Part - 40
"തുമ്പീ .. നിനക്ക് എന്താടി പറ്റിയത്. നീ ഇങ്ങനെ ഒന്നും അല്ലാലോ." പാടവരമ്പിലെ തോടിനരികിൽ ഇരിക്കുകയായിരുന്ന രേവതി പാർവണയോട് ചോദിച്ചു.
"എനിക്ക് ഒന്നൂല്ലാടി.നിനക്ക് വെറുതെ തോന്നുന്നതായിരിക്കും " പാർവണ അലസമായി പറഞ്ഞ് തൻ്റെ കാലുകൾ വെള്ളത്തിലേക്കിട്ട് ഇരുന്നു.
" ദേവൂ നോക്കിയേ നല്ല രസം ഉണ്ട്" കാല് തോട്ടിലെ വെള്ളത്തിലിട്ട് അടിച്ചു കൊണ്ട് പാർവണ പറഞ്ഞു.
"തുമ്പി ടാ ,എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് "
"കണ്ണന്റെ കാര്യം ആണെങ്കിൽ എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ദേവു പ്ലീസ് "
പാർവണ ഇരുകൈയും കൂപ്പി കൊണ്ട് പറഞ്ഞു .
സത്യത്തിൽ രേവതി ദേവയുടെ കാര്യം പറയാൻ ആയിരുന്നു വന്നത്. പക്ഷേ അവളുടെ ഈ അവസ്ഥയിൽ ആ കാര്യം പറയണ്ട എന്ന് രേവതിയ്ക്കും തോന്നി .
"ഞാൻ ഇന്ന് വൈകുന്നേരം
പോകും തുമ്പി നീ വരുമോ എന്റെ കൂടെ "രേവതി ചോദിച്ചു .
"അതെന്താ നീ പോകുന്നേ ,അതും ഇന്ന് തന്നെ പോവണോ "
"അതേടി ഓഫീസിൽ നിന്ന് കുറേ ദിവസമായി വിളിക്കുന്നു വരാൻ പറഞ്ഞ്. ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു ഇത്രയും ദിവസം ഇവിടെ നിന്നു. നാളെ എന്തായാലും വരണം എന്ന് പറഞ്ഞിട്ടുണ്ട് . സാറിന് എന്തോ ഒറ്റയ്ക്ക് എല്ലാം കൂടി ഹാന്റിൽ ചെയ്യാൻ പറ്റുന്നില്ല എന്ന്"
"നീ ഒറ്റയ്ക്ക് എങ്ങനെ ദേവു പോവുക. ഞാൻ ദേവ സാറിനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ."
" വേണ്ടാ ഞാൻ കുറെ പറഞ്ഞതാ. പിന്നെ ഒന്നുകൂടി നിർബന്ധിച്ചാൽ ചിലപ്പോൾ ലീവ് തരുമായിരിക്കും .പക്ഷേ എന്റെ ഡ്യൂട്ടി ഞാൻ തന്നെ ചെയ്യണ്ടേ .എന്തിനാ വെറുതെ സാറിനെ ബുദ്ധിമുട്ടിക്കുന്നത്"
"അതും ശരിയാണ്. എന്നാ ഞാനും വരാം. പക്ഷേ ഓഫീസിലേക്ക് ഒന്നും എനിക്ക് വരാൻ വയ്യ. ആകെ ഒരു മടുപ്പ് .പിന്നെ എന്തോ മനസ്സിന് ഒരു സുഖവും ഇല്ല." പാർവണ രേവതിയെ നോക്കിക്കൊണ്ട് പറഞ്ഞു .
"വേണ്ട തുബി.. നീ കുറച്ചു ദിവസം കൂടി ഇവിടെ നിന്നിട്ട് വന്നാൽ മതി. എനിക്ക് മനസ്സിലാവും നിന്റെ അവസ്ഥ. പിന്നെ ഞാൻ ഒറ്റയ്ക്ക് ആകും എന്ന് വിചാരിച്ചിട്ടാണെങ്കിൽ നീ ടെൻഷൻ ആവണ്ട. അവിടെ താഴെ ഹൗസോണറുടെ ഫാമിലി ഉണ്ടല്ലോ .പിന്നെ രാത്രി ആകുമ്പോൾ വരദയെ കൂട്ട് വിളിക്കാം. അവൾ നിന്നോളും"
രേവതി അതുപറഞ്ഞ് പാടവരമ്പിൽ നിന്നും എഴുന്നേറ്റു.
