പിറ്റേന്ന് വൈകുന്നേരം സൂര്യരശ്മികൾ സ്വർണ്ണ നിറമായി മാറി കൊണ്ടിരുന്നപ്പോൾ,,
അപ്പോഴും കിട്ടിയിട്ടില്ലാത്ത ആശ്വാസവും
തേടികൊണ്ട് കോളേജ് കാന്റീനിലെ പുറത്ത് ചായ്പിൽ മേശകളിട്ടതിന് ഒന്നിനു മുമ്പിൽ അവൻ അവളെ കാത്തിരുന്നു... തനിക്ക് മുൻപിൽ തെളിഞ്ഞ വഴിത്താരയെ... ശ്രീതികയെ...!!
തേടി കൊണ്ടിരിക്കുന്ന ആശ്വാസവും സമാധാനവും സന്തോഷവും വളരെ ദൂരെ അപ്രാപ്യമാണെന്ന് തോന്നിയ ഇന്നലകളിൽ ഏകനായി പൊട്ടിക്കരഞ്ഞത് അവന് ഓർമ വന്നു...
അവൻ ആലോചിച്ചു..
എത്ര കാലം ഒരാൾ ഏകാന്തതയുമായി സമരം ചെയ്യണം ?? തനിക്ക് നഷ്ടപ്പെട്ട എന്തൊക്കെയോ ഇന്ന് താൻ കാത്തിരിക്കുന്നവളിൽ നിന്നും കാലക്രമേണേ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്...
ചുരുങ്ങിയ സമയങ്ങളിലെ ഇടപഴകളിലൂടെ അവൾക്കെന്നെ മാറ്റിയെടുക്കാൻ പറ്റുമെന്ന് പറയുന്നു...
എന്നിലെ എന്നെ എനിക്കു വീണ്ടു കിട്ടുമോ ? അവൾ എനിക്ക് സമ്മാനിക്കുമോ ?
മനസ്സ് പറയുന്നു... ഇനി സംഭവിക്കാൻ പോകുന്നതെല്ലാം നല്ലതിനെന്ന്...!!
കോളേജ് ഗ്രൗണ്ടിലേയ്ക്ക് അനായാസേന കാണാമായിരുന്നു...അവിടെ ഒരു സംഘം വോളിബോൾ കളിക്കുന്നുണ്ട്...
ഇടക്കിടെയുള്ള ആർപ്പുവിളികൾ കേൾക്കുമ്പോൾ അവൻ പ്രതീക്ഷയോടെ നോക്കും...ഒരുപക്ഷേ ആ കാഴ്ച തന്റെ മനസ്സിന് ക്ഷണികനേരത്തേക്കെങ്കിലും ആനന്ദം പകർന്ന് തന്നെങ്കിലോ...
അങ്ങനെ ആർപ്പുവിളികളിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ പെട്ടെന്ന്,, ഒറ്റ നിമിഷത്തിന്റെ ആർത്തനാദം പോലെ ഒരു വിളി അവന്റെ കാതിൽ പതിഞ്ഞു...
അവൾ മുൻപിലെത്തിയിരിക്കുന്നു...!!
തലേന്നത്തെ അതുപോലെ ഒരു നീളമുള്ള
കാലഹരണപ്പെട്ട ഒരു ഫ്രോക്കു തന്നെയാണ് വസ്ത്രം... പഴക്കമുണ്ടെങ്കിലും അത് വൃത്തിയുള്ളതായിരുന്നു...
പഴക്കം ചെന്ന വസ്ത്രങ്ങളാണ് അവൾക്കുള്ളതെന്ന് ചെറിയ സഹതാപത്തോടെ അവൻ ചിന്തിച്ചു...
വിലപിടിച്ച ആഭരണങ്ങളില്ല... വിലകുറഞ്ഞ അനുകരണങ്ങളാണ് ധരിച്ചിരിക്കുന്നത്... ഒരു പാവപ്പെട്ട പെൺകുട്ടികളുടെതുപോലെ...
അമിതമായ സൗന്ദര്യവർധകവസ്തുക്കൾ അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നില്ല...
കരിമഷി കൊണ്ട് കണ്ണെഴുത്തിയത് ഒരൽപം പടർന്നു പിടിച്ചിട്ടുണ്ട്... എണ്ണയുടെ മിനുമിനുപ്പുള്ള നെറ്റിയിൽ വളരെ ചെറിയ കറുത്തപൊട്ടും അതിനു തൊട്ടു മേൽ പകുതിയിലധികവും അടർന്നു പോയ ചന്ദനകുറിയും...അത്ര മാത്രം..
ഇങ്ങനെയെല്ലാം ആണെങ്കിലും അവൾക്ക് സൗന്ദര്യമുണ്ടെന്ന് അവൻ മനസിൽ കരുതി..
ഒപ്പം തന്നെ പുതിയ മോഡൽ വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന...ദിവസവും അമിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്ന പഴയ കാമുകിയെ അവൻ ഓർത്തു...
