Aksharathalukal

നിന്നിലേക്ക് വീണ്ടും...ഭാഗം 08

"ഗുഡ് മോണിംഗ്."

ഉറക്കം പോലും തെളിയാതെ രാവിലെ അടുക്കളയിൽ വന്നു എൻ്റെ തോളിൽ താടി ഊന്നിക്കൊണ്ടാണ് ഈ നിൽപ്പ്.

"ദീപ്തി പ്രസവിച്ചു. പെൺകുഞ്ഞാണ്."

"എപ്പോ?"

"വെളുപ്പിന്. അമ്മച്ചി വിളിച്ചിരുന്നു. രണ്ടു പേരും സുഖമായിരിക്കുന്നു."

"പോകണ്ടേ നമുക്ക്?"

"പിന്നെ പോകാതെ? ഞാൻ ലീവ് എടുത്തു."

"ഇതൊക്കെ എപ്പോ?"

"അറിഞ്ഞപ്പോഴേ ഞാൻ ഷൈനിയെ വിളിച്ചു ലീവ് പറഞ്ഞു."

"ഓ ബെസ്റ്റ് ഫ്രണ്ട് പ്രിൻസിപ്പൽ ആയാലുള്ള ഗുണം ഇതൊക്കെയാണ്."

എന്നെ ഒന്ന് പുച്ഛിച്ചു . തിരിച്ചു ഞാനും.
പിന്നെ ഒരു ധൃതി ആയിരുന്നു. പിള്ളേരെ രണ്ടിനെയും കുത്തിപ്പൊക്കി സ്കൂളിൽ വിട്ടു. കുഞ്ഞാവയെ കാണണമെന്നൊക്കെ പറഞ്ഞു. വീട്ടിൽ പോയി കാണാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചു .

" അല്ലെടീ, ഞാനിപ്പോഴാ ഒരു കാര്യം ഓർത്തെ."

ഡ്രൈവിംഗിനിടയിൽ പറയുന്നതു കേട്ട് ഞാൻ എന്തെന്നറിയാൻ മഹിയെ നോക്കി.

" ടീ അതേ ശ്രീ രാവിലെ നന്ദൂനോട് പറയുന്ന കേട്ടു കുഞ്ഞാവേ കാണാൻ നല്ല രസമായിരിക്കും തൊടുമ്പോ നല്ല സുഖമാണ് എന്നൊക്കെ."

എന്തോ ചീഞ്ഞുനാറുന്നില്ലേ??

" അതിന്?"

"അല്ല, നമ്മുടെ വീട്ടിലും ഒരു കുഞ്ഞുവാവ ഉണ്ടെങ്കിൽ അവർക്ക് സന്തോഷമായേനെ എന്നൊരു ഇത്. "

അയ്യടാ. മുഖം കണ്ടാൽ എന്താ ഒരു നിഷ്കളങ്കത.

" പ്രസവം നിർത്തിയ ഞാൻ എങ്ങനാ ഡൗൺലോഡ് ചെയ്ത് എടുക്കുവോ ചെറുക്കാ കുഞ്ഞുവാവയെ?"

" നിന്നോട് ഞാൻ അന്നേ പറഞ്ഞയല്ലേ നിർത്തണ്ട നിർത്തണ്ടാന്ന് . നീ കേട്ടോ? .  

സ്റ്റിയറിംഗിലിടിച്ച് നിരാശയോടെ പറയുന്നു. 

"അഞ്ച് മക്കളാരുന്നു എന്റെ സ്വപ്നം. വീട് നിറയെ കുഞ്ഞുങ്ങൾ. ആഹാ! എന്ത് രസമായിരിക്കും."

ഇങ്ങേരുടെ ഈ അഞ്ചെന്ന സ്വപ്നം കേട്ട് പേടിച്ചിട്ടാ രണ്ടാമത്തേതിൽ പിടിച്ച പിടിയാലേ ഞാൻ പ്രസവം നിർത്തിയത്.

" ടീ, പ്രസവം നിർത്തിയാലും പിന്നെ ട്രീറ്റ്മെന്റ് ചെയ്താൽ പ്രസവിക്കാം കേട്ടോ. അപ്പോ എങ്ങനാ? നോക്കുന്നോ?"

