Aksharathalukal

നിന്നിലേക്ക് വീണ്ടും... ഭാഗം 01

കണ്ണ് തുറക്കുമ്പോൾ തന്നെ അറിയാം പുറത്തെ ഭാരം.  നിവരാതെ തന്നെ കൈ കൊണ്ട് തൊട്ടു നോക്കി. ഒരു പഞ്ഞിക്കെട്ട് പോലുണ്ട്. മോളാണ്. അവള്  കമിഴ്ന്നു വീണു തുടങ്ങിയ കാലം മുതൽക്കുള്ള ശീലമാണിത്. എൻ്റെ നെഞ്ചിലെ കിടക്കൂ. കമിഴ്ന്നു കിടന്നാൽ പുറത്തും. പ്രിയ എത്രയോ വെട്ടം ഇതും പറഞ്ഞു അസൂയപ്പെട്ടിരിക്കുന്നു മുൻപ്. ചിരിയോടെ വീഴാതെ അവളെ നേരെ കിടത്തി എഴുന്നേറ്റു. മോനും അടുത്ത് കിടപ്പുണ്ട്. 
പ്രിയ എണീറ്റിട്ടുണ്ടാവും. ഊഹമാണ്. വിളിച്ചൊന്നും നോക്കാറില്ല . ഫ്രഷ് ആയി താഴേക്ക് ഇറങ്ങുമ്പോൾ കേൾക്കാം അടുക്കളയിലെ തട്ടും മുട്ടും.അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ഒന്ന് സംശയിച്ചു. കാര്യമുണ്ട് വഴിയേ പറയാം. പിന്നെ രണ്ടും കൽപ്പിച്ചു പോകാൻ തീരുമാനിച്ചു. രാവിലത്തെ ചായ നിർബന്ധമാണ്. അത് ഒഴിവാക്കാൻ പറ്റില്ല . ഇന്നത്തെ ദിവസം മൊത്തം കുളമാകും. 
......................................................

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന്റെ തിരക്കിനിടയിലാണ് മഹി ഉണർന്നു വന്നത്. വന്നു ഫ്ലാസ്കിൽ ഒഴിച്ച് വെച്ചിരുന്ന ചായ എടുത്തു കുടിച്ചു. ഫോണിൽ എന്തോ നോക്കുന്നുണ്ട്. ന്യൂസ് ആവും.

"ഞാൻ വൈകിട്ട് വരാൻ വൈകും."

"ഉം"

കഴിഞ്ഞു. കപ്പ് കഴുകി വെച്ചിട്ട് പോയി. എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. കുറച്ചു നേരം മഹി പോയ വഴിയെ നോക്കി നിന്നു.

ഇതൊന്നും ആദ്യ സംഭവം അല്ല. എന്നാലും മനസ്സിൽ എവിടൊക്കെയോ ഒരു കൊളുത്തിവലി . നേരം വെളുത്തു മഹിയോ ഞാനോ പരസ്പരം ഞങ്ങളുടെ മുഖം പോലും കണ്ടില്ല നല്ലവണ്ണം. ഞങ്ങൾക്ക് സംസാരിക്കാൻ ആ രണ്ടു വാക്കുകളേ ഉണ്ടായിരുന്നുള്ളോ?

ഇനി അങ്ങോട്ട് സ്കൂളിൽ എത്തുന്നത് വരെയും ഒരു ഓട്ടമാണ്. ഒന്നും നോക്കി നിൽക്കാൻ സമയമില്ല. 
അല്ല, ഞാൻ ആരാന്ന് അറിയുമോ? ഞാൻ പ്രിയ. ഇവിടെ അടുത്ത് ഒരു  ഹയർ സെക്കൻഡറി സ്കൂളിൽ മാത്‌സ് അധ്യാപികയാണ്. നേരത്തെ വന്നില്ലേ അത് എൻ്റെ ഭർത്താവ് മഹേഷ്. ആർക്കിടെക്റ്റ് ആണ് . രണ്ടു മക്കൾ.  ശ്രേയസും ശ്രിയയും . വീട്ടിൽ നന്ദുവും ശ്രീയും .മോൻ രണ്ടിലും മോള് എൽ.കെ.ജി യിലും പഠിക്കുന്നു. എൻ്റെ സ്കൂളിൽ തന്നെയാണ് രണ്ടു പേരും. പക്ഷേ അവര് സ്കൂൾ ബസിലാട്ടോ പോകുന്നെ . അതിൻ്റെ മുന്നോടി ആണ് എൻ്റെ ഈ ഓട്ടം. 
,...................................................

