Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 06

"ഡീ അവൾ വെറുതെ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞതാകും . നിനക്ക് ഫീൽ ആയോ?പോട്ടെ നീ അത് വിട്ടേക്ക്."

അഖില എൻ്റെ അടുത്ത് വന്നിരുന്നു പറഞ്ഞു.

"എന്ത് വിട്ടേക്കാൻ? ആരായാലും സൂക്ഷിച്ചു സംസാരിക്കണം. എന്ത് വേണ്ടാതീനവും പറയാം എന്ന് കരുതരുത്."

ഞാൻ എന്തെങ്കിലും പറയും മുന്നേ സ്നേഹ മറുപടി പറഞ്ഞു. പറഞ്ഞു കഴിഞ്ഞു അവൾ തിരിഞ്ഞു നോക്കിയത് വാതിൽക്കൽ വന്നു നിന്ന കൃഷ്ണയുടെ മുഖത്തേക്കാണ്. 

"ഞാൻ പറഞ്ഞത് വേണ്ടാതീനമാണെന്ന് എനിക്ക് തോന്നുന്നില്ല സ്നേഹ. അരിയാഹാരം കഴിക്കുന്ന ആർക്കും തോന്നാവുന്ന സംശയമാണത്. ഇവർക്ക് രണ്ട് പേർക്കും എന്തുവാ ഇതിനും മാത്രം സംസാരിക്കാൻ? നമ്മൾ അറിയാത്ത ഇത്രയും രഹസ്യങ്ങൾ എന്താ ? ഓരോന്ന് കാണിക്കുമ്പോൾ ഇല്ലാത്ത നാണവും മാനവും ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഉണ്ടായിട്ടു കാര്യമില്ല."

അവളുടെ മുഖം നിറയെ ഒരു തരം വെറുപ്പ് നിറഞ്ഞു നിൽക്കുന്നു. എന്നെ ഒന്ന് പാളിനോക്കിക്കൊണ്ട് കൃഷ്ണ പുച്ഛത്തോടെ മുഖം തിരിച്ചു. എൻ്റെ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നു. മറുപടി പറയണമെന്ന് ഉണ്ട് .  പറ്റുന്നില്ല. 

"നീ ഈ പറയുന്നത് ഒന്നും തിരിച്ചു എടുക്കാൻ പറ്റില്ല കൃഷ്ണ . ഓർത്തോ നീ ."

സ്നേഹ ദേഷ്യത്തോടെ സംസാരിക്കുന്നതൊക്കെ ഞാൻ കേൾക്കുന്നുണ്ട്. 
മനസ്സ് നിറയെ ഞാൻ അവളെ ആദ്യമായി കണ്ടത് മുതലുള്ള ഓർമകളാണ് . 
എൻ്റെ അമ്മയും ചേച്ചിയും ബെസ്റ്റ് ഫ്രണ്ടും ഒക്കെ നീ ഒരാളല്ലേ എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു ഉമ്മതന്നവളാണ് ഇന്നെന്നെ വെറുപ്പോടെ നോക്കുന്നത്. എന്ത് ചെയ്തിട്ടാണ്? 

എങ്കിലും അവളെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്ക് വയ്യ. കൂടെപ്പിറപ്പിനെ പോലെ കൊണ്ട് നടന്നതാണ് ഞാൻ. സ്വന്തം പോലെ അല്ലാ സ്വന്തം തന്നെ ആയിരുന്നു , ആണ്.
ഞാൻ എഴുന്നേറ്റു ബെഡിൽ ഇരുന്ന കൃഷ്ണക്ക് അരികിൽ ചെന്നിരുന്നു.

