Part-3
✍️MIRACLE GIRLL
അവർ ഇറ്റലിയിൽ എത്തി, ആദ്യത്തെ രണ്ട് ദിവസം സോഫിയ അവരെ പല സ്ഥലങ്ങളിലേക്കും കൊണ്ട് പോയി. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു അമീറ അത്രയധികം സന്തോഷിക്കുന്നത്.
അമീറ ഡൈനിങ് ടാബിളിന് അടുത്ത് ഇരുന്നു കൊണ്ട് ഇശലിനെ കളിപ്പിക്കുകയായിരുന്നു.
അപ്പോഴാണ് സോഫിയ അങ്ങോട്ടേക്ക് വന്നത് . അവരുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ചു.
" ബ്രേക്ക് ഫാസ്റ്റ് കഴിക്കൂ, നമുക്കൊരിടം വരെ പോകാനുണ്ട്" സോഫിയ പറഞ്ഞു.
അമീറ അവരെ നോക്കുകയല്ലാതെ ഒന്നും പറയാൻ തുനിഞ്ഞില്ല.
സോഫിയ പറഞ്ഞത് പോലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അവള് അവരുടെ കൂടെ ഇറങ്ങി. ഒപ്പം ഇഷലും ഉണ്ടായിരുന്നു.
ഒരു വലിയ സ്ട്രീറ്റിന് നടുവിലാണ് സോഫിയയുടെ കാർ എത്തിച്ചേർന്നത്.
" അമീറ, നമ്മൾ എത്തി" സോഫിയ അവളെ നോക്കി കൊണ്ട് പറഞ്ഞു.
അവരുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടത് പോലെ അമീറക്ക് തോന്നി.
" എന്താ ഇവിടെ? " അവള് അവളുടെ സംശയം മറച്ച് വെക്കാതെ ചോദിച്ചു.
സോഫിയ കാറിൽ നിന്നും ഇറങ്ങി കൊണ്ട് അമീറയോട് കൂടെ വരാൻ ആവശ്യപ്പെട്ടു.
അവള് ഇഷലിനെയും എടുത്ത് കൊണ്ട് അവരെ പിന്തുടർന്നു.
ഇടുങ്ങിയ വഴികളിലൂടെയാണ് അവർ അവളെ കൊണ്ട് പോയത്, ചുമരിലെല്ലാം രക്തകറകൾ....
കുറച്ച് ദൂരം മുൻപോട്ട് നടന്നപ്പോൾ ഒരു വീട്ടിൽ നിന്നും നിലവിളി ശബ്ദങ്ങൾ ഉയരുന്നുണ്ടായിരുന്നു. അവള് എന്താണെന്ന് അറിയാനായി അവിടേക്ക് നോക്കിയപ്പോൾ ആ കാഴ്ച കണ്ട് അവള് സ്തംഭിച്ച് പോയിരുന്നു.
ഒരു സ്ത്രീയെ പൂർണനഗ്നയായി നിർത്തിക്കൊണ്ട്, കുറച്ച് ആളുകൾ ചേർന്ന് മർദ്ദിക്കുകയാണ്. ചാട്ടവാർ എന്ന് തോന്നിക്കുന്ന എന്തോ ആയുധം കൊണ്ട് അവരെ അടിക്കുകയാണ്. രക്തം കല്ലിച്ച പാടുകൾ അവരുടെ ദേഹത്ത് ഉണ്ടായിരുന്നു.
" എന്താ ഇവിടെ പ്രശ്നം" സോഫിയ മുൻപിലേക്ക് വന്ന് കൊണ്ട് അവരോട് ചോദിച്ചു.
അപ്പൊൾ അവരിൽ നിന്നും തലവൻ എന്ന് തോന്നിക്കുന്ന ഒരാള് പുറത്തേക്ക് വന്നു.
" അത് പിന്നെ മാഡം, ഇന്നലെ ബോസിന് ഒരു ഗസ്റ്റ് ഉണ്ടായിരുന്നു, ഒരു രാത്രി കൂടെ കിടക്കാനാ ഇവളോട് പറഞ്ഞത്. എന്നിട്ട്, ഇന്ന് രാവിലെ മുറി തുറന്നപ്പോൾ അയാൾക്ക് ബോധം ഇല്ലായിരുന്നു. ഇവൾ അയാളുടെ തല അടിച്ച് പൊട്ടിച്ചേക്കുന്നു. അയാളുടെ കാര്യം ഗുരുതരമാണ്. എങ്ങാനും തട്ടിപ്പോയ ഇവൾ ബോസിന്റെ കയ്യീന്ന് അനുഭവിക്കും. അയാൾക്ക് ബോധം വീഴുന്ന വരെ പച്ചവെള്ളം കൊടുക്കണ്ടെന്ന ബോസ്സ് പറഞ്ഞെ"
"മ്...അടങ്ങി ഒതുങ്ങി ജീവിച്ചാൽ, ഇവിടെ സുഖമായിട്ട് കഴിയാം" സോഫിയ ആ സ്ത്രീയെ തറപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു.