ഓഫീസിൽ പോകാൻ റെഡിയായി താഴെ എത്തുമ്പോൾ മക്കൾ രണ്ടും  ആഹാരം കഴിക്കുന്നു. പ്രിയ അടുത്ത് നിന്ന് മോൾക്ക് വാരി കൊടുക്കുന്നു. ഇവൾക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ?  ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. ഞാൻ കഴിച്ചെഴുന്നേറ്റു. അവൾ കഴിക്കുന്നില്ലേന്ന് പോലും ചോദിച്ചില്ല. ഇടയ്ക്കിടക്ക് എന്നിലേക്ക് പാളി വീഴുന്ന ആ നോട്ടം ഞാനും കണ്ടിരുന്നു. ഞാൻ അവളോട് ഇരുന്നു കഴിക്കാൻ പറയുമെന്ന് പ്രിയ പ്രതീക്ഷിച്ചിരുന്നോ?
അല്ലെങ്കിലും ഞാൻ അങ്ങനെ എടുത്തു പറയണ്ട കാര്യമുണ്ടോ ? സ്വന്തം വീട്ടിൽ അവൾക്ക് ഇഷ്ടമുള്ളത് ചെയ്തു കൂടേ? അവൾ തന്നെ വെച്ചു വിളമ്പുന്ന ആഹാരം കഴിക്കാൻ  എന്തിനാണ് എൻ്റെ അനുവാദം?  
ബസ് വന്നതും മക്കൾ പോകാനിറങ്ങി. രണ്ടു പേരും ഉമ്മയൊക്കെ തന്നിട്ടേ ഇറങ്ങാറുള്ളൂ. ആ ശീലം പ്രിയ പഠിപ്പിച്ചതാണ്.  എവിടേക്ക്  പോകാൻ ഇറങ്ങിയാലും വീട്ടിൽ ആരൊക്കെയുണ്ടോ അവരോടെല്ലാം യാത്ര പറഞ്ഞിട്ടേ ഇറങ്ങാവൂ എന്നാണ് അവളുടെ പക്ഷം. അതിൽ എനിക്കിട്ടൊരു ചെറിയ കുത്തില്ലേ എന്ന് എനിക്ക് സംശയമുണ്ട്  . ഞാൻ  കാർ തിരിച്ചപ്പോഴേക്കും വീട് പൂട്ടി പ്രിയയും ഇറങ്ങി. ഇത്ര പെട്ടെന്ന് റെഡി ആയോ? ഇറങ്ങാൻ നേരം രണ്ടു പേരും ഒന്ന് പരസ്പരം നോക്കി. ഗേറ്റ് കടന്നു രണ്ടു വഴിക്ക് പിരിഞ്ഞു. 
യാത്ര ചോദിക്കലോ പറയലോ ഇല്ല. ആ ഒരു നോട്ടം മാത്രം.  ചില ദിവസങ്ങളിൽ അതും ഉണ്ടാകാറില്ല.    
   
,...................................................................

കണ്ടില്ലേ ,ഇനിയെന്താ ? . കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇങ്ങനൊക്കെയാണ് ഞങ്ങളുടെ വീട്.

കൃത്യമായി വാർത്തെടുത്ത ഒരു മൺപാത്രം പോലെ. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരു മാറ്റവും വരില്ല.ഒറ്റ നോട്ടത്തിൽ ഉറച്ചിരിക്കുന്നു എങ്കിലും ഒന്ന് ശക്തിയായി എടുത്തെറിഞ്ഞാൽ ചിതറി തെറിക്കാവുന്ന ഒന്ന്.

വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷങ്ങളായി. ഒരു പക്ക അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പെണ്ണുകാണൽ , നമ്പർ എക്സ്ചേഞ്ച് ,നിശ്ചയം ,പിന്നെ ഫോൺ വിളി , അങ്ങനെ അങ്ങനെയാ പരിചയപ്പെട്ടത്. പക്ഷേ അപ്പോഴൊക്കെ ഞങ്ങൾക്കിടയിൽ എന്തോ ഒരു മിസ്സിങ് ഉണ്ടായിരുന്നു. അത് ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാമായിരുന്നു.പെണ്ണുകാണലിൻ്റെ അഞ്ച് മിനിറ്റിലോ പിന്നീടുള്ള ഫോൺ വിളികളിലോ കണ്ടത് യഥാർഥ ഞങ്ങളെ അല്ലെന്ന് എനിക്കും മഹിക്കും അറിയാമായിരുന്നു. തുറന്നു പറയുകയും ചെയ്തിരുന്നു അതൊക്കെ.
വിവാഹം കഴിഞ്ഞും ഞങ്ങൾ തമ്മിൽ നന്നായി ഒന്ന് സിങ്ക് ആവാൻ കുറച്ചു നാളെടുത്തു. പക്ഷേ പിന്നെ അങ്ങോട്ട് അങ്ങ് പ്രേമിച്ചു തകർക്കുവല്ലായിരുന്നോ. ഒരു രണ്ടു വർഷം മുൻപ് വരെയും . പിന്നെ ഇപ്പൊ എന്താ ഇങ്ങനെ? എന്താണ് പറ്റിയതെന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല. സത്യം പറഞ്ഞാൽ മഹിക്കും അറിയില്ല.ഇപ്പൊ ഇത്രയൊക്കെയേ ഒള്ളൂ. ആവശ്യത്തിന് മാത്രം സംസാരം. ഞാനും അങ്ങനെ തന്നെ അണ് .... മഹി മാത്രമല്ല.രണ്ടു പേരും രണ്ടു ലോകങ്ങളിൽ. ഒരുമിച്ച് ഇരിക്കാറില്ല , ആഹാരം കഴിക്കാറില്ല ,ഒന്നിച്ചു യാത്ര ചെയ്യാറില്ല.....മക്കളുടെ നിർബന്ധത്തിന് എവിടേക്കെങ്കിലും പോയാലും ഞങ്ങൾ രണ്ടും ഭയങ്കര സീരിയസ് ആവും. എന്തിനാ അത്? ആവോ... ഒന്നും പരസ്പരം ഷെയർ ചെയ്യാറില്ല. ഈവൻ ഇൻ അവർ ബെഡ്റൂം......
,..................................................................

ക്യാബിനിൽ ഇരിക്കുമ്പോളാണ് എന്തോ ഒരു സാധനം ഇടിച്ചുകയറി  വന്നത്. നോക്കാതെ തന്നെ എനിക്കറിയാം. എൻ്റെ ക്യാബിനിൽ പെർമിഷൻ ചോദിക്കാതെ ഇങ്ങനെ വരണമെങ്കിൽ ഇത് ആ വൺ ആൻഡ് ഒൺലി റെയർ പീസ് മിസ്റ്റർ നിജോ ഈപ്പൻ കുരിശിങ്കൽ തന്നെയായിരിക്കും. എന്റെ + 1 മുതലുള്ള സൗഹൃദം . ഒരു പാലക്കാട്ടുകാരി പട്ടരു പെണ്ണിനെ പ്രേമിച്ചു രായ്ക്ക് രാമാനം അടിച്ചോണ്ട് വന്നു രജിസ്റ്റർ മാര്യേജ് ചെയ്ത മുതലാണ് . 

ഞാനും പ്രിയയും ആയിരുന്നു സാക്ഷികൾ. 