"കൃഷ്ണ, നിൻ്റെ മനസ്സിൽ ഇതൊക്കെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കും വരുണിനും ഇടയിൽ അങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് നിനക്ക് എന്ന് മുതലാണ് തോന്നി തുടങ്ങിയത് എന്നും എനിക്കറിയില്ല. എന്തായാലും അത് അങ്ങനെ അല്ലെന്ന് നിന്നെ ബോധിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഞാൻ മെനക്കെടില്ല.നിനക്ക് ഇഷ്ടമുള്ളത് പോലെ കരുതാം. 
പിന്നെ നീ ഇപ്പൊ ഒരു സ്വപ്ന ലോകത്താണ് ജീവിക്കുന്നത്.  കുറെ നാളായി പറയണമെന്ന് കരുതുന്നു. നീ ആദ്യം സ്വയം ഒന്ന് കണ്ണാടിയിൽ നോക്ക്. ഇങ്ങനെയായിരുന്നോ നീ? നീ ഇപ്പൊ വേറെ ആരോ ആണ്. എത്ര നാളായി നീ ഞങ്ങളോട് സ്വസ്ഥമായി ഒന്ന് സംസാരിച്ചിട്ട്? പോട്ടെ സ്വാതന്ത്ര്യത്തോടെ ഒന്ന് ചിരിച്ചിട്ട്? നിൻ്റെ ഫോൺ പോലും മറ്റൊരാളുടെ കൺട്രോളിൽ ആണെന്ന് പറയുമ്പോ...
ഇങ്ങനെയൊന്നുമല്ലെടീ പ്രണയം. ഇത് വേറെ എന്തോ പ്രഹസനമാണ്. ഒരു തരം അടിമത്വം. പ്രണയമായാലും സൗഹൃദമായാലും ഭാര്യയും ഭർത്താവും ആയാലും അവിടെ ഒരാൾക്ക് സ്വന്തം സ്പേസ് ഉണ്ടാവണം. നീ നിനക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചിട്ട്, ഇഷ്ടമുള്ള സ്ഥലത്ത് പോയിട്ട്, ഇഷ്ടമുള്ളവരോടൊക്കെ സംസാരിച്ചിട്ട് എത്ര നാളായി? ഇതൊന്നും നിനക്ക് ആരും തരണ്ട സ്വാതന്ത്ര്യമല്ല. നിൻ്റെ റൈറ്റ് ആണ്. അത് ആരുടെയും ഔദാര്യമല്ല. ഇപ്പൊ നീ ഇതൊക്കെ ആസ്വദിക്കുന്നുണ്ടാവും. നിന്നോടുള്ള സ്നേഹവും പൊസസ്സീവ്നെസ്സും ഒക്കെയായിട്ട് തോന്നുന്നുണ്ടാവും. പക്ഷേ ഇതൊന്നുമല്ല ജീവിതം. ഞാൻ ഉപദേശിക്കുക അല്ല. എൻ്റെ അതേ പ്രായത്തിലുള്ള നിന്നെ ഉപദേശിക്കാനും മാത്രം ജീവിതാനുഭവങ്ങൾ ഒന്നും എനിക്കില്ല. എങ്കിലും ഉള്ള അറിവ് വെച്ച് പറയുകയാ. ഒന്നിച്ചൊരു ജീവിതം തുടങ്ങുമ്പോൾ നിനക്ക് ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല. നിന്നെ മനസ്സിലാക്കാത്ത, നിനക്ക് നിൻ്റേ തായ വ്യക്തിത്വവും അഭിപ്രായവും ഉണ്ടെന്ന് ഓർക്കാത്ത ഒരളോടൊപ്പം ജീവിക്കുക അത്ര എളുപ്പമാകില്ല. നാളെ ഒരിക്കൽ നിനക്ക് തന്നെ തോന്നും വേണ്ടിയിരുന്നില്ലെന്ന്. പ്രണയം വിലക്കുകൾ ആയാൽ അവിടെ വെറുപ്പും മടുപ്പും വരും. ഇട്ടിട്ടു പോകാൻ അല്ലാ പറയുന്നത്. ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ നീ ദേവേട്ടനോട് തുറന്നു സംസാരിക്ക്. പറഞ്ഞു മനസ്സിലാക്കാൻ നോക്ക്. "

ഞാൻ പറഞ്ഞു നിർത്തുമ്പോഴും കൃഷ്ണ എൻ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുക ആയിരുന്നു, കണ്ണെടുക്കാതെ.

"കഴിഞ്ഞോ?"

"എന്താ?"

"നിൻ്റെ പ്രസംഗം കഴിഞ്ഞോ ശ്രേയ?"

"ഡീ .. ഞാൻ.."

അവൾ കൈ ഉയർത്തി തടഞ്ഞു. 

"വേണ്ട. ശെരിക്കും നിൻ്റെ പ്രശ്നം എന്താണെന്ന് ഞാൻ തന്നെ പറയാം ശ്രേയ. നിനക്ക് നല്ല അസ്സൽ അസൂയ ആണ്. ഒരിക്കൽ ദേവേട്ടൻ അത് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. ഇപ്പൊ ബോധ്യമായി. എല്ലായിടത്തും നിനക്ക് തന്നെ ഒന്നാമത് ആകണം ഇപ്പോഴും നിനക്ക് തന്നെ ജയിക്കണം എന്ന വാശി. ഇവിടെയും അങ്ങനെ തന്നെയാണ്. ദേവേട്ടൻ എന്നെ സ്നേഹിക്കുന്നതോ ഞങ്ങൾ  ഈ പ്രണയം ആസ്വദിക്കുന്നതോ ഒന്നും നിനക്ക് സഹിക്കാൻ പറ്റുന്നില്ല. അതൊന്നും നിനക്ക് കിട്ടാത്തതിന്റെ ചീപ് കോംപ്ലക്സ്. അതല്ലേ നിൻ്റെ പ്രശ്നം?
പ്രണയം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയുന്ന കേട്ടല്ലോ? അതിനു നീ പ്രണയിച്ചിട്ടുണ്ടോ? മറ്റേ ഏഴാം ക്ലാസ്സിലെ പ്രേമം അല്ലേ ആകെ ഒള്ളത്? അതോ അത് നടക്കാതെ പോയതിലുള്ള ഫ്രസ്ട്രേഷനാണോ എന്നോട് തീർക്കുന്നത്? നിനക്ക് പ്രേമിക്കാൻ പറ്റാത്തതിൻ്റെ ചൊരുക്കു ആണെങ്കിൽ അത് എന്നോട് തീർക്കാൻ വരണ്ട ശ്രേയ."

