Aksharathalukal

നിന്നിലേക്ക് വീണ്ടും...ഭാഗം 06

ദിവസങ്ങൾ കടന്നു പോകുമ്പോൾ ഞാനും മഹിയും വല്ലാണ്ട് ചെറുപ്പമാകുന്നതു  പോലെ ...... ചെറിയ നോട്ടങ്ങളും സ്പർശനങ്ങളും പോലും എന്നെ മഹിയിലേക്ക് വലിച്ചടുപ്പിക്കുന്നു.

ചില ദിവസങ്ങളിൽ എന്നെ മഹി തന്നെ സ്കൂളിൽ കൊണ്ടു വിടാൻ തുടങ്ങി . എന്നിട്ട് ഷോർട്ട് കട്ട് കയറി ഓഫീസിലേക്കു പോകും. വേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചു വിളിച്ചു കൊണ്ടു പോകും . ചിലപ്പോൾ വൈകിട്ട് വിളിക്കാനും വരും. വരുന്ന വഴി എന്തെങ്കിലുമൊക്കെ വാങ്ങിത്തരും . ഒരു ദിവസം അങ്ങനെ ജ്യൂസ് കുടിക്കുന്നതിനിടെയാണ് പുറകിൽ നിന്ന് ടീച്ചറേ എന്ന വിളി വന്നത്. നോക്കിയപ്പോ എന്റെ പിള്ളേരാ . അസൈൻമെന്റ് സബ്മിറ്റ് ചെയ്യാത്തതിന് ഇന്നു രാവിലെ കൂടി ഇറക്കിവിട്ടതാണ് മൂന്നിനെയും .  അവൻമാരെന്തോ സ്പോർട്ട്സ് ഐറ്റംസ് വാങ്ങാൻ വന്നതായിരുന്നു. മഹി വിളിച്ചു കൊണ്ടു പോയി നല്ല ബ്രാൻഡ് ഒക്കെ പറഞ്ഞ് വാങ്ങി കൊടുത്തു. ആൾക്ക് ഇതിലൊക്കെ ലേശം കമ്പമുള്ള കൂട്ടത്തിലാണ്. 
അതിൽപ്പിന്നെ അവൻമാർക്ക് മഹിയുടെ വിശേഷം ചോദിക്കലാണ്. എന്നും തിരക്കും.
....................................................................

മഹി ഓഫീസിൽ നിന്ന് വന്നതേ  വല്ലായ്മയോടെയാണ്. സാധാരണ വന്ന് ഫ്രഷ് ആയിട്ടു ഹാളിൽ മക്കൾ പഠിക്കുന്നിടത്ത് വന്നു പത്രവും നോക്കി  ഇരിക്കാറുള്ളതാണ്. കുറച്ചു നാളുകളായി അതാണ് ശീലം. ഇതിപ്പോ എന്താ പറ്റിയത് ?

"മഹി , എന്ത് പറ്റി? "

" നതിംങ് ."

മറുപടി പറഞ്ഞെങ്കിലും എന്നെ നോക്കുന്നില്ല. കണ്ണ് ലാപിലാണ് .

"ചായ വേണോ ?"

"പ്രിയ , പ്ലീസ് ലീവ് മി എലോൺ."

ഒരൊറ്റ അലർച്ച ആയിരുന്നു. ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി. ഇതിപ്പോ ഞാൻ എന്താ ചെയ്തേ. ഒന്നും മിണ്ടാതെ തിരിച്ചിറങ്ങി വന്നു മക്കളുടെ അടുത്തിരുന്നു. 

"അമ്മ ,പപ്പയ്ക്ക് എന്താ പറ്റിയെ? എന്തിനാ ദേഷ്യപ്പെട്ടത്?"

നന്ദുവാണ്. ശബ്ദം ഇവിടെ വരെ കേട്ടോ!

"പപ്പ ദേഷ്യപ്പെട്ടില്ലല്ലോ അതിനു. ഞങ്ങൾ കാര്യം പറഞ്ഞതല്ലെ ."

അവൻ വീണ്ടും ബുക്കിലേക്ക് നോക്കിയെങ്കിലും മുഖത്ത് തെളിച്ചമില്ല. പറഞ്ഞത് വിശ്വസിച്ചിട്ടില്ലെന്നു വ്യക്തം. അല്ലെങ്കിലും  മുതിർന്നവർ പറയുന്നതെല്ലാം വിശ്വസിക്കുന്ന പ്രായം കഴിഞ്ഞു.  അവൻ വളർന്നു തുടങ്ങിയില്ലേ.  ഇതുവരെ ഉള്ളതൊക്കെ അവൻ മനസ്സിലാക്കി കാണില്ലേ.അവൻ വിഷമിച്ചിട്ടുണ്ടാകുമോ - ഒറ്റയ്ക്ക് !
ഒരു അധ്യാപികയായ ഞാൻ എന്റെ കുഞ്ഞിന്റെ മനസ്സു മാത്രം എന്തേ ശ്രദ്ധിക്കാതെ പോയി?

