Aksharathalukal

തിര 10

തിര
 
Part - 10
 
🌊🌊🌊🌊🌊🌊🌊🌊
 
തിങ്ങി നിന്നവർക്കിടയിലേക്ക് നോക്കിയപ്പോൾ കണ്ടത് ചലനമറ്റ് കിടക്കുന്ന മുരുകനെയാണ്. ഒരുവേള ഞാൻ സ്തംഭിച്ചു നിന്നു പോയി. മരണ മാലാഖ നേരത്തെയെത്തിയിരിക്കുന്നു..!
 
അല്ലെങ്കിലും ആരെയും വിളിച്ചു പറയില്ലല്ലോ... മരണം എത്ര അരികിലാണ്. ഓഹ്... എനിക്ക് ചിന്തിക്കാൻ വയ്യ.
 
 
അജിത്ത് മുരുകന്റെ കണ്ണുകൾ അടച്ചു കൊടുക്കുന്നത് കണ്ടു. ഇനിയുള്ള കാഴ്ചകൾ കാണാൻ നിൽക്കാതെ അയാളും ഞങ്ങളെ വിട്ട് പോയിരിക്കുന്നു.
 
"ആ പെണ്ണ് വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കണ്ടപ്പോഴാ സംശയം തോന്നിയത്..."
 
കാർത്തിക് ജലീലിനോട് പതിയെ പറയുന്നത് കേട്ടു. ക്യാപ്റ്റന്റെ മുഖത്ത് പ്രത്യേക ഭാവമാറ്റങ്ങളൊന്നും കണ്ടില്ല. വരുന്നതെല്ലാം ഉൾക്കൊള്ളാൻ അദ്ദേഹം മനസ്സിനെ തയ്യാറാക്കി നിർത്തുകയായിരുന്നുവോ ഇത്രയും ദിവസം..?
 
 
----------------------
 
തുടർന്നുള്ള യാത്ര ഇന്ന് തന്നെ നടപ്പിലാവുമെന്ന് കരുതിയിരുന്നതല്ല. പെട്ടെന്നുള്ള മരണത്തിന്റെ ഗന്ധം നീങ്ങുന്നത് വരെ കാത്തു നിൽക്കുമെന്ന് കരുതി.
 
ഇനിയും ഇവിടെ നിന്നാൽ പോയവരൊന്നും തിരിച്ചു വരില്ലെന്ന് പറഞ്ഞത് ക്യാപ്റ്റൻ തന്നെയാണ്. വിട്ട് പോയവരുടെ നോവിനേക്കാൾ  ശേഷിക്കുന്നവരുടെ ജീവനിലുള്ള ആധിയാണ് അദ്ദേഹത്തിന് ഏറെയും.
 
എങ്കിലും പറയാതിരിക്കാൻ വയ്യ. പ്രിയപ്പെട്ടവരുടെ വേർപാടുകൾ കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയം തകർന്നു കിടക്കുകയാണ്. അവിടെയിനിയൊരു നോവിന്റെ വിത്ത് മുളയ്ക്കാനുള്ള ഇടമില്ല..! അല്ലെങ്കിൽ അതിന്റെ വളർച്ചയ്ക്ക് ഒരു തുള്ളി കണ്ണ് നീര് പോലും പൊഴിക്കാൻ അദ്ദേഹം തയ്യാറല്ല.
 
 
ഇനിയും ആ കാട്ടിനുള്ളിൽ സമയം നീക്കുന്നത് നല്ലതാണെന്ന് ഞങ്ങൾക്കും തോന്നിയില്ല. എതിർപ്പ് പറഞ്ഞത് ജീ മാത്രമാണ്. മുരുകന്റെ ഭാര്യയുടെ മാനസിക സ്ഥിതി കൂടെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ കരുതിയതിന് വിപരീതമായി അവൾ ഞങ്ങളുടെ കൂടെ വരാമെന്ന് സമ്മതിച്ചു.
 
ഉച്ചയ്ക്ക് തന്നെ ഞങ്ങൾക്ക് പുറപ്പെടാനും കഴിഞ്ഞു. ഇനിയെന്താണ് മുൻപിലെന്ന് യാതൊരു നിശ്ചയവുമില്ല. ഈ കാടിനുള്ളിൽ നിന്ന് പുറത്ത് കടക്കണമെന്നതാണ് ആദ്യത്തെ ദൗത്യം.
 
 
മുരുകന്റെ മരണം ആ യാത്രയ്ക്ക് ആശ്വാസം നൽകിയിരുന്നുവോ എന്നൊരു വേള ഞാൻ സംശയിച്ചു പോയി. അതിന് കാരണവും ഉണ്ട്. മുരുകനെ എടുത്ത് കൊണ്ട് പോകുന്നതിനാൽ വളരെ പതിയെയായിരുന്നു ഇന്നലെ നടന്നത്. ഇന്ന് എല്ലാവരിലും വേഗത ഏറിയിട്ടുണ്ട്. കുറച്ചെങ്കിലും പ്രയാസപ്പെടുന്നത് സൈദിന്റെ അബിയാണ്. എങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പം തിടുക്കത്തിൽ നടക്കുന്നുമുണ്ട്.
 
