ഇവിടേക്കൊക്കെ വന്നിട്ട് ഒരുപാടു വർഷങ്ങൾ ആയതു പോലെ . അമ്മ വാതിൽക്കൽ തന്നെ കാത്തു നിൽക്കുന്നു. പ്രിയ വയസ്സാകുമ്പോൾ ഇങ്ങനെ തന്നെയാവും. അവൾ അമ്മയുടെ തനിപ്പകർപ്പാണ്.
പ്രിയയുടെ വീട്ടിലേക്ക് വന്നതാണ്.
രണ്ടു മാസത്തെ അവധി ഇവിടെ നിന്നു തന്നെ തുടങ്ങാമെന്നു കരുതി. രണ്ടാഴ്ചത്തേക്ക് ഞാനും ലീവെടുത്തു. ഇവിടേക്ക് എന്റെ വരവ് വളരെ കുറവാണ്. കല്യാണം കഴിഞ്ഞ് ആദ്യമായി വിരുന്നിനു വന്നപ്പോഴാണ് ഒരു രാത്രിയിൽ കൂടുതൽ ഇവിടെ തങ്ങിയിട്ടുള്ളത്. ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല. എങ്കിലും മാറ്റി മാറ്റി വയ്ക്കും. ഇവിടെ അമ്മയും അളിയനും ഭാര്യയും കുഞ്ഞുമാണുള്ളത്.
"എന്താണ് ഇന്ന് അമ്മ സ്പെഷ്യൽ?"
അടുക്കളയിൽ ചെന്നപ്പോൾ അമ്മ എന്തോ കാര്യമായ പണിയിലാണ്. നാത്തൂനും നാത്തൂനും കൂടി കാര്യമായ ചർച്ചയിലും. അമ്മയുടെ കൈയിൽ നിന്ന് തവി വാങ്ങി രുചിച്ചു നോക്കി. കൊള്ളാമെന്ന് കൈ കൊണ്ടു കാണിച്ചു. ഇത്രത്തോളം സ്വാതന്ത്ര്യത്തോടെ ഞാനിതു വരെ പെരുമാറിയിട്ടില്ല. വരുമ്പോഴെല്ലാം വിരുന്നുകാരനെപ്പോലെ ഹാളിൽ ഇരുന്നിട്ടേയുളളൂ. അതുകൊണ്ടാവും അമ്മ അത് ഭുതത്തോടെ , സന്തോഷത്തോടെ നോക്കുന്നുണ്ട്.
എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച് തമാശ പറഞ്ഞ് അടുക്കളയിൽ പാചക പരീക്ഷണങ്ങളായി ........ ഏഴു ദിവസങ്ങൾ . ഇടയ്ക്ക് അളിയനൊപ്പം ചെറുതായി കൂടുമ്പോൾ പ്രിയ കണ്ണുരുട്ടും. എന്നാലും ബിയറൊക്കെ അവൾ സമ്മതിക്കും. ഒരൊറ്റ നിബന്ധന മാത്രം- വായ തുറക്കരുത്. മിണ്ടാതെ ഉരിയാടാതെ എവിടെങ്കിലും മാറിക്കിടന്നോണം. കുടിച്ചിട്ട് സംസാരിക്കാൻ ചെല്ലുന്നത് അവൾക്കിഷ്ടമല്ല.
ആ നാട് മുഴുവൻ ഞങ്ങൾ കറങ്ങി - അതും നടന്ന്. വിരുന്നിനു വന്നപ്പോൾ പ്രിയ ഇതൊക്കെ എന്നെ കൊണ്ടു നടന്ന് കാണിച്ചു തന്നതു പോലെ . നാട്ടിലുള്ളവർക്കെല്ലാം അവളെ അറിയാം. വലിയ സ്നേഹമാണ്. ആ സ്നേഹം ശരിക്കും മരിച്ചു പോയ പട്ടാളക്കാരനായ അച്ഛനുള്ളതാണ്.