പറയുന്ന കൂട്ടത്തിൽ എന്റെ കൈയൊക്കെ പിടിച്ചു വയ്ക്കുന്നു. വിരലിൽ ചുംബിക്കുന്നു. 
അയ്യേ, ഈ ചെറുക്കൻ. ഞാൻ കൈ വലിച്ചെടുത്ത് പുറത്തേക്ക് നോക്കിയിരുന്നു. മഹിയുടെ പതിഞ്ഞ ചിരി കേൾക്കാം.

....................................................

" ഡാ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ."

മഹിയാണ്. വന്നപ്പോൾ തൊട്ടു നിജോയെ കളിയാക്കുന്നുണ്ട്. അവൻ ആണെങ്കിൽ ആകെപ്പാടെ കിളി പോയി ഇരിക്കുന്നു.

"എൻ്റെ പോന്നു മഹേഷേട്ടാ ,എനിക്കൊരു ധൈര്യത്തിനാ ഈ ഇച്ചായനോടും കൂടേ വരാൻ പറഞ്ഞത്. ഇതിപ്പോ പ്രസവ വേദന എടുത്തു കിടന്ന ഞാൻ ഇങ്ങേരെ സമാധാപ്പിക്കേണ്ട അവസ്ഥയായി. "

ദീപ്തി കൂടി കളിയാക്കാൻ തുടങ്ങിയതോടെ നീജോ പുറത്തേക്കിറങ്ങി.

"ഞാൻ ശെരിക്കും പേടിച്ച് പോയെടാ .... എനിക്കറിയില്ല. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ... ഇത്രേം പേടിച്ച്... പുറത്ത് നിന്നാൽ മതിയായിരുന്നു."

നിജോ  മഹിയോട് പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ പുറത്തേക്ക് ചെന്നത്. മഹിയും ഒന്നും പറയാനില്ലാതെ അവൻ്റെ തോളിൽ തട്ടി നിൽപ്പുണ്ട്.

........................................................

രാവിലെ ഫോൺ ഒക്കെ എടുത്തു കൊണ്ട് വന്നു അടുക്കളയിലെ സ്ലാബിൽ സെറ്റ് ചെയ്യുന്ന ആളെ ഞാൻ സംശയത്തോടെ നോക്കി.

"ഇതെന്താ ഇവിടെ കൊണ്ട് വെക്കുന്നത്?"

"ഇതാകുമ്പോ നമുക്ക് രണ്ടു പേർക്കും ന്യൂസ് കാണാം. ജോലിയും എളുപ്പം കഴിയും."

അപ്പോ അതാണ് കാര്യം

"ഓഹോ ഈ ബോധോദയം ഒക്കെ എപ്പോ ഉണ്ടായി? "

"ശവത്തിൽ കുത്താതെ ടീ."

ഞാൻ കളിയാക്കാൻ വേണ്ടി ചോദിച്ചതാണെങ്കിലും ആ ദയനീയമായ മുഖഭാവം കണ്ടപ്പോൾ എനിക്കും ചിരി വന്നു. അത് ഞങ്ങൾ രണ്ടു പേരിലേക്കും പടർന്നു. പിന്നെന്താ പറയ്ക. ന്യൂസ് കാണലായി, അഭിപ്രായം പറയലായി, ചർച്ച ആയി, അങ്ങനെ അങ്ങനെ... ഒരിക്കൽ പാത്രങ്ങളുടെ ശബ്ദം മാത്രം കേട്ടുകൊണ്ടിരുന്ന ഞങ്ങളുടെ അടുക്കള ആകെപ്പാടെ ബഹളമയമായി .മഹിക്ക്  പാചകം ഒന്നും വലിയ വശം ഇല്ലെങ്കിലും എന്തെങ്കിലും അരിയാനോ ഒക്കെ സഹായിക്കും. എനിക്കതൊക്കെ വലിയ കാര്യം തന്നെയാണ്. എൻ്റെ അടുത്ത് നിന്ന് വാ തോരാതെ സംസാരിച്ചു.. ചിരിച്ചു ... ചില സമയത്ത് എനിക്ക് തന്നെ അദ്ഭുതം തോന്നും. ഞാൻ ഇത്രക്കൊക്കെ പൈങ്കിളി ആയിരുന്നോ? മഹിയുടെ കുഞ്ഞു കുഞ്ഞു കുറുമ്പുകളിൽ പോലും ചുവക്കുന്ന എൻ്റെ കവിളുകൾ എനിക്ക് തന്നെ അപരിചിതമാണ്.
ഓഫീസിൽ പോകാൻ റെഡി ആയിക്കൊണ്ടിരുന്ന മഹിയെ ഞാൻ പിന്നിലൂടെ പുണർന്നു.

