Aksharathalukal

നമ്മൾ തമ്മിൽ -- ഭാഗം 1



 

ദൂരെ നിന്നുമുള്ള ഷാലിമാർ എക്സ്പ്രസ്സിന്റെ ചൂളം വിളി നോർത്ത് ജംഗ്ഷൻ സ്റ്റേഷനിൽ കാത്ത് നിന്നവരെയെല്ലാം ഒന്നുണർത്തി. പതിയെ നിരങ്ങി നിന്ന ട്രെയിനിൽ നിന്നും ഉറക്കച്ചടവോടെയും ക്ഷീണിതരുമായി പലരും ഇറങ്ങാനായി എഴുന്നേറ്റു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവെച്ചവൾ പതിയെ ജനാലയ്ക്കപ്പുറം വീക്ഷിച്ചു. ഉള്ളിൽ പ്രതീക്ഷിച്ച ഒരു തരിപ്പ് പടരുന്നതറിഞ്ഞു. ഇവിടം ഒരുപാട് മാറ്റം വന്നിരിക്കുന്നു..... മാറ്റം വരാത്തത് തന്നിലെ ഓർമ്മകൾക്ക് മാത്രമാണ്. ഒന്ന് ദീർഘനിശ്വസിച്ചു കൊണ്ട് തന്റെ ബാഗും ലഗ്ഗേജും എടുത്ത് അവൾ ആ കംപാർട്മെന്റ് ബോഗിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനായി എഴുന്നേറ്റു.

ചുറ്റും ഒരുപാട് മനുഷ്യർ. ചിലർക്ക് ഇതൊരു യാത്രയുടെ അവസാനമെങ്കിൽ മറ്റു ചിലർക്കിതൊരു തുടക്കം മാത്രം.

തനിക്കോ?
ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല... അവൾ ആശ്വസിച്ചു.

പുറത്ത് ഇറങ്ങിയതും അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു. സമയം എഴോട് അടുത്തിരിക്കുന്നു. പലരും അവരുടെ ജോലികളിൽ വ്യാപൃതരാണ്. പത്രം അടുക്കിയും വിൽപനക്കായി കൂട്ടിവെച്ചും ചിലർ....ഭക്ഷ്യവസ്തുക്കളുമായി മറ്റു ചിലർ.... ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊരു പ്ലാറ്റഫോമിലേക്ക് ഓടിക്കിതച്ചു പോകുന്ന മറ്റുചിലർ.
എല്ലാവർക്കും അവരുടേതായ ലോകം... അവരുടേതായ ആവശ്യങ്ങൾ.

അവൾ ചുറ്റും കണ്ണോടിച്ചു. മുൻപിലെ ട്രാക്കിലേക്ക് നോക്കി എന്തോ ഓർത്തു. അവിടെ അവളെ തന്നെ നോക്കി ചുവപ്പ് കുതിർന്ന മുഖവുമായി ബ്രൗൺ നിറകണ്ണുകളുള്ള ഒരു പെൺകുട്ടി നിൽക്കുന്നതായി തോന്നി.

പൊടുന്നനെ അവൾ ദൃഷ്ടി മാറ്റി. ഉള്ളിലെ ഒരു വിങ്ങൽ വീണ്ടും അവളെ ചുറ്റിവരിയുന്നതായി അവൾക്ക് തോന്നി. അധികനേരം അവിടെ നിൽക്കാൻ തനിക്കാവില്ലെന്ന് തോന്നിയതുകൊണ്ടാകാം അവൾ ടാക്സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.

"ചേട്ടാ, സ്കൈലൈൻ അപാർട്മെന്റ്സ് വരെ പോകാമോ?"
"അഹ് പോകാം"

കയ്യിലുണ്ടായിരുന്ന ലഗ്ഗേജ് ഡ്രൈവറുടെ സഹായത്താൽ ഡിക്കിയിൽ എടുത്തുവെച്ചു അവൾ പിൻസീറ്റിലേക്ക് കയറിയിരുന്നു.

അവിടമാകെ മാറിയിരിക്കുന്നു അവൾക്കത്ഭുതം തോന്നി. പറഞ്ഞ് കേൾക്കുന്നതിനേക്കാൾ കൂടുതൽ കണ്ടറിയുമ്പോളാണ് മനസിലാകുന്നത്.