" വേണ്ട എനിക്ക് നിന്നെ ഒറ്റയ്ക്കാക്കിയിട്ട്
പറ്റില്ല. ഞാനും വരാം" രേവതിയുടെ ഒപ്പം എഴുന്നേറ്റ് കൊണ്ട് പാർവണ പറഞ്ഞു .
"വേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം .നീ ഇങ്ങനെ ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ഇരിക്കുമ്പോ എനിക്ക് മനസ്സമാധാനത്തോടെ ഓഫീസ് പോകാൻ പറ്റില്ല .
ഇവിടെ ആകുമ്പോ വീട്ടിൽ അച്ഛനും അമ്മയോ ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ.
അതുമതി നീ എന്തായാലും കുറച്ചു ദിവസം കൂടി റസ്റ്റ് എടുത്തിട്ട് വന്നാ മതി ."
അവളെ ചേർത്തു പിടിച്ചുകൊണ്ട് രേവതി പറഞ്ഞു .
_____________________________________________
"ദേവ ഞാൻ പറഞ്ഞ കാര്യം നീ ചെയ്തോ" ശിവ ദേവയുടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
" എന്ത് കാര്യം" ദേവ മനസ്സിലാവാത്ത പോലെ ചോദിച്ചു .
"നീ ഇത്ര പെട്ടെന്ന് മറന്നോ രേവതിയെ ഓഫീസിലേക്ക് വിളിക്കേണ്ട കാര്യം "
"ഓഹ്... അതോ ...ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി അവൾ വേണമെങ്കിൽ വരട്ടെ .ഞാനായിട്ട് നിർബന്ധിക്കില്ല" ദേവാ അവനെ നോക്കി പറഞ്ഞു .
"അതൊന്നും ശരിയാവില്ല .ഒരു ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ അവിടുത്തെ കാര്യങ്ങളെല്ലാം നോക്കേണ്ടത് സ്റ്റാഫിന്റെ ഡ്യൂട്ടിയാണ്. ഇങ്ങനെ വീട്ടിലിരുന്നാൽ അതൊന്നും നടക്കില്ല." ശിവ തിരികെ പറഞ്ഞു.
"നിനക്കെന്താ ശിവ വേണ്ടേ .രേവതി ഇല്ലെങ്കിലും എനിക്ക് ഹാൻഡിൽ ചെയ്യാം ഇവിടുത്തെ കാര്യങ്ങളെല്ലാം. പിന്നെ എന്തിനാ നീ ഇത്ര നിർബന്ധം പിടിക്കുന്നേ .എനിക്ക് ഇല്ലാത്ത തിരക്കാണ് നിനക്ക്". ദേവാ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു .
"എനിക്കോ... എനിക്ക് എന്ത് തിരക്ക് .രേവതി വന്നാലേ പാർവണ വരുള്ളൂ അവൾ വന്നാലേ
എന്റെ ഓഫീസിലെ വർക്ക് നടക്കൂ. അതുകൊണ്ടാൻ തിരക്ക് പിടിച്ചത്
അല്ലാതെ ഒന്നും ഇല്ല." ശിവ ചെറിയ പതർച്ചയോടെ പറഞ്ഞു .
"അതിന് നീ പാർവണയെ വിളിച്ചു പറ.അല്ലാതെ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം.പിന്നെ അത് മാത്രമല്ല ഇത്രയും കാലം പാർവണ നിന്റെ ഓഫീസിൽ ഉണ്ടായിട്ടില്ലല്ലോ അവിടത്തെ വർക്ക് മൊത്തം നടന്നത്. പിന്നെ പാർവണ വന്നില്ല എന്ന് വെച്ച് നമ്മുടെ കമ്പനി ഇടിഞ്ഞു വീഴാനും പോകുന്നില്ല"
ദേവാ അവനെ നോക്കി പറഞ്ഞതും ശിവ ചെറിയൊരു ദേഷ്യത്തോടെ മുറിവിട്ട് പുറത്തേക്ക് പോകാൻ നിന്നു.
"ശിവ ഒന്നു നിന്നെ... എനിക്കൊരു കാര്യം ചോദിക്കാനുണ്ട് .സത്യം പറ നീ കാരണമാണോ പാർവണ ഇനി പിണങ്ങി പോയതാണോ. അതാണോ അവൾ ഓഫീസിലേക്ക് വരാത്തത്. ഞാൻ അറിയാത്ത എന്തോ കാര്യങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്. സത്യം പറഞ്ഞോ "
ദേവ അവനെ നോക്കി സംശയത്തോടെ പറഞ്ഞു.