ഇങ്ങനെ വളവളാ വർത്തമാനം പറഞ്ഞ് കിലുങ്ങി നടക്കുന്ന പ്രിയയെ ഒരുപാടു വർഷത്തിനു ശേഷമാണ് ഞാൻ കാണുന്നത്.
എന്റെയും പ്രിയയുടെയും മൊബൈൽ ഗ്യാലറി ഞങ്ങൾ നാലു പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ കൊണ്ടു നിറഞ്ഞു. മങ്ങിയതും ഭംഗിയില്ലാത്തതും ഒക്കെയുണ്ട്. പക്ഷേ ഞാൻ ഒന്നു പോലും ഡിലീറ്റ് ചെയ്തില്ല. എന്റെ ലോകം മുഴുവൻ ചുരുങ്ങിച്ചേർന്ന മൂന്നു മുഖങ്ങളല്ലേ .... പിന്നെ എന്റെ പ്രണയം മുഴുവൻ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഒരു മുഖവും !
അവിടെ നിന്ന് മടങ്ങുമ്പോൾ വണ്ടി മുറ്റം കടന്നപ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി. അളിയനൊക്കെ കയറി പോയിട്ടും അമ്മ വാതിൽക്കൽത്തന്നെ നിൽക്കുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവും ചിരിയോടെ ശരിയെന്ന അർത്ഥത്തിൽ തലയനക്കി.
എന്നെ പ്രസവിച്ച എന്റെ അമ്മയെപ്പോലെ എന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ മറ്റൊരമ്മ കൂടിയുണ്ട്. ഏതു നേരവും കയറി വന്ന് വിശക്കുന്നു എന്നു പറഞ്ഞാൽ " മോനിരിക്ക്, അമ്മ കഴിക്കാനെടുക്കാം" എന്നു പറയുന്ന ഒരമ്മ. ഞാൻ ജനിച്ചു വളർന്ന വീടും ഞാനായി നിർമ്മിച്ച വീടും കൂടാതെ അധികാരത്തോടെ കയറി വന്ന് എന്റേതെന്ന് സ്വാതന്ത്ര്യത്തോടെ പറയാവുന്ന ഒരു വീടു കൂടി എനിക്കുണ്ട്.
ഇത്രയും വർഷം അതൊന്നും മനപ്പൂർവ്വമല്ലെങ്കിൽക്കൂടി നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു.
ഇനി എന്റെ വീട്ടിലേക്കാണ്. ചേട്ടനും കുടുംബവും എത്തിയിട്ടുണ്ട്.
..................................................................
ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷമാണ് മഹിയുടെ വീട്ടിൽ ഞങ്ങൾ എല്ലാവരും കൂടി ഇങ്ങനെ ഒത്തു കൂടുന്നത്. എല്ലാവരുടെയും ജോലി തന്നെയാണ് പ്രശ്നം. എനിക്കും മഹിക്കും ലീവ് കിട്ടിയാൽ ചേട്ടനും ചേട്ടത്തിക്കും കിട്ടില്ല , തിരിച്ചും .
ഈ വീടിനോടും ഞങ്ങളുടെ മുറിയോടുമൊക്കെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഞങ്ങൾ ജീവിച്ചു തുടങ്ങിയത് ഇവിടെയല്ലേ . അതിന്റെയാകും.
ചേട്ടത്തിയും ഞാനും നല്ല കൂട്ടാണ്. മിക്കവാറും ദിവസങ്ങളിൽ വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. എന്നാലും നേരിട്ട് പറയുന്ന ഒരു മനോതൃപ്തി ഫോണിൽ പറഞ്ഞാൽ കിട്ടില്ലല്ലോ. രണ്ടു വർഷത്തെ കഥകൾ ഞങ്ങൾ രണ്ടു രാത്രിയും രണ്ടു പകലും കൊണ്ട് പറഞ്ഞു തീർത്തു. പിന്നെയങ്ങോട്ട് ആഘോഷമായിരുന്നു . അച്ഛന് സ്വർഗം കിട്ടിയ പ്രതീതി. കാണുന്നതെന്തൊക്കെയോ വാങ്ങിക്കൂട്ടി കൊണ്ടുവരുന്നു.