ദൂരയാത്ര കാരണം അവൾക്ക് അതിയായ ക്ഷീണം തോന്നി. വിൻഡോയ്ക്കാരിക്കിൽ തലചായ്ച്ചുകൊണ്ടവൾ പതിയെ വീണ്ടും ചിന്തകളിലാണ്ടു. എന്തിനാണീ തിരിച്ചുവരവെന്നവൾ ഓർത്തു. ഒരിക്കലും വരണമെന്നാഗ്രഹിച്ചിരുന്നില്ല. അകന്ന് പോയിടത്തേക്ക് തന്നെ വീണ്ടുമൊരു തിരിച്ചുവരവ്. ഒന്നുമാത്രം അവൾക്കറിയാം തനിക്ക് വേണ്ട സംരക്ഷണം നല്കാൻ ഇവിടെയെത്തുക പ്രധാനമാണ് മറ്റൊന്നും തനിക്കിപ്പോൾ ചിന്തിക്കാനാവില്ല.

സ്കൈലൈൻ അപാർട്മെന്റ്സിന്റെ താഴെ ടാക്സി നിർത്തി ക്യാഷ് കൊടുത്തവൾ ഇറങ്ങി.
സത്യ പറഞ്ഞ അഡ്രസ്സ് അത് തന്നെയെന്നുറപ്പിച്ച ശേഷം ലിഫ്റ്റ് വഴി മുകളിലെത്തി. കാളിങ് ബെല്ലിൽ വിരലമർത്തുമ്പോളും ഉള്ളിലൊരാശങ്കയുണ്ടായിരുന്നു. സത്യയുമായി വെറും ആറ് മാസത്തെ പരിചയമാണുള്ളതെങ്കിലും ഇങ്ങനെയൊരാവശ്യത്തിന് തനിക്കവളെ ആശ്രയിച്ചേ പറ്റു. രണ്ടാമത്തെ റിങ്ങിൽ മുൻപിലെ വാതിൽ തുറന്നു.

പുറത്തേക്കിറങ്ങാനുള്ള വേഷത്തിൽ ആയിരുന്നു സത്യ. വാതിൽ തുറന്നതും അവളെ വന്നിറുകെ കെട്ടിപിടിച്ചു. സത്യയുടെ സ്നേഹപ്രകടനം അവളെ വീർപ്പുമുട്ടിക്കുന്നതായി തോന്നി. എന്നെങ്കിലുമൊരിക്കൽ വന്നുചേരുന്ന കുളിർതെന്നൽ പോലെയവ അവളിൽ അപരിചിതത്വത്തിന്റെ ഭയമുണർത്തി. മനസ്സിന്റെ ശങ്കകൾ മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ നന്നായൊന്ന് ചിരിച്ചുകൊണ്ടവൾ സത്യയിൽ നിന്നും അകന്നുമാറി.

"ഞാൻ നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ടീ. കൂട്ടാൻ വരണോന്ന് ചോദിച്ചതല്ലേ. എന്താ വൈകിയേ?"

"ഹൗറയിൽ നിന്നും ട്രെയിൻ പുറപ്പെടാൻ അല്പം വൈകിയിരുന്നു. ഇവിടെ എത്തുമ്പോഴേക്കും പറഞ്ഞതിലും വൈകി… അതാ."

"ശെരി ശെരി… നിന്നെ വന്നകാലിൽ തന്നെ പുറത്തു നിർത്തിപോയി. അകത്തുവരൂ.
നിനക്ക് മാംഗോ ജ്യൂസ് അല്ലെ പ്രിയം. എടുത്ത് വെക്കാം"
അതും പറഞ്ഞ് സത്യ അവളെ സോഫയിലിരുത്തി അടുക്കളയിലേക്ക് പോകാനാഞ്ഞു.

"സത്യാ… എനിക്ക് ഇപ്പൊ ഒന്നും വേണ്ട. ആദ്യം ഒന്ന് ഫ്രഷ് ആകണം… മുറി.."