അമീറ ഇതെല്ലാം കണ്ട് ഭയന്ന് പോയിരുന്നു. അവള് ആ സ്ത്രീയെ തന്നെ നോക്കി കൊണ്ടിരുന്നു. അവരും അപ്പോഴാണ് അമീറയെ ശ്രദ്ധിച്ചത്. സഹതാപത്തോടെ ഉള്ള നോട്ടം ആയിരുന്നു അത്. അവരുടെ ഗതി തന്നെയാണ് തനിക്കും വരാൻ പോകുന്നതെന്ന് ആ കണ്ണുകളിൽ നിന്നും അവള് വായിച്ചെടുത്തു.
" അമീറ, വാ പോകാം..." സോഫിയ അവളെ നോക്കിക്കൊണ്ട് പറഞ്ഞു.
അവള് ഒന്നും പറയാതെ അവരെ പിന്തുടർന്നു.
കുറച്ച് ദൂരം നടന്നപ്പോൾ ഒരു വലിയ വീട് കണ്ടൂ. അങ്ങോട്ടേക്ക് ആണ് സോഫിയ അവരെ കൊണ്ട് പോയത്.
വീടിനകത്തേക്ക് കയറിയപ്പോൾ, തന്റെ പ്രായത്തിൽ ഉള്ള മറ്റ് രണ്ട് പെൺകുട്ടികളെയും അവൾക്ക് കാണാൻ സാധിച്ചു. അവരും തന്നെ പോലെ ഇവിടെ എത്തിയതാകുമെന്ന് അവള് ഊഹിച്ചു.
സോഫിയ അവളോട് അവരുടെ അടുത്തേക്ക് നിൽക്കാൻ കൈ ക്കൊണ്ട് കാണിച്ചു.
" മാഡം, ബോസ്സ് വരുന്നുണ്ട്" പുറത്ത് നിന്നും ഒരാള് കയറി വന്ന് കൊണ്ട് പറഞ്ഞു.
സോഫിയ അമീറയെ ഒന്ന് നോക്കി. അവർ അവളുടെ അടുത്തേക്ക് നടന്നു. ചെവിയിൽ എന്തോ പറഞ്ഞു കൊടുത്തു.
" ബോസ്സ് വന്നാൽ നല്ല പോലെ നിന്നോണം...ദേഷ്യം വന്നു കഴിഞ്ഞാൽ അവർ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല " അമീറ അവരെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ.
ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവള് അങ്ങോട്ടേക്ക് നോക്കി.
കറുത്ത ജാക്കറ്റ് അണിഞ്ഞ്, ചുവന്നു കലങ്ങിയ കണ്ണുകളും, നരച്ച താടിയും ഉള്ള ഒരാൾ, കഴുത്തിലായി പച്ച കുത്തിയിട്ടുണ്ട്.
അയാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൾക്ക് ഭയം അനുഭവപ്പെട്ടു. അയാള് മുൻപോട്ട് അടുക്കും തോറും അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.
" ഇവരെ മൂന്നു പേരെ മാത്രേ കിട്ടിയുള്ളൂ" സോഫിയ
അയാളുടെ കണ്ണുകൾ ആ മൂന്നു പേരിലും എത്തിയിരുന്നു. അമീറയെ കണ്ടതും അയാള് കുറച്ച് നേരം അവളെ തന്നെ നോക്കി.
' വിൽസൺ എന്ന് വരുമെന്ന പറഞ്ഞെ? ' അയാള് സോഫിയയോട് ചോദിച്ചു.
' നെക്സ്റ്റ് സാറ്റർഡേ '
"മ്.." അയാളുടെ നോട്ടം വീണ്ടും അമീറയിലേക്ക് തന്നെ എത്തിയിരുന്നു. അയാള് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. അവളും അയാളെ നോക്കി നിൽപ്പായിരുന്നു.
ബാക്കി രണ്ട് പെൺകുട്ടികളും തല താഴ്ത്തി നിൽകുമ്പോൾ, അമീറ തലയുയർത്തി പിടിച്ചായിരുന്നു നിന്നിരുന്നത്.
" നീ എന്റെ കൂടെ വരൂ" അയാള് അമീറയോട് പറഞ്ഞു.
അപ്പൊൾ സോഫിയ മുൻപിലേക്ക് വന്നു കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു. എന്നിട്ട് അവളോട് പോകാനായി കയ് കൊണ്ട് ആംഗ്യം കാണിച്ചു.
അവള് അല്പം ഭയത്തോടെ ആണെങ്കിലും അയാളുടെ പിറകെ നടക്കാൻ തുടങ്ങി. ഒരായിരം ചോദ്യങ്ങൾ അപ്പൊൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. അയാള് അവളെ കൊണ്ട് പോയത് ഒരു വലിയ ഹാളിലേക്ക് ആയിരുന്നു.
ചുറ്റും ജനലുകളുള്ള ഒരു നീണ്ടു വിശാലമായി കിടക്കുന്ന ഹാൾ. ഹാളിന്റെ ഒരു ഭാഗത്തായി സെറ്റ് ഇട്ടിട്ടുണ്ട്. നിലത്ത് ചുവന്ന കാർപറ്റ്.
അയാള് ഹാളിന് നടുവിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു. അവളോടും ഇരിക്കാൻ ആവശ്യപ്പെട്ടു.
" നിന്നെ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചത് എന്ന് മനസ്സിലായോ ? " അയാള് ചോദിച്ചു.