കൊച്ചുമക്കൾ നാലു പേരും കൂടി അച്ഛനെ ഒരു വഴിക്കാക്കുന്നുണ്ട്. പറമ്പും തൊടിയും മുറ്റത്തെ ഊഞ്ഞാലുമൊക്കെ നന്ദുവിനും ശ്രീക്കും കിട്ടാതിരുന്നു കിട്ടിയ സ്വാതന്ത്ര്യമാണെങ്കിൽ ചേട്ടന്റെ മക്കൾക്ക് അതൊക്കെ പുതുമയുടെ കൗതുകമാണ്.
അവർ അധികം ഇവിടെ നിന്നിട്ടില്ല. അവധിക്കു നാട്ടിലെത്തിയാലും കൂടുതലും ചേട്ടത്തിയുടെ വീട്ടിലായിരിക്കും.
ഞങ്ങൾ വന്നതോടെ അച്ഛന്റെ ഉച്ചയുറക്കമൊക്കെ പോയി. പിള്ളേർക്കൊപ്പം തിമിർക്കുന്നു.
ഊണ് കഴിഞ്ഞ് വെറുതെ ഉമ്മറത്തു ചെന്ന് അവരേയും നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും വന്നു. കുറച്ചു മാറി ഇരുന്നു. കണ്ണ് അവരുടെ മേലെയാണ്.
മഹി പുറത്തേക്ക് വന്നു കുറെ നേരം ഞങ്ങൾക്കൊപ്പം ഇരുന്നു. പിന്നെ എഴുന്നേറ്റ് എന്നോട് ഒന്ന് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു.
"പ്രിയ ,നീയെന്താ അമ്മയോട് സംസാരിക്കാത്തത്?"
ഇത് ആയിരിക്കും കാര്യമെന്ന് എനിക്ക് തോന്നിയിരുന്നു.
"ഇതും പറഞ്ഞു എത്ര വെട്ടം നമ്മൾ വഴക്കിട്ടിരിക്കുന്നു മഹി ? ഇനിയും വഴക്കിടാൻ എനിക്കു വയ്യ.
ഞാൻ എന്ത് ചെയ്യാനാ? അമ്മക്ക് എന്നോട് മിണ്ടാൻ എന്തോ ബുദ്ധിമുട്ട് പോലെയാ. അമ്മക്ക് എന്നോട് ദേഷ്യമൊന്നുമില്ലെന്ന് എനിക്കറിയാം. ആവശ്യമില്ലാത്ത ഗൗരവം. അതാണ് എൻ്റെയും പ്രശ്നം. അല്ലാതെ എനിക്ക് ഒരു ഇഷ്ടക്കേടും ഉണ്ടായിട്ടല്ല."
"അങ്ങനല്ല പ്രിയ , അമ്മയ്ക്കത് വല്ലാതെ ഫീൽ ആകുന്നുണ്ട്."
"അമ്മ പറഞ്ഞോ അങ്ങനെ?"
"ഇല്ല. അച്ഛൻ പറഞ്ഞു. അമ്മ അച്ഛനോട് വിഷമം പറഞ്ഞെന്ന്. നീ മാത്രമല്ല , ചേട്ടത്തിയും അമ്മയോട് സംസാരിക്കാറേയില്ല , അച്ഛനോടാണ് സ്നേഹമെന്ന് ."
അതെനിക്ക് അത്ഭുതമായിരുന്നു. അമ്മ അതൊക്കെ ആഗ്രഹിക്കുന്നുണ്ടായിരുന്നോ?
"അമ്മ അങ്ങനെയാണെടോ. ആരെയും അങ്ങോട്ട് കയറി സ്നേഹിക്കാൻ അറിയില്ല. പക്ഷേ പറയാതെ തന്നെ ആ സ്നേഹം അച്ഛന് മനസ്സിലാകും. നമുക്ക് ഇല്ലാത്തതും ആ കഴിവാണ്.
