ചിലപ്പോഴൊക്കെ അറിയാതെ നേരത്തെ എഴുന്നേൽക്കും, അന്ന് സമയം 5 മണി, പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കമേ വന്നില്ല. ഒരു ഭാഗത്തു നിന്ന് ആണെങ്കിൽ മോളുടെ ചവിട്ടും. ഞാൻ തിരിഞ്ഞു കിടന്നാൽ എനിക്ക് നല്ല സുഖമാ! മസ്സാജ് സെന്ററിൽ കാല് വച്ചു തിരുമ്മുന്ന സുഖമാണ്. മൊബൈൽ എടുത്ത് ഓരോരുത്തരുടെ വാട്സ്ആപ്പ് ആപ്പ് സ്റ്റാറ്റസ് നോക്കികൊണ്ടിരുന്നു.
അന്ന് ഞാൻ ഓഫീസ് ലീവ് എടുത്തിരുന്നു ഭാര്യ രണ്ടാമത് ക്യാരിങ് ആയതിനാൽ ബേബി സിറ്റിംഗ് ജോലി അന്ന് എനിക്കാണ്. 9 മണിക്ക് ആണ് ഭാര്യക്ക് ചെക്ക് അപ്പ്. ഭാര്യ പോകുന്നത് മോൾ കാണാതിരിക്കാൻ ആ സമയം, മോളെ കുളിപ്പിച്ച്, ഭക്ഷണം കഴിക്കുന്ന സമയത്തു ടിവിയിൽ കാർട്ടൂൺ ഓൺ ചെയ്തുകൊടുത്തു. ഇനി എല്ലാം ഓട്ടോമാറ്റിക് ആണ്. ഭക്ഷണം കൊടുക്കുന്നതെന്തും ഇറങ്ങി പൊയ്ക്കോളും. ഞാനും കൂടി കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ടീവി ഓഫ് ചെയ്തു മോളുടെ പ്ലേ ഗ്രൗണ്ട് ആയ അവളുടെ മുത്തശ്ശന്റെ റൂമിലേക്ക് പോയി.
മോളുടെ ഒപ്പം അങ്ങനെ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ അച്ഛൻ വിളിക്കുന്നത്. അത് വേറെ ഒരു ട്രാജഡി. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ചേച്ചിയുടെ അടുത്തേക്ക് മൂന്നാല് ദിവസത്തേക്ക് എന്ന് നിശ്ചയിച്ചു പോയതാണ്. പക്ഷെ ചടങ്ങിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയി എന്ന് പറഞ്ഞപ്പോൾ 7 ദിവസം ചേച്ചിയുടെ അടുത്ത് ഇരുന്നിട്ട് വരുന്നതായിരിക്കും നല്ലത് എന്ന് ഞാൻ അഭിപ്രായപ്പെട്ടു. ആ പറഞ്ഞ ഒരാഴ്ച ആകാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ അച്ഛന്റെ സിം കാർഡ് ബ്ലോക്ക് ആയി. ഇതാണ് ഇപ്പോൾ എന്റെ അച്ഛൻ വിളിക്കുന്ന കാളിന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി.
ഞാൻ കാൾ എടുത്ത് സംസാരിച്ചു. മോള് അടുത്തുണ്ടായിരുന്നതിനാൽ, വാട്സ്ആപ്പ് വീഡിയോ കാൾ ആയിരുന്നു. കുറച്ചു നേരം മോളെ താലോലിച്ചു സംസാരിച്ചശേഷം എന്നോട് പറഞ്ഞു " എടാ, ആ സിം കാർഡ് നിന്റെ പേരിൽ ആണ് അപ്പോൾ നിനക്കെ അത് ആക്ടിവേറ്റ് ചെയ്യാൻ പറ്റു. ഞാൻ പുതിയ സിം കാർഡ് നമ്പർ വാട്സ്ആപ്പ് ചെയ്യാം, നീ പുറത്ത് സ്റ്റോറിൽ പോയി അത് ആക്ടിവേറ്റ് ചെയ്യൂ"
ഞാൻ ഭാര്യയുടെ ചെക്ക് അപ്പിന്റെ കാര്യം അച്ഛനെ ഓർമിപ്പിച്ചു. ഭാര്യ വന്നു കഴിഞ്ഞാൽ സിംമിന്റെ കാര്യം ശരിയാക്കാൻ പോകാം എന്ന് പറയുകയും ചെയ്തു. ശരിയെന്നു സമ്മതിച്ചു അച്ഛൻ ഫോൺ വച്ചു.
അന്ന് സ്കാനിങ് ഉണ്ടായിരുന്നതിനാൽ ഭാര്യ ലേറ്റ് ആയിട്ടാണ് വീട്ടിലെത്തിയത്. അളിയന്റെ ഒപ്പം കാറിൽ പോയിരുന്നതിനാൽ, കൂടെ ആരെങ്കിലും ഉണ്ടായിരുന്നു എന്നതിൽ സമാധാനം.