അവള് ഇല്ലെന്ന് തലയാട്ടി.
" സോഫിയ എന്തിനാ നിന്നെ ഇറ്റലിയിലേക്ക് കൊണ്ട് വന്നതെന്ന് അറിയോ? "
" എനിക്ക് അറിയില്ല, അതെന്തായാലും അതൊരു നല്ല ഉദ്ദേശത്തോടെ അല്ലെന്ന് മാത്രം അറിയാം" അവള് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
" മ്...നീ എങ്ങനെയാ ഇവിടെ എത്തിപെട്ടത്? " അയാള് വീണ്ടും ചോദിച്ചു.
കുറച്ചൊന്നു മടിച്ചെങ്കിലും അവളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും അവള് തുറന്ന് പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞ ശേഷം അയാള് അല്പമൊന്ന് ചിന്തിച്ചു.
" ഡേവിസ് പോള് നിന്റെ ശത്രുവാണല്ലെ? " അയാള് അവളോട് ചോദിച്ചു.
ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന മട്ടിൽ അവള് തലതാഴ്ത്തി ഇരുന്നു.
" ഞാൻ ബെഞ്ചമിൻ, നിന്നെ ഞങൾ ഇവിടെ കൊണ്ട് വന്നത് വിൽക്കാനാണ്.."
അയാള് പറഞ്ഞത് കേട്ട് അവള് ഞെട്ടി. അവള് നിസ്സഹായ ഭാവത്തോടെ അയാളെ നോക്കി.
" പക്ഷേ,നീ ആരുടെയും അടിമയായി കഴിയേണ്ടവളല്ല, മരിക്കേണ്ടവളുമല്ല....നിന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും അത് എനിക്ക് ഉപകാരപ്പെടും" അയാള് തുടർന്നു.
" നിനക്ക് ഇൗ കാസ്ട്രോ സ്ക്വാടിനെ കുറിച്ച് എന്തെങ്കിലും അറിയുമോ?
അവള് സംശയഭാവത്തിൽ അയാളെ നോക്കി.
" ലോകത്തിന്റെ പല കോണിലുള്ള ആളുകളും ഞങ്ങളെ തേടി ഇൗ ഇറ്റാലിയൻ സിറ്റിയിലേക്ക് വരാറുണ്ട്. അതും പണക്കാരും വ്യവസായ പ്രമുഖരും മാത്രം. അവരുടെ ആവശ്യങ്ങൾ എല്ലാം പലതാണ്...
ചിലർക്ക് വേണ്ടത് പണമാകാം, അല്ലെങ്കിൽ പെണ്ണിനെ, അതുമല്ലെങ്കിൽ ഒരു ജീവനെ...ആളുകളുടെ ജീവനെടുത്ത്, അതിൽ ആഹ്ലാദം കണ്ടെത്തുന്ന ഹോമിസൈഡുകൾ, അവരും ഞങ്ങളെ തേടി ഇങ്ങോട്ട് വരാറുണ്ട്. അവർക്ക് വേണ്ടതെല്ലാം നൽകുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. അതിന് വേണ്ടി മനുഷ്യരെ തട്ടി കൊണ്ട് വരുന്ന ഒരു ഏജൻറ് ആണ് സോഫിയ. അങ്ങനെ പെട്ടു പോയതാ നീയും ഇൗ കെണിയിൽ" അയാള് പറഞ്ഞു നിർത്തി.
കേട്ടതൊന്നും വിശ്വസിക്കാനാകാതെ കൈകാലുകൾ തളർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി.
" അടുത്ത സാറ്റർഡേ ഇവിടത്തെ ഒരു പ്രമുഖനായ ബിസിനസുകാരൻ വരുന്നുണ്ട്. അയാള് ആവശ്യപ്പെട്ടാണ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്" അയാള് തുടർന്നു.
" എന്തിനാ എന്നോട് ഇത് ചെയ്തത്, എന്റെ ഇശലിനു ഞാൻ മാത്രേ ഉള്ളൂ...എല്ലാവരും കൂടെ ഞങ്ങളെ ചതിക്കായിരുന്നു അല്ലേ"
" ഇല്ല മോളെ, ഞങൾ നിന്നെ ഒന്നും ചെയ്യില്ല...നീ ഇനിയും ജീവിക്കണം....നിനക്ക് ഇനി പലതും നേടാനുണ്ട്...
നിന്റെ മാതാപിതാക്കളെ കൊന്ന ഡേവിസിനെ നിനക്ക് കൊല്ലണ്ടെ...അതിന് ഞാൻ സഹായിക്കാം...പക്ഷേ, തിരിച്ചും ഒരു സഹായം ചെയ്യണം"
" എന്ത് സഹായം? " അമീറ എന്തെന്ന മട്ടിൽ അയാളോട് ചോദിച്ചു.
അപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത്.
' സർ, മാർത്ത? " അയാള് പുറത്ത് നിന്ന് കൊണ്ട് ചോദിച്ചു.
" അവളെ ഇങ്ങോട്ട് കടത്തിവിട് " അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
അപ്പോഴാണ് ഒരു സ്ത്രീ അങ്ങോട്ടേക്ക് കടന്നുവന്നത്. അത് ആ സ്ട്രീറ്റിൽ വെച്ച് കണ്ട സ്ത്രീ ആണെന്ന് അവള് ഓർത്തു. അവർക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. മുഖത്തും കൈകളിലും എല്ലാം രക്തം കല്ലിച്ച പാടുകൾ. അവർ പതുക്കെ വെച്ച് വെച്ച് ആണ് നടക്കുന്നത്.
