Part -18
ദത്തൻ ദേഷ്യത്തോടെ വീട്ടിൽ നിന്നും നേരെ പോയത് ജിത്തുവിന്റെ വീട്ടിലേക്കാണ്. അവന്റെ ദേഷ്യം കണ്ട് കാര്യം എന്താണെന്ന് ജിത്തു പലവട്ടം ചോദിച്ചു എങ്കിലും അവൻ ഒന്നുമില്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.
രാത്രി വർണയോടുള്ള ദേഷ്യം കൊണ്ട് അവൾ വീട്ടിലേക്കും പോയില്ല. പിറ്റേ ദിവസം കല്യാണത്തിരക്കുകൾ കാരണം അന്നും അവൻ വീട്ടിൽ പോയില്ല.
രാവിലെ കോകിലയുടെ കോളിന്റെ റിങ്ങ് കേട്ടാണ് ദത്തൻ കണ്ണ് തുറന്നത്.
" ദത്താ എവിടേ ...."
" ഞാൻ ഇവിടെ ജിത്തൂന്റെ വീട്ടിൽ ഉണ്ട് എന്തേ "
" വേഗം കുളിച്ച് റെഡിയായി കുറച്ച് മുല്ലപ്പൂ വാങ്ങിച്ചിട്ട് വാ "
" ഓഹ് എനിക്കൊന്നും വയ്യാ ..അവളും അവളുടെ ഒരു പൂവും " ദത്തൻ മടിയോടെ കോൾ കട്ട് ചെയ്ത് എണീറ്റു.
വേഗം കുളിച്ച് റെഡിയായി അവൻ ജിത്തു വാങ്ങിയ ഷർട്ടും മുണ്ടും എടുത്തിട്ട് അമ്പലത്തിലേക്ക് പോയി.
താലി കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമ്പലത്തിൽ അറേയ്ഞ്ച് ചെയ്ത ശേഷം അവൻ അമ്പലത്തിനു മുന്നിലുള്ള കടയിൽ നിന്നും പൂ വാങ്ങി കോകിലയുടെ വീട്ടിലേക്കാണ് പോയത്.
കോകിലയുടെ വകയിലെ ഒരു അമ്മാവനും അമ്മായിയും അവരുടെ മക്കളും മാത്രമേ കല്യാണത്തിന് ഉള്ളൂ. ജിത്തുവിന് ഒരു അമ്മയുണ്ടായിരുന്നു. അവർ ഒരു വർഷത്തിനു മുൻപ് മരിച്ചു. അതുകൊണ്ട് അവന് പ്രത്യേകിച്ച് ബന്ധുക്കൾ ആരും ഇല്ല.
ഉമ്മറത്ത് കോകിലയുടെ അമ്മാവൻ നിൽക്കുന്നുണ്ട്. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുല്ല പൂവുമായി അവൻ അകത്തേക്ക് നടന്നു.
"ഡീ ..ന്നാ ... നിന്റെ ഒരു പൂവും പുഷ്പവും .. രാവിലെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ " അവൻ കയ്യിലെ കവർ ടേബിളിൽ വച്ച് തിരിഞ്ഞ് നടന്നതും പിന്നെ എന്തോ ഓർത്ത് തിരിഞ്ഞു നോക്കി.
കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന കോകില . അവളുടെ മുടി കെട്ടി കൊടുക്കുന്ന വർണ . ഫോൺ നോക്കി പുതിയ ഹെയർ സ്റ്റയിലുകൾ പരീക്ഷിക്കുകയാണെന്ന് തോന്നുന്നു.
അനു വർണക്ക് മുന്നിൽ ഫോണും പിടിച്ച് നിൽക്കുന്നുണ്ട്. അത് നോക്കിയാണ് വർണ മുടി കേട്ടുന്നത്. തൊട്ടപ്പുറത്ത് നിന്ന് വർണക്ക് വേണ്ട ഉപദേശങ്ങൾ വേണി കൊടുക്കുന്നു.
"ദത്തേട്ടാ " അവനെ കണ്ടതും വേണി അവന്റെ അരികിലേക്ക് ഓടി വന്നു.
"വേണി കുട്ടി സുന്ദരിയായിട്ടുണ്ടല്ലോ " അവളുടെ നെറുകിൽ തലോടി കൊണ്ട് ദത്തൻ പറഞ്ഞു.
"ദത്തേട്ടനെ കാണാനും സൂപ്പർ ആണ് " വേണി പുഞ്ചിരിയോടെ പറഞ്ഞു.
" എന്നേ കാണാൻ എങ്ങനെയുണ്ട് ദത്തേട്ടാ " അനു അവന്റെ മുന്നിൽ വന്ന് പട്ടുപാവാട കറക്കി കൊണ്ട് ചോദിച്ചു.