.................................................

ഒരുപാട് നേരം കഴിഞ്ഞിട്ടാണ് പ്രിയ പിന്നെ മുറിയിലേക്ക് വന്നത്.  ദേഷ്യപ്പെടേണ്ടിയിരുന്നില്ല. 

"പ്രിയ..."

"ഉം."

"ഇവിടെ ഇരിക്കാമോ?"

അവൾ എന്റെ അടുത്ത് വന്ന് ബഡിൽ ഇരുന്നു. ഞാൻ അവളുടെ കൈ ചേർത്തു പിടിച്ചു.

"ഒരു ഹ്യൂജ് പ്രൊജക്ട് ആണ്. കഴിഞ്ഞ ഒരു മാസമായി ഞാൻ അതിൻ്റെ പുറകെയാണ്. ഒരു  ട്രഡിഷണൽ നാലുകെട്ട് സ്റ്റൈൽ . അതാണ് അവരുടെ തീം. പക്ഷേ ഞാൻ എങ്ങനൊക്കെ നോക്കിയിട്ടും അവരുടെ ഡിമാൻഡ്സിന് അനുസരിച്ച് പറ്റുന്നില്ല. ഒന്നുകിൽ ഏരിയ കൂടും. അത് അല്ലെങ്കിൽ എന്തെങ്കിലും മാറ്റം അവരുടെ പ്ലാനിൽ കൊണ്ട് വരേണ്ടി വരും. അതിനു അവർ റെഡി അല്ല . അയാൾ ആണെങ്കിൽ മഹാ വിവരക്കേടും. ഇതിൻ്റെ ടെക്നിക്കൽ ആസ്പെക്ട്സ് ഒന്നും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല. കുറേ ബഹളം വെച്ചു ഓഫീസിൽ വന്നു. പണി അറിയാവുന്ന വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചോളം എന്നൊക്കെ പറഞ്ഞു. അതും എന്റെ ജൂനിയേഴ്സിന്റെ വരെ മുന്നിൽ വച്ച് . അത് പോട്ടെന്നു വയ്ക്കാം പക്ഷേ ഈ പ്രൊജക്ട് വിട്ടുകളഞ്ഞാൽ വലിയ നഷ്ടമാണ്."

"മഹി വരച്ച പ്ലാൻ എന്നെ ഒന്ന് കാണിക്കാമോ?"

എന്തിനാണെന്ന് സംശയം തോന്നിയെങ്കിലും ഞാൻ ആ പ്ലാൻ അവളെ കാണിച്ചു. സ്ഥലത്തിൻ്റെ ഏരിയയും റിക്വയർമെന്റ്‌സും ഒക്കെ പറഞ്ഞു കൊടുത്തു. പക്ഷേ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് പ്രിയ കുറച്ചു സജഷൻസ് പറഞ്ഞു.......

" നേരത്തെ ഞാൻ ദേഷ്യപ്പെട്ടിട്ട് നീ എന്താ ഒന്നും മിണ്ടാതെ പോയത്? ഒരു ചാട്ടം ഞാൻ പ്രതീക്ഷിച്ചു. "

അവളൊന്നു ചിരിച്ചു.

"എന്തോ ടെൻഷനിലാണെന്ന് തോന്നി. ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുമ്പോൾ ഒറ്റയ്ക്കു തന്നെ ഇരിക്കണം. ഞാനായാലും മഹിയായാലും . എന്നോട് പറയണ്ടതാണെങ്കിൽ പറയുമെന്നു തോന്നി. 
വേണമെങ്കിൽ എനിക്കു ദേഷ്യപ്പെടാമായിരുന്നു. ഞാനെന്തു ചെയ്തെന്ന് ചോദിച്ച് വഴക്കിടാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോ മഹിയെന്നോട് പ്രശ്നം എന്താണെന്ന് പറയുമായിരുന്നോ ? ഇല്ല . വഴക്കിട്ട് അടിച്ചു പിരിഞ്ഞ് രണ്ടു പേരും രണ്ടു മൂലയ്ക്ക് പോയിരുന്നേനെ . "

,.....................................................