അവന്റെ ചുണ്ടിൽ എന്തുകൊണ്ടോ ഒരു പരിഹാസച്ചിരി ഉണർന്നു..
അവൾ അവനു മുന്നിലായി ഇരുന്ന്, അവളുടേതായ എന്തൊക്കെയോ ക്രമീകരണം നടത്തി,, കീറിപറയാറായ ഒരു പഴഞ്ചൻ ബാഗ് മേശയ്ക്ക് ഒരു വശത്തേയ്ക്ക് മാറ്റിവെച്ചു... അവനുനേരെ നോക്കി..
""തുടങ്ങാം.. ഒരു കാര്യം ചോദിക്കട്ടെ..
അജുഏട്ടൻ എന്തിനാണ് എന്റെ മുന്നിൽ ഇപ്പോൾ ഇരിക്കുന്നതെന്ന് ഒന്ന് പറഞ്ഞേ.. ""
അജുഏട്ടൻ..!! താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയ്ക്ക് തന്നെക്കാൾ ഒരു വയസ്സ് വ്യത്യാസമുണ്ടെങ്കിലും അർജുൻ എന്ന പേരാണ് വിളിച്ചിരുന്നത്...
അതേ ഒരു വയസ്സ് വ്യത്യാസം മാത്രമാണ് ഇവളുമായും തനിക്ക് ഉള്ളത്, എന്നാൽ ഇവളുടെ വിളിയിൽ സ്നേഹവും ബഹുമാനവും നിറഞ്ഞിട്ടുണ്ട്...
സമ്പന്നർക്ക് ഒരുപക്ഷെ ബഹുമാനം കുറവായിരിക്കാമെന്ന് അവൻ ചിന്തിച്ചു..
അവൻ പറഞ്ഞു..
""നിന്റെ ക്ലയന്റല്ലേ ഇപ്പോ ഞാൻ ..
നിന്റെ കൺസൾട്ടേഷനുവേണ്ടി ... "
അവൾ ചിരിയോടെ നെടുവീർപ്പിട്ടു..
""അജുഏട്ടൻ ഒരു ക്ലാസ് എന്നപോലെയോ, കൺസൾടേഷന്റെ ഭാഗമെന്നോ ഉള്ള വലിയ ചിന്തയിൽ ഒന്നും ഇരിക്കണ്ട..
ഫ്രണ്ടെന്ന നിലയിൽ നമ്മൾ കാണും.. സംസാരിക്കും.. അതിനിടയിൽ എനിക്കറിയുന്ന ചില കാര്യങ്ങൾ ഞാൻ പറയും അത് ഒന്ന് ശ്രദ്ധിക്കുക ..അതത്രേ ഉള്ളൂ...
പിന്നെ ഏട്ടനും എന്നോടും സംസാരിക്കാം.. വിശേഷങ്ങൾ പറയാം.. തമാശ പറഞ്ഞ് കളിയാക്കാം.. അങ്ങനെ മൈൻഡ് ഫ്രീ ആയി സംസാരിക്കുക.. ok ? ""
അവൻ തലയാട്ടി...
"അജുഏട്ടന്റെ ആദ്യ പ്രശ്നം പ്രണയം ആണല്ലോ... എന്താണ് പ്രണയം എന്ന് പറയാൻ കഴിയോ ഏട്ടന്..? "
അവൻ ഒന്നു പരുങ്ങി..
"അതിപ്പോ.. എന്താന്ന് വെച്ചാൽ.. ഇപ്പോ.. എന്താ പറയാ.. ഈ.. "
"മതി.. നിർത്ത്..നിർത്ത് കൂടുതൽ പറയണ്ട.. "
അവൻ ജാള്യതയോടെ ചിരിച്ചു..
""പ്രണയത്തെക്കുറിച്ച് എഴുതാത്ത വരികളില്ല.. പാടാത്ത പാട്ടുകളില്ല.. പറയാത്ത വാക്കുകളില്ല..
പക്ഷേ പ്രണയത്തിന് പുറകിലത്തെ
scientific process or scientific facts .. അത് അധികമാർക്കും അറിയില്ല അല്ലെങ്കിൽ ആരുമറിയാൻ ശ്രമിക്കുന്നില്ല..
അത് മനസ്സിലാക്കിയാൽ ഒരുപക്ഷേ വിരഹത്തിൽ നിന്ന് എളുപ്പം മുക്തനാകാം..!! ""
" Scientific facts..?? "
ആശയക്കുഴപ്പത്തിൽ അകപ്പെട്ടതു പോലെ
അവൻ അവളെ മിഴിച്ചു നോക്കി...
""അതേ.. Scientific facts.. ചില ഹോർമോണുകളുടെ പ്രവർത്തന ഫലമാണ് പ്രണയം എന്ന വികാരം ഉണ്ടാകുന്നതിന് പിന്നിൽ.. ""
അവൻ നിശബ്ദനായി കേട്ടിരുന്നു..
