Aksharathalukal

നിനക്കായ്‌ ഈ പ്രണയം (12)

"രഘു.. എടാ രഘു.." കൃത്യം ഏഴര മണിക്ക് ലോഹിമാഷ് അവനെ വിളിച്ചു.

അവൻ പതുക്കെ കണ്ണു തുറന്നു. "എന്താ മാഷേ..?"

"നിന്റെ ഫോണിലെ അലാറം അടിച്ചു നിന്നു . എഴുന്നേറ്റു കോടതിയിൽ പോകാൻ നോക്ക്."

"മാഷ് പൊയ്ക്കോ... ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ.." അവൻ മുഖം തലയിണയിൽ അമർത്തി കിടന്നു.

"ഡാ.. നീ എഴുന്നേൽക്കു. നമ്മുടെ മിലി ഉണ്ടല്ലോ.. രാവിലെ ഒരു തൊട്ടി വെള്ളം അവള് കോരി തന്നിട്ടാ പോയത്. നീ വിളിച്ചിട്ട് എഴുന്നേറ്റില്ലെങ്കിൽ ഇത് നിന്റെ തല വഴി ഒഴിക്കാനാ അവൾ പറഞ്ഞിരിക്കുന്നത് " മാഷ് പറഞ്ഞു.

രഘു പെട്ടന്ന് കണ്ണ് തുറന്നു. അവൻ മനസ്സിൽ പറഞ്ഞു. "ലവളെങ്ങാനും അങ്ങനെ പറഞ്ഞു ഏല്പിച്ചു കാണോ? പുള്ളിക്കാരി ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. പതുക്കെ എഴുന്നേൽക്കുന്നതാണ് ബുദ്ധി."

അവൻ ഞെരങ്ങി ഞെരങ്ങി എഴുന്നേറ്റു, ലോഹിമാഷിന് ഒരു പച്ചച്ചിരി കൊടുത്തു അവൻ ഫ്രഷ് ആകാൻ പോയി

**********************

നിരഞ്ജൻ ഒരു ചാനലുകാർക്ക് ഇന്റർവ്യൂ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് രവിശങ്കർ അങ്ങോട്ട് കയറി വന്നത്. അച്ഛന്റെ മുഖം കണ്ടപ്പോളെ എന്തോ പന്തികേട് അവനു തോന്നി.

ഇന്റർവ്യൂ വേഗം അവസാനിപ്പിച്ചു അവൻ രവി ശങ്കരുടെ അടുത്തേക്ക് ചെന്നു. അവൻ ചെല്ലുമ്പോൾ രവിശങ്കറും ഭാര്യ മഞ്ജുളയും എന്തോ ഡിസ്‌കഷനിൽ ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ടുകൊണ്ടാണ് അവൻ അങ്ങോട്ട് ചെന്നത്.

മഞ്ജുള: "അവൻ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല."

രവിശങ്കർ : "സമ്മതിക്കാതെ പിന്നെ? ഇന്നലെ റിലീസ് ആയ അവന്റ പടത്തിന് ഈച്ച പോലും കേറുന്നില്ലെന്നാ കേൾക്കുന്നത്. എന്റെ ഭാഗ്യത്തിന് അതിന്റെ നിർമാണം ഞാൻ എടുത്തു തലയിൽ വച്ചില്ല."

"നിങ്ങൾ എന്തിനെ പറ്റിയ സംസാരിക്കുന്നത്? എന്നെക്കൊണ്ട് എന്താ അച്ഛന് സമ്മതിപ്പിക്കേണ്ടത്?" എന്ന് ചോദിച്ചു നിരഞ്ജൻ അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നു.

രവിശങ്കറും മഞ്ജുളയും മുഖത്തോട് മുഖം നോക്കി.

"എടാ.. മോനെ.. തിരുമേനിടെ അവിടുന്ന് വിളിച്ചിരുന്നു.. " മഞ്ജുള വിക്കി വിക്കി പറഞ്ഞു.