ഒരു നിമിഷം വേണ്ടി വന്നു അവൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ. ഏഴാം ക്ലാസ്സിലെ പ്രണയം!! ഓർമകളിൽ എവിടെയോ ക്ലാസ്സ് കഴിഞ്ഞു അവസാന ദിവസം ഓടി കിതച്ചു മുന്നിൽ വന്നു നിന്നു "എനിക്ക് നിന്നെ ഇഷ്ടവാടി ഇനി പറയാൻ പറ്റിയില്ലെങ്കിലോ" എന്ന് പറഞ്ഞ ഒരു കൊച്ചു പയ്യൻ നിറഞ്ഞു വന്നു. മിണ്ടാതെ നിന്നത് കൊണ്ടാവും ചിരിയോടെ തിരിച്ചു നടന്നു തിരിഞ്ഞു നോക്കി നോക്കി പോയ ഒരു പന്ത്രണ്ടു വയസ്സുകാരൻ. മീശ പോലും മുളക്കാത്ത പ്രായത്തിൽ
ഒരു ഏഴാം ക്ലാസ്സുകാരന് തോന്നിയത് പ്രണയം ആയിരുന്നോ? അങ്ങനെ തോന്നാനുള്ള പ്രായം ആയിരുന്നോ അത്? അറിയില്ല. എന്നാലും പ്രണയം, വിവാഹം എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം അവന്റേതാണ് - ഇന്നും. അതിനു ശേഷം ഇന്നോളം കണ്ടിട്ടില്ല. 
എങ്കിലും  കൊതിക്കും എന്നെങ്കിലും ഒരിക്കൽ  മുന്നിൽ വന്നു പഴയ ആ ഇഷ്ടം ഒരിക്കൽ കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന്. വെറുതെ.. ഓർമയുണ്ടാകുമോ എന്ന് പോലും അറിയില്ലെങ്കിലും... ഒരു മോഹം. 

കൃഷ്ണ ദേഷ്യത്തോടെ പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു. ഒന്നും പറയാൻ തോന്നിയില്ല ആരോടും. എല്ലാവരും അവരവരുടെ ബെഡിൽ പോയിരിക്കുന്നത് ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. 
ആരും എന്നോടും ഒന്നും ചോദിച്ചില്ല പക്ഷേ ആരെങ്കിലും ഒന്ന് അടുത്ത് വന്ന് ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വെറുതെയെങ്കിലും..

രണ്ടു നിമിഷം കഴിഞ്ഞതും എൻ്റെ ഫോൺ ബെല്ലടിച്ചു . അച്ചൻ. 

ഫോണെടുത്തു സംസാരിക്കുമ്പോഴും എനിക്ക് പേടിയായിരുന്നു. ഞാൻ കരഞ്ഞു പോകുമോ എന്ന്. തൊണ്ടക്കുഴിയിൽ കയ്പേറിയ എന്തോ നിറഞ്ഞു നിൽക്കുന്നു.

"മോന് എന്തെങ്കിലും വിഷമം ഉണ്ടോട?"

മറു തലയ്ക്കൽ നിന്ന് ചോദ്യം വന്നു. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. 
ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. വിശ്വസിച്ച് കാണില്ലെന്ന് അറിയാമെങ്കിലും.

........................................................................

"ശ്രേയ, ഒന്നുകിൽ നീ ഈ റൂമിൽ നിന്ന് മാറണം അല്ലെങ്കിൽ ഞാൻ മാറും. ഇനി എന്തായാലും നിന്നോടൊപ്പം ഞാൻ ഒരു മുറിയിൽ കഴിയില്ല. നിൻ്റെ മനസ്സ് നിറയെ വിഷമാണ്. ഇതാകുമ്പോൾ എന്നെയും ദേവേട്ടനെയും തമ്മിൽ അടിച്ചു പിരിക്കാൻ നീ ഒരുപാട് കുരുട്ടു ബുദ്ധി പ്രയോഗിക്കേണ്ടിയും വരില്ല. എന്താ വേണ്ടതെന്ന് നീ തന്നെ ആലോചിച്ചോ."