"ഓ ഓക്കെ ടീ… ദേ ആ വലതുവശത്തെ മുറിയാണ്... നിനക്കായ് ഒരിക്കിയിട്ടുണ്ട്."

"നിനക്ക് എത്ര മണിക്കാ ജോലിക്ക് പോകേണ്ടത്?"

പൊടുന്നനെ തലയ്ക്കു കയ്യ് കൊടുത്തുകൊണ്ട് സത്യ പറഞ്ഞു.
"എടോ ഞാനിപ്പോ മറന്നേനെ… ഇന്ന് ഒമ്പത് മണിയാകുമ്പോളേക്കും മീഡിയ ഹൗസിൽ എത്തണം… ഒരു സ്‌പെഷ്യൽ ന്യൂസ് കവർ ചെയ്യാനുണ്ട്. എന്നാ നീ പോയി ഫ്രഷ് ആയി വാ. ഫുഡ് ടേബിളിൽ വെച്ചിട്ടുണ്ട്… ഉച്ചത്തേക്കും ഉള്ളതുണ്ട്… ചൂടാക്കി കഴിക്കാം. വൈകിട്ട് എവിടേം പോകാനില്ലേൽ തന്റെ സ്‌പെഷ്യൽ വല്ലോം വെക്കാം. ഐ മിസ് യുവർ ഫുഡ്!"

സത്യയുടെ ക്യൂട്ട്നെസ് കലർത്തിയ നോട്ടവും ദയനീയമായ സംസാരവും അവളെ കൽക്കട്ടായിൽ വെച്ചു താൻ കണ്ട അതേ വ്യക്തിയിലേക്ക് ചെന്നെത്തിച്ചു. ഉള്ളിൽ ഉടലെടുത്ത അപരിചിതത്വം പതിയെ മങ്ങുന്നതവളറിഞ്ഞു.

"എനിക്ക് ഈവനിംഗ് ഒരിടം വരെ പോകാനുണ്ട്. അതുകഴിഞ്ഞ് വന്നു നിനക്കിഷ്ടമുള്ളത് പാകം ചെയ്ത് തരാം പോരെ."

"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ. നീ വന്നുകയറിയ അന്നുതന്നെ നിന്നെ കൊണ്ട് പണിയെടുപ്പിക്കുന്നില്ല."

"അത് സാരമില്ല സത്യ.

സമയം എട്ടു കഴിഞ്ഞിരിക്കുന്നു… നിനക്കൊരുങ്ങേണ്ടേ?"

"ഓ യെസ്. എങ്കിൽ നീ പോയി ഫ്രഷ് ആയി വരൂ"

ഇതും പറഞ്ഞുകൊണ്ട് സത്യ ഇടതുവശത്തെ മുറിയിലേക്കും അവൾ വലതുവശത്തെ മുറിയിലേക്കും കയറിപ്പോയി. നല്ല വൃത്തിയും വെടിപ്പുമായിട്ടിരിക്കുന്ന മുറിയായിരുന്നു അത്. എല്ലാം അടുക്കും ചിട്ടയോടെയും ഒതുക്കി വെച്ചിരിക്കുന്നു. മുറിയാകമാനം ഒന്ന് വീക്ഷിച്ചതിന് ശേഷം തൃപ്‌തിയടഞ്ഞുകൊണ്ടവൾ കൊണ്ട് വന്ന സ്യൂട്ട്ക്കേസുകളിൽ നിന്നും മാറാനുള്ള വസ്ത്രങ്ങളുമെടുത്ത് ബാത്റൂമിലേക്ക് കയറി.
കുളിച്ചിറങ്ങിയപ്പോൾ വല്ലാത്തൊരു കുളിർമ അവളെ വന്ന് പൊതിഞ്ഞു. ബാൽക്കണിയിൽ നിന്നുമുള്ള കാറ്റിനൊപ്പം കുളിരുകൊണ്ടവളുടെ രോമങ്ങളും എഴുന്ന്നിന്നു. തല തുവർത്തുന്നതിനിടെയായിരുന്നു സത്യ പുറത്തേയ്ക്കിറങ്ങി വന്നത്.

"മാനു നീയെങ്ങോ പോകണം എന്ന് പറഞ്ഞില്ലേ. എങ്ങനെയാ പോകുന്നേ?"