"പിന്നല്ലാതെ എന്റെ അനു കുട്ടി സുന്ദരിയല്ലേ . എന്നാ ഞാൻ ഇറങ്ങാ . കുറച്ച് തിരക്കുണ്ട്. അമ്പലത്തിൽ വച്ച് കാണാം " അത് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ദത്തൻ വീണ്ടും തിരികെ വന്നു.
" അനു, വേണി നിങ്ങൾ എന്റെ കൂടെ വരുന്നുണ്ടോ. അവിടെ ജിത്തുന്റെ പെങ്ങളുടെ സ്ഥാനത്ത് നിൽക്കാൻ ആരും ഇല്ല "
" അതിനെന്താ ഞങ്ങൾ വരാം ലോ " അത് പറയലും അനുവും വേണിയും അവന്റെ കൂടെ ബുള്ളറ്റിൽ കയറി പോകലും കഴിഞ്ഞിരുന്നു.
ഇതെല്ലാം കണ്ടു നിന്ന വർണയുടെ മുഖം വീർത്തു.
" ഇതെന്താ നിനക്ക് പറ്റിയത് " കോകില അവളെ നോക്കി ചോദിച്ചു.
" ചേച്ചിടെ ഫ്രണ്ടിന് ഈയിടയായി കുറച്ച് അഹങ്കാരം കൂടുന്നുണ്ട്. എന്നേ അവന് ശരിക്കും അറിയില്ലാ." വർണ ദേഷ്യത്തോടെ പറഞ്ഞതും കോകിലക്കും ചിരി വന്നിരുന്നു.
"അല്ല വർണേ ....നിന്റെ കെട്ട്യോന് ആരെങ്കിലും പട്ടുപാവാടയിൽ കൈ വിഷം കൊടുത്തിട്ടുണ്ടോ "
"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത് "
" നിങ്ങൾക്ക് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഞാൻ പറഞ്ഞതാ ദാവണി എടുക്കാം എന്ന് . ഉത്സവത്തിന് പട്ടുപാവാട അല്ലേ എടുത്തത്. അതുകൊണ്ട് ഒരു ദാവണി അല്ലെങ്കിൽ ഒരു സാരി എടുക്കാം എന്ന് ഒരു ആയിരം വട്ടം പറഞ്ഞു. പക്ഷേ ആര് കേൾക്കാൻ
പട്ടുപാവാട മതി എന്ന ഒറ്റ നിർബന്ധത്തിൽ നിന്നു. അതുകൊണ്ടാ ഇത് എടുത്ത് തന്നത് "
" അപ്പോ ചേച്ചിയുടെ കൂടെ ദത്തനും വന്നിരുന്നോ ഡ്രസ്സ് എടുക്കാൻ "
" ആഹ് വന്നിരുന്നു. നീ ചെറിയ കുട്ടിയാണ് . ഭാവണിയും സാരിയും ഉടുക്കാനുള്ള ആൾക്കില്ലാ. ഇത് മതി എന്ന ഒറ്റ നിർബന്ധം " കോകില ചിരിയോടെ പറഞ്ഞു. അത് കേട്ട് വർണക്കും ചിരി വന്നിരുന്നു.
***
"നിങ്ങൾ എപ്പോഴാ ഇവിടേ എത്തിയത് " വണ്ടി ഓടിക്കുന്നതിനിടയിൽ ദത്തൻ ചോദിച്ചു.
"ഞങ്ങൾ പെട്ടിയും കിടക്കയുമായി മിനിങ്ങാന്ന് വന്നതാ ദത്തേട്ടാ. ഞങ്ങൾ അന്ന് ചെയ്തത് തെറ്റായി പോയി. അറിയാതെ ചെയ്തതാ . സോറി . ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല " അനു സങ്കടത്തോടെ പറഞ്ഞു.
" കുഴപ്പമില്ലാ. ഞാൻ അതൊക്കെ മറന്നു " അവർ നേരെ പോയത് അമ്പലത്തിലേക്കാണ്. അവിടെ ജിത്തുവും മറ്റും കൂട്ടുക്കാരും ഉണ്ടായിരുന്നു.
ഒൻപത് മണിയോടെ കോകിലയും മറ്റുള്ളവരും വീട്ടിൽ നിന്നും ഇറങ്ങി. പത്ത് മണിക്കാണ് മുഹൂർത്തം.. ചില്ലി റെഡ് കളർ സാരിയിൽ കോകില അതി സുന്ദരിയായിരുന്നു.