ഞാൻ കുട്ടികളുടെ ആൻസർ ഷീറ്റ് നോക്കുകയായിരുന്നു. + 2 പരീക്ഷ അടുക്കുന്നത് കൊണ്ട് ടെസ്റ്റ് പേപ്പർ ഒക്കെ തകൃതിയായി നടക്കുന്നുണ്ട്. ഓരോ പേപ്പർ നോക്കുമ്പോഴും ഇന്റഗ്രേഷന്റെയും ഡിഫറൻസ്യേഷന്റെ യും ഒക്കെ പുതിയ പുതിയ ഇക്വേഷൻസ് കാണാം. ഇതുങ്ങളെയൊക്കെ ആരാണോ കണക്ക് പഠിപ്പിക്കുന്നതെന്ന് സ്വയം ചിന്തിച്ച്  ഇരിക്കുമ്പോഴാണ് മഹി കയറി വന്നത്. വന്നപാടെ എൻ്റെ കവിളിൽ അമർത്തി ഉമ്മ തന്നു . എൻ്റെ കിളികളൊക്കെ എങ്ങോട്ടൊക്കെയോ പോയി. 

"കണ്ണ് തള്ളണ്ട. നിൻ്റെ ഐഡിയ ഏറ്റു. ആ പ്ലാൻ അവർക്ക് ഇഷ്ടമായി."

എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

"നീ പറഞ്ഞതിൽ കുറച്ചു മോഡിഫിക്കേഷൻസ്  കൂടി  വരുത്തി ഞാൻ പ്രസന്റ് ചെയ്തു."

മഹി വളരെ സന്തോഷത്തിലാണെന്ന് ആ മുഖം കണ്ടാൽ അറിയാം.

"താങ്ക് യു. എന്നാലും നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം?"

ഞാൻ ഇല്ലാത്ത കോളർ പൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു-

"ഞാൻ ഒരു മാത്‌സ് ടീച്ചർ അല്ലേ? കുറച്ചൊക്കെ നമുക്കും അറിയാം മാഷേ. പിന്നെ ഒന്നുവില്ലേലും കൊല്ലം എട്ടായില്ലേ ഒരു ആർക്കിടെക്ടിന്റെ ഭാര്യ ആയിട്ട്."

പടികൾ ഇറങ്ങുന്നതിനിടയിലും ഞാൻ തിരിഞ്ഞു നോക്കി. മുറിയുടെ വാതിലിൽ  മഹി എന്നെ നോക്കി നിൽക്കുന്നു , ചിരിച്ചു കൊണ്ട്. പക്ഷേ എപ്പോഴത്തെയും പോലെയല്ല, ഒരു കുസൃതി മിന്നിമായുന്നു ആ മുഖത്ത്. 
..........................................................

"നമുക്ക് ഒന്ന് പുറത്ത് പോയാലോ?"

കേട്ടപാതി കേൾക്കാത്ത പാതി മക്കൾ രണ്ടും ചാടിതുള്ളി റെഡി ആയി. പ്രിയ താളം ചവിട്ടുന്നുണ്ട്.

"താൻ റെഡി അവുന്നില്ലേ? "

"ഞാനും വരണോ?"

ആ ചോദ്യം എന്നെ ഒന്നു നോവിച്ചു. അവളില്ലാതെ പലപ്പോഴും ഞാൻ മക്കളെ കൂട്ടി പുറത്ത് പോയിട്ടുണ്ട്.

"വരണം. എല്ലാർക്കും കൂടി പോകാം."

ഞങ്ങൾ നേരെ പോയത് ബീച്ചിലാണ്.പ്രത്യേകിച്ച് ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ തീരത്ത് അവളോടൊപ്പം ഇരുന്നു മതിയാകാത്തത് പോലെ.
എനിക്ക് അദ്ഭുതം ആയിരുന്നു. കഴിഞ്ഞ നാളുകളിലൊന്നും ഞാൻ അനുഭവിച്ചിട്ടില്ലാത്ത എന്തൊക്കെയോ അനുഭൂതികൾ ... ഞങ്ങൾ പുറത്ത് നിന്ന് ആഹാരം കഴിച്ചു.സിനിമ ഒക്കെ കണ്ട് ഒരുപാട് താമസിച്ചാണ് തിരികെ എത്തിയത്. 

"എന്താണ് ,പ്ലാൻ അപ്രൂവൽ ആയതിന്റെ ട്രീറ്റാണോ ?"

അവൾ രണ്ടു പുരികവും മാറി മാറി ഉയർത്തി ചോദിച്ചു.

"ഏയ് അങ്ങനൊന്നുമല്ല.എന്നാലും വേണേൽ അങ്ങനെ കരുതിക്കോ."

കണ്ണുചിമ്മി പറഞ്ഞിട്ട് ഞാൻ അകത്തേക്ക് കയറി.
....................................................................

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു ചെല്ലുമ്പോൾ പ്രിയ അടുക്കളയിൽ എന്തോ ചെയ്യുകയാണ്.

"ഗുഡ് മോർണിംഗ് ."

"ഗുഡ് മോർണിംഗ് ."

ഞാൻ രണ്ടു കപ്പിൽ ചായയൊഴിച്ച് അവൾക്കും കൊടുത്തു.