"""സൈക്കോളജിയിൽ പ്രണയം പലവിധത്തിൽ തരംതിരിച്ചിട്ടുണ്ട്..
First stage of love - ആകർഷണം : പുരുഷൻമാരിലെ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിലെ ഈസ്ട്രജൻ എന്നീ ഹോർമോൺ കാരണമാണിത്..
Second stage of Love - തീവ്രാകർഷണം : ഡോപാമിൻ, നോർ അഡ്രിനാലിൻ എന്നീ ഹോർമോണുകളാണ് കാരണം..
Last Stage of Love - Additicion Stage : വാസോപ്രെസിൻ എന്ന ഹോർമോണിന്റെ ഫലമാണ്... ഈ സ്റ്റേജിലെത്തിയവർക്ക് മയക്കു മരുന്ന് കഴിച്ചവരുടെ മാനസികാവസ്ഥ ആയിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത് ഈ സ്റ്റേജിലുള്ളവരാണ് പ്രണയം നഷ്ടപ്പെട്ടാൽ ആത്മഹത്യയ്ക്ക് ഒക്കെ ശ്രമിക്കുന്നത്... """
ഇതൊക്കെ ആദ്യമായാണ് അവൻ കേൾക്കുന്നത് അതിന്റെ ആശ്ചര്യവും കൗതുകവും എല്ലാം അവന്റെ മുഖത്ത് കാണാമായിരുന്നു...
"""ഇതിനൊക്കെ പുറമേ ഓക്സിടോസിൻ,സിറോടോണിൻ,
കോർട്ടി സോൾ, ഡോപാമിൻ എന്നി ഹോർമോണുകളാണ് പ്രണയിക്കപ്പെടാൻ കാരണമെന്നും.. ഈ ഹോർമോണുകളെ Love hormones എന്നും പറയപ്പെടുന്നു..
ഡോപാമിൻ പോലുള്ള ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്ത, പേടിയില്ലാത്ത ആളായി മാറും...
അങ്ങനെയുള്ളവരാണ് പ്രണയാഭ്യർത്ഥന നിരസിച്ചലോ, പ്രണയത്തിൽ നിന്ന് പിന്മാറിയെന്നലോ സ്ത്രീകൾക്ക് നേരെ ആസിഡ് പോലുള്ള ആക്രമണങ്ങൾക്ക് മുതിരുന്നത്...കാരണം എന്ത് ചെയ്യാനും അവർക്ക് പേടിയോ മടിയോ ഉണ്ടാകില്ല... """
അവൻ പറഞ്ഞു..
"അതേയ്.. ഇതൊക്കെ കേട്ടിട്ട് എനിക്ക് എന്തോ പേടിയാകുവാണ്.. ഞാൻ ഇപ്പോ ഇതിൽ ഏതിൽ പെടും.. "
""ഏട്ടൻ പേടിക്കൊന്നും വേണ്ട ഞാൻ പറഞ്ഞപ്പോൾ ഒക്കെ പറഞ്ഞെന്നേയുള്ളൂ...
ഏട്ടനെന്തായാലും അപകടകരമായ സ്റ്റേജ് ഒന്നും അല്ല.."
അവന് ആശ്വാസമായി...
"" ആത്മാർത്ഥമായ സ്നേഹമാണുണ്ടായിരുന്ന തെങ്കിൽ പ്രണയത്തിൽ നിന്ന് പിന്മാറുമ്പോൾ അവർക്ക് നേരെ ആക്രമണത്തിനോ അവരെ ദ്രോഹിക്കാനോ ഒന്നും ശ്രമിക്കില്ല.. അവരെ അവരുടെ താൽപര്യത്തിനനുസരിച്ച് സ്വാതന്ത്ര്യമായി വിടും...
ഏട്ടന്റെ ആത്മാർത്ഥമായ പ്രണയം ആയിരുന്നു..പക്ഷെ അത് കിട്ടാനുള്ള അർഹതയില്ല അവൾക്ക് .. അതിനവകാശി മറ്റാരോ ആണ് .. "
ഒരു ചെറുപുഞ്ചിരിയായിരുന്നു അവന്റെ പ്രതികരണം...
"ഞാൻ ഇതൊക്കെ പറഞ്ഞത് എന്തെന്നു വെച്ചാൽ പ്രാധാനമായും ഇങ്ങനെ ചില ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് പ്രണയം ഉണ്ടാകുന്നത്.. ചേട്ടന്റെയും അങ്ങനെ തന്നെയാണ്...
എന്നാൽ ഏട്ടന് പ്രണയം നഷ്ടപ്പെട്ട വേദനയിൽ ചെറിയൊരു മുറിവ് ബാക്കി ആണെന്ന് മാത്രം കാലക്രമത്തിൽ അത് മാറും..അല്ലെങ്കിൽ ഞാൻ മാറ്റും.. ""
അവൾ കണ്ണു ചിമ്മി ചിരിച്ചു..
