ഉച്ചക്ക് രണ്ടു മണി മുതൽ കാത്തിരിക്കുകയാണ് മിലി - അഡ്വ ബാബുവിന്റെ ഓഫീസിൽ.
ഇപ്പൊ സമയം മൂന്ന്. ഇതിനകം പലരും വന്നു പോയി എങ്കിലും അവളെ മാത്രം അകത്തേക്ക് വിളിച്ചില്ല.
അവസാനം അവളെ അകത്തേക്ക് വിളിച്ചു.
"ആ.. മൈഥിലി ... കാത്തിരുന്നു മുഷിഞ്ഞില്ലല്ലോ അല്ലെ.. ഇവിടെ കുറച്ചു തിരക്കായിരുന്നു. " ബാബു വക്കീൽ പറഞ്ഞു.
"ഇറ്റ് ഈസ് ഓക്കേ സർ "
"മൈഥിലി ഇരിക്ക്.. കേസ് ഞാൻ നല്ലത് പോലെ നോക്കി.. ജയിക്കാൻ പാടാണ്.. ഈ കൃഷ്ണൻ നായർക്ക് സ്കൂളിൽ വ്യക്തമായ പാർട്ടനർഷിപ് ഉണ്ട്.. പിന്നെ അയ്യാൾ പറ്റിച്ചതിന് തെളിവൊന്നും ഇല്ലല്ലോ.. അപ്പൊ സ്കൂൾ വിട്ടു കൊടുക്കേണ്ടി വരും.. എന്റെ അഭിപ്രായം പറഞ്ഞാൽ വെറുതെ കേസ് നടത്തി കാശു കളയാതിരിക്കുകയാണ് നല്ലത്." ബാബു വക്കീൽ ഒളിക്കണ്ണിട്ട് മിലിയെ നോക്കി
"ഇല്ല സർ.. ആ സ്കൂൾ എന്റെ അച്ഛന്റെ സ്വപ്നമാണ്.. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ആൾക്ക് അത് വിട്ടു കൊടുക്കാൻ വയ്യ.. കാശ് പ്രശ്നമാക്കണ്ട സർ.. നമുക്ക് കേസ് പറയാം.." മിലി നിർബന്ധം പിടിച്ചു
"ഓക്കേ.. ഈ കേസ് ഞാൻ എടുക്കാം... എന്റെ പ്രഗത്ഭനായ ഒരു ജൂനിയർ ഉണ്ട്.. അവനെ തന്നെ കേസ് ഏല്പിക്കാം... ആൾക്ക് അൽപ്പം എക്സ്പീരിയൻസ് കുറവാണ്.. പക്ഷെ നല്ല കഴിവുള്ള ആളാണ്.. ഓക്കേ?"
മിലി തലയാട്ടി സമ്മതിച്ചു.
ബാബു വക്കീൽ ഇന്റർകോമിൽ വിളിച്ചു. "ആ രഘുവിനോട് ഒന്ന് വരാൻ പറയു."
**********************
"ജാനകിയമ്മേ.. ജാനകിയമ്മേ..." ലില്ലി ആന്റിയുടെ വിളികേട്ട് ജാനകിയമ്മ പുറത്തേക്ക് വന്നു.
"ആ ലില്ലി.. എന്താ വിശേഷം?"
"വിശേഷം ഉണ്ട്.. പിള്ളേരൊക്കെ എന്ത്യേ?"
" മിലി സ്കൂളിൽ നിന്ന് വന്നിട്ടില്ല. മായ കുളിക്കാ.. ഒരു മണിക്കൂർ എടുക്കും അവളുടെ കുളി തീരാൻ.. മിനിമോള് പഠിക്കാ.. എന്ത്യേ? "
"ഹമ്.. ഞാനൊരു നല്ല കാര്യം പറയാൻ വന്നപ്പോൾ ഇവിടെ ആരും ഇല്ല.. ഞാനെ.. നമ്മുടെ മിലിക്ക് ഒരു ആലോചനയും കൊണ്ട് വന്നതാ.. "
"ആലോചനയോ? അതിനു മിലി.." ജാനകിയമ്മ ഒന്ന് നിറുത്തി.
രഹസ്യം ഒന്നും അല്ല.. എല്ലാവർക്കും അറിയുന്ന കാര്യമാണ്.
കോളേജിൽ പഠിക്കുമ്പോൾ മിലിക്ക് ഒരു കട്ട പ്രണയം ഉണ്ടായിരുന്നു. ആകാശ്.. അവളുടെ കൂടെ പഠിച്ചിരുന്ന പയ്യൻ ആണ്. മിലി പഠിപ്പ് നിർത്തി പോന്നിട്ടും അവൻ യു ക്കെ യിൽ പഠിക്കാൻ പോയിട്ടും ഒരു പ്രശ്നവും ഇല്ലാതെ തുടർന്ന ബന്ധം. അവസാനം ആകാശിന്റെ പേരെന്റ്സ് വിവാഹ ആലോചനയുമായി വന്നു. ഒരേ ഒരു നിബന്ധന. വിവാഹം കഴിഞ്ഞാൽ മിലി ആകാശിനൊപ്പം യു ക്കെ യിലേക്ക് പോകണം.