അമ്മയ്ക്ക് പെൺകുട്ടികളെ ആയിരുന്നു ഇഷ്ടം. പണ്ട് എപ്പോഴും പറയാറുണ്ടായിരുന്നു. നീയും ചേട്ടത്തിയും ജോലിയുടെ ഒക്കെ കാര്യമായിട്ട് തിരക്കിൽ അല്ലായിരുന്നോ. നിങ്ങളുടെ കാര്യങ്ങളിലൊക്കെ ഇടപെട്ടാൽ ഇഷ്ടമായില്ലെങ്കിലോ എന്നു കരുതിയിട്ടുണ്ടാവും.
പ്രായമായവരല്ലേ പ്രിയ..."
...................................................
അമ്മയെ ഞാൻ പിടിച്ചു വലിച്ച് ഹാളിൽ ഞങ്ങളുടെ കൂടെ സിനിമ കാണാൻ കൊണ്ടുവന്നിരുത്തി. മഹി പറഞ്ഞത് കൊണ്ട് വെറുതെ ഒരു ശ്രമം മാത്രം ആയിരുന്നു.സാധാരണ അത് പതിവില്ലാത്തതാണ്. അമ്മ അങ്ങനെ ഇരിക്കാറില്ല. ആദ്യമൊക്കെ മുഖവും വീർപ്പിച്ചു ഗൗരവത്തോടെ ഇരുന്നു. പതുക്കെ പതുക്കെ ഞങ്ങളുടെ ചിരിയിലും തമാശയിലും ഒക്കെ അമ്മയും കൂടി. കുറെ സംസാരിച്ചു. പഴയ കഥകളൊക്കെ പറഞ്ഞു. പാചകത്തിൽ അമ്മയുടെ കുറെ നുറുങ്ങു വിദ്യകളൊക്കെ പറഞ്ഞു തന്നു. ഈ അമ്മ ഞങ്ങൾക്ക് പരിചയമില്ലാത്ത ഒരാളാണ്. അമ്മ ഇത്രയൊക്കെ സംസാരിക്കുമായിരുന്നോ?. നിർത്താതെ പഴയ കഥകൾ പറയുന്ന അമ്മയെ കണ്ട് എന്നെ നോക്കിയ ചേട്ടത്തിയിലും അതേ ചോദ്യം തന്നെ ആയിരുന്നു.
..................................................................
അമ്മയെ ഇരുവശത്ത് നിന്നും കെട്ടിപ്പിടിച്ചു കൊണ്ട് ഞാനും ചേട്ടത്തിയും ഫോട്ടോ എടുത്തു. ചിരിക്കുന്നുണ്ടെങ്കിലും ആ കണ്ണു നിറഞ്ഞിരിക്കുന്നു. മഹി എന്നെ നോക്കി കണ്ണുചിമ്മി.അച്ഛൻ ആണെങ്കിൽ അമ്മയെ തന്നെ നോക്കിയിരിക്കുന്നു , ചിരിയോടെ. അച്ഛൻ്റെ മുഖം കണ്ടാൽ അമ്മയുടെ സന്തോഷം അനുഭവിക്കുന്നത് അച്ഛനാണെന്നു തോന്നും.
പിന്നീടങ്ങോട്ട് എന്നും അമ്മക്ക് ഒരു വെപ്രാളമായിരുന്നു. ഓടി നടന്നു എന്തൊക്കെയോ ചെയ്തു. മുടിയും മുഖവും ഒന്നും ശ്രദ്ധിക്കില്ലെന്നു പറഞ്ഞ് എന്നെയും ചേട്ടത്തിയേയും ശാസിക്കുന്നു. പോകുന്നതിനു മുൻപ് എണ്ണ കാച്ചി തരാമെന്ന് പറയുന്നു.
എനിക്ക് സങ്കടം തോന്നി. ഈ അമ്മ ഇത്രനാളും എന്തിന് ഈ സ്നേഹം പിശുക്കി വെച്ചു...
" ചിലർ അങ്ങനെയാണ് പ്രിയ. എത്ര സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിച്ചു തുടങ്ങാൻ ഒരു ഇൻഹിബിഷൻ ഉണ്ടാവും. നമ്മൾ അങ്ങോട്ട് ചെന്ന് ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന പ്രശ്നമേ കാണൂ.