" സർ, എന്നോട് ക്ഷമിക്കണം" അവർ പതിഞ്ഞ സ്വരത്തിൽ അയാളോട് അപേക്ഷിച്ചു.
അയാള് അപ്പൊൾ കസേരയിൽ നിന്നും എഴുന്നേറ്റു. അവളുടെ കവിളിൽ മുറിവുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും ചോര പൊടിയുന്നുണ്ട്. അയാള് അവളുടെ കവിളിൽ തൊട്ടു.
" ഇവിടെ വേദനിക്കുന്നുണ്ടോ" പരിഹാസപൂർവം അയാള് അവളോട് ചോദിച്ചു.
നിമിഷങ്ങൾക്കകം അയാളുടെ കൈപ്പത്തി അവളുടെ മുഖത്ത് പതിഞ്ഞു.അവള് വേദന കൊണ്ട് കരയാൻ തുടങ്ങി.
ഇതെല്ലാം കണ്ടപ്പോൾ അമീറക്ക് അയാളോടുള്ള ഭയത്തേക്കാൾ കൂടുതൽ ദേഷ്യവും വെറുപ്പും നിറയുകയായിരുന്നു. മൃഗങ്ങൾക്ക് പോലും ഇത്രയും ക്രൂരത കാണിക്കാനകില്ലെന്ന് അവള് ചിന്തിച്ചു.
" ഇനി അയാള് ഇങ്ങോട്ട് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...എല്ലാം നീ കാരണമാണ്.." അയാള് ആക്രോശിച്ചു.
" സർ എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റ് പറ്റി പോയതാ"
" ഇനി എന്റെ കണ്മുൻപിൽ നിന്നെ കണ്ടുപോകരുത്" അതും പറഞ്ഞ് കൊണ്ട് അയാൾ അവളുടെ കഴുത്തിന് പിടിച്ച് തള്ളി...അവളുടെ തല ചുമരിലിടിച്ച്, നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞു.
മാർത്ത അയാളെ ദയനീയമായി നോക്കി കൊണ്ട് പുറത്തേക്ക് പോയി. വളരെ ബുദ്ധിമുട്ടിയാണ് അവള് നടന്നിരുന്നത്. അമീറ അവരെ തന്നെ നോക്കി ഇരിപ്പായിരുന്നു.
" അമീറ.." അയാളുടെ വിളി കേട്ടാണ് അവള് അയാളെ ശ്രദ്ധിച്ചത്.
" നിങ്ങൾക്ക് എന്ത് സഹായമാണ് വേണ്ടത്? " അവള് അയാളോട് ചോദിച്ചു.
" നീ ഞങ്ങളുടെ ഏജൻറ് ആയി പ്രവർത്തിക്കണം. ഞങൾ പറയുന്ന ആളുകളെ തന്ത്രപരമായി ഞങൾ പറയുന്ന സ്ഥലത്ത് എത്തിച്ചു തരണം.. അതാണ് നിന്റെ ജോലി..വെറുതെ ചെയ്യണ്ട...ചെയ്തതിനു ഉള്ള പ്രതിഫലം തന്നേക്കാം"
അവള് അത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി.
" നിനക്ക് ഒരു അനിയത്തി ഉള്ളതല്ലേ..അവളുടെ കാര്യം നോക്കണ്ടെ..നീ ഇൗ ജോലി ഏറ്റെടുത്താൽ തീരാവുന്നതെ ഉള്ളൂ അതൊക്കെ.." അയാള് തുടർന്നു.
" പക്ഷേ, ഞാൻ ഇതൊക്കെ" അമീറ
" നിന്നെ കൊണ്ട് കഴിയും"
" ശരി, പക്ഷേ ഒരു അപേക്ഷയുണ്ട്"
" എന്താ..?? പറയ്.."
" എന്റെ ഇശലിനെ നിങ്ങള് വെറുതെ വിടണം"
" ശരി..അവളെ ഞങൾ ഒന്നും ചെയ്യുന്നില്ല..ഇപ്പൊ എന്റെ കൂടെ വാ.." എന്ന് പറഞ്ഞ് അയാള് പുറത്തേക്ക് നടന്നു, അമീറയും അയാളെ പിന്തുടർന്നു.
അവർ നേരെ പോയത് സോഫിയയുടെ അടുത്തേക്കാണ്.
" സോഫിയ..ഇവളെ നമ്മൾ വിൽക്കുന്നില്ല...നമ്മുടെ സ്ക്വാഡിലെ പുതിയ ഏജൻറ് ആണ് ഇവൾ" അയാള് സോഫിയയോട് പറഞ്ഞു.
" പക്ഷേ, സാർ ഇവൾക്ക് പതിനെട്ട് വയസ്സ് പോലും ആയിട്ടില്ല, ഇപ്പോഴേ ഇവൾ" സോഫിയ
" പ്രായത്തിലല്ല, പക്വതയിലാ കാര്യം...അത് ഇവൾക്ക് ഉണ്ട്..ഇപ്പോഴേ ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്" അയാള് പുച്ഛിച്ച് കൊണ്ട് പറഞ്ഞു.