അന്ന് മായ സ്കൂളിൽ പഠിക്കുകയാണ്.. മിനി മോള് ഒരു പൊടികുഞ്ഞു. മനസില്ലമനസോടെ മിലി ആ വിവാഹം വേണ്ട എന്ന് വച്ചു.
"എന്റെ ജാനകിയമ്മേ.. ആ പയ്യൻ കല്യാണം കഴിച്ചു അവനു ഒരു കൊച്ചും ആയി. മിലി ഇപ്പോഴും അവനെ ഓർത്തു ഇരിക്കുകയാണോ? ഞാൻ തന്നെ അന്നൊക്കെ എന്തോരം ആലോചനകൾ കൊണ്ട് വന്നതാ? വല്ലതിനും അവൾ സമ്മതിച്ചോ? ഇനി ഇപ്പൊ അവളുടെ സമ്മതം ചോദിച്ചിരിക്കുന്നതിൽ കാര്യം ഒന്നും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..,,"
ഒന്ന് നിർത്തി ഇടം വലം നോക്കി ശബ്ദം കുറച്ചു ലില്ലി ആന്റി പറഞ്ഞു. "പ്രായം മുപ്പതു കഴിഞ്ഞു അവൾക്ക്.. ഇനി എങ്ങനെ ഒരു നല്ല കല്യാണക്കാര്യം വരാനാ?"
"ഇതിപ്പോ എവിടുന്നാ? പയ്യൻ എന്ത് ചെയ്യുന്നു?" ജാനകിയമ്മ തിരക്കി
"ലോഹിയേട്ടൻ പണ്ട് സിനിമക്ക് കഥ എഴുതാൻ പോയില്ലേ.. അന്ന് ആ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്ന ഒരു മനുഷ്യൻ ഉണ്ട്.. അയ്യാളുടെ മകന് വേണ്ടി ആണ്. സ്കൂളിലെ ഏതോ പരിപാടിക്ക് ആ പയ്യൻ മിലിയെ കണ്ടത്രേ.. " ബാക്കി ഡീറ്റെയിൽസ് ഒക്കെ നേരിട്ട് കണ്ടു പറയാം എന്നാണ് പറഞ്ഞത്.
ഈ സിനിമ ഫീൽഡിൽ ഉള്ളവരായത് കൊണ്ട് ആരും അറിയരുത്.. അതാ...
"ഹ്മ്മ്.." ജാനകിയമ്മ മൂളി
"എന്തായാലും അവർ നാളെ ലോഹിയേട്ടനെ കണാൻ വരും. വല്യ കുഴപ്പം ഇല്ലാത്ത കേസ് ആണെങ്കിൽ ഞാൻ അപ്പൊ തന്നെ ഇങ്ങോട്ട് കൊണ്ടുവരും. അപ്പൊ നിങ്ങൾ മിലിയെ ഒരുക്കി നിർത്തിയാൽ മതി.. "
**********************
"അയ്യോ.. ഇയ്യാളോ.. ഇയ്യാള് പറ്റില്ല സർ " രഘുവിനെ നോക്കി മിലി പറഞ്ഞു.
"എന്താ?" ബാബു വക്കീൽ ചോദിച്ചു
"സാർ.. ഇയ്യാളെ എനിക്കറിയാം. ഞങ്ങളുടെ വീടുനടുത്താണ് ഇയ്യാൾ വാടകക്ക് താമസിക്കുന്നത്. ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ആളാണ്.. സർ.. എന്റെ കേസ് വാദിക്കാൻ കുറച്ചു കൂടി സീനിയർ ആയ ആരെങ്കിലും കാണില്ലേ?"
"മൈഥിലി.. നിങ്ങൾ എന്റെ ജൂനിയറിന് അപമാനിക്കുകയാണ്. രാഘവ് നല്ല കഴിവുള്ള ആളാണ്. ഹലോ ക്യാൻ ഡൂ വെൽ ഇൻ ദിസ് കേസ്. ഐ നോ.."
ബാബു വക്കീൽ പറയുന്നത് കേട്ട് രഘുവിന്റെ കണ്ണ് തള്ളി. "ഹോ.. ഇങ്ങേരു എന്നെ ഇത്ര കാര്യമായാണ് കണ്ടിരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.. രഘു.. നീ ഒരു സംഭവമാടാ.." അവൻ മനസ്സിൽ പറഞ്ഞു
"ആയിരിക്കാം സർ... ബട്ട്.. ഐ വാണ്ട് സോം വൺ ലിറ്റിൽ ബിറ്റ് മോർ സീനിയർ " മിലി പറഞ്ഞു.
"ഈ പെണ്ണിന് ഇത് എന്തിന്റെ കേടാ.. വെറുതെ എന്റെ കഞ്ഞിയിൽ പാറ്റയെ ഇട " രഘു വീണ്ടും മനസ്സിൽ പറഞ്ഞു.
"അൺഫോർച്ചുനേറ്റലി വേറെ ആരും ഇപ്പോൾ അവൈലബിൾ അല്ല. രഘുവും ആയി മുന്നോട്ടു പോകാമെങ്കിൽ ഇനി ഇങ്ങോട്ട് വന്നാൽ മതി. വെറുതെ മനുഷ്യന്റെ സമയം കളയാനായിട്ട് " ബാബു വകീൽ പറഞ്ഞു.
മിലി നിരാശയോടെ അവിടെ നിന്ന് ഇറങ്ങി.
(തുടരും )