"ഒരു സുഹൃത്തിനെ കാണാനാണ്. ബസിൽ പോകാം അല്ലെങ്കിൽ വണ്ടി വിളിക്കാം."

"നിനക്കിവുടത്തെ സ്ഥലമെല്ലാം അറിയാമോ?"

"ഗൂഗിൾ മാപ്പ്"

അവളൊരു ചിരിയോടെ മറുപടി നൽകി.

"അങ്ങനെയാണെങ്കിൽ താഴെ എന്റെ സ്കൂട്ടി കിടപ്പുണ്ട്… അതെടുത്തോ
റെഡ് കളറാണേ… വാച്ച്മാനോട് ചോദിച്ചാൽ മതി. ഞാൻ പറഞ്ഞുവെക്കാം."

"ശെരി ടീ"

"എന്നാ ശെരി
ദാ ഇത് കൈവശം വെച്ചോളൂ... ഈ ഫ്ലാറ്റിന്റെ സ്പെയർ കീ ആണ്.

അപ്പോൾ വൈകിട്ട് കാണാം മാനു."

അവൾക്കുനേരെ കൈവീശി കാണിച്ചുകൊണ്ട് സത്യ സോഫയിൽവെച്ച തന്റെ ബാഗും മൊബൈലും കാറിന്റെ കീയും എടുത്ത് പുറത്തേക്കിറങ്ങി.

സത്യ അഥവാ സത്യാ രാജശേഖർ നഗരത്തിലെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകയാണ്. നഗരത്തിലെ തന്നെ പ്രശസ്തമായ മീഡിയാഹൗസിലെ ഒരു കഴിവുറ്റ ജേർണലിസ്റ്റ്. ജോലിക്ക് വേണ്ടി രാപകലില്ലാതെ പരിശ്രമിക്കുന്ന ചുരുക്കം ചിലരിലൊരാൾ. തന്നെക്കാൾ രണ്ടുവയസ്സ് മൂത്തതാണെങ്കിലും ഇടയ്ക്ക് ചെറിയ കുട്ടികളെപ്പോലെ കൊഞ്ചികളിക്കും. എങ്കിലും ജോലിസംബന്ധമായ കാര്യങ്ങളിൽ വളരെ പക്വമായി പെരുമാറുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരാൾക്കെങ്ങനെ പലവേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യാനാകുന്നതെന്നവൾ അത്ഭുതപെട്ടിട്ടുണ്ട്.

അവൾ സത്യയെ പരിചയപ്പെടുന്നത് ഒരു ഡോക്യുമെന്ററി ചെയ്യാനായി സത്യ കൾകട്ടായിൽ വന്നന്നുമുതലാണ്. അന്നത്തെയാ പരിചയം ഇന്നിവിടെയൊരാവശ്യത്തിന് ഉപകരിച്ചിരിക്കുന്നു. തനിക്കിവിടെ നിൽക്കാൻ സഹായം ചെയ്യാമെന്നവളേറ്റു. അധികകാലം തനിക്കിവിടെ കഴിയേണ്ട ആവശ്യമില്ല എങ്കിലും തൽകാലം ശ്രദ്ധ പിടിക്കാതെ കഴിഞ്ഞു കൂടാൻ ഇവിടെയാണ് കൂടുതൽ സൗകര്യപ്രദം. അവൾ ഓർത്തു.

സത്യ തയ്യാറാക്കിയ ഭക്ഷണം എടുത്ത് കഴിച്ച ശേഷം അവൾ ബാൽകണിയിലേക്ക് തന്റെ പാതി വായിച്ച പുസ്തകവും മൊബൈലും എടുത്ത് ചെന്ന് അവിടെയുണ്ടായിരുന്ന കോർണർ കൗച്ചിലേക്ക് ചാരിയിരുന്നു. അവളുടെ കയ്യിലെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോളാണ് മൊബൈൽ റിങ് ചെയ്തതും ഡിസ്പ്ലേ സ്ക്രീനിലെ പേരിലേക്ക് അവളുടെ മിഴികൾ പാഞ്ഞതും.