""ഈ ഹോർമോണുകളുടെ ഉൽപാദനം കുറച്ചാൽ അവളെക്കുറിച്ച് ഓർമ്മകൾ ഏട്ടനെ വിഷമിപ്പിക്കില്ല.. വേദനിപ്പിക്കില്ല... പതിയെ അവളെ മറക്കും.. അതേ പോലെ ഇപ്പോഴത്തെ സങ്കടമൊക്കെ മാറും..""
" ഹോർമോൺ ഉൽപാദനം കുറച്ചാൽ ശരിക്കും അവളെ മറക്കാൻ പറ്റ്വോ...?? "
""പ്രണയവുമായി ബന്ധപ്പെട്ടുള്ള സൈക്കോളജിയിലെ ഒരുപാട് എണ്ണത്തിൽ ഒരെണ്ണം മാത്രമാണ് പറഞ്ഞത്... ഈ പറഞ്ഞത് മാത്രമൊന്നുമല്ല ശരി,
പക്ഷേ ഇതിലധികവും ശരികളാണ്... ആ ശരികളെ ഉപയോഗപ്പെടുത്തി ഞാൻ ഏട്ടനെ മാറ്റിയെടുക്കും.. അപ്പോ ഇനി മുതുൽ ഞാൻ പറയുന്ന കാര്യങ്ങളൊക്കെ ചെയ്താൽ ഹോർമോൺ ഉൽപാദനം കുറയ്ക്കാം.. അതൊക്കെ ചെയ്യാൻ അജുഏട്ടൻ തയ്യാറാകണം.. Ok ?? ""
അവൻ ശരിയെന്ന് തല ചലിപ്പിച്ചു...
"അപ്പൊ ആദ്യം കഴിക്കാൻ എന്തെങ്കിലും വാങ്ങിതായോ... "
ഗ്രൗണ്ടിൽ നിന്നും ഉയർന്ന ആർപ്പുവിളി അവൻ കേട്ടെങ്കിലും അങ്ങോട്ട് നോക്കിയില്ല..
അവൾ ലെയിം നിറച്ച ഗ്ലാസിന്റെ പകുതി വരെ കുടിച്ച്, പപ്പ്സിൽ നിന്നും ഒരു ചെറിയ കഷ്ണം കടിച്ചെടുത്തു..
താടിയ്ക്ക് കൈ കൊടുത്ത് അവൻ അവളെ നോക്കി...
ഗ്രൗണ്ടിലെ കൗതുകം ജനിപ്പിക്കുന്ന വോളിബോളിനെക്കാൾ രസകരമായ കാഴ്ചയാണ് മുന്നിൽ നടക്കുന്നതെന്ന പോലെയാണ് അവന്റെ ഇരിപ്പ്...
പപ്പ്സ് കടിച്ചെടുത്തപ്പോൾ ചെറിയ കഷ്ണം
അവളുടെ മേൽ ചുണ്ടിൽ ഏതുനിമിഷവും
വിഴുമെന്ന രീതിയിൽ സ്ഥാനംപിടിച്ചിരുന്നു..
ഒരു വിദഗ്ധയെന്ന പോലെ അവൾ നാവുയർത്തി മേൽ ചുണ്ടിൽ നിന്നും അതിനെ സ്വന്തമാക്കി...
"അജു ഏട്ടനെന്താ ലെയിമും പപ്പ്സും ഇഷ്ടല്ലേ ?? "
അവൻ താടിയിൽ നിന്നും കൈയെടുത്ത് ഒന്നുയർന്നിരുന്നു...
"ഇഷ്ടല്ലായ്മ ഒന്നുമില്ല... ഈ സമയത്ത് പതിവില്ല അത്രേയുള്ളൂ... "
അത് കേട്ടതും വായിൽ നിറച്ച ഒരു മിടുക്ക് ലെയിം വേഗത്തിൽ കുടിച്ചിറക്കി കൊണ്ട് അവൾ പറഞ്ഞു...
"ആാ..അങ്ങനെയുള്ള ചില പതിവുകൾ ഇന്നുമുതൽ അജുഏട്ടൻ മാറ്റണം.. "
അവനത് മനസ്സിലായില്ല...
""അതായത് ഒറ്റയ്ക്കിരുന്ന് വിഷമിക്കുന്ന പതിവ്.. രാത്രി ഉറങ്ങാൻ നേരം പഴയ കാമുകിയെ ഓർക്കാറുള്ള പതിവ്... പിന്നെ അവളുടെ വീടിനടുത്തൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കാറുള്ള പതിവ്.. ഇതൊക്കെ മാറ്റണം.. ""
അവൻ വാ തുറന്നു പോയി..