കൃഷ്ണ മുന്നിൽ വന്നു കൈയും കെട്ടി നിൽക്കുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു. ദേഷ്യത്തിൻ്റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞതാകുമെന്നാണ് കരുതിയത്. അങ്ങനെയല്ല . 
പക്ഷേ ഇനിയും തോറ്റു കൊടുക്കാൻ എനിക്ക് മനസ്സില്ല.

"ഞാൻ റൂം മാറുമെന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട . ഞാൻ ഇവിടെ തന്നെ കാണും. നിനക്ക് പറ്റില്ലെങ്കിൽ നീ മാറി പൊയ്ക്കോ. അല്ലെങ്കിലും അതാ നല്ലത്. എൻ്റെ കൂടെ ഒരു മുറിയിൽ കിടന്നു നീ വഴി തെറ്റി പോകണ്ട. 
ചെല്ല്. നിൻ്റെ ദേവേട്ടനെ വിളിച്ചു പറ. കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി വിചാരിച്ചാൽ ഹോസ്റ്റലിൽ ഒരു മുറി ഒപ്പിക്കാൻ വലിയ പാടൊന്നും കാണില്ല."

പറയുമ്പോൾ എനിക്കും വാശി തന്നെ ആയിരുന്നു. ഇത്ര നാളും എൻ്റെ കൂടെ നടന്നിട്ട് ഇവൾക്ക് എന്ത് കുഴപ്പം പറ്റി? ഇനി അങ്ങനെ പേടിയുള്ളവർ എനിക്കൊപ്പം വേണ്ട.


രണ്ടു ദിവസം കഴിഞ്ഞ് കൃഷ്ണ മുറി മാറി. വാശിയോടെ വസ്ത്രങ്ങൾ ബാഗിൽ ആക്കുന്നവളെ തടയാൻ ലക്ഷ്മിയും അഖിലയും ആവുന്നത് ശ്രമിച്ചു. അവൾ സമ്മതിച്ചില്ല. പോകുക തന്നെ ചെയ്തു. സ്നേഹ പക്ഷേ ഒന്നും മിണ്ടാതെ മാറി നിന്നതേയുള്ളൂ. 
പിന്നെ അറിഞ്ഞു കൃഷ്ണയുടെ പുതിയ റൂംമേറ്റ് ഞങ്ങളുടെ സീനിയർ അനുപമ ചേച്ചി ആണെന്ന്. ശ്രീദേവിന്റെ വലംകൈ.  
കൃഷ്ണക്കു പകരം ഫസ്റ്റ് ഇയറിലെ ഒരു കുട്ടി ഞങ്ങൾക്കൊപ്പവും വന്നു. 

തുടരും ...

// സാരംഗി//

© copyright protected

 


മിസ്റ്റർ ട്രിഗർ ഭാഗം 07

മിസ്റ്റർ ട്രിഗർ ഭാഗം 07

4.9
2052

ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഒപ്പം ഞങ്ങളുടെ അവസാന വർഷവും തുടങ്ങി.  രാവിലെ കോളേജിൽ പോകാനൊക്കെ കൃഷ്ണ ഞങ്ങൾക്കൊപ്പം തന്നെ വരും. ഞങ്ങൾക്കൊപ്പം എന്ന് പറയാൻ പറ്റില്ല. അവർക്കൊപ്പം. എന്നെ കണ്ടാൽ വെറുപ്പോ പുച്ഛമോ എന്തൊക്കെയോ നിറയും മുഖത്ത്. ആദ്യ ദിവസങ്ങളിൽ ഒക്കെ ഞാനും കാത്ത് നിന്നു അവൾക്ക്  വേണ്ടി. പക്ഷേ എന്നെ കണ്ട് കഴിയുമ്പോൾ ആ മുഖത്ത് വരുന്ന ഭാവങ്ങൾ ശ്രദ്‌ധിച്ചപ്പോൾ പിന്നെ ഞാൻ നടത്തം കുറച്ചു വേഗത്തിലാക്കി. അവർക്കൊപ്പം എന്നാൽ ദൂരമിട്ട് നടക്കും.  ക്ലാസ്സിൽ അവൾ എൻ്റെ അടുത്ത് ഇരിക്കാതെ ആയി. ഞാൻ എന്ന ഒരാൾ അവിടെ ഉണ്ടെന്ന ഭാവമേ ഇല്ല. ആദ്യമൊക്ക