"മീര കാളിങ്"

ഒരു ചെറുചിരിയോടെ അവൾ ആ കാൾ അറ്റൻഡ് ചെയ്തു. അങ്ങോട്ടെന്തെങ്കിലും പറയാനാകുന്നതിന് മുന്നേ അവളുടെ കാതിൽ മീരയുടെ ശബ്ദമെത്തി.

"അവിടെ എത്തിയാ ഒന്ന് വിളിക്കാനുള്ള മര്യാദ കാണിച്ചുകൂടെ മാനു നിനക്ക്. ഇങ്ങോട്ട് വിളിക്കുന്നതും കാത്തിരുന്നാൽ ഈയടുത്തൊന്നും അത് സാധ്യമല്ലാന്ന് തോന്നി."

ഇത്രനേരവും അന്യമായിരുന്ന... ഔപചാരികയേതുമില്ലാത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തത്തികളിച്ചു.

"മീര സർഗം" രക്തബന്ധങ്ങളന്യമായവൾക്ക് സൗഹൃദത്തിന്റെ മാധുര്യവുമായി തന്നിലേക്ക് ചേക്കേറിയ രണ്ടാമത്തെ വ്യക്തി. പ്ലസ് ടു പഠനകാലത്ത് തന്നെപ്പോലെ ആരുടെയൊക്കെയോ സഹായവായ്പുകളാൽ ഹോസ്റ്റലിലേക്ക് പഠനത്തിനായി കുടിയേറിയവൾ. പതിയെ തുടങ്ങിയ കൂട്ടുകെട്ടെങ്കിലും ഇന്ന് തനിക്കു സ്വന്തം എന്നുപറയാൻ ഈ ലോകത്തുള്ളത് അവൾ മാത്രമാണ്. തന്നെപ്പോലെ ഒരനാഥ... സർഗം എന്ന വാൽകഷ്ണം പോലും സർഗം ഓർഫനേജിന്റെ കീഴിലെ സംരക്ഷണക്കാലയളവിൽ അവൾക്ക് സമ്മാനിക്കപ്പെട്ടതാണ്.

മാനുഷിയുടെ ചുണ്ടുകൾ മീരയെ ആശ്വസിപ്പിക്കാനെന്നവണ്ണം മൊഴിഞ്ഞു.

"ഇവിടെ എത്തിയതും നിനക്ക് ഞാൻ മെസ്സേജ് അയച്ചിരുന്നു."

"ഓഹ് മോൾക്ക് പിന്നെ ഫോൺ വിളി അലർജി ആണല്ലോ ല്ലെ. ഒരു മെസ്സേജ് അയച്ചത് വലിയ കാര്യമാണോ?
അപ്പൊ അവിടത്തെ വിശേഷം ആര് പറയും."

ഉള്ളിലെ ചെറിയ അമർഷം അടക്കി മീര സംസാരിച്ചുകൊണ്ടിരുന്നു.

മാനുഷിയുടെ വാക്കുകലിലൂടെ തന്നെ അവിടെയെത്തിയത് മുതലുള്ള വിശേഷങ്ങൾ അറിഞ്ഞ ശേഷം മാത്രമാണ് മീര ഒരല്പം തണുത്ത് തുടങ്ങിയത്. പതിയെ സംസാരം അവളുടെ ആഗമനോദേശത്തിൽ എത്തി.

"മാനു നീ തീർച്ചപെടുത്തിയോ?"

"ഉം", അവളൊന്നു മൂളുക മാത്രം ചെയ്തു.

"നീയന്നിക്കാര്യം പറഞ്ഞപ്പോൾ ഞാനെതിർകാഞ്ഞത് എനിക്കവരെക്കുറിച്ചൊ നിനക്കുണ്ടായേക്കാവുന്ന സാഹചര്യത്തെകുറിച്ചോ യാതൊന്നും അറിയതോണ്ടാണ്.
എങ്കിലും ആലോചിക്കുമ്പോൾ ഇത്തരമൊരു തീരുമാനം അബദ്ധമായി തോന്നുന്നു."

"അറിയില്ല മീരാ..
തെറ്റേതാണ് ശെരിയേതാണ് എന്ന് ഞാനിപ്പോ ചിന്തിക്കുന്നില്ല.
ആദ്യം ഞാനയാളെ പോയി കാണട്ടെ… അതിന് ശേഷം തീരുമാനിക്കാം."