"ഒറ്റയ്ക്ക് ഇരിക്കുന്നത് നീ കണ്ടിട്ടുണ്ടെന്ന് വയ്ക്കാം.. പക്ഷെ ബാക്കിയുള്ളതൊക്കെ നിനക്ക് എങ്ങനെ അറിയാം..? "
""പിന്നെ ഞാൻ വെറുതെയാണോ സൈക്കോളജി പഠിക്കുന്നേ... ഞാൻ ഇപ്പോ തന്നെ സൈക്കോളജിസ്റ്റാ.. സൈക്കോളജിസ്റ്റ് !! ""
ഇല്ലാത്ത കോളർ പൊക്കി അവൾ ഗമ കാണിച്ചപ്പോൾ അവന് ചിരി വന്നെങ്കിലും, മുന്നിലിരിക്കുന്നവൾ അത്ര നിസ്സാരക്കാരിയല്ലെന്ന് അവന് മനസിലാക്കി കഴിഞ്ഞിരുന്നു... ജീവിതത്തിൽ തന്നേക്കാൾ ഒരുപാട് ദൂരം മുൻപേ നടക്കുന്ന അവളോട് ആരാധനയും ഉണ്ടായിരുന്നു...
"അപ്പോൾ പതിവു മാറ്റുന്നതിന്റെ ഭാഗമായി ഈ പപ്പ്സ് കഴിയ്ക്ക്.. "
പകുതി കഴിച്ച പപ്പ്സ് അവനു നേരെ നീട്ടി..
അവൻ അതിലേക്ക് നോക്കി..
ഒരാൾ കഴിച്ചതിന്റെ ബാക്കി കഴിച്ച് അവന് അനുഭവമില്ല...
അങ്ങനെ ബാക്കി കഴിക്കേണ്ട സാഹചര്യം അവന് ഉണ്ടായിട്ടുമില്ല... സമ്പന്ന കുടുംബമല്ലേ അവന്റേത്..!!
"ഇത് നീ കഴിച്ചോ ഞാൻ വേറെ വാങ്ങാം.. "
അവൻ പതിയെ നിരസിച്ചു..
"അതെന്താ ഞാൻ കഴിച്ചതാണെന്നതു കൊണ്ടാണോ ?? "
"അങ്ങനെയല്ല, ഇത് നിനക്ക് കഴിക്കാൻ വാങ്ങിയതല്ലേ.. നീ കഴിച്ചോ.. "
" എനിക്ക് മതിയായി, ഫുഡ് വേസ്റ്റാക്കി കളയുന്നത് എനിക്കിഷ്ടമല്ല.. ഇത് വേസ്റ്റാക്കി കളയണ്ടല്ലോയെന്ന് കരുതിയാ... "
അവനൊന്നും പറയാൻ കഴിഞ്ഞില്ല..
""പക്ഷെ ഒരാൾ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ ആർക്കും മടിയുണ്ടാകും...പിന്നെ ഏട്ടൻ വലിയ വീട്ടിലെയല്ലേ...ഞാൻ കഴിച്ചതിന്റെ ബാക്കിയൊക്കെ....
ഹാ .. ഞാനത് മനസ്സിലാക്കണമായിരുന്നു... ""
വിഷമിക്കുന്ന പോലെ തലകുനിച്ച് അവൾ സ്വയം കുറ്റപ്പെടുത്തുന്ന പോലെ പറഞ്ഞു കൊണ്ടിരുന്നു... അഭിനയം മാത്രമാണ്..!!!
" മതി.. നിർത്ത്.. നിർത്ത് .. "
അവൾ അവനെ നോക്കി തലയുയർത്തി.
"ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട.. ഇങ്ങ് താ .. "
അവളുടെ കയ്യിൽ നിന്നും അത് വാങ്ങി..
"ഞാൻ കഴിക്കാം.. "
അവൻ വളരെ പതിയെ സമയമെടുത്ത് നിരുപദ്രവമായി ഒരു ചെറിയ കഷ്ണം കടിച്ചെടുത്തു..
അവൾ മധുരമായി ഒന്നു പുഞ്ചിരിച്ചു..
അന്നേരം മുമ്പുള്ളതിനേക്കാൾ വളരെ ഉച്ചത്തിൽ ഗ്രൗണ്ടിൽ നിന്നും ആർപ്പുവിളി ഉയർന്നിരുന്നു..
അവൻ ആലോചിച്ചു..
കഴിച്ചതിന്റെ ബാക്കി കഴിക്കുന്നത് വിചാരിച്ചത്ര പ്രായസമുള്ളവയൊന്നുമല്ല..
താൻ പാഴാക്കി കളഞ്ഞ ഭക്ഷണത്തെക്കുറിച്ച് അവൻ ഓർത്തു.. ഒപ്പം ഭക്ഷണം പാഴാക്കി കളയാൻ ഇഷ്ടമല്ലാത്ത അവളുടെ നന്മയോട് അവന് ആദരവും തോന്നി...
സാമാന്യം വലിയ ഷോപ്പിൽ തന്നെയായിരുന്നു അവർ കേറിയത്...
ചുറ്റും കുട്ടികൾക്കുള്ള ടോയ്സ്സ് കൊണ്ട് നിറഞ്ഞിരിക്കുന്നു...അതിനിടയിലൂടെ
മാതാപിതാക്കൾ കുട്ടികളെ കൊണ്ടുനടക്കുന്നു...