ചായ കുടിക്കുന്നുണ്ടെങ്കിലും അവളുടെ ഒരു കൈ അടുപ്പത്തിരിക്കുന്ന കറി ഇളക്കുന്ന തിരക്കിലാണ്.

"പ്രിയ, എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. മക്കൾ ഉണരുന്നതിനു മുൻപ്."

മറുപടിയ്ക്കു കാക്കാതെ അവളെ പിന്നിലൂടെ ചേർത്തു പിടിച്ചു.

"എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ പ്രിയ. 
നിന്റെ മനസ്സിലും അതാണെന്നെനിക്കറിയാം.
നമുക്കും ജീവിക്കണ്ടേ, സന്തോഷമായിട്ട് ... എന്തിനാ ഇങ്ങനെ വഴക്കും ബഹളവും ... ഒരേ വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ . എനിക്കു വയ്യെടീ. 
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. തിരിച്ചറിയാൻ വൈകിപ്പോയി. ഇനിയൊരു നിമിഷം പോലും വേണ്ടെന്നു വയ്ക്കാൻ എന്നെക്കൊണ്ടു പറ്റില്ല . "

ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചുറപ്പിച്ച് ഉള്ള ധൈര്യമെല്ലാം സംഭരിച്ച് ഒരു വിധത്തിലാണ് അത്രയും പറഞ്ഞത്. 

പ്രിയ അനങ്ങുന്നുണ്ടായിരുന്നില്ല. രണ്ടു നിമിഷം അനങ്ങാതെ അവളങ്ങനെ തന്നെ നിന്നു. എന്റെ നെഞ്ചോട് ചേർന്ന് ...
പിന്നെ തിരിഞ്ഞ് എന്നെ ആഞ്ഞു പുണർന്നു. എനിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. അത്രത്തോളം ശക്തിയിൽ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു ...

" മഹി ...."

ഏങ്ങലടികൾക്കിടയിൽ അതു മാത്രമേ കേട്ടുള്ളൂ.
എന്റെ നെഞ്ചിൽ തല ചേർത്ത് അവളുറക്കെ കരഞ്ഞു .എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എന്റെ മുഖം മുഴുവൻ അവൾ ഉമ്മകൾ കൊണ്ടു മൂടി.

പതുക്കെ പതുക്കെ കരച്ചിൽ ചിരിയ്ക്കു വഴി മാറിക്കൊണ്ടിരുന്നു .....
ആ മുഖം കയ്യിലെടുത്ത് കണ്ണുനീർ തുടയ്ക്കാനൊരുങ്ങിയപ്പോൾ കൈ ബലമായി പിടിച്ചു മാറ്റിക്കൊണ്ടവൾ വീണ്ടുമെന്നെ കെട്ടിപ്പിടിച്ചു.

ഉറക്കമുണർന്നു വന്ന മക്കൾ കാണുന്നത് ചേർന്നു നിന്ന് ചിരിയോടെ കരയുന്ന ഞങ്ങളെയാണ്. ഓടി വന്ന് രണ്ടും എന്റെ തോളിൽ ചാടിക്കേറി . മൂന്നു പേരെയും ചേർത്ത് പിടിക്കുമ്പോൾ എനിക്കറിയാം ഇതാണെന്റെ ലോകം, ജീവൻ.. പിന്നെ ... പിന്നെ എന്റെ പ്രണയവും !

തുടരും ...

// സാരംഗി//

© copyright protected


നിന്നിലേക്ക് വീണ്ടും..ഭാഗം 07

നിന്നിലേക്ക് വീണ്ടും..ഭാഗം 07

4.9
3398

രാത്രി  നടുമുറ്റത്ത് ഇരിക്കുമ്പോൾ ഞാൻ ഓർത്തു. ഈ വീട് പ്രിയയുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഡിസൈൻ ചെയ്തതാണ്.വിവാഹം കഴിഞ്ഞ സമയത്ത് എൻ്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവൾ എന്നോട് പറഞ്ഞ ആഗ്രഹമാണത്. "നമുക്ക് ഒരു വീട് വെക്കണം മഹി. നമ്മുടെ സ്വന്തം വീട്, നമ്മുടെ ലോകം. ഭയങ്കര റൊമാന്റിക് ആയ ഒരു വീട്." " റൊമാന്റിക് ആയ വീടോ?" ഞാൻ കളിയാക്കിയെങ്കിലും അവൾ ചിരിയോടെ തന്നെ കിടന്നു. പ്രിയ ശെരിക്കും വീടിനെ അങ്ങനെ മാറ്റുക ആയിരുന്നു. ഈ വീടിന് ഇത്രത്തോളം ഭംഗി ഉണ്ടായിരുന്നെന്ന് ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് - എൻ്റെ സ്വന്തം ആയിരുന്നിട്ടു കൂടി. തൂണുകളിൽ പടർന്നു കയറിയ ശംഘു