'ഞാനോ... ഇത് നല്ല കഥയായി .ഞാൻ എന്തു പറഞ്ഞു എന്നാ നീ പറയുന്നേ "ശിവ മുഖത്തെ പതർച്ച മറച്ചുവച്ചുകൊണ്ട് ചോദിച്ചു.
" അങ്ങനെ ഒന്നും ഇല്ലെങ്കിൽ നിനക്ക് നല്ലത്.. ഇനി ഒരു പക്ഷേ നിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ
നീ അവളെ ഒന്ന് വിളിച്ച് സംസാരിക്ക്. അല്ലാതെ പാർവണ ഓഫീസിലേക്ക് തിരിച്ചുവരും എന്ന് എനിക്ക് തോന്നുന്നില്ല ."
"ഞാൻ എന്തിന് വിളിച്ച് സംസാരിക്കണം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല .അവൾ വരുന്നെങ്കിൽ വരട്ടെ. ഇനി വന്നില്ലെങ്കിലും എനിക്ക് ഒരു കുഴപ്പവുമില്ല. "അതുപറഞ്ഞ് ശിവ നേരെ തന്റെ റൂമിലേക്ക് പോയി .
___________________________________________
പാർവണ യുടെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ട് അമ്മ അടുക്കളയിൽ നിന്ന് ബഹളം വെച്ചു.
" നിങ്ങൾക്ക് എന്താ മനുഷ്യ ആ ഫോൺ ഒന്ന് എടുത്തൂടേ. " അമ്മ അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു .
അതുകേട്ട് ഉമ്മറത്ത് വാഴക്ക് തടമെടുത്തു കൊണ്ടിരുന്ന അച്ഛൻ കൈകഴുകി പാർവണയുടെ റൂമിലേക്ക് വന്നു . ശേഷം കോൾ അറ്റന്റ് ചെയ്തു.
" ഹലോ ...."ഒരു പുരുഷ ശബ്ദം കേട്ടതും ശിവ ഒന്നു പതറി .
"ഹലോ ഇത് ആരാ സംസാരിക്കുന്നെ..." അച്ഛൻ മറുഭാഗത്ത് നിന്നും ഒന്നും കേൾക്കാതെ ആയപ്പോൾ ചോദിച്ചു.
" ഇത് ...ഇത് പാർവണയുടെ നമ്പർ അല്ലേ. പാർവണ ഇല്ലേ അവിടെ "ശിവ സൗമ്യമായി ചോദിച്ചു .
"ഇത്രനേരം അവൾ ഇവിടെ ഉണ്ടായിരുന്നു മോനേ. കുറച്ചു മുമ്പേ ദേവു വന്നപ്പോൾ അവളോടൊപ്പം പാടത്തേക്ക് ഒന്നു വെറുതെ നടക്കാൻ ഇറങ്ങിയതാ ."
"എന്നാൽ തിരിച്ചു വന്നാൽ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കാൻ പറയൂ."
" ആര് വിളിച്ചിരുന്നു എന്നാ പറയേണ്ടത്, മോൻ ആരാ"
"ഞാൻ പാർവണയുടെ സാർ ...അല്ല ഫ്രണ്ട് ആണ്. കൂടെ വർക്ക് ചെയ്യുന്നതാ"ശിവ പെട്ടെന്നുതന്നെ മാറ്റിപ്പറഞ്ഞു .
"കൂടെ വർക്ക് ചെയ്യുന്ന ആൾ ആണോ.
മോന്റെ പേരെന്താ "അച്ഛൻ ചോദിച്ചു .
"ശിവ... ശിവരാഗ് എന്നാ" അവൻ പറഞ്ഞു .
'മോനും പാർവണയും ഒപ്പം തന്നെയാണോ .
അതോ ദേവുനേപ്പോലെ വേറെ സെക്ഷനിൽ ആണോ." അച്ഛൻ സംശയത്തോടെ ചോദിച്ചു.
" അല്ല അച്ഛാ ഞങ്ങൾ രണ്ടുപേരും ഒരു സെക്ഷനിൽ തന്നെയാ" എന്തോ അവനപ്പോൾ അച്ഛാ എന്ന് വിളിക്കാനാണ് തോന്നിയത്.