ഈ ഞാൻ തന്നെ മൊരടൻ ആകുന്നെന്ന് തോന്നിയാൽ നീ ഒന്ന് വന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ തന്നാൽ മതി. ഞാൻ നന്നായിക്കോളാം."
" ഒരുമ്മക്ക് വേണ്ടി എന്തോരം കഷ്ടപ്പെടണം അല്ലേ? "
എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. ഗൗരവത്തോടെ എന്നെ ഉപദേശിക്കാൻ വന്നതാണ്. പക്ഷേ ദയനീയമായി പരാജയപ്പെട്ടു.
.......................................................................
രാത്രി നേർത്ത ചാറ്റൽ മഴയത്ത് എൻ്റെ ചെവിത്തുമ്പിൽ അറിയുന്ന മഹിയുടെ ശ്വാസം.
"എന്താ മോനെ ഉദ്ദേശം ?"
"തീർത്തും ദുരുദ്ദേശം."
ഒരു കൈ കൊണ്ട് എന്നെ വലിച്ച് അടുപ്പിച്ചു.. ഇരുട്ടാണെങ്കിലും ആ മുഖത്തെ കുസൃതി എനിക്ക് കാണാം. മഹിയെ എത്രയൊക്കെ നെഞ്ചോട് അടുപ്പിച്ചിട്ടും മതിയാകാത്ത പോലെ. കൈകൾക്ക് മുറുക്കം പോരെന്ന് തോന്നുന്നു. ഈ ഗന്ധത്തോട് ശ്വാസത്തോട് വിയർപ്പിനോട് പോലും വല്ലാത്ത കൊതി തോന്നുന്നു.
എനിക്ക് നിങ്ങളോട് പ്രണയമാണ് മഹി. എൻ്റെ പാതിയോട് , എൻ്റെ സ്വന്തമായവനോട് , മറ്റു അവകാശികളില്ലാതെ എൻ്റെ സ്വന്തമെന്നു പറഞ്ഞു എനിക്ക് അവകാശത്തോടെ ചേർത്ത് പിടിക്കാവുന്നവനോട് തോന്നുന്ന പ്രണയം. ഞാൻ നിന്നെ പ്രണയിക്കുന്നെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി.
"പ്രിയ..."
കിതപ്പോടെയുള്ള മഹിയുടെ ശബ്ദം .
"എനിക്ക് നിന്നെ എന്ത് ഇഷ്ടമാണെന്നോ..."
"ശരിക്കും? "
"ശരിക്കും. പ്രേമമാണ് മോളെ ... മുടിഞ്ഞ പ്രേമം."
ഞാൻ കൈ ഉയർത്തി ആ മുടിയിഴകളിൽ കൊരുത്തു വലിച്ചുകൊണ്ട് മുഖം എന്നിലേക്ക് അടുപ്പിച്ചു.
പുറത്ത് മഴ ശക്തി പ്രാപിക്കുന്നു... ജനലരികിലെ മുല്ലവള്ളി ആദ്യമായി പൂവിട്ട ഗന്ധം!
അവസാനിച്ചു എന്ന് പറയുന്നില്ല.
മഹിയും പ്രിയയും പ്രണയിച്ചു തുടങ്ങിയിട്ടേയുള്ളൂ. അവരു പ്രണയിക്കട്ടെ . നമ്മൾ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നത്!!
ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ പ്രണയിക്കുന്നതിനേക്കാൾ സുന്ദരമായ മറ്റൊരു അനുഭൂതി ഉണ്ടോ ? അങ്ങനെയൊരു ജീവിതം എത്ര മനോഹരമായിരിക്കും..
മഹിയും പ്രിയയും എനിക്കു നേരിട്ടറിയാവുന്ന രണ്ടു പേരു തന്നെയാണ്. പ്രണയമെന്തെന്ന് കാട്ടിത്തന്നതും പ്രണയിക്കാൻ പഠിപ്പിച്ചതും അവരാണ് ...
//സാരംഗി//
© copyright protected