 
"അന്ന..."
 
എന്റെ കൂടെ നടന്നിരുന്ന ക്യാപ്റ്റൻ മെല്ലെ വിളിച്ചു. ഞാൻ അദ്ദേഹത്തെ നോക്കി. ഇത്രയൊക്കെയായിട്ടും അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടാത്തത് കണ്ട് എനിക്കത്ഭുതം തോന്നി.
 
"എന്താടോ... ഇന്ന് തന്നെ അവിടെ നിന്ന് പുറപ്പെട്ടതിൽ എന്നോട് എല്ലാവർക്കും ദേഷ്യം തോന്നുന്നുണ്ടാവുമല്ലേ..?"
 
ക്യാപ്റ്റൻ അല്പം വിശാദത്തോടെ ചോദിച്ചു 
 
 
"എന്തിന്..?
അത് നന്നായെന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ..."
 
ഞാൻ എന്റെ മനസ്സിലുള്ളത് അദ്ദേഹത്തോട് തുറന്നു പറഞ്ഞു.
 
"ഇനിയാർക്ക് വേണ്ടിയും കാത്തിരിക്കാൻ നമുക്ക് സമയം ഇല്ല. 
 
കടന്നു പോകുന്ന ഓരോ നിമിഷവും നമ്മുടെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ്."
 
ക്യാപ്റ്റൻ ഗൗരവത്തിലാണ് പറഞ്ഞത്.
 
"അറിയാം ക്യാപ്റ്റൻ... നമ്മൾ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു."
 
ഞാൻ ഉറച്ച വിശ്വാസത്തോടെ പറഞ്ഞു.
 
"ഈ കാട് ഒന്ന് അവസാനിച്ചിരുന്നെങ്കിൽ..."
 
അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു.
 
 
ക്ഷീണം കാരണം രണ്ടിടങ്ങളിൽ അന്ന് ഞങ്ങൾക്ക് വിശ്രമിക്കേണ്ടി വന്നു. നേരം സന്ധ്യയോടടുത്തിട്ടും ഞങ്ങൾ കാടിന് പുറത്തെത്തിയിട്ടില്ല. ഇനിയും ഇങ്ങനെ നടന്നാൽ മറ്റുള്ളവർ ഞങ്ങളെ പിന്തുടരുമോ എന്ന് പോലും ഞാൻ സംശയിച്ചു.
 
 
ക്യാപ്റ്റനെ അനുമോദിക്കാതിരിക്കാൻ കഴിയില്ല. അദ്ദേഹം നിരന്തരം ഞങ്ങൾക്ക് പ്രചോദനം നൽകി കൊണ്ടിരുന്നു.
 
തീർച്ചയായും ഇന്ന് നമ്മൾ ഈ കാടിന് പുറത്തു കടക്കുമെന്ന് പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ഞങ്ങൾ പിന്നീട് നടന്നത്. കാടിനുള്ളിലെ കാറ്റിന് വല്ലാത്തൊരു അനുഭൂതി ഉണ്ടായിരുന്നു.
 
 
രാത്രിയേറെ വൈകിയിരിക്കുന്നു. ടോർച്ച് അടിച്ചു പിടിച്ചാണ് ഞങ്ങൾ നടന്നത്. വന്യമൃഗങ്ങളുടെ ശബ്ദങ്ങളൊന്നും കേൾക്കാത്തതിൽ നേരീയ ആശ്വാസം തോന്നി.
 
 
മുന്നോട്ട് നടക്കുന്നതിനിയിൽ പെട്ടെന്ന് മുന്നിലുള്ളവർ നിന്നു. എന്തെന്നറിയാതെ ഞങ്ങളും നിന്നു.
 
"ശ്...."
 
ആരോ ഒരാൾ മിണ്ടരുതെന്ന് ശബ്ദിച്ചു. ഞങ്ങൾക്ക് ചുറ്റുമുള്ള കരിയിലകൾ ശബ്ദിക്കുന്ന ശബ്ദം എന്റെ കാതിലും എത്തി.
 
 
പെട്ടെന്ന് വെളിച്ചം നിലച്ചു. ഞങ്ങളുടെ അടുത്തേക്ക് നീങ്ങി വരുന്ന ജീവി ഞങ്ങളെ കാണാതിരിക്കാൻ വേണ്ടിയായിരുന്നു അത്.
 
സത്യത്തിൽ ഞങ്ങളാരും അതിനെ കണ്ടിട്ടില്ല. അടുത്ത് നിന്ന് കേൾക്കുന്ന ശബ്ദം മാത്രമാണ് ഞങ്ങളെ ഭയപ്പെടുത്തുന്നത്.
 
ഒരു കൂറ്റൻ മരത്തിന്റെ പിന്നിലേക്ക് ഞങ്ങൾ മാറി നിന്നു. ശ്വാസം വിടാൻ പോലും ഭയന്നു.
 
അടുത്ത ഭാഗത്തിനായി കാത്തിരിക്കുക
 
©
 
ഒത്തിരി സ്നേഹത്തോടെ
Muhsina ithus