" എന്നാ ഞാൻ മോനോട് ഒരു കാര്യം ചോദിച്ചാൽ മോൻ എന്തെങ്കിലും കരുതുമോ "അച്ഛൻ ചെറിയ ഒരു മടിയോടെ ചോദിച്ചു .
"ഇല്ല അച്ഛാ പറയൂ ."അവൻ സൗമ്യമായി പറഞ്ഞു.
" അത്... അത് പിന്നെ കഴിഞ്ഞ ആഴ്ച മോൾ ഓഫീസിൽ നിന്നും ലീവ് എടുത്തു വന്നതാ. വന്നപ്പോൾ മുതൽ മുറിയടച്ച് ഒറ്റയിരിപ്പാണ്. കാര്യമെന്താന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ഇന്നിപ്പോൾ ദേവു വന്നു വിളിച്ചപ്പോഴാണ് പുറത്തേക്ക് തന്നെ ഇറങ്ങിയത് .ഏത് സമയവും എന്തോ ആലോചിച്ച് ഇങ്ങനെയിരിക്കും .ഭക്ഷണവും ശരിക്ക് കഴിക്കുന്നില്ല, ആരോടും സംസാരിക്കുന്നില്ല എന്താ എന്റെ കുട്ടിക്ക് പറ്റ്യേന്ന് ഒരു നിശ്ചല്യാ..
മോനു വല്ലാതും അറിയോ" അച്ഛൻ പ്രതീക്ഷയോടെ ചോദിച്ചു.
അച്ഛന്റെ ആവലാതി കണ്ടപ്പോൾ അവനും എന്തോ ഒരു സങ്കടം തോന്നി . താൻ കാരണം ആണോ പാർവണ ഇങ്ങനെയായത് എന്നൊരു സംശയം കൂടി അവന്റെ മനസ്സിൽ ഉടലെടുത്തു"
"പേടിക്കാനൊന്നുമില്ല അച്ഛാ ഓഫീസിലെ കുറച്ച് ജോലിയിലെ ബുദ്ധിമുട്ട് അത്രയേ ഉള്ളൂ. അതിന്റെ ഒരു ടെൻഷൻ ആയിരിക്കും അവൾക്ക്. അത് പേടിക്കാനൊന്നുമില്ല ."അവൻ അച്ഛനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു .
"അവിടെ ഒരുപാട് ബുദ്ധിമുട്ടുള്ള ജോലിയാണോ മോനേ "അച്ഛൻ വീണ്ടും ആവലാതിയോടെ ചോദിച്ചു.
" അത്ര ബുദ്ധിമുട്ട് ഒന്നും അല്ല. അച്ഛൻ പേടിക്കേണ്ട."
"ശരി മോനേ... മോന്റെ വീട്ടിൽ ആരൊക്കെയുണ്ട് "അച്ഛൻ ചോദിച്ചു .
"എന്റെ വീട്ടിൽ ഞാൻ അച്ഛൻ അമ്മ പിന്നെ ഒരു ബ്രദർ .അച്ഛൻ എന്താ ചെയ്യുന്നേ "
" ഞാനിവിടെ കൂലിപ്പണി ചെയ്യുകയാണ്. ഇപ്പോൾ കുറച്ച് ആയിട്ട് അങ്ങനെ പണിക്കൊന്നും പോണില്ല .വീട്ടിലെ രണ്ടുമൂന്നു പശുക്കളും കുറിച്ച് കൃഷിയൊക്കെ ആയിട്ട് ഇങ്ങനെ പോകുന്നു. പിന്നെ പാർവണക്ക് കൂടി ജോലി കിട്ടിയത് കൊണ്ട് ബുദ്ധിമുട്ടും കുറച്ചു കുറഞ്ഞു.
ശിവയും അച്ഛനും കുറച്ച് നേരം അങ്ങനെ സംസാരിച്ചു.
"ശരി അച്ഛാ.. എന്തായാലും പാർവണ വന്നാൽ ഞാൻ വിളിച്ചു എന്നും തിരികെ വിളിക്കണമെന്നും പ്രത്യേകം ഒന്ന് പറയണം ട്ടോ "ശിവ അച്ഛനോടായി പറഞ്ഞു.
" സമയം ഇരുട്ടാവാറായില്ലേ അവളും വേഗം വരും ."
"എന്നാ ശരി അച്ഛാ" അത് പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു.