റോസ് കളർ പട്ടുപാവാടയായിരുന്നു വർണക്ക്. അതേ ഡിസൈനിലുള്ള റെഡ് അനുവിനും , വൈലറ്റ് കളർ വേണിക്കും.
പത്ത് മണി ആവാറായതും പൂജാരി പൂജിച്ച താലി അടങ്ങിയ തട്ടുമായി വന്നു. മൂഹുർത്തം ആയതും വർണ ദത്തന്റെ അരികിൽ വന്ന് നിന്നു . പക്ഷേ ദത്തൻ അവളെ മൈന്റ് ചെയ്യാ വേറെ എങ്ങോട്ടോ നോക്കി നിന്നു.
"സോറി" വർണ അവന്റെ ഷർട്ടിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞതും ദത്തൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി.
" I am really sorry ദത്തു " അവൾ അവന്റെ കൈയ്യിൽ ചുറ്റി പിടിച്ച് കൊഞ്ചി കൊണ്ട് പറഞ്ഞതും ദത്തന് ചിരി വന്നിരുന്നു. എന്നാൽ അവൻ അത് മനപൂർവ്വം മറച്ചു വച്ചു.
മുഹൂർത്തം ആയതും പൂജാരി താലി ജിത്തുവിന് എടുത്തു കൊടുത്തു. മഞ്ഞ ചരടിൽ കോർത്ത താലി ജിത്തു കോകിലയുടെ കഴുത്തിൽ കെട്ടി കൊടുത്തു.
കോകിലയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ച് കൊടുത്തത് അവളുടെ അമ്മാവനാണ്.
അതെല്ലാം നോക്കി വർണ ദത്തന്റെ കൈയ്യിൽ തല ചായ്ച്ച് വച്ച് നിന്നു.
"നിന്റെ പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിട്ട് ഇതുപോലെ നിന്റെ കല്യാണവും ഞാൻ നടത്തി തരും " ദത്തൻ അല്പം കുനിഞ്ഞ് വർണയുടെ കാതിലായി പറഞ്ഞു.
" അമ്പട പുളുസൂ... എനിക്ക് ഇതു പോലെ ചെറിയ കല്യാണം ഒന്നും വേണ്ടാ. നാടും നാട്ടാരേം വിളിച്ച് നല്ല ആർഭാടമായി തന്നെ നടത്തി തരണം . നിന്റെ വക എന്റെ ഹബിക്ക് ഒരു കാർ സ്ത്രീധനമായി തരണം"
വർണ പറയുന്നത് കേട്ട് ദത്തൻ വാ പൊളിച്ച് നിന്ന് പോയി. അവൻ ഒരിക്കലും വർണയിൽ നിന്നും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരിന്നില്ല.
***
താലി കെട്ട് കഴിഞ്ഞ് അവർ നേരെ പോയത് ജിത്തുവിന്റെ വീട്ടിലേക്കാണ്. ചടങ്ങ് കഴിഞ്ഞതും അമ്മാവനും കുടുംബവും തിരിച്ച് പോയി.
കോകിലയുടെയും ജിത്തുവിന്റെയും കൂടെ കാറിൽ ആണ് വർണയും അനുവും വേണിയും. പിന്നിൽ ദത്തനും മറ്റു കൂട്ടുക്കാരും അവരുടെ വണ്ടികളിൽ ആയി വന്നു.
കൂട്ടത്തിൽ മൂത്തത് താനാണ് എന്ന് സ്വയം പ്രഖ്യാപിച്ച് വേണിയാണ് വിളക്ക് കൊടുത്ത് കോകിലയെ ജിത്തുവിന്റെ വീട്ടിലേക്ക് കയറ്റിയത്.
ഉച്ചക്കുള്ള സദ്യ അനുവിനും വേണിക്കും വർണക്കും ഒറ്റക്ക് ഉണ്ടാക്കണമെന്ന് ഉണ്ടായിരുന്നു എങ്കിലും പാചകം തീരെ വശമില്ലാത്തത് കൊണ്ട് ത്രിമൂർത്തികൾ മൂന്നും കോകിലയുടെ ഹെൽപ്പറായി നിന്നു.
ഉച്ചക്ക് സദ്യയും കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് ഇരിക്കുന്നുണ്ട്.
"നമ്മുക്ക് ഒരു റീൽസ് ചെയ്താലോ. എന്റെ ഇൻസ്റ്റയിൽ ഫോളോവേഴ്സ് കുറവാ. നമ്മുക്ക് ഒരു റീൽസ് ചെയ്ത് ഇടാം . അ..പ്പോ ഫോളോവേഴ്സ് കൂടും. ഞാൻ ഫെയ്മസ് ആകും" അത് പറഞ്ഞ് വർണ ഫോണുമായി വന്നു.