" ഒക്കെ സാർ"
" സോഫിയ, വിൽസനെ വിളിച്ച് സാറ്റർഡേ വരണ്ട എന്ന് പറയണം, പിന്നെ അമീറയുടെ കാര്യങ്ങൾ നീ തന്നെ നോക്കിയാൽ മതി..അവൾക്ക് ഒരു കുറവും വരുത്തരുത്" അയാള് പറഞ്ഞു.
" ഇല്ലാ സാർ, ഞാൻ നോക്കിക്കോളാം"
" മ്..." അയാള് അവിടെ നിന്നും പോയി.
" അമീറ..നീ ഇവിടെ നിക്ക് ഞാൻ ഒരു കോൾ ചെയ്തിട്ട് വരാം" എന്ന് പറഞ്ഞ് കൊണ്ട് സോഫിയ ഗാർഡനിലേക്ക് ഇറങ്ങി.
താൻ നിൽക്കുന്നതിനു അടുത്തുള്ള മുറിയിൽ നിന്നും ആരോ കരയുന്ന ശബ്ദം കേൾക്കാമായിരുന്നു. അവള് ആ മുറിയിലേക്ക് ചെന്നു. മാർത്തയായിരുന്നു അത്.
അമീറയെ കണ്ടതും അവർ കണ്ണുകൾ തുടച്ച്,ചിരിച്ചെന്ന് വരുത്തി.
" നിങ്ങള് എന്തിനാ കരയുന്നത്? "
" ഏയ്..ഒന്നുമില്ല, നിന്റെ പേരെന്താ??"
" അമീറ ബാഹിജ"
" ആഹാ..ഞാൻ മാർത്ത..നിന്നെ സോഫിയ കൊണ്ട് വന്നതാവും അല്ലേ?"
" അതേ, നിങ്ങള് എങ്ങനെയാ ഇവിടെ എത്തിയത്? നിങ്ങള് ഇവിടത്തെ ആരാ? അവള് ഒരായിരം ചോദ്യങ്ങൾ നിരത്തി.
" അതൊരു വലിയ കഥയാണ്...അതൊക്കെ പറഞാൽ..." മാർത്ത നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. എന്നിട്ട് അവർ ഒരു മേശയുടെ മുകളിൽ നിന്നും ഒരു ഓയിന്മെന്റ് എടുത്ത്, നെറ്റിയിലും കവിളിലും ഉള്ള മുറിവുകളിൽ ഇട്ടു.
" നിങ്ങള് എന്തിനാ ഇൗ അടിയെല്ലാം കൊണ്ട് ഇവിടെ തന്നെ നിൽക്കുന്നത്, എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടൂടെ? " അവള് മാർത്തായോട് ചോദിച്ചു.
" നീ വിചാരിക്കുന്നത് പോലെയല്ല, ഇവിടെ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല, ഇൗ സ്ട്രീറ്റ് മുഴുവൻ ഇവരുടെതാ..പിന്നെ, മരണം അതേ ഉള്ളൂ ഒരു രക്ഷ.."
അമീറ അത് കേട്ടിട്ടും നിശ്ശബ്ദയായി നിന്നു.
" നീ ചോദിച്ചിലെ...ഞാൻ എങ്ങനെയാ ഇവിടെ എത്തിയതെന്ന്..പണ്ട്, എനിക്കൊരു പ്രണയം ഉണ്ടായിരുന്നു...ഞാൻ അവനെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചു..പക്ഷേ, അവൻ തിരിച്ച് എന്നെ ചതിച്ചു...അവനെ വിശ്വസിച്ച് എന്റെ മാതാപിതാക്കളെ പോലും ഉപേക്ഷിച്ച് ഞാൻ അവന്റെ കൂടെ ഇറങ്ങി..അവൻ എന്നെ ഇവിടെ കൊണ്ട് വന്ന് കാശിൻ വിറ്റു... ആ കാശിന്റെ വിലയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ തോന്നുന്നു..അച്ഛനും അമ്മയും ആയിരുന്നു ശരിയെന്ന്, ഇനി ഒരിക്കലും ആ തെറ്റ് തിരുത്താൻ പറ്റില്ലല്ലോ...ഒരു ശപിക്കപ്പെട്ട ജന്മമായി ഇങ്ങനെ കഴിയാ എന്നല്ലാതെ"
" അപ്പോ നിങ്ങളുടെ അച്ഛനും അമ്മയും പിന്നീട് നിങ്ങളെ പറ്റി അന്വേഷിചില്ലെ?"
" അന്വേഷിച്ച് കാണും...ഞാൻ ജോണിന്റെ കൂടെ എവിടെയെങ്കിലും സുഖമായി ഒരു കുടുംബത്തോടെ ജീവിക്കുന്നുണ്ട് എന്ന് അവരും ധരിച്ചിരിക്കാം.സത്യത്തിൽ, നമ്മുടെ മാതാപിതാക്കളെക്കാൾ നമ്മളെ സ്നേഹിക്കാൻ ആർക്കും കഴിയില്ല." മാർത്ത അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും കണ്ണുകളിൽ നനവ് പടർന്നിരുന്നു.