ആ അച്ഛനോട് സംസാരിച്ചപ്പോൾ എന്തോ അവനു പെട്ടെന്ന് പഴയ രാമച്ഛനെ ഓർമ്മ വന്നു. അതുകൊണ്ടാണോ എന്തോ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
_____________________________________________
പാടത്തുനിന്നും വന്നതും രേവതി നേരെ പോകാനായി ഇറങ്ങി .
പാർവണയുടെ വീട്ടിൽ നിന്നും നേരെ
തൃശ്ശൂർക്കാണു അവൾ പോകുന്നത് .നേരം ഇരുട്ടിയതുകൊണ്ട് ആരു ആണ് അവളെ അവിടേയ്ക്ക് ആക്കി കൊടുക്കുന്നത് .
രേവതിയെ ഒറ്റയ്ക്ക് വിടാൻ പാർവണക്ക് ചെറിയൊരു മടി ഉണ്ടായിരുന്നു എങ്കിലും
രേവതിയും വരണ്ട എന്ന് തറപ്പിച്ച് പറഞ്ഞതോടെ കൂടെ പോയില്ല .
രേവതിയെ യാത്രയാക്കി വീണ്ടും പാർവണ മുറിയിലേക്ക് വന്നു .അപ്പോഴാണു അച്ഛൻ അവളുടെ അരികിലേക്ക് വന്നത് .
"മോളേ".. അച്ഛൻ അവളുടെ തലയിൽ തലോടിക്കൊണ്ട് വിളിച്ചു .
"എന്താ അച്ഛേ..."
"ഒന്നുമില്ല കുട്ട്യേ.... നീയെന്താ ഓഫീസിൽ പോകുന്നില്ലേ. ദേവു മാത്രമാണല്ലോ പോകുന്നത്."
"പോകണം അച്ചേ. ഒന്നു രണ്ടു ദിവസം കൂടി കഴിയട്ടെ എന്ന് വെച്ചു."
" എന്റെ കുട്ടിയ്ക്ക് അവിടത്തെ ജോലി ഒരുപാട് ബുദ്ധിമുട്ടാണോ."
"ഇല്ലച്ചേ. അത്ര വല്യേ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന
അത്ര വർക്കേ അവിടെയുള്ളൂ .എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം അച്ഛേ" അവൾ സംശയത്തോടെ ചോദിച്ചു .
"ഒന്നുല്ല്യടാ നീ ഇപ്പൊ ഇങ്ങനെ ഇരിക്കണ് കാണുബോ എന്തോ എനിക്ക് അങ്ങനെ തോന്നി അതുകൊണ്ട് ചോദിച്ചതാ "
അതു പറയുമ്പോ അച്ഛന്റെ കണ്ണുകളും ഒന്നു നിറഞ്ഞിരുന്നു. അച്ഛൻ അവൾ കാണാതെ കണ്ണുകൾ തുടച്ച് മുറിയിൽ നീന്നും പുറത്തേക്കിറങ്ങി.
"മോളേ പിന്നെ മോളുടെ ഓഫീസിൽനിന്ന് മോളുടെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു.ശിവ എന്നോ മറ്റോ ആണ് പേര് പറഞ്ഞത് .തിരിച്ചു വിളിക്കാനും പറഞ്ഞു ."
"ശിവയോ...., എന്റെ ഫ്രണ്ടോ "പാർവണ സംശയത്തോടെ ചോദിച്ചു.
" അതേ മോളേ ,ശിവ എന്ന പേരാ പറഞ്ഞത് .
പിന്നെ ഒരുപാട് എന്നോട് സംസാരിക്കുകയും ചെയ്തു. നല്ല സ്വഭാവാ തോന്ന്ണു .
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് നന്നായി അറിയാം ."അച്ഛൻ ശിവയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
എന്നാൽ ഇതാരാ ആള് എന്ന് മനസ്സിലാവാതെ ഇരിക്കുകയായിരുന്നു പാർവണ .എന്തായാലും നോക്കട്ടെ എന്ന് കരുതി അവൾ ഫോൺ എടുത്തു നോക്കി. നമ്പർ മാത്രമാണ് ഉള്ളത്.
" ഇതാരാ എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ശിവ. അതും ഞാൻ അറിയാത്ത എന്റെ ഫ്രണ്ട്" അവൾ ആ നമ്പറിലേക്ക് നോക്കിക്കൊണ്ട് സ്വയം ചോദിച്ചു.