"മഹി"

"എന്തോ "

"എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയുമോ മഹിയോട് സംസാരിക്കാൻ. നമ്മൾ പിണങ്ങിയിരുന്ന സമയത്ത് മഹി മക്കളോട് ഓരോ കാര്യങ്ങൾ പറയുന്നതൊക്കെ ഞാൻ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്."

അവിടെ എന്നെ തന്നെ നോക്കുന്നുണ്ട്. സന്തോഷമാണോ അത്ഭുതമാണോ മഹിക്ക് തോന്നുന്നതെന്ന് അറിയില്ല . പക്ഷേ അതിനൊക്കെ അപ്പുറം പ്രണയമുണ്ട് ആ കണ്ണുകളിൽ.
ഒന്നും പറയാതെ എത്ര നേരം അങ്ങനെ തന്നെ നിന്നെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. 

"സംസാരിക്കാല്ലോ. ഈ ജന്മം മുഴുവൻ. കഴിഞ്ഞ രണ്ടു വർഷത്തേതും കൂടി ചേർത്ത് ഇനി സംസാരിച്ചു നമുക്കു കടം വീട്ടാം."

എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.പക്ഷേ അത് പറയുമ്പോൾ നിറഞ്ഞ ആ കണ്ണുകളിൽ സങ്കടമല്ല , ഞാനാണ്. ഞാൻ മാത്രമേ ഉള്ളൂ .
.................................................................

" അമ്മക്ക് എന്നോടാണോ നന്ദു ചേട്ടനോടാണോ കൂടുതൽ ഇഷ്ടം?"

ഈശ്വരാ ഈ കുഞ്ഞി തലയിൽ എവിടുന്നാ ഇത്തരം സംശയങ്ങൾ ഒക്കെ .

" എന്താ മോൾ അങ്ങനെ ചോദിച്ചെ?"

" പറ .  ആരെയാ അമ്മക്ക് കൂടുതൽ ഇഷ്ടം?"

ഞാൻ അവളെ പിടിച്ചു  മടിയിൽ ഇരുത്തി. 

" അമ്മ മോളോട് ഒരു ചോദ്യം ചോദിക്കട്ടേ?"

" ഉം."

ആ മൂളലിന് അത്ര ശക്തി പോരാ.

" അമ്മേടെ കുഞ്ഞിൻ്റെ ഈ രണ്ടു കുഞ്ഞി കണ്ണ് ഇല്ലേ? ഇതിൽ ഏതു കണ്ണിനോടാണ് മോൾക്ക് കൂടുതൽ ഇഷ്ടം? ഈ കണ്ണിനോടോ അതോ മറ്റേ കണ്ണിനോടോ?"

ഞാൻ അവളുടെ രണ്ടു കണ്ണുകളിലും മാറി മാറി തൊട്ടുകൊണ്ട് ചോദിച്ചു.

" അമ്മ ,രണ്ടു കണ്ണും വേണ്ടേ കാണാൻ. എനിക്ക് രണ്ടു കണ്ണും വേണം."

" ആഹ്. അതുപോലെ തന്നെയാണ് അമ്മക്കും. മോളും ചേട്ടനും അമ്മേടെ രണ്ടു കണ്ണുകളാണ്. അമ്മക്ക് രണ്ടു പേരും ഒരുപോലെയാണ് .രണ്ടു പേരോടും അമ്മക്ക് തുല്യ ഇഷ്ടമാണ്. അമ്മക്ക് മാത്രമല്ല ,പപ്പക്കും അങ്ങനെ തന്നെയാ."

മറുപടി അത്ര ബോധിച്ച മട്ടില്ല. അവളോടാണ് ഇഷ്ടക്കൂടുതൽ എന്നൊരു മറുപടി ആയിരിക്കും പ്രതീക്ഷിച്ചത്. വേണമെങ്കിൽ അങ്ങനെ പറഞ്ഞു സമാധാനിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ അത് വേണ്ട. ഇപ്പോഴേ അങ്ങനെ ഒരു വേർതിരിവ് അവരുടെ മനസ്സിൽ കുത്തി നിറയ്ക്കണ്ട.