അമീറയും കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.
" നീയെന്താ ചിന്തിക്കുന്നത്? " മാർത്ത അവളോട് ചോദിച്ചു.
" ഒന്നുമില്ല,നിങ്ങള് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചതാണ്"
" അമീറ..."സോഫിയയാണ്
അവരുടെ കയ്യിൽ ഇഷലും ഉണ്ടായിരുന്നു. അമീറ ചെന്നു അവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു.
" വാ...വീട്ടിലേക്ക് പോകാം"അതും പറഞ്ഞ് കൊണ്ട് അമീറയോട് വരാൻ ആവശ്യപ്പെട്ടു.
" ആ മാർത്തയോട് അധികം കൂട്ട് കൂടണ്ട" സോഫിയ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
"മ്.." അവള് ഒന്ന് മൂളി കൊണ്ട് വിൻഡോയിൽ തലവെച്ച് കിടന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ സോഫിയ അമീറയോട് ബോസിനടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. സോഫിയയുടെ മട്ടും ഭാവവും കണ്ടിട്ട് എന്തോ അത്യാവിശ കാര്യമാണെന്ന് അവള് ഊഹിച്ചു.
അവളും സോഫിയയും കൂടെ ഉടനെ തന്നെ അയാളുടെ ബംഗ്ലാവിലേക്ക് പോയി.
അയാള് അവളെ കണ്ടതും അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
" അമീറ..നിന്റെ അതേ പ്രായമുള്ള ഒരു പെൺകുട്ടിയെ നീ ഇവിടെ കൊണ്ട് വരണം.. നിള എന്നാണ് പേര്..നീ വിചാരിച്ചാൽ നടക്കും.. ഇതാണ് നിന്റെ ആദ്യത്തെ ടാസ്ക്.." അയാള് പറഞ്ഞത് കേട്ട് അമീറ ഒരു നിമിഷം ഞെട്ടി. അവൾക്ക് അതിനൊന്നും സാധിക്കില്ലയെന്ന് അവൾക്ക് അറിയാമായിരുന്നു. പിന്നെന്ത് ധൈര്യത്തിലാണ് താൻ ഇന്നലെ അതിനെല്ലാം ഇയാളോട് സമ്മതം മൂളിയതെന്ന് അവള് ചിന്തിച്ചു.
" ഇതാണ് ആ പെൺകുട്ടി" എന്ന് പറഞ്ഞ് കൊണ്ട് അയാള് ഒരു ഫോട്ടോ അവൾക്ക് നേരെ നീട്ടി. അവള് അതിലേക്ക് ഒന്ന് നോക്കി. വെളുത്ത്, നീണ്ടു മെലിഞ്ഞ്, തോളൊപ്പം മുടിയുള്ള ഒരു പെൺകുട്ടിയായിരുന്നു അത്.
" ഇൗ കുട്ടി ഏതാ?" സോഫിയ ബോസിനോട് ചോദിച്ചു.
" ഇത് സിഡ്‌നി ഇൻഡസ്ട്രീസിന്റെ ഉടമ വില്യംസിന്റെ മകളാണ്" അയാള് പറഞ്ഞു.
" ആരുടെ കോട്ടേഷൻ ആണ്? " സോഫിയ വീണ്ടും ചോദിച്ചു.
" അറിയില്ല..അവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല..ഒരു വൃദ്ധയാണ്... അമീറ...ഒരാഴ്ചക്കുള്ളിൽ ഇൗ പെൺകുട്ടിയെ ഞങ്ങളുടെ അടുത്ത് എത്തിക്കണം " അതും പറഞ്ഞ് കൊണ്ട് അയാള് പുറത്തേക്ക് പോയി.
വല്ലാത്തൊരു പ്രതിസന്ധിയിൽ അകപ്പെട്ട പോലെ അമീറക്ക് തോന്നി. എന്ത് ചെയ്യണമെന്നറിയാതെ അവളാകെ കുഴങ്ങി നിന്നു. അപ്പോഴാണ് സോഫിയ അവളെ ശ്രദ്ധിച്ചത്. അവളുടെ നിൽപ്പ് കണ്ട് അവർക്കും അവളോട് സഹതാപം തോന്നി പോയി.
" അമീറ...എനിക്കറിയാം നീയെന്താ ചിന്തിക്കുന്നതെന്ന്.. പേടിയുണ്ടല്ലെ? അത് ആദ്യമായത് കൊണ്ടാണ്. ബോസ് പറഞ്ഞത് പോലെ ചെയ്യ്" അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
" ഞാൻ എന്ത് ചെയ്യാനാ? ആന്റി തന്നെ പറയ്"
" ദേ നോക്ക്..ഇൗ സ്ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ ഏജൻറ് ആണ് നീ..നിന്നിൽ അത്രയും വിശ്വാസം ബോസിന് ഉണ്ടായത് കൊണ്ടാണ് നിന്നെ ഇതിലേക്ക് എടുത്തത്. ആ വിശ്വാസം ഒരിക്കലും തെറ്റിക്കരുത്." അവർ അവളെ തലോടി കൊണ്ട് പറഞ്ഞു.
"എങ്കിൽ ആന്റി പറയ്, ഞാൻ എന്താണ് ചെയ്യേണ്ടത്? " അവള് ആത്മവിശ്വാസം വീണ്ടെടുത്ത് അവരോട് ചോദിച്ചു.