അവരുടെയെല്ലാം കുഞ്ഞുസ്വരങ്ങൾ ചേർന്നുള്ള ഇരമ്പം അവിയെല്ലാം ചീറി നടന്നു... കുട്ടികൾ ചൂണ്ടികാട്ടുന്ന പാവകളെ മാതാപിതാക്കൾ സ്നേഹത്തോടെ അവരുടെ കൈയ്യിൽ വച്ചു കൊടുക്കുന്നത് കണ്ടപ്പോൾ,
തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവവും അവകാശപ്പെടാനില്ലെന്ന് സങ്കടത്തോടെ അവനോർത്തു...
"അജു ഏട്ടാ.. ഈ രണ്ട് ടെഡി ബിയറിന്റെ ക്യാഷ് കൊടുക്കണേ ... "
ക്യാഷിയറിന്റെ മുമ്പിലേക്ക് അവൻ ക്രഡിറ്റ് കാർഡ് നീട്ടി...
പുറത്തിറങ്ങാൻ നേരം അവൻ ഒന്നുകൂടി അകത്തേക്ക് തിരിഞ്ഞു നോക്കി...
മാതാപിതാക്കളോടൊപ്പം അവിടെ നിന്നും ലഭിച്ച പുതിയ കൂട്ടുകാരുമായി സന്തോഷത്തോടെ ചിരിക്കുന്ന കുട്ടികളെ അവൻ കണ്ടു... തനിക്ക് ലഭിക്കാത്ത സ്നേഹത്തിന്റെ ഇഴയടുപ്പത്തെ കൊതിയോടെ നോക്കി...
അവന്റെ മുഖത്ത് ദയനീയമായ ഒരു ചിരി വിരിഞ്ഞു...ആ ചിരിയിൽ വേദന ഉണ്ടായിരുന്നു..
അവൻ തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങി...
കാറിൽ പോകുമ്പോൾ അവൻ ചോദിച്ചു..
"ഈ ടെഡി ബിയർ എന്തിനാ ..?? "
""ഇത് ഓർഫനേജിലെ ഒരു കുട്ടിക്ക് ഗിഫ്റ്റ് കൊടുക്കാനാ.. കുറെയായി ഞാൻ പ്രോമിസ് ചെയ്തതായിരുന്നു ഗിഫ്റ്റ് വാങ്ങിത്തരാമെന്ന്.. കൈയിൽ കാശ് വേണ്ടേ ?? ""
പണമില്ലാത്തവർക്ക് ആഗ്രഹങ്ങൾ വരെ മാറ്റിവയ്ക്കേണ്ടതായി വരുമെന്ന് അവൻ മനസ്സിലാക്കുകയായിരുന്നു...
അവൻ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു..
"അജു ഏട്ടാ ഒരു കാര്യം പറയട്ടെ ..? "
" ഹമ്മ് .. "
അവൻ മൂളി.
""ഏട്ടന്റെ പഴയ കാമുകി ഇതേപോലെ ഒരു
ടെഡി ബിയറാണ്... ഏട്ടന്റെ ജീവിതത്തിൽ ഏട്ടന് ഇഷ്ടമായിരുന്ന, സന്തോഷവും സങ്കടങ്ങളും അങ്ങനെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിരുന്ന.. ഏട്ടന്റെ ഒരുകാലത്തെ ഫേവറേറ്റ് ടെഡി ബിയർ... ""
അവൻ മനസ്സിലാകാതെ അവളെ നോക്കി...
"ഒരിക്കൽ ഏട്ടന്റെ കൈയിൽനിന്ന് ടെഡി ബിയർ നഷ്ടമായി പോയി...
അങ്ങനെ പോയപ്പോൾ ഇഷ്ടപ്പെട്ട പാവയെ നഷ്ടപ്പെടുന്ന ചെറിയ കുട്ടികളെ പോലെ ഏട്ടൻ കുറെ കരഞ്ഞു...അതിനോടൊപ്പം ചിലവഴിച്ച നാളുകൾ ഓർത്തിരുന്നു..
നഷ്ടമായ ടെഡി ബിയറിന്റെ സമാനമായവയെ കാണുമ്പോൾ സങ്കടപ്പെട്ടു നടന്നു..
ഇപ്പോൾ അജുഏട്ടൻ അങ്ങനെയുള്ള ഒരു ചെറിയ കുട്ടിയാണ്.. ഫേവറേറ്റായിരുന്ന ടെഡി ബിയർ നഷ്ടപ്പെട്ട ഒരു ചെറിയ കുട്ടി... "
ചെറിയ കുട്ടി..!! ഞാൻ ചെറിയ കുട്ടിയെന്നുമല്ല... അവൻ മനസ്സിൽ പറഞ്ഞു..
