ജന്മം കൊണ്ടു രണ്ടാമനായത് കൊണ്ട് മാത്രം ജീവിതത്തിൽ എല്ലായ്പ്പോഴും രണ്ടാമനായി പോകേണ്ടി വന്ന പഞ്ചപാണ്ഡവരിലെ രണ്ടാമനായ ഭീമന്റെ പക്ഷത്തു നിന്നുള്ള മഹാഭാരതകഥയാണ് എം ടി യുടെ 'രണ്ടാം മൂഴം'. വ്യാസന്റെ മഹാഭാരതത്തിൽ ദൈവികമായ ഇടപെടലുകളും അതീന്ത്രിയമായ സംഭവവികാസങ്ങളുമൊക്കെയായി ദൈവത്വവത്കരിക്കപ്പെട്ട കഥയുടെ മനുഷികതലത്തിൽ നിന്നുള്ള ഒരു നേർവായനയാണ് രണ്ടാം മൂഴത്തിൽ എം ടി അവതരിപ്പിച്ചിരിക്കുന്നത്. എം ടി എന്ന മഹാരഥന്റെ കളാസ്സിക് വർക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണിത്.
കഴിവ് കൊണ്ടും നേടിയെടുത്ത വിജയങ്ങൾ കൊണ്ടും ഒന്നാമനകേണ്ടിയിരുന്നവൻ ആചാര്യന്മാരുടെയും എന്തിനു സ്വന്തം അമ്മയുടെ പോലും വ്യവസ്ഥാപിത താത്പര്യങ്ങൾ കൊണ്ട് രണ്ടാമനായി പോയതിന്റെ ദുഃഖം പേറുന്നവനാണ് ഭീമൻ.ആയിരം പടയാളികൾക്കെതിരെ ഒറ്റക്ക് യുദ്ധം ചെയ്യാൻ പ്രാവീണ്യവും വേഗവും ഉണ്ടായിട്ടു പോലും മൂന്നാമനായ അർജ്ജുനന്റെ പേരിനെക്കാളും താഴെ നിൽക്കാൻ വിധിക്കപ്പെട്ടവൻ. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായിട്ടും പലപ്പോഴും സ്വന്തം അമ്മയിൽ നിന്നു പോലും അപമാനം നേരിടേണ്ടി വന്നവൻ. അതേ ഇത് ഭീമന്റെ കഥയാണ്. മഹാബലശാലിയും സാഹസികനും യുദ്ധപ്രവീണ്യം ഉള്ളവനും കുടുബത്തോട് സ്നേഹവും ഉള്ള, ശരീരത്തിനത്രയും വലുപ്പത്തിൽ ഒരു ഹൃദയവുമുള്ള ഒരു കാട്ടാളന്റെ വൈകാരികമായ നിമിഷങ്ങളിലൂടെ നടത്തുന്ന ഒരു തേരോട്ടം ആണ് രണ്ടാം ഊഴം.
കുറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ പുസ്തകം എന്റെ കയ്യിൽ എത്തുന്നത്. വായിച്ചു തുടങ്ങിയപ്പോൾ പണ്ടെങ്ങോ വായിച്ചും കേട്ടും മറന്ന കഥകളിലൂടെ വീണ്ടുമൊരു യാത്ര നടത്തുന്നു എന്ന തോന്നൽ ആണ് ഉണ്ടായത്. കാരണം ബാലരമ അമര്ചിത്ര കഥകളിലൂടെയും പാഠപുസ്തകത്തിലൂടെയും മറ്റും ചിരപരിചിതമായ കഥയാണല്ലോ ഇത്. പക്ഷേ വെറുമൊരു പുരാണ കഥപോലെ ഇതു വെറുതെ വായിച്ചു തീർക്കാനാവില്ലെന്നു പോകെ പോകെ മനസ്സിലായി. ഭീമനെന്ന വ്യക്തിയുടെ മാനസികാവ്യപാരങ്ങളിലൂടെ കഥാകാരൻ നടത്തുന്ന ഒരു അന്വേഷണമാണല്ലോ ഇതിന്റെ കാതൽ.
വെറും കായബലം മാത്രമുള്ള മന്ദനോ, ഭക്ഷണപ്രിയൻ ആയിട്ടുള്ള വെറുമൊരു വൃകോദരൻ മാത്രമോ അല്ല താനെന്നുള്ള ഒരു തിരിച്ചറിവിലേക്കുള്ള ഭീമന്റെ യാത്ര നമുക്കിതിൽ കാണാനാവുന്നുണ്ട്. ചൂതുകളിയിൽ ചിത്തഭ്രമം പിടിച്ചു സ്വന്തം വീടും ഭാര്യയെ പോലും വിറ്റു തുലച്ച യുധിഷ്ഠരനെക്കാൾ ധർമ്മബോധവും, കായബലം മാത്രമല്ലാതെ കൈവേഗവും ജാഗ്രതയും നിശ്ചയദാർഢ്യവും കൈമുതലായി ഉള്ളതുകൊണ്ട് അര്ജുനനേക്കാൾ ഒട്ടും പിന്നിലല്ലാത്ത യുദ്ധപാടവവും, ഹൃദയത്തിന്റെ വിശാലത കൊണ്ട് നകുല സഹദേവനേക്കാൾ ഒട്ടും കുറവല്ലാത്ത ആന്തരികസൗന്ദര്യത്തിനും ഉടമയാണ് താനെന്ന് ഭീമൻ തെളിയിക്കുന്നുണ്ട്.