" ശരി, ഞാൻ പറഞ്ഞു തരാം"
അവർ അവൾക്ക് പ്ലാനിനെ പറ്റി പറഞ്ഞ് കൊടുത്തു.
" ബാക്കിയൊക്കെ നിന്റെ മിടുക്ക് പോലെയിരിക്കും" അവർ പറഞ്ഞു നിർത്തി.
" അപ്പോ ആ കുട്ടിയോട് എങ്ങനേലും കൂട്ടാകണം അല്ലേ..പക്ഷേ, എങ്ങനെ?" അവള് വീണ്ടും സംശയത്തോടെ ചോദിച്ചു.
സോഫിയ അവളുടെ ചെവിയിൽ എന്തോ പറഞ്ഞ് കൊടുത്തു.
" ഒക്കെ ആന്റി" അവള് അവരെ മുറുകെ കെട്ടി പിടിച്ചു.
____________
പിറ്റേന്ന് , നിള നഗരത്തിലെ ഒരു കോഫി ഷോപ്പിൽ ഉണ്ടെന്ന് സോഫിയ അമീറയെ വിളിച്ചറിയിച്ചിരുന്നു. അപ്രകാരം അവള് ആ കഫെയിലേക്ക് ചെന്നു. പറഞ്ഞത് പോലെ ഒരു ടേബിളിൽ അവള് ഉണ്ടായിരുന്നു. ഫോട്ടോയിൽ കണ്ടതിനെക്കാൾ സുന്ദരിയാണ് അവളെന്ന് അമീറക്ക് തോന്നി.അവള് നിളയുടെ അടുത്തേക്ക് നടന്നു.
" May I " അമീറ അവളോട് അനുവാദം ആവശ്യപ്പെട്ടു.
" yes" നിള വിടർന്ന കണ്ണുകളോടെ അവളെ നോക്കി ഇരിക്കാൻ ആവശ്യപ്പെട്ടു.
" ഹലോ..ഞാൻ അമീറ" അവള് സ്വയം പരിചയപ്പെടുത്തി കൊണ്ട് അവൾക്ക് നേരെ കൈനീട്ടി.
" നിള" അവള് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ചിരിക്കുമ്പോൾ തെളിയുന്ന അവളുടെ നുണക്കുഴിക്കൾക്ക് ഒരു പ്രത്യേക ഭംഗിയാണെന്ന് അവൾക്ക് തോന്നി.
" എന്നെ മീറ്റ് ചെയ്യാൻ വേണ്ടി വന്നതാണോ? " നിള സംശയത്തോടെ ചോദിച്ചു.
" അല്ല..എന്താ അങ്ങനെ ചോദിച്ചത്? "
" നതിംഗ്, ഞാൻ മുൻപ് കണ്ടിട്ടില്ല...ഞാൻ എപ്പോഴും ഇവിടെ വരാറുണ്ട്"
" അതെന്തിനാ എപ്പോഴും ഇവിടെ വരുന്നേ? "
" ഒന്നുമില്ല, വീട്ടിൽ ഇരുന്നാൽ ഒരു സമാധാനം ഇല്ല. മമ്മിയും പപ്പയും ഏത് നേരവും വഴക്കാണ്, ഇൗ സമയത്തിനുള്ളിൽ അവർ ഓഫീസിലേക്ക് പോകും, അവർ പോയിട്ട് വീട്ടിലേക്ക് പോകാമെന്ന് വിചാരിക്കും"
"മ്..."
" തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ" നിള
" പിന്നെ...ഒരുപാട് പേരുണ്ടായിരുന്നു. ഇവിടെയല്ല കേരളത്തിൽ...പക്ഷേ, ഇപ്പൊ ഞാൻ അവരെയൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്" അമീറ മുഖത്ത് നിരാശ വാരിയിട്ട് കൊണ്ടാണ് അത് പറഞ്ഞത്.
അവള് പറഞ്ഞത് കേട്ട് നിള ആകെ സ്തംഭിച്ചിരുന്നു.
" അപ്പോ താൻ ഒരുപാട് പേരെ ഡേറ്റ് ചെയ്തിട്ടുണ്ടോ? " അവള് അത്ഭുതത്തോടെ ചോദിച്ചു.
" ഡേറ്റോ..അതെന്താ?" അമീറ അതെന്തെന്ന ഭാവത്തിൽ തിരിച്ച് ചോദിച്ചു.
" അത് പിന്നെ ഒന്നുമില്ല..ഞാൻ ചുമ്മാ ചോദിച്ചതാ" അവള് ഒന്നിളിച്ച് കൊണ്ട് പറഞ്ഞു.
" നീ പറയ്, നീ എന്താ ഇവിടെ? നീയും എന്നെ പോലെ വീട്ടീന്ന് രക്ഷപ്പെട്ട് വന്നതാണോ?" അവള് വീണ്ടും ചോദിച്ചു.