ജിത്തുവിനേയും കോകിലയേയും നടുവിൽ പിടിച്ചിരുത്തി അവർക്ക് ചുറ്റുമായി വർണയും അനുവും വേണിയും ദത്തന്റെ ഫ്രണ്ട്സ് 7 പേരും ഇരുന്നു. ദത്തൻ ഇതിലൊന്നും താൽപര്യമില്ലാതെ മാറി ഇരുന്നു.
"ആരാ വീഡിയോ ഷൂട്ട് ചെയ്യാ " അനു ചോദിച്ചതും കൂട്ടത്തിൽ ഒരു ചേട്ടൻ ആ ഉദ്യമം ഏറ്റെടുത്തു.
"Start camera action...." ആ ചേട്ടൻ പറഞ്ഞതും എല്ലാവരും തകർത്ത് അഭിനയിക്കാൻ തുടങ്ങി. ഉമ്മറത്തെ നീളത്തിലുള്ള സ്റ്റേപ്പിൽ എല്ലാവരും നിരന്നിരുന്ന് നടുക്കായി കോകിലയേയും ജിത്തുവിനേയും ഇരുത്തി.
🎶ഓ... കണ്ടോ ഇവിടെയിന്ന്
കുരുവികൾക്ക് മംഗലം...
കൂടെ കളി പറഞ്ഞ്
സൊറ പറഞ്ഞ് ഞങ്ങളും...
കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ്
ചെക്കനങ്ങനെ... നോക്കി നിന്നതും...
പെണ്ണിനുള്ളില്... താന തീന ധോം...🎶
എല്ലാവരും നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച്ച വച്ചു.
" എന്നാ ഞങ്ങൾ ഇറങ്ങാ ട്ടോ. രണ്ട് ദിവസമായില്ലേ വീട്ടിൽ നിന്നും വന്നിട്ട് "വേണിയും അനുവും തിരിച്ച് പോവാൻ റെഡിയായി.
അവരെ ദത്തൻ കൊണ്ടുപോയി ആക്കാം എന്ന് പറഞ്ഞു. വർണയും തിരികെ പോവുകയാ എന്ന് പറഞ്ഞപ്പോൾ കോകില അത് സമ്മതിച്ചില്ല. വൈകുന്നേരം പോയാ മതി എന്ന് പറഞ്ഞ് നിർബന്ധം പിടിച്ചു.
" അനു ... വേണി വാ. വീട്ടിലേക്ക് കുറച്ച് പായസവും കറിയും തന്നു വിടാം" അത് പറഞ്ഞ് അവരേയും വിളിച്ച് കോകില അകത്തേക്ക് പോയി.
വർണ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന തിരക്കിൽ ആണ്.
" വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ എന്നേ ഒന്ന് മെൻഷൻ ചെയ്തേക്ക് " അടുത്തിരിക്കുന്ന മനു പറഞ്ഞു.
" ഇവിടെ മാത്രം മെൻഷൻ ചെയ്താ മതിയോ അതോ അനുവിനോടും ഒന്ന് മെൻഷൻ ചെയ്യണോ ഇങ്ങനെ ഒരാൾ അവളെ നോക്കി വെള്ളമിറക്കുന്ന കാര്യം "
അത് കേട്ടതും മനുവിന്റെ മുഖത്ത് അത്ഭുതം നിറഞ്ഞു.
"നിനക്ക് എങ്ങനെ മനസിലായി. "
" അതൊക്കെ എനിക്ക് അറിയാം. വർണ എന്നാ സുമ്മാവാ "
"എന്റെ പൊന്നു പെങ്ങൾ അല്ലേ. ഒന്ന് അവളോട് പറഞ്ഞ് ഇതൊന്ന് സെറ്റാക്കി താ പ്ലീസ് "
" മനുവേട്ടൻ ശരിക്കും സീരിയസ് ആണോ. അതോ വെറും ടൈം പാസ് ആണോ "
" എയ് അല്ലാ . ഞാൻ ശരിക്കും സീരിയസാ വർണ്ണാ "
"എങ്കിൽ നമ്മുക്ക് ഒന്ന് ശ്രമിക്കാം. പക്ഷേ മനുവേട്ടന് ഇപ്പോ എന്താ ജോലി " വർണ അത് ചോദിച്ചതും മനുവിന് പറയാൻ ഒരു ഉത്തരം ഉണ്ടായിരുന്നില്ല.