" അപ്പോ ഞങ്ങളോടാണോ പപ്പയോടാണോ അമ്മക്ക് കൂടുതൽ ഇഷ്ടം?"

ദൈവമേ . ശെരിക്കും പെട്ടു. മക്കളോടാ ണെന്ന് പറയാൻ ഒരുങ്ങിയപ്പോഴാണ്  എൻ്റെ മറുപടി കേൾക്കാൻ ചെവിയും കൂർപ്പിച്ചു പത്രത്തിലും നോക്കി ഇരിക്കുന്ന മഹിയെ കാണുന്നത്. മറുപടി അത്ര സിംപിൾ അല്ല .

" എന്താ സംശയം? അമ്മക്കും പപ്പക്കും ഏറ്റവും ഇഷ്ടം മക്കളോട് തന്നെയാ. അത് കഴിഞ്ഞല്ലേ വേറെ ആരും ഒള്ളൂ." 

അവള് കുഞ്ഞായത് കൊണ്ട് എന്തോ പറഞ്ഞു രക്ഷപെട്ടു. മഹിയെ നോക്കിയാണ് ഞാനത് പറഞ്ഞത്. എന്നെ നോക്കിയിരുന്നു ചിരിക്കുന്നു. ഇങ്ങേരെന്നെ കളിയാക്കുവാണോ? 

" നിനക്ക് ശരിക്കും ആരോടാ ടീ കൂടുതൽ ഇഷ്ടം?"

രാത്രി കട്ടിലിലേക്ക് കിടന്നതും ചോദ്യം വന്നു. ഒപ്പം വയറിൽ മറുകുന്ന കൈയും.

" ഇയാക്ക് എത്ര വയസ്സായി മഹി? നാണമില്ലല്ലോ ആ നാലു വയസ്സൊള്ള കൊച്ചു ചോദിച്ച ചോദ്യം വീണ്ടും റിപ്പീറ്റടിക്കാൻ"

" നാണം ഇച്ചിരി കുറവാ. നീ പറ ."

" എനിക്ക് എല്ലാരേം ഇഷ്ടവാ. കൂടുതലും കുറവും ഒന്നുമില്ല. എന്നാലും ...."

" എന്നാലും?"

" എന്റെ ആദ്യത്തെ കുഞ്ഞിനോട് ഒരു പൊടിക്ക് ഇഷ്ടക്കൂടുതലില്ലേ എന്നൊരു സംശയം."

ആ മുഖം വിടരുന്നത് ഞാൻ നിറഞ്ഞ മനസ്സോടെ കണ്ടു.
മുപടി കവിളിൽ അമർത്തി ഒരുമ്മ ആയിരുന്നു. ആ ഉമ്മയുടെ അർത്ഥം ഞങ്ങൾക്ക് രണ്ടു പേർക്കും  അറിയാം.
..............................................................

ദിവസങ്ങൾ പോകെ ഈ വീടു നിറയെ ഞങ്ങളുടെ കളിചിരികളാണ്. സന്തോഷമാണ്. എന്റെയും എന്റെ മഹിയുടെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും ലോകം. ആഗ്രഹിച്ചു പണിതതായിരുന്നിട്ടും ഈ വീട്ടിലൊരിക്കലും സ്നേഹമായിരുന്നില്ല , ഞങ്ങളുടെ വഴക്കുകളായിരുന്നു.  ഇന്ന് അതിന്റെ ഓരോ അണുവിലും പ്രണയം തുളുമ്പുന്നു.
വഴക്കോക്കെ ഇപ്പോഴുമുണ്ട്. അതൊന്നും ഒരു രാത്രിക്ക് അപ്പുറം പോകാറില്ലെന്ന് മാത്രം. ഞങ്ങൾ വഴക്കിടുന്നതിൻ്റെ പിറ്റേന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി ആയിരിക്കും. മഹി നല്ല വട്ടത്തിൽ സോഫ്റ്റ് ആയിട്ട് ചപ്പാത്തി പരത്തി തരും. എന്നെ സോപ്പിടൽ ആണ് പ്രധാന ഉദ്ദേശം. ആ പരാക്രമമൊക്കെ കാണുമ്പോൾ എന്റെ ലോലഹൃദയം മുഴുവനായും അലിയുകയും ചെയ്യും.