തന്നെക്കാൾ ശക്തിയുള്ള പല അതികായന്മാരെയും വ്യക്തമായ പദ്ധതിയോടെയും തന്ത്രങ്ങളോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട് കീഴ്പ്പെടുത്തിയിട്ടുള്ള ഭീമൻ ബുദ്ധിയിലും ഒട്ടും പിന്നിലല്ലെന്നു വ്യക്തമാകുന്നുണ്ട്. താൻ സ്നേഹിക്കുന്നത് പോലെ തിരിച്ചു കിട്ടുന്നില്ലെന്ന് അറിഞ്ഞിട്ടും തന്റെ പ്രണയിനിക് വേണ്ടി എന്ത് സാഹസത്തിന് പോലും തയ്യാറാവുന്ന ഒരു നിസ്വാർത്ഥനായ പ്രണയിതാവിനെ നമുക്കു ഭീമനിൽ കാണാനാവുന്നുണ്ട്.
മഹാഭാരതത്തിൽ യുധിഷ്ഠിരന് കിട്ടിയ പ്രഥമസ്ഥാനത്തെ അത്യാവശ്യം നല്ല രീതിയിൽ തന്നെ ഈ പുസ്തകത്തിൽ വിമര്ശിക്കപ്പെടുന്നുണ്ട്.പേരിനു ഒരു ജയം പോലുമില്ലാഞ്ഞിട്ടു കൂടി ഒന്നാമനായി ജനിച്ചതിന്റെ പേരിൽ രാജാ സ്ഥാനത്തേക്ക് എത്തിയതിനെയും, ഒരു രാജാവിന്റെയും ജ്യേഷ്ഠന്റെയും ഭർത്താവിന്റെയും ധർമ്മം മറന്നു ചൂതാടി രാജ്യവും കൊട്ടാരവും സ്വന്തം ഭാര്യയെ പോലും വിറ്റു തുലച്ചിട്ടും ധർമ്മത്തിന്റെ ഉത്തമോദ്ദാഹരണമെന്നു വാഴ്ത്തപ്പെടുന്നതിന്റെയും സ്വന്തം അനുജന്റെ കഴിവുകൊണ്ടു നേടിയെടുത്ത ഭാര്യയെ പോലും സ്വാർത്ഥത താത്പര്യങ്ങളുമായി മെനഞ്ഞെടുത്ത അനാവശ്യനിയങ്ങളുടെ പേരിൽ തന്റേതുകൂടെയാക്കി മാറ്റിയ കുതന്ത്രത്തെയും യുദ്ധത്തിലും അല്ലാതെയും പലപ്പോഴും മറ്റു പലരുടെയും സഹായത്തോടെ ജീവൻ രക്ഷിക്കാനായി ഓടിയൊളിച്ച ഭീരുവായിരുന്നിട്ടു കൂടിയും വീണ്ടും രാജാസ്ഥാനത്തേക്കു പരിഗണിച്ചതിന്റെ ഔദ്ധത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പ്രത്യുത്പാദനശേഷിയില്ലാത്ത പതിക്കു പുത്രാസൗഭാഗ്യം കൊടുക്കാനായി പലദേവന്മാരുടെ കൃപകടാക്ഷം കൊണ്ട് സന്താനങ്ങളെ സ്വന്തമാക്കിയെന്നു പറയപ്പെടുന്നതിന്റെ മാനുഷികമായ പലസാധ്യതകളും എം ടി കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. രാജ്യം ഭരിക്കാൻ വേദജ്ഞാനവും രാജ്യതന്ത്രങ്ങളുമറിഞ്ഞ പതിയുടെ തന്നെ കുടുംബത്തിൽ നിന്നുമുള്ള വിദുരരെ കുന്തി കണ്ടെത്തിയത്തിൽ രചയിതാവിന് തെറ്റൊന്നും കാണാൻ ആവുന്നില്ല. കായികശക്തിയുള്ള ഒരു മകനായി കാട്ടിൽ നിന്നും കയറി വന്ന പേരും ഊരും അറിയാത്ത ഒരു കാട്ടാളനെ വരിച്ചതും ഒരു തെറ്റായി കുന്തിക്കു തോന്നുന്നില്ലെങ്കിലും ഭീമൻ എല്ലായിടത്തും അവഗണിക്കപ്പെടുന്നതിന്റെയും രണ്ടാമനായി പോയതിന്റെയും കാരണം ഇത് തന്നെയാനിന്നുള്ള ഒരു ധ്വനിയും കഥാകാരൻ ചേർത്തു വയ്ക്കുന്നുണ്ട്.
ജീവിതം കൊണ്ട് നേടിയെടുത്ത കഴിവും യോഗ്യതയുമേറെയുണ്ടായിട്ടും ജന്മം കൊണ്ട് രണ്ടാമനായി പോയതിന്റെ നൊമ്പരങ്ങൾ അതിമനോഹരമായി അവതരിപ്പിക്കുമ്പോഴും ജനിപ്പിച്ച പിതാവിന്റെ കുലവും ഉദരത്തിൽ ഉരുവായതിന്റെ സ്ഥാനവും കൊണ്ടൊക്കെയാണോ ഒരുവന്റെ ഊഴം നിശ്ചയിക്കപ്പെടുന്നതെന്നുള്ള ഒരു ചോദ്യം രണ്ടാം ഊഴത്തിലൂടെ എം ടി അവ്യക്തമായി ചോദിക്കുന്നുണ്ട്.
ഉള്ളടക്കം കൊണ്ടും ശൈലികൊണ്ടും ഭാഷാശുദ്ധി കൊണ്ടും അവതരണ ഭംഗി കൊണ്ടും സാഹിത്യത്തെ സ്നേഹിക്കുന്നവർ എന്നും ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഒരു പുസ്തകം തന്നെയാണ് നിളയുടെ കഥാകാരനായ എം ടി യുടെ 'രണ്ടാം ഊഴം 'എന്ന മാസ്റ്റര്പീസ്.
ചങ്ങാതീ
14/01/22'