'ഞാനും പ്രിയയും. !'എത്രയോ നാളുകളായി  ഞങ്ങളുടെ പേരുകൾ പോലും അങ്ങനെ ഒന്നിച്ച് കേട്ടിട്ട്. പരസ്പരം കാതങ്ങൾ ദൂരമുള്ളത് പോലെ. പോലെ അല്ല ഒരു തരത്തിൽ അതാണ് സത്യം. ഒരുപാട് അകലെ ....

"എന്തുവാടേ ദിവാസ്വപ്നം കാണുവാണോ ? "

ഞാൻ പറഞ്ഞില്ലേ . ഇത് അവനാ.

"പോടാ നീ എപ്പോ ലാൻഡ് ചെയ്തു?"

"ഇന്നലെ രാവിലെ. ദീപ്തീടെ ഡേറ്റ് അടുത്ത് വരുവല്ലേ.  ഞാനിവിടെ ഇല്ലേൽ ശരിയാവില്ല. അവൾക്കാണേൽ ഭയങ്കര പേടിയാടാ . ഞാനും കൂടി ലേബർ റൂമിൽ കയറണമെന്ന് നിർബന്ധം . "

അവൻ വർക്ക് ചെയ്യുന്നത് ബാംഗ്ലൂർ ആണ് . വീക്ക് എൻഡ്സിൽ വരും. ഒരുപാടു വർഷത്തെ പ്രാർത്ഥനയ്ക്കും ചിക്ത്സയ്ക്കും ഒടുവിലാണ് ദീപ്തി ഗർഭിണിയായത്. ഒറ്റ മോന്റെ കുഞ്ഞിനെ കാണാനുള്ള മോഹം കൊണ്ടോ എന്തോ അവൾ ഗർഭിണിയാണെന്നറിഞ്ഞതോടെ സാക്ഷാൽ ഈപ്പൻ കുരിശിങ്കൽ - ഇവന്റെ അപ്പൻ മുട്ടുമടക്കി. ഇപ്പോ അപ്പനും അമ്മച്ചിയും ദീപ്തിക്കൊപ്പം ഇവിടെ ഇവൻ വച്ച വീട്ടിലുണ്ട്.  

"ലേബർ റൂമിലോ?നീയോ? + 2 പ്രാക്ടിക്കലിന് വിരലിൻ്റെ അറ്റത്തൂന്ന് ഒരു തുള്ളി ബ്ലഡ് സാംപിൾ എടുക്കാൻ പറഞ്ഞപ്പോ കിടന്നു കാറിയ നീയാണോ ലേബർ റൂമിൽ കയറുന്നെ ? താങ്ങുവോ?"

അവൻ എന്നെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു.

"അവൾടെ ഒരു ആഗ്രഹവല്ലേ, അവൾക്കു ഭയങ്കര പേടിയാടാ - എനിക്കും. അതുകൊണ്ട് ഞാൻ ഇല്ലാത്ത ധൈര്യം ഉണ്ടാക്കി കയറാമെന്ന് കരുതി.അത് തന്നേം അല്ല വെളിയിൽ നിന്ന് ടെൻഷൻ അടിക്കാൻ വയ്യ. അതുകൊണ്ടാ ."

അവൻ ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഓർത്തത് പ്രിയയെ അണ്. ആദ്യ പ്രസവത്തിൻ്റെ സമയം എനിക്ക് പേടിയാ മഹി എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്.രണ്ടാമത്തേതിന് അവൾ എന്നെ സമാധാനിപ്പിക്കുക ആയിരുന്നു.

" പിന്നെ പ്രിയയും മക്കളും ഒക്കെ എന്ത് പറയുന്നു? സുഖമായി ഇരിക്കുന്നോ?"

"ഉം. ദേ ആർ  ഫൈൻ."