ഓഫീസിൽ ആകെ ഒരു ശിവയെ ഉള്ളൂ
.ആ ശിവ എന്നെ വിളിക്കാൻ സാധ്യതയില്ല. അച്ഛനോട് നന്നായി സംസാരിക്കാൻ തീരെ സാധ്യതയില്ല പിന്നെ ഇതാരപ്പാ വിളിച്ചേ.
തിരിച്ചു വിളിക്കണോ" അവൾ സംശയത്തോടെ നിന്നു.
"വിളിക്കാം "അത് കരുതി അവൾ തിരിച്ചു കോൾ ചെയ്യുന്നതിനു മുൻപ് ആ നമ്പറിൽ നിന്നും ഒരു കോൾ അവളെ തേടിയെത്തിയിരുന്നു .
"ഹലോ "അവൻ പതിയെ പറഞ്ഞു.
" ഒരാൾ വിളിച്ചാൽ അയാളെ തിരിച്ചുവിളിക്കാനുള്ള മര്യാദ പോലും നിനക്കില്ലേ" മറു ഭാഗത്തുനിന്നും ഇവയുടെ ശബ്ദം കേട്ടതും പാർവണയുടെ കിളിപോയ അവസ്ഥയായിരുന്നു.
അപ്പോ കുറച്ചു മുൻപെ വിളിച്ചതും അച്ഛനോട് സംസാരിച്ചതും ശിവ സാർ തന്നെയാണോ .
അതിനു സാധ്യത ഇല്ലല്ലോ .
അതും എന്റെ ഫ്രണ്ട് എന്നൊക്കെ പറഞ്ഞിരിക്കുന്നു ."പാർവണ ഓരോന്ന് ആലോചിച്ചു കൊണ്ട് മറുപടി പറയാതെ നിന്നു.
"നിനക്കെന്താ ചെവി കേൾക്കുന്നില്ലേ "ശിവ മറുഭാഗത്ത് നിന്നും കുറച്ച് അതൃപ്തിയോടെ ചോദിച്ചു.
" കേൾക്കുന്നുണ്ട് സാർ "അവൾ പതിയെ പറഞ്ഞു .
"പിന്നെ എന്താ മറുപടി തരാത്തത്"
ശിവ ഗൗരവത്തോടെ ചോദിച്ചു .
" അത് പിന്നെ ...."പാർവണ എന്തുത്തരം പറയണമെന്നറിയാതെ നിന്നു. സത്യത്തിൽ ശിവ എന്താണ് ചോദിച്ചത് എന്ന് പോലും അവൾ കേട്ടിരുന്നില്ല .
"നീ നാളെ മുതൽ ഓഫീസിൽ വരില്ലേ" ശിവ ചോദിച്ചു.
" ഇ.. ഇല്ല സാർ"
"
" അതെന്താ വരാത്തത് ഗൗരവത്തോടെ തന്നെ ശിവ ചോദിച്ചു .
"എനിക്ക് വയ്യ ..കുറച്ചു ദിവസം ലീവ് വേണം."
"ഇപ്പോൾതന്നെ ഒരാഴ്ച ആയല്ലോ. ഇനിയെന്ത് ലീവാ നിനക്ക് വേണ്ടത്."
"അത് എനിക്ക് വയ്യ അതുകൊണ്ടാ"
"അതൊന്നും എനിക്ക് അറിയേണ്ട .നാളെ രാവിലെ അല്ലെങ്കിൽ വേണ്ട മറ്റന്നാൾ രാവിലെ ഞാൻ വരുന്നതിനേക്കാൾ മുൻപ് നീ ഓഫീസിൽ ഉണ്ടായിരിക്കണം. "ശിവ തറപ്പിച്ചുപറഞ്ഞു.
" പ്ലീസ് സാർ ഒരാഴ്ചകൂടി ലീവ് എനിക്ക് തരണം .എനിക്കും വയ്യ അതുകൊണ്ടാ ."അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞു.
" വയ്യെങ്കിൽ നീ ഓഫീസിലെ വർക്ക് ഒന്നും ചെയ്യേണ്ട. പക്ഷേ മറ്റന്നാൾ രാവിലെ നീ ഓഫീസിൽ എത്തിയിരിക്കണം"
'ഞാൻ വരില്ല സാർ... എനിക്ക് വയ്യ ..." അവൾ വീണ്ടും അതുതന്നെ പറഞ്ഞു .