"എന്തേ? എന്റെയും മായയുടെയും ജാതകം ചേർന്നില്ലേ?" നിരഞ്ജൻ ചോദിച്ചു.

"അതല്ല.. നിങ്ങളുടെ ജാതകപൊരുത്തം തെറ്റില്ല എന്നാ പറഞ്ഞത്.. പക്ഷേ.." മഞ്ജുള തെല്ലു സംശയത്തോടെ നിർത്തി.

രവിശങ്കർ ആണ് ബാക്കി പറഞ്ഞത്. "മായയുടെ ചേച്ചി ഇല്ലേ മൈഥിലി.. അവളുടെ ജാതകമാണ് വിഷയം"

"അവളുടെ ജാതകം എങ്ങനെ ആയാൽ എന്താ? ഞാൻ മായയെ അല്ലേ കെട്ടുന്നത്? ഇനി സഹോദരീ ഭർത്താവിന് വല്ല ദോഷവും? അങ്ങനെ ആണെങ്കിൽ വല്ല പരിഹാരവും കാണില്ലേ?" അവൻ ചോദിച്ചു.

"നീ ഇങ്ങനെ തോക്കിൽ കേറി വെടി വക്കാതെ.. അച്ഛൻ പറയുന്നത് നീ സമാധാനം ആയി കേൾക്കു.. മൈഥിലിയുടെ ജാതകം ലക്ഷത്തിൽ ഒന്നേ കാണു എന്നാ തിരുമേനി പറഞ്ഞത്. 25 വയസിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വരാത്ത അത്ര അഭിവൃധി ആണത്രേ ജാതകപ്രകാരം. അതിന് പുറമെ ഈ ജാതകകാരിയുടെ ഭർത്താവിന് രാജയോഗം ആയിരിക്കും എന്നാ പറയുന്നത്. അയ്യാളുടെ ജാതകത്തിലെ ദോഷങ്ങൾ എല്ലാം ഇവളുടെ ജാതകം തീർക്കുമത്രേ.."

അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മുഴുവനായി മനസിലാകാതെ ഇരുന്നു നിരഞ്ജൻ.

അവന്റെ മൗനം ഒരു അവസാനമായി എടുത്തു രവിശങ്കർ തുടർന്നു.

"നോക്ക്.. നീ മായയെ കല്യാണം കഴിച്ചാൽ നിനക്ക് അവളുടെ പാട്ടും കെട്ട് കഴിയാം എന്നെ ഒള്ളു.. പക്ഷെ അതിനു പകരം മൈഥിലി ആണെങ്കിൽ.."

രവിശങ്കർ ബാക്കി പറയുന്നതിന് മുൻപേ നിരഞ്ജൻ മേശയിൽ ആഞ്ഞടിച്ചു.

"നിർത്തുന്നുണ്ടോ ഒന്ന്.. അനിയത്തിയെ കാണിച്ചു ചെടത്തിയെ കെട്ടാൻ ഇതെന്താ വെള്ളരിക്കപ്പട്ടണമോ?"

രവിശങ്കരുടെ മുഖത്ത് ദേഷ്യം നിഴലിച്ചു. "ഡാ... നിർത്തടാ.. എന്തറിഞ്ഞിട്ടാ നീ ഈ ചാടണേ? ഒരേ ഒരു മോനായിപ്പോയി.. അല്ലെങ്കിൽ.. "

ദേഷ്യം കൊണ്ട് രവിശങ്കർ വിറച്ചു.