"എട്ടൻ ഒരു നല്ല ജോലിയൊക്കെ വാങ്ങിക്ക്. എന്നിട്ട് ഞാൻ തന്നെ അനുവിനോട് എല്ലാം പറഞ്ഞ് സെറ്റാക്കി തരാം. അവൾ ഒരു പാവമാ " വർണ പറയുന്നത് കേട്ട് ദത്തൻ അവളെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയാണ്.
"പിന്നെ എട്ടൻ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. നന്നായി വീഡിയോ ചെയ്യുന്നുണ്ട്. അഭിനയത്തിൽ എട്ടന് ഒരു നല്ല ഭാവി കാണുന്നുണ്ട്. പക്ഷേ ദത്തന്റെ അത്ര പോരാ " വർണ ദത്തനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞതും ദത്തന്റെ കൈയ്യിലുള്ള ഫോൺ താഴെ വീണു.
അവന്റെ മുഖഭാവം കണ്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു.
"പിന്നെ സുധിയേട്ടാ വേണിയെ അധികം നോക്കണ്ട . അത് ഓൾ റെഡി എൻഗേജ്ഡ് ആണ് . അവളുടെ മുറച്ചെറുക്കൻ " വർണ ദത്തന്റെ അപ്പുറത്ത് ഇരിക്കുന്നവനെ നോക്കി പറഞ്ഞു.
" അത് സാരമില്ലാ. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലലോ . അത് വരെ സമയമുണ്ട്. ഞാനൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ "
" അധികം ട്രൈയാൻ നിക്കണ്ട. ആ മുറച്ചെടുക്കൻ പട്ടാളത്തിലാ . ഇതെങ്ങാനും അയാൾ അറിഞ്ഞാൽ തോക്കുമായി ഒരു വരവ് വരും. പിന്നെ ട്രൈ ചെയ്യാൻ സുധിയേട്ടൻ ജീവനോടെ ഉണ്ടാവില്ല " അത് കേട്ടുതും സുധി ഒന്ന് ഇളിച്ചു.
" അല്ലെങ്കിലും വേണി എനിക്ക് ശരിയാവില്ല. എന്റെ സങ്കല്പത്തിലെ കുട്ടിക്ക് കുറച്ച് കൂടി സൗന്ദര്യം ഉണ്ട് "
"അതെ ... അതെ ... അല്ലെങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കാരണവൻമാർ പറയുന്നത് എത്ര ശരിയാ " വർണ പറഞ്ഞു.
കുറച്ച് കഴിഞ്ഞതും വേണിയും അനുവും ഇറങ്ങി. ദത്തൻ അവരെ വീട്ടിൽ ആക്കി തിരിച്ച് വരുമ്പോൾ കാണുന്നത് ഉമ്മറത്തെ സ്റ്റേപ്പിൽ ഇരിക്കുന്ന വർണയേയും അവൾക്കു ചുറ്റുമായി ഇരിക്കുന്ന തന്റെ കൂട്ടുക്കാരെയും ആണ്.
മനുവിന്റെ ഫോണിൽ നോക്കിയാണ് ഇരുപ്പ് . ഇടക്കിടക്ക് ചിരിക്കുകയും ചെയ്യുന്നുണ്ട്.
"വാ ....പോകാം " ദത്തൻ അവരുടെ അരികിലേക്ക് വന്ന് ഗൗരവത്തിൽ പറഞ്ഞു.
"ഇത്ര പെട്ടെന്ന് പോവാണോ ദത്താ" അവൾ സങ്കടത്തോടെ ചോദിച്ചു.
"സമയം നാല് മണി ആയില്ലേ. ഇനി ആരെ നോക്കി ഇരിക്കാ. വാ ഇറങ്ങാൻ നോക്കാം "
"മ്മ് ഞാനൊന്ന് ചേച്ചിയെ കണ്ടിട്ട് വരാം " അത് പറഞ്ഞ് വർണ അകത്തേക്ക് ഓടി. പിന്നിലായി ദത്തനും അകത്തേക്ക് നടന്നു.
റൂമിൽ നോക്കിയിട്ട് കോകിലയെ കാണാത്തത് കൊണ്ട് വർണ നേരെ അടുക്കളയിലേക്ക് പോയി. അവിടത്തെ കാഴ്ച്ച കണ്ട് പോയതിനേക്കാൾ സ്പീഡിൽ അവൾ തിരിച്ച് ഓടി.
പെട്ടെന്നുള്ള വെപ്രാളത്തിൽ അവൾ നേരെ പോയി ഇടിച്ചത് ദത്തന്റെ മേൽ ആയിരുന്നു.
"എവിടെ നോക്കിയാടി നടക്കുന്നേ " അവൻ ദേഷ്യത്തിൽ ചോദിച്ചു.