" തല്ല് കൂടാൻ പോലും എന്റെ വീട്ടിൽ ആരുമില്ല"
" എന്നുവെച്ചാൽ? "
" ഏയ്..ഒന്നുമില്ല"
അവർ രണ്ട് പേരും വളരെ പെട്ടെന്ന് തന്നെ കൂട്ടായി. എന്നും അവർ കഫെയിൽ ഒരുമിച്ചുണ്ടാകും. സന്തോഷവും സങ്കടങ്ങളും പരിഭവങ്ങളും എല്ലാം പങ്കുവെക്കാൻ പറ്റിയ ഒരു നല്ല സുഹൃത്തായി മാറിയിരിക്കുന്നു നിള. നിളയെ കൂടെ നിന്ന് കൊലക്ക് കൊടുക്കുകയാണന്ന് ഓർക്കുന്ന സമയങ്ങളിലെല്ലാം അമീറയുടെ മനസ്സ് നീറി കൊണ്ടിരുന്നു. നിളയുടെ മാതാപിതാക്കൾ സപ്പറേറ്റ് ആവാൻ പോകുകയാണെന്നും അവരെ തമ്മിൽ ഒന്നിപ്പിച്ച്, സന്തോഷത്തോടെ കഴിയുന്നത് കാണണമെന്നും, അതാണ് തന്റെ സ്വപ്നം എന്നും അവള് ഇടക്കിടെ അമീറയോടു പറഞ്ഞ് കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ഒരിക്കൽ അമീറ നിളയെ തന്റെ വീട്ടിലേക്കെന്നും പറഞ്ഞ് ബോസിന്റെ ബംഗ്ലാവിലേക്ക് കൊണ്ട് പോയി. അത് നിളയെ കുടുക്കാനുള്ളൊരു കെണിയായിരുന്നു.
" എന്ത് വലിയ വീടാണ്,,,ഇത് മാൻഷൻ ആണോ " നിള
"അകത്തേക്ക് വാ " അമീറ അവളോട് വരാൻ ആവശ്യപ്പെട്ടു. അവള് അമീറയുടെ പിറകെ നടന്നു.
ഒരു വലിയ മുറിയിലേക്ക് ആണ് അവള് നിളയെ കൊണ്ട് പോയത്
" ഇത് നിന്റെ മുറിയാണോ..?,,,ഇവിടെ ആരുമില്ലേ..? " നിള സംശയത്തോടെ ചോദിച്ചു.
നിള ചോദിച്ചത് കേട്ട് അവള് ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. പുറത്ത് നിന്നും ഡോർ ലോക്ക് ചെയ്തു.
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിള വാതിൽ തുറക്കാൻ ശ്രമിച്ചു.
" അമീറ വാതിൽ തുറക്ക്.. ഇതെന്തിന അടച്ചെ..? " അവള് കതകിൽ തട്ടി കൊണ്ട് ചോദിച്ചു. മറുപടി ഒന്നും ഇല്ലാതായപ്പോൾ അവളിൽ നേരിയ ഭയം അനുഭവപ്പെട്ടു.
" അമീറ....വാതിൽ തുറക്ക്" അവള് വീണ്ടും വിളിച്ചു പറഞ്ഞു.
അമീറ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്നാല് താനെന്താണ് അതിന് ഉത്തരം പറയുക.അവളുടെ മനസ്സ് ഒരു വല്ലാത്ത കുറ്റബോധത്തിൽ നീറികൊണ്ടിരുന്നു.
അപ്പോഴാണ് അങ്ങോട്ടേക്ക് ഒരു വൃദ്ധ കടന്നു വന്നത്.
" നിള എവിടെ? " അവർ അവളോട് ചോദിച്ചു.
അവള് ആ മുറിക്ക് നേരെ കൈചൂണ്ടി.
" അമീറ..നീ ഇങ്ങോട്ട് വാ.." സോഫിയയായിരുന്നു.
അവർ അവളുടെ കൈ പിടിച്ച് ഗാർഡനിലേക്ക് കൊണ്ടുപോയി.
" എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്?"
" നീ അവിടെ നിൽക്കണ്ട, അത് കൊണ്ടാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്"
" അവിടെ എന്താ? ആ വൃദ്ധ എന്തിനാ നിളയുടെ അടുത്തേക്ക് പോകുന്നേ?"
അമീറ അവളുടെ സംശയം മറച്ച് വെക്കാതെ ചോദിച്ചു.
അപ്പോഴാണ് ആ മുറിയിൽ നിന്നും ഒരു നിലവിളി ഉയർന്നത്.
" അവിടെ എന്താ ശബ്ദം കേൾക്കുന്നേ? അവർ അവളെ എന്താ ചെയ്യുന്നേ? " അമീറയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു സോഫിയക്ക്.
" നീ ഇങ്ങോട്ട് വാ, അവിടെ എന്തേലും നടക്കട്ടെ" സോഫിയ അവളുടെ കയ്യിൽ പിടിച്ച് വലിച്ച്, എന്നാല് അമീറ ആ കൈകളെ എതിർത്ത് കൊണ്ട് ആ മുറിയിലേക്ക് ഓടി.
കതക് ചാരിയിട്ടിരുന്നു, അവള് പതുക്കെ കതക് തുറന്നു. പക്ഷേ, അവിടെ ആരും ഇല്ല...അവള് മുറിക്കകത്തേക്ക് കയറി നോക്കി.
പിന്നീട്, അവളുടെ നിലവിളിയാണ് അവിടെ ഉയർന്നത്.
തുടരും....