"കഴിഞ്ഞ നിന്റെ കുറെ പടങ്ങൾ തൃശൂർ പൂരത്തിന് അമിട്ട് പൊട്ടണ പോലെ ആണ് പൊട്ടിയത്. നീ നിർബന്ധിച്ചിട്ടല്ലേ നിന്റെ പടത്തിൽ ഞാൻ ഇൻവെസ്റ്റ്‌ ചെയ്തത്? എന്നിട്ട് എന്തായി? ഇനി ഒരു പടം കൂടി നന്നായി പൊട്ടിയാൽ ഞാൻ പെരുവഴിയിലാ.. ഇതൊന്നും പോരാഞ്ഞിട്ട് കൊറേ കാശ് നീ അറിയാത്ത ബിസിനസ്സിൽ ഒക്കെ കൊണ്ട് കളഞ്ഞു. കാലിന്റെ അടിയിൽ നിന്ന് മണ്ണ് ഒലിച്ചു പോകുന്നത് നീ അറിയുന്നുണ്ടോ?"

നിരഞ്ജൻ ഒന്നും മിണ്ടിയില്ല. സത്യമാണ് അച്ഛൻ പറഞ്ഞത് എന്ന് അവനു അറിയാമായിരുന്നു. അവൻ അറിയാതെ തന്നെ അവന്റെ തല താണു. മകന്റെ വിഷമം അച്ഛൻ ശ്രദ്ധിച്ചു.

"എടാ.. നീ വിഷമിക്കാൻ പറഞ്ഞതല്ല.. ഞാൻ അന്വേഷിച്ചു. ഞാൻ മനസിലാക്കിയിടത്തോളം ഈ മൈഥിലി ആളു മിടുക്കി ആണ്. പണ്ടേ പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു. അന്ന് എഞ്ചിനീയറിങ് എന്ടറൻസിൽ 5ആം റാങ്ക് ആയിരുന്നു. പിന്നെ അച്ഛൻ മരിച്ചപ്പോൾ പഠിപ്പ് നിർത്തി. അന്ന് അവളുടെ അച്ഛന്റെ സ്കൂൾ കടം കയറി മുടിഞ്ഞു കിടക്കുകയായിരുന്നു. അവിടെ നിന്ന് അവൾ ഒറ്റക്കാണ്, മാർക്കറ്റിങ്ങും സ്ട്രാറ്റജിയും ഒക്കെ. ഇന്ന് കേരളത്തിലെ നമ്പർ വൺ എൻട്രൻസ് കോച്ചിങ് സ്കൂൾ ആണ്. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്ന് മാത്രം അല്ല, ദുബായിൽ നിന്നു വരെ കുട്ടികൾ അവിടെ വന്നാണ് പഠിക്കുന്നത് "

രവിശങ്കർ ഒന്ന് നിർത്തി. നിരഞ്ജന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു അയ്യാൾ തുടർന്നു.

"എടാ.. അങ്ങനെ ഒരു മിടുക്കിയേ നമ്മുടെ കൂടെ കിട്ടിയാൽ പിന്നെ നമ്മുടെ ബിസിനസ് ഒക്കെ പച്ചപിടിക്കും. പിന്നെ അവളുടെ ജാതകം നിന്റെ ജാതകദോഷം എല്ലാം മാറ്റുകയും ചെയ്യും.. അതല്ല.. നിനക്കിപ്പോ മായ തന്നെ വേണം എന്നുണ്ടെങ്കിൽ... മൈഥിലിയെ വിവാഹം കഴിച്ചാലും മായ നിന്റെ മൂക്കിന്റെ തുമ്പത്തു തന്നെ ഉണ്ടാവുമല്ലോ.. പിന്നെ എന്താണ് എന്ന് വച്ചാൽ ആയിക്കൂടെ?"

അച്ഛൻ പറഞ്ഞത് കെട്ട് നിരഞ്ജൻ ഒരു ഞെട്ടലോടെ അയ്യാളെ നോക്കി.