""അജുഏട്ടൻ ആ ചെറിയ കുട്ടിയിൽ നിന്നും വളർന്നു വലുതാകണം... അങ്ങനെ വളർന്നു വലുതായി കഴിഞ്ഞാൽ ടെഡി ബിയറിനെ നഷ്ടപ്പെട്ടതോർത്ത് കരഞ്ഞതെല്ലാം തമാശയായി മാറും... ""
അവനൊന്നും മിണ്ടിയില്ല...
" എന്താ അജു ഏട്ടന് വലുതാകേണ്ടേ.. അതോ കുഞ്ഞുകുട്ടി ആയിരിക്കാനാണോ ഭാവം..?? "
അവന് കളിയാക്കപ്പെടുന്നതു പോലെ തോന്നി...
"നിനക്ക് വേറെ ഒരു ഉദാഹരണവും കിട്ടിയില്ലേ ശ്രീ...?? ഞാൻ കുഞ്ഞുകുട്ടി ഒന്നുമല്ല... "
ശ്രീയെന്ന വിളിയിൽ അവളുടെ മനസ്സ് ഇടറി പോയി.. അവൾ തല കുനിച്ചിരുന്നു...
കറുത്ത മൂടുപടം പോലെ പൊടുന്നനേ മുന്നിലുയർന്ന നിശ്ശബ്ദതയിൽ എന്തു പറയണമെന്നറിയാതെ,, അവൻ കാര്യമറിയാൻ ഡ്രൈവിങിനിടെ അവളെ പാളി നോക്കി...
തെല്ലിട കഴിഞ്ഞ് അവൻ ചോദിച്ചു..
"എന്താ.. ഒന്നും മിണ്ടാത്തത് .. ?? ഞാൻ ദേഷ്യപെട്ടതൊന്നുമല്ലട്ടോ.. "
വീണ്ടും നിശബ്ദത..!!
അവളുടെ ബലിഷ്ഠമായ കൈത്തണ്ടയിൽ അവന്റെ കൈ പതിഞ്ഞു... ഒരു നിമിഷം മുകളിലമർന്ന വിറകൊള്ളുന്ന അവന്റെ വിരലുകളിൽ അവളുടെ കൈത്തണ്ട ഒതുങ്ങി നിന്നു...
"ശ്രീ.. എന്താ ? എന്താ പറ്റിയേ.. "
ഒരപരാധബോധത്തോടെ അവൻ ചോദിച്ചു..
അർദ്ധബോധവസ്ഥയിൽ അവളൊന്ന് മൂളി... അവൾ ഓർക്കുകയായിരുന്നു... തന്റെ നഷ്ടങ്ങളെ...!!
അവൻ കൈത്തണ്ടയിൽ തട്ടിയപ്പോൾ ഒരു നടുക്കത്തോടെ എന്തോ ആലോചിച്ചെന്ന പോലെ അവൾ തല ഉയർത്തി പറഞ്ഞു...
"എന്റെ..എന്റെ അമ്മയെന്നെ ശ്രീയെന്ന വിളിച്ചിരുന്നേ... ഇപ്പോ ആരും അങ്ങനെ വിളിക്കാറില്ല.. പെട്ടെന്ന് അമ്മയെ ഓർത്തു... "
അവളുടെ വാക്കുകളിൽ അന്തർധാരയായി വിലാപ സ്വരത്തിന്റെ നിശബ്ദത നിലനിന്നിരുന്നു... അതിനകമ്പടിയായുള്ള മൗനം അവനെ വേദനിപ്പിച്ചു..
"അപ്പോ അമ്മ ഇപ്പോൾ .. ?? "
പെട്ടെന്നാണവൾ പുറത്തേയ്ക്ക് ശ്രദ്ധിച്ചത്..
"അജുഏട്ടാ .. നിർത്ത് .. വണ്ടി നിർത്ത്... പുറകിലാണ് ഓർഫനേജ് .. "
അവൻ റിവേഴ്സ് എടുത്തു..
" അപ്പോ അജു ഏട്ടാ .. ബാക്കി ഒക്കെ പിന്നീടൊരുക്കിൽ പറയാം... നാളെ കാന്റീനിൽ വച്ച് കാണാം.. ബൈ.. "
അവൾ ഓർഫനേജിന്റെ ഗേറ്റ് കടന്നു പോയി..
അവൾക്കവിടെ ക്ലാസെടുക്കാനുണ്ട്...
കണ്ണിൽ നിന്നും നടന്നു മറയുന്നത് വരെ അവൻ അവളെ നോക്കി നിന്നു...
പിറ്റേന്ന് കാന്റീനിൽ ഒരു മേശക്കിപ്പുറവും അപ്പുറവും ഇരുവരും ഇരുന്നു..
ഗ്രൗണ്ടിൽ ഇപ്രാവശ്യം ക്രിക്കറ്റ് ആയിരുന്നു..
ബൗളർ എറിഞ്ഞ പന്ത് തട്ടി സ്റ്റംപ് തെറിച്ചുപോയി...
ബാറ്റ്സ്മാൻ നിരാശയോടെ പിൻവാങ്ങി... ബൗളർ വായുവിലേക്ക് ഉയർന്ന് ചാടി ആനന്ദം പ്രകടിപ്പിച്ചു..
