചു
" ഭർത്താവും രണ്ടു കുട്ടികളും ഉണ്ട് ഒരാൾ അഞ്ചാം ക്ലാസ്സിലും മറ്റെയാൾ രണ്ടാം ക്ലാസ്സിലും, പിന്നെ അച്ഛനും അമ്മയും ഉണ്ട് " അവൾ മറുപടി നൽകി.
" കുട്ടികളെ ഒകെ വിട്ടിട്ടാണല്ലേ ഇവിടെ" അച്ഛൻ പറഞ്ഞു
" അതെ. എന്ത് ചെയ്യാൻ? പിന്നെ ഭർത്താവ് പോലീസിൽ ആണേ ഉടൻ ട്രാൻസ്ഫർ ആയി ഇങ്ങോട്ട് വരും പിന്നെ ഞങ്ങൾക്ക് ഇവിടെ സെറ്റിൽ ആകാലോ " അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" അല്ല നിങ്ങൾ പാലക്കാട് നിന്നല്ലേ? " പ്രവീണ ചോദിച്ചു.
" അതെ " അച്ഛൻ മറുപടി പറഞ്ഞു.
" പിന്നെ ഈ വീടിനു 6000 രൂപയാണല്ലേ വാടക? " അച്ഛൻ വീണ്ടും ചോദിച്ചു.
" അതെ ഇവിടെ ഇപ്പോൾ ഞങ്ങൾ മൂന്നുപേരാണുള്ളത് ബാക്കി രണ്ടു പേര് ബാങ്ക് ജോലിക്കാരനാണ് കോട്ടയംകാരാണ് ഞങ്ങൾ എല്ലാരും കൂടെ റെന്റ് ഷെയർ ഇടും പിന്നെ കുക്കിങ്ങും എല്ലാം ഒറ്റക്കാണ്.. അല്ല കുട്ടിക്ക് എങ്ങനാ പാചകം ഒക്കെ അറിയുമോ? "
" അറിയാം അവൾ എല്ലാം അമ്മയുടെ അടുത്ത് നിന്നു നേരത്തെ തന്നെ പഠിച്ചു വെച്ചിട്ടുണ്ട് " അച്ഛൻ മറുപടി നൽകി.
ഇതെല്ലാം കേട്ടിട്ടും ശിവദ മൗനം വിടാതെ ഇരിക്കുയായിരുന്നു. അവിടെയും പ്രവീണ ഇടപെട്ടു.
" കുട്ടിക്ക് വീട് വിട്ടു മാറി നിൽക്കുന്നതിന്റെ വിഷമമാണോ? "
ശിവദ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
" ഇങ്ങനെ ഇരുന്നാൽ മതിയോ ഓഫീസിലേക്ക് പോകണ്ടേ സമയം ഒരുപാടായി " പ്രവീണ ചോദിച്ചു
" ഉം പോകണം " ശിവദ സമ്മതം മൂളി അച്ഛനെ നോക്കി.
" മോളു ചെല്ല് അച്ഛനും ഇറങ്ങുവാണ് "
പോകാൻ നേരം അച്ഛൻ ശിവദയുടെ തലയിൽ കൈ വെച്ചു പറഞ്ഞു " എന്റെ മോളു നന്നായി വരും ". അപ്പോഴേക്കും ശിവദയുടെ കണ്ണുകളിൽ ഒരു അണക്കെട്ടു പൊട്ടി കഴിഞ്ഞിരുന്നു.
********
ഓഫീസിൽ എത്തിയ ശിവദയെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തത് പ്രവീണ ആയിരുന്നു. സംസാര പ്രിയയായ പ്രവീണയെ ശിവദക്ക് നന്നേ ബോധിച്ചു. വൈകിട്ട് ജോലി കഴിഞ്ഞു തിരിച്ചെത്തിയ ശിവദക്ക് തന്റെ വീട്ടിലെ ചിന്തകൾ വന്നു തുടങ്ങി. ജീവിതത്തിൽ ആദ്യമായിട്ടാ താൻ എല്ലാവരെയും പിരിഞ്ഞിരിക്കുന്നത്. ഓർക്കും തോറും കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു ഇത് മനസിലാക്കിയ പ്രവീണ ശിവദയെ ഒറ്റപ്പെടാൻ വിടാതെ പിന്നാലെ തന്നെ കൂടിയിരുന്നു.
*******
പിറ്റേന്ന് അതി രാവിലെ തന്നെ ശിവദ എഴുന്നേറ്റു .പ്രവീണയും ബാക്കി രണ്ടു പേരും അടുക്കളയിൽ വരുന്നതിനു മുൻപ് തന്നെ ശിവദ അടുക്കളയിൽ കയറി പാചകം തുടങ്ങി.
" ഏയ് ഇത്രയും കാലത്തെ ഒന്നും എണീക്കണ്ടട്ടോ " അടുക്കളയിൽ എത്തിയ പ്രവീണ പറഞ്ഞു.
" സാരമില്ല ചേച്ചി വീട്ടിൽ ഞാൻ അഞ്ചരക്ക് എണീക്കും " ശിവദ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ആഹാ മിടുക്കി പെണ്കുട്ട്യോളായാൽ ഇങ്ങനെ വേണം " പ്രവീണ അവളെ പ്രശംസിച്ചു.
*******
ശിവദയും പ്രവീണയും ഓഫീസിൽ എത്തി പ്രവീണയുടെ വാ തോരാതെയുള്ള സംസാരത്തിൽ മുഴുകി നടക്കുകയായിരുന്നു ശിവദ. പെട്ടെന്നാണ് സ്റ്റെപ്പിൽ നിന്നു അവൾ കാല് തെറ്റി
" അയ്യോ ചേച്ചി "എന്ന് അവൾ വിളിച്ചു കൊണ്ട് പിന്നിലേക്കു മറിയാൻ പോയതും രണ്ടു കൈകൾ അവളെ താങ്ങിയതും ഒന്നിച്ചായിരുന്നു. ആ കൈകളിലേക്ക് ഊർന്നു വീണ അവൾ ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരൻ അയാളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ആകര്ഷണത്വം. അലക്ഷ്യമായി കിടന്നിരുന്ന അയാളുടെ മുടി ആ കണ്ണുകളിലേക്കു വീണു കിടന്നിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ താടിയും മുടിയും ഒകെ നീട്ടി വളർത്തിയ ഒരു സ്റ്റൈലൻ ചെക്കൻ. പകച്ചു പോയ അവളെ അവൻ തങ്ങി നിർത്തിട്ടു സ്റ്റെപ് കയറി പോകാൻ തുടങ്ങി. ഏതോ മായ ലോകത്തു നിന്നു ഉണർന്നപോലെ അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" താങ്ക്സ് "
എന്നാൽ അവനതു കേട്ട ഭാവം പോലും നടിക്കാതെ അവിടെ നിന്നും ഓടി അപ്രത്യക്ഷനായി.
( തുടരും )