രവിശങ്കർ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. "നീ സമയം എടുത്തു നന്നായി ഒന്ന് ആലോചിച്ചിട്ട് പറ"

************************

അന്ന് വൈകുന്നേരം അതിയായ സന്തോഷത്തോടെ ആണ് രഘു വീട്ടിലെത്തിയത്. ബൈക്ക് പാർക്ക്‌ ചെയ്തു കയ്യിലിരുന്ന പാക്കറ്റും കൊണ്ട് അവൻ നേരെ മിലിയുടെ വീട്ടിലേക്കു നടന്നു.

ജാനകിയമ്മ മുറ്റത്തു ചെടി നടക്കുകയായിരുന്നു. മിനിമോൾ ഉമ്മറത്തെ വരാന്തയിൽ ഇരുന്നു പിടിക്കുന്നുണ്ടായിരുന്നു. മായ ആകട്ടെ അവളുടെ റോസാ ചെടികളെ പരിപാലിക്കുന്ന തിരക്കിലും.


രഘുവിനെ കണ്ടതും നനച്ചിക്കൊണ്ടിരുന്ന ഹോസ് താഴെക്കിട്ട് നേര്യത്തിന്റെ അറ്റത്തു കൈ തുടച്ചു ജാനകിയമ്മ വന്നു.

"രഘു മോനോ? വാ മോനെ കേറി ഇരിക്ക് " അവർ പറഞ്ഞു. ഉമ്മറത്തെ വരാന്തയിൽ അവന് കസേര ഇട്ടുകൊടുത്തു.

മിനിമോൾ പുസ്തകത്തിൽ നിന്നു തലപൊക്കി നോക്കി.

അവൻ കയ്യിലെ പൊതി ജാനകിയമ്മക്ക് നേരെ നീട്ടി. "ഇത്തിരി ലഡു ആണ് "

ജാനകിയമ്മ പൊതി വാങ്ങി. "എന്തിനാ മോനെ ഇതൊക്കെ?" എന്ന് ചോദിച്ചു അവർ പൊതി മിനിമോളുടെ കയ്യിൽ കൊടുത്തു.

"മിലി ചേച്ചിയോട് രഘുവിന് ചായ എടുക്കാൻ പറ " ജാനകിയമ്മ മിനിമോളെ അകത്തേക്ക് വിട്ടു.

"ഡി മായേ.. നീ ആ പൈപ്പ് ഒന്ന് ഓഫ്‌ ചെയ്തേക്കണേ " അവർ മയയോട് വിളിച്ചു പറഞ്ഞു.

"ആ.. മോനെ പറ.. ഇന്ന് എന്താണ് വിശേഷം?" ജാനകിയമ്മ ചോദിച്ചു.

പൈപ്പ് ഓഫ് ചെയ്തു കൈ കഴുകി മായയും ഉമ്മറത്തേക്ക് വന്നു. അപ്പോളേക്കും മിനിമോൾ രഘു കൊണ്ട് വന്ന ലഡ്ഡു ഭംഗിയുള്ള ഒരു പാത്രത്തിൽ വച്ചു കൊണ്ട് വന്നു.

എല്ലാവരും ഓരോ ലഡ്ഡു എടുത്തു കഴിക്കുമ്പോൾ രഘു പറഞ്ഞു. "ഇന്ന് രാവിലെ നേരത്തെ കോടതിയിൽ പോയത് കൊണ്ട് എനിക്ക് നല്ല ഒരു കേസ് കിട്ടി "

അവൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മിലി അവനു ചായയുമായി വന്നു. ചായ കപ്പ് കയ്യിലെടുത്തു അത്‌ ഒന്ന് രുചിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു. "അല്ല.. മിലി പറഞ്ഞു പേടിപ്പിച്ചത് കൊണ്ടാണല്ലോ ഞാൻ ഇന്ന് നേരത്തെ എഴുന്നേറ്റത്. അല്ലെങ്കിൽ ഈ കേസ് എനിക്കി കിട്ടില്ലായിരുന്നു. അപ്പൊ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഓർത്തു ഒരു താങ്ക്സ് പറയാം എന്ന് "

"രഘുവേട്ടന് മിലി ചേച്ചിയെ ഇത്ര പേടി ആണോ?" മായ ആണ് ചോദിച്ചത്.