" അത് ... അത് പിന്നെ ഞാൻ .... " അവൾ എന്ത് പറയണം എന്നറിയാതെ നിന്നു.
" നിനക്ക് എന്താ പറ്റിയത്. മുഖം വല്ലാതെ ഇരിക്കുന്നു " ദത്തൻ അവളെ നോക്കി ചോദിച്ചു.
" ഒന്നൂല്ല"
"നീ കോകിലയെ കണ്ടില്ലേ " അവൾ ഇല്ലാ എന്ന് തലയാട്ടി.
" എന്നാ വാ അവരെ കണ്ട് യാത്ര പറഞ്ഞിട്ട് നമ്മുക്ക് ഇറങ്ങാം " ദത്തൻ അത് പറഞ്ഞ് മുന്നോട്ട് നടന്നതും വർണ അവനെ തടഞ്ഞു.
"നീ ഇപ്പോ അങ്ങോട്ട് പോവണ്ടാ "
"അതെന്താ "
" അത് അത് പിന്നെ "
" നീ അവിടെ എന്തെങ്കിലും കണ്ടോ " ദത്തൻ സംശയത്തോടെ ചോദിച്ചതും വർണ അവനെ തന്റെ അരികിലേക്കായി വിളിച്ചു.
ദത്തൻ ഒന്ന് കുനിഞ്ഞ് അവൾ പറയുന്നത് കേൾക്കാനായി നിന്നു.
" ലിപ്പ് ലോക്ക് " അവൾ അവന്റെ കാതിലായി പറഞ്ഞതും ദത്തന് ചിരി വന്നു. പക്ഷേ അതവൻ പുറത്ത് കാണിച്ചില്ല.
"നിന്നോടാരാ കാവടി തുള്ളി അങ്ങോട്ട് കയറി ചെല്ലാൻ പറഞ്ഞത്. അതുകൊണ്ടല്ലേ "
" എനിക്ക് ആകെ നാണം ആയി പോയി ദത്താ . ഞാൻ ചെറിയ കുട്ടി അല്ലേ. ശ്ശേ " അവൾ മുഖം പൊത്തി കൊണ്ട് പറഞ്ഞതും ദത്തൻ ചിരിച്ചു.
"വാ ... അത് പറഞ്ഞ് ദത്തൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു.
" ജിത്തു ... കോകില " അവൻ ഉറക്കെ വിളിച്ച് അകത്തേക്ക് നടന്നു.
"നമ്മൾ അവരെ ഡിസ്സ്റ്റർബ് ചെയ്യണോ ദത്താ" വർണ അത് ചോദിച്ചതും ദത്തൻ അവളെ നോക്കി പേടിപ്പിച്ചു.
"ഞങ്ങൾ ഇറങ്ങാ ട്ടോ " അടുക്കളയിലേക്ക് വന്നുകൊണ്ട് ദത്തൻ പറഞു.
"നിങ്ങൾ ഇറങ്ങായോ . കുറച്ച് കഴിഞ്ഞ് പോയാ പോരെ " കോകില .
"എനിക്ക് വർഷോപ്പ് വരെ ഒന്ന് പോവണം . ഇവളെ വീട്ടിൽ ആക്കിയിട്ട് വേണം പോവാൻ "
" എന്നാ നീ പോയിട്ട് വാ. വർണ ഇവിടെ നിന്നോട്ടെ. വർഷോപ്പിൽ പോയി തിരിച്ച് വരുമ്പോൾ ഇവളെ കൊണ്ടു പോകാം "
"എയ് ഇവളെ ഇവിടെ നിർത്തിയാൽ ശരിയാവില്ലാ "
"അതെന്താ " ജിത്തു.
" അത് ..അത് പിന്നെ ഇവൾക്ക് കുറേ പഠിക്കാൻ ഉണ്ട് "ദത്തൻ പറഞ്ഞത് കേട്ട് ജിത്തു സംശയത്തോടെ വർണയെ നോക്കിയതും വർണയും അതെ എന്ന രീതിയിൽ തലയാട്ടി.
" എന്നാ ശരി. വാ വർണാ . മുറ്റം വരെ ഞാനും വരാം " കോകില വർണയുടെ കൈയ്യും പിടിച്ച് പുറത്തേക്ക് നടന്നു.
"ഡാ ശരിക്കും എന്തിനാ അവളെ ഇത്ര തിരക്കിട്ട് കൊണ്ടു പോകുന്നത്. അവൾക്ക് പഠിക്കാനാണോ. അതോ നിനക്ക് വല്ലതും പഠിപ്പിക്കാനാണോ "
" ടാ പുല്ലേ ... വാ അടച്ച് മിണ്ടാതെ ഇരുന്നോ. അല്ലെങ്കിൽ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ നീ ഉണ്ടാവില്ല " ദത്തൻ മുറ്റത്തേക്ക് നടന്നു. പിന്നാലെ ദത്തനും .