അവനോടു അങ്ങനെ പറഞ്ഞെങ്കിലും  ഒരു തൃപ്തി ഇല്ലാത്ത മറുപടി. മക്കളുടെ കാര്യം എനിക്കറിയാം. പക്ഷേ പ്രിയ ഓക്കേ ആണോ? അവൾക്ക് എന്തെങ്കിലും ടെൻഷനോ വിഷമമോ ഉണ്ടോ ? എന്തെങ്കിലും വയ്യാഴ്‌ക ഉണ്ടോ? ഒന്നും എനിക്കറിയില്ല . ചോദിച്ചിട്ടില്ല. അവളായി പറയാറുമില്ല.എന്തിന് അവളുടെ മുഖം പോലും ഞാൻ ശ്രദ്ധിച്ചിട്ടു നാളുകളായി. 
ഞങ്ങൾ സ്വപ്നം കണ്ട , ജീവിച്ചു തുടങ്ങിയ ജീവിതം ഇങ്ങനെയൊന്നും ആയിരുന്നില്ല. 

വൈകിട്ട് ബീച്ചിൽ കാണാമെന്ന് പറഞ്ഞ്
അവൻ തിരികെ പോയിട്ടും ഞാൻ ഇപ്പോഴും ആ ലേബർ റൂമിൻ്റെ വാതിലിലാണ്. എവിടൊക്കെയോ എനിക്ക് നഷ്ടപ്പെട്ട മറ്റെവിടൊക്കെയോ ഞാൻ ആയിട്ട് നഷ്ടപ്പെടുത്തിയ എൻ്റെ പ്രിയ.......


തുടരും...

ഒരുപാട് സംഭവവികാസങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ കഥയാണ്. പ്രണയകഥയാണ്. പക്ഷേ പ്രണയം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സങ്കല്പങ്ങൾ എല്ലാം പൂർണമായും കഥയിൽ ഉണ്ടാകുമോ എന്ന് അറിയില്ല. ഒരുപാടു പേർ എഴുതിയിട്ടുള്ള ഒരു വിഷയം ഞാൻ എന്റേതായ രീതിയിൽ പറയുന്നു എന്നു മാത്രം. എന്റെ ആദ്യ തുടർക്കഥ ആയതു കൊണ്ടുതന്നെ ഒരുപാട് പോരായ്മകളുണ്ടാകും. അഭിപ്രായങ്ങളായാലും നിർദേശങ്ങളായാലും വിമർശനങ്ങളായാലും പൂർണമനസ്സോടെ കാത്തിരിക്കുന്നു...

//സാരംഗി//

 © copyright protected


നിന്നിലേക്ക് വീണ്ടും...ഭാഗം 02

നിന്നിലേക്ക് വീണ്ടും...ഭാഗം 02

4.5
3303

ഞാൻ വീട്ടിലെത്തുമ്പോഴേക്കും മക്കൾ എത്തിയിരുന്നു. ബസ് നേരത്തെ വരും. ഞാൻ വരുന്നത് വരെ അവർ മഹിയുടെ തറവാട്ടിൽ നിൽക്കും. ഇവിടെ അടുത്ത് തന്നെയാണ്. ഞാൻ വരുന്ന സമയത്ത് അവരെ അമ്മ ഇവിടെ കൊണ്ടുവന്നാക്കും. എക്സ്ട്രാ ക്ലാസ്സ് ഒക്കെ ഉള്ള ദിവസം ഞാൻ എത്തുമ്പോൾ ഒരുപാട് വൈകും. ഇതാകുമ്പോൾ എനിക്കും ടെൻഷൻ ഇല്ല , കൊച്ചു മക്കളെ കാണാനേ കിട്ടുന്നില്ല എന്നുള്ള അമ്മയുടെ വിഷമവും മാറും. "മഹി  എത്തിയില്ലേ?".  "ഇല്ലമ്മ, വൈകുമെന്ന് പറഞ്ഞിരുന്നു." "ഉം" .  പുള്ളിക്കാരിയും മഹിയെപ്പോലെയാണ്. സംസാരം ഇത്രയൊക്കെയേ ഉള്ളൂ. ഞങ്ങൾ തമ്മിൽ അത്ര സൗഹാർദപരം ഒന്നുമല്ല. കല്യാണം കഴിഞ്ഞ സമയത്തൊക്കെ മ