രഘുവിന് പെട്ടന്ന് ഒരു ജാള്യത തോന്നി.

"ഏയ്‌.. പേടി ഒന്നും ഇല്ല.. പിന്നെ തലവഴി തണുത്ത വെള്ളം ഒഴിക്കും എന്ന് പറഞ്ഞപ്പോൾ.. വെറുതെ പറഞ്ഞതാവും അല്ലേ?"

"വെറുതെ ഒന്നും അല്ല.." മിനിമോൾ അവന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു. "ട്യൂഷന് പോകാൻ വൈകിട്ട് എത്ര തവണ ചേച്ചി എന്റെ മുഖത്ത് വെള്ളം ഒഴിച്ചിരിക്കുന്നു?"

"മിനിമോളെ.. " മിലി അവളെ നോക്കി ചൂണ്ട് വിരൽ കൊണ്ട് ഒരു വാർണിങ് കൊടുത്തു.

"ആട്ടെ.. മോനു എന്ത് കേസ് ആണ് കിട്ടിയത്?" ജാനകിയമ്മ ചോദിച്ചു.

"ഓഹ്.. അതോ.. രാജസേനൻന്റെ കേസാ.. ഹഹഹ.. പേര് കേട്ടട്ടു വല്ല്യ പുള്ളി ആണ് എന്നൊന്നും കരുതണ്ട.. കള്ളനാ.. ഈ വർക്ക്‌ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ കട്ട് വേറെ വർക്ഷോപ്പുകൾക്ക് എത്തിച്ചു കൊടുക്കലാണ് അവന്റെ പണി. പണി കൂടിയപ്പോ പോലിസ് പൊക്കി. അവന്റെ കയ്യിൽ ആണെങ്കിൽ നയാ പൈസ ഇല്ല വക്കീലിന് കൊടുക്കാൻ.. അപ്പോളാണ് ഞാൻ അവിടെ ചെല്ലുന്നത്.. കേസ് ഉച്ചകഴിഞ്ഞു മാറ്റി വാങ്ങിച്ചു.. വാദിച്ചു.. ജയിച്ചു.. " ഇത്തിരി അധികം ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.

"അപ്പൊ ഫീസ് ഒന്നും കിട്ടിയില്ലേ?" മായ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"ഫീസ് അല്ലല്ലോ ഇമ്പോര്ടന്റ്റ്‌. ഒരു നല്ല പേര് നേടുക എന്നതാണല്ലോ.. ഇപ്പൊ കള്ളന്മാരുടെ ഇടയിൽ ഒക്കെ ഞാൻ ഫേമസ് ആയില്ലേ?"

"ഹാ.. ബെസ്റ്റ്.." മിനിമോൾ ചിരിച്ചു.

"ഹഹഹ.. എന്തായാലും രഘു ആദ്യമായി ഒരു കേസ് ജയിച്ചു വന്നതല്ലേ.. നമ്മുക്ക് ഇന്ന് രഘുവിന്റെ ഇഷ്ടപെട്ട പായസം ഉണ്ടാക്കിയാലോ?" മിലി ചോദിച്ചു..

രഘുവിന്റെ മാത്രമല്ല മായയുടെയും മിനിമോളുടെയും മുഖം വിടർന്നു.

"ഇന്ന് ഇവടെ നിന്നാവാം ഡിന്നർ. പായസവും കുടിക്കാം.. ഒക്കെ?" മിലി രഘുവിനോട് ചോദിച്ചു.

"ഓക്കേ.."