ദത്തൻ വണ്ടി സ്റ്റാർട്ട് ചെയ്തതും വർണ അവനു പിന്നിലായി കയറി. ഇരു കൈകൾ കൊണ്ടും അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞ് അവരുടെ വണ്ടി പുറത്തേക്ക് കടന്ന് പോയി.
" ദത്താ" അവന്റെ പുറത്ത് തല വച്ചു കൊണ്ട് വർണ വിളിച്ചു.
"മ്മ് " അവൻ മൂളി.
" ദത്താ... "
"എന്താടി "
" എനിക്കും വേണം "
"എന്ത് "
" ലിപ്പ് ലോക്ക് "
"എന്ത് " കേട്ടത് മനസിലാവാതെ ദത്തൻ വണ്ടി നിർത്തി കൊണ്ട് ചോദിച്ചു.
" ജിത്തു ചേട്ടൻ കോകില ചേച്ചിക്ക് കൊടുത്ത പോലെ എനിക്കും വേണം ലിപ്പ് ലോക്ക് " അവൾ ദത്തനെ ദേഷ്യം പിടിപ്പിക്കാനായി വെറുതെ ചോദിച്ചു.
"അതെന്തിനാ എന്നോട് ചോദിക്കുന്നേ "
"പിന്നെ നിന്നോട് അല്ലാതെ ഞാൻ വേറെ ആരോടാ ചോദിക്കാ " വർണ ചിരിയോടെ പറഞ്ഞതും ദത്തന് കലി കയറി . അവൻ ആ ദേഷ്യം മൊത്തം ആക്സിലേറ്ററിൽ തീർത്തു.
"എന്റെ പൊന്നു ദത്താ. ഞാൻ നിന്നേ ദേഷ്യം പിടിപ്പിക്കാനായി വെറുതെ പറഞ്ഞതാ. ഇനി ആ ദേഷ്യത്തിൽ വണ്ടി സ്പീഡിൽ ഓടിക്കണ്ട. ഇത്രം സ്പീഡിൽ പോയിട്ട് എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നേ ഇനി ആരെങ്കിലും കെട്ടുമോ "
കാര്യമായിട്ടുള്ള വർണയുടെ സംസാരം കേട്ട് ദത്തന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.പതിയെ അവൻ വണ്ടിയുടെ സ്പീഡ് കുറച്ചു.
"നീ അവൻമാരോട് അധികം കൂട്ടുകൂടാൻ നിൽകണ്ടാ " കുറച്ച് നേരത്തെ മൗനത്തിനു ശേഷം ദത്തൻ പറഞ്ഞു.
"ആരോട് "
"എന്റെ കൂട്ടുക്കാരോട് തന്നെ "
"അതെന്താ അങ്ങനെ. അവർ നിന്റെ ഫ്രണ്ട്സ് അല്ലേ. പിന്നെന്താ കുഴപ്പം "
" അതുകൊണ്ട് തന്നേയാ കൂട്ടുകൂടാൻ നിൽക്കണ്ടാ എന്ന് പറഞ്ഞത്. അതിൽ ജിത്തുവും മനുവും മാത്രമേ ഡിസന്റായിട്ടുള്ളൂ. ബാക്കിയെല്ലാം തല്ലിപൊളികളാ "
" അപ്പോ കൂടെയുള്ളവർ തല്ലി പൊളിയാ എന്ന് അറിയാം. പിന്നെ എന്തിനാ അങ്ങനെ ഉള്ളവരുടെ കൂടെ കൂട്ട് കൂടുന്നേ "
" നീ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ വരണ്ടാ " അപ്പോഴേക്കും അവർ വീടിനു മുന്നിൽ എത്തിയിരുന്നു.
***
വർണയെ വീട്ടിൽ ആക്കി ദത്തൻ നേരെ വർക്ക് ഷോപ്പിലേക്ക് പോയി. രാത്രി കുറേ നേരം ദത്തനെ കാത്തിരുന്നെങ്കിലും അവൻ വരാത്തതു കൊണ്ട് വർണ ഭക്ഷണം കഴിച്ച് കിടന്നു.
ദത്തൻ വരുമ്പോഴേക്കും സമയം ഒരു പാട് വൈകിയിരുന്നു. അവൻ റൂമിൽ വന്ന് ഡ്രസ്സ് മാറ്റി. താഴെ ഷീറ്റ് വിരിച്ച് കിടന്നു.
കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്കിലും അവന് ഉറക്കം വരുന്നില്ല. അവൻ എണീറ്റ് ബെഡിൽ വന്നിരുന്നു.
വർണ തിരിഞ്ഞു കിടക്കുന്ന കാരണം അവളുടെ മുഖം കാണുന്നില്ല. ദത്തൻ കുറച്ച് നേരം ബെഡിൽ ഇരുന്ന ശേഷം അവളുടെ അരികിലായി കിടന്നു.
അവളെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്തു പിടിച്ചു.
"എനിക്ക് കഴിയുന്നില്ല എന്റെ ദേവൂട്ടി . എത്ര അകറ്റി നിർത്താൻ നോക്കിയാലും സാധിക്കുന്നില്ല. വീണ്ടും വീണ്ടും എന്റെ മനസിൽ ആഴത്തിൽ തന്നെ നീ പതിഞ്ഞു കൊണ്ടിരിക്കുകയാ " ദത്തൻ മനസിൽ പറഞ്ഞു.
"നിനക്ക് എന്നേ ഇഷ്ടമാണെങ്കിൽ അതങ്ങ് തുറന്ന് പറഞ്ഞുടേ എന്റെ ദത്താ"
"എനിക്കോ ... ഇഷ്ടമോ ..അതും നിന്നോട് ..ഒന്ന് പോയേടി " ദത്തൻ മുഖത്ത് വന്ന ഞെട്ടൽ മറച്ചു വച്ചു കൊണ്ട് പറഞ്ഞു.അവൾ ഉറങ്ങി എന്ന് കരുതി ആണ് ദത്തൻ അവിടെ വന്നു കിടന്നത് പോലും
"പിന്നെ എന്തിനാ നീ എന്റെ അടുത്ത് വന്ന് കിടന്നത് "
" അത് ::... അത് പിന്നെ എനിക്ക് താഴേ കിടന്നിട്ട് ഉറക്കം വരുന്നില്ലാ അതാ ബെഡിൽ വന്ന് കിടന്നത് "
" അപ്പോ എന്നേ കെട്ടി പിടിച്ചതോ " വർണ അത് ചോദിച്ചതും ദത്തൻ ഒന്ന് പതറി.
" അത് ഞാൻ ഉറക്കത്തിൽ അറിയാതെ കെട്ടിപിടിച്ചതാ " അത് പറഞ്ഞ് അവൻ വേഗം തിരിഞ്ഞു കിടന്നു.
അത് കണ്ട് വർണക്കും ചിരി വന്നു. ഓരോന്ന് ആലോചിച്ച് അവർ എപ്പോഴോ ഉറങ്ങി പോയി.
***
രാവിലെ വർണ നേരത്തെ എണീറ്റ് കോളേജിൽ പോവാൻ റെഡിയായി. രാവിലെ ആരുടെയോ കോൾ വന്നതും ദത്തൻ തിരക്കിട്ട് പുറത്തേക്ക് പോകുകയും ചെയ്തു.
വർണ പതിവ് പോലെ കോളേജിൽ എത്തി അനുവും വേണിയും ആയി ഓരോ ചളികൾ പറഞ്ഞ് കളിച്ച് ചിരിച്ച് നടന്നു.
ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് പ്യൂൺ വന്ന് വർണയെ ഓഫീസ് റൂമിലേക്ക് വിളിച്ചത്. അവൾ സംശയത്തോടെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു.
ഫ്രീയവറായ കാരണം അനുവും വേണിയും അവളുടെ കൂടെ വന്നിരുന്നു. അനുവും വേണിയും ഓഫീസിന് പുറത്ത് നിന്നു .വർണ നേരെ അകത്തേക്ക് കയറി.
പ്രിൻസിയുടെ മുന്നിലായി തനിക്ക് പരിചയമില്ലാത്ത ഒരാൾ ഇരിക്കുന്നുണ്ട്.
"ഇതാണ് നിങ്ങൾ പറഞ്ഞ വർണ " പ്രിൻസി അയാളെ നോക്കി പറഞ്ഞതും അയാൾ ചെയറിൽ നിന്നും എണീറ്റ് വർണ യുടെ മുന്നിൽ വന്നു നിന്നു.
"ഇയാൾ ആണോ ദത്തന്റെ വൈഫ് വർണ "
"അതെ"
"എന്റെ പേര് അരുൺ . ഇന്ന് റോഡിൽ വച്ച് ദത്തന് ചെറിയ ഒരു അപകടം. ഞാനാണ് അയാളെ ഹോസ്പിറ്റലിൽ എത്തിച്ചത്. കുറച്ച് സീരിയസ് ആണ് "
(തുടരും)
പ്രണയിനി.