ഞങ്ങളെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് മോന്റെ മാറ്റമായിരുന്നു. അധികം സംസാരമില്ലാതിരുന്ന പ്രായത്തിന്റേതായ യാതൊരു കുറുമ്പുകളും ഇല്ലാതിരുന്ന അവൻ വല്ലാതെ മാറി. ഒരിക്കൽ എന്റെ യും മഹിയുടെയും നടുവിലേക്ക് ചാടിക്കയറി വന്ന് രണ്ടു പേരെയും കെട്ടിപ്പിടിച്ചു കിടന്ന അവനോട് മഹി അതേപ്പറ്റി ചോദിക്കുകയും ചെയ്തു.

" അമ്മയും പപ്പയും പണ്ട് എപ്പോഴും വഴക്കല്ലായിരുന്നോ? എനിക്ക് വഴക്ക് പേടിയാണ് പപ്പാ. "

അവനെ ഒന്നു കൂടി നെഞ്ചിലേക്ക് അമർത്തിക്കൊണ്ട് മഹി എന്നെ നോക്കി. 
ശരിയാണ്. ആദ്യമൊക്കെ ഞങ്ങൾ വഴക്കിടുമ്പോൾ അവൻ പേടിച്ച് കരയാറുണ്ടായിരുന്നു. പിന്നെ അവനും ദേഷ്യപ്പെടാൻ തുടങ്ങി. ഒടുക്കം മഹിയോടുള്ള ദേഷ്യം കൂടി മക്കളുടെ മേൽ ഞാൻ വഴക്കായി തീർക്കാൻ തുടങ്ങി. 
പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങുമ്പോഴേ മുറിയിൽ കയറി പേടിയോടെ കതകടച്ചിരുന്ന എന്റെ കുഞ്ഞ് ...... എന്റെ നെഞ്ചും അടിവയറും ഒക്കെ വിങ്ങുന്നു.   അതറിഞ്ഞെന്നോണം ഒരു കൈ കൊണ്ട് മഹി എന്നെ അമർത്തി പിടിച്ചു. 
എന്റെ മോനെ വാരിയെടുത്തു നെഞ്ചോടു ചേർക്കുമ്പോൾ ഒരിക്കൽക്കൂടി എന്റെ മാറിടങ്ങളിൽ മുലപ്പാൽ കിനിഞ്ഞെങ്കിലെന്ന് വെറുതെ മോഹിച്ചു.


തുടരും ...

// സാരംഗി//

© copyright protected


നിന്നിലേക്ക് വീണ്ടും...ഭാഗം 09 ( അവസാന ഭാഗം)

നിന്നിലേക്ക് വീണ്ടും...ഭാഗം 09 ( അവസാന ഭാഗം)

4.6
2266

ഇവിടേക്കൊക്കെ വന്നിട്ട് ഒരുപാടു വർഷങ്ങൾ ആയതു പോലെ . അമ്മ വാതിൽക്കൽ തന്നെ കാത്തു നിൽക്കുന്നു. പ്രിയ വയസ്സാകുമ്പോൾ ഇങ്ങനെ തന്നെയാവും. അവൾ അമ്മയുടെ തനിപ്പകർപ്പാണ്.  പ്രിയയുടെ വീട്ടിലേക്ക് വന്നതാണ്. രണ്ടു മാസത്തെ അവധി ഇവിടെ നിന്നു തന്നെ തുടങ്ങാമെന്നു കരുതി. രണ്ടാഴ്ചത്തേക്ക് ഞാനും ലീവെടുത്തു. ഇവിടേക്ക് എന്റെ വരവ് വളരെ കുറവാണ്. കല്യാണം കഴിഞ്ഞ് ആദ്യമായി വിരുന്നിനു വന്നപ്പോഴാണ് ഒരു രാത്രിയിൽ കൂടുതൽ ഇവിടെ തങ്ങിയിട്ടുള്ളത്. ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല. എങ്കിലും മാറ്റി മാറ്റി വയ്ക്കും. ഇവിടെ അമ്മയും അളിയനും ഭാര്യയും കുഞ്ഞുമാണുള്ളത്. "എന്താണ് ഇന്ന്