"ഉം.
അങ്ങനെയെങ്കിൽ അങ്ങനെ. എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്… ഇട്‌സ് എ സീരിയസ് മാറ്റർ."

മീരയോടവൾ കുറച്ചുസമയം കൂടെ സംസാരിച്ചുകൊണ്ടിരുന്നു. തനിക്ക് ലഭിച്ച മെയിലും കാണാൻ പോകുന്ന ആളുമായി കണ്ടുമുട്ടേണ്ട സമയവും സ്ഥലവും സത്യയും എല്ലാം അവരുടെ ചർച്ചാ വിഷയമായി.

കാൾ കട്ട് ചെയ്യുമ്പോൾ സമയം ഉച്ചകടന്നിരുന്നു. വീണ്ടും അല്പംനേരം തന്റെ പുസ്തകത്തിലേക്ക് കണ്ണുനട്ടുകൊണ്ടവളിരുന്നു. സമയം മൂന്നുമണിയോടടുത്തപ്പോളേക്കും കയ്യിലെ പുസ്തകം അവിടെയിരുന്ന ചെറിയ മേശയിൽ വെച്ച് തന്റെ മൊബൈലും എടുത്തവൾ അടുക്കളയിലേക്ക് ചെന്നു. വിശപ്പ് തോന്നാത്തതിനാൽ ഫ്രിഡ്ജിൽ നിന്നും ഒരു ഗ്ളാസ്സ് മാംഗോ ജ്യൂസ് എടുത്ത് കുടിച്ച് അവളുടെ റൂമിലേക്ക് ചെന്നു.

സ്യൂട്ട്ക്കേസിൽ നിന്നും ആവശ്യമുള്ള വസ്ത്രങ്ങളെല്ലാം കബോർഡിൽ ഒതുക്കി വെച്ച ശേഷം ഒരിളം പച്ചയും നീലയും ഇടകലർന്ന ചെക്ക്ഡ് ഷർട്ടും ജീൻസ് പാൻ്റ്‌സും പുറത്തെടുത്ത് ബാത്റൂമിലേക്ക് കയറിപ്പോയി. കാലും മുഖവും കഴുകി വസ്ത്രവും മാറിവന്ന ശേഷം തന്റെ കൈമുട്ടിനൊപ്പമുള്ള ഇടതൂർന്ന കറുത്ത മുടിയിഴകൾ ചീകിയൊതുക്കി പോണിട്ടേൽ രീതിയിൽ ബാൻഡ് ഉപയോഗിച്ച് കെട്ടിവച്ചു. ഒരുങ്ങാനെടുത്ത വെറും പത്ത് മിനിറ്റ് നേരമത്രയും ഒരിക്കൽ പോലും അവളുടെ ദൃഷ്ടി അവിടെയുണ്ടായിരുന്ന കണ്ണാടിയിൽ പതിഞ്ഞിരുന്നില്ല.

ആവശ്യമുള്ള കാശും മൊബൈലും മറ്റുമടങ്ങിയ ഒരു കുഞ്ഞു ഭാഗുമായി അവൾ സത്യ നൽകിയ സ്പെയർ കീയുമെടുത്ത് ഫ്ലാറ്റ് ലോക്ക് ചെയ്ത് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. താഴെയെത്തി മീരയ്ക്കൊരു മെസ്സേജും അയച്ചുകൊണ്ട് കോറിഡോറിലേക്ക് ഇറങ്ങവെ എതിർദിശയിൽനിന്നും പൊടുന്നനെ വന്നൊരാളുമായി കൂട്ടിയിടിച്ചു.

"ഓ മൈ ഗോഡ്
ആം സോ സോറി."

തന്റെ കയ്യിൽ നിന്നും വീണ മൊബൈൽ സ്ക്രീനിലെ ചീന്തോട്കൂടിയ ഭാഗം കണ്ടതും അയാൾ വീണ്ടും തുടർന്നു.

"സോറി…. വെരി സോറി. പെട്ടെന്ന് കണ്ടില്ല."