ആശുപത്രിയിൽ നിന്ന് വന്നപ്പോഴേ അവളുടെ ആഗ്രഹം പറഞ്ഞു,
ഒരു ഐസ്ക്രീം
ഒരു ഗർഭിണിയുടെ ആവശ്യം ഏതു ഭർത്താവാണ് നിരാകരിക്കുക. ഉടനെ വേണ്ട സാധനം ഓൺലൈൻ ബുക്ക് ചെയ്തു കൊടുത്തു. ഐസ്ക്രീംമിന്റെ ഒപ്പം ഒരു സാൻഡ്വിച്ച് കൂടി ഞാൻ എനിക്കായി ഓർഡർ ചെയ്തു. അതായിരുന്നു ഞങ്ങളുടെ ഈവെനിംഗ് സ്നാക്ക്സ്. മോൾക്ക് വല്ലപ്പോഴും ആണ് ഇതുപോലത്തെ ആഹാരസാധനങ്ങൾ കിട്ടുന്നത്. അതുകൊണ്ടുതന്നെ മോള് ചോദിച്ചു ചോദിച്ചു കഴിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ആണ്, അച്ഛന്റെ സിമ്മിന്റെ കാര്യം ഞാൻ ഓർത്തത്. ഉടൻ മോളെ ഭാര്യയെ ഏൽപ്പിച്ച്, ഞാൻ സ്കൂട്ടർ എടുത്തു ടൗണിലേക്ക് പോയി.
അച്ഛൻ വാട്സാപ്പിൽ അയച്ചുതന്ന സിം കാർഡ് നമ്പർ, ഞാൻ കടയിൽ ഉള്ള ആളെ കാണിച്ചു. അവിടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ സംശയം തോന്നി. ചെറുപ്പക്കാരൻ ആണെങ്കിലും ഇടക്കിടക്ക് മൂക്കു ഒലിപ്പിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. മാസ്ക് ആണെങ്കിലോ മൂക്കിനു താഴെയാണ് വെച്ചിരിക്കുന്നത്.
എന്തു പറയാനാ
കോവിഡ് വന്നിട്ട് രണ്ടു വർഷമായിട്ടും, ഇന്നും ചിലർക്ക് മാസ്ക് എന്നു പറയുമ്പോൾ വായ് മാത്രം മൂടാനുള്ള ഒരു സാധനം മാത്രം. സിം കാർഡ് ആക്ടിവേറ്റ് ചെയ്യിപ്പിക്കാൻ ഫോട്ടോ എടുക്കണം എന്നുള്ളതിനാൽ, ഞാനെന്റെ മാസ്ക് അഴിച്ചു. ആദ്യത്തെ പ്രാവശ്യം എല്ലാം ചെയ്തതിനുശേഷം, നെറ്റ്വർക്ക് എറർ എന്ന് പറയുകയുണ്ടായി. അപ്പോൾ വീണ്ടും ഫോട്ടോ എടുക്കാനായി വീണ്ടും മാസ്ക് അഴിച്ചു. അപ്പോഴെല്ലാം ഈ മൂക്കൊലിപ്പിച്ചു കൊണ്ടു നടന്നവനാണ് എല്ലാം ചെയ്തത്. ഇതൊന്നും കാര്യമാക്കാതെ എല്ലാം കഴിഞ്ഞതിനു ശേഷം, ഞാൻ അച്ഛനെ വിളിച്ച് എല്ലാം ശരിയാക്കി എന്നു പറഞ്ഞു.
നേരം സന്ധ്യ കഴിഞ്ഞപ്പോൾ, മോളെ ഞാൻ മേല് കഴുകിപ്പിക്കാനായി ബാത്റൂമിലേക്ക് കൊണ്ടുപോയി. മോള് ജനിച്ചതിനുശേഷം ഒരു പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ആ കാഴ്ച, ഞാൻ അപ്പോൾ വീണ്ടും കണ്ടു. അവളുടെ മൂക്കിൽ നിന്നും ഒലിച്ചു വരുന്നു. ആദ്യം ഞാനത് ശങ്കിച്ചു. പെട്ടെന്ന് ഭാര്യയെ വിളിച്ചു, കാണിച്ചുകൊടുത്തു.
" അതു കുഴപ്പമില്ല ഏട്ടാ, വൈകുന്നേരം ഐസ്ക്രീം കഴിച്ചില്ലേ, അതിന്റെ എഫക്ട് ആയിരിക്കും. മുഖം ഒന്നു തുടച്ചാൽ മാത്രം മതിയാകും. ബാക്കി നാളത്തെ അവസ്ഥ നോക്കിയിട്ട് തീരുമാനിക്കാം "ഭാര്യ
സമാധാനിപ്പിച്ചു.
പിന്നെയും ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു. മോൾ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുമ്പോൾ, കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളി വരുന്നതായി കണ്ടു, അതോടൊപ്പം തന്നെ മൂക്കിൽ നിന്നും ഒലിച്ചു വരുന്നു. രാത്രി കിടക്കാൻ ആയപ്പോഴും മൂക്കിൽ നിന്നും ഒലിച്ചു വരുന്നുണ്ടായിരുന്നു.
" ഈശ്വരാ രാത്രി ഇനി മോള് ഇടക്ക്, മൂക്ക് അടഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ആയി എഴുനേൽക്കുമോ?"
എന്ന എന്റെ ആശങ്ക ഞാൻ ഭാര്യയുമായി പങ്കുവെച്ചു. എല്ലാം നാളെ രാവിലെ നോക്കാം എന്നുള്ള ധാരണയിൽ ഞങ്ങൾ അന്നത്തെ ദിവസം ഉറങ്ങി.