മിലി അകത്തേക്ക് പോയി.. "പായസം.. പായസം.." എന്ന് വിളിച്ചു കൊണ്ട് മായയും മിനിമോളും അവളുടെ പിന്നാലെ പോയി

***************

ഡിന്നറിനു ലോഹിമാഷും ലില്ലിയും എത്തി. അവർ കഴിച്ചു കഴിഞ്ഞപ്പോൾ രഘുവിന് വേണ്ടി ഉണ്ടാക്കിയ പായസവും വന്നു.

കുറെ വർത്തമാനവും ചെറിയ തമാശകളും ഒക്കെ ആയ ഒരു രാത്രി.

തിരക്കിൽ നിന്നെല്ലാം മാറി മായയെ ഒറ്റക്ക് കിട്ടിയപ്പോൾ ലോഹിമാഷ് അവളോട്‌ ചോദിച്ചു.

"മായ കുട്ടിയോട് മാഷ് ഒരു കാര്യം ചോദിക്കട്ടെ? "

"എന്താ മാഷേ?"

"മോള് നിറഞ്ഞനുമായുള്ള കല്യാണത്തിന് താല്പര്യമില്ല എന്ന് പറഞ്ഞുന്നു ചേച്ചി പറഞ്ഞു. പക്ഷേ മാഷ് ഇത് വരെ പറഞ്ഞിട്ടില്ല. നിന്റെ ചേച്ചി നിരഞ്ജനെ കുറിച്ചു അന്വേഷിച്ചപ്പോൾ പൊതുവേ തെറ്റില്ലാത്ത അഭിപ്രായം ആണ് കിട്ടിയത്. മോള് പറ.. മാഷെന്താ വേണ്ടേ?"

"ഇല്ല മാഷേ എനിക്കൊറപ്പാ.. അത്രേം പ്രായമുള്ള ഒരാളെ എനിക്ക് വേണ്ട.." മായ ഉറപ്പിച്ചു പറഞ്ഞു.

"എങ്കി മാഷ് നാളെ അവരെ വിളിച്ചു താല്പര്യമില്ല എന്ന് പറഞ്ഞേക്കട്ടെ?"

"ഉം.. " മായ ഒന്ന് മൂളി.

പക്ഷെ അവളുടെ മനസിൽ എന്തെന്നില്ലാത്ത ഒരു സങ്കടം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു

(തുടരും )






 


നിനക്കായ്‌ ഈ പ്രണയം (13)

നിനക്കായ്‌ ഈ പ്രണയം (13)

4.4
3645

മൊബൈൽ ബെല്ലടിച്ചപ്പോൾ രഘു അത് എടുത്തു. ശ്യാം ആയിരുന്നു. "എടാ.. നീ ഇറങ്ങിയോ?" ശ്യാം ചോദിച്ചു  "റെഡി ആയടാ.. ഇറങ്ങാൻ തുടങ്ങാണ്.. നീ ഇറങ്ങിയോ?" "ഞാൻ ഇറങ്ങി. ജിത്തുവിനെ പിക്ക് ചെയ്തു ഞാൻ അങ്ങെത്തും." "ഓക്കേ ഡാ.. എന്നാ അവിടെ കാണാം.. ബൈ.." ഫോൺ കട്ട്‌ ചെയ്തു ബൈക്കിന്റെ കീയും കയ്യിൽ കറക്കി. സ്റ്റൈലിൽ ഒക്കെ ആണ് അവൻ ഇറങ്ങിയെങ്കിലും ബൈക്ക് ചതിച്ചു. സ്റ്റാർട്ട്‌ ആകുന്നില്ല. രഘുവിനാണെങ്കിൽ ആ സാധനം ഓടിച്ചു ചെത്തി നടക്കാം എന്നല്ലാതെ അതിന്റെ പണിയൊന്നും അറിയില്ല. "ശേ.. ഒരു നല്ല ഞായറാഴ്ച ആയിട്ട് മാച്ചും കണ്ട് അടിച്ചു പൊളിക്കാം എന്ന് വിചാരിച്ചതാ.. ഈ സാധനം സ്റ്