"അത്രയ്ക്ക് ആയോ നീ .ഞാൻ നീ പാവമല്ലേ വയ്യാത്തത് അല്ലേ എന്നൊക്കെ കരുതിയാണ് നാളത്തെ ഒരു ദിവസം കൂടി ലീവ് തന്നത്. പക്ഷേ നിനക്കൊന്നും അതുപോലും തരരുത്. നാളെ രാവിലെ തന്നെ നീ ഓഫീസിൽ എത്തിയിരിക്കണം .കേട്ടല്ലോ "
അഥവാ ഇനി നീ എത്തിയില്ലെങ്കിൽ നിന്നെ ജോലിയിൽ നിന്നും ഞാൻ പിരിച്ചു വിടും. ഉറപ്പാണ് അത് "ശിവ ഗൗരവം വിടാതെ പറഞ്ഞു.
" ഞാൻ മറ്റന്നാ വരാ ."അവൾ പറഞ്ഞു.
" പറ്റില്ല നാളെ എത്തിയിരിക്കണം "ശിവയും ഒട്ടും വിട്ടുകൊടുത്തില്ല .
"നാളെ രാവിലെ ഓഫീസിൽ എത്തണമെങ്കിൽ ഞാൻ ഇന്ന് തന്നെ ഇവിടുന്ന് ഇറങ്ങേണ്ടി വരും.
എന്നെ കൊണ്ടാക്കാൻ ഇവിടെ ആരുമില്ല. ബ്രദർ ആണെങ്കിൽ ഇപ്പൊ ദേവുനെ കൊണ്ടാക്കാൻ ആയി അങ്ങോട്ട് പോയതേയുള്ളൂ
ഇനി അവൻ വന്നിട്ട് വീണ്ടും അത്രയും ദൂരം ഡ്രൈവ് ചെയ്യാൻ പറ്റില്ല."
"ശരി നാളെ രാവിലെ നീ എത്തേണ്ട .ഉച്ചയ്ക്ക് മുമ്പ് മതി "
"ഉച്ചയ്ക്കോ "അവൾ വീണ്ടും ചോദിച്ചു.
" നിനക്ക് കുറച്ച് ഇളവ് തന്നാ കൂടുതൽ നീ
അങ്ങ് കയറി പോവുകയാണല്ലോ .
എന്നാ നീ രാവിലെ തന്നെ വന്നോ ".
"അയ്യോ അങ്ങനെ പറയല്ലേ സാർ. ഞാൻ നാളെ ഉച്ചയ്ക്കു തന്നെ വരാം. പിങ്കി പ്രോമിസ് "
അവളുടെ പിങ്കി പ്രോമിസ് കേട്ടതും ശിവ ചിരിക്കാൻ തുടങ്ങി.
അവന്റെ ചിരി കേട്ടു പാർവണയും അതിശയിച്ചിരുന്നു .
"ഓക്കേ ...പിന്നെ ഒരു കാര്യം കൂടി ഉണ്ട് "ശിവ ചിരി നിർത്തിക്കൊണ്ട് പറഞ്ഞു .
"എന്താ"
"നീയെന്താ വീട്ടിൽ റൂമിൽ നിന്നും ഇറങ്ങാതെ ഭക്ഷണമൊന്നും കഴിക്കാതെ ഇരിക്കുന്നു എന്ന് അച്ഛൻ പറഞ്ഞല്ലോ എന്താ കാരണം"
ശിവ വീണ്ടും ഗൗരവത്തോടെ ചോദിച്ചു
"അങ്ങനെയൊന്നുമില്ല സാർ"
"ഇനി അങ്ങനെ ഉണ്ടാകരുത് കേട്ടല്ലോ "ശിവ ചോദിച്ചു.
"ശരി സാർ "
"എന്നാ ശരി .ഞാൻ കോൾ കട്ട് ചെയ്യാം. നാളെ കാണാം" അതുപറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു.
അതേസമയം പാർവണയുടെ മനസ്സിൽ ഒരു ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി .
" ശിവ സാർ എന്നെ വിളിച്ചു സംസാരിച്ചു. അതും നല്ല സ്നേഹത്തിൽ
എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല മഹാദേവ
" അവൾ കയ്യിൽ സ്വയം നുള്ളി കൊണ്ട് പറഞ്ഞു.