കുനിഞ്ഞിരുന്ന് തന്റെ മൊബൈൽ തനിക്കുനേരെയെടുത്തയാൾ നീട്ടിയപ്പോളും അവളുടെ കണ്ണുകൾ അയാളിലേക്ക് ചലിച്ചില്ല.
വീണ്ടും ക്ഷമപറഞ്ഞുകൊണ്ടിരുന്നയാളോട് പൊട്ടലുണ്ടായ ഇടം ചെറുതായി തടവി കൊണ്ട് അവൾ മറുപടി നൽകി.

"ഇട്‌സ് ഒക്കെ"

തെറ്റ് ആരുടെ ഭാഗത്താണെന്ന് ഉറപ്പില്ലാത്തത് കൊണ്ട് തന്നെ അവൾക്കതൊരു വിഷയമായി തോന്നിയില്ല. താനും സ്ക്രീനിലേക്ക് നോക്കി മെസ്സേജ് അയച്ചുകൊണ്ടാണ് നടന്നുവന്നത്… ശ്രദ്ധിച്ചിരുന്നില്ല.

അയാളിൽ നിന്നും അകന്ന് മാറിപോകാൻ തുടങ്ങുമ്പോളാണ് അയാളുടെ കയ്യിൽനിന്നു ചിതറിയ രണ്ട് മൂന്ന് പുസ്തകങ്ങളും കുറച്ചു പേപ്പറുകളും അവൾ ശ്രദ്ധിച്ചത്. കുനിഞ്ഞിരുന്ന് അവ ശ്രദ്ധയോടെ അടുക്കിയെടുക്കുന്ന അവനിലേക്ക് അപ്പോഴാണവളുടെ മിഴികൾ പതിഞ്ഞത്.
ഒരുനിമിഷം അയാളെ നോക്കിയതിന് ശേഷം തന്റെ അരികിലുണ്ടായിരുന്ന പേപ്പറുകൾ പെറുക്കിയെടുത്ത് അവനു നേരെ നീട്ടി. ഒരു പുഞ്ചിരിയോടെ തനിക്കുനേരെ നീട്ടിയ കയ്യിലേക്ക് അവ വെച്ചുകൊടുക്കുമ്പോൾ അവളുടെ ശ്രദ്ധ അവന്റെ തിളങ്ങുന്ന കണ്ണുകളിലും നെറ്റിയിൽ ഊർന്നുവീണ കറുത്തമുടിയിഴകളിലേക്കും പതിഞ്ഞു.

നിമിഷനേരം കൊണ്ട് അവർ തമ്മിലുണ്ടായ ഈ കൊച്ചു കൂടിക്കാഴ്ച്ച തന്റെ ജീവിതത്തിലെ തന്നെ സംഭവബഹുലമായ ഒരേടിലേക്കാണ് തുടക്കം കുറിക്കുന്നതെന്ന് അപ്പോൾ അവൾ അറിഞ്ഞിരുന്നില്ല.

ചിതറിതെറിച്ചവയല്ലാം അടുക്കിയെടുത്തവൻ ലിഫ്റ്റിനരികിലേക്കും അവൾ പാർക്കിങ് ഏരിയയിലേക്കും നടന്നു.
അന്നാ ദിനം അവളെ കാത്തിരിക്കുന്ന വഴിത്തിരിവിലേക്കോ അവളുടെ തീരുമാനങ്ങൾ ബാധിക്കുന്ന മനുഷ്യരെക്കുറിച്ചോ അവൾക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല.

വാച്ച്മാന്റെ കയ്യിൽ നിന്നും സത്യ പറഞ്ഞേൽപ്പിച്ച പ്രകാരം കീയും വാങ്ങി അവൾ പാർക്കിങ് ഏരിയയിലുള്ള ആ ചുവന്ന സ്‌കൂട്ടിക്കരികിലേക്കു നടന്നു.... തന്റെ ഭൂതവും ഭാവിയും അനാവരണം ചെയ്യപ്പെടുന്നതിന്റെ തുടക്കം മാത്രമാണീ യാത്രയെന്നറിയാതെ!

_______________________________________________
*************************************************
(തുടരും)

©രാജ്‌മീറ