അവൾ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുകയാണ്... അവളുടെ
നിർബന്ധപ്രകാരം അവനും ഐസ്ക്രീം കഴിക്കുന്നുണ്ട് .. പക്ഷെ വലിയ താൽപര്യമൊന്നുമില്ല...
പതിവ് ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധ പുലർത്തിയില്ല.. യാതൊരു കെട്ടുപാടുമില്ലാതെ സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ കൂടെ നിൽക്കുന്ന അവളെ നോക്കി കാണുകയായിരുന്നു അവൻ...
ചെവിയുടെ മുകളിലേയ്ക്കു വീണു കിടന്ന മുടിച്ചുരുകളെ പിന്നില്ലെതുക്കിയപ്പോൾ കാതിലെ കുഞ്ഞു കമ്മൽ അസ്തമയസൂര്യന്റെ രശ്മികൾ തട്ടി തിളങ്ങുന്നത് അവൻ കണ്ടു...
"അജു ഏട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ ? "
"മമ്.. ചോദിക്ക് .. "
" ഇന്നലെ അവളെ കുറിച്ച് ഓർത്തോ.. കിടക്കുമ്പോഴോ മറ്റോ.. ?? "
" ആരെക്കുറിച്ച് ?? "
"ഏട്ടന്റെ Ex -Lover നെ ക്കുറിച്ച് .. "
"ഓ.. ഇല്ല .. "
അവൾ ചിരിച്ചു..
"പകരം വേറെ ഒരാളെ ഓർക്കുണ്ടായി.. "
അവൻ ചിരിക്കുന്നുണ്ടായിരുന്നു..
"ഹോ.. അതാരാ..?? "
കാര്യപ്പെട്ട് അവൾ ചോദിച്ചു.
"" വലിയ ഒരു സൈക്കോളജിസ്റ്റാ... അവൾ പറഞ്ഞു Ex - Lover നെ കുറിച്ച് ഒരു ഇനി ഓർക്കരുതെന്ന്... അപ്പൊ പിന്നെ ഓർക്കാൻ ആരും ഇല്ലാത്തതുകൊണ്ട് സൈക്കോളജിസ്റ്റിനെ തന്നെ ഓർത്തു.. ""
അവൾ പൊട്ടി ചിരിച്ചു..
ഈ സമയം ഗ്രൗണ്ടിൽ ബാറ്റ്സ്മാൻ സിക്സർ പറത്തി.. ആർപ്പുവിളിയുടെ ആരവം ഉച്ചത്തിൽ പ്രതിധ്വനിച്ച് കേട്ടു...
ഓൾഡേജ്ഹോമിനുമുമ്പിൽ കാർ നിർത്തി...
അവൾ പുറത്തേക്കിറങ്ങി..
" നാളെ കോളേജ് ലീവല്ലേ.. സോ എന്ത് ചെയ്യും ?? "
" എന്ത് ചെയ്യാ..? ഹാ.. നാളെ നിന്നെ ഞാൻ പാർക്കിൽ കൊണ്ടുപോകാം.. ലഞ്ചും വാങ്ങി തരാം.. ok ? "
" Done..!! "
അവൾക്ക് ഒത്തിരി സന്തോഷമായി..
""പിന്നെ ഏട്ടാ.. ഇന്ന് പറഞ്ഞതൊന്നും മറക്കണ്ടാ... പ്രധാനമായും രാവിലെ നേരത്തെ എഴുന്നേറ്റ് എക്സസൈസ് ചെയ്യുക.. കഴിക്കുമ്പോൾ പ്രാർത്ഥന... വായന ശീലം...
രാത്രി കിടക്കുമ്പോൾ ഡയറി എഴുതുക... അല്ലെങ്കിൽ അന്ന് നടന്ന നല്ല കാര്യങ്ങൾ ഒന്നുകൂടി ഓർക്കുക.. ശ്രദ്ധിക്കണം ഓർക്കുന്നത് നല്ല കാര്യങ്ങൾ മാത്രം... Ok?? ""
" Double ok.. "
ഗേറ്റ് കടന്ന് തിരിഞ്ഞ് അവൾ കൈവീശി ... അവൻ തിരിച്ചും കൈവീശി കാണിച്ചു..
അകാരണമായി ഇരുവരും ചിരിക്കുന്നുണ്ടായിരുന്നു... വളരെ സന്തോഷത്തോടെ തന്നെ...
അവർക്കിടയിലെ അകലം കുറഞ്ഞുവരുകയായിരുന്നു...പേരറിയാത്ത വിചിത്രമായ ഒരടുപ്പത്തിന്റെ മുഖമുദ്രയായിരുന്നു അത്...!!
കണ്ണിൽ നിന്നും അവൾ നടന്നു മറയുന്നതുവരെ അവൻ കൈയുയർത്തി വീശിക്കൊണ്ടു തന്നെ നിന്നു...
*തുടരും_*