"എന്തായാലും നാളെ രാവിലെ തന്നെ ഓഫീസിലേക്ക് പോകാം. സാറിനും ഒരു സർപ്രൈസ് ആകും "അവൾ മനസ്സിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് ഉറപ്പിച്ചു .
ശിവയുടെ ആ വിളിയോടെ പാർവണ വീണ്ടും പഴയ പോലെ ആയി .രേവതി വന്നു പോയതു കൊണ്ടാണ് പാർവണ വീണ്ടും പഴയതുപോലെ ആയത് എന്നാണ് അച്ഛനുമമ്മയും കരുതിയിരുന്നത്.
അവൾ നാളെ ഓഫീസിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ചെറിയൊരു സങ്കടം തോന്നി . പക്ഷേ അവളുടെ മാറ്റം അമ്മയെയും ഒരുപാട് സന്തോഷപെടുത്തിയിരുന്നു.
____________________________________________
രാത്രി ഭക്ഷണമെല്ലാം കഴിച്ചു പാർവണ ബെഡിൽ വന്നു കിടന്നു ശേഷം ഫോണെടുത്ത്
ശിവയുടെ നമ്പർ സേവ് ചെയ്തു .
സാറിന് രണ്ട് നമ്പർ ഉണ്ട് എന്ന് തോന്നുന്നു.അന്ന് വിളിച്ച നമ്പർ അല്ലല്ലോ ഇത് എന്തായാലും ഇതുകൂടി സേവ് ചെയ്തേക്കാം.
അവൾ ആ നമ്പർ സേവ് ചെയ്തു. സാറിന്റെ മറ്റേ നമ്പറിൽ വാട്സാപ്പ് ഇല്ല .ഇതിൽ ഉണ്ടോ നോക്കാം അത് പറഞ്ഞ് അവൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു .
അതിൽ കണ്ണന്റെ ഒരുപാട് മെസ്സേജുകൾ വന്നു കിടക്കുന്നുണ്ട്. അവൾ അത് ശ്രദ്ധിക്കാതെ നേരെ ശിവയുടെ പേര്
ലിസ്റ്റിൽ നിന്നും കണ്ടെത്തി എടുത്തു .
" ഈ നമ്പറിൽ വാട്സപ്പ് ഉണ്ട് "അവൾ സന്തോഷത്തോടെ അത് ഓപ്പൺ ചെയ്തു .
ശിവ ഒരു സെതസ്കോപ്പ് എല്ലാം ഇട്ട് ടേബിളിൽ ഇരിക്കുന്ന ചിത്രമാണ് DPയായി വെച്ചിരിക്കുന്നത് .
കാണുമ്പോൾ ഒരു കുറച്ചു വർഷത്തെ പഴക്കം ആ ഫോട്ടോയ്ക്ക് ഉണ്ട് .ശിവ ഡോക്ടർ ആയിരിക്കുമ്പോൾ എടുത്ത ഫോട്ടോ ആയിരിക്കും "അവൾ അതിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു .
സാർ ഓൺലൈനിൽ ഉണ്ടല്ലോ അവൾ
"അതിലേക്ക് ആകാംക്ഷയോടെ നോക്കി കൊണ്ട് പറഞ്ഞു.
പെട്ടെന്നുതന്നെ അതിലേക്ക് ഒരു മെസ്സേജ് വരികയും ചെയ്തു.
*ഞാൻ പറഞ്ഞ കാര്യം മറക്കണ്ട *
"അയ്യോ നീ എന്ത് പണിയാ തുമ്പി കാണിച്ചേ .സാർ വിചാരിച്ചു കാണില്ലേ നീ സാറിന്റെ ഫോട്ടോ നോക്കി ഇരിക്കുകയാണെന്ന് .സാർ ടൈപ്പ് ചെയ്യുന്നത് ഞാൻ അറിഞ്ഞതുമില്ല."
മറുഭാഗത്ത് ശിവയുടെ അവസ്ഥയും അതുതന്നെയായിരുന്നു .താൻ മെസ്സേജ് അയച്ചതും അപ്പോൾ തന്നെ പാർവണ അത് സീൻ ചെയ്തിരുന്നു. അപ്പോ അവൾ ഇത് നോക്കിയിരിക്കുകയായിരുന്നോ."അവന്റെ മനസ്സിലും ഒരു സംശയം ഉണർന്നു. ഒപ്പം അവന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞിരുന്നു.
( തുടരും )
🖤 പ്രണയിനി🖤